മസ്ഹര്‍ എഴുതുന്നു
തമിഴ് യുവജന വകുപ്പ് മന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം നേതാവുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞതിന്റെ അകപ്പൊരുള്‍ ഇപ്പോള്‍ സകലര്‍ക്കും മനസ്സിലായിട്ടുണ്ട്. മലേറിയ, ഡെങ്കി പോലെ
ഉന്‍മൂലനം ചെയ്യണ്ട ഒന്നാണ് സനാതന ധര്‍മം എന്ന് യുവസ്റ്റാലിന്‍ പറഞ്ഞതിനെ ഹിന്ദുമതവിശ്വാസത്തിനു എതിരെയുള്ള മത നിന്ദയായി വ്യാഖ്യാനിച്ച് വര്‍ഗീയത പരത്താന്‍ സംഘ്പരിവാര്‍ കൊണ്ടു പിടിച്ച് ശ്രമം നടത്തുന്നതിനിടയില്‍ ഉദയനിധി വീണ്ടുംവ്യക്തമാക്കിയതാണ് താനെന്താണ് പറഞ്ഞതെന്ന്. നിര്‍മാര്‍ജനം ചെയ്യേണ്ടത്, സനാതന ധര്‍മങ്ങളല്ല; ജാതിയാണ് എന്ന്. പെരിയാര്‍ ഇ.വി. രാമസ്വാമി നായ്കരുടെ പിന്‍മുറക്കാര്‍ക്ക് ഹിന്ദുത്വ ബ്രാഹ്‌മണിക്കല്‍ മനുവാദ ജാതീയതക്കെതിരായ പോരാട്ടം ഒരു ഐഡിയോളജിക്കല്‍ പോര്‍മുഖമാണ്.
സനാതന ധര്‍മ്മം ഹിന്ദുമതത്തില്‍ സമ്പൂര്‍ണ്ണമായ കര്‍ത്തവ്യങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ്.
മഹാത്മാഗാന്ധിയും സ്വാമിവിവേകാനന്ദനും ഒട്ടനവധി സാത്വികരായ മഹര്‍ഷിമാരും ഉദ്‌ഘോഷിച്ച സനാതനധര്‍മത്തെ കുറിച്ച് ഹിന്ദുമത വിശ്വാസികള്‍ക്കോ അല്ലാത്തവര്‍ക്കോ തര്‍ക്കമില്ല. സനാതന ധര്‍മ്മത്തില്‍ സത്യസന്ധത, ജീവജാലങ്ങളെ മുറിവേല്‍പ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കല്‍, വിശുദ്ധി, സുമനസ്സുകള്‍, കരുണ, ക്ഷമ, സഹിഷ്ണുത, ആത്മസംയമനം, ഔദാര്യം, സന്യാസം തുടങ്ങിയ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു.
എന്നാല്‍ ഇതിന്റെ ഭാഗമായി ബ്രാഹ്‌മണിക്കല്‍ മേധാവിത്വം അടിച്ചേല്‍പ്പിച്ച ശ്രേണീബന്ധിതമായ ജാതിയതയെ എല്ലാ ഹിന്ദു മതപരിഷ്‌കര്‍ത്താക്കളും ഇല്ലായ്മ ചെയ്യേണ്ടതാണെന്ന് പറഞ്ഞിട്ടുള്ളതാണ്.
എന്നാല്‍ ഇതിന്റെ ഇരകളായ, ജാതിവ്യവസ്ഥയില്‍ താഴെക്കിടയിലുള്ള ശൂദ്രരും ജാതിക്കു തന്നെ പുറത്തുള്ള മനുഷ്യരായി പോലും കണക്കാക്കാത്ത അസ്പൃശ്യരും തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരുമായ ഹീനജാതിക്കാര്‍ എന്ന് വിളക്കപ്പെടുന്ന പട്ടികവര്‍ഗ്ഗ/പട്ടികജാതി/ ആദിവാസി/വനവാസി വിഭാഗത്തില്‍പ്പെട്ട മഹാഭൂരിപക്ഷം ഈ വൃത്തികെട്ട സമ്പ്രദായത്തെ എതിര്‍ക്കുകയും പുറത്തു കടക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. മഹാനായ ഭരണഘടനാ ശില്‍പി ഭീം റാവു അംബേദ്കര്‍ എഴുതിയ പുസ്തകമായ ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’ ഇതിന്റെ മാഗ്‌നാകാര്‍ട്ടയാണ്. ലാഹോറില്‍ നടത്തിയ പ്രസംഗത്തിന്റെ രത്‌നച്ചുരുക്കമാണിത്. Anihilation ഉന്‍മൂലനം എന്ന വാക്കാണ് അംബേദ്കര്‍ ഉപയോഗിച്ചത്. Eradication എന്ന് ഉദയനിധി ഉപയോഗിച്ചതാണ് സംഘ്പരിവാറിന്റെ ഹാലിളക്കത്തിന് ഇപ്പോള്‍ കാരണം.
സംഘ്പരിവാര്‍ വക്താക്കള്‍ കാസ്റ്റിസത്തിനെതിരെ നിരന്തരം പ്രസംഗിക്കാറുണ്ടെങ്കിലും ആ കാപട്യത്തെ സ്വയം തുറന്നുകാട്ടപ്പെടുന്നതാണ് ഉദയനിധിയുടെ വിഷയത്തിലടക്കം അവരുടെ പൊതുനിലപാട്. കാരണം അടിസ്ഥാനപരമായി സംഘ്പരിവാര്‍ ഒരു ബ്രാഹ്‌മണിക്കല്‍ സംവിധാനമാണെന്ന് അതിനെ ഒരാവര്‍ത്തി വായിച്ചവര്‍ക്ക് മനസ്സിലാകും. രാഷ്ട്രീയമായി മുസ്ലിം അപരനിര്‍മിതിയില്‍ വര്‍ഗീയമായി ഹിന്ദുമതവിശ്വാസികളെ സംഘടിപ്പിക്കാനുള്ള ആര്‍ എസ് എസ്സിന്റെ ഒളിയജണ്ടയാണ് വിശാല ഹിന്ദു/ ഹിന്ദു ഐക്യ ഗീര്‍വാണങ്ങള്‍. ബ്രാഹ്‌മണിക്കല്‍ മേധാവിത്വം അന്തര്‍ലീനമായതിനാലാണ് ഉദയനിധിയുടെ പ്രസ്താവനക്കെതിരെ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത് അവര്‍.
മനുഷ്യനെ വിവിധ തട്ടുകളാക്കുന്ന അവരുടെ സ്വാതന്ത്ര്യത്തെ കളംതിരിച്ച് മാറ്റി നിര്‍ത്തുന്ന ബ്രാഹ്‌മണര്‍ക്കും ക്ഷത്രിയര്‍ക്കും വൈശ്യനും മാത്രം മികച്ച തൊഴിലും വിഭവവും അന്തസ്സും സ്വാതന്ത്ര്യവും വകവെച്ചു നല്‍കുന്ന ജാതിയത നിര്‍മാര്‍ജനം ചെയ്യേണ്ടത് തന്നെയാണെന്ന് മാനവികതയുടെ പക്ഷത്തുള്ള സകല ഇന്ത്യക്കാരും എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും. അതിനായി വാദിച്ചു കൊണ്ടിക്കും. ശ്രീ നാരായാണ ഗുരുവിനെ പോലെ നവോത്ഥാന നായകര്‍ കിട്ടുന്ന ഒന്നാമത്തെ അവസരത്തില്‍ തന്നെ അതിനെതിര സക്രിയമായി നടപടികള്‍ എടുത്തിട്ടുമുണ്ട്.
കര്‍ണാടക മന്ത്രി പ്രിയങ്ക കാര്‍ഗെയും പറഞ്ഞത് അതു തന്നെയാണ്, മനുഷ്യരെ വിഭജിക്കുന്ന സമത്വവാദത്തെ എതിര്‍ക്കുന്ന ഏതു ആശയവും ജനാധിപത്യ വാദികള്‍ എതിര്‍ക്കും. മാനവവാദികളുടെ അടിസ്ഥാന കടമയാണത്. അതിനെ ബ്രാഹ്‌മണിക്കല്‍ ഹെഗിമണിയില്‍ അഭിരമിക്കുന്ന മേല്‍ജാതിക്കാരും സംഘ്പരിവാറും എത്രമാത്രം എതിര്‍ത്താലും. കാരണം മനഷ്യന്‍ എന്നത് വേര്‍തിരിവില്ലാത്ത ഒരു ആകാശമാണ്.
ഗഫൂര്‍ കൊടിഞ്ഞി എഴുതുന്നു
ഗഫൂര്‍ അറക്കല്‍ എന്ന പ്രതിഭയുടെ ആഴം അളക്കാവുന്ന ‘ദ കോയ’ എന്ന നോവലിന്റെ പ്രകാശനം ഇന്നാണ്. അതില്‍ പങ്കെടുക്കാതിരിക്കുന്നതെങ്ങനെ? അദ്ദേഹം രോഗശയ്യയിലാണ്. അവസ്ഥ വളരെ മോശമാണ്.തനിക്ക് എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ്ആ പുസ്തകം പുറത്തിറങ്ങണം എന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു. ഞാന്‍ മൂന്ന് മണിക്ക് തന്നെ വളാഞ്ചേരിയില്‍ നിന്ന് പുറപ്പെട്ടു. ബസ്സില്‍ കയറി കോഴി ക്കോട്ടേക്ക് ടിക്കറ്റെടുത്തു.അഞ്ചു മണിക്കാണ് പരിപാടി. അതിനിടക്കാണ് ഗഫൂറിന്റെ ശിഷ്യനും അതിലുപരി സുഹൃത്തുമൊക്കെയായ ഫസല്‍ വിളിച്ചത്. നമ്മുടെ ‘ഗഫൂര്‍ക്കപോയി ‘ഇത്രയേ പറഞ്ഞുള്ളു. എനിക്ക് തലകറങ്ങുന്നത് പോലെ തോന്നി. ഞാനും ഫസലും ഉണ്ണി
യുമൊക്കെ ചേര്‍ന്ന് ഒരു മാസം മുന്‍പ് കെഇഎന്‍ മാഷുടെ വീട്ടില്‍ പോയി ”കോയയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്
എന്തോ എന്റെ മനസില്‍ വന്നു.വയറ് നിറച്ച് വിഭവങ്ങള്‍ വലിച്ചു കേറ്റി തിരിച്ചു പോരുമ്പോള്‍ ഓര്‍ത്തില്ല അത് അദ്ദേഹത്തോടൊപ്പമുള്ള അവസാന യാത്രയായിരിക്കും എന്ന്.
മരണം ധൃതരാഷട്രാലിംഗനം ചെയ്യാന്‍ തയ്യാറെടുത്ത് പിന്നില്‍ നില്‍പ്പുണ്ട് എന്നറിയുമ്പോഴും അതൊന്നും ഗൗനിക്കാതെ തന്നില്‍ നിക്ഷിപ്തമായ കര്‍മംചെയ്തു തീര്‍ക്കുന്നതില്‍ വ്യാപൃതനായിരുന്നു ഗഫൂര്‍ അറക്കല്‍. തന്റെ കൈയിലുള്ള സമയത്തിന്റെ പരിമിതി അദ്ദേഹം നല്ലവണ്ണം തിരിച്ചറിഞ്ഞിരുന്നു.അതു കൊണ്ടുത ന്നെ സ്വന്തം നിയോഗം പൂര്‍ത്തീകരിക്കുന്നതില്‍ മാത്രമായിരുന്നു അദ്ദേഹത്തി ന്റെ ശ്രദ്ധ.ചുറ്റും യമകിങ്കരന്മാര്‍ ദംഷ്ട്രകള്‍ കാട്ടി തിമര്‍ത്താടുന്നണ്ട് എന്നറിഞ്ഞതിന് ശേഷം തന്നേയാണ് കേരളത്തി ലെ മുസ്ലിം സ്വത്വം അടയാളപ്പെട്ടു കിടക്കുന്ന ”ദ കോയ ” എന്ന നോവല്‍ അദ്ദേഹം പൂര്‍ത്തീകരിച്ചത്. ഒരു പക്ഷെ കേരളീയ സാംസ്‌കാരിക രംഗത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിവെക്കാവുന്ന കൃതിയാണിത്.
ഗഫൂര്‍ ഇതു വരെ എഴുതിയ നോവലു കളില്‍ നിന്നെല്ലാം ഈ കൃതിവേറിട്ട് നില്‍ക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. ഇതിന്റെ പിറവിക്ക് മുമ്പ് തന്നെ നോവലിനെ പിന്തുടരാനുള്ള ഭാഗ്യംലഭിച്ചഒരാളെന്ന നിലയ്ക്കാണ് ഇങ്ങനെ ഒരു അവകാശവാദം ഞാന്‍ ഉന്നയിക്കുന്നത്. അതു കൊണ്ടു തന്നെ ആ കൃതിയെക്കുറിച്ച് ചിലത് വായനക്കാ രെ ചിലത് ബോധ്യപ്പെടുത്തുകയാണ്.
അതിന് മുമ്പ് ആ സര്‍ഗ്ഗധനനെ സാധാരണക്കാരനായ എന്നോടിണക്കിച്ചേര്‍ത്തതിനെക്കുറിച്ച്കൂടി രണ്ട് വാക്ക്പറയുന്നത് ഉചിതമായിരിക്കും. വായനയിലൂടെ പണ്ടേ അദ്ദേഹത്തിന്റെ സര്‍ഗ്ഗ സപര്യകള്‍ തിരിച്ചറിഞ്ഞിരുന്നു. അതിനിടയ്ക്കാണ് എന്റെ ഒരു നോവലറ്റിന്റെ ഭാഗം എഫ് ബിയില്‍ വായിച്ച് അദ്ദേഹം മെസഞ്ചറില്‍ കയറി വന്നത്. ”എന്താണ് താന്‍ എഴുത്ത് ഒരു ഗൗരവത്തിലെടുക്കാത്തത് ‘ എന്നായിരുന്നു ആദ്യ ചോദ്യം. ഇത്തരം രചനയൊക്കെ ഫേസ് ബുക്കില്‍ ഇടാമോ? എന്നുകൂടി അദ്ദേഹം ചോദിച്ചു. ഗുല്‍ഷന്‍ പൂരില്‍ ഒരു വസന്തകാലത്ത് എന്ന ലഘു നോവലിന്റെ ഭാഗം വായിച്ചാണ് അദ്ദേഹം അങ്ങിനെയൊരു അഭിപ്രായം പറഞ്ഞത്.
ഞാന്‍ ത്രില്ലടിച്ചു. കാരണം, ദേശാഭിമാനിയിലും മാധ്യമത്തിലും മാതൃഭൂമിയിലുമൊക്കെ വരുന്ന അദ്ദേഹത്തിന്റെ തീഷ്ണമായ കവിതകള്‍ വായിച്ച് ഞാന്‍ ഗഫൂ ര്‍ അറക്കലിന്റെ ഒരു ആരാധകനായി മാറിയിരുന്നു. അത്തരം ലബ്ധ പ്രതിഷ്ഠനും പ്രതിഭാധനനുമായ ഒരു എഴുത്തുകാരനാണ് എന്റെ ഒരു സൃഷ്ടിയെക്കുറിച്ച് നല്ലത് പറയുന്നത്. അന്നദ്ദേഹം ഏറെ നേരം എന്നെ ഗുണദോഷിച്ചു.എഴുത്തില്‍ സജീവമായി ഇടപെടാന്‍ നിര്‍ദ്ദേശിച്ചു.പിന്നീട് ഫോണില്‍ നിരന്തരം ബന്ധപ്പെടുക പതിവായി. ഒരിക്കല്‍ അദ്ദേഹം വിളിച്ചപ്പോള്‍ ഇന്ത്യ മുഴുവന്‍ ഒരു ചരക്കു ലോറിയില്‍ ചുറ്റിക്കറങ്ങണം എന്നആഗ്രഹം എന്നോട്പങ്കുവെച്ചു. നിനക്ക് ഉത്തരേന്ത്യന്‍ ഭാഗങ്ങളൊക്കെ നല്ല പരിചയമാണെന്ന് നിന്റെ എഴുത്തിലൂടെ എനിക്ക് മനസിലായി. പല പദ്ധതികളും എന്റെ മനസിലുണ്ട്.നിനക്ക് കല്ല് ബിസിനസല്ലേ, ധാരാളം ലോറിക്കാരുമായൊക്കെ പരിചയമുണ്ടാകുമല്ലോ.താന്‍ തയ്യാറാണോ?”
ഈ അഭിപ്രായം കേട്ടപ്പോള്‍ എനിക്ക് കൂടുതല്‍ ആഹ്ലാദമായി. പദ്ധതി തരക്കേടില്ല എന്ന് എനിക്കും തോന്നി.എന്നെ സംബ ന്ധിച്ചിടത്തോളം ഞാന്‍ എഴുത്ത് രംഗത്ത് ഒരു വെളിച്ചം തിരയുകയായിരുന്നു ധാരാളം വായിക്കുന്നതിനിടയില്‍ ചിലതെല്ലാം കുത്തിക്കുറിക്കാറുണ്ടെങ്കിലും എനിക്ക് എഴുത്തുകാരുമായി പരിചയം കുറവാണ്. ഞാന്‍ പ്രസിദ്ധീകരണാലയങ്ങളുടെ മുന്നില്‍ കൂനിക്കൂടി ക്യൂ നില്‍ക്കാനും പോകാറില്ല. എന്റെ അപകര്‍ഷത അതിനൊന്നും അനുവദിക്കാറില്ല എന്ന് പറയുന്നതാവും ശരി.
ഏതായാലും കുറേക്കാലം പിന്നെ അദ്ദേഹത്തിന്റെ വിവരമൊന്നുമില്ല. ഞാന്‍ വിളിച്ചു.ആ ശബ്ദത്തിലെ ഇടര്‍ച്ച എന്നില്‍ നേരിയ സംശയമുണര്‍ത്തി. എന്താ സുഖമില്ലേ എന്ന എന്റെ ചോദ്യത്തിന് അല്‍പ്പം സുഖമില്ലായ്മയുണ്ട് എന്ന് അദ്ദേഹം മറു പടി പറഞ്ഞു. വല്ല ജലദോഷവുമായിരിക്കും എന്ന് ഞാന്‍ സാന്ത്വനപ്പെടുത്തി.
” ജലദോഷമൊന്നുമല്ലെടോ, അല്‍പ്പം കനം കൂടിയ അസുഖമാണ് എന്ന് പറഞ്ഞു കൊണ്ട് വിശദീകരിച്ചു: ”എനിക്ക് കാന്‍സറാണ്.അത് സാരമില്ല. രോഗം അതിന്റെ വഴിക്ക് വരും പോകും അതൊന്നും കാര്യമാക്കണ്ട, നീ വൈകാതെ ഒരിക്കല്‍ വീട്ടില്‍ വാ ‘ അത് കേട്ടപ്പോള്‍ എന്റെ മനസിലുണ്ടായ വികാരം എഴുതി ഫലിപ്പിക്കാന്‍ പ്രയാസമാണ്. ഫോണില്‍ ബന്ധം പുലര്‍ത്തിയതൊഴിച്ചാല്‍ ഞങ്ങള്‍ നേരിട്ട് കണ്ടിട്ടില്ല. ഞാന്‍ ഉടനെ തേടിപ്പിടിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കേറിചെന്നു. അല്‍ഭുതം. ഒരു രോഗത്തിന്റെയും അസ്‌കിതകള്‍ ബാധിക്കാത്ത മട്ടില്‍ ചിരിച്ചു കൊണ്ട് ഗഫൂര്‍ എന്നെ ചേര്‍ത്ത് പിടിച്ചു ആശ്ലേഷിച്ചു..
‘കുറേ കാലമായി നിന്നെ കാണണമെന്ന് ആഗ്രഹിക്കുന്നു. കുറേ കാര്യങ്ങള്‍ പറയാനുണ്ട്.”രോഗമെങ്ങനെയുണ്ട്?’ഞാന്‍ ചോദിച്ചു. എനിക്ക് അതായിരുന്നു ആകാംക്ഷ. പക്ഷെ ഗഫൂര്‍ എന്റെ വാക്കുകള്‍ അവഗണിച്ചു കൊണ്ട്പറഞ്ഞു. ‘ ഞാന്‍ ഒരു പുതിയ നോവല്‍ എഴുതാനുള്ള തയ്യാറെടുപ്പിലാണ്.ഞാനത് പറയാം. എങ്ങിനെയുണ്ടാവും എന്ന് പറയണം.” എഴുത്തില്‍ ഇന്നും പിച്ച നടക്കുന്ന എന്നില്‍ നിന്ന് എന്ത് അഭിപ്രായം തേടാനാണ്? ഞാനെന്ത് പറയാനാണ്? ചിന്തിക്കുന്നതിനിടയില്‍ ഗഫൂര്‍ തന്റെ മനസില്‍ രൂപം കൊണ്ട കഥ പറഞ്ഞു തുടങ്ങിയിരുന്നു. കോഴി ക്കോട്ടങ്ങാടിയിലെ അല്‍ഭുത പ്രതിഭാസമായ കോയാക്കയെക്കുറിച്ചുള്ള ചരിത്ര വിവരണങ്ങള്‍ ഗഫൂര്‍ എനിക്കു മുന്നില്‍ നിവര്‍ത്തിയിട്ടു. സാമൂതിരിയുടെ കോഴിക്കോട്ട് നിന്ന് കല്ലായിപ്പുഴയുടെ ഓരത്തും വലിയങ്ങാടിയിലും മറ്റും അലഞ്ഞ് നടന്ന് ലോക ചരിത്രങ്ങള്‍ മുഴുവന്‍ കലക്കിക്കുടിച്ച കോയാക്കയുടെ പരിണാമം കേട്ട് ഞാന്‍ മിഴിച്ചു പോയി.
പോര്‍ച്ചുഗല്ലിലെ ലിബ്‌സണില്‍ നിന്ന് വഴി തെറ്റി വന്ന ഒരു ഇമെയിലിലൂടെ കോയാക്ക പ്രൊഫസര്‍ കോയയായി മാറുന്നു. ഇന്ത്യന്‍ ചരിത്രത്തെ പ്രതിനിധീകരിച്ച് കോയാക്ക കോട്ടും സൂട്ടും മണിഞ്ഞ് ആംഗലേയ യൂണിവേഴ്‌സിറ്റികളിലേക്ക് പറക്കുന്നു. അവിടെ ചരിത്ര സെമിനാറു കളെ അഭിമുഖീകരിക്കുന്നു. കഥ കേട്ടപ്പോള്‍ ഞാന്‍ പൊട്ടപ്പോഴത്തമാകുമോ എന്ന് ശങ്കിച്ചു കൊണ്ട് ഒരു സംശയം എടുത്തിട്ടു. ഈ കഥാപാത്രത്തിന് മരക്കാര്‍ എന്ന പേരല്ലേ ചേരുക. ഉദാഹരണം കുഞ്ഞാലി മരക്കാര്‍ ഉണ്ടല്ലോ. ഞാ ന്‍ പോര്‍ച്ചുകീസ് ചരിത്രത്തിലൂടെ ഊളിയിട്ടു കൊണ്ടാണത് ചോദിച്ചത്.
‘ കോയ എന്ന പദം ഇന്ന് മലയാളത്തില്‍ എവ്വിധമാണ് ഉപയോഗിക്കുന്നത് എന്ന് നിനക്കറിയാമോ? ആ പേര് സംഘ് പരിവാര്‍ ഇന്ന് ഉപയോഗപ്പെടുത്തുന്നത് മുസ്ലിം അപരവല്‍ക്കരണത്തിന്റെ ഒരു സാധ്യത എന്ന നിലക്കാണ്. അതേ പേര് കൊണ്ട് കോയ തള്ളപ്പെടേണ്ട ഒരു പേരല്ല എന്ന സന്ദേശം കൂടിയാണ് ഇതിലൂടെ ഞാന്‍ മലയാളി സമൂഹത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. അതിനായി എനിക്ക് സാമൂതിരിയുടെ കൂട്ടുമുണ്ട് എന്ന് കരുതിക്കോളൂ. അദ്ദേഹം പറഞ്ഞു നിര്‍ത്തി.
