
ശ്രീലങ്കക്കെതിരായ പരമ്പരയില്‍ രോഹിതും കോഹ്‌ലിയും കളിക്കില്ല; ആരാകും ക്യാപ്റ്റന്‍
![]() |
|
മുംബൈ: ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും കളിക്കില്ല. ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെയാണ് ഇരുവര്‍ക്കും വിശ്രമം നല്‍കിയത്.
ശ്രീലങ്കക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയോ കെഎല്‍ രാഹുലോ ആയിരിക്കും രോഹിതിനു പകരം ഇന്ത്യന്‍ ടീമിനെ നയിക്കുക.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര, അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര, ഐപിഎല്‍ സീസണ്‍, പിന്നാലെ ടി20 ലോകകപ്പ്… കഴിഞ്ഞ ആറ് മാസമായി രോഹിത് വിശ്രമമില്ലാതെ കളിക്കുന്നു. ഇതു പരിഗണിച്ചാണ് വിശ്രമം നീട്ടാന്‍ തീരുമാനിച്ചതെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്.
ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിനു മുന്‍പായി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയുണ്ട്. ഇരുവര്‍ക്കും ഈ പരമ്പര കളിക്കാമെന്നതിനാല്‍ ലങ്കക്കെതിരായ പരമ്പരയില്‍ നിന്നു വിട്ടു നില്‍ക്കാന്‍ അനുമതി നല്‍കുകയാണെന്നു ബിസിസിഐയോടു അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
വരാനിരിക്കുന്ന നിര്‍ണായക ഷെഡ്യൂളുകളും ഇരുവരുടേയും വിട്ടു നില്‍ക്കലിനു കാരണമാണ്. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകള്‍, ന്യൂസിലന്‍ഡിനെതിരെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര പിന്നാലെ ഓസ്‌ട്രേലിയക്കെതിരെ 5 ടെസ്റ്റുകളടങ്ങിയ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി തുടങ്ങിയ നിര്‍ണായക മത്സരങ്ങള്‍ വരുന്നതും വിശ്രമം അനുവദിച്ചതിനു പിന്നിലുണ്ട്.
No Rohit, Virat, Bumrah for SL tour as BCCI wants them to rest before upcoming home season