23
Mar 2024
Mon
23 Mar 2024 Mon

അഹ്‌മദ് ശരീഫ് പി എഴുതുന്നു

ഒറ്റയടിക്ക് ഓര്‍ക്കാപ്പുറത്ത് നേരത്തെ ഉണ്ടാക്കി വച്ച സിഎഎ വിജ്ഞാപനം പുറപ്പെടുവിക്കുക വഴി ബിജെപി അധികാരം നില നിര്‍ത്താന്‍ ഏത് പുല്‍ക്കൊടിത്തുമ്പും പിടിക്കും എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. പാര്‍ട്ടികള്‍ പ്രതിഷേധിക്കുന്നുണ്ട്. പക്ഷെ ന്യൂനപക്ഷത്തിന്റെ ആശങ്ക അകറ്റാന്‍ ഇത് പര്യാപ്തമോ?

ഡല്‍ഹി ജെ എന്‍ യുവിലും ജാമിയ മില്ലിയ യൂനിവേഴ്‌സിറ്റിയിലും പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു എന്നത് മാത്രമാണ് ആശ്വാസം. എല്ലാ യൂനിവേഴ്‌സിറ്റികളിലും പ്രതിഷേധം ഉയര്‍ന്നാല്‍ മാത്രമേ രാജ്യത്ത് ഉയര്‍ന്ന ആശങ്കകള്‍ക്ക് പരിഹാരം ഉണ്ടാവു. മമത ബാനര്‍ജി തന്റെ ദൗത്യം ഒട്ടും വൈകാതെ നിര്‍വഹിച്ചു സമ്മതിക്കില്ല എന്ന് പറഞ്ഞു. പൗരത്വം ചോദ്യം ചെയ്യപ്പെടുന്ന ന്യുനപക്ഷങ്ങള്‍ ഉണരാന്‍ എത്ര കാലമെടുക്കും.

നാം വിചാരിക്കുന്നതിലും അതിവേഗം ഫാഷിസം കുതിച്ചു ചാടി വരികയാണ്. എതിര്‍പ്പുകളെ മറി കടക്കാന്‍ പണം വാരിക്കോരി എറിയുന്നു. അതിന് ലക്ഷക്കണക്കിന് കോടിയുടെ ഇലക്റ്ററല്‍ ബോണ്ട് വഴി കൈക്കലാക്കിയ പണം കൈയലുണ്ട്. അത് മൂടിവയ്ക്കാന്‍ എസ് ബി ഐ യുടെ കൂട്ടുമുണ്ട്.

പലവിധ ഉഡായിപ്പുകളിലൂടെ തിരഞ്ഞെടുപ്പ് ജയിക്കാന്‍ ശ്രമിക്കുന്ന മോദി ടീമിന്റെ പണി എളുപ്പമാക്കുന്നു പ്രതിപക്ഷവും മീഡിയകളും. പ്രതിപക്ഷം യോജിക്കാനോ ഒരുമിച്ച് ഇലക്ഷനെ നേരിടാനോ തയ്യാറല്ല. അധികാരം ബിജെപിക്ക് താലത്തില്‍ വച്ചുകൊടുക്കുന്ന പതിവ് തുടരുകയാണ് അവര്‍. മമതാ ബാനര്‍ജി ഒറ്റയ്ക്ക് മത്സരിച്ചു ജയിച്ചു കളയാം എന്ന് വിചാരിക്കുന്നു.

ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയുടെ മുഖമായ ആനി രാജ വയനാട്ടില്‍ തന്നെ വന്ന് രാഹുലിനോട് മത്സരിച്ചു നോര്‍ത്തില്‍ ബിജെപിക്ക് താങ്ങാവുന്നു. എന്നിട്ട് രാഹുലിന് ഇവിടെയല്ലാതെ വേറെ ഇടമില്ലേ എന്ന് തോക്കിലേക്ക് വെടിവയ്ക്കുന്നു. സിപിഐക്കും ഫാഷിസ്റ്റ് വിരോധത്തില്‍ ആത്മാര്‍ഥത ഇല്ല എന്ന് സാരം. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത പരിസ്ഥിതി സൃഷ്ടിക്കുന്നതില്‍ ബിജെപി ബഹുദൂരം അതിവേഗം മുന്നിലെത്തിയിരിക്കുന്നു.

അഹ്‌മദ് ശരീഫ് പി

അല്ലയോ മുഖ്യമന്ത്രീ പൂക്കോട് വെറ്റിനറി കോളേജില്‍ നടന്ന പൈശാചികതയുടെ പ്രകമ്പനം തേച്ചു മായ്ച്ചു കളയാന്‍ ഈരാറ്റുപേട്ടയില്‍ കുട്ടികള്‍ കാണിച്ചത് തെമ്മാടിത്തം ആണെന്ന് പറഞ്ഞാല്‍ മതിയാകുമോ.
മതിയാകില്ല. പൂക്കോട് മരണത്തെപ്പറ്റി തെമ്മാടിത്തം എന്ന് പോലും താങ്കള്‍ കമാന്നു ഉരിയാടിയതുമില്ല.അത് കൊല. ഇത് വണ്ടി പതുക്കെ തട്ടിയ സംഭവം. എന്നിട്ടും പൂക്കോട് സംഭവത്തെ അപലപിക്കാതെ എന്തേ കണ്ണ് ഇരാറ്റുപേട്ടയിലേക്ക് എത്തി ?

പൊലീസ് എഴുതി കൊടുക്കുന്നത് കണ്ണുമടച്ചു വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുമ്പോള്‍ താങ്കള്‍ എത്ര മാത്രം തരം താഴുന്നു എന്ന് അറിയാമോ. അറിയാന്‍ വഴിയില്ല. കാരണം താങ്കള്‍ ഇരിക്കുന്ന സീറ്റിന്റെ ഉയരം അത്ര മേലെയാണ്. അവിടേക്ക് ഒരു വിധപെട്ട സത്യങ്ങളൊന്നും കടന്നുവരാന്‍ ധൈര്യപ്പെടുകയില്ല. ജാഗ്രത വേണ്ടത് താങ്കള്‍ക്ക് തന്നെയാണ്. കേരളത്തെ കലാപഭൂമിയാക്കാനുള്ള അത്യുന്നതങ്ങളിലെ ഗുഢാലോചന കണ്ടില്ലെന്ന് നടിച്ചാല്‍ താങ്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിനാണ് കാവല്‍ നില്‍ക്കുന്നതെന്നു ജനം പറയും.

എന്‍ എം സിദ്ദീഖ് എഴുതുന്നു

പതിനേഴാം നൂറ്റാണ്ടിലെ തെക്കന്‍ മലബാറില്‍ നടന്നതെന്ന് ഭാവിക്കുന്ന ഒരു മിത്തിക്കല്‍ ഭ്രമാത്മക കഥയുടെ അത്യന്തം പ്രതീകാത്മക ദൃശ്യ പ്രകരണമാണ് കൊടുമണ്‍ പോറ്റിയുടെ കഥയിലൂടെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറയുന്നത്. ജോണ്‍ ഏബ്രഹാമിന്റെ ‘അമ്മ അറിയാന്‍’ എന്ന സിനിമയ്ക്ക് ശേഷം പൂര്‍ണമായും കറുപ്പിലും വെളുപ്പിലും ചുരുള്‍ നിവരുന്ന ‘ഭ്രമയുഗ’ത്തിന്റെ ഹൈലൈറ്റ് മമ്മൂട്ടിയുടെ പോറ്റിയായും ചാത്തനായുമുള്ള പകര്‍ന്നാട്ടം തന്നെയാണ്.

പുരാതനവും ജീര്‍ണവുമായ കൊടുമണ്‍ മനയിലേക്ക് വഴിതെറ്റി അതിഥിയായെത്തുന്ന പാണനിലൂടെ ഇതിവൃത്തം വികസിപ്പിക്കുകയാണ് തിരക്കഥാകാരന്‍. പോറ്റിയുടെ ആതിഥ്യം തന്റെ സമ്പൂര്‍ണ വിധേയത്വമാണാവശ്യപ്പെടുന്നതെന്ന് ഒട്ടും വൈകാതെ പാണനറിയുന്നു. കീഴാളനായ വെപ്പുകാരന്റെ ദേഹത്ത് തുപ്പുന്ന പോറ്റി പാണനെ പഠിപ്പിക്കുന്നത് അധികാരധാര്‍ഷ്ട്യത്തിന് കീഴൊതുങ്ങണമെന്ന ലളിതയുക്തിയാണ്.

കലിയുഗത്തിന്റെ അപഭ്രംശമായ ഭ്രമയുഗം ഹിംസയുടെ ആഘോഷമാകുന്നുവെന്ന് കൊടുമണ്‍ പോറ്റി ഉപക്രമമായി പറയുന്നുണ്ട്. അധികാരപ്രമത്തതയുടെ, ഏകാധിപത്യവാഴ്ചയുടെ, സവര്‍ണപരതയുടെ, ജാതിമേധാവിത്വത്തിന്റെ ഹിംസാത്മകത ചിത്രത്തിലുടനീളം അഴിഞ്ഞാടുകയാണ്. മൂന്ന് മുഖ്യകഥാഗാത്രങ്ങള്‍ മാത്രം മുഴുനേരം സമീപദൃശ്യങ്ങളുടെ ധാരാളിത്തത്തില്‍ നിറയുന്ന സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഉദ്വേഗമുണ്ടാക്കുന്നതില്‍ വിജയിക്കുന്നു.

പകിടകളിയിലെ ഭാഗ്യമെന്ന ഉദ്വേഗ സന്ദിഗ്ദതയെ കൊടുമണ്‍ പോറ്റി ബുദ്ധിയാല്‍ മറികടക്കുന്നു. പകിടയില്‍ പന്തയത്തിന് മുതലില്ലാത്ത പാണന്റെ സമയമാണ് പണയമായി പോറ്റി ചോദിക്കുന്നത്. പിന്മാറുന്ന പാണന്റെ കൈയില്‍ നിന്ന് പകിട വാങ്ങാനായുന്ന കൈ പിന്‍വലിക്കുന്ന പോറ്റി, പലകയില്‍ കരു വീണല്ലോ എന്ന ഒഴികഴിവില്ലായ്മയിലേക്ക് പാണനെ നയിക്കുന്നു. പിന്നെല്ലാ കളികളിലും പോറ്റി തന്നെ ജയിക്കുന്നു.

കൊടുമണ്‍ പോറ്റിയായി പകര്‍ന്നാടുന്നത് ആറു തലമുറയപ്പുറം മുതുമുത്തച്ഛനായ കാരണവര്‍ തപം ചെയ്താവാഹിച്ച ചാത്തനാണെന്നാണ് വെപ്പുകാരനിലൂടെ പാണന്‍ ഗ്രഹിക്കുന്നത്. പോറ്റിയിലൂടെ പരകായപ്രവേശം നടത്തിയ ചാത്തനാണ് അധികാരമൂര്‍ത്തി. മനയിലെ നിലവറയില്‍ കെടാവിളക്കിന്റെ സാന്നിധ്യത്തിലെ നിധിയാണ് ചാത്തന്റെ സമ്പദ്കേന്ദ്രം. ചാത്തനെ വരുതിയിലാക്കാനും നിധിയപഹരിക്കാനും പോറ്റിയ്ക്ക് കീഴാള സ്ത്രീയിലുണ്ടായ വെപ്പുകാരന്‍ നടത്തുന്ന ഉപജാപവും കൂടിയാണ് ‘ഭ്രമയുഗം’.

