23
Sep 2024
Tue
23 Sep 2024 Tue

മസ് ഹർ എഴുതുന്നു

എന്താ ഉത്തമാ ആരും കവച കുണ്ഡലം ഒരുക്കാത്തത് എന്ന് ഒരാഴ്ചായി കുണ്ഡിതപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് സാക്ഷാൽ ഷംസീർ സഖാവിൻ്റെ തിരുപ്പുറപ്പാട്. സ്പീക്കർ പദവി ഒന്നും നോക്കാതെ രാഷ്ട്രീയ ഗുരു പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് സംരക്ഷണം തീർക്കാൻ ഷംസീർ ഉവാച ഭേഷായിരിക്കുന്നു.

പി. പി അൻവർ പാർട്ടിക്കും സർക്കാരിനും ഉണ്ടാക്കിയ പരിക്ക് ചില്ലറയല്ല. അൻവർ എന്ന ഇടത് മുസ് ലിം സ്വതന്ത്ര എം.എൽ എ പുരയ്ക്കുമേൽ ചാഞ്ഞ മരമാണ്. ഇനി അതിനെ വെട്ടിമാറ്റാതെ സിപിഐഎമ്മിന് പാർട്ടി എന്ന നിലയിൽ അര അടി മുന്നോട്ട് പോകാനാകില്ല എന്ന് ഈ പാർട്ടിയെ കുറിച്ച് കുറച്ച് ചുക്കും ചുണ്ണാമ്പും പഠിച്ചവർക്കറിയാം. ഇജ്ജാതി കേവല സ്വതന്ത്ര ന്യൂനപക്ഷ സഖാക്കൾ പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നത് ശരിക്കും അസ്ഥിവാരം തോണ്ടലാണ്.

ഷംസീർ, വസീഫ്, റിയാസ്. കരീം പോലുള്ള അർ ഡസൻ മാപ്പിള സഖാക്കളെ ഇറക്കി തന്നെ പ്രതിരോധിച്ചില്ലെങ്കിൽ പണിപാളുമെന്ന് പാർട്ടിക്കറിയാം. അപ്പുറത്ത് സംഘ്പരിവാരമാണ്, ഇപ്പുറത്താകട്ടെ വേവാത്ത സഖാക്കളായ ഇടതു മുസ് ലിം പ്രതിരോധകരാണ്. അതിനാൽ മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ പാർട്ടിയെ ആരും പഠിപ്പിക്കണ്ട., അല്ലെങ്കിൽ പാർട്ടി ശത്രുക്കളുടെ വ്യഖ്യാന കസർത്തിൽ പ്രതിരോധം ദുർബലമാകും.

പാർട്ടിയെ വെല്ലുവിളിച്ച അൻവർ കള്ളനും കൊള്ളക്കാരനുമാകാൻ ഇനി അധികനാൾ വേണ്ടാ, തീവ്രവാദിയും ഭീകരനുമാകാനും അധികനാൾ വേണ്ട. സുജിത് ദാസും അജിത് കുമാറും ശശിധരനും ഹൊസബെല്ലയും രാംമാധവും സ്വർണ്ണം പൊട്ടിക്കലും താമിർ വധവും ഒക്കെ അതിൻ്റെ വഴിക്കു പോകും.
അൻവറിനെ പടച്ചോൻ കാക്കട്ടെ.

ALSO READ: എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ

മമ്മൂട്ടി എഴുതുന്നു

മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോ​ഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്.

സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രം​ഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാ​ഗരൂ​കരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാൻപാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി.

ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാ​ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനില്കേണ്ട സമയമാണിത്. ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്.

പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രം​ഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോ​ഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണം.

സമീർ കല്ലായി

നടൻ തിലകനെ പുറത്താക്കിയതു മുതൽ അതിജീവിതമാരുടെ പോരാട്ടം വരെ എത്തി നിൽക്കുന്നു മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ചരിത്രം. ഒടുവിൽ നാണം കെട്ട് ഭാരവാഹികളെല്ലാം രാജിവച്ചൊഴിയുമ്പോൾ മൂന്ന് പതിറ്റാണ്ടിനു ശേഷം പവർ ബ്രോക്കർമാരിൽ നിന്നും സംഘടന മോചിതമാവുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്.

ഏറെ മുറവിളികൾക്കൊടുവിൽ1994 ലാണ് അമ്മ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് AMMA) രൂപീകൃതമാവുന്നത്. നടൻ തിലകന്റെ വിഷയവുമായി ബന്ധപ്പെട്ട് 2010 ഫെബ്രുവരിയിലാണ് അമ്മയിലെ ആദ്യ വിവാദം. അമ്മ ഭാരവാഹികൾ ഗുഢാലോചന നടത്തി തനിക്ക് തൊഴിൽ നിഷേധിക്കുന്നുവെന്നായിരുന്നു തിലകന്റെ പരാതി. അമ്മ ഒന്നിലധികം സിറ്റിംഗുകൾ വച്ചെങ്കിലും പങ്കെടുക്കാത്തതിനെ തുടർന്ന് തിലകനെ പുറത്താക്കി. അമ്മയിലെ പവർ ബ്രേക്കർമാർ മലയാള സിനിമാ മേഖലയെ അവരുടെ ഇഷ്ട്ടത്തിനനുസരിച്ച് ദുരുപയോഗം ചെയ്യുന്നുവെനായിരുന്നു തിലകന്റെ ആരോപണം. ആ മഹാ നടന്റെ ശാപം പിന്തുടരുന്നുവെന്നോണമാണ് ഒടുവിൽ ഭാരവാഹികളുടെ ഒന്നടങ്കമുള്ള രാജിയിൽ എത്തി നിൽക്കുന്നത്. മരണാനന്തരം അച്ഛനെ തിരിച്ചെടുക്കണമെന്ന് മകൻ ഷമ്മി തിലകൻ അമ്മയിൽ ആവശ്യപ്പെട്ടിരുന്നു. പുതിയ വിവാദം ഉണ്ടായപ്പോഴും തിലകന്റെ ഫോട്ടോ പങ്കിട്ട് ഷമ്മി തിലകൻ അമ്മയ്ക്കെതിരെ രംഗത്തു വന്നിരുന്നു.

2017 മാർച്ചിൽ സംവിധായകൻ വിനയൻ്റെ പരാതിയിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അമ്മയ്ക്ക് പിഴ ചുമത്തിയിരുന്നു. തൊഴിൽ നിഷേധിക്കുന്നുവെന്നും ഫെഫ്കയുമായി ചേർന്ന് തിയേറ്ററുകളിൽ നിന്ന് തന്റെ സിനിമകൾ പിൻവലിപ്പിക്കുന്നുവെന്നുമായിരുന്നു വിനയന്റെ ആരോപണങ്ങൾ. ശേഷം 2017ലായിരുന്നു അമ്മയെയാകെ പിടിച്ചു കുലുക്കിയ വിവാദം കടന്നു വരുന്നത്. നടി അക്രമിക്കപ്പെട്ട കേസിൽ സംഘടന അതിജീവിതയ്ക്കൊപ്പം നിന്നില്ലെന്ന ആരോപണത്തിൽ സംഘടന ആടിയുലഞ്ഞു. പ്രിഥ്വിരാജ് അടക്കമുള്ള യുവ നടൻമാർ അമ്മയ്ക്കെതിരെ രംഗത്ത് വന്നു. ശബ്ദമുയർത്തിയവരെയെല്ലാം വെട്ടി നിരത്തുന്നുവെന്ന ആരോപണവും ഇക്കാലത്ത് ഉയർന്നു. നടിമാരുടെ നേതൃത്വത്തിൽ ബദലുയർത്തി വിമൺ ഇൻ സിനിമാ കലക്ടീവ് (WCC) രൂപീകൃതമായതും ഇക്കാലത്ത് തന്നെ. ഒടുവിൽ ഗത്യന്തരമില്ലാതെ നടൻ ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തു.

