Meet Veronika, the clever cow ഓസ്ട്രിയയിലെ കാരിന്ത്യന്‍ മലനിരകളുടെ താഴെയുള്ള നൊയിച്ചിലെ ഒരു ചെറിയ ഗ്രാമത്തിലാണ് 13 വയസ്സുള്ള ‘സ്വിസ് ബ്രൗണ്‍’ വര്‍ഗ്ഗത്തില്‍പ്പെട്ട വെറോണിക്ക എന്ന പശു ജീവിക്കുന്നത്. ഒരു വളര്‍ത്തുമൃഗമായി വളര്‍ത്തപ്പെടുന്ന അവള്‍ക്ക് പുല്‍മേടുകളില്‍ ഇഷ്ടം പോലെ നടക്കാം.
|
മറ്റ് വളര്‍ത്തുമൃഗങ്ങളെപ്പോലെ തന്നെ പുറം ചൊറിഞ്ഞു കൊടുക്കുന്നത് വെറോണിക്കയ്ക്കും വലിയ ഇഷ്ടമാണ്. ചൊറിഞ്ഞു കൊടുക്കാന്‍ ആരും അടുത്തുണ്ടായില്ലെങ്കിലും അവള്‍ക്ക് പ്രശ്നമില്ല. വായ കൊണ്ട് വടിയോ ബ്രഷോ എടുത്ത് വെറോണിക്ക സ്വന്തമായി പുറം ചൊറിയും. ഇതിനെയാണ് ശാസ്ത്രലോകം ‘എംബോഡിഡ് ടൂളിംഗ്’ (Embodied Tooling) എന്ന് വിളിക്കുന്നത് , അതായത് സ്വന്തം ശരീരത്തില്‍ ഒരു ഉപകരണം ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുന്നതായി നിരീക്ഷിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ പശുവാണ് വെറോണിക്ക.
ബ്രഷ് കൊടുത്താലും ഉപയോഗിക്കും

ഗവേഷകര്‍ ഒരു വശത്ത് ബ്രഷും മറുവശത്ത് പിടിയുമുള്ള ഒരു ‘ഡെക്ക് ബ്രഷ്’ നല്കിയപ്പോള്, ശരീരത്തിന്റെ ഭാഗങ്ങള്‍ക്കനുസരിച്ച് അവള് രണ്ട് വശങ്ങളും കൃത്യമായി ഉപയോഗിച്ചു. ശരീരത്തിലെ കട്ടിയുള്ള ഭാഗത്ത് ബ്രഷിന്റെ പിടിയും മൃദുവായ ഭാഗത്ത് ബ്രഷിന്റെ നാരുകളും ഉപയോഗിക്കാനുള്ള ബുദ്ധി വെറോണിക്ക കാണിച്ചു. ചിമ്പാന്സികളിലും മനുഷ്യരിലും മാത്രം കണ്ടുവരുന്ന ഈ രീതിയെ ‘മള്‍ട്ടി പര്‍പ്പസ് ടൂള്‍ യൂസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.
വിയന്നയിലെ യൂണിവേഴ്സിറ്റി ഓഫ് വെറ്ററിനറി മെഡിസിനിലെ ആലീസ് ഔവര്‍സ്പെര്‍ഗ് (Alice Auersperg), അന്റോണിയോ ഒസുന-മസ്കരോ (Antonio Osuna-Mascaro) എന്നിവര്‍ 2026 ജനുവരി 19-ന് ‘കറന്റ് ബയോളജി’ (Current Biology) എന്ന ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചു.
ഇത് എഐ (AI) പശുവാണോ?
ആദ്യമൊക്കെ ഇത് എഐ (Artificial Intelligence) ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ വീഡിയോ ആണോ എന്ന് ഗവേഷകര്‍ സംശയിച്ചിരുന്നു. ‘നമുക്ക് കിട്ടുന്ന എല്ലാ വിവരങ്ങളും പെട്ടെന്ന് വിശ്വസിക്കാനാവില്ല, അവ ഡീപ്പ്ഫെയ്ക്കുകള്‍ ആകാം,’ എന്ന് ഔവര്‍സ്പെര്‍ഗ് പറഞ്ഞു. എന്നാല്‍ നേരിട്ട് പോയി പരിശോധിച്ചപ്പോള്‍ വെറോണിക്കയും അവളുടെ കഴിവും യഥാര്‍ത്ഥമാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു.
ഗവേഷണത്തിന്റെ ഭാഗമായി നടന്ന 70 പരീക്ഷണങ്ങളിലും വെറോണിക്ക ഈ കഴിവ് ആവര്‍ത്തിച്ചു.
ശരീരത്തിന്റെ മുകള്‍ഭാഗത്തും പുറകിലും പരുക്കനായ സ്ഥലങ്ങളില്‍ ചൊറിയാന്‍ പിടി ഭാഗം ഉപയോഗക്കുന്നതായും വയറ്, അകിട് തുടങ്ങിയ മൃദുവായ ഭാഗങ്ങളില്‍ വളരെ സൂക്ഷ്മമായി ബ്രഷ് ഭാഗം ചൊറിയാന്‍ ഉപയോഗിക്കുന്നതായും നിരീക്ഷണത്തില്‍ വ്യക്തമായി.
പശുക്കള്‍ ബുദ്ധിശൂന്യരാണോ?
‘പശുക്കള്‍ വെറും കന്നുകാലികള്‍ ആയതുകൊണ്ട് അവ ബുദ്ധിശൂന്യരാണെന്ന് നമ്മള് അങ്ങ് കരുതി വച്ചിരിക്കുകയാണ്,’ ഔവര്‍സ്പെര്‍ഗ് പറയുന്നു. വെറോണിക്ക ഒരു ‘ബോവിന് ഐന്സ്റ്റീന്’ (അസാമാന്യ ബുദ്ധിയുള്ള പശു) ഒന്നുമല്ലെന്നും, മറിച്ച് അവള്‍ക്ക് ലഭിച്ച സാഹചര്യമാണ് ഇതിന് കാരണമെന്നും ഗവേഷകര്‍ കരുതുന്നു.
ഭൂരിഭാഗം പശുക്കളും ഇറച്ചിക്കോ പാലിനോ വേണ്ടി വളര്‍ത്തപ്പെടുന്നതിനാല്‍ കുറഞ്ഞ കാലമേ ജീവിക്കാറുള്ളൂ. എന്നാല്‍ വെറോണിക്ക 13 വര്‍ഷമായി ഒരു വളര്‍ത്തുമൃഗമായി സ്നേഹിക്കപ്പെട്ടു വളരുന്നു. ഈ ദീര്‍ഘായുസ്സും ചുറ്റുപാടുമുള്ള വസ്തുക്കളുമായുള്ള സമ്പര്‍ക്കവുമാണ് ഇത്തരം കാര്യങ്ങള്‍ പഠിക്കാന്‍ അവളെ സഹായിച്ചത്. പശുക്കള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ അവസരം നല്കിയാല് ഒരുപക്ഷേ ഇതുപോലെയുള്ള കൂടുതല്‍ അത്ഭുതങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കുമായിരിക്കും.





