മസ്ഹര്‍ എഴുതുന്നു
ഹിരണ്‍ദാസ് മുരളി എന്ന വേടന്‍ സംഗീതം കൊണ്ട് പുതുതലമുറയെ ഇളക്കി മറിക്കുകയും വാക്കുകളുടെ ശക്തികൊണ്ട് കീഴാള പൊതുബോധത്തെ ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട് കുറഞ്ഞ കാലയളവില്‍. എന്നാല്‍ കഞ്ചാവ് കേസില്‍ പോലിസ് പിടിക്കപ്പെട്ടതോടെ വലിയ വിഭാഗം അള്‍ട്രാലിബറല്‍ എഴുത്തുകാരും ആക്ടിവിസ്റ്റുകളും വേടപക്ഷം ചേര്‍ന്ന് സ്റ്റേറ്റിന്റെ ഇരട്ടനീതിയെ /അനീതിയെ ചോദ്യം ചെയ്യാനാണ് മുതിര്‍ന്നത്. തുടര്‍ന്ന് വേടന്‍ അറസ്റ്റ് എപ്പിസോഡിനെ സവര്‍ണാധീശത്വ മാധ്യമ വേട്ടയെന്ന് വിധി എഴുതി അരികുവത്കൃത കീഴാള രാഷ്ടീയത്തെ / വേടന്റെ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിച്ചത് ലഹരിയെ കൂട്ടുപിടിച്ചായിരുന്നു എന്നത് പൊളിറ്റിക്കലി ഇന്‍ കറക്റ്റാണ് എന്നതില്‍ സംശയമില്ല.
കഞ്ചാവിനെ മഹത്വവതികരിക്കുന്ന മൈത്രേയന്‍ തിയറിയും മൈരന്‍ ഭാഷാതിയറിയും അറഞ്ചും പുറഞ്ചും വീശി. ഇസ്ലാമിക സ്വത്വവാദികള്‍ വരെ ഇത് ലഹരി വേട്ടക്കപ്പുറം പിണറായി സര്‍ക്കാറിന്റെ കീഴാള വേട്ടയാണെന്ന് സമര്‍ഥിച്ചു. അതിനവര്‍ ലാറ്റിനമേരിക്കന്‍ പോരാട്ടത്തെയും നക്്‌സല്‍ പോരാട്ടത്തെയും എങ്ങനെയാണ് അതാത് സാമ്രാജ്യത്വ / ദേശരാഷ്ട്ര സ്റ്റേറ്റുകള്‍ ലഹരി ചാപ്പചാര്‍ത്തി അടിച്ചമയര്‍ത്തിയതെന്ന് ഉപന്യസിച്ചു. ഇവരെല്ലാവരും ഇസ്ലാമോഫോബിക് അല്ലാത്ത ശുദ്ധരായതിനാല്‍ അഫ്ഗാനിലെ കഞ്ചാവു കൃഷിയെ താലിബാന്‍ വിമോചനവുമായി ബന്ധിപ്പിക്കാര്‍ മാത്രം ഉദ്യുക്തരായില്ല. ലഹരി കടത്ത് വ്യാപാരവും ടെററിസവും തമ്മിലുള്ള പുളിച്ചു നാറിയ നെക്‌സസ് സ്റ്റോറി ഇവരാരും പറയാതിരുന്നത് പെഹല്‍ഗാം കാലത്ത് വേടന്‍ തിയറിസ്റ്റുകളിലേക്ക് ടെററിസത്തിന്റെ ചാപ്പ വരാതിരിക്കാനുള്ള ഒരു കരുതല്‍ മാത്രമാകും.
ഇത്രമേല്‍ പൊളിറ്റിക്കലി ഇന്‍ കറക്ട് ആയവരാണോ നമുക്കിടയിലെ എഴുത്തുകാരും ആക്ടിവിസ്റ്റുകളും എന്നോര്‍ത്ത് വല്ലാത്ത ജാള്യതയും വേദനയും തോന്നിയ ദിവസമാണ് കടന്നു പോയത്. നമ്മുടെ സംസ്ഥാനം അതീവ ജാഗ്രതയോടെ ലഹരിക്കെതിരെ ഒരു തുറന്ന യുദ്ധത്തിലാണ്. രാഷ്ട്രീയ പ്രബുദ്ധരായ കേരളീയ പൊതു സമൂഹത്തെ, പ്രത്യേകിച്ച് കേരളത്തിലെ മുസ്ലിം /ദളിത് കീഴാള ഗോത്രങ്ങളെ മസ്തിഷ്‌ക മരണത്തിലേക്കും അവരുടെ സകല രാഷ്ടീയ ഉയിര്‍പ്പുകളേയും ലഹരികൊണ്ട് ന്യൂട്രലൈസ് ചെയ്യാമെന്ന സവര്‍ണ ഹിന്ദുത്വ ഫാക്ടറിയുടെ ഗവേഷണ തിയറി നടപ്പാക്കുന്ന ലഹരിക്കാലത്ത്, എത്ര കീഴാളപക്ഷ റാപ്പ് മൂസിക് പറഞ്ഞാലും ലഹരി ഒരു സവര്‍ണ മേലാള അധീശത്വ ടൂള്‍ തന്നെയാണെന്ന് പ്രതി സിദ്ധാന്ത വാദികള്‍ മറക്കരുത്. അതിന്റെ ഒന്നാം നമ്പര്‍ ഇരകള്‍ ഇക്കാലത്തും കീഴാളര്‍ തന്നെയാണ് എന്ന് വേടന്‍ ഉത്സാഹകമ്മിറ്റിക്കാര്‍ മനസ്സിലാക്കിയില്ലെങ്കിലും കീഴാളര്‍ മനസ്സിലാക്കണം.
നൂറു സിംഹാസനത്തിലെ നായാടിയെ എന്ത് തെറ്റു ചെയ്താലും ന്യായീകരിക്കുന്ന സാമൂഹിക തിയറി ഒരു വ്യക്തിക്ക് അല്ല ബാധമാകുന്നത്, ഒരു സമൂഹത്തിനാണ്. അവര്‍ കഴിഞ്ഞകാലത്ത് നേരിട്ട സമാനതകളില്ലാത്ത നെറികേടുകളെ മുന്‍നിര്‍ത്തിയാണ് ആ സാധൂകരണം . പലസ്തീനികളുടെ ഒക്ടോബര്‍ 7 തിരിച്ചടി ന്യായീകരിക്കപ്പെടുന്നത് എഴുപത്തഞ്ച് വര്‍ഷത്തെ ഇസ്രയേല്‍ അധിനിവേശ ദുരിത പര്‍വത്തെ മൊത്തത്തില്‍ മുന്‍നിര്‍ത്തിയാണ്. അതും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ അല്ല, മറിച്ച് പലസ്തീന്‍ മര്‍ദ്ദിത സമൂഹത്തിനാണ് ഈ ആനുകൂല്യം. ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും സവര്‍ണ വിരുദ്ധ, അവര്‍ണ / അടിസ്ഥാന മനുഷ്യരുടെ സിനിമക്കാരായിട്ടും മുസ്ലിം / ഇസ്ലാമാ ഫോബിക് ഇരവാദത്തിന്റെ പ്രിവിലേജ് ആരും കൊടുത്തില്ലല്ലോ.
ലഹരി അത് ഗഞ്ചനായാലും അര ഗ്രാമായാലും അത്തരം കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്നത് വേടനായാലും ഷൈന്‍ ടോമായാലും സ്റ്റേറ്റ് മുഖം നോക്കാതെ കടുത്ത നിയമം തന്നെ നടപ്പാക്കണം. കാരണം മാനസികാരോഗ്യമുള്ള ചിന്താശേഷിയുള്ള പൊളിറ്റിക്കലി വൈബ്രന്റ് ആയ ഒരു പുതു തലമുറ കേരളത്തില്‍ ഉണ്ടാകണം. അവര്‍ക്കിടയില്‍ മാത്രമേ ”കാടു കട്ടവന്റെ നാട്ടില്‍, ചോറു കട്ടവന്‍ മരിയ്ക്കും ‘ എന്ന വരികള്‍ സംവേദനം ചെയ്യപ്പെടുകയുള്ളൂ. മരിച്ചുപോയ, അല്ല മേലാള നഗരവാസികള്‍ കെട്ടിയിട്ട് തല്ലി കൊന്ന ആ മനുഷ്യന്‍ അട്ടപ്പാടിയിലെ മധുവാണെന്ന് വിവര്‍ത്തനം ചെയ്യപ്പെടുകയുള്ളൂ.
‘ഞാന്‍ പാണനല്ല, പുലയനല്ല
നീ തമ്പുരാനുമല്ല……
ആണേല്‍ ഒരു മൈരുമല്ല ‘
എന്ന ജാതിയെ റദ്ദ് ചെയ്യുന്നതും മനുഷ്യ സമത്വം ഉദ്‌ഘോഷിക്കുന്നതുമായ തീപൊള്ളുന്ന ഈ വരികള്‍ യുവതയില്‍ അഗ്‌നിയായി പടരണമെങ്കില്‍ പാടുന്നവനും കേള്‍ക്കുന്നവരും ലഹരി തീണ്ടാത്ത വിപ്ലവ വീര്യമുള്ള ശരീരവും മനസ്സുമുള്ളവരാകുകയും വേണം.
വേടന്റെ തീപിടിച്ച വാക്കുകള്‍ സംഗീതമായി കേരളത്തിലെ നീലാകാശത്ത് ഇടിമിന്നലായി പടരട്ടെ. ജാതി തീണ്ടാത്ത, സവര്‍ണത പഴങ്കഥയാകുന്ന, മനുഷ്യ സമത്വം ഒരമ്മ പെറ്റ മക്കളെ പോലെ പൂത്തുല്ലസിക്കുന്ന ലഹരിയില്‍ ബോധം പോകാത്ത നവയുവ കേരളം പിറക്കട്ടെ.
മസ്ഹര്‍ എഴുതുന്നു
വഖഫ് പ്രതിഷേധങ്ങളെ തല്ലിച്ചതയ്ക്കാന്‍ കേരള പോലിസിന് ആരാണ് നിര്‍ദേശം നല്‍കുന്നത് എന്ന് അറിയാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് അവകാശമുണ്ട്. ഇന്ത്യന്‍ മുസ് ലിംകളെ അപരവല്‍ക്കരിക്കുന്നതിന് സംഘപരിവാരം ഭരണഘടനാ വിരുദ്ധമായി നടപ്പാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരേ പ്രതിഷേധിക്കുകയല്ലാതെ മറ്റു വഴികളില്ലാത്ത മുസ് ലിം യൗവനത്തെ കേരളത്തിലെ പിണറായി സര്‍ക്കാര്‍ ലാത്തികൊണ്ടും ഗ്രനേഡും കൊണ്ടും നേരിടാനാണ് തീരുമാനമെങ്കില്‍ ലോക സഭയിലെ രാധാകൃഷ്ണന്റെ പ്രസംഗവും രാജ്യസഭയിലെ ബ്രിട്ടാസിന്റെ പ്രസംഗവും സി പി ഐ എമ്മിന്റെ പാര്‍ലമെന്റെറി നിലപാടും കാപട്യമാണെന്ന് വിലയിരുത്തേണ്ടി വരും. പാര്‍ട്ടി കോണ്‍ഗ്രസിലെ കഫിയ ധരിച്ച പലസ്തീന്‍ ഐക്യപ്പെടല്‍ പോലും സംശയത്തിന്റെ നിഴലിലാകും.
