റെക്കോഡുകള്‍ ഭേദിച്ച് റിലയന്‍സും ജിയോയും; ഓഹരി വില 3000ലേക്ക്; ഡോളറും ഉയര്‍ന്നു
|
മുംബൈ: ഇന്ത്യന്‍ വിപണി വീണ്ടും ഉയര്‍ച്ചയിലാണ്. നിഫ്റ്റി ഇന്നു റെക്കോഡ് നിലയില്‍ ഓപ്പണ്‍ ചെയ്തിട്ട് 22,297.50 വരെ കയറി. പിന്നീട് ഗണ്യമായി താഴ്ന്നു വ്യാപാരം തുടര്‍ന്നു. എഫ്.എം.സി.ജിയും ഓയില്‍ഗ്യാസ് മേഖലയും ഒഴികെ എല്ലാ വ്യവസായ മേഖലകളും രാവിലെ നേട്ടത്തിലാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി 2988.80 രൂപയില്‍ എത്തി റെക്കോഡ് കുറിച്ചു. ജിയോ ഫിനാന്‍സ് ഓഹരി രാവിലെ 14 ശതമാനം കുതിച്ച് 347 രൂപ എന്ന റെക്കോഡില്‍ എത്തി. അഞ്ചു ദിവസം കൊണ്ട് ജിയോ 2 ശതമാനവും ഒരു മാസം കൊണ്ട് 41 ശതമാനവും ഉയര്‍ന്നിട്ടുണ്ട്
2989 രൂപയായി ഉയര്‍ന്നാണ് റിലയന്‍സ് പുതിയ ഉയരം കുറിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 0.5 ശതമാനത്തിന്റെ വര്‍ധനയാണ് റിലയന്‍സ് ഓഹരിയിലുണ്ടായത്. ഓഹരി വില ഉയര്‍ന്നതോടെ, റിലയന്‍സിന്റെ വിപണി മൂല്യവും ഉയര്‍ന്നു. നിലവില്‍ 20 ലക്ഷം കോടി രൂപ കടന്നിരിക്കുകയാണ് റിലയന്‍സിന്റെ വിപണി മൂല്യം.ടിസിഎസും എച്ച്ഡിഎഫ്‌സി ബാങ്കുമാണ് തൊട്ടുതാഴെ. യഥാക്രമം 14.78 ലക്ഷം കോടി, 10.78 ലക്ഷം കോടി എന്നിങ്ങനെയാണ് ടിസിഎസിന്റെയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും വിപണി മൂല്യം.
വ്യാപാരത്തിനിടെ റിലയന്‍സിന്റെ കീഴില്‍ വരുന്ന ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും നേട്ടം ഉണ്ടാക്കി. വിപണി മൂല്യം രണ്ടുലക്ഷം കോടി രൂപ കടന്നിരിക്കുകയാണ്. ഓഹരി വിലയില്‍ ഈ വര്‍ഷം മാത്രം 35 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വ്യാപാരത്തിനിടെ കഴിഞ്ഞ ദിവസത്തേക്കാള്‍ എട്ടുശതമാനത്തിന്റെ വര്‍ധനയോടെ 326 രൂപയിലേക്കാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില കുതിച്ചത്.
ഡോളര്‍ രണ്ടു പൈസ ഉയര്‍ന്ന് 82.86 രൂപയില്‍ ഓപ്പണ്‍ ചെയ്തു. സ്വര്‍ണം ലോക വിപണിയില്‍ 2026 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് ഇന്നു വില മാറ്റമില്ല. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ വില 83.34ല്‍ തുടരുന്നു.


