
Online scam: Kochi couple losses lacks ട്രാഫിക് പിഴയടക്കുന്നതിനുള്ള പരിവാഹന്‍ ആപ്പിന്റെ പേരില്‍ വ്യാജ സന്ദേശമയച്ച് വീണ്ടും തട്ടിപ്പ്. കൊച്ചി ഇടപ്പള്ളി അഞ്ചുമന സ്വദേശി ടി.ആര്‍.അപ്പുക്കുട്ടന്‍ നായരും ഭാര്യ ആശാദേവിയുമാണ് തട്ടിപ്പിനിരയായത്. ദമ്പതികളുടെ സ്ഥിര നിക്ഷേപമടക്കം 10.54 ലക്ഷം നിമിഷങ്ങള്‍ക്കുള്ളില്‍ ആവിയായി.
![]() |
|
നിയമലംഘനത്തിന് പിഴ അടക്കണം എന്ന് ആവശ്യപ്പെട്ട് വാട്‌സാപ്പിലൂടെയാണ് സംഘം ഇവര്‍ക്ക് മെസേജ് അയച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ മെസേജിനൊപ്പം ലിങ്കും നല്‍കിയിരുന്നു. ഈ ലിങ്ക് തുറന്നതോടെ തട്ടിപ്പുകാര്‍ അയച്ച എപികെ ഫയല്‍ ഫോണില്‍ ഇന്‍സ്റ്റാളായി. ഇതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ക്ക് ലഭിച്ചു. പിന്നാലെ ബാങ്ക് അക്കൗണ്ട വിവരങ്ങളും ഫോണില്‍ വരുന്ന ഒടിപിയും ഉപയോഗിച്ച് പണം കൈക്കലാക്കുകയായിരുന്നു.
ALSO READ: ഒഡിഷയില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു
ദമ്പതികളുടെ സ്ഥിര നിക്ഷേപ അക്കൗണ്ട് ക്ലോസ് ചെയ്ത് ഇതിലെ പണം ഇരുവരുടെയും ജോയിന്റ് സേവിങ് അക്കൗണ്ടിലേക്ക് മാറ്റി. തുടര്‍ന്ന് മൂന്ന് ഇടപാടുകളിലൂടെ 8,99,999 രൂപയും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് 1,55,000 രൂപയുമാണ് കഴിഞ്ഞ സെപ്റ്റംബര്‍ 13ന് തട്ടിപ്പുകാര്‍ അടിച്ചുമാറ്റിയത്.
സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ പകുതി പണം പരാതിക്കാരന് അക്കൗണ്ടുള്ള ബാങ്കില്‍ തന്നെയുള്ള മറ്റൊരാളുടെ അക്കൗണ്ടിലേക്കാണ് മാറ്റിതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബംഗാള്‍ സ്വദേശി ഇര്‍ഫാന്‍ ആലത്തിന്റെ പേരിലാണ് ഈ അക്കൗണ്ട്. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് വരികയാണ്.