വിമർശനം ശക്തമായപ്പോൾ 2021 ൽ അമ്മ ജനറൽ ബോഡി യോഗം നടിമാരുടെ പരാതികൾ പരിശോധിക്കാൻ ആന്തരിക പരാതി കമ്മറ്റി രൂപീകരിച്ചെങ്കിലും ഇത് പ്രഹസനമാണെന്ന് അന്നേ വിമർശനമുയർന്നിരുന്നു. 2024 ഓഗസ്റ്റ് 27 ന് പുറത്തായ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടാണ് സംഘടനയുടെ അടിത്തറ മാന്തിയത്. ലൈഗിംക പീഡനങ്ങൾ അടക്കം തുറന്നു കാട്ടിയ റിപ്പോർട്ട് സിനിമാ അഗത്തെ അരാജകത്വങ്ങളെയും കൂത്താട്ടങ്ങളെയുമാണ് തുറന്നു കിട്ടിയത്. ഇതിനു പിന്നാലെ അമ്മ സെക്രട്ടറി സിദീഖ് അതി ക്രൂരമായി തന്നെ ബലാത്സംഗത്തിനിരയാക്കിയെന്ന് കാട്ടി യുവ നടി രംഗത്തെത്തിയതോടെ സിനിമാ രംഗത്തെ അതികായ സംഘടന മൂക്കു കുത്തി വീണു.

സിദ്ദീഖിന്റെ രാജിക്ക് പിന്നാലെ സെക്രട്ടറിയുടെ ചുമതല നൽകിയ നടൻ ബാബുരാജും ബലാസംഗ ആരോപണത്തിൽപ്പെട്ടതോടെ പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള 17 അംഗ എക്സിക്യൂട്ടീവിനും രാജിവച്ചൊഴിയേണ്ടി വന്നു. ഓരോ ദിവസം കഴിയുന്തോറും ആരോപണങ്ങൾ ഓരോന്നോരോന്നായി പുറത്താകുമ്പോൾ ഇനിയും ഒരുപാട് തലകൾ ഉരുളാനിരിക്കുന്നുവെന്നത് ചരിത്രമാകും. ഹേമ കമ്മീഷൻ റിപ്പോർട്ട് ചൂണ്ടി കാണിച്ചതു പോലെ അനിവാര്യമായ പതനം. രണ്ടു മാസങ്ങൾക്കകം അമ്മയ്ക്ക് പുതിയ ഭാരവാഹികൾ വരുമെങ്കിലും ഈ ആഘാതത്തിൽ നിന്നും സംഘടന എത്രത്തോളം കര കയറുമെന്ന് കണ്ടറിയുക തന്നെ വേണം.

ഇര്‍ഷാദ് മൊറയൂര്‍

സര്‍ക്കാറിന് വേണ്ടിയുള്ള ദേശാഭിമാനിയുടെ കൂലിയെഴുത്ത് പോസ്റ്റര്‍ കണ്ട് പലരും ചോദിക്കുന്നുണ്ട് എന്താണിതെന്ന്. ഏതായാലും ഒട്ടുമുക്ക പാര്‍ട്ടികളെല്ലാം ഈ വിഷയത്തില്‍ സമരം ചെയ്തത് കൊണ്ട് സുഡാപ്പി – മൗദൂദി ഗൂഡാലോചനയാണെന്ന് പറയാത്തത് മിച്ചം. പിന്നെ, ‘സുഡാപ്പികളെ നോക്കൂ. ഇപ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് കണ്ടില്ലേ?’ എന്ന് പറയുന്നവര്‍ ആ കൂട്ടത്തില്‍, സീറ്റ് കുറവില്‍ സമരം ചെയ്ത എസ്.എഫ്.ഐക്ക് കൂടി ക്ലാസെടുക്കണം എന്നഭിപ്രായം ഉണ്ട്.

ഇനി വിഷയത്തിലേക്ക് വരാം.

7642 സീറ്റുകളാണ് മലപ്പുറം ജില്ലയില്‍ ബാക്കിയുണ്ടെന്ന് പറയുന്നത്. അതില്‍ 5173 സീറ്റുകളും ഉയര്‍ന്ന ഫീസ് നല്‍കി പഠിക്കേണ്ട അഡ് ഐയ്ഡഡ് മേഖലയിലാണ്. അത് സാധാരണ ജില്ലയില്‍ സംഭവിക്കാറുള്ള ഒന്നുമാണ്. മറ്റൊന്ന്, സര്‍ക്കാറിന്റെ കണക്ക് ഒരു ക്ലാസിലെ 65 പേരെ ഇരുത്തിയുള്ളതാണ്. സ്വാഭാവികമായും എല്ലായിടത്തും അത്ര കുട്ടികള്‍ ഉണ്ടാവണമെന്നില്ല. 50 – 55 വരെ കുട്ടികളുള്ള ക്ലാസില്‍ സര്‍ക്കാര്‍ കണക്ക പ്രകാരം 10 സീറ്റുകള്‍ ‘ബാക്കിയാണ്’. അത് തന്നെ രണ്ടായിരത്തിന് മുകളില്‍ വരും. ആ സീറ്റുകളാണ് ബാക്കിയുണ്ടെന്ന് പറയുന്ന ഐയ്ഡഡ് സീറ്റുകളില്‍ ഏറെയും. (ഒരു ക്ലാസിലെ 65 കുട്ടികളെന്നത് മലബാറുകാര്‍ക്ക് മാത്രമുള്ള പ്രത്യേക പദ്ധതിയാണെന്ന് മറന്നുപോകരുത്)

അലോട്ട്‌മെന്റ് നടപടികള്‍ എല്ലാം കഴിഞ്ഞ്് ഇത്തരം ‘സീറ്റൊഴിവ് പ്രതിഭാസങ്ങള്‍’ മുമ്പും ഉണ്ടായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ആദ്യ രണ്ടു ആലോട്‌മെന്റുകള്‍ കഴിയുന്നതോട് കൂടെ കുട്ടികള്‍ ചിലപ്പോള്‍ സമാന കമ്പ്യൂട്ടര്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ളവയെ ആശ്രയിക്കുന്നു. അതിന് കാരണം സ്വഭാവികമായും അതിലും അവസാന സമയങ്ങളില്‍ സീറ്റില്ലാതെ വരുമോ എന്ന ആശങ്കയാണ്. അതില്‍ ചേരുമ്പോള്‍ ആദ്യം തന്നെ ഫീസ് നല്‍കിയാണ് ചേരാറുള്ളത്. ആയതിനാല്‍ എല്ലാം കഴിഞ്ഞിട്ട് സര്‍ക്കാര്‍ സീറ്റ് പ്രഖ്യാപിച്ചാല്‍ ഈ ഫീസ് അടച്ചത് കാരണം ആരും ഈ സീറ്റുകളിലേക്ക് പോകില്ല. ഉദ്ധേശിച്ച ബാച്ചോ, സ്‌കൂളോ കിട്ടാത്ത കുട്ടികളുടേത് വേറെയും.

വര്‍ഷാ വര്‍ഷങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടായത് കൊണ്ടാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്ന സീറ്റുകള്‍ നേരത്തെ തന്നെ പ്രഖ്യാപിക്കണം എന്ന ആവശ്യം നിരന്തരമായി ഉന്നയിക്കപ്പെട്ടത്. അപ്പോള്‍ ആദ്യം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ധാരണ ലഭിക്കാനും മറ്റു കോഴ്സുകളെ വേണമെങ്കില്‍ നേരത്തെ ആശ്രയിക്കാനും സാധിക്കും. എന്നാല്‍ ഈ ആവശ്യം നിരന്തരമായി ഉയര്‍ന്നിട്ടും സര്‍ക്കാറും മന്ത്രിയും പരിഗണിക്കുക പോലും ചെയ്തിരുന്നില്ല.

അത്‌കൊണ്ട് ഈ പോസ്റ്ററും ക്യാപ്‌സൂളും തല്‍ക്കാലം മാറ്റിവെക്കണം. ആ പരിപ്പ് ഈ അടുപ്പത്തുവെച്ച് വേവിക്കാന്‍ ശ്രമിക്കരുത്. അത് മലപ്പുറത്തെ ജനകീയ പോരാട്ടങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്.