അര്‍ജുന്‍ അശോകനും, സിദ്ധാര്‍ത്ഥ് ഭരതനും മമ്മൂട്ടിയ്ക്കൊപ്പം മല്‍സരിച്ചാടുന്ന ഭ്രമയുഗം ഏറിയ അളവില്‍ പ്രതീകവല്‍ക്കരണത്തിന്റെ അത്യുക്തികളിലേക്ക് തെന്നിയെന്നതാണ് എടുത്ത് പറയാവുന്ന ന്യൂനത. എങ്കിലുമത് കഥയാവശ്യപ്പെടുന്ന പരിചരണമാണെന്ന ന്യായവുമുണ്ടാവാം. തിരക്കഥാകൃത്ത് സ്വേച്ഛാധികാരമെന്ന ഹിംസയുടെ ഉന്മാദത്തെ വരയുന്നുവെങ്കിലും ബ്രാഹ്‌മണ്യത്തെ, പിതൃപാരമ്പര്യത്തെ, സവര്‍ണ മാടമ്പിത്തത്തെ ഋജുവായി കരുതുന്ന ചില യുക്തികള്‍ ടി.ഡി രാമകൃഷ്ണനെഴുതിയ സംഭാഷണങ്ങളില്‍ കടന്നുവരുന്നുണ്ട്.

ഡോ. പുത്തൂര്‍ റഹ്‌മാന്‍ എഴുതുന്നു

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആഗതമാവുമ്പോഴെല്ലാം സജീവമാകുന്ന ചര്‍ച്ചയാണ് ‘മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ്’. സംഘശക്തിയും സംഘടനാബലവും നിലവിലെ രാഷ്ട്രീയ പ്രാധാന്യവും വച്ചുനോക്കിയാല്‍ നാലോ അതില്‍ കൂടുതലോ സീറ്റുകളില്‍ മത്സരിക്കുവാനുള്ള ന്യായമായ അര്‍ഹത തീര്‍ച്ചയായും മുസ്‌ലിം ലീഗിനുണ്ട്. 1962ല്‍ കോണ്‍ഗ്രസിനോടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടും ഒറ്റയ്ക്ക് മത്സരിച്ച് രണ്ട് പാര്‍ലമെന്റ് സീറ്റുകള്‍ നേടിയ മുസ്‌ലിം ലീഗിന്, ആറു പതിറ്റാണ്ടുകള്‍ക്കിപ്പുറം ഐക്യ ജനാധിപത്യ മുന്നണിയിലെ നിര്‍ണായക കക്ഷിയായി നിലകൊള്ളുമ്പോഴും രണ്ട് സീറ്റിലധികം മത്സരിക്കാന്‍ അവസരം ലഭിക്കുന്നില്ല എന്ന വസ്തുത ഖേദകരമാണ്.

കേരള രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രാധാന്യവും മുന്നണി ബലതന്ത്രത്തില്‍ മുസ്‌ലിം ലീഗിന്റെ സ്ഥാനവും ചെറുതല്ല. കേവലം രണ്ട് എംഎല്‍എ മാത്രമുള്ള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും ഒരു എംഎല്‍എ പോലുമില്ലാത്ത ആര്‍എസ്പിക്കും ഓരോ പാര്‍ലമെന്റ് സീറ്റ് വീതം അനുവദിക്കുമ്പോള്‍, 15 എംഎല്‍എമാരും ആയിരകണക്കിന് ജനപ്രതിനിധികള്‍ ത്രിതല പഞ്ചായത്ത്/മുന്‍സിപാലിറ്റി/ കോര്‍പറേഷനുകളിലുള്ള മുസ്‌ലിം ലീഗിന് കേവലം രണ്ട് സീറ്റുകളില്‍ മാത്രമാണ് മത്സരിക്കാന്‍ അവസരം കിട്ടുന്നത്. ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നില്ല എന്നതാണ് വാസ്തവത്തില്‍ ഔദാര്യം.

ഇടതുമുന്നണിയില്‍ സംഘടന ശക്തിയില്‍ മുസ്‌ലിം ലീഗിനേക്കാള്‍ എത്രയോ പിന്നിലുള്ള സി.പി.ഐക്ക് ലഭിക്കുന്നത് 4 സീറ്റുകളാണ് എന്ന വസ്തുത കൂടി കണക്കിലെടുത്താല്‍ മുസ്‌ലിം ലീഗിനു കൂടുതല്‍ സീറ്റുകള്‍ എന്നതാണ് നീതിയെന്നും അത് ലീഗിന്റെ അവകാശമാണെന്നും ആര്‍ക്കും മനസ്സിലാവും. മോദി ഭരണകൂടം മൂന്നാമൂഴത്തിന് ആയുധം മൂര്‍ച്ച കൂട്ടുന്ന ഇന്ത്യയില്‍, മുസ്‌ലിം അതിജീവനം ദിനംപ്രതി ദുഷ്‌കരമാവുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍, മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രസക്തി കൂടി വരുന്നു എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. മുസ്‌ലിം രാഷ്ട്രീയ ചോദ്യങ്ങളോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ പലപ്പോഴും ‘മുഖ്യധാര മതേതര’ കക്ഷികള്‍ മടികാട്ടുമ്പോള്‍, ‘ഒന്നുമില്ലെങ്കിലും ഞങ്ങള്‍ക്ക് ഒരുമിച്ച് കരയാനെങ്കിലും ഒരു വേദി വേണമെന്ന്’ ഖാഇദേ മില്ലത്ത് ഇസ്മായില്‍ സാഹിബ് അന്ന് പറഞ്ഞതിന്റെ പ്രസക്തി കൂടുതല്‍ വെളിവാകുകയാണ്.

അതുകൊണ്ട് കേരളത്തിലെ പ്രിയ കോണ്‍ഗ്രസ് നേതൃത്വത്തോട് ഉണര്‍ത്താനുള്ളത്, എല്ലാ പ്രാവശ്യത്തേയും പോലെ മുസ്‌ലിം ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് പരസ്യമായി സമ്മതിച്ചും ലീഗിന്റെ രാഷ്ട്രീയ ബലത്തെ പുകഴ്ത്തിയും സീറ്റ് തരാതിരിക്കുന്ന നിലപാട് ഇത്തവണ ആവര്‍ത്തിക്കരുതെന്നാണ്. നിങ്ങള്‍ തന്നെ അംഗീകരിക്കുന്ന ന്യായമായ അര്‍ഹത മാത്രമാണ് മുസ്ലിം ലീഗ് നേതൃത്വവും അണികളും ആവശ്യപ്പെടുന്നത്. അവകാശം ചോദിക്കുന്ന ഘടകകക്ഷിയോട് മുഖം തിരിക്കുന്ന അവിവേകം യു.ഡി.എഫ് നേതൃത്വത്തില്‍ നിന്ന് ഇത്തവണയും ഉണ്ടാവാതിരിക്കട്ടെ എന്നാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ വിനീതമായ അഭ്യര്‍ഥന.

ശ്രീജ നെയ്യാറ്റിൻകര എഴുതുന്നു

ബലാൽസംഗം രാഷ്ട്രീയ അജണ്ടയാക്കിയ ആർ എസ്‌ എസ്‌ ഭീകരന്മാരിൽ 11 ഭീകരന്മാർ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വീണ്ടും ജയിലിലേക്ക് പോകുന്ന സാഹചര്യത്തിൽ ചിലത് പറയാതിരിക്കാനാകില്ല. ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളെ ആർ എസ്‌ എസ്‌ സ്വാധീനം കൊണ്ട് മാത്രം ജയിലിൽ നിന്ന് മോചിപ്പിച്ച അനീതിയെ ചോദ്യം ചെയ്യാൻ മുന്നോട്ട് വന്ന ബിൽക്കീസ് ബാനുവിനും, അവർക്കൊപ്പം നിലകൊണ്ട ഇന്ത്യയിലെ സ്ത്രീ ആക്ടിവിസ്റ്റുകൾക്കും, ഇന്ത്യയിലെ മതേതര വിശ്വാസികളായ നീതി വാദികൾക്കും സമാധാനം നൽകുന്ന കോടതി വിധി ഉണ്ടായിരിക്കുകയാണല്ലോ.

ആർ എസ്‌ എസ്‌ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഗുജറാത്ത് കലാപം മതേതര ഇന്ത്യക്ക്‌ മറക്കാവുന്നതല്ല .. കലാപത്തിൽ ഹിന്ദുത്വ ഭീകരത ബിൽക്കീസ് ബാനുവിനോട് ചെയ്ത ക്രൂരത മതേതര ജനത മറക്കില്ല. 5 മാസം ഗർഭിണിയായ ബിൽക്കീസ് ബാനുവിനെ ബലാൽസംഗം ചെയ്ത ഹിന്ദുത്വ ഭീകരത. ബിൽക്കീസ് ബാനുവിന്റെ 3 വയസുള്ള പെൺ കുഞ്ഞിനെ അവരുടെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി ഭിത്തിയിലെറിഞ്ഞ് കൊന്ന ഹിന്ദുത്വ ഭീകരത. ബിൽക്കീസ് ബാനുവിന്റെ കുടുംബാംഗങ്ങളായ 7 സ്ത്രീകളെ ബലാൽസംഗം ചെയ്ത് കൊന്ന ഹിന്ദുത്വ ഭീകരത.
ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ 14 മനുഷ്യരുടെ ജീവനുകളാണ് ഹിന്ദുത്വ ഭീകരത അപഹരിച്ചത്.
ബോംബൈ ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ച ബലാൽസംഗ വീരന്മാരും കൊലപാതകികളുമായ ഈ കൊടും കുറ്റവാളികളെയാണ് , അഥവാ ഹിന്ദുത്വ ഭീകരരെയാണ് 2022 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിന് നല്ല നടപ്പ് പരിഗണിച്ച് ഗുജറാത്ത് സർക്കാർ ജയിലിൽ നിന്ന് മോചിപ്പിച്ചത്.

ഈ കൊടും ക്രിമിനലുകളെ വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ ജയിലിന് പുറത്ത് മാലയിട്ട് , മധുരം നൽകി, കാലിൽ വീണ് സ്വീകരിച്ചതും, ബ്രാഹ്മണർ ആയത് കൊണ്ട് ഇവർക്ക് നല്ല സംസ്കാരമുണ്ടെന്ന് ഗുജറാത്തിലെ ഗോദ്ര ബി ജെ പി എം എൽ എ റൗൾജി പ്രസംഗിച്ചതും ഒട്ടും പഴക്കമല്ലാത്ത ചരിത്രമാണ്. ഈ കൊടും കുറ്റവാളികൾ ജയിലിൽ നിന്നിറങ്ങിയപ്പോൾ ബിൽക്കീസ് ബാനു എന്ന മുസ് ലിം പൗരി നടത്തിയൊരു പ്രസ്താവനയുണ്ട്. അതിങ്ങനെയായിരുന്നു:- “ആരേയും ഭയപ്പെടാതെ സമാധാനത്തോടെ ജീവിക്കാനുള്ള എന്റെ അവകാശത്തെ എനിക്ക് തിരിച്ചു തരണം ദയവായി ഞാനും എന്റെ കുടുംബവും സുരക്ഷിതരാണ് എന്ന് ഉറപ്പ് വരുത്തണം” .. ഈ വാക്കുകൾ പറഞ്ഞു കൊണ്ടാണ് ബിൽക്കീസ് ബാനു വീണ്ടും നിയമ പോരാട്ടത്തിനിറങ്ങിയത്.