തിരിച്ചു പോരുമ്പോള്‍ ഗഫൂറിനെ നേരിട്ട് കാണാനായതിലുള്ള സന്തോഷത്തിലു പരി അദ്ദേഹത്തിന്റെ രോഗമായിരുന്നു എന്നെവല്ലാതെ അലട്ടിയത്. ഈ ആശയം അദ്ദേഹത്തിന് എഴുതിത്തീര്‍ക്കാന്‍ സാധിക്കണേ എന്നായിരുന്നു എന്റെ പ്രാര്‍ഥന. പിന്നീടും രോഗത്തെ പുല്ലുവിലയാക്കി അദ്ദേഹം നിരന്തരം വീണ്ടുമെന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു..രോഗാവസ്ഥ യിലും എന്റെ പുതിയ നോവലിന് ഗഹനമായ ഒരു പഠനം എഴുതിതന്നു. ഫാസഷിസത്തെ മുന്‍നിര്‍ത്തി പട്ടി പുരാണം എന്ന എന്റെ ഒരു കഥ അദ്ദേഹം പല കുറി മാറ്റി എഴുതിച്ചു. മലബാര്‍ കലാപത്തെക്കുറിച്ച് ഞാന്‍ ചിലത് പഠിച്ചുവച്ചിട്ടുണ്ട് എന്ന് മനസിലാക്കിയ അദ്ദേഹം മലബാര്‍ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു നോവല്‍ എഴുതണം എന്ന് നിരന്തരം എന്നെ പ്രേരിപ്പിച്ചിരുന്നു. അതിന്റെ ഒരധ്യായം അദ്ദേഹത്തിന് അയച്ചു കൊടുത്തുവെങ്കിലും ഗഫൂര്‍ തൃപ്ത നായില്ല. ചരിത്രമെഴുതാന്‍ അനവധി ആളുകളുണ്ട്. താന്‍ ചരിത്രമല്ല എഴുതേണ്ടത് നോവലാണ്. അങ്ങനെ ഞാനത് മാറ്റി എഴുതുന്ന വേളയിലാണ് അദ്ദേഹത്തിന് രോഗം മൂര്‍ച്ചിച്ച വിവരമറിയുന്നത്.
ഒരു നിലക്കും രോഗപീഢകള്‍ അദ്ദേഹത്തെ തളര്‍ത്തിയിരുന്നില്ല എന്നത് എനിക്കൊരു അല്‍ഭുതം തന്നേയായിരുന്നു. അദ്ദേഹത്തിന്റെ രാത്രിഞ്ചനായ ബ്രാഞ്ച് സെക്രട്ടറി എന്ന നോവലിന്റെ ചര്‍ച്ചകള്‍ ചേളാരിയില്‍ നടന്നത് ഓര്‍ക്കുന്നു. രോഗത്തെ വകവയ്ക്കാതെ ഒരുഷാള്‍ പുതച്ച് കൊണ്ട് വേദിയില്‍ ഓടി നടന്ന ഗഫൂര്‍ ഇന്നും ഒരല്‍ഭുതമായി എന്റെ മനസിലുണ്ട്. പ്രസ്തുത വേദിയില്‍ അദ്ദേഹം തന്നെയാണ് എന്നെ സദസിന് പരിചജയപ്പെടുത്തിയത്. എന്റെ സംസാരത്തില്‍ ഗഫൂറിനെ ഞാന്‍ ഗുരുവെന്ന് വിശേഷിപ്പിച്ചിരുന്നു. ഞാന്‍ തന്നെപ്പോലെ ഒരു എഴുത്തുകാരന്‍ മാത്രമാണ്. ആരുടേയും ഗുരുവല്ല. ദയവ് ചെയ്ത് അത്തരം പ്രയോഗങ്ങള്‍ നടത്തരുത്. അന്ന് രാത്രി വാട്‌സപ്പ് തുറന്നപ്പോള്‍ ഗഫൂറിന്റെ മെസേജിലാണ് ഇത് പറഞ്ഞത്.
രാത്രിഞ്ജരനായ ബ്രാഞ്ച് സെക്രട്ടറിയുടെ പശ്ചാത്തലം കോഴിക്കോട് മുതല്‍ മൂന്നിയൂര്‍ കളി യാട്ടക്കാവ് വരെയുള്ള നീണ്ട് കിടക്കുന്ന സ്ഥലങ്ങളാണ്. കഥാപരിസരങ്ങള്‍ എനിക്ക് പകല്‍ പോലെ പരിചിതമായ സ്ഥലങ്ങളാണ്.അത്‌കൊണ്ട് ഒരു പ്രത്യേക ആകര്‍ഷണം അതിനോട് തോന്നിയിരുന്നു.ആ നോവല്‍ കാരണം ഇടതു പക്ഷം പോലും ഗഫൂറിനോട് ഇടഞ്ഞു. ദേശാഭിമാനി അദ്ദേഹത്തിന്റെ സൃഷ്ടികള്‍ നിരസിച്ചു.ആ സങ്കടം പലകുറി അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്.
സത്യത്തില്‍ ആ നോവല്‍ ഇടതുപക്ഷത്തിന്റെ പ്രസക്തിയാണ് വെളിവാക്കുന്നത്. എന്തുകൊണ്ടോ ഇടതുപക്ഷം അദ്ദേഹത്തെ ഒരു എതിരാളിയായാണ് കണ്ടത്. എങ്കിലും ചേളാരി യൂണിവേഴ്‌സിറ്റി പ്രദേശങ്ങളില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം സജീവമായിരുന്നു.
ഗഫൂറില്‍ നിന്ന് മലയാളം വളരെയധികം പ്രതീക്ഷിച്ചിരുന്നു.പക്ഷെ ക്രൂരനായ കാലം അതിനനുവധിച്ചില്ല എന്ന് സങ്കടത്തോടെ ഓര്‍ത്തു പോകുന്നു. എങ്കിലും അമീബ ഇരപിടിക്കുന്നതെങ്ങനെ, ഒരു ഭൂതത്തിന്റെ ഭാവി ജീവിതം, രാത്രഞ്ജരനായ ബ്രാഞ്ച് സെക്രട്ടറി, ഹോര്‍ത്തൂസുകളുടെ ചോമി, ദ കോയ, തുടങ്ങിയ സര്‍ഗാത്മക സൃഷ്ടികള്‍ സമര്‍പ്പിച്ച അദ്ദേഹത്തെ സാഹിത്യരംഗം എന്നും ഓര്‍മ്മയില്‍
സൂക്ഷിക്കും.
കെ ടി കുഞ്ഞിക്കണ്ണന്‍
പതിനെട്ടു വര്‍ഷം ദണ്ഡും പിടിച്ച് നടന്ന ഒരു ആര്‍ എസ് എസുകാരനായ സുകുമാരന്‍നായരുടെ ഗണപതിയാരാധനയ്ക്ക് വിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്ന് കേരളത്തിലെ ഹിന്ദുമത വിശ്വാസികളുള്‍പ്പെടെയുള്ള മതനിരപേക്ഷ സമൂഹത്തിന് മനസിലാക്കാവുന്നതേയുള്ളൂ…
വിഭജനവും വിദ്വേഷവുമാണ്ടാക്കാനുള്ള സംഘപരിവാര്‍ അജണ്ടയില്‍ ആ നായരുടെ ഉള്ളം തിളക്കുന്നത് സ്വാഭാവികം.
സുകുമാരന്‍ നായരുടേത് വരേണ്യ ജാതി വര്‍ഗീയബോധത്തിന്റെ പുളിച്ചു തികട്ടലുകളാണെന്ന് ഏത് നായര്‍ക്കും തിയ്യനും പുലയനും മാപ്പിളയ്ക്കും മനസിലാവും.
മന്നത്ത് പത്മനാഭന്‍ ഉള്‍പ്പെടെയുള്ള സമുദായപരിഷ്‌ക്കരണവാദികള്‍ അസഹനീയവും അശ്ലീലവുമായി കാണുകയും എതിര്‍ക്കുകയും ചെയ്ത ബ്രാഹ്‌മണാധികാരത്തിന്റെ പ്രത്യയശാസ്ത്ര പുനരുജ്ജീവനവുമായി നടക്കുന്ന ആര്‍ എസ് എസി ന്റെ അജണ്ടയിലാണ് സുകുമാരന്‍ നായര്‍ കയറി പിടിച്ചിരിക്കുന്നത്.
ആര്‍ എസ് എസിന്റെ പന്തിയിലിരുന്നുള്ള കളിയാണിത്. അതറിഞ്ഞോ അറിയാതെയോ ഷംസീറിനെതിരെ നിറഞ്ഞാടുന്ന കോണ്‍ഗ്രസുകാര്‍ ശബരിമല വിവാദക്കാലത്തെന്ന പോലെ ഹിന്ദുത്വത്തിന്റെ വര്‍ഗീയധ്രുവീകരണത്തിന് തീ ഊതി പിടിപ്പിക്കുകയാണ്. സുകുമാരന്‍നായരെ ഓര്‍ത്തല്ല ഹിന്ദുത്വത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് മീന്‍പിടിക്കാനിറങ്ങുന്ന കോണ്‍ഗ്രസുകാരെ ഓര്‍ത്താണ് മതനിരപേക്ഷ കേരളം ലജ്ജിക്കേണ്ടത്. അവരെയാണ് ഭയപ്പെടേണ്ടത്.
ഇങ്ങനെ സംഘി അജണ്ടയില്‍ കളിച്ച് കളിച്ചാണ് ആസാമിലും മണിപ്പൂരിലും മേഘാലയിലും മിസോറാമിലും ത്രിപുരയിലും ഗോവയിലും യു പി യിലുമെല്ലാം കോണ്‍ഗ്രസുകാര്‍ ബിജെപിയായത്. യു പിയില്‍ റീത്തബഹുഗുണ മുതല്‍ അസമില്‍ ഹിമന്ത് ബിശ്വാസ് ശര്‍മ വരെ. മണിപ്പൂരില്‍ ഗോത്ര – ക്രൈസ്തവ ജനതയുടെ രക്തം കുടിച്ച് മരണനൃത്തമാടുന്ന ബീരെന്‍ സിംഗ് 2016 വരെ കോണ്‍ഗ്രസ് നേതാവായിരുന്നല്ലോ…
അഹ്‌മദ് ശരീഫ് പി
പാഞ്ചാലിയെ കൗരവരുടെ തിങ്ങിനിറഞ്ഞ കോടതിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നാണ് ഭൂരിപക്ഷ സമൂഹമായ കൗരവര്‍ വസ്ത്രം ഉരിഞ്ഞു രസിച്ച് ആര്‍ത്ത് അട്ടഹസിച്ചത്. അത് നോക്കി ഒരക്ഷരം മിണ്ടാതെ, തങ്ങളുടെ അഞ്ചു പാണ്ഡവ സഹോദരങ്ങളുടെയും ഭാര്യയായ അവളെ സംരക്ഷിക്കാതെ നില്‍ക്കുകയായിരുന്നു ന്യൂനപക്ഷ പാണ്ഡവന്മാരായ വീരശൂര പരാക്രമികള്‍. അഥവാ ഹിന്ദുത്വ ഭീകരര്‍ പ്രചോദനം തേടുന്നത് ധര്‍മത്തിനായി പോരാടിയ കൃഷ്ണനില്‍ നിന്നും പാണ്ഡവരില്‍ നിന്നും അല്ല. അധര്‍മത്തിന്റെ കൗരവരില്‍ നിന്നാണ്.
പാഞ്ചാലിയോട് ചെയ്തതിനേക്കാള്‍ ഭീകരമായി മണിപ്പുരിലും ഗുജറാത്തിലും ചെയ്തു. ന്യൂനപക്ഷങ്ങള്‍ കയ്യും കെട്ടി നോക്കിയിരിക്കുന്നു. ശ്രീകൃഷ്ണ ഭഗവാന്‍ അവതരിക്കുമായിരിക്കും മണിപ്പുരിലെ, അല്ല ഇന്ത്യയിലെ സ്ത്രീകള്‍ക്ക് അഴിച്ചാലും അഴിച്ചാലും തീരാത്ത സാരി സമ്മാനിക്കാന്‍.
കെ ടി കുഞ്ഞിക്കണ്ണന്‍
തങ്ങള്‍ക്ക് കീഴക്കേണ്ട ജനതക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനും അവരെ ഭയപ്പെടുത്തി നിസ്‌തേജരാക്കാനുമുള്ള ആയുധമാണ് വംശീയഭീകരര്‍ക്ക് ബലാത്സംഗം. ഒരു ജനതയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത് നഗ്‌നരാക്കി നടത്തിക്കുന്ന വംശീയഭീകരതയായി ഇന്ത്യയില്‍ ഹിന്ദുത്വഫാഷിസം അരക്ഷിതത്വം സൃഷ്ടിക്കുകയാണ്.
ഗുജറാത്ത് മുതല്‍ മണിപ്പൂര്‍ വരെ അതാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. മണിപ്പൂരില്‍ നടക്കുന്നത് മെയ്തികളെ ഇളക്കി വിട്ടുകൊണ്ടുള്ള
ഹിന്ദുത്വത്തിന്റെ വംശീയയുദ്ധങ്ങളാണ്.
ഗഫൂർ കൊടിഞ്ഞി
മിത്തുകളെ ചരിത്രത്തോട് കൂട്ടിക്കെട്ടാനുള്ള സംഘ്പരിവാറിൻ്റെ ശ്രമങ്ങൾക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. വൈദിക ബ്രാഹ്മണ്യം അവരുടെ ഇരിപ്പിടത്തിൻ്റെ അടിത്തറയുറപ്പിച്ചത് ഐതിഹ്യങ്ങളിൽ നിറംപിടിപ്പിച്ചു കൊണ്ടായിരുന്നു. കേരളത്തിലെ ആദിമ നിവാസികളെ ഈ മിത്തുകൾ ഉയർത്തിക്കാട്ടി പേടിപ്പിച്ചും പ്രീണിപ്പിച്ചുമാണ് അവർ അധീശത്ത്വം സ്ഥാപിച്ചെടുത്തതും ഇന്നുള്ള പ്രത്യയ ശാസ്ത്ര അടിത്തറ സജ്ജമാക്കിയതും.
മുസ് ലിംകളും മറ്റ് പിന്നാക്ക വിഭാഗങ്ങളും അപരവൽക്കരിക്കപ്പെടുന്ന ഈ ഫാഷിസ്റ്റ്കാലത്ത് ഇവിടത്തെ ആദിമ സംസ്കൃതികളെ വൈദിക ബ്രാഹ്മണ്യം എവ്വിധമാണ് അപരവൽക്കരിച്ചത് എന്ന ഒരു അന്വേഷണമാണിത്. സുമാർ ഒരു സഹസ്രാബ്ദം മുൻപ് നടന്ന അത്തരം ഒരു അപരവൽക്കരണം തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിൽ വൈദിക ബ്രാഹ്മണ്യം ലക്ഷ്യമിടുന്നത് എന്നതാണ് ഈ അന്വേഷണത്തിൻ്റെ പ്രസക്തി.
എഡി ആറാം നൂറ്റാണ്ട് മുതൽക്ക് തന്നെ നമ്പൂതിരിമാർ കേരളത്തിൽ വന്നു ചേരുന്നുണ്ട്. എങ്കിലും ഇവിടെ ശാഖോപശാഖകളായി പടർന്നു പന്തലിച്ച് നിന്നിരുന്ന ശക്തവും ബഹുസ്വരവുമായ വിവിധ ദ്രാവിഡ സംസ്‌കൃതികളുടെ സാന്നിധ്യത്തിൽ അവർക്ക് ഈ മണ്ണിൽ വേര് പിടിപ്പിക്കാനായില്ല. അതിന് കാരണം ശൈവ ബൗദ്ധ ജൈന വിഭാഗങ്ങളുടെ ഇവിടത്തെ ശക്തമായ സാന്നിധ്യമായിരുന്നു. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മാത്രമല്ല, കാർഷിക മേഖലയിലും അവർക്ക് അപ്രമാദിത്വമുണ്ടായിരുന്നു. ഇതിനെ വെല്ലുവിളിക്കുക എളുപ്പമായിരുന്നില്ല. കാവുകളും പ്രതിഷ്ഠകളും അവരുടെ പ്രതിനിധാനങ്ങളെ പുഷ്കലമാക്കിയിരുന്നു.
പള്ളിയും പള്ളിക്കൂടങ്ങളും സ്ഥാപിച്ച് സാംസ്കാരിക ഔന്നത്യം പ്രാപിച്ചിരുന്നു മറ്റു ചിലർ. ഈ വിധം സാംസ്കാരികമായി ഔന്നത്യം പ്രാപിച്ച ജനസഞ്ജയങ്ങളായിരുന്നു ഇവിടെ നിലനിന്നിരുന്നവരെല്ലാം. അവരാണ് മലയോര പ്രദേശങ്ങളിൽ കാട് വെട്ടിത്തെളിച്ച് പുനംകൃഷിയും പാർപ്പിട പരിസരങ്ങൾ വളച്ചു കെട്ടി ചേരിക്കൽ കൃഷിയും ആദ്യമായി ആവിഷ്കരിച്ചത്.കൃഷിക്ക് അനുയോജ്യമായ കൈക്കോട്ട്, കലപ്പ തുടങ്ങിയ പണിയായുധങ്ങളും ഇദം പ്രഥമമായി നാട്ടിൽ പരീക്ഷിച്ചതും അവരായിരുന്നു. ഇമ്മട്ടിൽ സമൂഹത്തിൽ വേരാഴ്ത്തി നിന്ന ഈ സംസ്കൃതികളെ അത്ര എളുപ്പത്തിൽ തൂത്തെറിയുക പ്രയാസകരമായിരുന്നു.
എങ്കിൽ വൈദിക അപ്രമാദിത്വം എങ്ങിനെയാണ് അവരിവിടെ സ്ഥാപിച്ചെടുത്തത് എന്ന ചോദ്യം വരുന്നു. അതിൻ്റെ ഉത്തരത്തിനാകട്ടെ അന്ന് ഈ നാട്ടിൽ അജയ്യമായി നിലനിന്നിരുന്ന ശൈവ ബൗദ്ധ ജൈന സംസ്കൃതികളെ അവർ അപരവൽക്കരിച്ച ചരിത്രത്തിലൂടെ സഞ്ചരിക്കണം. ചരിത്രമെന്ന മട്ടിൽ ഇവിടെ അടിച്ചേൽപ്പിച്ച സവർണ മിത്തുകളും ഐതിഹ്യങ്ങളും പരിശോധിക്കണം. പരശുരാമൻ മഴുവെറിഞ്ഞു കേരളം സൃഷ്ടിച്ചു എന്ന ഐത്യഹ്യമുണ്ടല്ലോ. കേവലം ഐതിഹ്യം എന്നതിൽ കവിഞ്ഞ് സവർണ കുരുട്ടു തന്ത്രങ്ങളുടെ ആന്തരാർഥങ്ങൾ ഈ മിത്തുകൾ സൂഷ്മമായി ചികഞ്ഞാൽ തെളിഞ്ഞു വരും. അതിൽ ഒളിഞ്ഞിരിപ്പുള്ള ചതിയുടേയും വഞ്ചനയുടേയും യഥാഥമായ വസ്തുതകൾ വിവേചിച്ചറിയുക എന്നത് നമ്മുടെ കാലഘട്ടത്തിൽ പ്രസക്തിയുള്ള കാര്യമാണ്.
പരശുരാമകഥ
വൈദിക ദർശനങ്ങളിലെ ആറാമത്തെ അവതാരമാണല്ലോ പരശുരാമൻ എന്ന ബ്രാഹ്മണ പരാക്രമി. പരമശിവൻ നൽകിയ മഴുവുമായാണ് അദ്ദേഹം കേരളത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. ആ മഴുവുമായി അയാൾ ആദ്യം ക്ഷത്രിയരെ കൂട്ടക്കുരുതി നടത്തി എന്നാണ് ഐതിഹ്യം. ഈ കെട്ടുകഥയ്ക്ക് പിറകിലുള്ള വിരോധാഭാസം ശ്രദ്ധിക്കണം. കാരണം ഇവിടെയുള്ളവരെ കൊന്നൊടുക്കിയെങ്കിൽ ആ ഇടം പരശുരാമൻ മഴു എറിഞ്ഞു കേരളം സൃഷ്ടിക്കുന്നതിന് മുമ്പേ ഇവിടെ നില നിന്നിരുന്നു എന്ന് അർഥമുണ്ടല്ലോ. മഴു എറിഞ്ഞതിനെ തുടർന്ന് രൂപം കൊണ്ടു വെന്ന കെട്ടുകഥയുടെ പരിഹാസ്യതയാണ് ഇത് വെളിവാക്കുന്നത്. ഏതായാലും ഈ നരമേധത്തിൽ അദ്ദേഹത്തിന് മനസ്ഥാപം വരികയും അങ്ങിനെ തൻ്റെ പാപത്തിന് പ്രതിക്രിയ ചെയ്യുകയും ചെയ്തു എന്നാണ് ഐതിഹ്യത്തിലുള്ളത്. അതിന് ശേഷം വടക്ക് നിന്ന് കൊണ്ടുവന്ന അറുപത്തിനാല് ബ്രാഹ്മണ കുടുംബങ്ങളെ ഇവിടെ കുടിയിരുത്തി എന്നും കേരളമാഹാത്മ്യം ഐതിഹ്യമാല തുടങ്ങിയ ആദിമ ചരിത്ര?കൃതികളിൽ വായിക്കാം. ഈ കുടിയിരുത്തലിന് പിന്നിൽ പക്ഷേ, യഥാർഥ്യത്തിൻ്റെ ചില അംശങ്ങളുണ്ട് എന്നത് ശരിയാണ്.
എന്നാൽ ഗോകർണത്ത് നിന്ന് കന്യാകുമാരിയിലേക്ക് പരശു ചുഴറ്റി എന്ന മിത്തിൻ്റെ പിറകിലുള്ള ചരിത്രം വിഡ്ഢിത്തമാണെങ്കിലും അത് വിശകലനം ചെയ്തു നോക്കുന്നത് രസാവഹമാണ്. പരശുരാമൻ നിഗ്രഹിച്ചത് ക്ഷത്രിയരെയായിരുന്നു എന്ന് വിശ്വസിക്കുന്നതിലും വലിയ വിരോധാഭാസമുണ്ട്. കാരണം മുൻപ് കാലത്തോ അക്കാലത്തോ ക്ഷത്രിയർ ഇവിടെ അധിവസിച്ചിരുന്നു എന്നതിന് ചരിത്രത്തിൽ ഒരു തെളിവും കാണുന്നില്ല. ശൂദ്ര വിഭാഗമായ നായർ സമൂഹത്തിനെ ക്ഷത്രിയ പദവിയിലേക്കുയർത്തി ബ്രാഹ്മണർ പിൽക്കാലത്ത് കൂടെ കൂട്ടുകയായിരുന്നു എന്നാണ് ഭൂരിഭാഗം ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നത്. വടക്ക് കിഴക്കൻ ഇന്ത്യയിൽ നിന്ന് ശ്രീലങ്ക വഴിയോ മറ്റോ കേരളത്തിലേക്ക് കുടിയേറിയ ഒരു വിഭാഗമായിരുന്നു നായ(നാഗ?)ന്മാർ എന്നത് ചരിത്രത്തിൽ ചിതറിക്കിടപ്പുള്ള വസ്തുതയാണ്. ബ്രാഹ്മണരുടെ വെട്ടിപ്പിടുത്തങ്ങൾക്ക് പിന്തുണ നൽകി നായന്മാർ അനുയായികളായി കൂടെ നിന്നപ്പോൾ അത് ഇരുകൂട്ടർക്കും (ബ്രാഹ്മണർക്കും നായന്മാർക്കും)ലാഭക്കച്ചവടമായി. അതെന്തായാലും പരശുരാമൻ കൊന്നൊടുക്കിയത് ക്ഷത്രിയരെയല്ല മറിച്ച്, ഇന്നാട്ടിലെ ബൗദ്ധരും ജൈനരും അടങ്ങുന്ന ആദിമനിവാസികളായ ദ്രാവിഢ വർഗത്തെ തന്നെയായിരുന്നു എന്നർഥം.
