
മംഗളൂരു: ദക്ഷിണ കര്‍ണടാകയില്‍ ആസൂത്രിത കൊലപാതകങ്ങളിലൂടെ സംഘപരിവാരം വലിയ കലാപത്തിന് കോപ്പ് കൂട്ടുന്നതായി സൂചന.(Murder of Abdul Rahim in Mangaluru Kolthamaja followup) കോല്‍ത്തമജലിലെ അബ്ദുര്‍റഹീമിനെ കൊലപ്പെടുത്തിയത് മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഡാലോചനയിലൂടെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്.
![]() |
|
ചൊവ്വാഴ്ച വൈകിട്ടാണ് കോല്‍ത്തമജലു സ്വദേശിയും ബദര്‍ ജുമാമസ്ജിദ് സെക്രട്ടറിയും എസ്.കെ.എസ്.എസ്.എഫ് സജീവ പ്രവര്‍ത്തകനുമായ ഡ്രൈവര്‍ അബ്ദുര്‍റഹീമിനെ സംഘപരിവാര ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. സഹായിയും പ്രദേശത്തെ എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറിയുമായ കലന്ദന്‍ ശാഫിക്കും വെട്ടേറ്റിരുന്നു.
കൈക്ക് വേട്ടേറ്റ ശാഫി അപകടനില തരണം ചെയ്തിട്ടുണ്ട്. പൂഴിമണല്‍ ഇറക്കാന്‍ കരാര്‍ എടുക്കുന്ന അബ്ദുര്‍റഹീമിനെ ആര്‍എസ്എസുകാരനായ സുഹൃത്ത് വിളിച്ചുവരുത്തുകയായിരുന്നു. മണല്‍ ഇറക്കിക്കൊണ്ടിരിക്കെ 15ഓളം പേര്‍ ബൈക്കുകളിലെത്തി പിക്കപ്പില്‍ നിന്ന് റഹീമിനെ വലിച്ചിറക്കി വെട്ടുകയായിരുന്നു. കൊലയാളികളില്‍ രണ്ടുപേര്‍ അബ്ദുര്‍റഹീമിന്റെ സുഹൃത്തുക്കളാണ്.
ഇവരെ ആശുപത്രിയില്‍ കഴിയുന്ന ശാഫി തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുദിവസം മുന്‍പ് ബജ്പൈയില്‍ സംഘപരിവാര നേതാവ് വിദ്വേഷപ്രസംഗം നടത്തിയിരുന്നു. ഇതിനുശേഷമാണ് റഹീമിന്റെ കൊലപാതകം നടക്കുന്നത്. പ്രസംഗത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടവരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.
കൊലക്കേസ് പ്രതിയായ ബജ്‌റംഗ് ദള്‍ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ഈ കൊലപാതകം. ഷെട്ടിക്കെതിരെ അഞ്ച് ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നു,
എന്നാല്‍ പ്രത്യേകിച്ച് രാഷ്ട്രീയ ബന്ധമൊന്നുമില്ലാത്തയാളാണ് അബ്ദുറഹീം. സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് തൊട്ടുമുമ്പ് പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള മലപ്പുറം സ്വദേശി അഷ്റഫിനെ ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയിരുന്നു. മുസ്ലീങ്ങള്‍ക്കെതിരെ പരസ്യമായ ഭീഷണി മുഴക്കിയവര്‍ക്കെതിരെ 45 എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും കുറച്ച് അറസ്റ്റുകള്‍ മാത്രമേ നടന്നിട്ടുള്ളൂ.
അബ്ദുള്‍ റഹീമിന്റെ കൊലപാതകത്തില്‍ ദീപക്, സുമിത് ആചാര്യ എന്നീ രണ്ട് നാട്ടുകാര്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ബണ്ട്വാള്‍ റൂറല്‍ പൊലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടന്ന് രണ്ടുദിവസമായിട്ടും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.
പറക്കമുറ്റാത്ത മൂന്നും, ഒന്നും വയസുള്ള പിഞ്ചു കുഞ്ഞുങ്ങള്‍ക്കും ഭാര്യക്കുമൊപ്പം സ്വന്തമായി പണിത വീട്ടില്‍ താമസിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അബ്ദുര്‍റഹീം മടങ്ങിയത്. നാലുവര്‍ഷത്തോളം സെക്രട്ടറിയായിരുന്ന കൊളത്തമജലു ബദരിയ്യ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം.
ആറുമാസം മുന്‍പാണ് റഹീമിന്റെ വീടിന്റെ നിര്‍മാണം തുടങ്ങിയത്. പിതാവ് നല്‍കിയ സ്ഥലത്താണ് വീട് നിര്‍മാണം ആരംഭിച്ചത്. പിതാവും മാതാവും റഹീമിനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നത്.