വംശഹത്യ രാഷ്ട്രീയ അജണ്ടയാക്കിയ, ബലാൽസംഗം പൊളിറ്റിക്കൽ ടൂളാക്കിയ, സവർണ സാംസ്കാരിക ദേശീയത ലക്ഷ്യം വയ്ക്കുന്ന, മുസ് ലിം സ്ത്രീകളെ ബലാൽസംഗം ചെയ്തും കൊന്നും അഭിരമിക്കുന്ന ഭീകരന്മാരെ നോക്കി അവർ ബ്രാഹ്മണർ ആയത് കൊണ്ട് സംസ്കാരമുള്ളവർ ആണെന്ന് യാതൊരുളുപ്പുമില്ലാതെ പ്രസംഗിക്കുന്ന, മുസ് ലിം പിഞ്ചു കുഞ്ഞിനെ നിലത്തടിച്ചു കൊല്ലുന്ന ബ്രാഹ്മണൻമാർ ആദരിക്കപ്പെടേണ്ടവരായിരിക്കുമെന്ന് കരുതുന്ന, ശുദ്ധ വെജിറ്റേറിയന്മാരായ ബ്രാഹ്മണൻമാർ മുസ് ലിംകളെ കൊന്ന് ചോര കുടിക്കുമ്പോൾ അതവരുടെ ‘നല്ല’ സംസ്കാരമാണ് എന്ന് സർട്ടിഫിക്കറ്റ് നൽകുന്ന ഹിന്ദുത്വ പൊതുബോധത്തോടാണ് ബിൽക്കീസ് ബാനു പൊരുതിയത് .. ഭീകരത വാഴുന്ന ഒരു രാജ്യത്ത് നിന്നു കൊണ്ടാണ് ബിൽക്കീസ് ബാനു ഭയമില്ലാതെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം നൽകണമെന്ന് അന്ന് ആവശ്യപ്പെട്ടത്. ക്രൂര ബ്രഹ്മണ്യത്തിന്റെ പൂണൂൽ രാഷ്ട്രീയത്തിന്റെ ഇരയാണ് ബിൽക്കീസ് ബാനു എന്ന മുസ് ലിം സ്ത്രീ.

കോടതി പോലും അവരോട് ക്രൂരത ചെയ്തതല്ലേ? ഇന്നത്തെ കോടതി വിധിയിൽ നമ്മൾ സമാധാനിക്കുമ്പോൾ ഇന്ത്യയിലെ പരമോന്നത നീതിപീഠം അവരോട് കാണിച്ച ക്രൂരത പ്രത്യേകിച്ചും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അവരോട് പറഞ്ഞ വാക്കുകൾ കൂടെ മറക്കാതെ ഓർക്കപ്പെടേണ്ടതല്ലേ? ബിൽക്കീസ് ബാനുവിന്റെ മൂന്ന് വയസുള്ള മകളേയും ഏഴ് സ്ത്രീകളേയും ഉൾപ്പെടെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തിയ കേസിലെ 11 പ്രതികളെ ശിക്ഷാ കാലാവധി അവസാനിക്കും മുൻപ് ഗുജറാത്തിലെ ഫാഷിസ്റ്റ് ഭരണകൂടം കേന്ദ്ര ഫാസിസ്റ്റ് സർക്കാരിന്റെ ഒത്താശയോടെ ജയിൽ മോചിതരാക്കിയ കൊടും അനീതിയെ ചോദ്യം ചെയ്തു കൊണ്ട് ബിൽക്കീസ് ബാനു സുപ്രീം കോടതിയിൽ സമർപ്പിച്ച പുനഃപരിശോധന ഹരജിയിന്മേൽ കോടതി രൂക്ഷവിമർശനം നടത്തുകയും തുടർന്നവരുടെ ഹരജി തള്ളുകയും ചെയ്തത് എങ്ങനെ മറക്കും?

നോക്കൂ ഇത് ഇന്ത്യയല്ലേ. ഭരണഘടന നിലനിൽക്കുന്ന ജനാധിപത്യ രാജ്യമല്ലേ. അവിടെ ഹിന്ദുത്വ ഭീകരവാദികളാൽ ബലാൽസംഗം ചെയ്യപ്പെട്ടൊരു സ്ത്രി തന്നെ ദ്രോഹിച്ച കൊടും ക്രിമിനലുകളെ വെറുതേ വിട്ട നടപടിക്കെതിരെ നീതി തേടി കോടതിയെ സമീപിച്ചപ്പോൾ ഹരജി പരിഗണിക്കുന്ന ബഞ്ചിൽ നിന്ന് ജഡ്ജി പിന്മാറിയത് അനീതിയല്ലേ? പുതിയ ബഞ്ച് രൂപീകരിച്ച് തന്റെ ഹരജി പരിഗണിക്കണം എന്നാവശ്യപ്പെടുന്ന, കൂട്ട ബലാൽസംഗത്തിനിരയായ ഒരു പാവം സ്ത്രീയോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അതി ക്രൂരമായി പെരുമാറിയത് അനീതിയല്ലേ?

“ഇത് ഭയങ്കര ശല്യമാണ് ” എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ബിൽക്കീസ് ബാനുവിന്റെ വക്കീലിനോട് പറഞ്ഞത് മറന്നു കൊണ്ട് ഇന്നത്തെ സുപ്രീം കോടതി വിധിയെ നീതിബോധമുള്ള മനുഷ്യർ എങ്ങനെ സമീപിക്കും?
തന്റെ 3 വയസുള്ള പെൺകുഞ്ഞിനെ ഭിത്തിയിലെറിഞ്ഞു കൊന്ന, തന്റെ കുടുംബത്തിലെ 7 സ്ത്രീകളെ കൂട്ടബലാൽസംഗം ചെയ്ത് കൊന്ന, ഗർഭിണിയായ തന്നെ ബലാൽസംഗം ചെയ്ത, സ്ത്രീകളെയടക്കം തന്റെ കുടുംബത്തിലെ 14 പേരെ കൊന്ന കൊടും കുറ്റവാളികളെ, ഹിന്ദുത്വ ഭീകരരെ വെറുതേ വിടാൻ പാടില്ലായെന്ന് ഇരയായ സ്ത്രി അപേക്ഷിക്കുന്നത് ഹിന്ദുത്വ ഇന്ത്യയിലെ നീതിപീഠത്തിന് ശല്യമായിരുന്നു എന്നത് ചരിത്രമാണ്.

ബിൽക്കീസ് ബാനുവിന്റെ നീതിക്ക് വേണ്ടി അഥവാ ശിക്ഷിക്കപ്പെട്ട കൊടും കുറ്റവാളികളുടെ മോചനത്തിനെതിരെ സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും, തൃണമൂൽ കോൺഗ്രസ് മുൻ എം പി മഹുവ മൊയ്ത്രയും നൽകിയ ഹരജികളിന്മേൽ ഗുജറാത്ത് സർക്കാർ നൽകിയ സത്യവാങ്മൂലമാണ് രസം ജയിലിൽ കിടന്ന കാലയളവിൽ പ്രതികൾ നല്ല പെരുമാറ്റമായിരുന്നത്രെ.. ഗർഭിണിയെ പോലും ബലാൽസംഗം ചെയ്ത കേസിലെ പ്രതികൾ, 14 മനുഷ്യരെ കൊന്നു കളഞ്ഞ പ്രതികൾ, പിഞ്ചു കുഞ്ഞിനെ ഭിത്തിയിലടിച്ച് കൊന്ന പ്രതികൾ .. ഇവർ ജയിലിൽ വച്ച് നന്നായി പെരുമാറിയത് കൊണ്ട് അവരെ വെറുതേ വിടുന്ന അനീതിയെ നമ്മൾ വിളിക്കുന്ന പേരാണ് പേര് നീതിന്യായ വ്യവസ്ഥ.

പ്രതികൾ ബ്രാഹ്മണർ ആയതു കൊണ്ട് അവർ കുറ്റം ചെയ്യില്ലെന്ന സംഘ പരിവാർ നേതാവിന്റെ അതേ സ്വരമാണ് അന്ന് പരമോന്നത നീതി പീഠത്തിനുമുണ്ടായിരുന്നത്. എന്നാൽ ഇന്നത്തെ വിധി ആ നിലപാടിൽ മാറ്റം വരുത്തിയിരിക്കുന്നു എന്ന് വേണം കരുതാൻ. ബിൽക്കീസ് ബാനുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ആർ എസ്‌ എസ്‌ ഭീകരതയ്‌ക്കെതിരെ ചില പെണ്ണുങ്ങൾ പൊരുതി നേടിയ വിധിയാണിത്.

ആ പെണ്ണുങ്ങൾ ഇവരാണ്

സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, മുൻ തൃണമൂൽ കോൺഗ്രസ് എം പി മഹുവാ മൊയ്ത്ര, മാധ്യമ പ്രവർത്തക രേവതി ലോൾ, ആക്ടിവിസ്റ്റ് രൂപ് രേഖ് വർമ. രൂപ് രേഖ് വർമയെ ഓർമയുണ്ടാകുമല്ലോ അല്ലേ? ഫാഷിസം വേട്ടയാടിയ മാധ്യമ പ്രവർത്തകൻ സിദ്ദിഖ്‌ കാപ്പന് വേണ്ടി ജാമ്യം നിന്ന കരുത്തുറ്റ സ്ത്രി.

ഈ പെണ്ണുങ്ങളുടെ പോരാട്ട വീര്യത്തിനു മുന്നിൽ, ആർജവത്തിന് മുന്നിൽ ചൂളി നിൽക്കുന്ന ഒരുവനും അവന്റെ പ്രത്യയ ശാസ്ത്രവുമുണ്ടീ രാജ്യത്ത്, നരേന്ദ്രമോദിയും മനുസ്മൃതിയും .

പി കെ നിയാസ് എഴുതുന്നു

കെ കെ നായരും കെ കെ മുഹമ്മദും തമ്മിൽ എന്താണ് ബന്ധം? രണ്ടുപേരും മലയാളികളാണ് എന്നതിനൊപ്പം സംഘപരിവാറിന് കഞ്ഞി വെച്ചവരുമാണ്. ബാബരി മസ്ജിദിൽ വിഗ്രഹം പ്രതിഷ്ഠിച്ച് തൽസ്ഥാനത്ത് രാമ ക്ഷേത്രം പണിയാനുള്ള പദ്ധതിയാണ് കണ്ടംകുളം കൃഷ്ണകുമാർ കരുണാകരൻ നായർ എന്ന കെ.കെ.നായർ ‘ശിലാന്യാസം’ നടത്തി വിജയിപ്പിച്ചതെങ്കിൽ, ബാബരിക്ക് പുറമേ വാരണസിയിലെ ഗ്യാൻവാപി മസ്ജിദും മഥുരയിലെ ഈദ് ഗാഹ് മസ്ജിദും സംഘപരിവാറിന് തീറെഴുതി കൊടുക്കാനുള്ള ഗൂഢ പദ്ധതിക്കാണ് കരിങ്ങാമണ്ണ് കുഴിയിൽ മുഹമ്മദ്‌ എന്ന കെ കെ മുഹമ്മദ് അരങ്ങൊരുക്കുന്നത്.

1949ൽ ബാബറി മസ്ജിദിനുള്ളിൽ രാമ വിഗ്രഹം സ്ഥാപിച്ചതിന് പിന്നിൽ പ്രവർത്തിച്ചത് കെ. കെ. നായർ എന്ന മലയാളിയായിരുന്നു. ഹിന്ദു-മുസ്‌ലിം കലാപങ്ങൾ, ബാബരി മസ്ജിദ് തകർക്കപ്പെട്ടത്, പള്ളി നിലനിന്ന സ്ഥലം പരമോന്നത കോടതി ഹിന്ദുക്കൾക്ക് സമ്മാനിച്ചത്, അവിടെ അന്യായമായി രാമക്ഷേത്രം നിർമിച്ചത് തുടങ്ങി ഇന്ത്യൻ മതേതരത്വത്തിന്റെ അടിവേരറുത്ത സകല പ്രവർത്തനങ്ങൾക്കും കാരണക്കാരനാണ് 1907ൽ ആലപ്പുഴയിലെ കൈനകരിയിൽ ജനിച്ച് 1977ൽ മരിച്ച കെ.കെ.നായർ.

ഐസിഎസ് ഉദ്യോഗസ്ഥനായിരുന്ന നായർ 1947ൽ ജോലിയുടെ ഭാഗമായി യു പിയിലെ ഗോണ്ടയിൽ എത്തിയത് മുതൽ ഹിന്ദുത്വ ആശങ്ങൾ പുറത്തെടുക്കാൻ തുടങ്ങി. ബൽറാംപൂർ ഭരണാധികാരി മഹാരാജാ പതേശ്വരി പ്രസാദ് സിങ്, മഹന്ത് ദിഗ്വിജയ് നാഥ് എന്നിവരുമായി സുഹൃദ്ബന്ധം സ്ഥാപിച്ചതോടെ ഇത് ശക്തിപ്പെട്ടു. ‘വിദേശാധിപത്യത്തിൽ നശിപ്പിക്കപ്പെട്ട ഹൈന്ദവ ആരാധനാലയങ്ങൾ തിരികെ പിടിക്കണ’ മെന്ന വി.ഡി സർവർക്കറുടെ ആശയം നടപ്പാക്കൽ ആയിരുന്നു ആദ്യ പടി.