പി കെ കുഞ്ഞാലിക്കുട്ടി

രക്ഷാ പ്രവർത്തകർക്ക് കാലാവധി കഴിഞ്ഞ ഭക്ഷണമാണ് കിട്ടിയതെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. അധിക പേർക്കും ഇന്ന് ഭക്ഷണം കിട്ടിയില്ല എന്ന് പോലും കേട്ടു. ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനം നടത്തുന്നവർക്ക് കൃത്യമായി ഭക്ഷണം എത്തിച്ചു കൊടുക്കുക എന്നത് ഡിസാസ്റ്റർ റെസ്ക്യൂ മാനേജ്മെന്റിന്റെ ഏറ്റവും വലിയ അജണ്ടകളിൽ ഒന്ന് തന്നെയാണ്. അതിന് കുറ്റമറ്റ സംവിധാനം ഉണ്ടായിരുന്നോ. ഇല്ല എന്ന് തന്നെയാണ് ഇന്നത്തെ വാർത്തകൾ പറയുന്നത്. സർക്കാർ സംവിധാനത്തെ മാത്രം കാത്തു നിന്നിരുന്നെങ്കിൽ ഭക്ഷണം കിട്ടാതെ തളർന്നു വീഴുന്ന രക്ഷപ്രവർത്തകർ മറ്റൊരു ദുരന്തമായിരുന്നേനെ.

മഹാ ദുരന്തത്തിൽ കേരളം ഒറ്റക്കെട്ടായി നിന്നപ്പോൾ പട്ടാളവും പോലീസും സന്നദ്ധ പ്രവർത്തകരും ഒരു സോഷ്യൽ ആർമി ആയി രാവും പകലും ഊണും ഉറക്കവും ഇല്ലാതെ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയപ്പോ അവർക്ക് മൂന്ന് നേരം അന്നം കൊടുക്കുക എന്ന ദൗത്യം ഭംഗിയായി നിർവഹിച്ചവരാണ് യൂത്ത് ലീഗും വൈറ്റ് ഗാർഡും മറ്റു സന്നദ്ധ സംഘടനകളും.

യൂത്ത് ലീഗിന്റെ ഊട്ടുപുര പൂട്ടിച്ചതിലൂടെ ദുരന്ത ഭൂമിയിൽ സർക്കാർ എന്ത് മഹത്തായ തീരുമാനമാണ് നടപ്പിലാക്കിയതെന്ന് മനസ്സിലാകുന്നില്ല. ഹൈ ജീൻ ആയ ഭക്ഷണം അല്ലെന്ന് പറഞ്ഞാണ് പൂട്ടിച്ചത് . ഇന്ന് നൽകിയ ഭക്ഷണത്തിന് മൂന്ന് ദിവസത്തെയെങ്കിലും പഴക്കം ഉണ്ടെന്നാണ് കേട്ടത്. അപ്പൊ എന്താണ് ന്യായം. ദുരന്ത ഭൂമിയിൽ സർവ്വം സമർപ്പിച്ച് മടങ്ങുമ്പോ ആരും ഒരു കയ്യടിപോലും പ്രതീക്ഷിക്കുന്നില്ല. പക്ഷെ, നന്ദികേട് കാണിക്കുന്നത് ഒരു കുറ്റം തന്നെയാണ്. ഒരുമിച്ച് നിന്ന് ഒരു ദുരന്തത്തെ നേരിടുമ്പോൾ ഇങ്ങനെ സംസാരിക്കേണ്ടി വരുന്നതും നിർഭാഗ്യകരമാണ്.

സത്താര്‍ പന്തല്ലൂര്‍

കണക്ക് പറയുമ്പോള്‍ എല്ലാം പറയണം. കേന്ദ്ര കാബിനറ്റില്‍ പൂജ്യവും പാര്‍ലമെന്റില്‍ നാമമാത്രവും പ്രാതിനിധ്യമാണ് മുസ് ലിംകള്‍ക്കുള്ളത്. രാജ്യത്തെ മതനിരപേക്ഷവാദികളെല്ലാം ഈ സാഹചര്യത്തില്‍ ആശങ്ക അറിയിക്കുകയും ചെയ്യുന്നു.

ഒരു പിന്നാക്ക അധസ്ഥിത വിഭാഗമെന്ന നിലയില്‍ മുസ് ലിംകളുടെ ഈ പങ്കാളിത്ത പ്രശ്‌നം എല്ലാവരും ഉന്നയിക്കുന്നുണ്ട്. അത് വസ്തുതാപരവുമാണ്. അപ്പോഴാണ് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം പിമാരില്‍ ഒമ്പതില്‍ അഞ്ചും മുസ് ലിംകളാണെന്ന ‘യുക്തി’ ഉന്നയിച്ച് ചിലര്‍ രംഗത്ത് വരുന്നത്. രാജ്യസഭയിലെയും ലോക്‌സഭയിലേയും ആകെ മുസ്ലിംകളുടെ എണ്ണം പരിശോധിക്കാന്‍ ഇവര്‍ തയ്യാറുണ്ടോ ?

കേരളത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗങ്ങളെ സമുദായം തിരിച്ച് എണ്ണാന്‍ തയ്യാറുണ്ടോ ? ഇരുപതില്‍ മൂന്ന് ആണ് ലോക്‌സഭയില്‍ പോകുന്ന മലയാളികളിലെ മുസ് ലിം പ്രാതിനിധ്യം. 27 ശതമാനം ജനസംഖ്യയുള്ള ഒരു സമുദായത്തിന് പതിനഞ്ച് ശതമാനം പ്രാതിനിധ്യം. ഈ അനീതി മറച്ചുവെക്കുന്നവരെ സഹായിക്കാന്‍ ഇത്തരക്കാര്‍ തുനിഞ്ഞിറങ്ങിയത് ശരിയായില്ല. ഇതില്‍ പോലും ഇസ് ലാമോഫോബിക് പ്രചാരണങ്ങള്‍ക്ക് പ്രാധാന്യം കിട്ടുന്നത് സങ്കടകരമാണ്.

മുസ്ലിംകളുടെ മാത്രം പങ്കാളിത്ത പ്രശ്‌നം പരിഹരിക്കണമെന്നല്ല, ഈഴവരും പുലയരുമുള്‍പ്പടെ എല്ലാവര്‍ക്കും അര്‍ഹമായ പങ്കാളിത്തം ലഭിക്കണം. അതിന് ജനാധിപത്യ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തവുമുണ്ട്. ജാതി സെന്‍സസിനായി എല്ലാവരും നിലകൊള്ളേണ്ടതും അതുകൊണ്ടാണ്.

മസ്ഹര്‍ എഴുതുന്നു

പ്രവാസികള്‍ക്ക് വേണ്ടിയാണ് ലോക കേരള സഭ(എല്‍കെഎസ്)യെന്ന ഒരു സ്റ്റാറ്റിയൂട്ടറി അധികാരവുമില്ലാത്ത ഈ കെട്ടുകാഴ്ച മാമാങ്കമെങ്കില്‍ കുവൈത്തില്‍ മരിച്ച ആ ഇരുപത്തിനാല് പേരെ ഓര്‍ത്ത്, അവരുടെ വീടുകളില്‍ നിന്നുയര്‍ന്ന വിലാപങ്ങള്‍ കേട്ടെങ്കിലും ഇപ്രാവശ്യം നിര്‍ത്തിവയ്ക്കുകയോ നന്നേ ചുരുങ്ങിയത് നീട്ടിവയ്ക്കുകയോ വേണമായിരുന്നു. അവര്‍ക്കും കൂടി വേണ്ടിയാണെന്ന് പറഞ്ഞാണല്ലോ കേരള നിയമസഭയെ കൂടി നോക്കുകുത്തിയാക്കി ഈ നേരം കൊല്ലല്‍ ഒത്തുകൂടല്‍. അകം കേരളത്തിന്റെ ആഗോള വളര്‍ച്ചയെന്നും പുറം കേരളത്തിനെ ഉള്‍കൊള്ളലെന്നുമൊക്കെയുള്ള ക്ലീഷേ വാചാടോപങ്ങള്‍ക്കപ്പുറം എന്തു തേങ്ങയാണ് ഇതുവരെയുള്ള എല്‍കെഎസ് മാമാങ്കങ്ങള്‍ കൊണ്ടുണ്ടായതെന്ന് പറയാന്‍ കേരള സര്‍ക്കാറിന് ഭരണഘടനപരമായ ബാധ്യതയുണ്ട്.