കടന്നുവന്ന ബ്രാഹ്മണർ ഈ നായന്മാരുടെ പിൻബലത്തോടെ ഇവിടത്തെ സ്വത്തിൽ ആധിപത്യം സ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. നായർ വിഭാഗങ്ങൾ അതിനെ പിന്തുണച്ച് ഏറാൻമൂളികളായി കൂടെ നിന്നത് കൊണ്ട് അവർക്കും കാര്യമുണ്ടായി. നായന്മാർ ബ്രാഹ്മണരുടെ ആജ്ഞകൾ നടപ്പിലാക്കുന്ന ചട്ടുകങ്ങളായാണ് പ്രവർത്തിച്ചത്. വൈദികമായ യാഗങ്ങളും യജ്ഞങ്ങളും നടത്തി അവർ സവർണ ദൈവങ്ങളെ കുടിയിരുത്തി. ദൈവത്തിൻ്റെ പ്രാതിനിധ്യം സ്വയം ഏറ്റെടുത്ത് നാട്ടുവാസികളെ പേടിപ്പിച്ചും പലപ്പോഴും പീഡിപ്പിച്ചും വരുതിയിലേക്ക് കൊണ്ടുവന്നു. സവർണ്ണ വിശ്വാസങ്ങളും ആചാര അനുഷ്ഠാനങ്ങളും ഇവിടത്തെ ജനങ്ങളിൽ അടിച്ചേൽപ്പിച്ചു. അങ്ങിനെയാണ് വൈദിക ആചാരാനുഷ്ഠാനങ്ങൾ ഈ മിത്തുകളുടെ ബലത്തിൽ
കാലാന്തരങ്ങളിലൂടെ പൊതുസമ്മതിയുള്ള വിശ്വാസത്തിൻ്റെ ഭാഗമായത്. വർണാശ്രമധർമങ്ങൾ ഉപയോഗപ്പെടുത്തി മനുഷ്യനെ കള്ളിതിരിക്കുന്ന പ്രവണതയും അന്ന് മുതലാവണം കേരളത്തിൽ വേരോടിയത്. ഇതിനെ തുടർന്ന് ദ്രാവിഡരുടെ ആരാധനാലയങ്ങൾ കൈയേറി അവരുടെ കാവുകളിലും തറകളിലും സവർണ പ്രതിഷ്ഠകളും ഈ ബ്രാഹ്മണ മേധാവികൾ മാറ്റി സ്ഥാപിച്ചിരിക്കാം. ഇന്ന് കേരളത്തിൽ കാണുന്ന പല ക്ഷേത്രങ്ങളും ഇവർ ഇമ്മട്ടിൽ പിടിച്ചെടുത്തതാണ്. ഇരിഞ്ഞാലക്കുട കൂടൽ മാണിക്യക്ഷേത്രം ശബരിമല അയ്യപ്പക്ഷേത്രം തൃശൂർ വടക്കുന്നാഥ ക്ഷേത്രം തുടങ്ങിയവ ഇതിൽ ചിലത് മാത്രം.
ശബരിമലയ്ക്ക് പിന്നിൽ
ശൈവ വിഭാഗങ്ങളെ വൈദിക ബ്രാഹ്മണ്യത്തോട് കണ്ണി ചേർക്കാനും ശബരിമലയുടെ യഥാർഥ ചരിത്രം തമസ്ക്കരിക്കാനും ഇവർ പുതിയ കഥകൾ മെനഞ്ഞുണ്ടാക്കിയത് മിത്തുകളിൽ ഒളിപ്പിച്ചുവച്ച ഇത്തരം ചരിത്രങ്ങൾ ചികഞ്ഞ് വേറെയും നമുക്ക് ഉരുത്തിരിച്ചെടുക്കാനാവും. അവയിലൊന്നാണ് പാകമാകാത്ത കുപ്പായം പോലെ ശബരിമല അയ്യപ്പ പ്രതിഷ്ഠയുടെ പിന്നിൽ തുന്നിച്ചേർത്ത ഐതിഹ്യം. ദക്ഷിണേന്ത്യയിലെ ശൈവ വിഭാഗങ്ങളെ അത്ര എളുപ്പം മെരുക്കിയെടുക്കാനാവില്ല എന്ന് മനസിലാക്കിയാവണം ഒരു വിധത്തിലും കണ്ണി ചേരാത്ത ശിവനേയും മഹാവിഷ്ണുവിനേയും കൂട്ടിക്കെട്ടി പുതിയ ഐതിഹ്യം അവർ മെനഞ്ഞുണ്ടാക്കിയത്.ഇവിടെ സൗഹൃദപൂർവം വസിക്കുന്ന ശൈവ ബൗദ്ധ ജൈന വിഭാഗങ്ങളെ നേരിട്ടെതിർക്കാൻ ബ്രാഹ്മണർക്ക് സാധിക്കുമായിരുന്നില്ല. അപ്പോൾ പിന്നെ ഇവരിൽ ഒരു കൂട്ടരെ കൂടെ കൂട്ടി മറ്റുള്ളവരെ എതിർക്കുക എന്ന പുതിയ തന്ത്രം അവർ ആവിഷ്കരിച്ചതാവാം.
ഏതായാലും ഈ മിത്തിൻ്റെ ബലത്തിൽ നൂറ്റാണ്ടുകളായി പോരടിച്ച ശൈവവിഭാഗത്തെ വൈദികശ്രേണിയിലേക്ക് മാർഗം കൂട്ടുന്നതിൽ അവർ വിജയിച്ചു എന്നതിന് നിദർശനമാണ് ശബരിമലയെ ചുറ്റിപ്പറ്റി ഇവർ ഉയർത്തിക്കൊണ്ടു വന്ന ഐതിഹ്യം. ഒരിക്കൽ ഒരസുരൻ പരമശിവനെ പ്രസാദിപ്പിക്കാൻ തപസ്സ് ചെയ്തു. കാലങ്ങൾ നീണ്ട തപസിനൊടുവിൽ ശിവൻ പ്രത്യക്ഷപ്പെട്ട് എന്ത് വരമാണ് വേണ്ടത് എന്ന് അസുരനോട് ചോദിച്ചു. ഞാൻ ആരുടെ നേരെ വിരൽ ചൂണ്ടുന്നുവോ ആ ആൾ ഭസ്മമാകണം എന്നതായിരുന്നു അസുരൻ ആവശ്യപ്പെട്ട വരം. വിചിത്രമായിരുന്നു വരമെങ്കിലും തന്നെ തപസ്സ് ചെയ്ത അസുരന്ന് വരം കൊടുക്കുകയല്ലാതെ ശിവന് നിർവാഹമില്ലായിരുന്നു. എന്നാൽ ശിവൻ കൊടുത്ത വരം പരീക്ഷിക്കാൻ അസുരൻ ശിവനെ തന്നെ തിരഞ്ഞെടുക്കുകയാണുണ്ടായത്. ഗത്യന്തരമില്ലാതെ ശിവൻ പിന്തിരിഞ്ഞോടി. ശിവൻ്റെ ഈ നിസ്സഹയാവസ്ഥ കണ്ട് മഹാവിഷ്ണുവിന് മനസലിഞ്ഞു.
എങ്ങിനെയെങ്കിലും ശിവനെ ഈ ആപൽസന്ധിയിൽ നിന്ന് രക്ഷിക്കണമെന്നുറച്ച് വിഷ്ണു മോഹിനിയുടെ രൂപം പ്രാപിച്ച് ഭസ്മാസുരന് വഴിയിൽ തടസ്സം സൃഷ്ടിച്ചു. മോഹിനിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ ഭസ്മാസുരൻ അവളിൽ അനുരക്തയായി വിവാഹാഭ്യർഥന നടത്തി. എന്നാൽ മോഹിനി ഒരു ഉപാദി വച്ചു. എനിക്ക്താങ്കളുടെ ഭാര്യാ പദവി അലങ്കരിക്കുന്നതിൽ എതിരഭിപ്രായമൊന്നുമില്ല. പക്ഷെ എന്നേക്കാൾ സൗന്ദര്യമുള്ള ഒരു സ്ത്രീയെ കണ്ടെത്തിയാൽ താങ്കൾ എന്നെ ഉപേക്ഷിക്കില്ല എന്ന് എനിക്ക് ഉറപ്പ് കിട്ടണം. അതിനാൽ സ്വന്തം നെഞ്ചത്ത് വിരൽചൂണ്ടി മറ്റൊരുത്തിയെ വരിക്കില്ല എന്ന് അങ്ങ് സത്യം ചെയ്യണം. ഇതായിരുന്നു ആ ഉപാദി. മോഹിനിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച ഭസ്മാസുരൻ തൻ്റെ വിരലിലിരിക്കുന്ന അപകടകരമായ വരത്തിൻ്റെ ശക്തി മറന്ന് സ്വന്തം നെഞ്ചിലേക്ക് വിരൽ ചൂണ്ടി. അങ്ങനെ അസുരൻ താൻ നേടിയ തപശക്തി കൊണ്ടു തന്നെ ഭസ്മമായി.
ശിവൻ, താൻ എങ്ങിനെയാണ് ഭസ്മാ സുരനിൽ നിന്ന് രക്ഷപ്പെട്ടത് എന്നറിയാനുള്ള ആകാംക്ഷയിൽ വിഷ്ണുവിനെ സമീപിച്ചു. താൻ ദേവന്മാരെ നിലയ്ക്ക് നിർത്താൻ ഉപയോഗിച്ച മോഹിനിയുടെ രൂപം പൂണ്ട് ഭസ്മാസുരൻ്റെ ശ്രദ്ധ തിരിക്കുകയായിരുന്നു എന്ന് വിഷ്ണു മറുപടി കൊടുത്തു. എങ്കിൽ പിന്നെ ആ മോഹിനിയുടെ രൂപം തനിക്കും ഒന്ന് കാണണമെന്നായി ശിവൻ. വിഷ്ണു മോഹിനിയുടെ രൂപം പൂണ്ട് പരമശിവൻ്റ മുന്നിൽ
പ്രത്യക്ഷപ്പെട്ടതോടെ ശിവൻ അവളിൽ അനുരക്തയായി. ആ ബന്ധത്തിൽ പിറന്ന കുഞ്ഞിനെയാണ് അയ്യപ്പനായി ശബരിമലയിൽ കുടിയിരുത്തിയത് എന്നാണ് അവർ മെനെഞ്ഞെടുത്ത കഥ. ഈ ഒരു മിത്തിലൂടെയാണ് വൈദിക ബ്രാഹ്മണ്യം ശൈവരുമായി കൈകോർത്തത്.
ഈ ഐതിഹ്യത്തെ ഇന്നത്തെ പല ചരിത്രകാരന്മാരും കെട്ടുകഥയായി മാത്രമാണ് കാണുന്നത്. യഥാർഥ ശബരിമല ചരിത്രം തേടിപ്പോയാൽ
അവിടെ ശ്രീബുദ്ധൻ്റെ പ്രതിഷ്ഠയാണ് കാണുക. ഈ വസ്തുത ഇതു സംബന്ധമായി പഠനം നടത്തിയ ചരിത്രകാരന്മാർ അംഗീകരിച്ചതാണ്. ശബരിമലയിലെ ശരണ മന്ത്രങ്ങൾ പോലും ബൗദ്ധമാണ് എന്നവർ പറയുന്നു. (ബുദ്ധം ശരണംഗച്ഛാമി / സ്വാമീ ശരണം). വൈദിക ദർശങ്ങളിൽ എവിടേയും ഇത്തരം ഒരു ശരണംവിളി കടന്നു വരുന്നില്ല എന്നതും കാണണം.
പതിനെട്ടാം പടി എന്ന സങ്കൽപ്പം പോലും ബുദ്ധൻ്റെ നാലുവിശുദ്ധസത്യങ്ങളും എട്ട് ഗുണങ്ങളും മറ്റും അന്തർലീനമായ അതിൻ്റെ അടിസ്ഥാന പ്രമാണങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.അയ്യപ്പൻ എന്നതിലെ അയ്യൻ തമിഴിൽ ബുദ്ധനെ സൂചിപ്പിക്കുന്നു. സംഘ സാഹിത്യങ്ങളിലെ സൂചനകളെല്ലാം ഇത് വ്യക്തമാക്കുന്നു. സംഘ കാലഘട്ടം തന്നെ ബൗദ്ധകാലഘട്ടമായിരുന്നു. ചേരമാൻ പെരുമാൾ പോലും ബുദ്ധമതത്തിൽ നിന്നാണ് ഇസ് ലാമിലേക്ക് വരുന്നത്.
അതു കൊണ്ടു തന്നേയാണ് മുസ് ലിംകളെ ബൗദ്ധർ എന്ന് ചിലർ വിശേഷിപ്പിക്കുന്നത്. ഇതിനൊക്കെ പുറമെ ശബരിമലയിൽ കുടിയിരുത്തിയിരിക്കുന്ന അയ്യപ്പ വിഗ്രഹം ശ്രദ്ധിക്കുക. അത് ബുദ്ധനോട് എത്രമാത്രം സാമ്യപ്പെട്ടിരിക്കുന്നു എന്ന് നോക്കുക. പമ്പയുടെ തീരത്ത് അനാഥനായി കിടന്ന മണികണ്ഠൻ എന്ന അയ്യപ്പനെ മക്കളില്ലാത്ത പന്തളം രാജാവ് എടുത്തു വളർത്തി ശബരിഗിരിയിൽ കുടിയിരുത്തി എന്നാണ് പറയപ്പെടുന്നത്. എത്ര കൂട്ടിക്കിഴിച്ചാലും പന്തളം രാജ വംശത്തിന് പത്ത് നൂറ്റാണ്ടിൻ്റെ ചരിത്രമില്ല എന്നത് തന്നെ ഇക്കഥ സവർണ ബ്രാഹ്മണ്യം പിന്നീട് തുന്നിച്ചേർത്തതാണ് എന്നതിന് ഏറ്റവും വലിയ തെളിവാണ്.ശൈവ വിഭാഗങ്ങളെ കൂടെ കൂട്ടുക എന്നതിനുപരി ബൗദ്ധമായ ശബരിമല പോലുള്ള ആരാധനാലയങ്ങൾ പിടിച്ചെടുക്കാനുള്ള കുടില തന്ത്രത്തിൻ്റെ ഭാഗമായിരുന്നു മുൻപറഞ്ഞ ശിവനും മോഹിനി യും ഉൾപെട്ട ഐതിഹ്യം കെട്ടിച്ചമച്ചതിന് പിന്നിൽ എന്നും പറയാം.
മഹാബലി എന്ന മിത്ത്
ഇതു പോലെ സവർണ്ണ ബ്രാഹ്മണ്യം ബോധപൂർവ്വം മെനഞ്ഞെടുത്ത മറ്റൊരു കഥയാണ്, കേരളീയർ ദേശീയ ഉൽസവം എന്ന പേരിൽ ആഘോഷിക്കുന്ന ഓണത്തിന് പിറകിലുള്ളത്. ചരിത്രത്തിൽ തുല്യതയില്ലാത്ത ഒരു കടുത്ത വഞ്ചനയുടെ ചരിത്രമാണത്. വൈദിക ബ്രാഹ്മണ്യത്തിൻ്റെ മനുഷ്യത്വ വിരുദ്ധ വാഴ്ചയുടെ കാലത്ത്, സമത്വത്തിലും നീതിയിലും അധിഷ്ഠിതമായി നില നിന്ന ഒരു മാതൃകാ ഭരണാധി കാരിയെ അവർക്ക് പൊറുപ്പിക്കാൻ ആകുമായിരുന്നില്ല. അതു കൊണ്ടു തന്നെ എവ്വിധമാണ് ആ സൽഭരണം തൂത്തെറിഞ്ഞത് എന്ന് ഇക്കഥയിൽ അനാവരണം ചെയ്യപ്പെടുന്നു. കള്ളവും ചതിവുമില്ലാതെ നീതി നിഷ്ഠമായ ഒരു ഭരണത്തെയാണ് ബ്രാഹ്മണ്യം പാതാളത്തിലേക്ക് ചവിട്ടി ത്താഴ്ത്തിയത്.മഹാബലി ഒരു അസുര (ദ്രാവിഡ)ചക്രവർത്തിയായിപ്പോയി എന്നതായിരുന്നു അയാളുടെ തെറ്റ്.
വൈദികമായ ഒരു ഗ്രന്ഥങ്ങളിലും മറ്റൊരു പോരായ്മ മഹാബലിയിൽ ഉള്ളതായി ആരോപിക്കുന്നില്ല എന്നതും കാണണം. പ്രഹ്ലാദ പൗത്രനായ മഹാബലി അഹംഭാവി ആയിരുന്നു എന്നതായിരുന്നു പ്രശ്നം. വൈദിക വാറോലകൾ പരിശോധിച്ചാൽ അഹംഭാവത്തിൻ്റെ മൂർത്തീഭാവമായിരു ന്നു അവരുടെ ഓരോ ഭരണാധികാരികളും. ദേവേന്ദ്രൻ മുതൽക്കുള്ള ആര്യദൈവങ്ങളുടേയെല്ലാം അടിസ്ഥാന ഭാവം അഹന്തയായിരുന്നു. കുരുക്ഷേത്ര യുദ്ധത്തിൻ്റയും രാവണ നിഗ്രഹത്തിൻ്റേയും അടിസ്ഥാന കാരണം ഇവരിൽ അന്തർലീനമായ അഹന്തയും ആഢ്യമനസ്ഥിതിയും ആയിരുന്നു എന്ന് ആർക്കും നിഷേധിക്കാനാവില്ല.
ആ ഭരണം ദേവന്മാർക്ക് ഇഷ്ടപ്പെട്ടില്ല എന്നത് മാത്രമായിരുന്നു മഹാവിഷ്ണു വാമനൻ്റെ വേഷത്തിൽ ബലി സമക്ഷം ഭിക്ഷ തേടാൻ കാരണം. ദേവന്മാരേക്കാൾ നീതി നിഷ്ഠമായി ഒരു ഭരണം നടത്താൻ ഒരു അസുരന് അവകാശമില്ല എന്നത് അഹന്തയല്ലെങ്കിൽ മറ്റെന്താണ്?ചുരുക്കി പറഞ്ഞാൽ ദേവന്മാരേക്കാൾ നന്നായി ഒരു ക്ഷേമരാഷ്ട്രം സൃഷ്ടിക്കാനും സമഭാവനയോടെയും പ്രജാക്ഷേമതൽപ്പരതയോടെ ഭരിക്കാനും ഒരു അസുര ചക്രവർത്തിക്ക് അവകാശമില്ല എന്ന് തന്നേയാണ് ഇവിടെ അർഥം വരുന്നത്. മൂന്നാം അടി അളന്നെടുക്കാൻ വാമനന് മുന്നിൽ അന്ന് തല കുനിച്ച മഹാബലി സത്യത്തിൽ വൈദിക ബ്രാഹ്മണ്യത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഈ വഞ്ചന മഹാബലി മുൻകൂട്ടിഅറിയുന്നുണ്ട്. എങ്കിലും തൻ്റെ സത്യസന്ധതയും നീതി ബോധവും ദൈവഭക്തിയും വാക്ക് മാറുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കുന്നു.
ഏതായാലും ബലിയുടെ കീഴടക്കം. ആര്യ മേൽക്കോയ്മക്ക് മുന്നിൽ പഞ്ചപുച്ചമടക്കിയ ദ്രാവിഡൻ്റെ നെഞ്ചത്തടിച്ച അവ സാന ആണിയായിരുന്നു എന്നതിൽ തർക്കമില്ല. ചരിത്രത്തിൽ തുല്യതയില്ലാത്ത ഈ നീതി നിഷേധത്തിൻ്റെ നേർസാക്ഷ്യമായ ഈ മിത്ത് ഇനിയും മാറ്റിയെഴുതാനാണ് സവർണ്ണ അധികാരി വർഗ്ഗം ഇന്ന് ശ്രമിക്കുന്നത്. അതിൻ്റെ ഉദാഹരണമാണ് ഓണം വാമന ജയന്തിയായി ആഘോഷിക്കണം എന്ന സംഘ്‌പരിവാർ മുറവിളി.
പറയിപെറ്റ പന്തിരുകുലം
അതുപോലെ വൈദിക ബ്രാഹ്മണ്യം പടച്ചുവിട്ട മറ്റൊരു മിത്തായിരുന്നു പറയിപെറ്റ പന്തിരുകുലം. വിക്രമാധിത്യ സദസ്സിലെ നവരത്നങ്ങളിൽ ഏറ്റവും പ്രാമാണികനായിരുന്നു വരരുചി എന്ന ബ്രാഹ്മണൻ. രാജകൊട്ടാരത്തിലെ പണ്ഡിതസദസ്സിൽ വെച്ച് രാമായണത്തിലെ ഏറ്റവും പ്രമാദമായ ശ്ലോകം ഏത് എന്ന ചോദ്യം വിക്രമാദിത്യൻ സദസിന് മുന്നിൽ വെക്കുന്നു. ഉത്തരം പറയാനാവാതെ പണ്ഡിത ശ്രേഷ്ഠൻമാർ തല കുനിച്ചപ്പോൾ ആ ദൗത്യം വരരുചിയെ രാജാവ് എൽപ്പിക്കുന്നു.വരരുചി ഉത്തരം തേടി അലഞ്ഞ് തളർന്ന് ഒരു വട വൃക്ഷച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു.
ഈ സമയം മരക്കൊമ്പിലിരുന്ന രണ്ട് പക്ഷികൾ പരസ്പരം സംസാരിക്കുന്നത് പക്ഷികളുടെ ഭാഷ വശമായിരുന്ന വരരുചി ശ്രദ്ധിക്കുന്നു.”വിദ്ധി, മാം വിദ്ധി ജനകാത്മജാം” എന്ന രാമായണത്തിലെ ശ്രേഷ്ഠ ശ്ലോകം പോലും അറിയാത്ത ഒരു വിഡ്ഢിയായ ബ്രാഹ്മണനെ കണ്ടില്ലേ, ആ പാവം എത്ര ജാതി ശ്രേഷ്ഠനായിരുന്നിട്ടെന്ത് ഫലം. അയാൾ ഒരു ശൂദ്ര സത്രീയുടെ ഭർത്താവാകാൻ വിധിക്കപ്പെട്ടവനാണ്. ” പക്ഷികളുടെ ഈ സല്ലാപം കേട്ട് വരരുചിയെ സന്തോഷവും സന്താപവും ഒരു പോലെ അലട്ടി. താൻ തേടി നടന്ന ശ്ലോകം കണ്ടെത്തിയതിൽ ആഹ്ലാദം തോന്നിയപ്പോഴും തനിക്കൊരു ശൂദ്ര സ്ത്രീയെ പരിണയം ചെയ്യേണ്ടി വരുമെന്ന് ഓർത്തപ്പോൾ അയാൾ വല്ലാതെ അസ്വസ്ഥനായി.ഇതിനെ മറികടക്കുക എന്നത് മാത്രമായി പിന്നീട് വരരുചിയുടെ ലക്ഷ്യം.
വിക്രമാദിത്യ സദസിൽ താൻ കണ്ടെത്തിയ രാമായണത്തിലെ ശ്രേഷ്ഠ ശ്ലോകം അവതരിപ്പിച്ചപ്പോൾ സദസ് അദ്ദേഹത്തി ൻ്റെ അറിവിനെ പ്രശംസിച്ചെങ്കിലും വരരുചിയുടെ മനസ് ചകിതമായിരുന്നു. തൻ്റെ വൈവാഹിക ജീവിതത്തെക്കുറിച്ച അസ്വസ്ഥത വരരുചിയുടെ ഉറക്കം നഷ്ടപ്പെടുത്തി. ഒടുവിൽ താൻ ഒരു തീർത്ഥയാത്ര പുറപ്പെടുകയാണ് എന്ന് രാജാവിനെ അയാൾ അറിയിച്ചു. ഗത്യന്തരമില്ലാതെ രാജാവ് വരരുചിയുടെ ആഗ്രഹം അംഗീകരിച്ചു.
വരരുചി തൻ്റെ പ്രയാണം ആരംഭിച്ചു. ആ യാത്രയിൽ കറങ്ങിത്തിരിഞ്ഞ് ഒരു ദിവസം അദ്ദേഹം കാട്ടിൽ ഒരു ബ്രാഹ്മണൻ്റെ പർണശാലയ്ക്കടുത്തെത്തി. താൻ വരരുചിയാണെന്നും ഒരു സുദീഘമായ യാത്രക്കിറങ്ങിയതാണെന്നും തനിക്കിവിടെ രണ്ടു ദിവസം താമസിക്കാൻ സൗകര്യം തരണമെന്നും ബ്രാഹ്മണനോട് അയാൾ പറഞ്ഞു.