1949ജൂൺ ഒന്നിന് ഫൈസാബാദിൻറെ ഡെപ്യൂട്ടികമ്മിഷണറും ജില്ലാ മജിസ്ട്രേ റ്റുമായി നിയമിതനായ കെ.കെ നായർ, സുഹൃത്തും ഫൈസാബാദ് സിറ്റി മജിസ്ട്രേട്ടുമായ ഗുരു ദത്തുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയിലൂടെയാണ് 1949 ഡിസംബർ 22 ന് ബാബറി മസ്ജിദിനുള്ളിൽ രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടത്.
അയോധ്യ ഉറങ്ങുകയായിരുന്ന ആ രാത്രി, രാമവിഗ്രഹവുമായെത്തിയവരെ നായർ അനുഗമിച്ചു എന്നു വരെ റിപ്പോർട്ടുകളുണ്ട്. പള്ളിയുടെ സമ്പൂർണ നിയന്ത്രണം വർഗീയവാദികൾ ഏറ്റെടുത്ത ശേഷം മാത്രമാണ് അങ്ങേയറ്റം പ്രകോപനപരമായ ഈ നടപടി ലഖ്‌നോവിലെ മേലധികാരകിളെ നായർ അറിയിച്ചത്. പൊലീസ് എത്തുമ്പോൾ ഭജന ആലപിച്ചിരുന്നത് കെ.കെ.നായരുടെ ഭാര്യ ശകുന്തള നായരുടെ നേതൃത്വത്തിലായിരുന്നു!

വിഗ്രഹം നീക്കം ചെയാനും ഹിന്ദുക്കളെ അവിടെനിന്ന് ഒഴിപ്പിക്കാനും ആവശ്യപ്പെട്ട് യു പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും നൽകിയ ഉത്തരവുകൾ നടപ്പാക്കാൻ വിസമ്മതിച്ച നായർ, സ്വന്തം നിലക്ക് മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചു. രാമ വിഗ്രഹത്തിന് ദൈനംദിന പൂജാ കർമ്മങ്ങൾ നിർവഹിക്കാനായി സ്ഥിരം പുരോഹിതനെ നിയമിക്കാനും അയാളുടെ ശമ്പളം സ്റ്റേറ്റ് നൽകണമെന്നുമായിരുന്നു ഉത്തരവ്! ഇതിനു പുറമെ, ബാബറി മസ്ജിദ് വളപ്പ് ഏറ്റെടുത്ത് അയോധ്യ മുനിസിപ്പൽ കോർപറേഷന്റെ റിസീവർ ഭരണത്തിലാക്കുകയും ചെയ്തു.

നെഹ്റുവിന്റെ ഉത്തരവിനെ തുടർന്ന് നായരെ സസ്പെൻഡ് ചെയ്തെങ്കിലും കോടതിയെ സമീപിച്ച് അദ്ദേഹം സർവീസിൽ തിരികെ കയറി. കെ.കെ നായരുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ രാമവിഗ്രഹം സ്ഥാപിക്കാനാകുമായിരുന്നില്ലെന്ന് നിരവധിയാളുകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
1952ൽ ഹിന്ദു മഹാസഭ സ്ഥാനാർഥിയായി ശകുന്തള നായർ ഗോണ്ട മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്കും 1962ൽ ജനസംഘം ടിക്കറ്റിൽ കെ. കെ. നായർ യുപി നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1967ൽ ബഹ്റെയ്ച്ച് മണ്ഡലത്തിൽ നിന്ന് ജനസംഘം സ്ഥാനാർത്ഥിയായി ലോക്സഭയിലേക്കും ജയിക്കുകയുണ്ടായി നായർ.

ബാബരി മസ്ജിദിന് പുറമേ കാശിലെയും മഥുരയിലെയും പള്ളികൾ കൂടി സംഘപരിവാറിന്റെ ഉള്ളം കയ്യിൽ വച്ചുകൊടുക്കാൻ ഓവർടൈം പണിയെടുത്തുകൊണ്ടിരിക്കുകയാണ് കെ കെ മുഹമ്മദ്. അയോധ്യയിലേതിന് സമാനമായി ഹിന്ദുത്വ സംഘടനകൾ അവകാശവാദമുന്നയിക്കുന്ന വരാണസിയിലെ ഗ്യാൻവാപി പള്ളിയും മഥുരയിലെ കോംപ്ലക്‌സും മുസ്ലീങ്ങൾ വിട്ടുകൊടുക്കണമെന്നാണ് മംഗലൂരു ലിറ്റ് ഫെസ്റ്റിവലിലെ ‘എക്‌സ്‌കവേറ്റിംഗ് ട്രൂത്ത്’ എന്ന സെഷനിൽ പങ്കെടുത്ത് കെ.കെ. മുഹമ്മദിന്റെ ഏറ്റവും ഒടുവിലത്തെ ഉപദേശം.

ബാബരി മസ്ജിദ് നിലനിന്ന ഭൂമിയിൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ബി ബി ലാലിന്റെ സംഘത്തിൽ താനും ഉൾപ്പെട്ടിരുന്നുവെന്ന നുണ എഴുന്നള്ളിച്ചയാളാണ് ഇദ്ദേഹം. ബാബരി മസ്ജിദിന്റെ അടിയിൽ വിഷ്ണു ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന് തെളിവുകൾ കണ്ടെത്തിയിരുന്നതായി ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നൽകിയ അഭിമുഖത്തിൽ കെ കെ മുഹമ്മദ് അവകാശപ്പെട്ടിരുന്നു.
എന്നാൽ, ബി ബി ലാലിന്റെ ഉൽഖനനത്തിൽ തൂണുകളോ തൂണുകളുടെ തറകളോ കണ്ടെത്തിയെന്ന വാദം തെറ്റാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ എസ് ഐ) ഒരു റിപോർട്ടിലും ഇതേക്കുറിച്ച് പറയുന്നില്ല
എ എസ് ഐ പ്രസിദ്ധീകരിച്ച ബി ബി ലാലിന്റെ റിപോർട്ടിലാവട്ടെ, കെ കെ മുഹമ്മദിന്റെ പേര് പോലും പരാമർശിക്കുന്നില്ല.

ഉൽഖനനം നടന്നത് 1976 മുതൽ 1979വരെയുള്ള വർഷങ്ങളിലാണ്. 1975ൽ ബിരുദാനന്തര ബിരുദം നേടിയ മുഹമ്മദ്‌ 1976-77ലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്ന് പുരാവസ്തു ഗവേഷണത്തിൽ ഡിപ്ലോമ കരസ്ഥമാക്കിയത്. 1978ൽ റിസർച്ച് അസിസ്റ്റന്റ് ആയി നിയമിതനായ അദ്ദേഹം 1979ലാണ് ഈ പദവിയിൽ സ്ഥിരപ്പെട്ടത്. ചരിത്ര ഡിപാർട്ട്‌മെന്റിലെ പുരാവസ്തു വിഭാഗത്തിൽ റിസർച്ച് അസിസ്റ്റന്റായി നിയമിതനായ അദ്ദേഹം ക്രമേണ അസിസ്റ്റന്റ് ആർക്കിയോളജിസ്റ്റായി മാറി. 1988 വരെ ഈ പദവിയിൽ ഉണ്ടായിരുന്ന കെ കെ മുഹമ്മദ് തുടർന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ എത്തിയത്.

1976 മുതൽ 79വരെ നടന്ന ബി ബി ലാലിന്റെ ഉൽഖനന സംഘത്തിൽ അദ്ദേഹം എങ്ങനെയാണ് അംഗമാവുക? ഉൽഖനന സമയത്ത് അദ്ദേഹം സംഭവ സ്ഥലം സന്ദർശിച്ചിരിക്കാനിടയുള്ള ഏക സാധ്യത വിദ്യാർഥിയെന്ന നിലയിൽ പ്രാക്ടിക്കലിന്റെ ഭാഗമായി ആയിരിക്കും. അത് മൂന്നോ നാലോ ദിവസത്തേക്കു മാത്രമുള്ളതാണ്. അതിനാൽ, ബി ബി ലാലിന്റെ സംഘത്തിലെ ഏക മുസ്ലിം അംഗമായിരുന്നു താൻ എന്ന അദ്ദേഹത്തിന്റെ വാദം നുണയാണ്.
സർവേ പൂർത്തിയാക്കി ബി ബി ലാൽ റിപ്പോർട്ടും സമർപ്പിച്ച് വർഷങ്ങൾ കഴിഞ്ഞാണ് ‘വിവാദ ഭൂമിയിൽ ഖനനവും പര്യവേക്ഷണവും നടത്തുന്നതിനിടെ പൗരാണിക ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടിരുന്നു’ എന്ന വെളിപ്പെടുത്തൽ കെ കെ മുഹമ്മദ് നടത്തുന്നത്. എന്നാൽ, അവശിഷ്ടങ്ങൾ പരിശോധിച്ച ആർക്കിയോളജിക്കൽ സർവ്വേയിലെ മറ്റു ചില വിദഗ്ധർ പറഞ്ഞത്, കണ്ടെടുക്കപ്പെട്ട സാമ്പിളുകൾ ഹൈന്ദവ ക്ഷേത്രാവശിഷ്ടങ്ങളാണോ എന്നുറപ്പിച്ചു പറയാനാകില്ല എന്നായിരുന്നു.

അയോധ്യയിലെ തർക്കമന്ദിരത്തിന്റെ പന്ത്രണ്ടോളം തൂണുകളുടെ താഴ്ഭാഗത്ത് എ.ഡി. 11-12 കാലഘട്ടങ്ങളിലെ ക്ഷേത്രങ്ങളിൽ കണ്ടുവരാറുള്ള ‘പൂർണ കലശം’ കൊത്തിവച്ചിട്ടുണ്ടെന്നും അവിടെ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് ഇതാണ് തെളിവെന്നും ‘മാതൃഭൂമി ബുക്‌സ്’ പ്രസിദ്ധീകരിച്ച ‘ഞാനെന്ന ഭാരതീയൻ’ എന്ന ഇദ്ദേഹത്തിന്റെ ആത്മകഥയിൽ പറയുന്നുണ്ട്. കേരളീയർ മാത്രമല്ല ഇന്ത്യയിലെ മുഴുവൻ ജനങ്ങളും വായിക്കേണ്ടതാണ് ഈ ആത്മകഥയെന്ന സർട്ടിഫിക്കറ്റ് നൽകിയതാവട്ടെ, സംഘപരിവാരത്തിന്റെ കണ്ണിലെ കൃഷ്ണമണിയായ ഹമീദ് ചേന്നമംഗല്ലൂരും.

കെ കെ നായർ ആരംഭിച്ച ഗൂഢ പദ്ധതിയുടെ പൂർത്തീകരണത്തിന് പരിശ്രമിക്കുന്ന കെ കെ മുഹമ്മദിനെ സംഘപരിവാർ കൊണ്ടു നടക്കുന്നുണ്ട്. ഇദ്ദേഹം മലയാളത്തിൽ മൊഴിയുന്നത് ക്ഷണ നേരം കൊണ്ടാണ് സംഘപരിവാർ പ്രൊഫൈലിലൂടെ ഇന്ത്യയൊട്ടുക്കും വ്യാപിക്കുന്നത്. 2019ൽ നാഗ്പൂരിൽ ആർ എസ് എസ് സ്ഥാപകൻ ഡോ. കെ ബി ഹെഡ്‌ഗെവാറിന്റെ സ്മൃതി മന്ദിരം സന്ദർശിച്ച് തന്റെ ഐക്യദാർഢ്യം കെ കെ മുഹമ്മദ് പ്രഖ്യാപിച്ചിരുന്നല്ലോ.

