ലീഗിന്റെ പച്ചക്കൊടി പരലോക വിജയത്തിന് സഹായകരമാകും, ഹര്‍ഷിന്റെ തണല്‍ ലഭിക്കും: സാദിഖലി തങ്ങള്‍
|
മലപ്പുറം: മുസ്ലിംലീഗിന്റെ പച്ചക്കൊടി മരണശേഷമുള്ള പരത്രിക ലോകത്തെ വിജയത്തിന് സഹായകരമാകുമെന്നും ഹര്‍ഷിന്റെ തണല്‍ (മരണാനന്തരമുള്ള വിചാരണ സമയത്തെ പ്രത്യേക ആനുകൂല്യം) ലഭിക്കുമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പ്രതിസന്ധികളില്‍ പതറരുതെന്നും പച്ചക്കൊടി മുറുകെ പിടിച്ചാല്‍ ഹര്‍ഷിന്റെ തണല്‍ വരെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ ആലത്തിയൂര്‍ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സാദിഖലി തങ്ങള്‍. സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം വലിയ വിവാദങ്ങളിലേക്ക് വഴിമാറിയ ഘട്ടത്തിലാണ് സാദിഖലി തങ്ങളുടെ ഈ പ്രഖ്യാപനം.
സാദിഖലി തങ്ങളുടെ വാക്കുകള്‍: പ്രതിസന്ധികള്‍ വന്ന് കൊണ്ടിരിക്കും. അതില്‍ പതറി നമ്മള്‍ പിന്നോട്ട് പോകാന്‍ പാടില്ല. പതറാതെ പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കണം. നമ്മുടെ നേതാക്കന്മാര്‍ ഏല്‍പ്പിച്ച ഈ പച്ച പതാകയുടെ തണല്‍ നമുക്ക് എന്നുമുണ്ടാകും. ഹര്‍ഷിന്റെ തണലിലേക്ക് വരെ അത് മുസ്ലിം സമുദായത്തെ നയിക്കുമെന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോകുക- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നാലെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെകെ.ടി.ജലീല്‍ എം.എല്‍.എ രംഗത്തുവന്നു. അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളോ പാണക്കാട് പൂക്കോയ തങ്ങളോ മുഹമ്മദലി ശിഹാബ് തങ്ങളോ ഹൈദരലി തങ്ങളോ പറയാത്ത കാര്യമാണ് ഇപ്പോഴത്തെ ലീഗ് അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിരിക്കുന്നത്. ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, ആത്മീയപാര്‍ട്ടിയാണ് എന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞതിന്റെ വിവക്ഷയെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