എം.കെ സ്റ്റാലിനെ പോലെയോ മമതാ ബാനര്‍ജിയെ പോലെയോ വഖഫ് ഭേദഗതി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് പറയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും തന്റേടവും ഇല്ലെങ്കിലും ന്യൂനപക്ഷങ്ങളുടെ ജീവന്‍ മരണ പോരാട്ടത്തെ തല്ലിയൊതുക്കാനാണ് ഇടതുപക്ഷ പോലിസിന്റെ ഭാവമെങ്കില്‍ മുസ്ലിംകളിലെ വലിയൊരു വിഭാഗം പിണറായി സര്‍ക്കാറിനെതിരെ പറയുന്ന ആക്ഷേപങ്ങള്‍ ശരിവെക്കുന്നതായി വിലയിരുത്തപ്പെടും. ഇന്നത്തെ പത്രസമ്മേളനത്തില്‍ മുസ്ലിംകള മൊത്തത്തില്‍ സംഘപരിവാരം വേട്ടയാടു മ്പോള്‍ സൂക്ഷിച്ചു സംസാരിക്കണമെന്ന് വെള്ളാപ്പള്ളിക്ക് ഉപദേശം നല്‍കിയ പിണറായി വിജയന്‍ അതേ ഉപദേശം കേരളം പോലിസിന് കൂടി കൊടുക്കണം.
കേന്ദ്രത്തിലെ ബി.ജെ പി സര്‍ക്കാറിന് വിടുപണി ചെയ്യുന്നവരെ ആഭ്യന്തരവകുപ്പില്‍ നിയമിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് എന്തിന്റെ പേരിലായാലും അവരെ ഉടനെ പിരിച്ചു വിടുന്നതാണ് നല്ലത്. എന്‍ ആര്‍ സി ക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും നിലപാടു പറയുകയും ചെയ്യുന്ന പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് പൗരത്വ സമരക്കാരെ കേസില്‍ കുടുക്കിയ ഇരട്ടത്താപ്പ് നയം തുടരാനാണ് കേരള പോലിസിന് നിര്‍ദേശമെങ്കില്‍ ഇപ്പോള്‍ സോളിഡാരിറ്റി നടത്തിയത് വരാനിരിക്കുന്ന സമരങ്ങളുടെ തുടക്കം മാത്രമാണ്. മുസ്ലിം ന്യൂനപക്ഷത്തിലെ മറ്റെല്ലാ വിഭാഗങ്ങളും തുടര്‍ ദിവസങ്ങളില്‍ പ്രതിഷേധങ്ങളുമായി തെരുവില്‍ വരുമ്പോള്‍ ഇതേ അടിച്ചമര്‍ത്തല്‍ നയം തുടരാനാണ് ഭാവമെങ്കല്‍ വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയാനാകൂ.
ശരിയായ ഇടതുപക്ഷമാകാനാകുന്നില്ലെങ്കില്‍ സ്വയം ഇടതുപക്ഷമെന്ന് പറയുന്നത് നിര്‍ത്തണം. വഖഫ് ജീവന്‍ മരണ പോരാട്ടമാണ്,അത് മുസ് ലിം ന്യൂനപക്ഷത്തിന് മുന്നോട്ടു കോണ്ടു പോയേ മതിയാകൂ. ശരിക്കും ഒപ്പം നില്‍ക്കുന്നതാരാണെന്ന് കേരളം വരും ദിവസങ്ങളില്‍ അറിയാനിരിക്കുന്നതേയുള്ളൂ.
ഗോപാല്‍ മേനോന്‍
സ്വാതന്ത്ര്യത്തിന് ശേഷം ഹിന്ദുത്വ ഫാഷിസത്തിന്റെ വളര്‍ച്ചയ്ക്ക് സമാന്തരമായി രാജ്യത്തുണ്ടായ വംശീയ ഉന്മൂലനമാണ് 2002ല്‍ ഗുജറാത്തില്‍ നടത്തിയത്. ഗുജറാത്ത് വംശീയ ഉന്മൂലനത്തെ പുത്തന്‍ തലമുറയുടെ മുന്നിലേക്ക് കൊണ്ടുവച്ചു എന്നതാണ് എംപുരാന്‍ എന്ന സിനിമ നിര്‍വഹിച്ച രാഷ്ട്രീയധര്‍മം. ആ അര്‍ഥത്തില്‍ അതിന്റെ സംവിധായകനായ പൃഥ്വിരാജും തിരക്കഥാകൃത്തായ മുരളി ഗോപിയും മതേതരസമൂഹത്തിന് വലിയ സംഭാവനയാണ് നല്‍കിയത്. എന്നാല്‍ ഈ സിനിമ കണ്ട് ഗുജറാത്ത് കൂട്ടക്കൊലയെപ്പറ്റി മനസ്സിലാക്കുന്നവര്‍ അറിയേണ്ടത് ആ സിനിമയില്‍ യഥാര്‍ഥത്തില്‍ നടന്ന ഹിംസയുടെ ആയിരത്തിലൊന്ന് പോലും ഇല്ല എന്നതാണ്. ആ സിനിമയിലെ രംഗങ്ങള്‍ നിങ്ങളെ ഞെട്ടിച്ചെങ്കില്‍ ശരിക്കും നടന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തതാണ്. 2002ല്‍ ഗുജറാത്തില്‍ സംഭവിച്ചത് ഇതിനേക്കാള്‍ എത്രയോ ഭയാനകമായ കാര്യങ്ങളാണ് ഹിന്ദുത്വ വംശീയ വാദികള്‍ അവിടെ ചെയ്തത്. ഗര്‍ഭിണിയായ കൗസര്‍ ബാനുവിന്റെ വയര്‍ കീറി ഭ്രൂണം പുറത്ത് എടുത്ത ശവ ശരീരത്തിന്റെ ഫോട്ടോ എന്റെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിട്ടുണ്ട്.
ഗുജറാത്ത് കൂട്ടക്കൊല നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അവിടെ ആദ്യമായി ക്യാമറയുമായി എത്തിയവരില്‍ ഒരാളാണ് ഞാന്‍. കലാപം നടക്കുന്ന കാലത്ത് തന്നെ അതേക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മിച്ച് പ്രദര്‍ശിപ്പിച്ചിരുന്നു. ഗുജറാത്ത് വംശീയ ഉന്മൂലതനത്തെ കുറിച്ച് ആദ്യമായി നിര്‍മിക്കപ്പെട്ട ഡോക്യുമെന്ററിയും അതായിരിക്കും. ‘ഹേ റാം: ജെനോസൈഡ് ഇന്‍ ദ ലാന്‍ഡ് ഓഫ് ഗാന്ധി’ എന്ന ആ ഡോക്യുമെന്ററി ഡല്‍ഹിയിലെ സഫ്ദര്‍ ഹാഷ്മി മെമ്മോറിയല്‍ ട്രസ്റ്റ് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍, 2002 മാര്‍ച്ച് 23ന് പ്രദര്‍ശിപ്പിച്ചിരുന്നു. 28 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി 2002 ലെ ഗുജറാത്ത് വംശീയ ഉന്മൂലനത്തിന്റെ അങ്ങേയറ്റത്തെ ക്രൂരതയും അക്രമവും രേഖപ്പെടുത്തുന്നതാണ്. പ്രദര്‍ശനം കാണാന്‍ ബി.ജെ.പി നേതാവ് മുരളീമനോഹര്‍ ജോഷിയും കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍സിങ്ങും കുടുംബവും അടക്കം നൂറുകണക്കിന് ആളുകളുണ്ടായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രദര്‍ശനങ്ങള്‍ അരങ്ങേറി. എപ്രില്‍മാസത്തില്‍ അമേരിക്കയിലും ലണ്ടനിലും പ്രദര്‍ശിപ്പിച്ചു. വി.എച്ച്.എസ് കാസറ്റും സി.ഡികളും വ്യാപകമായാണ് പ്രചരിച്ചത്. ഇന്റര്‍നെറ്റില്‍ സൗജന്യമായി കാണാനുള്ള സൗകര്യമൊരുക്കിയതിനാല്‍ ആയിരങ്ങള്‍ അതുവഴിയും കണ്ടു.
അതിനു ശേഷവും ഗുജറാത്ത് വംശീയ ഉന്മൂലനത്തെ കുറിച്ച് രണ്ട് ഡോക്യുമെന്ററികള്‍ ചെയ്തു. 2002 മുതല്‍ 2014 വരെ ഗുജറാത്തിനെ സംബന്ധിച്ച രണ്ട് ഭാഗങ്ങളുള്ള ‘അണ്‍ഹോളി വാര്‍ 1, അണ്‍ഹോളി വാര്‍ 2’,എന്ന പരമ്പരകളുടെ സംവിധാനവും ക്യാമറയും നിര്‍മാണവും ഞാന്‍ ചെയ്തതാണ്. ഇവമിിലഹ 4 ഡഗ പ്രക്ഷേപണം ചെയ്ത ‘ഹിന്ദു നാഷണലിസം ഇന്‍ യു.കെ ‘ എന്ന ഡോക്യുമെന്ററിയുടെ ലൊക്കേഷന്‍ ഡയറക്ടര്‍, ലൊക്കേഷന്‍നിര്‍മ്മാതാവ്, ക്യാമറാമാന്‍ എന്നീ നിലകളില്‍ (2002) യില്‍ പ്രവര്‍ത്തിച്ചു. പ്രസ്തുത ഡോക്യുമെന്ററിയെ കുറിച്ചുള്ള ജോനാഥന്‍ മില്ലറുടെ റിപ്പോര്‍ട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ടതിന്റെ ഫലമായി സേവാ ഇന്റര്‍നാഷണലിന് രണ്ട് വര്‍ഷത്തെ വിലക്ക് ലഭിച്ചു. 2014-ല്‍ രണ്ട് സംഘടനകള്‍, അണ്‍ ഹോളി വാര്‍ 1, എന്ന ഡോക്യുമെന്ററി സുപ്രീം കോടതിയില്‍ ഗുജറാത്തിലെ കര്‍ഷക ആത്മഹത്യ കേസുകളില്‍ തെളിവായി അവതരിപ്പിച്ചു.ഇതേത്തുടര്‍ന്ന്, ബിജെപിയുടെ ‘വൈബ്രന്റ് ഗുജറാത്ത്’ പ്രചാരണത്തിന് തിരിച്ചടി നേരിട്ടു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഗുജറാത്ത് വീണ്ടും ചര്‍ച്ചകളിലേയ്ക്ക് കൊണ്ടുവന്നത് ആആഇ യുടെ ‘ കിറശമ: ഠവല ങീറശ ഝൗലേെശീി ‘ ഡോക്യുമെന്ററി പരമ്പരയിലൂടെ ലോകം മുഴുവന്‍ ചര്‍ച്ചയായ ആ ഡോക്യുമെന്ററിയുടെ ലൊക്കേഷന്‍ പ്രോഡ്യൂസറും റിസര്‍ച്ചറും ആയി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് ഞാന്‍ അഭിമാനത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു. അന്ന് അത് നിര്‍മിക്കുന്ന കാലത്തെ സാഹചര്യങ്ങള്‍ ഇത് വെളിപ്പെടുത്താവുന്നതരത്തിലായിരുന്നില്ല. എന്നാല്‍ ഇന്ന് അത് ഉറക്കെ പറയേണ്ടതുണ്ടെന്ന് തോന്നുന്നു. ഗുജറാത്ത് വംശീയ ഉന്മൂലനത്തെ കുറിച്ച് സമൂഹവും പുതിയ തലമുറയും കൂടുതലായി അറിയേണ്ടതുണ്ട്. ഹിന്ദുത്വ വര്‍ഗീയത ഇന്ത്യയെന്ന മതേതര രാജ്യത്തെ ഏതെല്ലാം വിധത്താലാണ് തകര്‍ക്കുന്നത് എന്ന് കൃത്യമായി അറിയുകയാണ് ഇന്ത്യയെ സംരക്ഷിക്കാനുള്ള ഏറ്റവും ആദ്യത്തെ പ്രധാന പ്രവര്‍ത്തനം. അതിന് കഴിഞ്ഞ മുപ്പതോളം വര്‍ഷമായി ഞാന്‍ ചെയ്ത ഡോക്യുമെന്ററികള്‍ ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു.