ദുബയില്‍ നടത്തിയ ഒന്ന് നേരില്‍ കണ്ട ആളെന്ന നിലയില്‍ അവിടെ മുതലാളിമാരോടെപ്പം ചേര്‍ന്ന് സര്‍ക്കാര്‍ നടത്തിയ തള്ളലുകള്‍ നടപ്പാക്കിയോ/പ്രഖ്യാപനങ്ങളുടെ കാലാവധി തീര്‍ന്നോ എന്ന് കേരളത്തെ/പ്രവാസത്തെ ഔദ്യോഗികമായി ഏതെങ്കിലും വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ അറിയിച്ചതായി വിവരമില്ല. അതിന് ശേഷം അമേരിക്കയിലും ഒന്ന് നടത്തിയല്ലോ? ഈ രണ്ട് വിദേശ എഡിഷനുകള്‍ കൊണ്ട് എന്താണ് എല്‍.കെ എസ് പ്രത്യേകമായി ലക്ഷ്യം വച്ചത് എന്ന് ഇന്നേവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. നിയമസഭയേയും മന്ത്രിസഭയേയും പ്രവാസികളുടെ അരികിലെത്തിച്ചു എന്ന കാല്‍പനിക വ്യായാമത്തിനപ്പുറം എന്താണ് ഈ രണ്ട് എഡിഷനുകളുടെ ആകത്തുക എന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാറിനും എല്‍.കെ എസ് സെക്രട്ടറിയേറ്റിനും ബാധ്യതയുണ്ട്.

കേരളത്തിലിപ്പോള്‍ നടക്കുന്നതടക്കമുള്ള എല്‍.കെ എസ് എഡിഷനുകള്‍ കൊണ്ട് സംസ്ഥാനവും പ്രവാസികളും എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാക്കി, ഏതെല്ലാം പദ്ധതികള്‍ നടപ്പാക്കി, എത്ര പ്രവാസികള്‍ക്ക് / എത്ര കേരളീയര്‍ക്ക് തൊഴില്‍, വരുമാന മാര്‍ഗങ്ങള്‍ നടപ്പാക്കാനായി, എത്ര കോടി നിക്ഷേപം എത്തി, എത്ര വരുമാനം സര്‍ക്കാര്‍ ഖജനാവിലെത്തി എന്നൊക്കെ വിശദീകരിച്ച് ഒരു എല്‍.കെ എസ് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയാറാകുകയാണ് വേണ്ടത്. പ്രതിപക്ഷ നിസ്സഹകരണം കൊണ്ട് എല്‍.കെ എസ് കോമാളിത്തരമായി മാറിയിട്ടുണ്ടെങ്കിലും ധവളപത്രം എന്ന ആവശ്യം സര്‍ക്കാരിന് ഉത്തരം പറഞ്ഞേ മതിയാകൂ എന്നുറപ്പുള്ള നിയമസഭയില്‍ ഉന്നയിച്ച് നടപ്പാക്കിക്കാന്‍ പ്രതിപക്ഷം മുന്നോട്ട് വരണം.

വാചാടോപങ്ങള്‍ക്കും ഗീര്‍വാണങ്ങള്‍ക്കും തള്ളുകള്‍ക്കുമപ്പുറം ഭരണഘടനാപരമായി എല്‍.കെ എസിന് ആരോടും ഒരു ബാധ്യതയുമില്ല. ചുരുങ്ങിയത് കേരള നിയമസഭയോടെങ്കിലും ഉത്തരം പറയേണ്ടതല്ലേ. നാട്ടുകാരും പ്രവാസികളും അറിയട്ടെ ഈ മാമാങ്കത്തിന്റെ ആകത്തുക എന്തൊക്കെയാണെന്ന്. കേരള സംസ്‌കാരത്തെ പുറം ലോകത്തെത്തിച്ചു, മലയാള ഭാഷയെ ആഗോള ഭാഷാ ഗണത്തിലെത്തിച്ചു, മലയാള സാഹിത്യത്തെ കടല്‍ കടത്തി എന്നൊക്കെ തള്ളാനാണ് ആമുഖത്തില്‍ പറയുന്ന പോലെ പരിപാടിയെങ്കില്‍ പ്രവാസി ഒറ്റയ്ക്കും കൂട്ടമായും ഇതൊക്കെ ചെയ്യാന്‍ തുടങ്ങിയിട്ട് ആറേഴ് പതിറ്റാണ്ടുകളായി.

നിയമസഭയില്‍ ചോദിക്കുന്ന ചോദ്യം പോലെ ഉത്തരം കിട്ടുന്ന ഒന്നല്ലെങ്കില്‍, എംഎല്‍എമാരും ലോകസഭാ എം.പിമാരും രാജ്യസഭാംഗങ്ങളും കേന്ദ്രമന്ത്രിമാരും ഒക്കെ ഇരിക്കുന്ന ഒരു ബോഡി കൊണ്ട് ജനാധിപത്യപരമായും നിയമപരമായും ഒരു സ്റ്റാറ്റിയൂട്ടറി പദവിയും അധികാരവുമില്ലെങ്കില്‍ സമയം കൊല്ലലല്ലാതെ ആര്‍ക്കാണ് പ്രയോജനം, എന്തായാലും അടിസ്ഥാന പ്രവാസിക്ക് അരക്കാശിന്റെ പ്രയോജനമില്ല എന്ന് നൂറുതരം. അതു കൊണ്ടാണല്ലോ അവന്‍ മരിച്ചു കിടക്കുമ്പോള്‍ ഒരു മന:ക്ലേശവുമില്ലാതെ ഇങ്ങനെ കൂടിയിരിക്കാന്‍ കഴിയുന്നത് തന്നെ. ഭരണമുന്നണിയുടെ അടുപ്പക്കാര്‍ക്ക് നല്ല ഭക്ഷണവും കഴിച്ച്, പിക്‌നിക്കും നടത്തി കുറച്ച് സല്ലപിച്ച്, കലാമേള ആസ്വദിച്ച് പരസ്പരം കണ്ടും മിണ്ടിയും പി.ആര്‍ ബന്ധവും സ്ഥാപിച്ച് പിരിയുന്ന ഒരു യമണ്ടന്‍ ഇവന്റ് മാനേജ്‌മെന്റ് പരിപാടിയല്ലാതെ മറ്റെന്താണ് എല്‍.കെഎസ്?

സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന 170 ഓളം പ്രവാസികള്‍ക്ക് നിയമസഭയില്‍ കുത്തിയിരിക്കാനും ഞങ്ങളും ഭരണത്തിന്റെ കുശിനിക്കാരായി എന്ന് വീമ്പു പറയാനുമല്ലാതെന്ത് തേങ്ങയാണ് ഇതുവരെ ഉണ്ടായതെന്ന് പ്രവാസി പ്രതിനിധികള്‍ തുറന്നു പറയാന്‍ ഇനിയെങ്കിലും ആര്‍ജവം കാണിക്കണം. ഒരാളെങ്കിലും ഒരു വിഷയം അവതരിപ്പിച്ച് അതിന് നിയമത്തിന്റെ ബൈന്‍ഡിങ്ങോടെ ഭരണകൂടത്തിന്റെ നിശ്ചയമായ/നിയമപരമായ നടപ്പാക്കല്‍ എല്‍.കെ എസില്‍ വച്ചുണ്ടായി എന്നു തെളിയിച്ചാല്‍ എല്‍.കെ എസ് പ്രവാസികള്‍ക്കു കൂടി നിയമനിര്‍മാണ പ്രക്രിയയില്‍ പങ്കാളിത്തം നല്‍കി /പരിഗണിച്ചു എന്നും എല്‍ കെ എസ് സാര്‍ത്ഥകമായി എന്നും നമുക്ക് പറയാം.

അങ്ങിനെ ഒന്ന് ഇല്ലാത്തിടത്തോളം നിയമനിര്‍മാണത്തിലോ ഭരണനടത്തിപ്പിലോ ഒരു സേയും ഇല്ലാത്ത, തിരഞ്ഞെടുപ്പിലോ മറ്റു ജനാധിപത്യ പ്രക്രിയകളിലോ ഒന്നും ചെയ്യാനില്ലാത്ത പ്രവാസി അവന്റെ ആത്മരതിയുടെ ത്രിദിന പൊറുതി സ്ഥലമായി മാത്രം എല്‍ .കെ എസിനെ കണ്ട് ശേഷം വാലും ചുരുട്ടി ബാക്കി 727 ദിവസവും മാളത്തിലൊളിച്ചിരിന്നേക്കണം.