അങ്ങിനെയാവാം എന്ന് ബ്രാഹ്മണൻ അംഗീകരിച്ചപ്പോൾ വരരുചി നാലു ഉപാദികൾ കൂടി മുന്നോട്ടു വച്ചു. താൻ ഭക്ഷണം കഴിക്കുന്നതിന് മുൻപ് നൂറു പേർക്ക് ഭക്ഷണം വിളമ്പണമെന്നും ഊണിന് നൂറു കൂട്ടം കറികൾ വേണമെന്നും ഭക്ഷണശേഷം മൂന്ന്പേരെ തിന്നണമെന്നും ഒടുവിൽ താൻ ഉറങ്ങുമ്പോൾ നാല് പേർ തന്നെ ചുമക്കണമെന്നുമായിരുന്നു വ്യവസ്ഥ. ഈ ഉപാദി കേട്ട് ബ്രാഹ്മണൻ വിഷണ്ണനായി. ഇത് മനസിലാക്കി പർണശാലക്കകത്ത് നിന്ന് അയാളുടെ സുന്ദരിയായ പുത്രി പഞ്ചമി പുറത്തിറങ്ങി വന്നു. ഈ വ്യവസ്ഥകളെല്ലാം അംഗീകരിക്കാമെന്ന് അവൾ വരരുചിയോട് പറഞ്ഞു. അടുത്തുള്ള അരുവിയിൽ നിന്ന് കുളിച്ചു വരാൻ അവൾ വരരുചിയോട് പറഞ്ഞു.
വരരുചി കുളിച്ചു വന്നപ്പോഴേക്കും പഞ്ചമി നൂറു പേർക്ക് ആഹാരം കൊടുക്കുന്നതിന് തുല്യമായ ഒരു പൂജയ്ക്ക് വേണ്ട സൗകര്യങ്ങൾ ആശ്രമ മുറ്റത്ത് ഒക്കിയിരുന്നു. വരരുചി പൂജ കഴിഞ്ഞ് ഭക്ഷണത്തിനിരുന്നു. ഒരു കറി മാത്രമായിരുന്നു ഊണിലേക്കുണ്ടായിരുന്നത്. അത് ഇഞ്ചിക്കറിയായിരുന്നു. ഇഞ്ചിക്കറി നൂറ് കറികൾക്ക് തുല്യം എന്നായിരുന്നു തത്വം. ഭക്ഷണശേഷം അച്ഛനോട് വരരുചിക്ക് മുറുക്കാൻ വച്ചു കൊടുക്കാൻ പഞ്ചമി അച്ഛനോട് പറഞ്ഞു.മൂന്ന് പേരെതിന്നണം എന്ന് പറഞ്ഞത് വെത്തിലയും അടക്കയും പുകയിലയും കൂട്ടിമുറുക്കണമെന്നാണ് വരരുചി ഉദ്ദേശിച്ചത് എന്ന് പഞ്ചമി തിരിച്ചറിഞ്ഞിരുന്നു. ശേഷം വരരുചിക്ക് വേണ്ടി തയ്യാറാക്കിയ മുറിയിലെ നാലുകാലുള്ള കട്ടിലിൽ വന്ന് കിടക്കാൻ പഞ്ചമി അയാളെ ക്ഷണിച്ചു. പഞ്ചമിയുടെ ബുദ്ധിശക്തിയിലും സൗന്ദര്യത്തിലും ഭ്രമിച്ചു പോയ വരരുചി ബ്രാഹ്മണനോട് മകളെ തനിക്ക് വിവാഹം ചെയ്തു തരണമെന്ന് അപേക്ഷിച്ചു. ബ്രാഹ്മണന് സന്തോഷമേ ഉണ്ടായിരുന്നുള്ളു.
പഞ്ചമിയെ വിവാഹം ചെയ്ത് അയാൾ അവിടെ നിന്ന് അവളേയും കൂട്ടി തൻ്റെ ദേശാടനം തുടർന്നു. യാത്രയിൽ ഒരു മരച്ചുവട്ടിൽ വരരുചിയുടെ മടിയിൽ തല വെച്ച് വിശ്രമിക്കെയാണ് വരരുചി പഞ്ചമിയുടെ നെറ്റിയിലുള്ള മുറിവിൻ്റെ പാട് ശ്രദ്ധിക്കുന്നത്. തൻ്റെ ചെറുപ്പകാലത്ത് നടന്ന ഒരു തീ പൊള്ളലിൽ സംഭവിച്ചതാണ് ഈ മുറിവ് എന്നവൾ ഭർത്താവിനോട് പറയുന്നു. സ്വന്തം മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് അനാഥയായി മാറിയതും ഒടുവിൽ ബ്രാഹ്മണൻ്റെ വളർത്തു പുത്രിയായി മാറിയതിനെക്കുറിച്ചുമൊക്കെ അവൾ വിസ്തരിച്ചു വരരുചിയെ അറിയിച്ചു.
ഈ വിവരം വരരുചിയെ ഞെട്ടിച്ചു. എങ്കി ലും വിധി തീരുമാനിച്ചത് മനുഷ്യനാൽ വേർപെടുത്താനാവില്ല എന്നോർത്ത് ശിഷ്ടകാലം ആരും തിരിച്ചറിയാത്ത ഒരു നാട്ടിൽ പോയി ജീവിക്കാം എന്ന് കരുതി അയാൾ പഞ്ചമിയോടൊത്ത് കാടും മലകളും താണ്ഡി കേരളത്തിൽ വരുന്നു. ഇവിടെ പഞ്ചമി പന്ത്രണ്ട് സ്ഥലത്തായി പന്ത്രണ്ട് മക്കൾക്ക് ജന്മം നൽകുന്നു. മേ ഴത്തൂർ അഗ്നിഹോത്രി മുതൽ കാരക്കലമ്മ വരേയുള്ള ഈ പന്ത്രണ്ട് പ്രസവങ്ങൾക്കും പക്ഷെ ഒരു പ്രത്യേകതയുണ്ട്.
പ്രസവ സമയമടുക്കുമ്പോൾ ഏതെങ്കിലും കാട്ടു പൊന്തകൾക്ക് മറവിലോ മലയടിവാരത്തോ പോയി പ്രസവിച്ചു വരാൻ വരരുചി എന്ന ആഢ്യബ്രാഹ്മണനായ ഭർത്താവ് പഞ്ചമിയോട് പറയും.ഓരോ പ്രസവം കഴിയുമ്പോഴും ഒരു ചോദ്യമുണ്ട്. “കുഞ്ഞിന് വായ കീറിയിട്ടുണ്ടോ?” “ഉണ്ട്” എന്ന് പഞ്ചമി മറുപടി പറയുമ്പോൾ വരരുചി ” വായ നൽകിയ ദൈവം അവന് ഭക്ഷണവും നൽകും. താൻ വാ” എന്നാണ് പറയുക. ഇത് കേട്ട് പ്രതികരിക്കാവാതെ നെഞ്ച് തകർന്ന് പഞ്ചമിയെന്ന മാതാവ് തിരിച്ചു പോരും.പന്ത്രണ്ടാമത്തെ കുഞ്ഞ് ജനി ക്കുമ്പോൾ ആവർത്തിക്കുന്ന ഈ ചോദ്യ ത്തിന് പുത്രശോകത്താൽ വീർപ്പുമുട്ടുന്ന പഞ്ചമി വായില്ല എന്ന് കളവ് പറയുന്നു. വിശ്വസിക്കാനാവാതെ വരരുചി നോക്കുമ്പോൾ അത് സത്യമാണ്.
കുഞ്ഞിന് വായ ഉണ്ടായിരുന്നില്ല. ഈ വായില്ലാ കുന്നിലപ്പൻ്റെ ചരിത്രത്തിലൂടെ സവർണൻ എത്ര നീചനായിരുന്നാലും അവന് ദൈവികമായ ഒരു ശക്തിയുണ്ട് എന്ന് സമർഥിക്കുകയാണ് ഈ മിത്ത്. എന്നാൽ ഈ കഥയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു സത്യം ഒളിഞ്ഞിരിപ്പുണ്ട്. ജാതി ബോധം ത്യജിച്ച ഈ പന്ത്രണ്ട് മക്കളേയും കയ്യേറ്റുവാങ്ങുന്നത് ബഹുസ്വരമായ ഈ നാട്ടിൻ്റെ ദ്രാവിഡ സംസ്കാരമാണ്. അങ്ങിനെയാണവർ ചാത്തനും പാണനും പാക്കനാരുമൊക്കെയായി ഇവിടെ വളരുന്നത്. സവർണ മേലായ്മ വലിച്ചെറിഞ്ഞ ഈ മക്കൾ ഈ മണ്ണിൻ്റെ പ്രതിനിധാനമായാണ് ചരിത്രത്തിൽ ഇടം പിടിച്ചത്. ഒരു പക്ഷെ കീഴാള വിഭാഗങ്ങളോട് രാജിയാവാനുള്ള ഒരു തന്ത്രമായി തന്നെ ഈ ഐതിഹ്യത്തെ വായിക്കണം. കീഴാളരുടെ വിപ്ലവ ബോധവും ചെറുത്തു നിൽപ്പും സവർണ വൈദികതയുടെ നിലനിൽപ്പിന് ഭീഷണി ഉയർത്തിയ ഒരു സമയത്തായിരിക്കാം ഇത്തരം ഒരു മിത്ത് പടച്ചുണ്ടാക്കിയത്. അത്തരം ഒരവസ്ഥയിൽ ഒരു ഒത്തുതീർപ്പെന്ന നിലക്ക് പ്രചരിപ്പിച്ചതാവാം ഈ ഐതിഹ്യം. എന്നാൽ ഇതിൽ പോലും അവരുടെ മേൽക്കോയ്മാ നിലപാട് കാണാം. മൂത്ത പുത്രൻ മേഴത്തൂർ അഗ്നിഹോത്രി ഒരു സവർണ ഇല്ലത്തിലാണ് ചെന്ന് ചേരുന്നത്. സവർണനായി തന്നേയാണ് അഗ്നിഹോത്രി വളരുന്നത്.
തങ്ങൾ സഹോദരങ്ങളാണ് എന്ന് തിരിച്ചറിയുന്ന നിമിഷം പന്തിരു കുലത്തിൻ്റെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്നതും തീരുമാനങ്ങൾ കൈക്കൊള്ളുന്നതും ഒത്തുതീർപ്പുകൾ ഉരുത്തിരിയുന്നതും അഗ്നിഹോത്രിയിലൂടെയാണ്.മേഴത്തൂർ മന ഈ പന്ത്രണ്ട് സഹോദരന്മാരുടേയും അവസാന അഭയമായി മാറുന്നതാണ് ഈ ഐതിഹ്യം അനാവരണം ചെയ്യുന്നത്.
ഇത്തരം ഐതിഹ്യങ്ങൾ നിന്ന് ഉരുവം കൊണ്ടത് നൂറ്റാണ്ടുകൾക്ക് മുൻപായിരുന്നുവെങ്കിലും അതിൻ്റെ ശ്രേഷ്ഠതയും മേന്മയും ഇന്നും സംഘ് പരിവാർ മറ്റൊരു വിധത്തിൽ പാടി നടക്കുന്നുണ്ട്. പതിനെട്ട് പത്തൊൻപത് നൂറ്റാണ്ടുകളിൽ ഇത്തരം കെട്ടുകഥകൾ കൂട്ടിക്കെട്ടിയാണ് സവർണ മേൽക്കോയ്മ അതിൻ്റെ മൂർത്ത രൗദ്രതയിൽ ഇവിടെ തിടം വച്ചത്. അതിൽ നിന്ന് ഉരുവം കൊണ്ട ചില ആചാരങ്ങളെങ്കിലും ഇന്നും ഇവിടെ പുലർന്നുവരുന്നു. മുലക്കരവും തൊഴിൽക്കരവും മീശക്കരവും ഏണിക്കരവും നാടുനീങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടില്ല. കീഴാളൻ്റെ കാതിൽ ഈയം ഉരുക്കി ഒഴിക്കലും അവനിൽ കുറ്റം ചാർത്തി വിഷം കുടിപ്പിക്കലും പാമ്പിനെ കൊണ്ട് കൊത്തിക്കലും നാടുനീങ്ങിയിട്ട് അധികം കാലമൊന്നും ആയിട്ടില്ല. ഇത്തരം ആചാരങ്ങൾ തിരിച്ചു കൊണ്ടു വരാനും അവക്ക് ശാസ്ത്രീയമായ സാധുത കണ്ടെത്താനും ഇന്നും വൈദിക ബ്രാഹ്മണ്യം ശ്രമിച്ചു കൊണ്ടേയിരി ക്കുന്നു. എങ്കിലും സമൂഹത്തിൽ ചിലരെങ്കിലും ഇത് തിരിച്ചറിയുന്നു എന്നതാണ് പ്രതീക്ഷക്ക് വകനൽകുന്നത്. എങ്കിലും വൈദിക താൽപ്പര്യം സം രക്ഷിക്കാനും കീഴാള ജനങ്ങളെ സ്വന്തം വരുതിയിൽ പിടിച്ചു നിർത്താനും സവർ ണ്ണ ബ്രാഹ്മണ്യം ഇന്നും പുതിയ വ്യാഖ്യാനങ്ങൾ ചമക്കുന്നു. അതിന് അനുസൃതമായി അവർ ചരിത്രത്തിൽ പുതിയ കഥകൾ സൃഷ്ടിക്കുന്നു.ഈ കഥകൾ വരും തലമുറ ചരിത്രമായി വായിക്കുന്നു.
അവലംബം:
ഐതിഹ്യമാല: കൊട്ടാരത്തിൽ ശങ്കുണ്ണി
കേരളോൽപ്പത്തി: ഹെർമൻ ഗുണ്ടർട്ട
നായർ ചരിത്ര ദൃഷ്ടിയിലൂടെ:
കെ ശിവശങ്കരൻ നായർ
ബൗദ്ധ സ്വാധീനം കേരളത്തിൽ:
എം ആർ രാഘവവാര്യർ
ജൈനമതം കേരളത്തിൽ
സുബു പാറമ്മൽ എഴുതുന്നു
മെഡിക്കൽ വിദ്യാർഥിനികളോടുളള യോജിപ്പും വിയോജിപ്പുമല്ല ഈ കുറിപ്പിന്റെ പ്രതിപാദ്യം. ശസ്ത്രകിയാ വേളകളിൽ ഇസ് ലാമിക ശാസനകളനുസരിച്ചുള്ള വസ്ത്രധാരണരീതി പിന്തുടരാൻ അനുവദിക്കണമെന്നവശ്യപ്പെട്ട് ഏഴു മുസ് ലിം വിദ്യാർഥിനികൾ തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു നൽകിയ അപേക്ഷ മറ്റേതൊരു മുസ് ലിം വിഷയവുമെന്ന പോലെ ചർച്ചാ മുറികളിലെയും എക്കോ കാബിനുകളിലെയും അതിന്റെ വൃത്തം വരച്ചു തീർക്കട്ടെ.
സംസ്കാരത്തിനും നാഗരികതയ്ക്കും ക്രൈസ്തവ യൂറോപ്പിനെ മാതൃകയാക്കുന്നവർ മുസ് ലിം വനിതകളുടെ ഇസ് ലാമികമായ വസ്ത്രധാരണത്തെ അവലോകനം ചെയ്യുന്നതിലെ മുൻവിധിയും ഇന്ത്യൻ സ്ത്രീകളുടെ വസ്ത്രധാരണത്തിലെ മുസ് ലിം സ്വാധീനത്തെ കുറിച്ച അവരുടെ അജ്ഞതയും ശ്രദ്ധയിൽ കൊണ്ടുവരിക എന്നതാണു ഈ പോസ്റ്റിന്റെ ലക്ഷ്യം.നിലവിൽ പൊതു സമൂഹത്തിൽ നിലനിന്നു പോരുന്ന സ്ത്രീകളുടെ വസ്ത്രധാരണ രീതി മതേതരത്വവും ആധുനികതയും വികസിപ്പിച്ചെടുത്തതാണെന്നാണു വാദം.
ഇപ്പോൾ മതേതരം ആധുനികം എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന വസ്ത്രധാരണം മതേതരവുമല്ല, ആധുനികവുമല്ല. ക്രൈസ്തവ യൂറോപ്പ് അവരുടെ കോളനികളിൽ നടപ്പിലാക്കിയ വസ്ത്രധാരണ രീതിയാണ്. അതാണു പരിഷ്കൃതമെന്നു മെക്കാളെ പ്രഭു കറുത്ത സായിപ്പൻമാരെ പരിശീലിപ്പിക്കുകയും ചെയ്തു.
ഇവിടെ നിന്നു മാത്രമെന്താണു വെള്ളക്കാർ കടൽ കടന്നുപോകാത്തത്. സായിപ്പൻമാരുടെ കോളനി ഭരണത്തിൻ കീഴിലായിരുന്ന മറ്റു രാജ്യങ്ങളിലൊന്നും ഇത്തരം ആഭാസങ്ങൾ ഇതുപോലെ കാണപ്പെടുന്നില്ലല്ലോ. സ്വാതന്ത്ര്യലബ്ധിയുടെ അമൃത് മഹോൽസവം ആഘോഷിച്ചു കൊണ്ടിരിക്കുന്ന നാം ക്രൈസ്തവ യൂറോപ്പിനോടുള്ള സാംസ്ക്കാരിക വിധേയത്വത്തിൽ നിന്നു ഇനിയും മോചിതമായിട്ടില്ലെന്നതാണു സത്യം.
ഇതാണു കേരളത്തിലെ പഴയ നക്സലൈറ്റു വിപ്ലവകാരിയും നാടകകാരനുമായ ഒരു പ്രസിദ്ധ കവി വളരെ മുമ്പെ ഇങ്ങിനെ പറഞ്ഞത്, “നമ്മൾ മലയാളികളെല്ലാം ക്രിസ്ത്യാനികളാണ്, ഹിന്ദു ക്രിസ്ത്യാനി മുസ് ലിം ക്രിസ്ത്യാനി” ഇതിനെ കമ്യൂണിസ്റ്റ് ക്രിസ്ത്യാനി യുക്തിവാദി ക്രിസ്ത്യാനി ലിബറൽ ക്രിസ്ത്യാനി എന്നു സ്വാഭാവികമായി വിപുലപ്പെടുത്താവുന്നതാണ്.
ഇന്നു ഇന്ത്യയെന്ന ആശയത്തെ നാമാവശേഷമാക്കി കൊണ്ടിരിക്കുന്ന ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയത എന്ന വിഭജനവും ക്രൈസ്തവ യൂറോപ്പ് നമുക്കു തന്നിട്ടു പോയതാണ്. ലോകോത്തര ശക്തിയാകാനുള്ള എല്ലാ പ്രകൃതി സമ്പത്തും വിഭവശേഷിയുമുളള ഇന്ത്യ ഒരു കാലത്തും ഉയർന്നു വരാതിരിക്കുന്നതിനു വേണ്ടി അവർ കുഴിച്ചിട്ട അഗാധ ഗർത്തത്തിൽ ആപതിച്ചു കിടക്കുകയാണു ഇന്നും നമ്മുടെ മഹത്തായ രാജ്യം. ക്രൈസ്തവ യൂറോപ്പിന്റെ ഈ കെണിയെ ഒരു അനുഗ്രഹമായി കണ്ടു ആസ്വദിച്ചു ആഘോഷിക്കുകയാണു ജാതി വർഗീയ ഭീകര പ്രസ്ഥാനം. ഈ ഗർത്തത്തിലെ വാസം അഭിമാനമായി കരുതി അഹങ്കരിക്കുന്നവരാണു ചില ലിബറലുകൾ. ആ ദാസ്യത്തിന്റെ മധുരം നാവിൽ എന്നും തുള്ളി തുളുമ്പി നിൽക്കുന്നതുക്കൊണ്ടാണു വീക്ഷണത്തിലും ഭാഷയിലും ശൈലിയിലും ഇവർ ക്രൈസ്തവ യൂറോപ്പിനെ പുരോഗതിയുടെ മാതൃകയാക്കുന്നത്.
അതല്ലെങ്കിൽ ചരിത്രത്തിലേക്കു കണ്ണു തുറന്നു നോക്കിയാൽ കാണാവുന്ന ഒരു സത്യമുണ്ട്. സാരിയും മുണ്ടും ചട്ടയും ബ്ലൗസുമൊഴികെയുള്ള ഇന്ത്യൻ സ്ത്രീകൾ പൊതുസ്ഥലങ്ങളിലും ഓഫിസുകളിലും വിവാഹം പോലെയുള്ള ആഘോഷ ചടങ്ങുകളിലും ഉപയോഗിക്കുന്ന എല്ലാ വസ്ത്രങ്ങളും ഇന്ത്യയിൽ പരിചയപ്പെടുത്തിയതു മുസ് ലിംകളാണ്. അതിൽ രണ്ടിനങ്ങൾ മാത്രമാണു പർദ്ദയും മുസ് ലിംകളിലെ സൂക്ഷ്മ ന്യൂനപക്ഷം മാത്രം ധരിക്കുന്ന മുഖം മറച്ചുള്ള നിഖാബും. വീട്ടിലും കിടപ്പറയിലും ഏതു സാധാരണക്കാരും ഉപയോഗിക്കുന്ന നൈറ്റിയെന്നും മാക്സിയെന്നും പറയപ്പെടുന്ന വസ്ത്രം വരെ മുസ് ലിം സംഭാവനയാണ്. സത്യത്തിൽ തലമുടി, ചിലർക്കു കൈമുട്ടും, മറയ്ക്കാതെയുള്ള പർദ്ദ തന്നെയാണല്ലോ ഈ മാക്സി. വീടുകളിൽ കോട്ടൺ സാരി അല്ലെങ്കിൽ ബ്ലൗസും ഒറ്റമുണ്ടും ധരി ച്ചു ശീലിച്ചവർ എന്തുകൊണ്ടു ഈ മുസ് ലിം വേഷം തിരഞ്ഞെടുത്തു. യൂറോപ്യൻ ക്രിസ്ത്യാനികൾ പരിചയപ്പെടുത്തിയ നൈറ്റ് ഗൗൺ വേറെയാണ്. അതു ഉപരിവർഗത്തിന്റെ പൊങ്ങച്ച ആവരണമാണ്. പഴയ കാലത്തു പുറത്തുനിന്നു വന്ന മുഗളൻമാരും പുതിയ കാലത്തു ഉപജീവനത്തിനായി മിഡിൽ ഈസ്റ്റിലേക്കു പോയവരും പരിചയപ്പെടുത്തിയതാണിതെല്ലാം. ഈജിപ്തിലെയും ലെബനോണിലെയും തുർക്കിയിലെയും ഇറാനിലെയും കിഴക്കനേഷ്യൻ രാജ്യമായ മലേഷ്യയിലെയും വടക്കു പടിഞ്ഞാറൻ ആഫ്രിക്കയിലെ മൊറോക്കയിലെയും വസ്ത്ര വിപണന രംഗത്തു പ്രവർത്തിക്കുന്ന കലാകാരൻമാരുടെ ഭാവനാ സൃഷ്ടിയാണു ഇവയെല്ലാം. ഗുരുവായൂർ ക്ഷേത്രത്തിൽ ചുരിദാർ ധരിച്ചു കൊണ്ടു ദർശനം നടത്താൻ അനുവദിച്ചു കൊണ്ടുള്ള കോടതി വിധിയെ കുറിച്ചു ചർച്ച ചെയ്യുന്ന മാധ്യമങ്ങളും എഴുത്തുകാരും ആ വസ്ത്രത്തെ ഇന്ത്യൻ വനിതയ്ക്കു പരിചയപ്പെടുത്തിയ മുസ് ലിംകളെ കുറിച്ചു മൗനം പാലിക്കും.