1994ല്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന് വേണ്ടി കക്കയം ജീരകപ്പാറ വന നശീകരണത്തിനേതിരില്‍ ചെയ്ത ഡോക്യൂമെന്ററിയാണ് എന്റെ ആദ്യ വര്‍ക്ക്. അതിനു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭരണകൂട ഭീകരതയ്ക്കും ചുഷണങ്ങള്‍ക്കും ഇരയാക്കപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ എത്തിയിട്ടുണ്ട്. ‘കില്ലിംഗ് ഫീല്‍ഡ്‌സ് ഓഫ് മുസാഫര്‍നഗര്‍’ (2013) മുസാഫര്‍നഗര്‍ കലാപത്തെക്കുറിച്ചുള്ള ഒരു സിനിമയാണ്. ഈ ഡോക്യുമെന്റററി തീവ്ര ഹിന്ദുത്വ ഗൂഢാലോചനകള്‍ തുറന്നുകാട്ടുക മാത്രമല്ല, നഗ്‌നമായ അക്രമ പ്രവര്‍ത്തനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. എല്ലാ തരം വര്‍ഗ്ഗീയതകളെയും റദ്ദ് ചെയ്യുന്നതാണ് എന്റെ സിനിമകള്‍. ഡോകുമെന്ററികള്‍ കാണാന്‍ https://www.youtube.com/@gopalmenonfilms
മസ്ഹര്‍ എഴുതുന്നു
മറിയം അലക്‌സാണ്ടര്‍ ബേബി എന്ന എം.എ ബേബി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി വരുന്നത് ഇന്ത്യയില്‍ സംഘപരിവാരം ഉറഞ്ഞു തുള്ളുന്ന കെട്ട കാലത്താണ്. ക്ലാസിക്കല്‍ ഫാഷിസമാണോ നവ ഫാഷിസമാണോ ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസം എന്നും അത് വന്നോ വന്നില്ലേ എവിടെ വരെ എത്തി എന്നുമൊക്കെ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ ഉറപ്പു വരുത്തട്ടെ.
എന്നാല്‍ ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ് ലിംകള്‍ക്ക് അത് അനുഭവപ്പെട്ടുതുടങ്ങി. വ്യക്തികള്‍ എന്ന നിലയില്‍ എന്‍.ആര്‍ സിയും മുത്വലാഖ് ബില്ലും ഒരു സാമൂഹിക വിഭാഗം എന്ന നിലയില്‍ വഖഫ് ഭേദഗതി ബില്‍, കാശ്മീര്‍ 370 വകുപ്പ് എടുത്തു കളയലും സ്‌കോളര്‍ഷിപ്പ് നിഷേധവും അവരെ സംബന്ധിച്ച് മാത്രമുണ്ടാക്കിയവയാണെന്ന പൂര്‍ണ ബോധ്യമുണ്ട്. ഇനി അവര്‍ക്ക് ഫാഷിസത്തെ സൈദ്ധാന്തികവല്‍ക്കരിച്ച് നേര്‍പ്പിച്ചെടുക്കാനുള്ള നേരവുമില്ല. ലോകത്താകട്ടെ ഹിന്ദുത്വ ഫാഷിസത്തിന്റെ ഉറ്റ ചങ്ങാതിമാരായ അമേരിക്കന്‍ സാമ്രാജ്യത്വവും ഇസ്രയേലി സയണിസവും അവരുടെ ഡീപ്‌സ്റ്റേറ്റും ഇസ് ലാമോഫോബിക് ആഗോള അന്തരീക്ഷം സൃഷ്ടിച്ച് അവരെ ഡമനൈസ് ചെയ്തുകഴിഞ്ഞു. പലസ്തീനില്‍ സകല അന്താരാഷ്ട്ര യുദ്ധ നിയമങ്ങളും ലംഘിച്ച് ബോംബിട്ടു മനുഷ്യരെ കൊല്ലുകയാണ്. ലക്ഷണമൊത്ത വംശഹത്യ !
ഇന്ത്യയിലും ഹിന്ദുത്വ ഫാഷിസം വംശഹത്യക്കുള്ള സകല ചേരുവകളും ഉണ്ടാക്കി കഴിഞ്ഞുള്ള നില്‍പ്പാണ്. മുസ്ലിംകളെന്ന ഒന്നാം ആഭ്യന്തര ശത്രുവിനെ പ്രകോപിതരാക്കി തെരുവില്‍ എത്തിക്കുക / അവരെ ഒരു ഏറ്റുമുട്ടല്‍ തലത്തിലെത്തിക്കുക എന്നതാണ് സംഘപരിവാര പദ്ധതിയുടെ അടുത്ത അജണ്ട. അതില്‍ വീഴാതിരിക്കാന്‍ ഇന്ത്യന്‍ മുസ് ലിംകളെ ദൈവം രക്ഷിക്കട്ടെ!
ഈ പാശ്ചത്തലത്തില്‍ കഫിയ ധരിച്ച പാര്‍ട്ടി കോണ്‍ഗ്രസിലെ ഐക്യപ്പെടല്‍ വല്ലാത്ത ഊര്‍ജമാണ് ലോകത്തിലെ മര്‍ദ്ദിതര്‍ക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ചത്. ബേബി സഖാവ് മലയാളി ആണെങ്കിലും കേരളത്തിന്റെ കുടുസ്സായ ഇടതു പൊതുബോധത്തെ മറികടക്കുന്ന ഉത്തമനായ പാന്‍ ഇന്ത്യന്‍ സഖാവാണ്, ആഗോള കമ്യൂണിസ്റ്റുമാണ്. കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളുടെ തടവുകാരനല്ല എന്നതാണ് കേരളത്തിനപ്പുറം ബേബി സഖാവിനെ ഉന്നതനാക്കുന്നത്.
ആ അര്‍ഥത്തില്‍ സഖാവ് സൂര്‍ജിതും യെച്ചൂരിയും കാണിച്ച ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഒരു പൊതു സമീപന രീതിയുണ്ട്, പാര്‍ട്ടി മാര്‍ഗരേഖയുമുണ്ട്. കഫിയയ്ക്കും വഖഫ് പിന്തുണക്കുമപ്പുറം ഫാഷിസം തെരുവില്‍ തല്ലിച്ചതക്കുകയും ബുള്‍ഡോസു ചെയ്യുകയും ചെയ്യുന്ന ഇന്ത്യന്‍ മര്‍ദ്ദിതര്‍ക്കൊപ്പം പോരാടാന്‍ സഖാക്കള്‍ക്ക് കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ തടസ്സമാകില്ല എന്ന് ഉറപ്പ് വരുത്തുന്നതാവും ബേബി എന്ന പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ മൂന്നിലുള്ള പാന്‍ ഇന്ത്യന്‍ കാലിക ദൗത്യം.
വിചാരധാരയിലെ രണ്ടും മൂന്നും ആഭ്യന്തര ശത്രുക്കളായ സകല കമ്മ്യൂണിസ്റ്റുകളേയും ക്രിസ്തീയരേയും അണിനിരത്തി പ്രതിരോധ നിര സൃഷ്ടിക്കുക എന്ന ദൗത്യവും സഖാവിന് മുന്നിലുണ്ടാകും. അതോടൊപ്പം പാര്‍ലമെന്ററി ജനാധിപത്യത്തില്‍ യോജിക്കാവുന്ന മുഴുവന്‍ മതനിരപേക്ഷ ജനാധിപത്യ വാദികളുടെ മഴവില്‍ സഖ്യം എന്നതിന് കൂടുതല്‍ കരുത്തു പകരാനും ഓവര്‍ ടൈം ചെയ്യേണ്ടി വരും.
കേരളത്തിലെ ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയുടെ സമീകരണ സിദ്ധാന്തങ്ങള്‍ക്കപ്പുറത്താണ് ഇന്ത്യയില്‍ ഫാഷിസം ഉണ്ടാക്കിയ ഭീതിദാവസ്ഥ. അതിനെ നേരിടാന്‍ ന്യൂനപക്ഷങ്ങളോടുള്ള കലര്‍പ്പില്ലാത്ത അണ്‍ കണ്ടീഷണല്‍ ഐക്യപ്പെടല്‍ ഉണ്ടായെ മതിയാകൂ എന്ന് ചുരുക്കം. അധ്യാപകനായിരുന്ന കുന്നത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളില്‍ ഇളയവനായി 1954 ഏപ്രില്‍ 5ന് ജനിച്ച എം എ ബേബി പ്രാക്കുളം എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍.കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെ കേരള രാഷ്ട്രീയത്തില്‍ പ്രവേശിച്ച ബേബി എസ്.എഫ്.ഐ, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സി.പി.ഐ.(എം), എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചു. 32-ആം വയസ്സില്‍ രാജ്യസഭാംഗമായ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഒരാളാണ്. സി.പി.എം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും അംഗമായിരുന്നു. കുണ്ടറയില്‍ നിന്ന് 2006-ല്‍ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1986 ലും 1992 ലും രാജ്യസഭാംഗം. ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ സ്ഥാപക കണ്‍വീനറായിരുന്നു. ഡല്‍ഹി കേന്ദ്രമായി സ്വരലയ എന്ന കലാസാംസ്‌കാരിക സംഘടന രൂപവത്കരിക്കുന്നതില്‍ മുന്‍കയ്യെടുത്തു. ഇതുവരെ സിപിഐഎമ്മിന്റെ സാംസ്‌കാരിക – സൈദ്ധാന്തിക മുഖം, ഇന്നു മുതല്‍ എല്ലാമെല്ലാം.
ലാലേട്ടന് ഏറെ പ്രിയമുള്ളവര്‍ക്ക് ഇഷ്ടമായില്ല. അതിനാല്‍ എമ്പുരാന്‍ കട്ട് ചെയ്ത് വികൃതമാക്കി. താങ്കളോട് ഏറെ പ്രിയപ്പെട്ടവര്‍ക്ക് വിഷമം ഉണ്ടാക്കിയ വിഷയങ്ങള്‍ എമ്പുരാനില്‍ നിന്ന് വെട്ടി മാറ്റുമെന്ന് താങ്കള്‍ ആണയിട്ട് പറഞ്ഞു.