അപ്പോഴാണ് അവരുടെ ഇടയില്‍ നിന്ന് ഇരുപത്തിനാലു പേര്‍ വെന്തു മരിച്ചിട്ടും അവരുടെ ഭാര്യമാരും അമ്മമാരും മക്കളും നിലവവിളിച്ചു കരയുന്ന നേരത്ത് ദുഃഖസൂചകമായി നിര്‍ത്തി വെക്കടോ മരണ വീട്ടിലെ ഈ ആഭാസം എന്നൊന്ന് ഒച്ച വയ്ക്കാന്‍ പോലുമാവാത്ത ഗതികേടേ നിന്റെ പേരോ പ്രവാസം എന്ന് വിലപിച്ചു പോകുന്നത്.

മസ്ഹര്‍ എഴുതുന്നു

എന്‍ഡിഎ മുന്നണിയുടെ മൂന്നാം മോദി സര്‍ക്കാര്‍ പല്ലുകൊഴിഞ്ഞ സിംഹമായിരിക്കുമെന്ന് ജനതാദള്‍, തെലുഗുദേശം പാര്‍ട്ടികളുടെ രാസഘടന അറിയുന്നവര്‍ക്കറിയാം. അത്രമേല്‍ മതനിരപേക്ഷത ഡിഎന്‍എയിലുള്ള നിതീഷും നായിഡുവും എന്തു കൊണ്ട് ഇന്ത്യ മുന്നണിയുടെ ക്ഷണം സ്വീകരിച്ചില്ല എന്നത് ഫാഷിസ്റ്റ് വിരുദ്ധരെയൊക്കെ കുണ്ഠിതപ്പെടുത്തിയിരുന്നു.

രാഷ്ട്രീയ നൈതികതയെ കുറിച്ചും മാന്‍ഡേറ്റിനെ കുറിച്ചും പേര്‍ത്തും പേര്‍ത്തും പറയുന്നവര്‍ അവരുടെ പോസ്റ്റ് പോള്‍ അലയന്‍സ് അങ്ങനെ ബലികൊടുക്കുന്നത് ശരിയല്ല എന്ന പക്ഷക്കാരായിരുന്നു. എന്നാല്‍ നിതീഷിന്റെ മോദിയുടെ കാല്‍ വണങ്ങല്‍ അടക്കം ഇരുവരുടേയും എന്‍ഡിഎ മീറ്റിങ്ങിലെ മോദി സ്തുതിയും മോദിയുടെ ഏത് ഭരണ നിലപാടുകള്‍ക്കും നിരുപാധിക പിന്തുണ പ്രഖ്യാപനവും കേട്ടപ്പോള്‍ കാളരാത്രികള്‍ വരവായി എന്ന് വീക്ഷിച്ചവരുണ്ടായിരുന്നു. ഈ നിതീഷും നായിഡുവും എന്തൊരു ദുരന്തങ്ങളാണ് എന്നും തോന്നി.

ഒരു കാലത്ത് നിതീഷിന്റെ പാര്‍ട്ടിയുമായി സഹകരിച്ച ഓര്‍മയില്‍ അവസരവാദക്കാരനായ രാഷ്ട്രീയക്കാരനാണെന്ന് അനുഭവമുണ്ടെങ്കിലും സെക്യുലര്‍ ക്രെഡന്‍ഷ്യല്‍ പണയം വയ്ക്കാത്ത സോഷ്യലിസ്റ്റ്കാരന്‍ എന്ന മതിപ്പ് ഉണ്ടായിരുന്നു. അതിന് ഊനം തട്ടിയിട്ടില്ലെന്നും നിതീഷ് ജെ.പിയുടെയും ലോഹ്യയുടേയും കാര്‍പ്പൂരി ഠാക്കൂറിന്റെയും അരുമ ശിഷ്യനാണെന്നും പതിയെ പതിയെ വെളിവാക്കപ്പെടുകയാണ്. നായിഡുവും തെലുഗുദേശവും അവരുടെ പൊളിറ്റിക്കന്‍ ഐഡിയോളജി തുറന്നു പറയുന്നത് കാണുമ്പോള്‍ ഇന്ത്യന്‍ ഫാഷിസത്തെ നിര്‍വീര്യമാക്കാന്‍ ഇരുവരും എന്‍ഡിഎയിലുള്ളതാണ് ശരിയായ രാഷ്ട്രീയമെന്ന് വിലയിരുത്തപ്പെടുകയാണ്.

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതായപ്പോള്‍ തന്നെ ജനാധിപത്യം വിജയിച്ചതാണ്. ഹിന്ദുത്വയുടെ ഒളി അജണ്ടകള്‍ ഏക സിവില്‍കോഡാ(യുസിസി)യും എന്‍ആര്‍സി ആയും മധുര/കാശി ക്ഷേത്രങ്ങളായും വരും. എന്നാല്‍ അതിനെ അത്ര പെട്ടെന്ന് നടപ്പാക്കി കൊടുക്കാന്‍ നിതീഷും നായിഡുവും അനുവദിക്കില്ല. യുസിസിക്ക് പിന്തുണ ജെഡിയു നല്‍കുമ്പോഴും ഉപാധികള്‍ വയ്ക്കുന്നുണ്ട് എന്നാല്‍ മുസ് ലിം വെറുപ്പും വര്‍ഗീയ ചേരിതിരിവും ഒരിക്കലും അനുവദിക്കില്ലെന്ന ഈ ഊന്നിപ്പറയല്‍ ഇന്ത്യന്‍ ഷാഷിസത്തെ ദുര്‍ബലമാക്കാന്‍ കാലം കാത്തുവച്ച രണ്ട് മനുഷ്യരായി നിതീഷിനെയും നായിഡുവിനേയും ചരിത്രം അടയാളപ്പെടുത്തുമായിരിക്കും.

പന്ത്രണ്ടും പതിനാറും അത്ര ചെറിയ അക്കങ്ങളല്ല പതിനെട്ടാം ലോകസഭയില്‍. വല്ലാതെ സഹികെട്ടാല്‍ വലിച്ചെറിഞ്ഞ് ഇറങ്ങി വരാന്‍ ഒരു മടിയും ഇല്ലാത്തവരാണെന്നും വല്ലാതെ കളിച്ചാല്‍ കളി പഠിപ്പിക്കാന്‍ പാലം വലിക്കാനും ഉള്ള ശേഷി ജനിതകഘടനയിലുള്ളവരാണിരുവരും.

ഡോ. ഇസ്മായില്‍ വെങ്ങശ്ശേരി

കോഴിക്കോട്ട് നിന്നു കേട്ട ഒരു ‘(ഡി)മോട്ടിവേഷന്‍’ സ്പീക്കര്‍ സൃഷ്ടിച്ച കോലാഹലം അതര്‍ഹിക്കുന്ന അവജ്ഞയോടെ നമുക്ക് തള്ളിക്കളയാമോ ? ആവാം, പക്ഷേ സോഷ്യല്‍ മീഡിയയില്‍ ‘ഇന്‍ഫ്‌ളുവന്‍സേര്‍സ്’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇവര്‍ സമൂഹത്തില്‍ ചെലുത്തുന്ന ദുസ്വാധീനം ആഴത്തിലുള്ളതാണ്. കൗമാരക്കാര്‍ മുതല്‍ നവ ഇല്ലിബറല്‍ വ്യവസായികള്‍ വരേ താലോലിച്ചു വളര്‍ത്തുന്ന ഇത്തരം ഇന്‍ഫ്‌ളുവന്‍സേര്‍സ് ഉണ്ടാക്കുന്ന മൂല്യച്യുതി ചില്ലറയല്ല.

അടുത്തിടെ മലപ്പുറത്തും വളാഞ്ചേരിയിലും കട ഉദ്ഘാടകനായി വന്ന ന്യൂജന്‍ ‘തൊപ്പി’യുടെ കാട്ടിക്കൂട്ടല്‍ നാം കണ്ടതാണ്. കോട്ടും സ്യൂട്ടുമിട്ട് ഹൈടെക് സേറ്റജില്‍ ഇയാള്‍ കോഴിക്കോട്ട് നടത്തിയ അഭിഷേകം കേട്ടാല്‍ ‘തൊപ്പി’യുടെ ഏട്ടനായേ ഇയാളെ വിശേഷിപ്പിക്കാനാകൂ. തൊപ്പിയെ എഴുന്നള്ളിച്ച് നടക്കുന്ന നവ ജനറേഷനും ഇയാളെ എഴുന്നള്ളിച്ച് നടക്കുന്ന നവ ബിസിനസ്സുകാരും തമ്മില്‍ വലിയ അന്തരം കാണാന്‍ കഴിയില്ല. തൊപ്പി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇയാള്‍ സ്റ്റേജില്‍ കയറി പുലമ്പുന്നതും.