നൗഷാദ് കുനിയിൽ എഴുതുന്നു

കഴിഞ്ഞ ദശകത്തിൻറെ തുടക്കം. റിയാദിലെ ഒരു വാരാന്ത സായന്തനം. സായന്തന കാറ്റേറ്റ് റമാദ് ഹോട്ടലിന്റെ വരാന്തയിൽ പ്രിയപ്പെട്ട അശ്‌റഫ് തങ്ങളോടൊപ്പം വിശിഷ്ടനായൊരു മനുഷ്യനെ കാത്തിരിക്കുകയാണ് ഞങ്ങൾ. തങ്ങൾ ഞങ്ങൾ കാത്തിരിക്കുന്ന അതിഥിയെക്കുറിച്ച് ഞങ്ങളോട് വാചാലനായി. ഞങ്ങൾ തങ്ങളെ കേൾക്കാനായി കാതുകൂർപ്പിച്ചു. തങ്ങൾ പറഞ്ഞുകൊണ്ടിരുന്നു… കേട്ടിട്ടും കേട്ടിട്ടും മതിവരാതെ, മടിവരാതെ ഞങ്ങൾ തങ്ങളെ കേട്ടുകൊണ്ടേയിരുന്നു.

മിനിറ്റുകൾക്കകം, അഭൗമമായൊരു പ്രഭാവലയം മുഖത്ത് പ്രശോഭ വിടർത്തി, വശ്യസുന്ദരമായൊരു പുഞ്ചിരി വിതറി ഒരു മനുഷ്യൻ കാറിൽ നിന്നിറങ്ങി. “ജമാൽ സാഹിബ് എത്തി…” തങ്ങൾ പറഞ്ഞു. ഞങ്ങൾ കാറിനടുത്തേക്ക് നടന്നു. ഓരോരുത്തരേയും കൈപിടിച്ച് സലാം പറഞ്ഞു. ഭൂമിക്ക് നോവുമോ എന്ന് പേടിക്കുന്ന പോലെ സൗമ്യസുന്ദരമായ നടത്തം… വെളുപ്പിനെ തോൽപ്പിക്കുന്ന ശുഭ്രതയാർന്ന വസ്ത്രം. മുത്തുമണികൾ കിലുങ്ങുന്നപോലുള്ള മൊഴിമുത്തുകൾ നിറഞ്ഞ പതിഞ്ഞ സ്വരം…

ഹ്രസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയതാണ് ജമാൽ മുഹമ്മദ് സാഹിബ്. അനാഥകൾ എന്ന സംജ്ഞയുടെ കേവലാർഥങ്ങളെ പൊളിച്ചെഴുതിയ മഹാമനീഷി… അനാഥത്വത്തിന് സനാഥത്വമെന്നൊരു അർഥപരികല്പനയുടെ സാധ്യത സമൂഹത്തെ ബോധ്യപ്പെടുത്തിയ കർമയോഗികളിൽ ഒരാൾ! ഗ്രെയ്‌സ് റിയാദ് ചാപ്റ്ററിലെ പ്രവർത്തകരോട് സംസാരിക്കാനുള്ള ക്ഷണത്തെ സ്നേഹപൂർവം സ്വീകരിച്ചുകൊണ്ടാണ് ജമാൽ സാഹിബ് ആ വൈകുന്നേരം, പറഞ്ഞ നേരത്തിൽ നിന്നും ഇത്തിരിപോലും വൈകാതെ എത്തിയത്!
ജമാൽ സാഹിബ് പറഞ്ഞുതുടങ്ങി. കട്ടിയുള്ള പുരികങ്ങൾക്കു താഴെ ആഴമേറിയ കണ്ണുകൾ. എഡിറ്റു ചെയ്തുള്ള സംസാരം. തുടരുന്ന സംസാരമധ്യേ അദ്ദേഹം “എൻറെ വീട്ടിലെ മക്കൾക്ക് ഞാൻ ഉപ്പയാണ്. ഓർഫനേജിലെ എൻറെ കുഞ്ഞുങ്ങൾക്കും ഞാൻ ഉപ്പയാണ്…”. എന്തൊക്കെയോ ഓർത്തെടുക്കുന്നപോലെ അദ്ദേഹം നിശ്ശബ്ദനായി. കട്ടിയുള്ള കണ്ണടകൾക്ക് പിറകിലുള്ള കയമുള്ള കണ്ണുകളിൽനിന്നും ജലമൊഴുകി. മികച്ച വായനക്കാരനും അപൂർവസുന്ദരങ്ങളായ പദങ്ങളുടെ മഹാസമ്പത്തുമുള്ള ജമാൽക്ക വാക്കുകൾ കിട്ടാതെ വീണ്ടും കുറച്ചുനേരം മൗനത്തിൻറെ തീരത്തുനിന്നു.

ചാൾസ് ഡിക്കൻസിന്റെ ഒലിവർ ട്വിസ്റ്റ് വായിക്കണമെന്ന് ഉണർത്തി. വിക്ടർ ഹ്യുഗോയുടെ ‘പാവങ്ങൾ’ തൻറെ ജീവിത വീക്ഷണങ്ങളെ മാറ്റിമറിച്ചതിനെക്കുറിച്ച് പറഞ്ഞു. ഒരു ഘട്ടത്തിലും വർഗീയമായി ചിന്തിക്കുകയേ ചെയ്യരുതെന്നും, വിശപ്പിനും കഷ്ടപ്പാടിനും മതമോ നിറമോ ഇല്ലെന്നും കർക്കശസ്വരത്തിൽ ഓർമിപ്പിച്ചു. സി.എച്ച് പഠിച്ച കോളജിൽ പഠിക്കാൻ സാധിച്ചതിൻറെ അഭിമാനവും ഖാഇദേ മില്ലത്തിന്റെ സഹവാസമേകിയ അവാച്യമായ അനുഭൂതിയും ഇടറുന്ന കണ്ഠത്തോടെ പങ്കുവച്ചു.
ഇമവെട്ടാത്ത കണ്ണുകളോടെ ആ സാത്വിക മുഖത്തേക്ക് നോക്കികൊണ്ടേയിരുന്നു. ഋഷി സമാനമെന്നോ ശിശു സമാനമെന്നോ വിശേഷിപ്പിക്കാവുന്ന നിഷ്കളങ്കത അതിൻറെ പരിപൂർണഭാവത്തിൽ കളിയാടുന്ന മുഖം. എഡിറ്റ് ചെയ്തുള്ള സംസാരം. ഗുണകാംക്ഷ നിറഞ്ഞു നിൽക്കുന്ന വാക്കുകൾ. അദ്ദേഹത്തിൻറെ മുഖത്തേക്കിങ്ങനെ വെറുതേ നോക്കി നിന്നാൽ മതി, നമ്മുടെ കണ്ണുകൾ നിറയും – ഖൽബും!പിന്നീട്, ജമാൽക്കയുടെ മുഖം കാണും നേരത്തൊക്കെയും എന്തുകൊണ്ടോ എനിക്ക് മദർ തെരേസയെയും ഓർമവരും…
പ്രിയപ്പെട്ട ‘ചങ്കാ’തി ഉമ്പാച്ചി ജമാൽ സാഹിബിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് ഒരിക്കൽ പങ്കുവച്ചിരുന്നതോർക്കുന്നു. ഉമ്പാച്ചി അന്ന് ദുബായിലാണ്. ജമാൽക്ക അബുദാബിയിൽ വന്നു. മറ്റൊരു പ്രതിഭാസമായ നാസർക്കായുടെ വീട്ടിലാണ് താമസം. ഉമ്പാച്ചിയെ നാസർക്ക വീട്ടിലേക്ക് ക്ഷണിച്ചു – ജമാൽക്കയെ കാണാമല്ലോ!

ദുബായിലെ അന്നത്തെ ജോലി തീർത്തു അബുദാബിയിൽ എത്തുമ്പോൾ ഏറെക്കുറെ രാത്രി ഒരു മണി ആയിട്ടുണ്ട്. രാത്രി വൈകിയേ എത്തൂ എന്നതുകൊണ്ട് ഉമ്പാച്ചിക്കുള്ള ഭക്ഷണം മൂടിവെച്ച് എല്ലാവരും കിടന്നിരുന്നു. ഭക്ഷണം ഇരിക്കുന്ന പാത്രവും ഉറങ്ങാനുള്ള കട്ടിലും കാണിച്ചു നാസർക്കയും പിന്മാറി. അപ്പോൾ ഉറങ്ങാൻ കിടന്നിരുന്ന ജമാൽ സാഹിബ് എഴുന്നേറ്റുവന്നു. ഹസ്തദാനവും ആലിംഗനവുമൊക്കെ കഴിച്ചു വയറ്റിലെ തീയണക്കാനിരുന്നു ഉമ്പാച്ചി. ജമാൽ സാഹിബ് കിടപ്പുമുറിയിലേക്കു പോവുകയും ചെയ്തു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഒന്നിലേറെ തവണ അദ്ദേഹം വന്നു നോക്കി തിരിച്ചു പോയിയത്രേ! അതെന്തിനെന്ന് ഉമ്പാച്ചിക്ക് പിടികിട്ടിയില്ല. ഭക്ഷണം കഴിച്ചു എഴുന്നേറ്റു പോയ ശേഷവും അദ്ദേഹം ഒന്നു കൂടി വന്നു ആ പാത്രങ്ങൾ തുറന്നു നോക്കുകയുണ്ടായി. അതും ഉമ്പാച്ചി കണ്ടു. ഉമ്പാച്ചിക്ക് എന്തോ പന്തികേടു തോന്നുകയും ഇയാൾക്കിതെന്തിന്റെ അസുഖമാണെന്നൊരു വിചാരത്തോടെ ഉറങ്ങുകയും ചെയ്തു. പിറ്റേന്നുണർന്നു ഖിസ്സകളും ചർച്ചകളും തുടങ്ങി. ഉച്ചക്ക് ഒരൊഴിവിൽ രാത്രിയിലെ സംഭവത്തെക്കുറിച്ച് നാസർക്കാനോട് പറഞ്ഞു.

