28
Feb 2026
Sat
28 Feb 2026 Sat
attack in iran school

ടെഹ്റാന്‍: തെക്കന്‍ ഇറാാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടം. ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം 40 ആയി ഉയര്‍ന്നതായി ഇറാന്റെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ ലഭിച്ച വിവരമനുസരിച്ച് അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ മരണസംഖ്യ കുത്തനെ ഉയരുകയായിരുന്നു. കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് സ്‌കൂളിന് നേരെ മിസൈല്‍ പതിച്ചതെന്നാണ് സൂചന.

പശ്ചിമേഷ്യയില്‍ യുദ്ധഭീതി പരത്തി ഇറാനുനേരെ ഇസ്രായേല്‍-യു.എസ് സംയുക്ത ആക്രമണം നടത്തിയിരുന്നു. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ വന്‍ സ്‌ഫോടനം നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുന്‍കരുതല്‍ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.

തെഹ്‌റാനിലെ യൂനിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൂരി മേഖലയിലും നിരവധി മിസൈലുകള്‍ പതിച്ചു. ഇറാനില്‍ യു.എസ്-ഇസ്രായേല്‍ സംയുക്ത ആക്രമണമാണ് നടത്തിയതെന്ന് യു.എസ് അധികൃതര്‍ സ്ഥിരീകരിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഇലി ഖാംനഇയുടെ വസതിക്കു സമീപവും മിസൈല്‍ പതിച്ചതായി വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

യു.എസ് ഇസ്രായേല്‍ സംയുക്ത ആക്രമണത്തിന് പിന്നാലെ പ്രത്യാക്രമണവുമായി ഇറാന്‍ രംഗത്തെത്തി. ഇസ്രായേലിനു മേല്‍ 30 മിസൈലുകള്‍ തൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് ഉണ്ടായിട്ടുള്ള ഒരു കൂട്ടം മിസൈലുകള്‍ ഒരുമിച്ച് അയക്കുന്ന അതേ ആക്രമണ രീതി തന്നെയാണ് ഇറാന്‍ പ്രത്യാക്രമണത്തിന് ഉപയോഗിച്ചിട്ടുള്ളത്. മിസൈലുകള്‍ പതിച്ചതായി ഇസ്രായേല്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇറാനിലെ മുതര്‍ന്ന നേതാക്കളെല്ലാം സുരക്ഷിതര്‍

ഇറാനിലെ രാഷ്ട്രീയ, സൈനിക വിഭാഗങ്ങളിലെ മുതിര്‍ന്ന നേതാക്കളെല്ലാം സുരക്ഷതരെന്ന് ഇറാന്‍. ഇറാന്‍ പ്രസിഡന്റ് അലി പെഷസ്‌കിയാന്‍, പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ, മുതിര്‍ന്ന സൈനിക മേധാവികള്‍ തുടങ്ങിയവരെല്ലാം സുരക്ഷിതരാണ്.