വ്യവസായികള്‍ക്ക് ഏത് വിധേനയും ലാഭമുണ്ടാക്കാന്‍ കുബുദ്ധി ഉപദേശിക്കുന്നത് കേട്ടാല്‍ ഇയാളാരാണെന്നും മനസ്സിലാക്കാന്‍ എളുപ്പമാണ്. മാനുഷിക മൂല്യങ്ങള്‍ക്ക് യാതൊരു വിലയും നല്‍കാത്ത, എല്ലാ എത്തിക്കല്‍ വാല്യൂസും കളഞ്ഞു കുളിച്ച ‘ബുദ്ധി’ ഉപദേശമാണ് ഇയാളെ ഇത്രയും ‘പോപ്പോലര്‍’ ആക്കിയത് എങ്കില്‍, അത്തരം ഒരു സമൂഹത്തിന് അവരര്‍ഹിക്കുന്ന ഉപദശകര്‍ തന്നെ ലഭിക്കും.

മസ്ഹര്‍ എഴുതുന്നു

നാളെ കേരളത്തില്‍ ലോകസഭാ വോട്ടെടുപ്പ് നടക്കുമ്പോള്‍ തിരുവനന്തപുരത്തും തൃശൂരും മതേതര ബ്ലോക് അതി ജാഗ്രത പുലര്‍ത്തിയേ മതിയാകൂ. കേരളം അതിന്റെ സെക്യുലര്‍ ക്രഡന്‍ഷ്യല്‍ നാളിതുവരെ സംഘ്പരിവാറിന് പണയം വെച്ചിട്ടില്ല എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്. നേമത്ത്, നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്ന ഒരു കൈയബദ്ധത്തിന് പെട്ടെന്ന് തന്നെ നാം പ്രായശ്ചിത്തം ചെയ്തിട്ടുണ്ട്.(Two places where secular vigilance becomes imperative)

ഇന്ത്യയെന്ന വിശാല കാന്‍വാസില്‍ സമകാലിക രാഷ്ട്രീയത്തെ സമീപിക്കുന്നവര്‍ക്ക് കേരളം അത്രവലിയ വേവലാതിപ്പെടുത്തുന്ന ഭൂമികയല്ല. എന്നാല്‍ ഹിന്ദുത്വ ഫാഷിസത്തിന്റെ യഥാര്‍ത്ഥ പടപ്പുറപ്പാടിന്റെ കാഹള ധ്വനി മുഴക്കുന്ന 2024 അങ്ങനെയല്ല. അതിനാല്‍ മതേതരമലയാളിയുടെ ഒരു ജാഗ്രതക്കുറവും പൊറുക്കപ്പെടുന്നതല്ല.
തിരുവനന്തപുരത്ത് അതി മാധ്യമ പരിലാളനായിലും അധികാരത്തിന്റെ മേല്‍വിലാസത്തിലും പണത്തിന്റെ കൊഴുപ്പിലും രാജീവ്ചന്ദ്രശേഖര്‍ എന്ന അപകടകാരിയായ കോര്‍പറേറ്റ് സംഘ്പരിവാറുകാരന്‍ ഒരു കാരണവശാലും ഒരു വോട്ടിനു പോലും മുന്നോട്ട് പോകരുത് എന്നത് മതേതര കേരളത്തിന്റെ പ്രാര്‍ത്ഥനയാണ്.

ഹിംസാത്മക ഫാഷിസത്തെ തോല്‍പ്പിക്കാന്‍ കക്ഷി രാഷ്ട്രീയ സങ്കുചിതത്വത്തിനപ്പുറം തിരുവനന്തപുരത്തെ ഓരോ വോട്ടും ഉയര്‍ന്നു നില്‍ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. 2014 ലെ 15000 ന്റെ നേരിയ വ്യത്യാസം തിരുവനന്തപുരത്തെ സെക്കുലര്‍ വോട്ടര്‍മാരെ അതീവ ജാഗ്രതയിലാഴ്‌ത്തേണ്ട ഘടകമാണ്. 2014 ല്‍ ഒ രാജഗോപാല്‍ സ്ഥാനാര്‍ത്ഥിയായി നിന്ന പോലുള്ള അവസ്ഥയാണ് രാജീവ് ചന്ദ്രശേഖര്‍ സൃഷ്ടിച്ചിരിക്കുന്നത്. അവസാനഘട്ടത്തില്‍ ഏറ്റവും കോംപീറ്റിവെന്ന് തോന്നുന്ന സ്ഥാനാര്‍ഥി ആരാണോ, അതു ശശിതരൂരാണെങ്കില്‍ അങ്ങനെ തന്നെ വോട്ടു ചെയ്യുക എന്നതാണ് മതേതര ജാഗ്രതയുടെ ആകത്തുക. അന്നേരം തരൂരിന് ചാര്‍ത്താന്‍ നെഗറ്റീവ് നരേറ്റുകളെ തെരഞ്ഞു പോകാനല്ല ശ്രമിക്കേണ്ടത്. പന്ന്യന്‍ രവീന്ദ്രന്‍ എന്ന കേരളം കണ്ട ഏറ്റവും സത്യസന്ധനായ കറകളഞ്ഞ കമ്യൂണിസ്റ്റിനോടുള്ള സകല ബഹുമാനങ്ങളും നിലനിര്‍ത്തി ഒരു പിടച്ചിലോടെ പൂര്‍ണമനസ്സോടെ അല്ലെങ്കിലും തരൂരിന് വോട്ട് ചെയ്യുക എന്നതാണ് രാഷ്ട്രീയത്തിലെ ഡു ഓര്‍ ഡൈ സിറ്റ്വേഷന്‍.

തൃശൂരിലെത്തുമ്പോഴും സമാനമായ ഒരു രാഷ്ട്രീയ അവസ്ഥയാണ് നിലനില്‍ക്കുന്നത്. 2019 ലെ രാജാജി മാത്യു തോമസിന്റെ വോട്ട് വിഹിതത്തിന്റെ നിലയിലാണ് വിഎസ് സുനില്‍ കുമാറും ഉള്ളതെന്നാണ് പൊതു വിലയിരുത്തല്‍. എന്നാല്‍ സുരേഷ് ഗോപിയെ രാഷ്ട്രീയ പ്രബുദ്ധതയുടെ ഏതേതു അളവുകോല്‍ വെച്ച് നാം കോമാളിയാക്കി മുദ്രകുത്തുമ്പോഴും അയാള്‍ 2019 നേക്കാള്‍ മുന്നോട്ട് പോയിട്ടുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. കഴിഞ്ഞ തവണ പിടിച്ച 2,93,822 വോട്ടുകളിലേക്ക് അധികമായി കിട്ടാനുള്ള കുറെ രാഷ്ട്രീയ സാമുദായിക ചേരുവകള്‍ തൃശൂരില്‍ ഉരുണ്ടു കൂടിയിട്ടുമുണ്ട്. ഇതിനെ മറികടക്കുന്ന മതേതര ജാഗ്രതയാണ് തൃശൂരില്‍ അനിവാര്യമായിരിക്കുന്നത്.

അങ്ങനെ വരുമ്പോള്‍ കെ മുരളീധരന്‍ എന്ന കെ കരുണാകര പുത്രനായ കോണ്‍ഗ്രസ് നേതാവിന്റെ ന്യൂനതകള്‍ ചികഞ്ഞ് പോകാവുന്ന രാഷ്ട്രീയ സന്ദര്‍ഭമല്ല നിലവിലുള്ളത്. സുനില്‍ കുമാര്‍ എന്ന കളങ്കമേശാത്ത കമ്യൂണിസ്റ്റുകാരനായ മാനവവാദിയോടുള്ള സകലമാന രാഷ്ട്രീയ യോജിപ്പുകളും നിലനിര്‍ത്തി കൊണ്ട് തന്നെ മതേതര മനുഷ്യരുടെ ഒരു ചെറിയ ജാഗ്രതക്കുറവ് കൊണ്ട് സുരേഷ് ഗോപിയെന്ന അറുവഷളന്‍ സംഘ്പരിവാറുകാരന്‍ നാളെ ലോകസഭയിരിക്കുന്നത് കണ്ട് ഖേദിക്കാന്‍ ഇടവരരുത്. സകല രാഷ്ട്രീയ വിയോജിപ്പുകളോടും കൂടി തന്നെ മുരളീധരന് വോട്ട് ചെയ്യുക എന്നതാണ് കേരളത്തിനപ്പുറത്ത് ഇന്ത്യയെ സ്വപ്നം കാണുന്ന വിശാല മതേതരസമൂഹം തൃശ്ശൂരിലെ സെക്യുലര്‍ വോട്ടര്‍മാരോട് ആവശ്യപ്പെടുന്നത്.