എമ്പുരാനിലെ രംഗങ്ങള്‍ വിഷമം ഉണ്ടാക്കിയത് സംഘികള്‍ക്ക് മാത്രമാണ്. സംഘി സംഘങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഗുജറാത്ത് കലാപത്തിന്റെ ഏതാനും രംഗങ്ങള്‍ ഈ സിനിമയില്‍ സത്യസന്ധമായി ചിത്രീകരിച്ചു എന്നതാണല്ലോ വിവാദവിഷയം. അതില്‍ മനപ്രയാസം സംഘികള്‍ക്കാണ്. താങ്കള്‍ അതില്‍ നായകന്‍ ആയത് സംഘികള്‍ക്ക് കൂടുതല്‍ വിഷമം ഉണ്ടാക്കി. അവര്‍ ബഹളം തുടങ്ങി. താങ്കള്‍ പെട്ടു. അപ്പോള്‍ ഒരു സംഘി പ്രയാസം താങ്കള്‍ക്ക് പ്രശ്‌നം ആവണമെങ്കില്‍ താങ്കള്‍ക്കും അങ്ങനെയൊരു മനസ്സുണ്ടാവണം.
അതിങ്ങനെ പച്ചക്ക് പറയണമായിരുന്നോ. മോഹന്‍ലാല്‍ എന്നത് മലയാള ലോകവും അതിനപ്പുറവും അംഗീകരിച്ചു ആദരിക്കുന്ന ഒരു മഹാനടനത്തിന്റെ നാമധേയമാണ്.
താങ്കള്‍ എന്തിന് ചെറുതാവുന്നു? ഒരു മതത്തിനും എതിരായി ഒരു സിനിമയും ഇന്ന് വരെ ചെയ്തില്ലെന്ന ലാലേട്ടന്റെ വാദം തെറ്റാണ്. താങ്കളുടെ നിരവധി സിനിമകളില്‍ മുസ് ലിം വിരുദ്ധതകള്‍ ധാരാളമുണ്ട്. പ്രത്യേകിച്ചു ഷാജി കൈലാസ്, ഗുഡ് നൈറ്റ് മോഹന്‍, പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ സംവിധാനം ചെയ്ത വിവിധ ചിത്രങ്ങളില്‍ ഇവ ദൃശ്യമാണ്. താങ്കളുടെ മെഗാഹിറ്റ് പുലിമുരുകനിലെ ഒരു കഥാപാത്രത്തെ മുസ് ലിം വേഷം കെട്ടി എന്തൊക്കെ ചെയ്യിപ്പിക്കുന്നു.
കിളിച്ചുണ്ടന്‍ മാമ്പഴം ഒരു ഉദാഹരണം. മുസ് ലിം അപരവല്‍ക്കരണ പ്രമേയങ്ങള്‍ യഥേഷ്ടം ചെയ്തിട്ടുള്ള ചിത്രങ്ങള്‍ക്ക് പുറമെ ന്യൂനപക്ഷങ്ങള്‍ രാജ്യദ്രോഹികളാണ് എന്ന് ദ്യോതിപ്പിക്കുന്ന മേജര്‍ രവിയുടെ ചിത്രങ്ങളോ? അന്നേ പ്രചരിപ്പിക്കപ്പെട്ട വ്യാജ കഥകള്‍ മാത്രമേ പാടുള്ളുവെന്നാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിരിക്കുന്ന പൊതുബോധം. പ്രസ്തുത പൊതുബോധത്തിനുമുമ്പില്‍ മുട്ടു കുത്തിയിരിക്കുന്നു മലയാളിയുടെ അഹങ്കാരമായിരുന്ന മോഹന്‍ലാല്‍ വിശ്വനാഥന്‍ നായര്‍ എന്ന പത്തനംതിട്ടക്കാരന്‍.
അഹ്‌മദ് ശരീഫ് പി
1989ല്‍ ഞാന്‍ ഒരു വെറും ട്രെയ്‌നിയായി കോഴിക്കോട് കേരള കൗമുദിയില്‍ തുടരുകയായിരുന്നു. കൗമുദിയില്‍ സ്ഥിരപ്പെടുത്തുക എന്നത് അപൂര്‍വ പ്രതിഭാസമാണ്. മൂന്നാം വര്‍ഷത്തില്‍ അങ്ങനെ നില്‍ക്കുമ്പോള്‍ ഒരു ഓഫര്‍ വരുന്നു. ഫോണിന്റെ അങ്ങേതലയ്ക്കല്‍ എസ് ജയചന്ദ്രന്‍ നായര്‍. പോരുന്നോ എന്റെ കൂടെ ബോംബെയിലേക്ക്. കണ്‍ഫര്‍മേഷന്‍ തരാം. എനിക്ക് ബോംബെയെ കുറിച്ചു ഒന്നും അറിയില്ല. ഹിന്ദിയും കഷ്ടി. എങ്കിലും ഞാന്‍ ഓക്കേ പറഞ്ഞു.
ഭാര്യയെയും മകനെയും ഒറ്റയ്ക്ക് തിരൂരങ്ങാടിയില്‍ വിട്ട് ഞാന്‍ വണ്ടി കയറിയത് എസ് ജയചന്ദ്രന്‍ നായര്‍ എന്ന ഇതിഹാസത്തിന്റെ ഒറ്റ വാക്ക് വിശ്വസിച്ചിട്ടാണ്. തനിക്ക് പറ്റിയ മണ്ണ് അവിടെയാണ്. മുമ്പ് കലാ കൗമുദിക്ക് വേണ്ടി അവുക്കാദര്‍ കുട്ടി നഹയെ കുറിച്ച് ഫീച്ചര്‍ എഴുതാന്‍ ഏല്‍പിച്ച പരിചയം മാത്രമായിട്ടും എന്തുകൊണ്ട് ഞാന്‍ ? അതേ പുതിയ എഴുത്തുകാരെ കൈ പിടിച്ചു ഇയര്‍ത്തുന്നതില്‍ ഇത് പോലെ പങ്ക് വഹിച്ച മറ്റൊരു എഡിറ്ററെ മലയാളത്തില്‍ കാണാനാവില്ല. പ്രസാദ് ലക്ഷ്മണ്‍, റോയ് മാത്യു, വിജു വി നായര്‍ എല്ലാവരെയും അദ്ദേഹം ബോംബെയിലേക്ക് കൊണ്ടു വന്നു.
മലയാളത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് മാത്രം ഒരു സീരിയസ് മാഗസിന്‍ ആയി വിലസുന്ന കാലം. അതില്‍ തമ്പ്രാക്കന്മാര്‍ എഴുതുന്നതേ അക്കാലത്തു വരൂ. അപ്പോഴാണ് തിരുവനന്തപുരം പേട്ടയിലെ കേരള കൗമുദി ആപ്പീസില്‍ എഡിറ്റര്‍ എം എസ് മണിക്ക് മുമ്പില്‍ ഇദ്ദേഹം കലാ കൗമുദി എന്ന വാരികയുടെ പ്രൊപോസല്‍ വയ്ക്കുന്നത്. കൗമുദിക്ക് പിറകിലെ വീട്ടില്‍ വാരിക തുടങ്ങി. അതോടെ നിരവധി പുതിയ എഴുത്തുകാര്‍ മത ജാതി വ്യത്യാസമില്ലതെ എഴുതുന്നു. ജയചന്ദ്രന്‍ സര്‍ പ്രസിദ്ധീകരിക്കുന്നു. ബോംബെയിലേക്ക് ഇടയ്ക്കിടെ അത് എഴുത്, ഇത് എഴുത് എന്നൊക്കെ നിര്‍ദേശം വരും.
ഞങ്ങള്‍ അവിടെ എം പി നാരായണപിള്ളയുടെ തമാശകള്‍ കേട്ട് ചിരിച്ചു കളിച്ചു നടക്കുന്ന കാലം. അപ്പോഴതാ സാര്‍ നേരിട്ട് വരുന്നു. അന്ന് ജനങ്ങള്‍ തിങ്ങി ഞെരുങ്ങുന്ന ബോംബെയില്‍ ഞങ്ങള്‍ പോഷ് ഏരിയയിലുള്ള കഫാ പരേഡില്‍ കൗമുദിയുടെ ജോളി മേക്കര്‍ ചേംബര്‍ എന്ന വലിയ ഫ്‌ളാറ്റില്‍ താമസിക്കുന്നു. മനോരമയ്ക്ക് പോലും അന്ന് ബോംബെയില്‍ സ്വന്തമായ ഇത്ര നല്ല ഫ്‌ലാറ്റും നരിമാന്‍ പോയന്റ് എന്ന കിടിലന്‍ സ്ഥലത്തു ഓഫിസും ഇല്ല. താമസവും ഞങ്ങള്‍ ഒരുമിച്ചു. എം എസ് മണിയും അവിടെ തന്നെ. ചിലപ്പോള്‍ എം പി നാരായണപിള്ളയും വരും. അദ്ദേഹത്തിന്റെ പ്രേരണയിലാണ് കലാ കൗമുദി ദിനപത്രമായി ബോംബെയില്‍ തുടങ്ങിയത്.
മറാഠി പോയിട്ട് ഹിന്ദി പോലും നന്നായി അറിയാത്ത എന്നെ പിടിച്ചു നേരെ ബോംബൈ തെരുവിലേക്ക് ഇറക്കി വിടുമ്പോള്‍ അങ്ങേരുടെ മനസ്സില്‍ എന്തായിരുന്നു എന്നറിയില്ല. കഴിഞ്ഞ ആഴ്ച്ച മരിച്ച ഓംപ്രകാശ് ചൗത്താലയുടെ പത്ര സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു ആദ്യ നിയോഗം. തിരിച്ചു വന്ന് താറുടുത്തു ഞൊണ്ടി കയറി വന്ന ചൗത്താലയെക്കുറിച്ചാണ് ഞാന്‍ എഴുതിയത്. അടുത്തേക്ക് വിളിച്ചു കീശയിലെ മൗണ്ട് ബ്ലാങ്ക് പേന എടുത്ത് തന്ന അദ്ദേഹം സ്‌നേഹം തന്നു.ഒരിക്കലും കൊള്ളിച്ചു ചവിട്ടി അരച്ചു കലക്കി കുടിക്കുന്ന ആളായിരുന്നില്ല അദ്ദേഹം.
ഈ പ്രോത്സാഹനം യുവ എഴുത്തുകാര്‍ക്ക് വാരിക്കോരി കൊടുത്തിരുന്നു. മൊറാര്‍ജി ദേശായി, രാജീവ് ഗാന്ധി, വി പി സിങ്, ചന്ദ്ര ശേഖര്‍ തുടങ്ങി നാല് പ്രധാനമന്ത്രിമാരെയും അദ്വാനി, വാജ്പേയ്, ബാല്‍താക്കറെ, ശരത് പവാര്‍, കാന്‍ഷി റാം, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ തുടങ്ങി എത്രയോ ഉന്നതരെ ഇന്റര്‍വ്യൂ ചെയ്യാന്‍ എനിക്ക് കഴിഞ്ഞതും ഒരു പക്ഷെ തനിക്ക് അവിടെയാണ് നല്ലത് എന്ന ജയചന്ദ്രന്‍ നായരുടെ വാക്കുകള്‍ മൂലം ആവാം. പിറവി, സ്വം എന്നീ സിനിമകള്‍ എഴുതിയതും അദ്ദേഹമാണ്. സ്വമ്മിന് അവാര്‍ഡ് ലഭിക്കുമ്പോള്‍ ഞങ്ങള്‍ ബോംബെയിലുണ്ട്. സാര്‍ തന്ന അന്നത്തെ പാര്‍ട്ടി ആര്‍ക്കും വിസ്മരിക്കാന്‍ ആവില്ല.