പുരുഷൻമാരുടെ വസ്ത്ര വൈവിധ്യത്തിലും മുസ് ലിംകളുടെ വലിയ പങ്കാളിത്തമുണ്ട്. നമ്മുടെ ഭരണത്തലവൻമാരും സ്ഥാനപതികളും തന്നെയാണു ഒന്നാമത്തെ മാതൃക. മതചടങ്ങുകളിൽ, ചില സമുദായങ്ങളിൽ കതിർമണ്ഡപത്തിൽ വരെ പുരുഷൻമാർക്കും പുരോഹിതർക്കും മേൽവസ്ത്രം ധരിക്കാൻ മതശാസന അനുവദിക്കാത്ത രാജ്യമാണു നമ്മുടേത്. ഋഷി സുനക്കിന്റെയും കമലാ ഹാരിസിന്റെയും സുന്ദർപിച്ചെയുടെയും മാതൃരാജ്യമായ ഭാരതം. അപ്പോൾ വേഷഭൂഷകളുടെ ആധുനികവൽക്കരണവും വസ്ത്രത്തെ നാഗരികവൽക്കരിക്കുന്നതിനുള്ള വിപ്ലവവും എവിടെ നിന്നു തുടങ്ങണം. ദിഗംബരൻമാർ ആരാധ്യപൂർവം ആനയിക്കപ്പെടുകയും അഭിസംബോധന ചെയ്യപ്പെടുകയും ചെയ്യുന്ന നമ്മുടെ നിയമ നിർമാണ സഭകളിൽ നിന്നോ. രാജ്യത്തെ അത്യുന്നത പുരോഹിതൻമാർ പാതി വിവസ്ത്രരായി പ്രത്യക്ഷപ്പെടുന്ന ജനാധിപത്യത്തിന്റെ അശ്വ സമുച്ചയത്തിൽ നിന്നോ ?
വർണ ശബളിമയാണു മുസ് ലിം സ്ത്രീകളുടെ വേഷവിധാനത്തിന്റെ ആകർഷണീയത. അവരുടെ തലമുടി മറയ്ക്കുന്ന ഹിജാബ് മാത്രം ശ്രദ്ധിച്ചാൽ മതി, ഇങ്ങിനെ നിത്യേന നവീകരിക്കപ്പെടുന്ന മറ്റൊരു വസ്ത്രം കണ്ടെത്താനാവില്ല. അവർ ഓരോ പുലരിയിലും അവരെ തന്നെ പല നിറങ്ങളിൽ പുനരാവിഷ്കരിക്കുകയാണ്. “The romantic poets look into themselves seeking in their own lives for strange sensations” ഐഫർ ഇവാൻസിന്റെ ഈ പ്രസ്താവം വസ്ത്രങ്ങളിൽ കാല്പനിക കവിതകൾ എഴുതുന്ന ഈ പെൺകിടാങ്ങളെ കുറിച്ചു കൂടിയാണ്. എന്നാൽ ഒരു കാലത്തും ഒരു പരിഷ്കരണത്തിനും വിധേയമാകാത്ത ഒരു വസ്ത്രധാരണം മാത്രമെ നമ്മുടെ നാട്ടിലുള്ളു. അതു കന്യാസ്ത്രീകളുടെ ‘ബുർഖയും മക്കന’യുമാണ്. ഇവരെ, വാസ്ഗോഡ ഗാമയുടെ ഈ പിൻമുറക്കാരെ ആരു പരിഷ്ക്കരിക്കും, ആരു മോചിപ്പിക്കും ?
“The past and Prejudice” എന്നതു റൊമിലാ ഥാപ്പറിന്റെ ഒരു ചെറു ഗ്രന്ഥത്തിന്റെ പേരു മാത്രമല്ല, ഒരു ചിന്താരീതിയുടെയും കാഴ്ചപ്പാടിന്റെയും പരിമിതി കൂടിയാണ്. ക്രൈസ്തവ യൂറോപ്പിനോടുള്ള നിത്യ ദാസ്യത്തിന്റെ പരിമിതി. അറിയുക, മുസ് ലിം വനിതകൾ ക്രൈസ്തവ യൂറോപ്പിന്റെയോ അവരുടെ പഴയ കോളനിയായ അമേരിക്കയുടെയോ ദാസികളല്ല. ചക്രവാളത്തോളം വിശാലമായ ഭാവനയുടെ വർണരാജിയിൽ രചിക്കപ്പെട്ട കവിതകളാണ്.
സലാഹുദ്ധീൻ അയ്യൂബി
2020 മെയ് മാസം തുടക്കത്തിൽ കോവിഡ് മഹാമാരിയുടെ കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ കടാവർ പ്രകാരം കരൾ സ്വീകരിച്ചതുകൊണ്ട് ജീവിതത്തിലേക്കു തിരിച്ചുവന്ന ഒരാളാണ് ഞാൻ. Kerala network of organ sharing (KNOS) എന്ന സംവിധാനത്തിൽ സർജറിയുടെ ഒന്നരവർഷം മുമ്പായിരുന്നു ഞാൻ പേര് ചേർത്തത്. എനിക്ക് അവയവം മാറ്റിവയ്ക്കൽ നിർബന്ധമാണ് എന്ന് സർട്ടിഫൈ ചെയ്തത് കോഴിക്കോട് മെഡിക്കൽ കോളജിലെ മെഡിക്കൽ ബോർഡ് ആണ്. അവയവമാറ്റത്തിന് ഞാൻ കേരളത്തിൽ തിരഞ്ഞെടുത്ത സോൺ തിരുവനന്തപുരമടങ്ങുന്ന സൗത്ത് സോൺ ആയിരുന്നു. KIMS ഹോസ്പിറ്റലിലെ Dr. TU ഷബീറലിയും സംഘവുമാണ് എന്റെ ശസ്ത്രക്രിയ ചെയ്തത്. KNOS സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ സുതാര്യമായി നടത്തുന്നതിനുവേണ്ടി നേതൃത്വം നൽകുന്ന നോഡൽ ഓഫീസറാണ് ഡോക്ടർ നോബിൾ ഗ്രേഷ്യസ്. ഓരോ വ്യക്തികൾക്കും അവയവമാറ്റം നടത്തുന്നതിനുള്ള ഗ്രേഡ് തിരിച്ച് റാങ്ക് ലിസ്റ്റ് ഇട്ടശേഷം, കൃത്യമായ പരിശോധന മെൽഡ് സ്കോർ അടിസ്ഥാനത്തിൽ നടത്തി അവയവം ലഭിക്കുന്ന മുറയിൽ ഓരോ രോഗികളോടും അതിനെപ്പറ്റി ചോദിച്ച ശേഷമാണ് ഓരോരുത്തർക്കും അവയവം അനുവദിച്ചു തരാറുള്ളത്. ആ കൃത്യമായ മുറപ്രകാരം തന്നെയാണ് എനിക്കും അവയവം കിട്ടിയത്.
ലിവർ സിറോസിസ് ആയിരുന്നു എനിക്ക് ബാധിച്ചത്. പിന്നീടത് കാൻസർ ആയി രൂപാന്തരപ്പെട്ടു. KNOS പ്രകാരം എനിക്ക് അവയവം ലഭിച്ചപ്പോൾ ആ കരളിനു വേണ്ടി അഞ്ചുപൈസ പോലും ഞാൻ എവിടെയും അടച്ചിട്ടില്ല. ഒരു ഡോക്ടറും എന്നിൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടില്ല. മാറ്റിവെപ്പിന് ഒരു സാമ്പത്തിക ഉടമ്പടിയും ഉണ്ടായിട്ടില്ല. നിയമപ്രകാരം മസ്തിഷ്കമരണം സ്ഥിരീകരിച്ച രോഗിയിൽ നിന്ന് പണമോ പാരിതോഷികമോ പ്രതീക്ഷിക്കാത്ത ഒരു കൈമാറ്റമായിരുന്നു അത്. മാത്രമല്ല ഞങ്ങളുടെ ജീവിതത്തിൽ പരിധികൾക്കപ്പുറത്തുള്ള ഒരു പുതിയ സ്നേഹബന്ധത്തിന്റെ ആരംഭവുമായിരുന്നു. രണ്ടു പ്രദേശങ്ങളിൽ കിടന്ന ഞാനും എന്റെ അന്തരിച്ച ഡോണറും ഒരേ കുടുംബമായി മാറി. അതും മതജാതിഭേദങ്ങൾ ഇല്ലാതെ. കേരളത്തിൽ എവിടെയും നടക്കുന്ന ട്രാൻസ്പ്ലാന്റ് സർജറിയുടെ ബേസിക് കോസ്റ്റ് മാത്രമാണ് എനിക്ക് എന്റെ ആശുപത്രിയിൽ അടക്കേണ്ടി വന്നിട്ടുള്ളത്. ഞാൻ മാത്രമല്ല മറ്റു രോഗികളും.
ആളെ കൊന്ന് അവയവം എടുക്കുന്നു എന്നെല്ലാം പറഞ്ഞു കൊണ്ട് കേസിനായി ഇറങ്ങിത്തിരിച്ച ഗണപതി ഡോക്ടറുടെ വൃഥാപരിശ്രമങ്ങൾ കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു. പണക്കാർക്ക് വേണ്ടി പാവങ്ങളെ കൊന്ന് അവയവം എടുക്കുന്നു എന്നാണദ്ദേഹം പറയുന്നത്. ഞാനോ ഞാൻ അറിയുന്ന മാറ്റിവച്ച കടാവർ പ്രകാരമുള്ള ശസ്ത്രക്രിയ കഴിഞ്ഞ സുഹൃത്തുക്കളോ ആരും പണക്കാരല്ല. ഞാനും അവരും ആരും തന്നെ പാവങ്ങളെ കൊന്നിട്ടല്ല അവയവം സ്വീകരിച്ചിട്ടുള്ളത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം തികയാത്തതുകൊണ്ട് കൂട്ടുകാരുടെയും ബന്ധുമിത്രാദികളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് അതെല്ലാം നടന്നിട്ടുള്ളത്. ഞങ്ങളൊക്കെ അതിനു വേണ്ടി കോടികൾ ചിലവിട്ടു എന്നൊക്കെ പറയുന്ന വാദങ്ങൾ കേൾക്കുന്നത് തന്നെ വളരെ വേദനാജനകമാണ്. പണമില്ല എങ്കിൽ ജീവൻ വേണ്ടതില്ല എന്ന തത്വമായിരുന്നു ഞങ്ങളെ മുന്നോട്ടു നയിച്ചത്.
മൃതസഞ്ജീവനി പദ്ധതിയുടെ സുതാര്യത
KNOS സംവിധാനത്തിൽ കടാവർ പ്രകാരം അവയവം നൽകുന്നത് കൃത്യമായും സുതാര്യമായും അതിന്റെ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ടാണ്. അതിനാൽ തന്നെ സർജറി കഴിഞ്ഞ ശേഷവും ഞങ്ങളെക്കുറിച്ച് അന്വേഷണം കഴിഞ്ഞിട്ടുണ്ട്. കൃത്യമായ ആൾക്ക് തന്നെയാണ് മാറ്റിവച്ചത് എന്ന സ്ഥിരീകരണവും നടന്നിട്ടുണ്ട്. സർക്കാറിന്റെ പലവിധ ശാഖകളുടെയും പ്രവർത്തനങ്ങൾ പോലും സ്തംഭിച്ചുനിന്ന കോവിഡ് കാലഘട്ടത്തിലും ഇക്കാര്യത്തിൽ അനിവാര്യമായ നടപടികൾ കൈക്കൊള്ളാൻ കേരള നെറ്റ്‌വർക്ക് ഓഫ് ഓർഗൻ ഷെയറിങ് സംവിധാനം ശ്രദ്ധിച്ചിട്ടുണ്ട്. അതിനെയാണ് സംശയത്തിന്റെ കരിനിഴലിൽ നിർത്തിക്കൊണ്ട് കേസിന് പോകാൻ ഈ ഡോക്ടർ ശ്രമിച്ചത്. ഈ ഒരു സംവിധാനം ഉള്ളതുകൊണ്ട് മാത്രമാണ് ഞങ്ങൾക്ക് അവയവം ലഭിച്ചത്. മാത്രമല്ല ഏതെങ്കിലും വിഐപിയോ, പണക്കാരനോ കടാവർ ലിസ്റ്റിൽ കയറി കൂടുമ്പോൾ അതിന്റെ മുൻഗണനാക്രമം അട്ടിമറിക്കുന്ന പ്രവർത്തനങ്ങളും എവിടെയും ഉണ്ടായിട്ടില്ല. Meld score ഉം രോഗിയുടെ അവസ്ഥകളും പരിഗണിച്ച് ഗ്രേഡ് കണക്കാക്കി റാങ്ക് ലിസ്റ്റ് ഇട്ടശേഷം ആയിരുന്നു മുൻഗണന തീരുമാനിച്ചത്. മുൻഗണന ലിസ്റ്റിൽ ഒന്നാമത് ആയിരുന്ന ഞാൻ എന്നെക്കാൾ അനിവാര്യത കൂടിയ രോഗികൾ വന്നപ്പോൾ പിറകിലേക്കായി പോയിട്ട് പോലുമുണ്ട്. അഥവാ രോഗികളുടെ അവസ്ഥ അനുസരിച്ച് ഓരോ സമയത്തും ആ ലിസ്റ്റ് പുനരഴിച്ചുപണികൾക്ക് വിധേയമാക്കുന്നുണ്ട്. എന്റെ സർജറിയുടെ മുമ്പ് ഈ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കണമെന്ന് അക്കാലത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ എടുത്തു പറഞ്ഞിരുന്നത് കൃത്യമായി ഓർമയുണ്ട്. എല്ലാ പൊതുവേദികളിലും അവർ അത് ആവർത്തിച്ചിരുന്നു. അവരുടെ കഠിനമായ പരിശ്രമങ്ങൾ കൂടി കേരളത്തിൽ മൃതസഞ്ജീവനി പ്രകാരം ആളുകൾ അവയവദാനത്തിനു മുന്നോട്ടുവരാൻ കാരണമായിട്ടുണ്ട്. എന്നാൽ ഇല്ലാത്ത കേസിന് പിറകെ പോയി കോടതിയിലെത്തിയ ഡോക്ടർ ഗണപതിയുടെ വളരെ കേവലമായ പരിശ്രമം കൊണ്ടൊന്നു മാത്രം കടാവർ ട്രാൻസ്പ്ലാന്റേഷന്റെ ലെവൽ താഴ്ന്നു പോകുന്നത് അങ്ങേയറ്റം നിരാശാജനകം തന്നെ! നൂറുകണക്കിന് രോഗികളെ തെരുവിലെറിയുന്ന ഉദ്ദേശശുദ്ധി ഇല്ലാത്ത പ്രവർത്തനമാണ് അദ്ദേഹത്തിൽ നിന്നുണ്ടായിട്ടുള്ളത്.
ഡോക്ടർ ഗണപതി പറയുന്നത് സത്യമാണോ?
അദ്ദേഹം പറയുന്നത് അധികവും നുണകളാണ്. അദ്ദേഹം കൈയിൽ വച്ച കണക്കുകൾ വ്യാജവും. മീഡിയ വണ്ണിലെ ഔട്ട് ഓഫ് ഫോക്കസിൽ ആ കണക്കുകളെ കൃത്യമായി പൊളിച്ചിടുന്നുണ്ട്. വാട്സ്ആപ്പ് യൂനിവേഴ്സിറ്റികൾ ചമച്ചു വിടുന്ന കാര്യങ്ങളാണ് അദ്ദേഹം വലിയ കാര്യങ്ങളായി എഴുന്നള്ളിക്കുന്നത്. അവയവദാനത്തിനെതിരെ പുതിയ കേസുമായി അവതരിച്ച ഡോക്ടർ ഗണപതിയുടെ പ്രധാന നിരീക്ഷണം കടാവറിനെ കുറിച്ചാണ്. അഥവാ ബ്രയിൻ ഡെത്ത് അദ്ദേഹത്തിന് സ്വീകാര്യമല്ല. എന്താണ് അദ്ദേഹത്തിന്റെ മനസ്സിലുള്ളത് എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. മസ്തിഷ്ക മരണം സ്ഥിരീകരിച്ച കടാവർ ട്രാൻസ്പ്ലാന്റുകൾക്കെതിരെയാണ് അദ്ദേഹം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയത്. അദ്ദേഹത്തിന്റെ വാദഗതികൾ ശാസ്ത്രീയമോ യുക്തിസഹമോ അല്ലാത്തതിനാൽ അത് കോടതി തള്ളി. അമേരിക്കൻ ന്യൂറോ അസോസിയേഷന്റെ ഒപ്പീനിയൻ പ്രകാരം ലോകത്തെല്ലായിടത്തും നടക്കുന്നതാണ് ഇതെന്നു കോടതി നിരീക്ഷിച്ചു. രാജ്യത്തുള്ള ഏതെങ്കിലും ഒരാൾക്ക് പറ്റില്ലെന്ന് കരുതി നമ്മുടെ രാജ്യത്തിന്റെ പൊതുനിയമം മാറ്റാൻ സാധിക്കില്ല എന്നും കോടതി പറഞ്ഞു. 1994 ലാണ് THOTA നിലവിൽ വന്നത്.(amendments in 2011). Transplantation of Human Organs and Tissues Act എന്ന പേരിലാണ് കൃത്യമായ നിയമ പിൻബലത്തോടെ അവയവമാറ്റ/ കൈമാറ്റങ്ങൾ ഇന്ത്യയിലും കേരളത്തിലും നടക്കുന്നത്. കേരളത്തിലാണ് അക്കാര്യത്തിൽ ഏറ്റവും കണിശത നിലവിലുള്ളത്. അന്തരിച്ചവരുടെ ബന്ധുമിത്രാദികൾ ചെയ്യുന്ന മഹത്ദാനമാണ് തങ്ങൾ ഒരു നിലയ്ക്കും അറിയുകപോലുമില്ലാത്ത മനുഷ്യർക്കുള്ള അവയവദാനം. ജീവൻ നിലനിർത്താനുള്ള മനുഷ്യരുടെ പരിധികൾക്കപ്പുറത്തുള്ള ഈ ഒരു താൽപര്യത്തിന്റെ നന്മ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ വാദങ്ങളൊന്നും കോടതി മുഖവിലക്കെടുത്തില്ല. അങ്ങനെ ഒരു നിയമമാറ്റത്തിനുള്ള സാധുത നിലനിൽക്കുന്നില്ല എന്ന് കോടതി കണ്ടെത്തി.
അതിനാൽ ഇനി അതുമായി കേസ് നടത്താൻ കോടതിയിൽ പോയിട്ട് കാര്യമില്ല എന്നദ്ദേഹത്തിന് മനസ്സിലായി. പിന്നീട് പുതിയ വഴിക്കായി അദ്ദേഹത്തിന്റെ ചില നീക്കങ്ങൾ.
ഒരു സജീവ ആക്ടിവിസ്റ്റും ആരോഗ്യപ്രവർത്തകനുമായ അദ്ദേഹത്തിന്റെ മോട്ടിവ് എന്താണ് എന്നുള്ളത് അറിയില്ല. എന്നാൽ കൃത്യമായി ചില സ്ഥാപനങ്ങളോട് അദ്ദേഹത്തിന് വിരോധമുള്ളത് വ്യക്തമാണ്. നിയമപരമായ ലൂപ്പ് ഹോളുകൾക്ക് വീഴ്ചകൾ കൊണ്ടും അബദ്ധങ്ങൾ കൊണ്ടും ഇടം വരുത്തിയ ചില സ്ഥാപനങ്ങൾ ഒന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ വരുന്നേയില്ല.
എന്താണ് ഗണപതിയുടെ സമീപനത്തിലെ പ്രശ്നം?
അദ്ദേഹം പ്രധാനമായും ഉന്നയിക്കുന്ന നിയമവിരുദ്ധത ബ്രെയിൻ ഡെത്ത് സ്ഥിരീകരിച്ച് അവയവമാറ്റം നടത്തൽ തെറ്റാണ് എന്നായിരുന്നു.മരണത്തിന് അദ്ദേഹം സ്വന്തം നിലയിലുള്ള വ്യാഖ്യാനം ഉണ്ടാക്കിയിട്ടുണ്ട്. ലോകത്ത് നിലവിൽ ശാസ്ത്ര സമൂഹത്തിൽ അംഗീകൃത സ്വഭാവമുള്ള മരണ വ്യാഖ്യാന പ്രകാരമാണ് നിയമം നിർമിച്ചിട്ടുള്ളത്.
ലൈവ് ഡോണർ പണം കൊടുത്ത് അവയവം വെച്ചുപിടിപ്പിക്കാൻ നടത്തുന്ന വ്യഗ്രമായ ശ്രമങ്ങളെ കോടതിയങ്ങ് സ്ഥിരീകരിച്ചാൽ മാത്രം മതി. ശല്യക്കാരനായ വ്യവഹാരി ആവുക, നിഷേധാത്മക സ്വഭാവത്തിലൂടെ പ്രസിദ്ധി നേടുക എന്നിങ്ങനെയൊക്കെ ആളുകൾ പലതും ചെയ്തുകൂട്ടാറുണ്ട്. എന്നാൽ ഗണപതി ഡോക്ടറുടെ നിരീക്ഷണങ്ങൾ ഒരുപക്ഷേ പാകപ്പെട്ട നിലയിൽ എത്താത്തത് കൊണ്ടോ, അല്ലെങ്കിൽ തികച്ചും ശാസ്ത്രീയമായ ചുവടുകളെ കൈവരിക്കാൻ സാധിക്കാത്തത് കൊണ്ടോ ആയിരിക്കട്ടെ. അല്ലാതെ നമ്മുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ വളരെ വലിയൊരു കരിയർ ഉള്ള അദ്ദേഹത്തിന്റെ മേലിൽ ആരോപിക്കുന്നത് തെറ്റാണ്.
ശാസ്ത്രീയമായ ആരോഗ്യ സമീക്ഷ പറയുന്നിടത്ത് അശാസ്ത്രീയമായ പലതും അദ്ദേഹത്തിന് പറയേണ്ടി വരുന്നതും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം. എന്നാൽ സമൂഹത്തിൽ നിയമം കൊണ്ടുവരുമ്പോൾ എംപിരിക്കൽ ആയ തത്വത്തിലേ അതു നിലനിൽക്കുകയുള്ളൂ. ഗവേഷണ പരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന കൃത്യമായ അടിത്തറ അവയ്ക്ക് വേണം.
അതിനാൽ നിലനിൽപ്പില്ലാത്ത ആദ്യനീക്കങ്ങൾ പരാജയപ്പെട്ടതോടെ ഇൻഡയറക്ടറായി മസ്തിഷ്കരണത്തിനെതിരേ എന്തെങ്കിലും ചെയ്യുവാൻ പറ്റുമോ എന്നാണ് പിന്നീടദ്ദേഹം നോക്കുന്നത്. അത്തരം ലഘുകാര്യങ്ങളുടെ അടിത്തറ നിർമിക്കുന്നതിനാണ് മാഫിയാ കഥകളും ചില ഡിറ്റക്ടീവ് നോവലുകളും സംസാരിക്കുന്ന രീതിയിൽ ദുരുപദിഷ്ടിത വാർത്തകളുമായി രണ്ടാമതായി രംഗത്ത് വന്നത്. സിനിമകളിലും നോവലുകളിലും ഭീകരത കുത്തിനിറച്ച വാർത്തകളിലും വാട്സാപ്പിലും എല്ലാം അത്തരം കണ്ടന്റ് വല്ലാത്ത ആവേശം സൃഷ്ടിക്കുന്നതാണല്ലോ. അത്തരം ആളുകൾക്ക് ഫാക്ട് & എവിഡെൻസ് കൃത്യമായി പരിശോധിക്കാൻ താല്പര്യമില്ല. അവ വേണം എന്നു നിർബന്ധവുമില്ല. അപവാദങ്ങളിലും കൊള്ളിവെച്ചുള്ള ജുഗുപ്സാവഹമായ കഥകളിലും, അപസർപ്പക – അജ്ഞേയതകളിലും ഹരം കൊള്ളുന്നവരാണ് അത്തരം ആളുകൾ.
ഒരാൾ അവയവദാനം ചെയ്തുകൊണ്ട് മരിച്ചു, അല്ലെങ്കിൽ ഒരാൾ മരിച്ച ശേഷം ബന്ധുക്കൾ അവയവദാനം ചെയ്തു എന്ന സത്യം അധികം ആളുകളെ ആവേശഭരിതരാകില്ല. ഇക്കാലത്ത് ഏറി വന്നാൽ വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ മാത്രം നിലനിൽക്കുന്ന, അല്ലെങ്കിൽ ഒരു ദിവസത്തെ വാർത്തയിൽ മാത്രം നിറയുന്ന ആവേശമേ അതിനുള്ളൂ. എന്നാൽ ഒരാളെ കൊന്ന് അവയവങ്ങൾ എടുത്തു എന്നു പറയുന്ന ഫാബ്രിക്കേറ്റഡ് വാർത്തകളുടെ സാധ്യത അപാരമാണ്.