മേല്‍പറഞ്ഞ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും മുന്നണി സീറ്റ് വിഭജനത്തിന്റെ ഭാഗമായി സി.പി ഐ സ്ഥാനാര്‍ത്ഥികള്‍ ആണല്ലോ എന്നതാണ് മതേതര വോട്ടര്‍മാരെ ആകെ വിഷമത്തിലാക്കുന്ന അവസ്ഥ. കേരളത്തിലെ ബാക്കി പതിനെട്ട് മണ്ഡലങ്ങളിലും നിങ്ങളുടെ രാഷ്ട്രീയപക്ഷപാതിത്വങ്ങളും ശാഠ്യങ്ങളും തീവ്രതയോടെ കണക്കിലെടുത്ത് പാര്‍ട്ടി നിലപാടനുസരിച്ചു തന്നെ വോട്ടുകള്‍ ചെയ്യണം. ഹിന്ദുത്വ ഫാഷിസം തല്‍ക്കാലത്തേക്കെങ്കിലും അവിടങ്ങളില്‍ ഒരു ഇലക്ടറല്‍ ഭീഷണി ആയിട്ടില്ല എന്ന വിശ്വാസത്തോടെ നാളത്തെ ജനാധിപത്യ ഉത്സവത്തില്‍ വോട്ട് ചെയ്തു ആര്‍മാദിക്കുവിന്‍ പ്രിയരെ.

മസ്ഹര്‍ എഴുതുന്നു

2014 മുതല്‍ സംഘ്പരിവാറിന്റെ താരപ്രചാരകനായ സാക്ഷാല്‍ ഗുജറാത്ത് വംശഹത്യാ ഫെയിം നരേന്ദ്ര രാമദാസ് മോദി 2024 രണ്ടാംഘട്ട പ്രചാരണത്തിന്റെ തുടക്കം കുറിച്ച് രാജസ്ഥാനിലെ ബന്‍സാരയില്‍ ഇന്നലെ പറഞ്ഞത് ഹിന്ദു ഭൂരിപക്ഷ വോട്ടുകള്‍ അപ്പടി താമരയുടെ കൊട്ടയില്‍ ഇടാനുള്ള പതിനെട്ടാമത്തെ അടവാണ്. വിമര്‍ശകരെ നിശ്ശബ്ദരാക്കാന്‍ വേണ്ടി മാത്രം അലിഗഢില്‍ പോയി ഹജ്ജ് ക്വാട്ടയെ കുറിച്ചും മുത്വലാഖ്, മെഹറം വീരസ്യങ്ങള്‍ വിളമ്പിയത് ആരും ഗൗരവത്തിലെടുക്കുന്നില്ല. ഈ വിദ്വേഷങ്ങളെല്ലാം കല്‍പിച്ച് ഉറപ്പിച്ച് പറഞ്ഞതാണെന്നതിന് തെളിവാണ് വീണ്ടും റിസര്‍വേഷനെ കുറിച്ച് പറഞ്ഞ നട്ടാല്‍ മുളയ്ക്കാത്ത പെരുംനുണകള്‍.

കോണ്‍ഗ്രസ് എസ് സി/എസ് ടി റിസര്‍വേഷനെടുത്ത് മുസ്ലിംകള്‍ക്ക് കൊടുത്തു /കൊടുക്കും എന്നതാണ് ആ കല്ലുവെച്ച നുണ. ഇന്നലെ തന്നെ ഈ കാളകൂട വിഷം അമിത്ഷാ ചീറ്റിയിരുന്നു. മുസ് ലിംകളുടെ നാല് ശതമാനം റിസര്‍വേഷന്‍ ഇല്ലാതാക്കി പട്ടികജാതിക്കാര്‍ക്ക് കൊടുക്കുമെന്ന് ഷാ പറഞ്ഞതിനെ സാക്ഷ്യപ്പെടുത്തുകയാണ് മോദി ചെയ്തിരിക്കുന്നത്. മതപരമായ റിസര്‍വേഷന്‍ ഭരണഘടന അനുകൂലിക്കുന്നില്ല എന്ന എമണ്ടന്‍ ന്യായമാണ് അതിന് അമിത്ഷാ നിരത്തിയത്. ആന്ധ്രപദേശ് / മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഒബിസി റിസര്‍വേഷന്‍ സംബന്ധിച്ച് നടന്ന നിയമഭേദഗതികളാണ് ഷാ-മോദി പ്രഭൃതികള്‍ വിഷം തുപ്പാന്‍ ഉപയോഗിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തി കൊണ്ടുവന്ന ജാതി സെന്‍സസിനെ ഭാരതീയ ജനതാ പാര്‍ട്ടിയും സംഘ് പരിവാറും വല്ലാതെ ഭയപ്പെട്ടുതുടങ്ങി എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഈ ഹാലിളക്കം.

‘നേരത്തെ, അവര്‍ (കോണ്‍ഗ്രസ്) അധികാരത്തിലിരുന്നപ്പോള്‍, രാഷ്ട്രത്തിന്റെ സമ്പത്തില്‍ മുസ്ലിംകള്‍ക്കാണ് പ്രഥമ അവകാശം എന്ന് പറഞ്ഞു. അവര്‍ ഈ സമ്പത്ത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്, നുഴഞ്ഞുകയറ്റക്കാര്‍ക്ക് വിതരണം ചെയ്യും, നിങ്ങള്‍ ഇത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കണോ’ എന്നാണ് നരേന്ദ്രമോദി ആദ്യം ചോദിച്ചത്. 2006 ല്‍ സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിന് ശേഷം അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ദേശീയ വികസന കൗണ്‍സിലില്‍ വിഭവ വിതരണത്തെ കുറിച്ച് പറഞ്ഞതിനെ വളച്ചൊടിച്ചാണ് മോദി ഇത് പറഞ്ഞത്.

‘ഞങ്ങളുടെ കൂട്ടായ മുന്‍ഗണനകള്‍ വ്യക്തമാണ്: കൃഷി, ജലസേചനം, ജലസ്രോതസ്സുകള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളിലെ നിര്‍ണായക നിക്ഷേപം, പൊതു അടിസ്ഥാന സൗകര്യങ്ങളുടെ അവശ്യ പൊതുനിക്ഷേപ ആവശ്യങ്ങള്‍, എസ്സി/എസ്ടികള്‍, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവരുടെ ഉന്നമനത്തിനുള്ള പരിപാടികള്‍, ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഘടകപദ്ധതികള്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്, ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് വളരെ പിന്നാക്കം നില്‍ക്കുന്ന മുസ് ലിം ന്യൂനപക്ഷത്തിന് വികസനത്തിന്റെ ഫലങ്ങളില്‍ തുല്യമായി പങ്കുണ്ടാവണം. റിസോഴ്സുകളില്‍ ആദ്യ ക്ലെയിം മേല്‍പറഞ്ഞവര്‍ക്ക് ഉണ്ടായിരിക്കണം, കേന്ദ്രത്തിന് മറ്റ് നിരവധി ഉത്തരവാദിത്തങ്ങളുണ്ട്, അവയുടെ ആവശ്യങ്ങള്‍ മൊത്തത്തിലുള്ള വിഭവ ലഭ്യതയ്ക്കുള്ളില്‍ ഘടിപ്പിക്കേണ്ടതുണ്ട്’.
ഭരണഘടനയുടെ ആണികല്ലായ സോഷ്യലിസം എന്തെന്ന് നെഹ്‌റുവിയന്‍ / ഗാന്ധിയന്‍ സോഷ്യലിസ്റ്റ് ആശയധാരയിലൂടെ അവതരിപ്പിക്കുക മാത്രമാണ് ഡോ. മന്‍മോഹന്‍സിങ് ചെയ്തത്.