കൗമുദിയിലെ കേസും വക്കാണവുമെല്ലാം ആസൂത്രണം ചെയ്തിരുന്നത് ബോംബൈ ഓഫിസില്‍ നിന്നായിരുന്നു. പക്ഷെ ജയചന്ദ്രന്‍ നായര്‍ കൗമുദി വിടുന്നത് തിരുവന്തപുരത്തു വച്ചു തന്നെയാണ്. നിങ്ങള്‍ ശ്രദ്ധിക്കാഞ്ഞിട്ടാണ് കലാ കൗമുദി ഗുണം പിടിക്കാത്തതെന്ന് ഒരു നാള്‍ എം എസ് മണി അദ്ദേഹത്തിന്റെ മുഖത്തു നോക്കി പറഞ്ഞു. ഒരക്ഷരം ഉരിയാടാതെ ഒന്നും എടുക്കാതെ അദ്ദേഹം പടിയിറങ്ങി. അപ്പോള്‍ തന്നെ ഇന്ത്യന്‍ എക്‌സ്പ്രസ് അദ്ദേഹത്തെ വിളിച്ചു സമകാലിക മലയാളം ഏല്‍പിച്ചു. ഒറ്റ ആഴ്ച കൊണ്ടാണ് അത് തുടങ്ങിയത്. വരകളുടെ ആശാന്‍ നമ്പൂതിരിയെ അദ്ദേഹം കൊണ്ടു വന്നതാണ്. എം കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലം കുങ്കുമത്തില്‍ നിന്ന് പൊടി തട്ടി എടുത്ത് കൗമുദിയിലും പിന്നെ സമകാലിക മലയാളത്തിലും ആവിഷ്‌കരിച്ചതും ജയചന്ദ്രന്‍ നായര്‍ തന്നെ. മാഗസിന്‍ ജേണലിസം സവര്‍ണരില്‍ നിന്നും താഴേക്ക് സാധാരണക്കാരിലേക്ക് ഇറക്കി കൊണ്ടു വന്നതും മറ്റാരുമല്ല.
വൈക്കം മുഹമ്മദ് ബഷീറിനോട് വല്ലാത്ത അടുപ്പമായിരുന്നു ഈ മനുഷ്യന്. ബഷീറിന്റെ മകള്‍ ഷാഹിനയുടെ ഭര്‍ത്താവ് സൗദിയില്‍ നിന്നു മടങ്ങവേ മരിക്കുന്നത് മുംബൈയില്‍ വെച്ചാണ്. വേണ്ടതെല്ലാം ചെയ്ത് കൊടുക്കാന്‍ സാര്‍ ഫോണ്‍ ചെയ്ത് പറഞ്ഞപ്പോള്‍ ബഷീറിനെ പോലെ സാറും വല്ലാതെ പ്രയാസപെട്ടിരുന്നു. ആ പേന ഇപ്പോഴും സൂക്ഷിക്കാന്‍ എനിക്ക് കാരണങ്ങള്‍ ഇനിയും നിരവധിയുണ്ട്.
- ജയരാജന്‍ സിഎന്‍ എഴുതുന്നു
ചിത്രത്തിൽ കാണുന്ന മനുഷ്യന്റെ ഫോട്ടോയ്ക്ക് മുന്നിൽ നാം നമസ്കരിക്കണം….
ഇദ്ദേഹമാണ് ഹുസ്സാം അബു സഫിയ…. (Who is Dr. Hussam Abu Safiya)
ഗാസയിലെ കമല്‍ അഡ്വാന്‍ ആശുപത്രിയിലെ പീഡിയാട്രീഷ്യന്‍….ഇദ്ദേഹം തന്നെയാണ് ആ ആശുപത്രിയുടെ ഡയറക്ടറും…
2023 ഡിസംബറില്‍ ഈ ആശുപത്രിയ്ക്ക് മേല്‍ ഇസ്രായേല്‍ ബോംബിട്ടു… നല്ലൊരു ഭാഗം തകര്‍ത്തു…
ഈ കൊല്ലം ഒക്ടോബര്‍ 25ന് ആശുപത്രിയുടെ മൂന്നാം നിലയില്‍ ഇസ്രായേല്‍ ഷെല്‍ ആക്രമണം നടത്തി. ഓകസിജന്‍ നല്‍കുന്ന ജനറേറ്റര്‍ അവര്‍ ഓഫ് ചെയ്തു…ഐസിയുവില്‍ കിടക്കുന്ന രണ്ടു കുഞ്ഞുങ്ങളുടെ ജീവനെടു്ത്തു.
ഇതെല്ലാം കഴിഞ്ഞ് എ്ല്ലാ രോഗികളെയും ആശുപത്രിയുടെ ഒരു ഭാഗത്തേക്ക് കൊണ്ടു വരാന്‍ സൈനികര്‍ ആവശ്യപ്പെട്ടു…
സകല ആശുപത്രി ജീവനക്കാരെയും അറസ്റ്റ് ചെയ്തു.
അന്ന് സഫിയ ഇസ്രായേല്‍ പട്ടാളക്കാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറായിരുന്നില്ല. അതിന് അദ്ദേഹത്തെ പിടിച്ചു കൊണ്ടു പോയെങ്കിലും പിന്നീട് തിരിച്ചു വിട്ടു…
ആശുപത്രിയില്‍ സഫിയ അടക്കം ഒന്നു രണ്ടു ഡോക്ടര്‍മാര്‍ ഒഴികെ സകലരെയും ഇസ്രായേലി പട്ടാളം പിടിച്ചു കൊണ്ടു പോയി…
പക്ഷേ, താമസിയാതെ ആശുപത്രിക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തി….
അതില്‍ സഫിയയുടെ 15 വയസ്സുള്ള മകന്‍ കൊല്ലപ്പെട്ടു….
അടുത്ത ദിവസം സഫിയയും കൂടെയുള്ള ഒരു ഡോക്ടറും ചേര്‍ന്ന് മകന്റെ അന്ത്യോപചാരം ആശുപത്രി വളപ്പില്‍ തന്നെ നടത്തി…..
സഫിയ പതിവു പോലെ ആശുപത്രിയില്‍ തന്റെ സേവനങ്ങളുമായി മുഴുകി….
നവംബര്‍ 23ന് ഇസ്രായേല്‍ വീണ്ടും ആശുപത്രി ആക്രമിച്ചു….
അതൊരു ഡ്രോണ്‍ ആക്രമണമായിരുന്നു…
അത് സഫിയയുടെ ഓഫീസിന്റെ നേര്‍ക്കായിരുന്നു, അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു..
ആശുപത്രിക്കിടക്കയില്‍ കിടക്കും നേരം സഫിയ വാട്‌സാപ്പില്‍ ഇപ്രകാരം സന്ദേശം കുറിച്ചു:
‘ഇതൊന്നും ഞങ്ങളെ തടഞ്ഞു നിര്‍ത്താന്‍ പോകുന്നില്ല. എന്റെ ജോലിസ്ഥലത്തു നിന്നാണ് എനിയ്ക്ക് പരിക്ക് പറ്റിയിരിക്കുന്നത്. ഇത് ഞാന്‍ ബഹുമതിയായി കാണുന്നു…എന്റെ ചോരയ്ക്ക് എന്റെ സഹപ്രവര്‍ത്തകരുടെയോ ഞങ്ങള്‍ ചികിത്സിക്കുന്ന ആളുകളുടെയോ ചോരയേക്കാള്‍ യാതൊരു മേന്മയും ഇല്ല…ഞാന്‍ സുഖം പ്രാപിച്ചാല്‍ ഉടനേ തന്നെ ഞാന്‍ എന്റെ രോഗികളുടെ അടുത്തെത്തും…’
ഗാസയിലെ ആശുപത്രികള്‍ ഇസ്രായേല്‍ ആക്രമണങ്ങളാല്‍ പാടെ തകര്‍ന്നിരിക്കുന്നുവെന്നും അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ മൌനം ഭഞ്ജിക്കണം എന്നും ആഹ്വാനം ചെയ്തു കൊണ്ടുള്ള സഫിയയുടെ കുറിപ്പ് ലോകത്തെമ്പാടുമുള്ള സംഘടനകള്‍ വിതരണം ചെയ്തു….
ഗാസയിലെ ആരോഗ്യരംഗം ആസൂത്രിതമായി തകര്‍ക്കുകയാണ് എന്ന് സഫിയ അതില്‍ ചൂണ്ടിക്കാണിച്ചിരുന്നു…
ഡിസബര്‍ 23ന് സഫിയയുടെ ആശുപത്രി വീണ്ടും ആക്രമിക്കപ്പെട്ടു. ഐസിയുവിലേക്ക് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു കയറി…പ്രസവ വാര്‍ഡും ഓപ്പറേഷന്‍ വാര്‍ഡുകളും ഒക്കെ തകര്‍ക്കപ്പെട്ടു. ആശുപത്രിയുടെ നഴ്‌സറി, പ്രസവ വാര്‍ഡ് എന്നിവയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം…
എന്നിട്ടും റോയീട്ടര്‍ മാദ്ധ്യമത്തിന് നല്‍കിയ സന്ദേശത്തില്‍ ആശുപത്രി അടയ്ക്കില്ല എന്ന് സഫിയ പ്രഖ്യാപിച്ചു…
കഴിഞ്ഞ വെള്ളിയാഴ്ച്ച, അതായത് ഡിസംബര്‍ 27ന് ഇസ്രായേല്‍ പട്ടാളം വീണ്ടും ആശുപത്രിയില്‍ എത്തി…. കമല്‍ അഡ്വാന്‍ ആശുപത്രിയില്‍ നിന്ന് എത്രയും വേഗം രോഗികളെ മുഴുവനും പുറത്താക്കണം എന്നാവശ്യപ്പെട്ടു…
സഫിയയും അവിടെ അവശേഷിച്ച ജീവനക്കാരും അതിന് സമ്മതിച്ചില്ല….
പട്ടാളം ഓക്‌സിജന്‍ സപ്ലൈ ഓഫ് ചെയ്തു… ഐസിയുവില്‍ കിടന്നിരുന്ന രോഗികള്‍ ശ്വാസം കിട്ടാതെ അപ്പോള്‍ തന്നെ മരിച്ചു…
ഡിസംബര്‍ 29ന്, ഞായറാഴ്ച, പട്ടാളം വീണ്ടും ആശുപത്രിയില്‍ എത്തി റെയ്ഡ് നടത്തി…. സഫിയയെ പിടിച്ചു കൊണ്ടു പോയി….
എവിടെ എന്നറിയില്ല എന്ന വാര്‍ത്തയാണ് ഇപ്പോഴുള്ളത്….
സ്വന്തം മകന്‍ കണ്‍മുന്നില്‍ കൊല്ലപ്പെട്ടു കിടക്കുന്നതു കണ്ടിട്ടും, തനിക്ക് ഗുരുതരമായ മുറിവുകള്‍ സംഭവിച്ചിട്ടും, കൂടെ ഉണ്ടായിരുന്ന ഡോക്ടര്‍മാരെ പട്ടാളം പിടിച്ചു കൊണ്ടു പോയിട്ടും, അര ഡസനോളം തവണ പട്ടാളം ആശുപത്രി ആക്രമിച്ചിട്ടും രോഗികളെ ചികിത്സിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഈ മഹാനെയാണ് ഇപ്പോള്‍ ഇസ്രായേല്‍ പട്ടാളം ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോയിരിക്കുന്നത്…
അദ്ദേഹത്തിന്റെ ജിവന് വേണ്ടി നമുക്ക് പ്രത്യാശിക്കാം… ആ മഹദ് വ്യക്തിത്വത്തിന് മുന്നില്‍ ആദരവ് പ്രകടിപ്പിക്കാം….