കേരളത്തിൽ കുന്നംകുളത്ത് നടന്ന രണ്ട് കുട്ടികളുടെ മരണവും, ഹരിയാനയിൽ ഒരു കുളത്തിൽ മരിച്ചു കിടന്ന ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണവും അവയവമാഫിയക്കും ഡോക്ടർമാർക്കും എതിരെ നിറം പിടിപ്പിച്ച കഥകൾ സൃഷ്ടിച്ചു വിടാൻ കാരണമായിരുന്നു. അതിന്റെ സത്യാവസ്ഥ മനസ്സിലാകുന്നതിന് പത്രക്കാർക്ക് തന്നെ ഒരു വർഷം എടുത്തു.
അതാണ് സൂചിപ്പിച്ചത്, ദിവസങ്ങളോളം അത്തരം നുണകൾ മനുഷ്യരുടെ തലച്ചോർ അനാവശ്യമായി കത്തിച്ചു നിർത്തും.
ഊഹങ്ങളിലും അവ്യക്തതകളിലും ആരോപണങ്ങളിലും ഊന്നി ജീവിക്കാൻ താല്പര്യമുള്ളവർക്കിടയിൽ അത്രയും വലിയ സമയം കൊല്ലാൻ സാധ്യതയുള്ള മറ്റൊന്നില്ല. യൂട്യൂബിനെയും മറ്റു ഡിജിറ്റൽ സ്പേസിനെയും ആധാരമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ മീഡിയക്കും കൂടുതൽ താല്പര്യം അത്തരം കാര്യങ്ങളോടാണ്.
ആയിരം രോഗികളെ രക്ഷിച്ച ആശുപത്രിയിൽ പലപ്പോഴും ഒരു രോഗിയുടെ മരണമാണല്ലോ വാർത്തയിൽ നിറയുന്നത്? സത്യം അങ്ങനെ തന്നെയാണ്, ആയിരം ജീവനുകളെക്കാൾ പ്രധാനമാണ് ആളുകൾക്ക് നുണയിലൂടെ ഒരാളെ കൊല്ലിച്ചു രസിക്കുക എന്നത്. നിർഭാഗ്യവശാൽ നമ്മുടെ മനശാസ്ത്രം ഇങ്ങനെയൊക്കെ ആയിപ്പോയി.
കേരളത്തിൽ തെറ്റുകൾ മാത്രമേയുള്ളൂ എന്ന് തോന്നിപ്പിക്കുന്നത് എന്തിനാണ്?
2012-ൽ മൃതസഞ്ജീവനി വന്നത് തൊട്ടു വളരെ സുതാര്യമാണ് കേരളത്തിലെ അവയവമാറ്റരംഗം. THOTA 1994, amendments in 2011.(Transplantation of Human Organs and Tissues Act) എന്നതിന്റെ ബേസിക് തത്വങ്ങളിൽ ആണ് കേരളവും ഉറച്ചുനിൽക്കുന്നത്. സർക്കാർ മുന്നോട്ടുവച്ച ഓർഡർ കൃത്യമായി വളരെ പ്രോപ്പർ ആയിട്ടാണ് കേരളത്തിൽ നടക്കുന്നത്. അതിനുശേഷം ഒരു ഇംപ്രോപ്പറായ കേസ് പോലും ഗണപതിക്ക് ഉദ്ധരിക്കാൻ ഇല്ല. അദ്ദേഹം അങ്ങനെ വല്ലതും ഉണ്ടോ എന്ന് കിണഞ്ഞു പരിശ്രമിച്ചതിനെപ്പറ്റി ഈ കുറിപ്പ്കാരന് നന്നായി അറിയാം. അങ്ങനെ ഒന്നുണ്ടെങ്കിൽ അതുമായി വരട്ടെ എന്ന് വെല്ലുവിളിക്കുന്നു. കാരണം ഈയുള്ളവന്റെ കേസ് പോലും മണത്ത് അദ്ദേഹം എത്തിയിട്ടുണ്ട്. 2012-ൽ മലബാർ കേന്ദ്രീകരിച്ച് അവയവദാനത്തിനു വേണ്ടി ഒരു കൂട്ടായ്മ രൂപീകരിച്ച് ചർച്ചകൾ ആരംഭിച്ച് അധികാരികളെ ഞങ്ങൾ സമീപിച്ച കാലത്തുതന്നെ Dr. ഗണപതിയുടെ പേര് പറഞ്ഞ് ഭയന്ന് മാറി നിന്ന അധികാരികളെക്കുറിച്ച് അറിയാം.
അപ്പോൾ അദ്ദേഹത്തിന്റെ ഈ നിഷേധാത്മക പ്രവർത്തിക്ക് എത്രത്തോളം വലിയ ആഴമുണ്ട് എന്ന് നോക്കൂ?കടാവർ പ്രകാരം ഓർഗൻ കിട്ടാതെ അകാലത്തിൽ ചരമഗതി അടഞ്ഞ എത്ര പാവങ്ങളുടെ ശാപം അദ്ദേഹം പേറണം? വളാഞ്ചേരി ഭാഗത്ത് 7 വയസ്സായ കൃഷ്ണപ്രിയ എന്ന ഒരു കുഞ്ഞിനുവേണ്ടി പണം സ്വരൂപിക്കാൻ ഞങ്ങൾ നടന്നത് ഓർമ്മ വരുന്നു. പണം കയ്യിൽ ലഭിച്ചിട്ടും അവയവം ലഭിക്കാതെ, അല്ലെങ്കിൽ വീട്ടുകാരുടെ അവയവം കൊണ്ട് ലൈവ് ട്രാൻസ്പ്ലാന്റ് നടക്കാതെ അവൾ മരിച്ചു പോയി. അങ്ങിനെ എത്ര പേരുടെ അശാന്തിക്കും അസമാധാനത്തിനും ഈ ഡോക്ടർ ഗണപതിയുടെ നിയമം കൊണ്ടുള്ള തേരോട്ടം കാരണമായിട്ടുണ്ടാവും? ഒരു കാര്യം ഒരു പൊതുസത്യമാണ്. ആൾക്കൂട്ടത്തെ ആർക്കും പേടിയില്ല. എന്നാൽ എല്ലാവർക്കും ഒറ്റയാനെ പേടിയാണ്. ഗണപതി ഡോക്ടർ അറിഞ്ഞാൽ പ്രശ്നമാണ് എന്നു പറഞ്ഞ് ഇതിനുമുമ്പും ആരോഗ്യപ്രവർത്തകർ നിയമമനുസരിച്ചുള്ള കാര്യങ്ങളിൽ പോലും പേടിച്ചു മാറി നിൽക്കുന്നത് കണ്ടിട്ടുണ്ട്.
എന്തായിരിക്കും അതിനു കാരണം?
ലീഗൽ ക്ലാരിറ്റി വരുത്തുന്നതിനുമുമ്പ് സംഭവിച്ച അബദ്ധങ്ങളും സൂക്ഷ്മത കുറവും കരുവാക്കി മാറ്റി അയാൾ രോഗികൾക്കെതിരെയും അവയവം പ്രതീക്ഷിച്ചിരിക്കുന്നവർക്കുമെതിരെയും അമ്പെയ്യുകയാണ്. ശൈലജ ടീച്ചർ കേരളത്തിന്റെ ആരോഗ്യമന്ത്രി ആയതിനുശേഷം അവയവമാറ്റ ശസ്ത്രക്രിയ രംഗത്ത് ഗണ്യമായ പുരോഗതികൾ ഉണ്ടായിരുന്നു. സധൈര്യം തീരുമാനങ്ങൾ എടുത്തു നടപ്പിലാക്കാൻ മുന്നിൽ നിന്ന അവരുടെ പ്രവർത്തന കാലയളവിൽ അദ്ദേഹത്തിന്റെ നീക്കങ്ങൾ എല്ലാം നിശ്ചലമായിരുന്നു. കാരണമുണ്ട്. പൊതുജനാരോഗ്യത്തിന് വിരുദ്ധമായ നീക്കങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിലപാടുകൾ ആയിരുന്നു അവർ കൈകൊണ്ടത്.
പിന്നീട് ഗതി മാറിയിട്ടുണ്ട്. കേരളത്തിൽ എല്ലാം ഇംപ്രോപ്പർ ആയിട്ടാണ് എന്നു വരുത്തിതീർക്കുന്ന ഒരു മാഫിയ എല്ലാ രംഗത്തുമുള്ള പോലെ ഇതിനു പുറകിലുമുണ്ട്. കേരളത്തിന്റെ എല്ലാ തലങ്ങളെയും അസ്ഥിരമാക്കുന്ന ചിത്തവൃത്തിയാണ് അവരിൽ. അതൊരു വല്ലാത്ത മനോരോഗം തന്നെയാണ്.
അദ്ദേഹം പറയുന്ന ഘടനാപരമായ പ്രശ്നങ്ങൾക്ക് നിലനിൽപ്പുണ്ടോ?
അദ്ദേഹം പറയുന്ന ചെറിയ ചില പ്രശ്നങ്ങൾ നോക്കൂ. ഒരാളുടെ ഒപ്പ് തെളിഞ്ഞില്ല, ഒരു ഡൊണേഷനിൽ മെഡിക്കൽ സൂപ്രണ്ട് അടുത്ത ദിവസം രാവിലെയാണ് ഒപ്പിട്ടത്. അത്ര നിസ്സാരമായ ടെക്നിക്കൽ ലൂപ്ഹോളുകൾ കണ്ടുപിടിച്ചായിരുന്നു അദ്ദേഹത്തിന്റെ ആക്രമണങ്ങൾ. അത്തരം കാര്യങ്ങൾ കോടതി ഫയലിൽ തന്നെ സ്വീകരിക്കാതെ തള്ളിക്കളഞ്ഞു. 2012 ശേഷം നമ്മുടെ മൃതസഞ്ജീവനി വന്നതിനുശേഷം ഉള്ള അലിഗേഷൻസ് ഒന്നും അദ്ദേഹത്തിന് കോടതിയുടെ മുമ്പിലെടുത്ത് ഇടാൻ ഇല്ല. കാരണം അങ്ങനെ ഒന്നും ഇല്ല എന്നുതന്നെ.
അപ്പോൾ പിന്നെ പഴയ കേസിലേക്ക് തന്നെ തിരിച്ചുപോയി. അതിൽ ഉൾപ്പെട്ട ഡോക്ടർമാർ മൂന്നുപേർ ഒപ്പിട്ട സമയത്തുള്ള മാറ്റം, മസ്തിഷ്കമരണം സ്ഥിരീകരിക്കാൻ നിയമപരമായി നാലുപേർ ഒരേസമയം സൈൻ ചെയ്യണം എന്നു തന്നെയാണ് നിയമം. അതിനെതിരെ ഈ കുറിപ്പുകാരനോ, വീഴ്ച സംഭവിച്ച ഡോക്ടർമാരോ ഒന്നും പറയുന്നില്ല. കേസന്വേഷണ സമയത്ത് അവർ അവരുടെ വീഴ്ച ഏറ്റു പറഞ്ഞതാണ്. എന്നാൽ ഇതിനു മുമ്പ് കേസന്വേഷിച്ച പോലീസുകാരോ കോടതിയോ അതിനെ ഗുരുതരമായ കൃത്യവിലോപം എന്ന് വിലയിരുത്തിയിട്ടില്ല. നിയമപരമായ അജ്ഞതയിൽ സംഭവിച്ച ആശയക്കുഴപ്പം എന്നേ പറഞ്ഞിട്ടുള്ളൂ. അങ്ങിനെ സംഭവിച്ച വീഴ്ചകൾ ഈ ഡോക്ടർമാർ നേരത്തെ സമ്മതിച്ചിട്ടുള്ളതാണ്. ആ ഡോക്ടർമാർ ഒരിക്കലും തന്നെ കൊല നടത്തി ഓടിപ്പോയ നിഷ്ഠൂര കൊലപാതകികൾ ഒന്നുമല്ലല്ലോ? അവർ ഇവിടെത്തന്നെ സേവനനിരതരായി ജീവിച്ചിരിപ്പുണ്ട്. തങ്ങൾക്കു പറ്റിയ ലഘുവായ അബദ്ധത്തെ പിന്നീട് പൊക്കിയെടുത്ത് കേസ് ആയി ഉപയോഗിക്കും എന്നൊന്നും അവർ ധരിച്ചു കാണില്ല.
പിന്നെ അദ്ദേഹം നടത്തിയ തെറ്റിദ്ധരിപ്പിക്കലുകൾ അങ്ങേയറ്റം ഗുരുതരമാണ്. ഒറ്റനോട്ടത്തിൽ കോടതിയെയും നിയമവിധഗ്ധരേയും മനപ്പൂർവ്വം മിസ് ലീഡ് ചെയ്യാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. കാരണം കോടതിക്കും നിയമസംവിധാനങ്ങൾക്കും നേരിട്ട് ആരോഗ്യരംഗത്തെ ചില കാര്യങ്ങൾ അറിയില്ല. ആരോഗ്യ വിദഗ്ധരുടെ മാത്രം സംസാരത്തിൽ വരുന്ന കാര്യങ്ങളാണ് അവ. ഉദാഹരണത്തിന് കിഡ്നിയും ലിവറും ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിന് വേണ്ടി ഹൃദയം മുറിച്ചുമാറ്റി എന്ന അദ്ദേഹത്തിന്റെ വാദം നോക്കൂ. ലിവർ റിട്രീറ്റ് ചെയ്യുമ്പോൾ എന്തിനാണ് ഹാർട്ട് തുറന്നത് എന്ന ചോദ്യം അദ്ദേഹം ഉന്നയിക്കുന്നത് കാണാം. കേസു വാദിക്കുന്നതിന് അദ്ദേഹം നിരത്തിയ പോയിന്റുകളിൽ പതിനഞ്ചാമത്തേതാണ് അത്.
ആരോഗ്യശാസ്ത്രത്തെ പറ്റി ഒരു പിടിയും ഇല്ലാത്ത വിദ്യാർഥികൾക്ക് പോലും അറിയാം പ്രകൃതിപരമായി നമ്മുടെ അവയവങ്ങളുടെ പൊസിഷനിംഗ് എങ്ങനെയാണ് എന്നത്. ചെസ്റ്റ് ഓപ്പൺ ചെയ്തു തന്നെ വേണമല്ലോ ലിവറിലേക്ക് കടക്കാൻ. ലിവറിന് മാറ്റിവെക്കൽ സമയത്ത് ആവശ്യമായ വെയിൻ കട്ട് ചെയ്തെടുക്കുന്നത് ഹാർട്ടിൽ നിന്നാണ്. ട്രാൻസ്പ്ലാന്റ് സർജന്മാരും കടാവർ സർജറിയെ പറ്റി അറിയുന്നവരും കൃത്യമായി വിശദീകരിക്കുന്ന കാര്യമാണത്. അബ്ഡോമിനൽ ഓർഗൻസ് റിട്രീവ് ചെയ്യാൻ ചെസ്റ്റ് തുറക്കണം എന്നത് അനിവാര്യമായ സർജറിയുടെ നിയമമാണ്. ലിവറിന്റെ വെയിൻ കട്ട് ചെയ്ത് എടുക്കുന്നത് ഹാർട്ടിന്റെ ഉള്ളിൽ നിന്നാണ്. ഹാർട്ട് മ്യൂട്ടിലേറ്റ് ചെയ്തു, ചെസ്റ്റ് തുറന്നു എന്നെല്ലാം അദ്ദേഹം പറയുമ്പോൾ സാധാരണക്കാർ അന്തം വിട്ടുനിൽക്കും. നിയമകാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർവരെ അത്ഭുതപ്പെടും. കാരണം അവരുടെ സാമാന്യലോകത്തുള്ള കാര്യമല്ലല്ലോ. ഹൃദയവും മോഷ്ടിക്കാൻ ശ്രമിച്ചു എന്നേ അവർ മനസ്സിലാക്കൂ. അതിനാൽ കേസ് നടക്കുമ്പോൾ
അതിനെക്കുറിച്ച് പഠിക്കാൻ കോടതിക്ക് മെഡിക്കൽ ഒപ്പീനിയൻ എടുക്കേണ്ട സമയം ആവശ്യമായി വരും. ജനങ്ങൾ അപ്പോഴും ഈ നുണയെ വാർത്തയാക്കി ആഘോഷിച്ചു കൊണ്ടിരിക്കും. ആരോഗ്യവിദഗ്ധനായ അദ്ദേഹത്തിനതറിയാം. അതിനാൽ മനപ്പൂർവ്വം ട്വിസ്റ്റ് ചെയ്ത്, നിയമപ്രവർത്തിയെ ലാഗ് ചെയ്യിപ്പിച്ച് കേസ് എഴുതി കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ് അദ്ദേഹം.
കേരളത്തിൽ അക്കാലത്ത് നടക്കുന്ന രണ്ടാമത്തെയോ മൂന്നാമത്തെയോ ഓർഗൻ ഡൊണേഷൻ ആയിരുന്നു അത് എന്നോർക്കണം. അക്കാലത്ത് ഓർഗൻ ഡൊണേഷൻ നിയമങ്ങളുടെ കൃത്യമായ വിവരങ്ങൾ വ്യക്തമായിരുന്നില്ല. അല്ലെങ്കിൽ അവ കൈകാര്യം ചെയ്തു തഴക്കം വന്നിരുന്നില്ല. അതുമല്ലെങ്കിൽ കൃത്യമായ അവബോധം ഉണ്ടായിരുന്നില്ല. സാധാരണഗതിയിൽ അന്നത്തെ ബ്രെയിൻഡെത്ത് സ്ഥിരീകരണ രീതിയനുസരിച്ച് കണ്ണിന്റെ പ്യൂപ്പിൾ ഡയലേറ്റ് ചെയ്യുന്നുവെങ്കിൽ ബ്രെയിൻ സ്റ്റം റിഫ്ലെക്ട് ചെയ്യുന്നില്ല എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ക്ലിനിക്കലി അതിനെ മസ്തിഷ്ക മരണം ആയി സ്ഥിരീകരിക്കലായിരുന്നു.
പ്യൂപ്പിൾ റിയാക്ഷൻ ഇല്ലാത്ത രോഗികളെ മെഡിക്കൽ കോളേജുകളിലും മറ്റും ഐസിയുവിലേക്കോ മറ്റോ മാറ്റുകപോലുമില്ല. കാരണം മാറ്റിയിട്ടു കാര്യമൊന്നും ഇല്ല, അതുതന്നെ.
2009ൽ മറ്റു സ്ഥിരീകരണങ്ങൾക്ക് വേണ്ടി കാത്തിരിക്കേണ്ട ഒരു കാര്യവുമില്ലാത്ത ഒരു കാലഘട്ടത്തിൽ ആയിരുന്നു ആ മരണം നടന്നത്. അബിൻ എന്ന കുട്ടിയുടെ രക്ഷിതാക്കൾ അത് തിരിച്ചറിയണം. കാരണം അവരെ ഗുരുതരമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഹോസ്പിറ്റൽ മുതലാളിമാർ വലിയ കാശുകാരാണ്, നിങ്ങൾക്ക് വല്ലതും കിട്ടുമായിരിക്കും എന്നു പറഞ്ഞാൽ തന്നെ മതിയല്ലോ. നോക്കൂ അദ്ദേഹം ചെയ്യുന്നത് എത്ര വലിയ പാതകമാണ്. മരണത്തെ അതിജീവിക്കാൻ കാത്തിരിക്കുന്ന, KNOS ൽ കടാവർ പ്രകാരം അവയവമാറ്റത്തിന് കാത്തിരിക്കുന്ന രോഗികളുടെ പ്രതീക്ഷകളെ തല്ലി കെടുത്തുക. മറുഭാഗത്ത് മരണപ്പെട്ട ആളുടെ രക്ഷിതാക്കൾക്ക് വ്യാജമായ പ്രതീക്ഷ നൽകുക….
2009-ൽ അബിന്റെ മരണത്തോടനുബന്ധിച്ച് അവയവം എടുക്കുമ്പോൾ വീഡിയോ റെക്കോർഡിങ് ചെയ്തില്ല എന്നുമൊക്കെ അദ്ദേഹം പറയുന്നുണ്ട്. ആ ഒരു ശാസ്ത്രക്രിയ മാത്രമല്ല വീഡിയോ റെക്കോർഡിങ് ചെയ്യേണ്ടത് അനിവാര്യമായ മറ്റു വല്ല കേസുകളും അദ്ദേഹം സ്പർശിച്ചിട്ടുണ്ടോ? ഒന്നു പരിശോധിച്ചു നോക്കൂ. ഈ കാര്യത്തിൽ ഘടനാപരമായ ലൂപ്പ് ഹോൾ വെച്ച് അദ്ദേഹം പരമാവധി പിടിച്ചു കയറാൻ നോക്കുകയാണ്.
2012 നു ശേഷം നിയമം ശക്തമാക്കിയ കാലത്ത് അങ്ങനെയൊരു വീഴ്ച ഒരിക്കലും ഉണ്ടാവുകയില്ല എന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ടുതന്നെയാണ് പഴയ കാര്യം പറഞ്ഞു നടക്കുന്നത്.
എന്തുകൊണ്ടാണ് മലേഷ്യൻ രോഗിക്ക് ലിവർ കൊടുത്തത്?
2009 -ൽ കേരളത്തിൽ അവയവമാറ്റം പ്രതീക്ഷിച്ചു കഴിയുന്ന രോഗികളുടെ വെയിറ്റിങ് ലിസ്റ്റോ സോൺ തിരിച്ചുള്ള ലിസ്റ്റോ ഇല്ലായിരുന്നു.
2010 നു മുമ്പ് കേരളത്തിൽ നടന്ന ലിവർ ശാസ്ത്രക്രിയ രണ്ടോ മൂന്നോ എണ്ണമേ ഉണ്ടാകൂ. പണമുള്ളവരൊക്കെ അക്കാലത്ത് സിംഗപ്പൂരിലും അമേരിക്കയിലും ജർമനിയിലും UK ഒക്കെ പോകലായിരുന്നു. പലപ്പോഴും ലിവറിന് അസുഖം ബാധിക്കുന്നത് സ്ഥിരീകരിക്കുന്നതിന് മുമ്പ് പലരും മരിച്ചുപോയി. 2010 നു ശേഷമാണ് കേരളത്തിൽ കരൾ മാറ്റശാസ്ത്രക്രിയയുടെ ചിന്തകൾ സജീവമാകുന്നത്. ഡൽഹി അപ്പോളോ ആശുപത്രിയിൽ ഒക്കെയാണ് ആദ്യകാലത്ത് കരൾമാറ്റ ശാസ്ത്രക്രിയ തുടങ്ങിവയ്ക്കുന്നത്. തുടക്കത്തിൽ അത് പത്തോ പതിനഞ്ചു കേസുകളിൽ ഒതുങ്ങി നിന്നു. രോഗികൾ ഇല്ലാഞ്ഞിട്ടല്ല. രോഗത്തിന്റെ കാരണങ്ങളെ തിരിച്ചറിഞ്ഞ് ആരോഗ്യ വിദഗ്ധരുടെ അടുത്തേക്ക് രോഗികൾ എത്തിയിട്ടില്ല എന്ന കാരണത്താൽ ആയിരുന്നു അത്. അമൃത ആശുപത്രിയാണ് പിന്നീട് കേരളത്തിൽ കരൾമാറ്റ ശസ്ത്രക്രിയ തുടങ്ങിവച്ചത്. തുടക്കത്തിൽ അവിടെയും നാലോ അഞ്ചോ കേസുകൾ മാത്രമേ ഉണ്ടായുള്ളൂ. ലിവർ മാറ്റിവെച്ചാൽ രക്ഷപ്പെടും എന്നുള്ള ബോധം തന്നെ ജനങ്ങളിൽ ഉടലെടുത്തിട്ടില്ലാത്ത സമയമായിരുന്നുവത്. അതിനാൽ തന്നെ അധികമാളുകൾ ഒന്നും അവയവമാറ്റം അന്വേഷിച്ചു പോകാറുണ്ടായിരുന്നില്ല. അതിനാൽ 2009 ൽ അബിൻ എന്ന കുട്ടിയുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ച സമയത്ത് അവിടെ എസെൻഷ്യൽ റിക്വയർമെൻറ് ഉള്ള ഒരേയൊരു രോഗി ഒരു മലേഷ്യൻ പൗരനായി പോയി. അന്ന് ഒരു വെയിറ്റിംഗ് ലിസ്റ്റോ മുൻഗണനാ ക്രമമോ പാലിക്കേണ്ടതുണ്ടായിരുന്നില്ല. അതിലേറെ പ്രധാനം രോഗിയുടെ എസെൻഷ്യാലിറ്റി ആയിരുന്നു. ഇനി കോടതിയിൽ കേസിന്റെ വിശദമായ ട്രയൽ വരുമ്പോൾ നമുക്കറിയാം ബാക്കി എന്ത് സംഭവിക്കുമെന്ന്. അദ്ദേഹത്തിന്റെ ഇത്തരം വാദങ്ങൾ ഒന്നും നിലനിൽക്കുകയില്ല.