നാസർക്ക പറഞ്ഞു ‘അതാണ് ജമാൽക്ക’… “രാത്രി ഞാൻ വരാൻ വൈകുമെന്നു പറഞ്ഞു എല്ലാവരും ഭക്ഷണം കഴിച്ചപ്പോൾ എനിക്കുള്ളത് മാറ്റിവെക്കുക ആയിരുന്നല്ലോ!” – ഉമ്പാച്ചി പറയുകയാണ് – “ഞാൻ വന്നു കഴിക്കാൻ തുടങ്ങിയപ്പോൾ എനിക്കതു മതിയാകുമോ എന്നൊരു സംശയത്തിലായിരുന്നു ജമാൽ സാഹിബ്. ആ അസ്വസ്ഥത കാരണമാണ് ഇടക്കു വന്നു നോക്കിക്കൊണ്ടിരുന്നത്. ഞാൻ കഴിച്ചെഴുന്നേറ്റ ശേഷം വന്നു പാത്രം തുറന്നു നോക്കിയത് മുഴുവൻ കഴിച്ചോ എന്നറിയാനാണ്. ഞാൻ കഴിച്ചിട്ടും അല്പം ബാക്കിയായത് കണ്ടപ്പോഴാണു അദ്ദേഹത്തിനു സന്തോഷം ആയത്.” ജമാൽ സാഹിബ് വിടപറഞ്ഞു… കരുണാവാരിധിയായ നാഥാ, നിൻറെ കരുണയുടെയും ഔദാര്യത്തിൻറെയും കടാക്ഷംകൊണ്ട് ജമാൽ സാഹിബിനെ സ്വീകരിക്കേണമേ…

അഹ്മദ് ശരീഫ് പി എഴുതുന്നു

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ഡോക്യുമെന്ററി ഫിലിം മേക്കറും സ്വതന്ത്ര പത്രപ്രവർത്തകനും പരസ്യചിത്ര സംവിധായകനുമായ ഗോപാൽ മേനോനാണ് ‘മടിത്തട്ട്’ എന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുള്ളത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ അക്രമണങ്ങളേയും വംശഹത്യ പ്രവണതകളേയും മറയില്ലാതെ തുറന്നുകാട്ടിയ നിരവധി ഡോക്യുമെന്ററികൾ ഗോപാൽ മേനോന്റേതായുണ്ട്. ‘Hey Ram: Genocide In The Land Of Gandhi, Naga Story: The Other Side of Silence, Marching Towards Freedom, The Unholy War,PAPA 2 , Let TheButterfliesFly, ഞാൻ ഹാദിയ’ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഡോക്യുമെന്ററികൾ. സാമൂഹിക വിഷയങ്ങളിൽ സർഗാത്മകമായ ഇടപെടലുകൾ നടത്തിയിട്ടുള്ള ഗോപാൽ മേനോന്റെ അത്തരത്തിലുള്ളൊരു ഇടപെടലാണ് ‘മടിത്തട്ട്’ എന്ന ഹ്രസ്വചിത്രവും. രാജ്യാന്തര ടെലിവിഷൻ ചാനലുകളിൽ സംപ്രേക്ഷണം ചെയ്യപ്പെട്ട നിരവധി ഡോക്യുമെന്ററികളിൽ ലൊക്കേഷൻ ഡയറക്ടർ, ക്യാമറമാൻ, റിസർച്ചർ, കൺട്രി പ്രൊഡ്യൂസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഗോപാൽ മേനോൻ, ജി ബാലകൃഷ്ണനുമായി സഹകരിച്ച് നൂറോണം പരസ്യങ്ങളും ചെയ്തിട്ടുണ്ട്. ഡോക്യുമെന്ററി രംഗത്തും പരസ്യരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഗോപാൽ മേനോൻ ഹ്രസ്വ ചിത്രത്തിന്റെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് മടിത്തട്ടിൽ.

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുടെയും അവളുടെ പ്രിയപ്പെട്ടവരുടേയും നിത്യജീവിതവും അവർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളിയും ശക്തമായി അവതരിപ്പിക്കുന്ന ഹ്രസ്വചിത്രമാണ് പി.കെ.എം.സിറാജ് നിർമിച്ച് ഗോപാൽ മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘മടിത്തട്ട്’ എന്ന ഹ്രസ്വചിത്രം. ഭിന്നശേഷിക്കാരെ അവഗണനയോടെ മാറ്റിനിറുത്തുന്ന ലൈംഗിക ചൂഷണം നടത്തുന്ന സമൂഹത്തിനുള്ള ബോധവൽക്കരണം ശ്രമമായാണ്, ഭിന്നശേഷിക്കാരായ കുട്ടികളുടെ അതിജീവനത്തിനായി കോഴിക്കോട് കേന്ദ്രമായ പ്രവർത്തിക്കുന്ന ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ അമരക്കാരൻ പി.കെ.എം സിറാജ് ‘മടിത്തട്ട്’ എന്ന ഹ്രസ്വചിത്രത്തിന്റെ നിർമാണത്തിനായി മുന്നിട്ടിറങ്ങുന്നത്. ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3ന് കോഴിക്കോട് ശ്രി തിയേറ്ററിൽ നിറഞ്ഞ സദസ്സിന് മുന്നിൽ ‘മടിത്തട്ട്’ പ്രഥമ പ്രദർശനം പൂർത്തിയാക്കി. ഇത്തരത്തിൽ ഡോക്യുമെന്ററി സിനിമകളിലൂടെ അന്തർദേശീയ ശ്രദ്ധനേടിയ ഗോപാൽ മേനോൻ ഒരുക്കിയ ‘മടിത്തട്ട്’ അദ്ദേഹത്തിന്റെ രാഷ്ട്രീയമാനമുള്ള ഡോക്യുമെന്ററികളെ ഓർമിപ്പിക്കും വിധം സാമൂഹ്യപ്രസക്തമാണ്. ആഖ്യാന വിഷയത്തിന്റെ സാമൂഹ്യപ്രസക്തിയ്‌ക്കൊപ്പം ശക്തമായ സാമൂഹ്യ വിമർശനം കൂടിയാണ് മടിത്തട്ട് എന്ന ഹ്രസ്വചിത്രം. ആൺലോകം എത്രമേൽ ക്രൂരമായാണ്, ഭിന്നശേഷിക്കാരിയായൊരു പെൺകുട്ടിയോടും അവളുടെ അമ്മയോടും ക്രൂരമായി പെരുമാറുന്നതെന്നാണ് ഈ ഹ്രസ്വചിത്രം വ്യക്തമാക്കുന്നത്. ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രികളേയും കുട്ടികളേയും കുറ്റപ്പെടുത്തി ആത്മഹത്യയിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്ന സമൂഹത്തിന് നേരെയുള്ള കുറ്റവിചാരണ കൂടിയാണ് മടിത്തട്ട്!.

സംഗീത എന്ന ഭിന്നശേഷിക്കാരിക്കു നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമത്തെ മുൻനിറുത്തിയാണ് ‘മടിത്തട്ട്’ എന്ന ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം വികസിക്കുന്നതും പരിണമിച്ച് അവസാനിക്കുന്നതും. കത്തിയെടുത്ത് വിരലുകൾ മുറിയ്ക്കുന്ന എന്തിലും കൗതുകപ്പെട്ട് നിഷ്‌കളങ്കമായി ഇടപെടുന്ന മിഠായി ഇഷ്ടമുള്ളൊരു കൗമാരക്കാരിയാണവൾ. അമ്മ ശോഭന വീട് പണിക്കു പോകുമ്പോൾ സംഗീതയെ നോക്കാറുള്ളത് അമ്മയുടെ കൂട്ടുകാരി സുബൈദയാണ്. അങ്ങനെയിരിക്കെ, ഒരുനാൾ!…സുബൈദയുടെ മകനും കൂട്ടുകാരും ചേർന്ന് സംഗീതയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നു. മകൾക്ക് നേരെയുണ്ടായ ഈ അതിക്രമത്തെ താനും മകളും എങ്ങനെയാണ് അതിജീവിച്ചതെന്ന് ശോഭനയുടെ കാഴ്ചയിൽ അവതരിപ്പിക്കുകയാണ് മടിത്തട്ട്. കൂട്ടുകാരിയുടെ ഭിന്നശേഷിക്കാരിയായ മകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തന്റെ മകന് വേണ്ടി സുബൈദ കുറ്റബോധത്തോടെയെങ്കിലും നിലനിൽക്കുകയും വാദിക്കുകയും ചെയ്യുന്നുണ്ട്. വിക്റ്റിം ഷെയിമിങ്ങ് നടത്തുന്ന സമൂഹത്തിന് നേരെയുള്ള വിമർശനമായി സുബൈദയുടെ നിലപാടുകളെ കണക്കാക്കാം. ഇരകളെ പിൻതുണയ്ക്കാതെ വേട്ടക്കാരനെ പിൻതുണയ്ക്കുന്ന സമൂഹമനസ്സിന്റെ പ്രതിഫലനമാണ് സുബൈദയിലൂടെ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ളത്.

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന സംഗീതയെന്ന കൗമാരക്കാരിയായി പ്രേക്ഷകന്റെ ഉള്ളുലയ്ക്കും വിധം പകർന്നാടാൻ ശ്രിലക്ഷ്മിക്ക് കഴിഞ്ഞിട്ടുണ്ട്. ശോഭനയായി ദേവി അജിത്തും സുബൈദയായി ജോളി ചിറയത്തുമാണ് അഭിനയിച്ചിട്ടുള്ളത്. സരിത കുക്കു, ഷിയാസ് ടിസോ, നവീൻ രാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. അഭിനേതാക്കളെല്ലാം അവരുടെ വേഷങ്ങൾ മികച്ചതാക്കിയിട്ടുണ്ട്.
ജീവിതം മുന്നോട്ട് വെക്കുന്ന അനിശ്ചിതത്വത്തിന് മുന്നിൽ പകച്ചു പോയി അതിജീവിക്കാനാകാതെ, ഭിന്നശേഷിക്കാരായ മക്കളെ കൊന്ന് ആത്മഹത്യയിൽ അഭയം കണ്ടെത്തുന്ന രക്ഷിതാക്കൾ ഈ സമൂഹത്തിന്റെ സ്രഷ്ടിയാണെന്ന ആഴമേറിയ വിമർശനം മടിത്തട്ട് മുന്നോട്ട് വെക്കുന്നു. ഏത് പ്രതികൂലമായ അവസ്ഥയിലും ജീവിതത്തിലെ പ്രതീക്ഷ കൈവിടരുതെന്നും ആത്മഹത്യയൊരു പരിഹാരമല്ലെന്നും ഈ ഹ്രസ്വചിത്രം ആഹ്വാനം ചെയ്യുന്നു. ആത്മഹത്യയിൽ മോചനം കണ്ടെത്താതെ അതിജീവനമാണ്, ഏറ്റവും വലിയ പ്രതിരോധവും പ്രതീക്ഷയുമെന്ന് മടിത്തട്ട് വ്യക്തമാക്കുന്നു. ഭിന്നശേഷിക്കാരിയായ സംഗീതയേയും അവളുടെ അമ്മ ശോഭനയേയും ആത്മഹത്യയ്ക്ക് വിട്ടുകൊടുക്കാതെ ചേർത്തു നിർത്തി കൊണ്ട് ആത്മഹത്യയ്ക്ക് എതിരെ സംസാരിക്കുന്നൊരു ബോധവൽക്കരണം കൂടി മടിത്തട്ട് സാധ്യമാക്കുന്നു. ഈ രാഷ്ട്രീയ പ്രഖ്യാപനം ‘മടിത്തട്ട്’ എന്ന ഗോപാൽ മേനോൻ ഹ്രസ്വചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.


സിനിമാട്ടോഗ്രാഫര് പ്രതാപന് പി നായരും ഗോപാല് മേനോനും(ലോക്കേഷന് സ്റ്റില്)

ദേശീയ, സംസ്ഥാന പുരസ്‌ക്കാരങ്ങൾ നേടി ശ്രദ്ധേയനായ പ്രതാപ് പി നായരുടെ ഛായാഗ്രഹണം ‘മടിത്തട്ട്’ എന്ന ഹ്രസ്വചിത്രത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു. ദൃശ്യങ്ങളെ സംവേദനക്ഷമമാക്കും വിധം സംഗിതമൊരുക്കിയിട്ടുള്ളത് വിഥ്‌രാഗാണ്. ജീവിതത്തിന്റെ പ്രയാസങ്ങളും ലൈംഗിക അതിക്രമവും അതിജീവിച്ച് മരണത്തിൽ നിന്നും വീണ്ടും ജീവിതത്തിലേക്ക് പറക്കാൻ തുനിയുന്ന സംഗീതയിലും അവളെപ്പോലുള്ള അനേകം ഭിന്നശേഷിക്കാരായ മനുഷ്യരുടേയും ആനന്ദങ്ങളിലേക്ക് ആഹ്ലാദത്തിലേക്ക് ക്യാമറ തിരിച്ചു കൊണ്ടാണ് ഗോപാൽ മേനോൻ മടിത്തട്ട് എന്ന ഹ്രസ്വചിത്രം അവസാനിപ്പിക്കുന്നത്. അന്നേരം, ഹൃദയത്തെ തൊട്ടുകൊണ്ട് റഫീക്ക് അഹമ്മദിന്റെ വരികൾ പ്രേക്ഷകരെ തേടിയെത്തും. കൊടുംവേനലിന് ശേഷമുള്ള മഴ പോലെ, ദുരിതക്കടൽ താണ്ടിയ ശോഭനയ്ക്കും മകൾക്കുമൊപ്പം പ്രേക്ഷകനും ചിരിയ്ക്കും. ഈ ആകാശം ഭിന്നശേഷിക്കാരായ ചിത്രശലഭങ്ങളുടേത് കൂടിയാണ്, അവർ പറന്ന് ആകാശം കീഴടക്കട്ടെ എന്ന് റഫീക്ക് അഹമ്മദിന്റെ വരികളിലൂടെ പറഞ്ഞു വച്ചാണ് ഈ മനോഹരമായ ഹ്രസ്വചിത്രത്തെ ഗോപാൽ മേനോൻ അവസാനിപ്പിക്കുന്നത്.
ലൈംഗിക ചൂഷണത്തിനും അതിക്രമത്തിനുമായി വേട്ടക്കാർ, ദുർബലരും തങ്ങൾക്ക് പരിചിതമായ ഇടങ്ങളും തെരഞെടുക്കുമെന്ന് ‘മടിത്തട്ട്’ എന്ന ഹ്രസ്വചിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു.