-JayarajanCN
മസ്ഹര്‍ എഴുതുന്നു
അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന അസദ് കുടുംബത്തിന്റെ ഏകാധിപത്യ ഭരണകൂടം സിറിയയില്‍ താഴെ വീഴുന്ന കാഴ്ച ലോകത്തെ ജനാധിപത്യ വിശ്വാസികളെ ആഹ്ലാദത്തിലാക്കുന്നുണ്ട്. അച്ഛന്‍ ഹാഫിസ് അസദിന്റെ നീണ്ട മൂന്നര പതിറ്റാണ്ടിന് ശേഷം മകന്‍ ബഷാറിന്റെ കാലം സിറിയ ദുരന്ത സമാനമായിരുന്നു.
ബാത്പാര്‍ട്ടി സോഷ്യലിസവും അലവി ഷീയിസവും സമം ചേര്‍ത്ത് ഭൂരിപക്ഷ സുന്നി ജനതയെ അടിച്ചമര്‍ത്തി ഭരിച്ച ഭരണകൂട ഭീകരതയുടെ പേരാണ് സിറിയ. ഫോസ്ഫറസ് ബോംബിട്ട് സ്വന്തം ജനതയെ കൊന്ന ക്രൂരനായിരുന്നു ബഷാറുല്‍ അസദ്. സുന്നിയായ സദ്ദാമിനോടൊപ്പം ബാത് സോഷ്യലിസം പങ്കിട്ട സിറിയയിലെ അലവി ഭരണകൂടം അദ്ദേഹത്തിന്റെ പതനത്തിന് ശേഷം ഉരുത്തിരിഞ്ഞ മധ്യപൗരസ്ത്യ ദേശത്തെ രാഷ്ടീയ പ്രഹേളികയാണ്. ഒരു കാലത്ത് അമേരിക്കന്‍ പാവഗവണ്‍മെന്റായിരുന്ന സിറിയന്‍ ഭരണകൂടം മുല്ലപ്പൂവിപ്ലവത്തിന് ശേഷം മേല്‍കീഴ് മറിയുകയായിരുന്നു.
അതോടൊപ്പം നിരവധി രാഷ്ടീയ/മത ഘടകങ്ങള്‍ ഉള്‍ചേര്‍ന്ന വല്ലാത്ത രാഷ്ട്രീയ ഭൂപടമാണ് സിറിയയുടേത്. തുര്‍ക്കി നേരിടുന്ന കുര്‍ദുകളും ഇസ്രയേല്‍ പിന്തുണക്കുന്ന സുന്നി വിമോചന സേനയും അതോടൊപ്പം സയണിസത്തിന്റെ തന്നെ ചോറ്റു പട്ടാളമായ ഐ.എസ്സിനെ നേരിടുന്ന അമേരിക്കയും, ഇറാനിയന്‍ പ്രോക്‌സി ഗവണ്‍മെന്റ് എന്ന് തോന്നിക്കുന്ന ബഷാര്‍ ഭരണകൂടത്തിന് പിന്തുണ നല്‍കുന്ന റഷ്യയും ഇസ്രയേലിനോട് ഒരു നിലക്കും സന്ധിയില്ലത്ത സിറിയന്‍ വിമോചന സേനയിലെ ഉപഗ്രൂപ്പുകളും എല്ലാം ചേര്‍ന്ന ഒരു രാഷ്ട്രീയ പ്രഹേളികയാണ് നിലവിലെ സിറിയ.
ബഷാറും കൂടുരും രാജ്യം വിട്ടു പോയെങ്കിലും ഉള്‍ഗ്രാമങ്ങളിലേക്ക് ഉള്‍വലിഞ്ഞ സിറിയന്‍ പട്ടാളവും അവരെ പിന്തുണക്കുന്ന ഇറാഖിലെ ഷിയ മിലീഷ്യകളും ഇറാനും അടങ്ങിയിരിക്കില്ല എന്ന് മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രീയ ബാലപാഠം അറിയുന്നവര്‍ക്ക് നന്നായറിയാം. ബഷാറിനെതിരെ ആയുധവും പണവും നല്‍കി കൈയയച്ച് സഹായിച്ച അമേരിക്കയും ഇസ്രയേലും എന്നാണോ പുതിയ വിമോചന ഭരണകൂടം പലസ്തീന്‍ വിമോചനത്തെ പിന്തുണക്കുകയും ഗോലാന്‍ കുന്നിനുമേല്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നത് അന്നു മുതല്‍ സിയോണിസവും അമേരിക്കന്‍ ഭരണകൂടവും പുതിയ സിറിയക്കു മേല്‍ ബോംബിട്ട് തുടങ്ങും.
അഞ്ചു ലക്ഷത്തിലധികം സ്വന്തം മനുഷരെ നിഷ്ഠൂരമായി കൊന്നൊടുക്കിയ ബഷര്‍ ഭരണകൂടം ഈ കാലത്തിനിടയില്‍ ഇരുപത് ലക്ഷത്തിലധികം അഭയാര്‍ത്ഥികളെയാണ് സൃഷ്ടിച്ചത്. ആ കാലത്ത് മെഡിറ്ററേനിയന്‍ കടല്‍ കരക്കടിപ്പിച്ച അലന്‍ കുര്‍ദി എന്ന സിറിയന്‍ ബാലന്റെ മൃതദേഹം മനസ്സാക്ഷിയുള്ളവരുടെയൊക്കെ കണ്ണ് നയിച്ചതാണ്.
സിറിയന്‍ ജനത ആഗ്രഹിച്ച ജനാധിപത്യവും മതസ്വാതന്ത്ര്യവും അവരുടെ അറബ് സ്വത്വവും പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയ ഭൂപടം ബാഹ്യ ഇടപെടലുകളില്ലാതെ നെയ്‌തെടുക്കാന്‍ വിമോചന മുന്നണിക്ക് കഴിയേണ്ടതുണ്ട്. അതിന് പുതിയ ഭരണകുടത്തിന് യഥാര്‍ത്ഥ പിന്തുണക്കാരെ തിരിച്ചറിയണം, മേഖലയുടെ ശത്രുക്കളെ അകറ്റി നിര്‍ത്താനവണം. സിറിയയില്‍ എല്ലായിടത്തും കാണുന്ന ചുമരെഴുത്തുകള്‍ പോലെ ദമസ്‌കസില്‍ നിന്ന് ഖുദ്‌സിലേക്ക് ഒരു സ്വതന്ത്ര ഇടനാഴി സൃഷ്ടിക്കാനാവണം. ഏകാധിപത്യത്തെ തൂത്തെറിഞ്ഞ സിറിയന്‍ ജനതയ്ക്ക് അഭിവാദ്യങ്ങള്‍.
♠മസ്ഹര്‍ എഴുതുന്നു
സ്വതന്ത്രാനന്തര ആധുനിക ഇന്ത്യ ചരിത്രത്തില്‍ ഡിസംബര്‍ ആറിന് ഒരു ഓര്‍മയേ ഉള്ളൂ. അത് 1992 ല്‍ ഹിംസാത്മക ഹിന്ദുത്വര്‍ മത/വംശ വെറിയാല്‍ തച്ചുതകര്‍ത്ത ബാബരി മസ്ജിദിന്റെ സങ്കട ദിനം മാത്രമാണ്. ചരിത്രത്തെ കത്രികപ്പൂട്ട് കൊണ്ട് അടക്കാന്‍ ബാബാസാഹെബ് അംബേദ്കറുടെ ചരമദിനം തിരഞ്ഞെടുത്ത സൃഗാല ബുദ്ധിയെ പോലും തകിടംമറിച്ച് ഹിന്ദുത്വ അധികാര വാഴ്ചക്കാര്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്ന ബാബര്‍ എന്ന മുഗള്‍ ചക്രവര്‍ത്തി ആര് ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും മറവിയെ മറി കടന്ന് ഓര്‍മയിലെത്തുന്നുമുണ്ട് ഈ ദിനത്തില്‍.
92 ന് മുമ്പ് ഹിന്ദുത്വയുടെ കപടമുഖങ്ങള്‍ ഒരേ ഒരു രാമക്ഷേത്രം എന്ന് വായ് താരി ഇട്ടപ്പോള്‍ നിഷ്പക്ഷരും നിഷ്‌കളങ്കരും അതിന് ഓശാന പാടി പാലൂട്ടി വളര്‍ത്തിയതിന്റെ കൂടി ദുരന്തമാണ് 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നേ ദിവസം അയോധ്യയില്‍ നടന്ന ഇന്ത്യന്‍ മതേതരത്വത്തിന്റെ ആണിക്കല്ല് പിഴുതെടുത്ത ക്രൂരത. അന്ന് മൗനം പാലിച്ചവര്‍,അതിന്റെ ഒത്താശക്കാര്‍ എല്ലാം അന്ന് ആനന്ദനൃത്തമാടിയവരേക്കാള്‍ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദികളാണ്.
ഹിന്ദുത്വഫാഷിസത്തെ അതിന്റെ ഏട്ടിലും തൊഴുത്തിലും കണ്ടുപഠിച്ചവര്‍ ഈ നിക്ഷ്പക്ഷത അപകടകരമാണ് എന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞിരുന്നു. മുന്നൂറിലധികം പൊളിച്ചു മാറ്റേണ്ട പള്ളികളുടെ ലിസ്റ്റ് വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘ്പരിവാര്‍ സംഘടനകളുടെ കൈവശമുണ്ടായിരുന്ന കാലത്താണ് നിഷ്‌കളങ്കര്‍ വിട്ടുവീഴ്ച സിദ്ധാന്തവും ചരിത്രസ്മാരക തിയറിയും സര്‍വപ്രാര്‍ത്ഥനാ സിദ്ധാന്തവുമൊക്കെ അവതരിപ്പിച്ചത്.
ഇതെല്ലാം കൂടി പരുവപ്പെടുത്തിയ ഹിന്ദുത്വ പൊതു ബോധ നിര്‍മിതിയുടെ പുറത്താണ് പരമോന്നതകോടതി ദൈവത്തിന്റെ / ശ്രീരാമന്റെ ഹിത വിധി പുറപ്പെടുവിക്കുന്നത്. നീതിപീഠത്തിന്റ അടിസ്ഥാന അളവുകോലുകളായ തെളിവുകളും വസ്തുതകളും പ്രമാണങ്ങളും അപ്പാടെ മാറ്റി വെച്ച് പുറപ്പെടുവിച്ച വിചിത്ര വിധി ദൈവിക വെളിപാടിനെ അടിസ്ഥാനമാക്കിയായിന്നു എന്ന് ടി.വൈ ചന്ദ്രചൂഡ് എന്ന ഈയിടെ വിരമിച്ച സി. ജെ. ഐ തന്നെ പറഞ്ഞതില്‍പരം കോടതി വ്യവഹാര നെറികേട്ട് വേറെന്തുണ്ട്.