അന്നത്തെ വിഷയത്തിൽ കേസ് കൊടുക്കുന്നത് ഇന്നത്തെ നിയമം ഉപയോഗിച്ച്
ഇന്നാണ് ഇത്തരം കേസ് സംഭവിക്കുന്നത് എങ്കിൽ കേരളത്തെ പോലും മൂന്ന് സോൺ ആക്കി തിരിച്ചുകൊണ്ടുള്ള മുൻഗണനാക്രമം അനുസരിച്ചു മാത്രമേ കടാവർ അവയവമാറ്റം നടത്താൻ KNOS സമ്മതിക്കുകയുള്ളൂ. വെയിറ്റിംഗ് ലിസ്റ്റിലെ മുൻഗണനാക്രമം അനുസരിച്ച് ആളുകൾ ഇല്ലെങ്കിൽ മാത്രമേ സോണിന്റെ പരിധി മറികടന്ന് അപ്പുറത്തേക്ക് അവയവം കൊടുക്കാൻ പാടുള്ളൂ. സംസ്ഥാനത്തു തന്നെ ആളില്ലെങ്കിൽ നാഷണൽ ലെവലിലാണ് കൊടുക്കേണ്ടത്. അതൊക്കെ ഇന്ന് കൃത്യമായി പരിപാലിക്കപ്പെടുന്നുണ്ട്. ദേശീയതലത്തിൽ ആളില്ലെങ്കിൽ അന്തർദേശീയ തലത്തിലേക്ക് അവയവം പോകാം.
ട്രാൻസ്പ്ലാൻഡിന് തയ്യാറായി വന്ന മലേഷ്യൻ രോഗി കിടക്കുന്ന സമയത്ത് അവിടെ മറ്റൊരു രോഗി അതിനാവശ്യവുമായി കിടക്കുന്നേ ഇല്ലായിരുന്നു. (സത്യത്തിൽ മലേഷ്യയിൽ സെറ്റിൽ ആയ തമിഴ്നാട് രോഗികളാണ് അവർ) കോടതിയിൽ അവരുടെ നാഷണനാലിറ്റി പരിശോധിക്കപ്പെടും എന്നുറപ്പാണ്.
ആ മലേഷ്യൻ പൗരന്റെ കാര്യം മറ്റൊന്നു കൂടി പറയാം. ലിവിങ് ഡോണർ ആയ ഭാര്യയുടെ അവയവം എടുക്കുന്നതിനു വേണ്ടി രണ്ടുപേരുടെയും ശരീരം ഓപ്പൺ ചെയ്തിരുന്നു. ശരീരം തുറന്ന സമയത്തുള്ള അനാട്ടമിക്കൽ ഘടനയുടെ കാര്യത്തിൽ അപാകത തോന്നിയപ്പോൾ ലൈവ് ഡൊണേഷൻ സാധ്യമല്ലാതെ വന്നു. അന്ന് ലിവിങ് ഡോണർ ട്രാൻസ്പ്ലാന്റേഷൻ വളരെ പ്രിമിറ്റീവ് ആയിരുന്ന ഘട്ടമാണ്. CT സ്കാൻ ഉൾപ്പെടെയുള്ള ഇമേജ് ഇൻവെസ്റ്റിഗേഷൻ എല്ലാം കൃത്യമായി നോക്കിയാൽ പോലും ട്രാൻസ്പ്ലാന്റ് കേസുകളിൽ ഡോക്ടർമാർ പോലും കൃത്യമായ ഓറിയന്റേഷനുകളിലേക്ക് എത്തിയിട്ടില്ലാത്ത കാലമാണ് അത്. അന്ന് ഇന്ത്യയിൽ തന്നെ അൻപതിൽ താഴെ മാത്രമേ ലിവിങ് ഡോണർ ട്രാൻസ്പ്ലാന്റേഷൻ നടന്നിട്ടുള്ളൂ. നല്ല റിസൾട്ടുകൾ ആയി വരുന്നേ ഉണ്ടായിരുന്നുള്ളൂ. മാറ്റത്തിന് ആവശ്യമായ വർക്കപ്പുകൾ തന്നെ കൂടുതൽ കൃത്യമായി വരുന്നതിനു മുമ്പായിരുന്നു അത്.
സർജറി ഉപേക്ഷിക്കേണ്ടി വന്ന ഒരു ഘട്ടത്തിൽ അവർ എത്തിച്ചേർന്നു. സർജറി ഉപേക്ഷിക്കേണ്ട ഘട്ടത്തിൽ ലിവർ സിറോസിസ് ബാധിച്ച രോഗി വളരെ സിവിയർ ആയി ആശുപത്രി വിടാതെ കിടപ്പിൽ തന്നെയായിരുന്നു. അപ്പോഴാണ് ബ്രെയിൻ ഡെത്ത് അവിടെ സ്ഥിരീകരിക്കുന്നത്. അത്രയും അനിവാര്യമായ മറ്റൊരു കേസ് അവരുടെ ആശുപത്രിയിൽ വേറെ ഇല്ലാത്തതിനാൽ കൂടുതൽ ആലോചിക്കാൻ അവർക്കുണ്ടായിരുന്നില്ല. ഒരു ജീവൻ രക്ഷിക്കാനുള്ള വ്യാഗ്രതയായിരുന്നു ആരോഗ്യപ്രവർത്തകരുടെ ഇടയിൽ ഉടലെടുത്തത്. അത്യാസന്നനിലയിലുള്ള ആ രോഗിയെ അവർ വേഗം പരിഗണിച്ചു. അത്രയുമാണ് അന്ന് നടന്നത്. ഇന്നത്തെ നിയമങ്ങൾ അന്നു പാലിച്ചില്ല എന്നായിരുന്നല്ലോ ഗണപതി ഡോക്ടറുടെ വാദം.
നാലു ഡോക്ടർമാർ ഒരുമിച്ച് സർട്ടിഫൈ ചെയ്യണമെന്നുള്ള നിയമം ഒന്നും കൃത്യമായി അനുവർത്തിച്ചു വരാത്തത് കൊണ്ട് അതിനുവേണ്ടി നിയുക്തരായ ഡോക്ടർമാർ അവൈലബിൾ ആയ സമയത്ത് അവർ സമയമെഴുതി തന്നെ അക്കാര്യം സർട്ടിഫൈ ചെയ്തിട്ടുണ്ട്. അവർക്ക് പാലിക്കാവുന്ന സത്യസന്ധത അവർ ചെയ്തിട്ടുണ്ട്. തങ്ങൾ ചെയ്യുന്നത് തെറ്റാണ് എന്ന് തോന്നൽ ഉണ്ടായിരുന്നെങ്കിൽ, മെഡിക്കൽ എത്തിക്സിന് വിരുദ്ധമായി ആ ഡോക്ടർമാർക്ക് വേണമെങ്കിൽ സമയം തിരുത്തി ഒരേ സമയത്ത് ഞങ്ങൾ സർട്ടിഫൈ ചെയ്തു എന്ന് വരുത്തിതീർക്കാമായിരുന്നു.
തങ്ങൾ ചെയ്യുന്നത് തെറ്റാണ് എന്ന തോന്നൽ പോലും ഇല്ലാത്ത കാലമാണ് എന്നതാണ് ഇവിടെ ഊന്നി പറയുന്നത്. ഇത്തരം വാദങ്ങളൊക്കെ കോടതിയുടെ മുമ്പിൽ എത്തുമ്പോൾ അത് അന്വേഷിക്കണം എന്ന് ഉത്തരവിടുന്നത് സ്വാഭാവികം മാത്രമാണ്. അതിനർത്ഥം ഗുരുതരമായ പാതകം ഈ ഡോക്ടർമാർ ചെയ്തു എന്നല്ല.
കോടതി അന്വേഷിക്കാൻ ഉത്തരവിട്ടു എന്ന് പറഞ്ഞപ്പോഴേക്ക് തന്നെ, പ്രസിദ്ധിയിലൊന്നും തീരെ താല്പര്യമില്ലാത്ത ഡോക്ടർ ഗണപതി നീതിയോടുള്ള താല്പര്യം എന്നു മാത്രം പറഞ്ഞു സകല സോഷ്യൽ മീഡിയയിലും പത്രമാധ്യമങ്ങളിലുമെല്ലാം ഇതു വലിയൊരു വാർത്തയാക്കി. വാർത്തയല്ല കഥയാക്കി. നാഷണൽ മീഡിയയിൽ വരെ കേരളത്തെ മോശമാക്കി ഈ കഥ പ്രചരിക്കുന്നു. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഡോക്ടർമാരെ ശിക്ഷിച്ചു എന്ന് വരുത്തി തീർത്തു. ഈ കേസിനെ കുറിച്ച് കൃത്യമായി പഠിക്കാത്ത വാർത്താ ലേഖകരും അതങ്ങനെ തന്നെ തൊണ്ട തൊടാതെ വിഴുങ്ങി. അതോടെ അബിൻ എന്ന കുട്ടിയെ കൊലപാതകം നടത്തി എന്നായി മാറി കേസ്.
KNOS ന്റെ സത്യസന്ധ്യവും സുതാര്യവുമായ പ്രവർത്തനങ്ങൾ കൊണ്ട് ഗുണം ലഭിച്ച എന്നെപ്പോലെ ഒരു വ്യക്തിക്ക് ഇത് എഴുതാതിരിക്കാൻ കഴിയുന്നില്ല. എഴുതുക മാത്രമല്ല ഇത് വെളിച്ചത്തു കൊണ്ടുവരുന്നതിനു വേണ്ടി സാധ്യമായ ചില കാര്യങ്ങൾ കൂടി ചെയ്യാനുണ്ട്. നന്മ ഉദ്ദേശിക്കുന്നവരായ കുറച്ചാളുകൾ അതിനോട് സഹകരിക്കാനും തയ്യാറാണ്. KNOS എന്ന സംസ്ഥാനത്തിന്റെ സംവിധാനം NOTTO അഥവാ National Organ & Tissue Transplant Organisation എന്ന ഏക സംവിധാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മൃതസഞ്ജീവനി പദ്ധതിയുടെ പുനർനാമകരണം അങ്ങനെയാണ് ഇനി. അധികമൊന്നുമില്ല എങ്കിലും കുറച്ചുപേരെങ്കിലും കേരളത്തിലെ ഗവർമെന്റ് ന്യൂറോ സർജൻമാരിൽ നിന്നും മസ്തിഷ്ക മരണത്തെ സർട്ടിഫൈഡ് ചെയ്യാൻ മുന്നോട്ടുവന്നത് കൊണ്ടാണ് കുറച്ചെങ്കിലും കടാവർ കേസുകളൊക്കെ നടന്നത്. ഈ കുറിപ്പ് എഴുതുന്ന ആൾക്ക് ഇത് എഴുതാൻ സാധിക്കുന്നതുപോലും അങ്ങനെയാണ്. അതിനാൽ വളരെ ലഘുവായ ടെക്നിക്കൽ ഇഷ്യൂസ് എടുത്ത് ജനോപകാരപ്രദമായ ഒരു സംവിധാനത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ നോക്കി നിൽക്കാൻ സാധിക്കുന്നില്ല. നൂറുകണക്കിന് പേർ അവയവങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ദശാസന്ധിയിൽ ഇത്തരമൊരു സംവിധാനം നിലച്ചു പോയാൽ ഉണ്ടാകുന്ന ഗുരുതരമായ പ്രശ്നം ഊഹിക്കാവുന്നതേയുള്ളൂ. മനുഷ്യരാശിയെ സ്നേഹിക്കുന്നവർക്ക് ഡോക്ടർ ഗണപതിയുടെ നിഷേധാത്മക പ്രവർത്തനത്തെ പിന്തുണക്കാൻ സാധിക്കില്ല. അവയവങ്ങൾക്കുവേണ്ടി പണം കൊടുത്ത് ആളുകളെ കൊല്ലാൻ ഡോക്ടർമാരെ ഉപയോഗിക്കുന്നു എന്ന രീതിയിലുള്ള അപഹാസ്യമായ വാർത്തകളൊക്കെ ഉള്ളിലെ മനുഷ്യത്വം മരവിച്ചവരുടെ നിർമ്മിതികൾ മാത്രമാണ്. അല്ലെങ്കിൽ കലാപരമായി ഒരു സിനിമ നിർമ്മിക്കുമ്പോൾ കഥക്കു വേണ്ടി തൊങ്ങലും പൊടിപ്പും വെച്ചുണ്ടാക്കുന്നതാണ്. മാത്രമല്ല ഫിലിപ്പ് അഗസ്റ്റിനെ പോലെയുള്ള ഒരു ഡോക്ടർ തുച്ഛം കാശിനുവേണ്ടി ഒരു രോഗിയെ കൊലക്കു കൊടുത്തു എന്നൊക്കെ പറഞ്ഞാൽ അത് വിശ്വസിക്കാൻ നുണകളിൽ മുങ്ങിത്തപ്പുന്നവർക്കേ കഴിയൂ.
കടാവർ സംവിധാനം നിലനിൽക്കാൻ മസ്തിഷ്ക മരണം ഉറപ്പുവരുത്തുന്ന വഴി നിലനിൽക്കണം
അഞ്ചു പൈസ പോലും ചിലവില്ലാതെയാണ് എനിക്കൊക്കെ അവയവം ലഭിച്ചത്. മലപ്പുറം ജില്ലയിലെ LIFOK സംവിധാനത്തിൽ പേര് രജിസ്റ്റർ ചെയ്ത ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ വേറെയും അംഗങ്ങൾ എന്നോടൊപ്പമുണ്ട്. എഴുതാനോ വിളിച്ചു പറയാനോ കഴിവില്ലാത്തതുകൊണ്ട് അവർ പിറകിൽ നിൽക്കുന്നു എന്നു മാത്രം.
സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ വിളിച്ചു പറയുന്ന ആളല്ല ഡോക്ടർ ഗണപതി എന്ന് വിചാരിക്കട്ടെ. ഒരു അവയവ മാറ്റത്തിന് കൈക്കൂലിയായി കോടിയും 50 ലക്ഷവും ഒക്കെ വിളിച്ചുപറയുന്നുണ്ട് അദ്ദേഹം. കേവലം പ്രലപനങ്ങൾ എന്നല്ലാതെ എന്തു പറയാൻ! സർജറിക്ക് ചെലവായ തുകയല്ലാതെ അവയവത്തിന് പണം കൊടുക്കാൻ എന്റെ കയ്യിലോ കൂടെയുള്ളവരുടെ കയ്യിലോ ഒന്നും തികയുമായിരുന്നില്ല.
മാത്രമല്ല, മസ്തിഷ്കമരണം സംഭവിച്ച് ജീവൻ വിടപറയുമ്പോൾ ബന്ധുമിത്രാദികളുടെ താല്പര്യപ്രകാരം അവയവം ദാനം ചെയ്ത മഹാമനുഷ്യരെ കുറിച്ചുള്ള അപവാദം കൂടിയായി മാറുന്നു ഇത്. അഞ്ചു നയാ പൈസ പോലും വാങ്ങാതെ മനുഷ്യരക്ഷക്ക് വേണ്ടി ജീവദാനം ചെയ്തവരാണവർ. അവരുടെ പേരിൽ കള്ളക്കഥ ഉണ്ടാക്കിയാണ് ഈ ഡോക്ടർ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. 8 ശരീര അവയവങ്ങൾ വരെ ദാനം ചെയ്ത ഡോണർമാരെ എനിക്കറിയാം. ആ ഡോണർമാർ വിടപറഞ്ഞ ശേഷം അവരുടെ സാർത്ഥകമായ ഓർമ്മകളിൽ അഭിരമിച്ചുകൊണ്ട് ജീവിക്കുന്ന ബന്ധുക്കൾക്ക് മനുഷ്യരാശിയിൽ നിന്നുള്ള പ്രതീക്ഷ സ്നേഹനിർഭരമായ പ്രാർത്ഥനകൾ മാത്രമാണ്. അല്ലാതെ അവർ കോടികൾ വാങ്ങി തടിച്ചു കൊഴുക്കുകയല്ല. കോടികളും ലക്ഷങ്ങളും വാങ്ങാൻ അവരുടെ മനസ്സ് ഒട്ടും മോശവുമല്ല. ആരോപണം ഉന്നയിക്കുന്നവർ സ്വയം മനസ്സിനെ കഴുകി വൃത്തിയാക്കണം.
കടാവർ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് പൊതുജനത്തിന്റെ പിന്തുണ വേണം. അപകടമരണങ്ങൾ പെട്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടണം. അവയവദാന കൗൺസിലിംഗ് ത്വരിതഗതിയിൽ തന്നെ നടക്കണം. ഗവർമെന്റ് സംവിധാനത്തിലെ ന്യൂറോസർജന്മാർ ബ്രെയിൻ ഡെത്ത് സ്ഥിരീകരിച്ച് അത് KNOS ന് അറിയിക്കണം. ന്യൂറോസർജന്മാരെ സഹായിക്കുന്നതിന് വേണ്ടി MBBS പാസായവരെ ഉൾപ്പെടുത്തി വിശാലമായ ട്രെയിനിങ് സംവിധാനം ഉണ്ടാക്കണം. ആരോഗ്യരംഗത്ത് സന്നദ്ധപ്രവർത്തകരുടെ സേവനവും ഉറപ്പുവരുത്തുന്നത് നന്നായിരിക്കും. മരണാനന്തര അവയവദാനത്തിന്റെ പ്രാധാന്യം കേരള ജനതക്ക് ബോധ്യപ്പെടുത്താൻ കഴിയാത്തത് കൊണ്ടല്ല. നിസ്സാരമായ മന്ത്രവാദ കഥകൾ കൊണ്ടുവരെ അതിനെ തടസ്സപ്പെടുത്താൻ ഇറങ്ങിത്തിരിച്ച മറ്റൊരു മാഫിയ ഉണ്ട്. ലൈവ് ഡോണർഷിപ്പിന്റെ മറവിൽ, ബന്ധുക്കളിൽ നിന്ന് ആവശ്യമുള്ള അവയവങ്ങൾ കിട്ടിയിട്ടില്ല എന്ന പേരിൽ, അവയവങ്ങൾ സംഘടിപ്പിച്ചു കൊടുക്കാനുള്ള മാഫിയകൾ ആയി പ്രവർത്തിക്കുന്നവർ. നിയമവിരുദ്ധമായി പണം ഒഴുകുന്നത് അവിടെക്കാണ്. അന്വേഷണവും ആളെ പിടുത്തവും വേണ്ടത് അവിടെയാണ്.
രാത്രിയോ പകലോ നിഴലോ നിലാവോ എന്നില്ലാതെ അഹോരാത്രം രോഗികൾക്ക് വേണ്ടി പ്രതീക്ഷകൾ നൽകി കഷ്ടപ്പെടുന്ന ഒരു സംവിധാനത്തെ തച്ചു തകർത്തിട്ടല്ല നിയമപരിരക്ഷ നൽകേണ്ടത്. ഗണപതിയുടെ നിയമപരിരക്ഷ ഒരാൾക്ക് പോലും രക്ഷയല്ല. എന്നാൽ നിലവിലുള്ള കടാവർ സംവിധാനവും KNOS ഉം എല്ലാം ആയിരങ്ങളുടെ പ്രതീക്ഷയാണ്. പ്രതീക്ഷാനിർഭരമായ പ്രവർത്തനങ്ങൾ വിജയിക്കട്ടെ. നിരാശയും അശാന്തിയും വിതക്കുന്ന പ്രവർത്തനങ്ങൾ പരാജയപ്പെടട്ടെ.
കെ ടി കുഞ്ഞിക്കണ്ണന്‍(ഡയറക്ടര്‍ എകെജി പഠനകേന്ദ്രം)
1975 ജൂണ്‍ 25 അര്‍ധരാത്രിയിലാണ് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. 1970കളോടെ തീവ്രമായ ഇന്ത്യന്‍ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയുടെ അനിവാര്യതയിലാണ് ശ്രീമതി ഗാന്ധി ജനാധിപത്യത്തിന്റെ എല്ലാ തൂണുകളെയും അടിച്ചുനിരപ്പാക്കി രാജ്യമാകെ തടവറയാക്കിയത്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ഭരണ വര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്ന നെഹ്‌റുവിയന്‍ പാതയില്‍ നിന്നുള്ള നിര്‍ദയമായൊരു കുതറി മാറലുമായിരുന്നു എമര്‍ജന്‍സി. കോണ്‍ഗ്രസ് തുടര്‍ന്ന മുതലാളിത്ത വികസന പാത 1960കളോടെ പ്രതിസന്ധിയിലേക്ക് പതിച്ചിരുന്നു. ബജറ്റുകള്‍ക്ക് അവധി നല്‍കുകയും ട്രഷറി പൂട്ടിപ്പോവുകയും ചെയ്യുന്ന അവസ്ഥയില്‍ ആസൂത്രണം തന്നെ പ്രതിസന്ധിയിലായി.
ഈ പ്രതിസന്ധിയുടെ യഥാര്‍ഥ കാരണങ്ങള്‍ തിരിച്ചറിഞ്ഞു സമ്പദ്ഘടനയുടെ ചാലകശക്തിയായ കര്‍ഷകരെ അഴിച്ചുവിടാന്‍ കഴിയുംവിധം ഭൂപരിഷ്‌കരണം നടപ്പാക്കാനോ കുത്തക പ്രീണന നയങ്ങള്‍ അവസാനിപ്പിക്കാനോ വര്‍ഗപരമായ പരിമിതി മൂലം കോണ്‍ഗ്രസിന് കഴിഞ്ഞില്ല. പകരം ജനങ്ങളുടെ പ്രതിഷേധങ്ങളെ സ്വേച്ഛാധികാ ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്താനാണവര്‍ തീരുമാനിച്ചത്.
ആഗോള ഫൈനാന്‍സ് മൂലധനമനുശാസിക്കുന്ന ഘടനാപരിഷ്‌കാരങ്ങള്‍ 1976ലെ ലോകബാങ്കിന്റെ നെയ്‌റോബി ഉച്ചകോടിയോടെ ഇന്ദിരാഗാന്ധി സ്വീകരിക്കുകയും ചെയ്തു. അതേ അടിയന്തരാവസ്ഥ ഇന്ത്യന്‍ സമ്പദ്ഘടനയുടെ നിയോലിബറല്‍ ഘടകത്തിലേക്കുള്ള വഴിത്തിരിവ് കൂടിയായിരുന്നു.
മഹമൂദ് മാട്ടൂൽ
ഗൾഫ് കേരളം സെക്ടറിലെ വിമാന ടിക്കറ്റ് വില വർധനയുടെ ആവലാതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശാശ്വത പരിഹാരമായി കേരളത്തിന് സ്വന്തം വിമാന കമ്പനി തുടങ്ങി അടുത്ത ഓണത്തിന് സർവീസ് തുടങ്ങുമെന്നു കൊല്ലങ്ങൾക്കു മുമ്പ് പറഞ്ഞവരും താൽക്കാലിക പരിഹാരമായി ഉടനെ വിമാനം ചാർട്ടേഡ് ചെയ്യുമെന്നും പ്രഖ്യാപിച്ചു കൈയ്യടി വാങ്ങിയവരും അടങ്ങിയ കേരള സർക്കാരുകൾ പ്രവാസികളുടെ പ്രശ്നത്തിൽ എന്നും ആകുലരാണ്. എന്നാൽ ഗൾഫ് മലയാളികളെ സംബന്ധിച്ചിടത്തോളം കേരളം കോരന്റെ മകൻ ഭരിക്കുമ്പോഴും സാക്ഷാൽ “കോരന്റെ മക്കളായ ഗൾഫ് മലയാളികൾക്ക്” ഇപ്പോഴും കഞ്ഞി കുമ്പിളിൽ തന്നെയാണ്. ഒരോ പ്രവാസിക്കും ഇന്നും ഗൾഫ് യാത്രയ്ക്ക് ലക്ഷങ്ങൾ മുടക്കേണ്ട അവസ്ഥ.