ലൈംഗിക അതിക്രമത്തിന് ഇരയായവരെ വാക്കുകൊണ്ടും പ്രവർത്തികൾ കൊണ്ടും മുറിപ്പെടുത്തി ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സമൂഹത്തെ രൂക്ഷമായി വിമർശിക്കുകയാണ് ഈ ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകൻ. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ അതിജീവനത്തിനായി കഴിഞ്ഞ 27 വർഷമായി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹ്യുമാനിറ്റി ചാരിറ്റബിൾ സൊസൈറ്റിയുടെ സാരഥി പി.കെ.എം.സിറാജ് ആണ് മടിത്തട്ട് എന്ന ഹ്രസ്വ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങളും അവരുടെ അതിജീവന ശ്രമങ്ങളും ജനങ്ങളിലേക്കെത്തിക്കുക എന്ന ബോധവൽക്കരണത്തിന്റെ ഭാഗമായാണ് മടിത്തട്ട് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ബോധവൽക്കരണം ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട ഹ്രസ്വചിത്രമായത് കൊണ്ടാകും ‘മടിത്തട്ട്’ കണ്ട് തീർക്കുമ്പോൾ, സാമൂഹ്യ ജീവിയെന്ന നിലയിൽ കുറ്റബോധവും സങ്കടവും പ്രേക്ഷകനെ ചൂഴ്ന്ന് നിൽക്കും.


കേന്ദ്രകഥാപാത്രം ചെയ്ത ശ്രീലക്ഷ്മി പൂക്കാട് ഗോപാല് മേനോനൊപ്പം

ഭിന്നശേഷിക്കാരായ മൂന്ന് മക്കളെ വളർത്തേണ്ടി വരുന്ന ശോഭനയുടെ അവസ്ഥയോർത്ത് പരിതപിക്കും വ്യസനിക്കും. കണ്ണാടിയിലെന്നോണം, പ്രേക്ഷകന് മുന്നിൽ സംഗീതയേയും ശോഭനയേയും ജീവിതം പ്രതിഫലിക്കപ്പെടും. തന്റെ മകൾക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമങ്ങളേയും തുടർന്നുണ്ടായ കുറ്റപ്പെടുത്തലുകളും അരക്ഷിതത്വവും മകളെ കൊല്ലാനും ആത്മഹത്യയ്ക്കും ശോഭനയെ പ്രേരിപ്പിക്കുന്നു. ദുരിതക്കടൽ നീന്തി ആത്മഹത്യ ശ്രമങ്ങളെ അതിജീവിച്ച ശേഷം ശോഭന മകൾക്കൊപ്പം ചിരിച്ചു തുടങ്ങുമ്പോൾ, തന്റെ മക്കളെപ്പോലുള്ള അനേകം മക്കളുടെ ആഹ്ലാദത്തിൽ ആശ്വാസച്ചിരി ചിരിക്കുമ്പോൾ പ്രേക്ഷകന്റെ മുഖത്തുമൊരു ആശ്വാസച്ചിരി പടരും. ആപ്പോളും അവർ അതിജീവിച്ച അതിക്രമങ്ങളോർത്തൊരു നൊമ്പരം പ്രേക്ഷകരുടെ ഹൃദയത്തിൽ ബാക്കിയാകും. പ്രേക്ഷകരെ ചിന്തിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നൊരു മനോഹരമായ കലാസൃഷ്ടിയാണ്, ഗോപാൽ മേനോൻ ഒരുക്കിയ മടിത്തട്ട് എന്ന ഹ്രസ്വചിത്രം.

കെ ടി അബ്ദുറബ്ബ് എഴുതുന്നു

നവ കേരളം പടുത്തുയർത്താൻ ജനപിന്തുണ തേടി പൊതു സദസ്സുകളിലേക്ക് ബസ്സു യാത്രയാരംഭിച്ച മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെയും മന്ത്രി പടയുടെയും അറിവിലേക്ക്. 36 ദിവസം നീളുന്ന ജനകീയ യാത്രയിലാണല്ലോ താങ്കളും സംഘവും. 140 മണ്ഡലങ്ങളും കറങ്ങുമ്പോൾ മറന്നു പോകരുതാത്ത ഒരു സ്റ്റോപ്പുണ്ട്! മാവൂരിലെ തെങ്ങിലക്കടവ് മലബാർ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.

2010 ൽ തീർത്തും സൗജന്യമായി താങ്കളുടെ സർക്കാരിന് കൈമാറിയ ആറര ഏക്കർ സ്ഥലവും നല്ലൊരു ആസ്പത്രി കെട്ടിടവും കാടുപിടിച്ചു കിടക്കുന്നത് താങ്കൾക്ക് അവിടെ കാണാം. കാൻസർ ചികിത്സയും അനുബന്ധ ഗവേഷക്ഷണവും നടത്തുമെന്ന ഉറപ്പിൽ അന്നത്തെ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറാണ്, ഡോ ഹഫ്സത് കാദർ കുട്ടി നയിച്ചിരുന്ന മലബാർ കാൻസർ റിസർച്ച് ട്രസ്റ്റിൽ നിന്ന് ആശുപത്രി ഏറ്റുവാങ്ങിയത്. തലശേരിയിലെ കാൻസർ സെന്ററിന്റെ ഉപകേന്ദ്രമാക്കുമെന്നും തുടർന്ന് അത്യാധുനിക കാൻസർ ചികിത്സാ ഗവേഷണകേന്ദ്രമാക്കി ഉയർ‌ത്തുമെന്നുമായിരുന്നു ഇടതുപക്ഷ സർക്കാറിന്റെ വാഗ്ദാനം!. ഒന്നും നടന്നില്ലെന്നു മാത്രമല്ല ഏറ്റെടുത്ത ശ്രീമതി ടീച്ചർ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയതേയില്ല.

നിര്യാതയായ ജസ്റ്റിസ് ഫാത്തിമ ബീവിയായിരുന്നു 1997 ൽ ഇതിന് തറക്കല്ലിട്ടത്. അന്ന് തലശ്ശേരിയിലെ കാൻസർ സെന്റർ പ്രഖ്യാപിക്കപ്പെട്ടിട്ട് പോലുമില്ല! 2001-ൽ ഗവർണറായിരുന്ന ജസ്റ്റിസ് സുഖ്‌ദേവ്‌സിങ്‌ കാങ്‌ ആശുപത്രി ഉദ്ഘാടനം ചെയ്തു. മലബാറിലുള്ളവർക്ക് ചികിത്സ കിട്ടണമെങ്കിൽ തിരുവനന്തപുരം വരെ പോകേണ്ട കാലമായിരുന്നു അത്. കേരളത്തിൽ ഏറ്റവും കൂടുതൽ കാൻസർ രോഗികൾ ഉണ്ടായിരുന്ന സ്ഥലമായിരുന്നു മാവൂർ.

2010 വരെ ഇവിടെ ട്രസ്റ്റ് വക സൗജന്യ ചികിത്സയുണ്ടായിരുന്നു. ആദ്യകാലത്തു രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള മരുന്നും ചെലവും ഭക്ഷണവും താമസവുമടക്കം സൗജന്യമായി നൽകി. പിന്നീട് റേഡിയേഷൻ തെറാപ്പി യൂണിറ്റുകൂടി ഒരുക്കി. എന്നാൽ, ഉപകരണങ്ങൾക്കായുള്ള വൻ മുതൽമുടക്കും ആശുപത്രി നടത്തിപ്പുചെലവും ട്രസ്റ്റിന് താങ്ങാനാവുന്നതായിരുന്നില്ല. അതോടെ സർക്കാരിന് കൈമാറി.

കൂടുതൽ ജനോപകാരപ്രദമാവാനായിരുന്നു തീർത്തും സൗജന്യമായി സർക്കാരിന് കൈമാറിയത്. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂമിയും കെട്ടിടവും സംവിധാനങ്ങളും സൗജന്യമായി സർക്കാരിന് ലഭിച്ചിട്ടും അതിൽ ആത്മാർത്ഥമായ തുടർനടപടികളോ തീരുമാനങ്ങളോ എടുക്കാതെ, ആ ശ്രമത്തെ താങ്കളുടെ സംഘത്തിൽ പെട്ട ആരൊക്കെയോ അട്ടിമറിച്ചു വെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മാവൂരിലെ കാൻസർ സെന്റർ! ഒരു പക്ഷെ സ്വകാര്യ ആശുപത്രികളെ സംരക്ഷിക്കാനുള്ള ഒരു ഗൂഢശ്രമമാകാം ഇതിനു പിന്നിൽ. എന്തിന്, 2020 ഒക്ടോബറിൽ അവിടുത്തെ ഫർണീച്ചറുകളും വിലകൂടിയ റിസപ്‌ഷൻ ഡെസ്‌ക്കുകളും ഉപകരണങ്ങളും സർക്കാർ അധികൃതർ മറ്റേതോ കേന്ദ്രത്തിലേക്ക് കടത്തിയതും പത്രങ്ങളിൽ വാർത്തയായിരുന്നു!

2014 ഒക്ടോബറിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ആരോഗ്യമന്ത്രിയുടെയും സാമൂഹ്യനീതി മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ ചേ‌ർന്ന യോഗം കേന്ദ്രസർക്കാരിന്റെ ടെർഷ്യറി കാൻസർ സെന്റർ സ്കീമിന് കീഴിൽ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഒരു സബ് സെന്റർ ആയി മാവൂരിലെ മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ വികസിപ്പിക്കുന്നതിലേക്കായി വിശദമായ പ്രൊപ്പോസൽ സമർപ്പിക്കുവാൻ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ചുമതപ്പെടുത്തിയിരുന്നു. പ്രൊപോസൽ സമർപ്പിക്കപ്പെട്ടു. എന്നാൽ അതെവിടെ പോയെന്നറിയില്ല!

പ്രിയ മുഖ്യമന്ത്രി, ഇതേപ്പറ്റി അങ്ങേക്കറിയില്ലെന്ന് മാത്രം പറയരുത്. 2015 ഡിസംബറിലും 2016 ഫെബ്രുവരിയിലും നിയമസഭയിൽ എംഎൽഎ പിടിഎ റഹീം ഈ സെന്റർ സംബന്ധിച്ച ചോദ്യം ആവർത്തിച്ചിട്ടുണ്ട്. മറ്റൊരു ചോദ്യത്തിന് കാൻസർ സെന്ററിനെ കോഴിക്കോട് മെഡിക്കൽ കോളജിന് കീഴിലുള്ള ഒരു കാൻസർ സ്ക്രീനിങ് സെന്ററായി മാറ്റാൻ ഉത്തരവായിട്ടുണ്ട് എന്നായിരുന്നു 2017 മാർച്ചിൽ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ മറുപടി. ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്ന് 2019ൽ നിയമസഭയിൽ പി.ടി.എ റഹീം ചോദ്യം ആവർത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിനു കീഴിൽ ഒരു കേന്ദ്രമായി പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചു വരുന്നു എന്നായിരുന്നു 2019 മെയ് മാസം ആരോഗ്യമന്ത്രി നൽകിയ മറുപടി. അതായത് 2010 തൊട്ട് സർക്കാർ ആവർത്തിക്കുന്നതു ഒരേ മറുപടി!