കാശിയിലെ ഗ്യാന്‍വാപി പള്ളിയും മഥുര ഈദ്ഗാഹും കഴിഞ്ഞ് ഹിന്ദുത്വ ശക്തികള്‍ നടത്തുന്ന അവകാശ വാദങ്ങള്‍ക്ക് ഇന്ത്യന്‍ കോടതികളാണ് ഒത്താശ നല്‍കുന്നത്. ബാബരി വിധിയുടെ കീഴ്വഴക്കവും ജുഡീഷ്യറിയെ ഗ്രസിച്ച ഹിന്ദുത്വ പൊതുബോധവും നിമിത്തം കാണുന്ന പള്ളികളില്‍ അവകാശവാദം ഉന്നയിച്ച് എഴുന്നെള്ളിക്കുന്ന സകല ആവലാതികളും സ്വീകരിച്ച് കീഴ് കോടതികള്‍ സര്‍വെക്ക് ഉത്തരവിടുകയാണ്. അതിപ്പോള്‍ സംഭാല്‍ പള്ളിയിലും അജ്മീര്‍ ദര്‍ഗയിലും എത്തിനില്‍ക്കുന്ന ദുരന്തമുഖത്താണ് രാജ്യം.
സംഘ്പരിവാറിന് പള്ളി എന്നത് ഒരു പൊളിറ്റിക്കല്‍ ടൂള്‍ മാത്രമാണ്. അത് പ്രഖ്യാപിത ശത്രുവെ പ്രകോപിതരാക്കി നേരിട്ടുള്ള ‘യുദ്ധത്തിന് തെരുവിലേക്ക് കൊണ്ട് വരിക എന്നതാണത്. സിറിയ / ഇറാഖ് പോലെ ഒരു നിരന്തര ആഭ്യന്തര സംഘര്‍ഷഭൂമിയാക്കി ഭാരതത്തെ മാറ്റിയെടുക്കുന്നതില്‍ യാതൊരു ഉത്കണ്ഠയുമില്ലാത്ത നികൃഷ്ട ജന്‍മമാണ് സംഘ്പരിവാറിന്റേത്. രാജ്യസ്‌നേഹത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ അവരുടെ ഉന്‍മാദാത്മക ദേശീയത തന്നെ കാപട്യമാണ്.
ഇതെല്ലാം തന്നെ ബ്രാഹ്‌മണിക്കല്‍ ഹെഗ്മണി / ഹിന്ദുത്വ അധികാരത്തെ സുസ്ഥിരപ്പെടുത്താനുള്ള കുറുക്കന്‍ വഴികളാണ്. മുസ്ലിം അപരത്വത്തിലും ഹിംസയിലും മാത്രമായി കെട്ടിപ്പൊക്കുന്ന ദേശരാഷ്ട്രമാണ് അവര്‍ സ്വപ്നം കാണുന്നത്. ശാന്തിയും ജനാധിപത്യവും ബഹുസ്വരതയും സ്വാതന്ത്ര്യവുമില്ലാത്ത ഒരു മേല്‍ജാതി മനുവാദ കേന്ദ്രീകൃത അധികാര രൂപമാണത്.
ആകയാല്‍ ബാബരിയെ മറക്കാതിരിക്കുക എന്നത് പുതിയ കാലത്തെ മുദ്രാവാക്യമാകുന്നത് , അതിന്റെ കാരണ ഭൂതരായ ഹിന്ദുത്വ ഫാഷിസത്തെ ചെറുത്തു തോല്‍പ്പിക്കുക എന്നത് ലക്ഷ്യം വെക്കുന്നതു കൊണ്ടുകൂടിയാണ്
മസ്ഹര്‍ എഴുതുന്നു
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലം സുരേഷ് ഗോപിയിലൂടെ കന്നി എക്കൗണ്ട് തുറന്ന ബി ജെ പി / സംഘപരിവാര്‍ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായി എണ്ണുന്നതാണ് പാലക്കാട്. അതിനാല്‍ തന്നെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലൂടെ കേരള നിയമസഭയില്‍ നേമം ആവര്‍ത്തിക്കുക എന്ന അജണ്ടയില്‍ അടയിരിക്കാന്‍ അവര്‍ തുടങ്ങിയിട്ട് മാസങ്ങളായി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരന്‍ നേടിയ അമ്പതിനായിരത്തില്‍പരം വോട്ടിന്റെ മിന്നുന്ന കണക്കും കഴിഞ്ഞ ലോകസഭയിലേക്ക് ലഭിച്ച വോട്ടുകളും ഒക്കെ ഗണിച്ചും ഹരിച്ചും വലിയ ശുഭപ്രതീക്ഷയിലായിരുന്നു സംഘ് കേന്ദ്രങ്ങള്‍. എല്‍ഡിഎഫും യുഡിഎഫും കോലാഹലങ്ങളില്‍ അഭിരമിച്ചപ്പോള്‍ ആയിരത്തില്‍പരം ആര്‍എസ്എസ് കേഡര്‍മാരെ അണിനിരത്തി നിശ്ശബ്ദം പ്രവര്‍ത്തിക്കുകയായിരുന്നു കൃഷ്ണകുമാര്‍ ക്യാമ്പ്.
ഇക്കാര്യം ശരിക്കും നിരീക്ഷച്ചവര്‍ അരയും തലയും മുറുക്കി പ്രവര്‍ത്തിച്ചതിന്റെ ബാക്കി പത്രമാണ് 18000 ന്റെ രാഹുല്‍ മാങ്കൂട്ടത്തിന്റെ വിജയം.
ആ കൂട്ടത്തിലെ സംഘ്പരിറിന്റെ ഒന്നാം നമ്പര്‍ ഇരകളുടേയും സംഘടനകളുടേയും സ്വാഭാവിക ജനാധിപത്യ ഇടപെടലിനെ ഇത്രമേല്‍ പൈശാചിക വല്‍ക്കരിക്കുന്നതിന്റെ ഗുണഭോക്താവ് മേലില്‍ സംഘ്പരിവാര്‍ മാത്രമായിരിക്കും. മുസ്ലിം ന്യൂനപക്ഷ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മാത്രമാണല്ലോ മാധ്യമ / പരസ്യ ഇടപെടലുകളുണ്ടായത്. എന്നാല്‍ സമാനമായ രാഷ്ട്രീയ തന്ത്രം സംഘ്പരിവാറിന്റെ ഭൂരിപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ഒരു ശ്രമവും ഇടതു സ്ട്രാറ്റജിസ്റ്റുകള്‍ നടത്തിയില്ല. കേവലമായ ജമാഅത്തെ ഇസ്ലാമി -എസ്ഡിപിഐ വിമര്‍ശനം മാത്രം മതിയാകില്ല സംഘ്പരിവാര്‍ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ മുന്നറിയിപ്പുണ്ടായിട്ടും സുരേഷ് ഗോപിയെ പിടിച്ചുകെട്ടാന്‍ ആരാണ് കെല്‍പ്പുള്ളയാള്‍ എന്നതിലെ രാഷ്ട്രീയ ജാഗ്രത കുറവാണ് തൃശൂര്‍ ദുരന്തം. ഫാഷിസത്തിന്റെ ഇരകള്‍ക്ക് അത്തരം ഘട്ടങ്ങളില്‍ എല്‍ഡിഎഫ് /യുഡിഎഫ് എന്ന രാഷ്ട്രീയ സന്ദേഹത്തിന് നില്‍ക്കാന്‍ ആവില്ല. എത്ര കഠിന വര്‍ഗീയ /ത്രീവ്രവാദ ചാപ്പകുത്തിയാലും ഇനിമേല്‍ തൃശൂരില്‍ കാണിച്ച ജനാധിപത്യ ജാഗ്രതക്കുറവ് കേരളത്തിലെങ്കിലും അവര്‍ കാണിക്കില്ല എന്ന രാഷ്ട്രീയപാഠം കൂടിയാണ് പാലക്കാട്.
കെ. ഇ എന്‍ നിരീക്ഷിക്കുന്നത് കേരളത്തിലെ ഫാഷിസ്റ്റുകളെ പോലെ തന്നെ അപകടകാരികളാണ് ഫാഷിസ്റ്റുകളല്ലാത്ത ഫാഷിസ്റ്റുകളും. ഫാഷിസത്തെ ശരിക്കും പഠിക്കാതെ സമീകരണ സിദ്ധാന്തത്തില്‍ ഇപ്പോഴും അടയിരിക്കുകയാണവര്‍.
സംഘ്പരിവാറിന്റെ അതേ വ്യഖ്യാനയുക്തിയും ടെര്‍മിനോളജികളും തലങ്ങും വിലങ്ങും ഉരുവിടുകയാണവര്‍. അവരെത്രമേല്‍ ഇടതുപക്ഷമാണെങ്കിലും ഫാഷിസ്റ്റ് യുക്തികള്‍ കടമെടുക്കുന്നതു മുതല്‍ അവര്‍ സ്വയം റദ്ദ് ചെയ്യുകയാണ്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കേരളം പോലെ ഫാഷിസത്തിനെതിരെ ഒന്നിലേറെ ചോയ്‌സുകളില്ലെങ്കിലും അവരെ സംഘ്പരിവാര്‍ പ്രലോഭിച്ച് വരുതിയിലാക്കുകയും ഭീക്ഷണപ്പെടുത്തി ജനാധിപത്യ പ്രക്രിയയില്‍ തടയുകയുമാണ്. ഇതിന്റെ ഫലമായി അവിടെ അവരുടെ ജനാധിപത്യശക്തി ചിതറി തെറിക്കുകയാണ്.
അവര്‍ക്കിടയിലെ ഭിന്നിപ്പിനെ മറികടക്കുന്ന രാഷ്ട്രീയ വിദ്യാഭ്യാസവും നേതൃത്വവും അവര്‍ക്കില്ല.
എന്നാല്‍ കേരളം അങ്ങനെയല്ല, അതീവ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ രക്ഷ്ട്രീയ വോട്ടും ഇവിടെ പോള്‍ ചെയ്യപ്പെടുന്നത്. അങ്ങനെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്ത് ഫാഷിസത്തെ തോല്‍പ്പിച്ചവര്‍ക്ക് തെരുവില്‍ ആഹ്ലാദ പ്രകടനം നടത്താനുള്ള ജനാധിപത്യ അവകാശം വകവെച്ചു കൊടുക്കുകയാണ് നാളെ അവരുടെ വോട്ടുകള്‍ വെച്ച് കണക്കുകൂട്ടുന്നവര്‍ചെയ്യേണ്ടത്.
