ഓപണ്‍ എഐക്കെതിരേ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയ സ്ഥാപനത്തിലെ മുന്‍ നിര്‍മിത ബുദ്ധി ഗവേഷകനായ ഇന്ത്യന്‍ യുവാവിനെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 26കാരനായ സുചിര്‍ ബാലാജിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
|
നവംബര്‍ 26നാണ് യുവാവിനെ ബുചാനന്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 2020 നവംബര്‍ മുതല്‍ 2024 ആഗസ്ത് വരെയാണ് സുചിര്‍ ബാലാജി ഓപണ്‍ എഐയില്‍ ജോലി ചെയ്തത്. ഓപണ്‍ എഐ പകര്‍പ്പവകാശ നിയമം ലംഘിക്കുകയാണെന്ന് ഒക്ടോബറില്‍ സുചിര്‍ ബാലാജി ആരോപിച്ചിരുന്നു. ചാറ്റ്ജിപിറ്റി പോലുള്ള സാങ്കേതികവിദ്യകള്‍ ഇന്റര്‍നെറ്റിനെ നശിപ്പിക്കുകയാണെന്നും സുചിര്‍ കുറ്റപ്പെടുത്തിയിരുന്നു.
ഓപണ്‍ എഐ അതിന്റെ ജനറേറ്റിവ് എഐ പ്രോഗ്രാമായ ചാറ്റ് ജിപിടി പരിശീലിപ്പിക്കുന്നതിന് ശരിയായ അനുമതിയില്ലാതെ പകര്‍പ്പവകാശമുള്ള ഡാറ്റകള്‍ ഉപയോഗിച്ചാണെന്നും സുചിര്‍ വെളിപ്പെടുത്തിയിരുന്നു.സുചിര്‍ ബാലാജിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പിന്തുണയുമായി ഓപണ്‍ എഐയുടെ സഹസ്ഥാപകന്‍ ആയിരുന്ന ഇലോണ്‍ മസ്‌കും രംഗത്തുവന്നിരുന്നു.
ഇലോണ്‍ മസ്‌കും സാം ആള്‍ട്ട്മാനും ചേര്‍ന്ന് 2015ലാണ് ഓപണ്‍ എഐ സ്ഥാപിച്ചത്. 2018ല്‍ ഇലോണ്‍ മസ്‌ക് ഓപണ്‍ എഐ വിടുകയും എക്‌സ്എഐ എന്ന പേരില്‍ പുതിയ സ്ഥാപനം ആരംഭിക്കുകയും ചെയ്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