ഇതൊക്കെ താങ്കൾ അറിയാതെയാണെങ്കിൽ, ഈ വിവരം താങ്കളെ അറിയിക്കാൻ കൂടിയാണ് ഈ കുറിപ്പ് . അതുകൊണ്ട് മാത്രമാണ് അവിടെയെത്തുമ്പോൾ ബസ്സൊന്ന് ബ്രേക്കടിക്കണം എന്നപേക്ഷിക്കുന്നത്! ആ ബ്രേക്കടി ഒരുപക്ഷെ ജനങ്ങൾക്കൊരു ആശ്വാസമായേക്കാം. അഥവാ താങ്കൾക്കൊന്നും ചെയ്യാൻ കഴിയില്ലെങ്കിൽ തന്നവർക്ക് തന്നെ തിരിച്ചേൽപ്പിക്കുക. പ്രവാസികളടക്കം ഒരുപാട് പേരുടെ അധ്വാനമാണത്. താങ്കളുടെ ഭാഗത്തു നിന്ന് നല്ലൊരു നീക്കമുണ്ടായാൽ ആയിരക്കണക്കിന് പാവപെട്ട രോഗികൾക്കതു ഉപകാരമാകും ! നവകേരള സദസ്സിന് ഒരു പൊൻതൂവലും!

അഹ്മദ് ശരീഫ് പി എഴുതുന്നു

ആത്മകഥാ പുസ്തകങ്ങളും സർവീസ് സ്റ്റോറികളും ധാരാളമായി ഇറങ്ങുന്ന കാലത്ത് അവധാനതയോടെ വായിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ട ഒരു രചന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുറത്തിറങ്ങുകയുണ്ടായി. സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച ഒരാൾക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്താണ് ഉണ്ടാവുക.
ഒത്തുതീർപ്പുകൾക്കിടയിൽ ധാർമികതകൾ നഷ്ടപ്പെട്ട ജീവിതമാകും മുന്നിലുണ്ടാവുക. മാനസികമായും ബൗദ്ധികമായും സംഭവിക്കുന്ന ഒരു പടിയിറക്കമാണ് കാണുക. എന്നാൽ ലത്തീഫ് ആത്മാഭിമാനം ഉയർത്തി നിൽക്കാൻ കഴിയുന്ന ഉന്നത ഉദ്യോഗസ്ഥൻ്റെ വിശുദ്ധിയാണ് കാണിച്ചത്.

കഠിനമായ ജീവിതസാഹചര്യത്തിൽ നിന്നു മാത്രം ഉരുത്തിരിയുന്ന ആത്മബലമാണ് പ്രലോഭനങ്ങളിൽ വീഴാത്ത ഔദ്യോഗിക ജീവിതം കൊണ്ട് ഇദ്ദേഹം നേടിയെടുത്തതെന്ന് ഈ പുസ്തകം വായിക്കുന്ന ആർക്കും എളുപ്പം മനസിലാകും.ജനകീയ ജനാധിപത്യ സംവിധാനങ്ങളിൽ കയറി കൂടിയ പുഴുക്കുത്തുകളെ സെക്രട്ടറിയേറ്റിൽ ഇരുന്ന് അനുഭവിച്ച എഴുത്താണ് ഇത്.അഴിമതി മൂടിയ ഇടങ്ങളിൽ പറയുമ്പോൾ വാക്കുകൾ പതറാതിരിക്കുവാൻ ഇദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. വ്യാപകമായ വായന ഉണ്ടാകേണ്ട ഒരു രചനയാണിത്.

ആത്മകഥയിലെ കുമ്പസാരങ്ങളൊന്നും ഈ രചനയിലില്ല. ഇത് കേരളത്തിലെ ഓരോ സർക്കാർ ജീവനക്കാരും പൊതു പ്രവർത്തകരും രാഷ്ട്രീയ പ്രമുഖരും സ്വതന്ത്ര ചിന്തകരും വളർന്നു വരുന്ന പുത്തൻ തലമുറയും വായിക്കുകയും വിലയിരുത്തുകയും ചെയ്യണം. മലിന വാസനകളുടെ ഇടങ്ങളായി സർക്കാർ വകുപ്പുകൾ മാറുന്നതെങ്ങനെയെന്ന് സവിസ്തരം പറയുന്നു.കൈക്കൂലി മഹാവ്യാധിപോലെ പടരുന്നതെങ്ങനെയെന്നും കാണാം. അപ്പോഴും പ്രത്യാശയുടെ വെള്ളിവെളിച്ചങ്ങളുണ്ട്. പ്രകാശിക്കുന്ന നാളെകളെ ഗ്രന്ഥകാരനും സ്വപ്നം കാണുന്നു.

ഇസ്മായില്‍ വെങ്ങശ്ശേരി

വാല്‍ പൊക്കുന്നത് കണ്ടാലറിയാം എന്തിനുള്ളതാണ് പുറപ്പാടെന്ന്. ‘ഞാന്‍ ഒറ്റയ്ക്കാണ്, എന്റെ കൂടെ ആരുമില്ലെന്നേ……’ സമാനമായ വാക്കുകള്‍ നാം പലപ്രാവശ്യം കേട്ടതാണ്. ‘വിശന്നിട്ട് ഒരു ട്രെയിന്‍ കത്തിച്ചതാണേ . ആരും പറഞ്ഞിട്ടല്ല. എന്റെ കൂടെ ആരുമില്ലെന്നേ’… മാര്‍ട്ടിന് എന്തൊരു ധൈര്യം. എന്തൊരാവേശം എല്ലാം സ്വയം ഏറ്റെടുക്കാന്‍. കാരണം അവനറിയാം, തനിക്ക് പിന്നില്‍ ആരാണെന്ന്.

മാര്‍ട്ടിന്‍ ഒറ്റയ്ക്കല്ല. സംഭവിച്ചത് ഒരു ഒറ്റപ്പെട്ട സംഭവുമല്ല. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. ശരിയായ ദിശയില്‍ അന്വേഷിച്ചാല്‍ അറിയാം കള്ളന്‍ കപ്പലില്‍ തന്നെയെന്ന്. കേരളത്തില്‍ ഒരു ബോംബ് പൊട്ടിയാല്‍ അതിന്റെ നേട്ടമാര്‍ക്കാണെന്ന് അറിയാത്തവരല്ല മലയാളികള്‍. പ്രത്യേകിച്ചും ഈ അവസരത്തില്‍. പക്ഷേ പലവുരു ശ്രമിച്ചു പരാജയപ്പെട്ടു.

സത്യത്തില്‍ ഒരു വെടിക്ക് ഒന്നിലേറെ ആശിച്ചാണ് ഇപ്രാവശ്യം ലക്ഷ്യം മാറ്റിപ്പിടിച്ചത്. അതാണ് പാവം യഹോവ സാക്ഷികളിലെത്തിച്ചത് എന്ന് തോന്നുന്നു.
‘തന്റെ പിന്നില്‍ ആരുമില്ല, ഞാന്‍ മാത്രം’ എന്ന് പ്രഥമ കുറ്റവാളി ആവര്‍ത്തിച്ചു വിളിച്ചു പറയുന്നത് ആ കൈകള്‍ ആരിലേക്കും നീളരുതെന്ന് കരുതിക്കൊണ്ടു തന്നെയാണ്. തന്നെ സംരക്ഷിക്കാന്‍ കഴിവുള്ളവര്‍ തന്നെയാണ് അവര്‍ എന്ന് അയാള്‍ക്കും അറിയാവുന്നത് കൊണ്ട് തന്നെ അയാള്‍ ഒരുങ്ങി ഇറങ്ങിയത്. അതാരെന്ന് അറിയുക തന്നെ വേണം. അന്വേഷണം ശക്തമാവണം. ഇനിയും ഈ തീക്കളി തുടര്‍ന്ന് കൂട….കേരളം കത്തിക്കാന്‍ ആര് തുനിഞ്ഞ് ഇറങ്ങിയാലും വിജയിക്കില്ല. അതിന് അനുവദിച്ചു കൂടാ…..

പി മുജീബുറഹ്മാന്‍ എഴുതുന്നു

ഫലസ്തീൻ പ്രശ്നത്തെ 2023 ഒക്ടോബർ ഏഴിലേക്ക് ചുരുക്കിക്കെട്ടുന്നവർ ഒരു നൂറ്റാണ്ടു കാലത്തെ ഭീകരമായ സയണിസ്റ്റ് അധിനിവേശത്തെ വെള്ളപൂശുകയാണ്.
ഗസ്സയിൽ നിന്നും ഹമാസിനെ വെട്ടിമാറ്റുന്നവർ ഗസ്സയുടെ ചെറുത്ത് നിൽപ്പിനെത്തന്നെയാണ് കുഴിച്ചുമൂടാൻ ശ്രമിക്കുന്നത്.

ഹമാസില്ലാത്ത ഗസ്സ ,ചെറുത്തുനിൽപ്പ് നിലച്ചുപോകുന്ന സയണിസത്തിന്റെ കുരുതിക്കളങ്ങളാണ്.സയണിസവും ഫാസിസവും സാമ്രാജ്യത്വവും സഖ്യം ചേർന്ന ഇക്കാലത്ത്
നിങ്ങളെവിടെ നിൽക്കുന്നുവെന്നത് തന്നെയാണ് നിങ്ങളുടെ നിലപാട്.

ഗസ്സക്കുമേൽ യാങ്കി ഭീകരരുടെ യുദ്ധവിമാനങ്ങൾ ബോംബ് വർഷിക്കുമ്പോൾ, സ്ത്രീകളും കുട്ടികളും നരഹത്യക്ക് വിധേയമാക്കപ്പെടുമ്പോൾ, വീടുകളിൽ നിന്നും
സിവിലിയൻ കേന്ദ്രങ്ങളിൽ നിന്നും തീ ഗോളമുയരുമ്പോൾ നിശ്ശബ്ദമാകുന്ന ലോകമേ, കാഴ്ചക്കാരാകുന്ന ഭരണാധികാരികളേ, ബാലൻസിങ്ങ് സർക്കസ് കളിക്കുന്ന
പുരോഗമനവാദികളേ, കാലവും ചരിത്രവും നിങ്ങൾക്ക് മാപ്പ് തരില്ല.

അതിജീവനത്തിന്റെ ഫലസ്തീൻ ചെറുത്തുനിൽപ്പിനെ അവഹേളിക്കുന്നവർ, പോരാട്ടത്തിന് നെടുനായകത്വം വഹിക്കുന്ന ഹമാസിന്റെ രാഷ്ട്രീയം തിരയുന്നവർ,
അവർക്കുമേൽ തീവ്രവാദ ചാപ്പകുത്തി ഫലസ്തീന്റെ മർമവിഷയത്തിൽ നിന്ന് ഒളിച്ചോടുന്നവർ,പിടഞ്ഞുവീഴുന്ന ഫലസ്തീൻ കുഞ്ഞു രക്തസാക്ഷികൾക്കു നേരെ കണ്ണടച്ച് സമീകരണത്തിന്റേയും തൂക്കൊപ്പിക്കലിന്റേയും മൊഴിവൈദഗ്ധ്യം തെളിയിക്കുന്നവർ, അവരാരായാലും തള്ളിപ്പറയുന്നത് ഫലസ്തീന്റെ വിമോചനപോരാട്ടത്തെയാണ്. ഒരു ജനതയുടെ സ്വാതന്ത്ര്യ സമരത്തെയാണ്. അതുവഴി വിശുദ്ധീകരിച്ചെടുക്കുന്നതും ശാക്തീകരിക്കുന്നതും ലോക ഭൂപടത്തിലെ പൈശാചികാക്ഷരമായി മാനവലോകം അംഗീകരിക്കുന്ന ഇസ്രയേൽ രാഷ്ട്രത്തെയും ജൂത സയണിസത്തെയുമാണ്.

ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള അമീര്‍ ആണ് ലേഖകൻ