സമീർ കല്ലായി
പൊളിറ്റിക്കൽ ഇസ് ലാം പരാമർശത്തിലൂടെ വിവാദം സൃഷ്ടിച്ച പി ജയരാജൻ സിപിഐഎമ്മിന് വീണ്ടും തലവേദനയാകുന്നു. അടുത്ത മാസം പുറത്തിറങ്ങുന്ന ജയരാജന്റെ പുതിയ പുസ്തക ചർച്ചയോടനുബന്ധിച്ചാണ് വിവാദ പരാമർശം ചർച്ചയായത്. ബാബരി മസ്ജിദിന്റെ തകർച്ചയോടെയാണ് കേരളത്തിൽ തീവ്രവാദത്തിന് തുടക്കമായതെന്നും ഐ എസിലേക്കടക്കം റിക്യൂട്ട്മെൻറ് ഉണ്ടായതെന്നും പുസ്തകത്തിൽ പരാമർശമുണ്ട്. സിപിഐഎം നിലപാടുകൾക്ക് വിരുദ്ധമാണിതെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
നേരത്തെ ലൗ ജിഹാദ് വിഷയം ഉയർന്നപ്പോഴടക്കം സിപി എം തള്ളിക്കളഞ്ഞ നിലപാടാണിത്. മാത്രമല്ല ജയരാജന്റെ വാദം ആഭ്യന്തര വകുപ്പിനെതിരാണെന്നും മുഖ്യമന്ത്രിക്കു തന്നെ എതിരെയാണെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. ജയരാജന്റെ അഭിപ്രായത്തിൽ സിപിഐഎം നയം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക മുഖപത്രമായ ദീപികയും മുന്നോട്ടു വന്നത് സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ന്യൂനപക്ഷ പ്രീണനമാണെന്ന ഒരു വിഭാഗത്തിന്റെ ആരോപണം പൊക്കി പിടിച്ചാണ് തീവ്ര നിലപാടുള്ള കാസ പോലുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുള്ളത്. അതേസമയം അനവസരത്തിലുള്ള ജയരാജന്റെ പ്രസ്താവനയ്ക്കെതിരെ മുസ് ലിം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
പാർട്ടി തള്ളിയ നിലപാടുകൾ ആവർത്തിക്കുന്നതിലൂടെ ആർ എസ് എസ് പ്രീണനമാണോ ജയരാജൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് ന്യൂനപക്ഷ സംഘടനകൾ ആവശ്യപ്പെടുന്നത്. പുതിയ പുസ്തകം വിറ്റുപോകാനുള്ള വിവാദം സൃഷ്ടിക്കൽ മാത്രമാണിതെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായതും സർക്കാരിനെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന പരാമർശത്തിന് നടപടി ഉണ്ടാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
നേരത്തെ പിജെ ആർമിയുടെ പേരിൽ വ്യക്തി പൂജ സൃഷ്ടിച്ചുവെന്ന ആരോപണത്തിൽ നടപടി നേരിട്ടയാളാണ് ജയരാജൻ. ലോക്‌സഭാ തിരഞ്ഞടുപ്പിൽ വടകര തോൽവിക്ക് ശേഷം ജയരാജനിൽ നിന്ന് എടുത്തു മാറ്റിയ ജില്ലാ സെക്രട്ടറി പദം തിരികെ നൽകാത്തതും ചർച്ചയായിരുന്നു. ജയരാജനെ ഒതുക്കുന്നതിന്റെ ഭാഗമാണിതെന്നാണ് പറയപ്പെട്ടിരുന്നത്. ഇതിന് ശേഷം ജയരാജൻ പാർട്ടി നേതാക്കൾക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അക്രമം നടത്തുന്നുവെന്നും പരാതി ഉയർന്നിരുന്നു, ഇപി ജയരാജന്റെ റിസോർട്ട് വിവാദ മടക്കം ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ടതാണെന്നായിരുന്നു ആരോപണം. ഏതായാലും കേരളത്തിൽ പൊളിറ്റിക്കൽ ഇസ് ലാം ശക്തമാണെന്ന ജയരാജന്റെ ആരോപണം സി പി ഐ എമ്മിൽ അലയടികളുയർത്തിയിട്ടുണ്ട്.
പാർട്ടി സ്വതന്ത്ര എം എൽ എ പി വി അൻവർ ആഭ്യന്തര വകുപ്പിന് എതിരെ ഉയർത്തിയ ആരോപണങ്ങൾ അന്തരീക്ഷത്തിൽ നില നിൽക്കെയാണ് ജയരാജന്റെ ആരോപണമെന്നതും സർക്കാരിനെ കുഴക്കുന്നുണ്ട്. പാർട്ടി ശത്രുക്കൾക്ക് ജയരാജൻ വടി എടുത്തു നൽകിയത് ശരിയായില്ലെന്നാണ് പൊതുവെ പാർട്ടിക്കകത്ത് ഉയർന്നിട്ടുള്ള അഭിപ്രായം. അതേ സമയം ന്യൂനപക്ഷ വിരുദ്ധമായ പരാമർശങ്ങൾ ഒന്നും തന്നെ തന്റെ പുസ്തകത്തിലില്ലെന്നാണ് ജയരാജന്റെ വിശദീകരണം. എന്നാൽ പി ജയരാജന്റെ നിലപാടുകൾ തള്ളി ഇപി ജയരാജൻ തന്നെ രംഗത്ത് വന്നതോടെ പാർട്ടിക്കുള്ളിൽ പുതിയ പോർമുഖം തുറക്കുമെന്നുറപ്പ്.
മസ്ഹർ എഴുതുന്നു
ഇന്ത്യൻ രാഷ്ട്രീയത്തിൽ വലതുപക്ഷം മേൽകൈ നേടുമ്പോഴെല്ലാം തിരുത്തൽ ശക്തിയായി ഇടതുപക്ഷം സജീവ സാനിധ്യം അറിയിക്കാറുണ്ട്. സ്വാതന്ത്ര്യാനന്തരം എസ് എ ഡാങ്കെ, അജയ്ഘോഷ് , ബി.ടി രണദിവെ സുന്ദരയ്യ, ബാസവ പുന്നയ്യ, ഇ.എം എസ് നമ്പൂതരിപ്പാട് അടക്കമുള്ളവർ സി.പി.ഐ / സി പി ഐ എം പാർട്ടിയിലൂടെ രാജ്യത്ത് ഇടതു ബദൽ മുന്നോട്ടു വെച്ചു. അതോടെപ്പം പാർലമെൻ്റിൽ നെഹ്റുവിനെ തിരുത്തി എ.കെ. ജിയും സഖാക്കളും ഉണർന്നിരുന്നു. നെഹ്റുവിനെതിരെ ലോഹ്യയും ജെപിയും സോഷ്യലിസ്റ്റുകളും തീർത്ത മഹാ പ്രതിരോധത്തിനൊപ്പം ചേർന്നായിരുന്നു ഇടതു പ്രതിരോധവും.
തുടർന്ന് അടിയന്തിരാവസ്ഥ കാലത്ത് സി പി ഐ അതിൻ്റെ ഓരം ചേർന്നു നിന്നപ്പോൾ ഇ.എം എസും ഹർകിഷൻ സിംഗ് സുർജിതും മറ്റും പാർട്ടിയുടെ ബാനറിൽ പ്രതിരോധം തീർത്തപ്പോൾ ജെ എൻ യു വിദ്യാർത്ഥിയായിരുന്ന സീതാറാം യെച്ചൂരി തെരുവിൽ ഇന്ദിരാഗാന്ധിയുടെ ഓട്ടോക്രസിക്കെതിരെ സർഗാത്മക പ്രതിരോധത്തിന് നേതൃത്വം നൽകി.
ഹിന്ദുത്വ ഫാഷിസ രാഷ്ട്രീയം അധികാരരൂപം പൂണ്ട് ഇന്ത്യയെ വിഴുങ്ങാൻ ഒരുങ്ങുന്നു എന്ന സൂചന കണ്ടു തുടങ്ങിയപ്പോൾ അതിനെ പിടിച്ചുനിർത്താൻ ഒരു സുർജിത് ഇടതപക്ഷത്ത് അവതരിച്ചിരുന്നു. ആ കാലത്തേയും മറികടന്ന് ഹിന്ദുത്വ ഫാഷിസം യഥാർത്ഥ അധികാരരൂപം പൂണ്ടപ്പോൾ അതിനെ എതിർക്കുന്ന ഐക്യനിരക്ക് പ്രത്യയശാസ്ത്ര ശാഠ്യങ്ങൾ മറ്റി വെച്ച് സകലരുടേയും തോളോടു ചേർന്ന് പ്രതിരോധിക്കാൻ അവതരിച്ച മാഹാ വിപ്ലവകാരിയായി ചരിത്രം യെച്ചൂരിയെ അട യാളപ്പെടുത്തും.
കമ്യൂണിസ്റ്റ് മാനവികതയുടെ ആൾരൂപമായി അതിൻ്റെ എല്ലാ ഡോഗ്മാറ്റിക് തടസ്സങ്ങളെയും ലഘൂകരിച്ച് ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുരൂപമായി പ്രായോഗികവത്കരിക്കാൻ കാലം സംഭാവന ചെയ്ത കമ്യൂണിസ്റ്റ് ഹ്യൂമനിസ്റ്റ് കൂടിയായിരുന്നു സഖാവ് യെച്ചൂരി.
1952 ആഗസ്റ്റ് 12-ന് തെലുഗു സംസാരിക്കുന്ന ആന്ധ്ര ബ്രാഹ്മണദമ്പതികളായ. സർവ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി മദ്രാസിൽ ജനിച്ചു. അച്ഛൻ ആന്ധ്രപ്രദേശ് റോഡ് ട്രാസ്പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറായിരുന്നു. അമ്മ സർക്കാർ സർവീസിൽ ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഡൽഹിയിൽ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും അദ്ദേഹം ഡിഗ്രി കരസ്ഥമാക്കി. 1975-ൽ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദം നേടി.
പത്രപ്രവർത്തകയായ സീമ ക്രിസ്റ്റിയാണ് യച്ചൂരിയുടെ ഇപ്പോഴത്തെ ഭാര്യ. പ്രശസ്ത വനിതാവകാശപ്രവർത്തക വീണ മജുംദാറിന്റെ പുത്രിയായിരുന്നു ആദ്യ ഭാര്യ. ആ വിവാഹത്തിൽ യച്ചൂരിക്ക് ഒരു മകനും മകളും ഉണ്ട്.യെച്ചൂരി-സീമ ദമ്പതികൾക്ക് ഒരു മകനുണ്ട്.
1974-ൽ എസ്.എഫ്.ഐയിൽ ചേർന്നു. ജെ എൻ യു വിലെ അദ്ദേഹത്തിന്റെ പഠനത്തിനിടയിൽ ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രധിഷേധം ഉയർത്തിയതിനെ തുടർന്ന് ഡോക്ട്രേറ്റ് പൂർത്തിയാക്കുന്നതിനു മുന്നേ അറസ്റ്റിലായി. ജയിൽ മോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. അതെ കാലയളവിൽ മൂന്നു തവണ യച്ചൂരിയെ ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
1978 ൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതെ വർഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടായി. 1985-ൽ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. പാർട്ടി സെക്രട്ടറിയായി 2015 ൽ പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തു.
പാർട്ടി മുഖപ്പത്രമായ പീപ്പിൾ ഡെമോക്രസിയുടെ എഡിറ്ററും കൂടി ആണ് യെച്ചൂരി. വാഗ്മിയും നയതന്ത്രജ്ഞനും ആയ യച്ചൂരി, നേപ്പാളിൽ മാവോയിസ്റ്റുകളെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനായി ഒരു മധ്യസ്ഥൻ എന്ന നിലയിൽ നടത്തിയ ഇടപെടലുകൾ പ്രശംസാർഹമായിരുന്നു. നേപ്പാളിലെ പ്രമുഖ മാവോവാദി നേതാക്കളായ പ്രചണ്ഡ, ബാബുറാം ഭട്ടറായി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു യെച്ചൂരിക്ക്.
ആഗോളവൽക്കരണ ഉദാര വൽക്കരണ നയങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്ന നിരവധി രചനകൾ സീതാറാം യൊച്ചൂരി നടത്തിയിട്ടുണ്ട്. ‘ആഗോളവൽക്കരണ കാലത്തെ സോഷ്യലിസം’ എന്ന പുസ്തകം മികച്ച ഉദാഹരണമാണ്.