ഗൾഫിൽ നിന്ന് കേവലം 4 മണിക്കൂർ യാത്ര മാത്രമുള്ള കേരളത്തിലേക്ക് ഒരു നാലംഗ കുടുംബത്തിനു നാട്ടിൽ പോയി തിരിച്ചുവരാൻ ഇന്നു നാലഞ്ചു ലക്ഷം രൂപവേണം. അങ്ങിനെ പോകാമെന്നു വച്ചാലും സീറ്റുകൾ നിറയാതെ സർവീസ് നടത്തുള്ള വിമാനങ്ങളിൽ പോലും ടിക്കറ്റുകൾ കിട്ടാനില്ല ! . ഇതേ വിമാന കമ്പനികൾ ഇതിന്റെ നാലിരട്ടി ദൂരമുള്ള സ്ഥലങ്ങളിലേക്കു നാല് മണിക്കൂർ യാത്രക്ക് വാങ്ങുന്ന ഉയർന്ന നിരക്കിന്റെ 50 -60 ശതമാനം കുറഞ്ഞ ചിലവിൽ ഇതര സംസ്ഥാനങ്ങൾ വഴിയോ മറ്റു രാജ്യങ്ങൾ വഴിയോ 10- 30 മണിക്കൂർ കാത്തിരുന്നു അടുത്ത വിമാനത്തിൽ യാത്ര തിരിക്കാൻ സാധിക്കുന്നു. സത്യത്തിൽ അത് കോവിഡ് കാലത്തെ യാത്രപോലെ ദുഷ്കരമാണ്. മാത്രമല്ല പ്രവാസി ജോലിക്കാർക്ക് ഇതു കാരണം രണ്ടും മൂന്നും ദിവസത്തെ ലീവ് നഷ്ടമാകും . ഇങ്ങിനെ ക്ഷീണിച്ചു അവശരായി യാത്രചെയ്യുന്ന ആയിരങ്ങളെ പല വിമാനത്താവളങ്ങളിലും കാണാം. കഴിഞ്ഞ ദിവസം ഖത്തറിൽ നിന്നു ബംഗളൂരു വഴിയും ദുബയിൽ നിന്ന് മുംബൈ വഴിയും യാത്രചെയ്യുന്ന പലരെയും കാണാൻ കഴിഞ്ഞു.
ആദ്യകാലത്തു ഈ വിലവർധനവ് ചൂണ്ടിക്കാണിക്കുമ്പോൾ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) അയാട്ട വില കുറയ്ക്കാൻ അനുവദിക്കുന്നില്ല എന്നായിരുന്നു നമ്മുടെ സർക്കാരുകളുടെയും രാഷ്ട്രീയക്കാരുടെയും സ്ഥിരം മറുപടി. എയർലൈൻ വ്യവസായത്തെ പ്രതിനിധീകരിക്കുകയും സേവനം ചെയ്യുകയും ചെയ്യുന്ന അന്താരാഷ്ട്ര ട്രേഡ് അസോസിയേഷനാണ് അയാട്ട. വ്യോമയാന വ്യവസായത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചില മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും സജ്ജീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, അയാട്ടയ്ക്കു വിമാന നിരക്ക് നേരിട്ട് നിശ്ചയിക്കാൻ അധികാരമില്ല എന്നതാണ് സത്യം .
ഗൾഫ് രാജ്യങ്ങളിലെ മധ്യവേനൽ അവധിക്കു സ്കൂൾ അടച്ചു നാട്ടിലേക്ക് പോകുന്നവരും നാട്ടിൽ മധ്യവേനൽ അവധിക്കാലത്തു ഗൾഫിലേക്ക് തിരിക്കുന്ന പ്രവാസി കുടുംബത്തെയും ഈ രണ്ടു വിഭാഗത്തിന്റെയും തിരിച്ചുള്ള യാത്രാ കാലങ്ങളിലും പെരുന്നാൾ, ക്രിസ്‌തുമസ് ഓണക്കാലത്തുമാണ് ഈ കഴുത്തറുപ്പു നിരക്ക് വിമാനക്കമ്പനികൾ ഈടാക്കുന്നത്. ഈ വർഷം പ്രശ്നം കൂടുതൽ രൂക്ഷമാണ്. ആത്യന്തികമായി, വിമാന നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഓരോ എയർലൈനുകൾക്കുമാണ്. പ്രവർത്തനച്ചെലവ്, ഡിമാൻഡ്, മത്സരം, വിപണി സാഹചര്യങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങൾ കണക്കിലെടുത്താണു വിമാനക്കൂലി നിർണയിക്കുന്നത്. ഈ ഘടകങ്ങളെയും അവരുടെ ബിസിനസ്സ് തന്ത്രങ്ങളെയും അടിസ്ഥാനമാക്കി വിമാനക്കമ്പനികൾക്ക് സ്വന്തം നിരക്കുകൾ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നതും ശരിയാണ്.
എന്നാൽ ഇതു സർക്കാർ നിയന്ത്രണങ്ങൾക്കും വിപണി ശക്തികൾക്കും വിധേയമാണ്. എയർലൈനുകളെ അവരുടെ വിലനിർണയ തന്ത്രങ്ങളെ ക്രമീകരിക്കാനും . മത്സരാധിഷ്ഠിത നിരക്കുകൾ ക്രമീകരിക്കുന്നതിന് വിമാനക്കമ്പനികളെ സഹായിക്കുകയും നിരക്ക് സംബന്ധമായ മാർഗനിർദേശങ്ങൾ നൽകുവാനും ഓരോ രാജ്യത്തെയും സർക്കാരുകൾ നിയമിക്കുന്ന റെഗുലേറ്ററി അതോറിറ്റികൾക്ക് ഇക്കാര്യത്തിൽ ഇടപെടാൻ സാധിക്കും. പക്ഷെ പല കാര്യത്തിലെന്നപോലെ ഇവിടെയും അവർ നോക്കുകുത്തികളാണ്. അവധിക്കാലത്തു ഗൾഫ് സെക്ടറിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനനിരക്കിൽ അന്യായമായ വർധനവ് ഉണ്ടാവുന്നു എന്നത് ഒരു രഹസ്യമല്ല. പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാരുകൾക്കും സമൂഹ സംഘടനകൾക്കും ഒരു പാട് കാര്യങ്ങൾ ചെയ്യാൻ കഴിയും.
ഇന്ത്യയിലെ വ്യോമയാന വ്യവസായത്തിന്റെ മേൽനോട്ടത്തിന് ഉത്തരവാദികളായ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള റെഗുലേറ്ററി അതോറിറ്റിയെ ബന്ധപ്പെടുക എന്നതാണ് ഇതിൽ പ്രധാനം. . ഇന്ത്യയിലെ സിവിൽ ഏവിയേഷന്റെ റെഗുലേറ്ററി ബോഡിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനുമായി (ഡിജിസിഎ)മായും ഇക്കാര്യത്തിൽ ബന്ധപ്പെടാം. പ്രവാസികളുടെ പ്രശ്നങ്ങളും ആശങ്കകളും വിശദീകരിക്കുകയും വിമാന നിരക്കുകളിലെ ന്യായരഹിതമായ വർധനയെക്കുറിച്ച് വ്യക്തമാക്കുന്ന തെളിവുകളും വിവരങ്ങളും അവർക്കു നൽകാം.
കൂടാതെ: റെഗുലേറ്ററി അതോറിറ്റിക്ക് ഒരു ഔപചാരിക പരാതി സമർപ്പിക്കുകയും , പ്രശ്നം വിശദമാക്കുകയും ന്യായീകരിക്കാത്ത നിരക്ക് വർധനയുടെ നിർദിഷ്ട ഉദാഹരണങ്ങൾ നൽകുകയും ചെയ്യണം. . ടിക്കറ്റ് നിരക്കുകൾ, നിരക്ക് താരതമ്യങ്ങൾ, അല്ലെങ്കിൽ വിമാന നിരക്കുകളിൽ പെട്ടെന്നുള്ളതോ അമിതമായതോ ആയ വർധന കാണിക്കുന്ന മറ്റ് അനുബന്ധ തെളിവുകൾ പോലുള്ള പ്രസക്തമായ ഡോക്യുമെന്റേഷനുകളും ഇതിൽ ഉൾപ്പെടുത്തണം. അതോടൊപ്പം തന്നെ ഉപഭോക്തൃ സംരക്ഷണ ഓർഗനൈസേഷനുകളിൽ നിന്ന് സഹായം തേടുകയാണ് മറ്റൊരു പ്രതിവിധി. : എയർലൈൻ യാത്രക്കാരുടെ അവകാശങ്ങൾ കൈകാര്യം ചെയ്യുന്ന ഉപഭോക്തൃ സംരക്ഷണ സംഘടനകളുമായോ അഭിഭാഷക ഗ്രൂപ്പുകളുമായോ ബന്ധപ്പെട്ടു പ്രവാസികളുടെ ഈ ആശങ്കാജനകമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ന്യായമായ വിലനിർണയത്തിനായി വാദിക്കുന്നതിനുമുള്ള മാർഗനിർദേശമോ പിന്തുണയോ ഉറവിടങ്ങളോ നൽകാൻ ഈ സ്ഥാപനങ്ങൾക്ക് കഴിയുമെന്നതാണ് വാസ്തവം.
എന്നാൽ മിക്ക പ്രവാസി സംഘടനകളും സംസ്ഥാന സർക്കാരും കേവലം ഒരു ചടങ്ങായി മാത്രമാണ് ഇതിനെ കാണുന്നത്. പത്ര മാധ്യമങ്ങളിൽ ഒരു പ്രസ്താവനയും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അനുഭവം പങ്കുവച്ചുള്ള ഒരു കുറിപ്പ് എഴുതുന്നതിലൂടെയും പ്രശ്‌നത്തിലേക്ക് ശ്രദ്ധ കൊണ്ടുവരികയാണെന്ന ധാരണ വളർത്തുന്നതിലാണ് അവർക്കു താൽപ്പര്യം. അന്യായമായ യാത്രാനിരക്ക് വർധനയെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളിൽ ശക്തമായ സമ്മർദ്ദം ചെലുത്താൽ ആരും തയ്യായാറാവുന്നില്ല. ഇത്തരം പരാതിയുമായി ബന്ധപ്പെട്ടു റെഗുലേറ്ററി അതോറിറ്റിയുടെ ഏതെങ്കിലും നടപടികളെക്കുറിച്ച് അറിയാൻ ആരെങ്കിലും ഇതുവരെ ശ്രമിച്ചിട്ടുണ്ടോ ? ഗൾഫ് മലയാളിളുടെ പ്രശ്നത്തെ കുറിച്ച് പരാതി നൽകുകയും ഇത്തരം കേസുകളുടെ പുരോഗതിയെക്കുറിച്ച് അന്വേഷിക്കാൻ ഇടയ്ക്കിടെ ഉത്തരവാദ കേന്ദ്രങ്ങളെ വിടാതെ പിന്തുടരേണ്ടതും അത്യാവശ്യമാണ്.
അധികാരപരിധിയെയും നിയമാനുസൃത ചട്ടക്കൂടിനെയും അടിസ്ഥാനമാക്കി നിർദിഷ്ട ഫലപ്രാപ്തി വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ഇന്ത്യയുടെ റെഗുലേറ്ററിയുടെ പശ്ചാത്തലത്തിൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് കൂടുതൽ കൃത്യമായ മാർഗനിർദേശത്തിനായി നിയമവിദഗ്ധരുമായും കൂടിയാലോചിക്കുവാൻ സംസ്ഥാന സർക്കാറോ അല്ലെങ്കിൽ പ്രവാസി വകുപ്പ് , നോർക്ക തുടങ്ങിയ സർക്കാര ഏജൻസികളോ മുന്നോട്ടു വരികയും ഇതിനു നമ്മർദം ചെലുത്താൻ പ്രവാസി സംഘടനകളും തയാറാവേണ്ടതുണ്ട്. അല്ലാതെ സ്കൂൾ അടയ്ക്കുകയും ഓണവും വിഷുവും പെരുന്നാളും വരുമ്പോൾ ഒരു പരാതി നൽകി ഞങ്ങൾ എന്തോ ചെയ്തുവെന്നു വരുത്താൻ പ്രവാസി സംഘടനകളും കേരളത്തിലെ രാഷ്ട്രീയക്കാരും ഭരണ പ്രതിപക്ഷ കക്ഷികളും നടത്തുന്ന ചെപ്പടിവിദ്യകൾ കൊണ്ട് ഈ പ്രശ്‌നത്തിന് യാതൊരു പരിഹാരം കാണാൻ സാധിക്കില്ല.
ഇതിനു ശാശ്വത പരിഹാരം കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തുകയും കോടതിയെ സമീപിക്കുകയാണ്. ഇതിനു നോർക്കയും കേരള പ്രവാസി വകുപ്പും കേരളം സർക്കാരും തയ്യാറാവണം. ഇതിൽ പ്രവാസി സംഘടനകൾക്കും കക്ഷി ചേരാൻ സാധിക്കും. സംസ്ഥാന സർക്കാരും പ്രവാസി സംഘടനകളും മനസ്സുവച്ചാൽ അവധിക്കാല തിരക്ക് കണക്കിലെടുത്തു താൽക്കാലികമായി അധിക വിമാന സർവീസോ ചാർട്ടേഡ് വിമാനങ്ങളും ഏർപ്പെടുത്തി പ്രവാസികളെ നാട്ടിലെത്തിക്കാനും തിരിച്ചെത്തിക്കാനും സാധിക്കും . പ്രവാസി സംഘടനകൾ സാഹചര്യത്തിനു ഒത്തു ഉയർന്നാൽ ഇതു നിഷ്പ്രയാസമാണെന്ന് കോവിഡ് കാലത്തു അവർ തെളിയിച്ചതാണ്.
അഹ്‌മദ് ശരീഫ് പി
പണ്ട് വാല്മീകി രാമായണം എന്ന കഥ എഴുതി . പിന്നെ നമ്മളത് കഥയുള്ള കഥയാക്കി , പുരാണമാക്കി . ശ്രീരാമനെ ദൈവം തന്നെയാക്കി വാനോളം ഉയർത്തി . രാവണരാജാവിനെ രാക്ഷസനാക്കിയതിൽ ബഹുത് പ്രതിഷേധം നമ്മുടെ ഭാരതീയർക്ക് തന്നെയുണ്ട് . പക്ഷെ ഹനുമാൻ ശ്രീലങ്കയിലേക്ക് ചാടി സീതയെ രക്ഷിച്ചു കൊണ്ടു വന്ന മഹാനാണ് . അങ്ങനെയാണ് ആദി പുരുഷ് എന്ന സിനിമ പിറന്നത് .
സിനിമ കാണാൻ ഹനുമാൻ എങ്ങനെ പോവാതിരിക്കും . പക്ഷെ ഒരു ഒന്നാന്തരം ശങ്ക . ഏത് തീയേറ്ററിൽ ആയിരിക്കും ദൈവത്തിന്റെ ഭാര്യയെ രക്ഷിച്ച ഈ സഹായി സിനിമ കാണാൻ എത്തുക . എന്തായാലും ഫ്രീ ടിക്കറ്റ് ഓഫർ ചെയ്യണം . ഒരു കാര്യം ചെയ്യാം . എല്ലാ സിനിമാ കൊട്ടകയിലും ഒരു സീറ്റ് ഒഴിച്ചിട്ടേക്കാം. അതാവുമ്പോൾ എവിടെ വന്നാലും പ്രശ്നമില്ല .
കേട്ട പാതി കേൾക്കാത്ത പാതി തിരുവനന്തപുരം മൃഗശാലയിൽ കിടത്തിയിരുന്ന ഹനുമാൻ ഒറ്റ ചാട്ടമായിരുന്നു . അതേയ് പണ്ടത്തെ ലങ്കയിലേക്കുള്ള ചാട്ടം മൂപ്പർ മറന്നിട്ടൊന്നുമില്ല . അതേ പോലെ ഒറ്റ ചാട്ടമാണ് . സിനിമ കണ്ടിട്ട് തന്നെ കാര്യം . ശ്രീരാമനെ കണ്ടിട്ട് കാലം എത്ര ആയി .
ഹലോ വിഡ്ഢികളായ മൃഗശാലക്കാരെ . എന്നെ മരത്തിലും കൊമ്പിലും തിരഞ്ഞിട്ട് എന്ത് കാര്യം . എന്നെ പിടിക്കണമെങ്കിൽ സിനിമാശാലകളിലേക്ക് വരൂ . പക്ഷേ ഇനി എന്നെ കിട്ടാൻ ബുദ്ധിമുട്ടാണ് . അവിടെ ഭക്ത സഹസ്രങ്ങൾ എനിക്ക് ചുറ്റും കൈ കൂപ്പി കാവലുണ്ട് .
പടം കാണാൻ ആൾ കുറഞ്ഞുവെന്നോ വന്നവർ തന്നെ ഉറങ്ങി പോയി എന്നോ ഒക്കെ ദോഷൈക ദൃക്കുകൾ പറയും . കാര്യമാക്കണ്ട . സിനിമയിൽ പറഞ്ഞ പോലെ ആവട്ടെ ജയ് ശ്രീറാം ജയ് ഭജ്‌രംഗ് ബലി.
മസ്ഹർ
ക്രിസ്തുവിന്നോളം വലിയൊരു രാഷ്ട്രീയ രക്തസാക്ഷിത്വമുണ്ടോ!
“ഒരിടത്തവന്നുപേർ ചെഗ്‌വേര എന്നെങ്കിൽ
ഒരിടത്തവന്നു ഭഗത്‌സിംഗു പേർ
ഒരിടത്തവൻ യേശുദേവനെന്നാണു
വേറൊരിടത്തവന്നു മഹാഗാന്ധി പേർ
ആയിരം പേരാണവന്നു ചരിത്രത്തിൽ
ആയിരം നാവവനെക്കാലവും”
-മുരുകൻ കാട്ടാക്കട-
പൊളിറ്റിക്കൽ ക്രിസ്ത്യാനിറ്റി എന്ന ആശയത്തെ ഇത്രത്തോളം തകിടം മറിച്ചതും ലഘൂകരിച്ചതും സഭകളും പുരോഹിതരും കൂടി ചേർന്നാണ്. അതുകൊണ്ടാണ് തലശ്ശേരി ആർച്ച് ബിഷപ്പ് പാംപ്ലാനിയെ പോലുള്ളവർ ഇത്തരം അരാഷ്ടീയവാദങ്ങൾ എഴുന്നെള്ളിക്കുന്നത്. ഭൂമിയിൽ ‘ദൈവരാജ്യം’ അഥവാ ഹുകൂമത്തെ ഇലാഹി സ്ഥാപിക്കാനായി ഭൂജാതനായ യേശുക്രിസ്തുവിൻ്റേതാണ് ആദ്യത്തെ ഏറ്റവും ലക്ഷണമൊത്ത പൊളിറ്റിക്കൽ മരണം.
ബിബ്ലിക്കൽ വായനയിൽ കുരിശുമരണമെന്ന് നാം പറയുമ്പോഴും ആ മരണത്തിൻ്റെ അന്തസത്ത യഹൂദരുടെ കടുത്ത രാഷ്ട്രീയ വിരോധമായിരുന്നു.
രാജഭരണകൂടങ്ങളോട് സമരസപ്പെട്ട യൂറോകേന്ദ്രീകൃത സഭകൾക്ക് അധികാരത്തിൻ്റെ സുഖലോലുപതയും ഉച്ചിഷ്ടവും ചെങ്കോലിൻ്റെ തുമ്പ് പിടിക്കലും അതിന്റെ പരോക്ഷ നിയന്ത്രണവും മതിയായിരുന്നു. ‘ദൈവരാജ്യം’ എന്ന പൊളിറ്റിക്കൽ ടെർമിനോളജിയെ മയപ്പെടുത്തി പ്രഘോഷണങ്ങളിലൊതുക്കിയ സഭകളും പുരോഹിതരും നീണ്ട കുരിശുയുദ്ധ കാലങ്ങളിലെല്ലാം അധികാര കൊത്തളങ്ങളുടെ ആശ്രിതരോ അതിൻ്റെ ബെനിഫിഷറികളോ മാത്രമായി ചുരുങ്ങി. ഇന്ത്യയിലെത്തിയ സഭകളാകട്ടെ ബ്രിട്ടീഷ്/പോർച്ചുഗീസ് അധിനിവേശകരുടെ പാദവേകരായിരുന്നു താനും. ഇപ്പോഴിതാ സംഘ് പരിവാർ ഫാസിറ്റ് ഭരണകൂടത്തിൻ്റെ ഉച്ചിഷ്ടം കൊതിക്കുന്നതിലെത്തി നിൽക്കുന്നു. ക്രിസ്തുവിൻ്റെ പൊളിറ്റിക്കൽ പാരമ്പര്യത്തെ വായിച്ചെടുക്കാനാവാത്തതിനാൽ ആ ഗണത്തിൽ പെട്ട പാപ്ലാനി പിതാവ് രാഷ്ടീയ രക്തസാക്ഷിത്വത്തെ അപഹസിച്ചില്ലെങ്കിലേ അൽഭുതപ്പെടാവൂ.
യേശുക്രിസ്തുവിനെ ക്രൂശിച്ചത് താൻ ചെയ്ത ഏതെങ്കിലും തെറ്റുമൂലം ആയിരുന്നില്ല. “യഹൂദൻമാരുടെ രാജാവ്” എന്ന് താൻ അവകാശപ്പെട്ടു എന്നതായിരുന്നു യേശുവിനുമേൽ ആരോപിക്കപ്പെട്ട കുറ്റം. കുറ്റകാരണം ക്രൂശിൻമേൽ തൂക്കുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു, ‘ഇവൻ യഹൂദൻമാരുടെ രാജാവ്’ എന്നതായിരുന്നു യേശുവിന്റെ കുറ്റകാരണമായി രേഖപ്പെടുത്തിയിരുന്നത്. പഴയനിയമ പ്രവചന പ്രകാരം യഹൂദൻമാർ രാജാവായ മശിഹയെ പ്രതീക്ഷിക്കുന്നവരായിരുന്നു. വാഗ്ദത്ത മശിഹ(ക്രിസ്തു) വരികയും റോമാ സാമ്രാജ്യത്തിന്റെ അധികാരത്തിൻ കീഴിലായിരുന്ന യഹൂദരെ രക്ഷിച്ച് ഭൂമിയിൽ രാജ്യം സ്ഥാപിക്കുകയും സന്തോഷവും സമാധാനവും പുനഃസ്ഥാപിച്ചു കൊടുക്കുമെന്നും അവർ വിശ്വസിച്ചിരുന്നു.
യേശുക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യൻമാരിൽ ഒരുവൻ യൂദാ ആയിരുന്നു. യൂദയാണ് 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്തത്. യേശുക്രിസ്തുവിനോടൊപ്പം സഞ്ചരിക്കുകയും, താമസിക്കുകയും ചെയ്തുകൊണ്ടിരുന്ന യൂദാ ഒടുവിൽ ഒറ്റിക്കൊടുക്കലിന് ശേഷം തകർന്ന ഹൃദയത്തോടെ പറഞ്ഞു – “ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തതിനാൽ പാപം ചെയ്തു. യേശുക്രിസ്തുവിനെ യെഹൂദൻമാരുടെ സാന്നിദ്ധ്യത്തിൽ വിസ്തരിച്ച പീലാത്തോസ്, വെള്ളം എടുത്ത് പുരുഷാരം കാൺകെ കൈകഴുകി, “ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല, നിങ്ങൾ തന്നെ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു” അവനെ ക്രൂശിയ്ക്ക, ക്രൂശിയ്ക്ക എന്ന് അലറിവിളിക്കുന്ന പുരുഷ മഹാസമുദ്രത്തിന്റെ നടുവിൽ നിന്നാണ് ഈ പ്രഖ്യാപനം പീലാത്തോസ് നടത്തിയത്. രക്തസാക്ഷികളെ കുറിച്ച് പറയുമ്പോഴെല്ലാം ഒറ്റുകൊടുത്ത യൂദായും കൈകഴുകിയ പീലാത്തോസും ചരിത്രത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കും.