രാഷ്ട്രത്തിന്റെ സമ്പത്തിന്മേല്‍ മുസ്ലിംകള്‍ക്കാണ് പ്രഥമാവകാശമെന്ന് ഒരിടത്തും പറയുന്നില്ല. അങ്ങനെ പറയാന്‍ മാത്രം ഊളകളാണോ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതൃത്വം എന്നോ അങ്ങനെ സ്വത്തൊക്കെ കൈപ്പിടിയില്‍ കിട്ടുമെന്ന് ദിവാസ്വപ്നം കാണുന്ന പൊട്ടന്‍മാരാണോ ഇന്ത്യന്‍ മുസ്ലിംകള്‍ എന്നോ ചിന്തിക്കാനുള്ള കോമണ്‍സെന്‍സ് ഈ നാട്ടിലെ ശരാശരി വോട്ടര്‍മാര്‍ക്കുണ്ടെന്ന് പോലും നുണ പറയുമ്പോള്‍ മോദി ഓര്‍ക്കാത്തതല്ല. ഹിറ്റ്‌ലര്‍ 1933ല്‍ ജൂതന്‍മാരുടെ കൈകളിലാണ് ജര്‍മനിയുടെ മുഴുവന്‍ സമ്പത്തും എന്ന് വിഷം തുപ്പി ഹോളോകാസ്റ്റ് നടത്തിയതിന്റെ ഓര്‍മയില്‍ തന്നെ പറഞ്ഞതാണത്. ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള അസമത്വം ഭയനകമാം വിധം വിര്‍ധിച്ചു വരുന്ന ഇന്ത്യയില്‍ നിര്‍ലജ്ജം ഉള്ളവന്റെ കൂടെ നില്‍ക്കുന്ന ഹിന്ദുത്വഫാഷിസത്തിന്റെ വിടുപണി മറച്ചുവയ്ക്കാന്‍ കൂടിയാണ് പ്രഖ്യാപിത ആഭ്യന്തരശത്രുവിന്റെ മേല്‍ വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിക്കുന്നത്. അതോടൊപ്പം പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തിന്റെ സമ്പത്ത് മുസ് ലിംകള്‍ക്ക് നല്‍കുമെന്ന് ഹിന്ദുക്കളില്‍ ഭയം സൃഷ്ടിക്കുക എന്ന വ്യക്തമായ തിരഞ്ഞെടുപ്പ് /വോട്ട് ധ്രുവീകരണ ലക്ഷ്യം മുന്നില്‍ കണ്ടാണ് മോദിക്ക് പിന്നാലെ സകല ബിജെപി മന്ത്രിമാരും നേതാക്കളും ഈ നുണ ആവര്‍ത്തിക്കുന്നതിലൂടെ വ്യക്തമാകുന്നത്.

സമ്പത്ത് കൊള്ളയടിക്കുന്നവര്‍ എന്നതോടൊപ്പം കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുന്നവരും നുഴഞ്ഞുകയറ്റക്കാരുമായി മുസ് ലിംകളെ ഡമൊനൈസ് ചെയുന്നുമുണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന ബിജെപി കാംപയിനര്‍. ഹിന്ദു അമ്മമാരുടെയും പെണ്‍മക്കളുടെയും പക്കലുള്ള സ്വര്‍ണത്തിന്റെ കണക്കെടുക്കുമെന്നും താലിമാല വരെ പൊട്ടിച്ച് അതും കൂടി വിറ്റ് മുസ് ലിംകള്‍ക്ക് കൊടുക്കുമെന്നൊക്കെ നുണ പറയണമെങ്കില്‍ ബിജെപി തോറ്റാല്‍ ഹിന്ദുത്വ ഫാഷിസം രണ്ടും കല്‍പ്പിച്ച് തന്നെയാണെന്നാണ് വരികള്‍ക്കിടയിലൂടെ നാം മനസ്സിലാക്കേണ്ടത്.

അപ്പോഴാണ് നാം ഇതുവരെ പറഞ്ഞു കൊണ്ടിരുന്ന ഇത് അവസാനത്തെ തിരഞ്ഞെടുപ്പാണോ ഗാന്ധിയുടെ ഇന്ത്യയും ഭരണഘടനയും നിലനില്‍ക്കുമോ എന്ന ആശങ്കയെ കുറിച്ച് ഓര്‍ത്തു പോവുന്നവുന്നത്. അതിനാല്‍ ബി.ജെ പിയെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചാല്‍ മാത്രം , ഏതു വേഷവും കെട്ടിവരുന്ന ഫാഷിസത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സിവില്‍ സമൂഹം നിലയുറപ്പിക്കുക കൂടി ചെയ്യുക എന്ന ജനാധിപത്യ ജാഗ്രത ഇനി മുതല്‍ ഉടനീളം ഉണ്ടാവേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ , കോടതികള്‍, സൈന്യം, രാഷ്ട്രപതി ഭവന്‍ എന്നിവയെല്ലാം അതിന്റെ ഭരണഘടന കൃത്യനിര്‍വഹണം ഒരു ബാഹ്യ ഇടപെടലുമില്ലാതെ സധൈര്യം നിറവേറ്റുമെന്ന ഉറച്ച ജനാധിപത്യ ബോധ്യമാണ് ജനാധിപത്യ വിശ്വാസികളായ ഓരോ പൗരനേയും ജീവിപ്പിക്കുന്നത്.

അഹ്‌മദ് ശരീഫ് പി എഴുതുന്നു

എന്തൊരു കാലം? എന്തൊരു കഥ. ഇത്തിരി സത്യവും നീതിയും കൈവശമുള്ളവരെല്ലാം ജയിലില്‍. ഭൂലോക ഫ്രോഡുകള്‍ മൊത്തം പുറത്തും. ഇതിനാണോ കലികാലം എന്ന് പറയുക. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ പോരാടി രംഗത്ത് വന്ന, പിന്നീട് ബിജെപിയുടെ അഴിമതിക്കെതിരെ പൊരുതുന്ന അരവിന്ദ് കെജ്രിവാള്‍ ഇന്ന് അഴികള്‍ക്കുള്ളിലാണ്.

ജനങ്ങള്‍ തിരഞ്ഞെടുത്ത കെജ്രിവാളും മനീഷ് സിസോഡിയയും അഴി എണ്ണുമ്പോള്‍ ഇലക്ടറല്‍ ബോണ്ടിലുടെ വമ്പന്‍ കള്ളപ്പണവും അഴിമതിയും മൂടി വെച്ചവര്‍ അര്‍ധരാത്രിയില്‍ നിലാവെളിച്ചം കണ്ടു പായുന്ന കോഴിയെപോലെ പറക്കുകയാണ്. കെജ്രിവാളോ സിസോഡിയയോ പണം വാങ്ങിയതിന് തെളിവില്ല. ഒരു നിയമം ഉദ്യോഗസ്ഥര്‍ കൊണ്ടു വന്നു. അത് തെറ്റെന്ന് മനസ്സിലായപ്പോള്‍ പിന്‍വലിച്ചു.

എന്നാല്‍ ആ നിയമം ഉപയോഗിച്ചു സ്വകാര്യവ്യക്തികള്‍ പണമുണ്ടാക്കി എന്നതാണ് ആരോപണം. അങ്ങനെയെങ്കില്‍ ബിജെപി ഭരണത്തില്‍ എല്ലാ കുത്തകകളും പണമുണ്ടാക്കുകയല്ലേ. അതിനാണ് അര്‍ധരാത്രി ഭീകരാവസ്ഥ സൃഷ്ടിച്ചു അറസ്റ്റ് ചെയ്ത് കൊണ്ടു പോയത്. അതിന് കൂട്ടുനിന്ന കോടതികളും അതാവശ്യ ഘട്ടങ്ങളില്‍ അനീതിക്ക് കൂട്ടാണ്.

കെജ്രിവാള്‍ വര്‍ഗീയ വാദിയല്ല. അഴിമതിക്കാരനല്ല. നല്ലൊരു ഭരണം ഡല്‍ഹിക്ക് കാഴ്ച്ച വച്ച വ്യക്തിയാണ്. ഇപ്പോള്‍ മോദിയുടെ പേടിസ്വപ്‌നവുമാണ്. അതിനാല്‍ കെജ്രിവാളിനെ തകര്‍ത്തേ പറ്റൂ. ഈ തിരഞ്ഞെടുപ്പ് അങ്ങനെ അട്ടിമറിക്കാനാവുമത്രെ. ജനം എല്ലാം കാണുന്നുണ്ട്. പക്ഷേ പ്രതികരിക്കുന്നില്ല.