പി.ടി. കുഞ്ഞാലി
ബാല്യകാലകൗതുകങ്ങളിൽ ഏറ്റവും പൊലിവാർന്നു നിൽക്കുന്നത് കവല മുക്കുകളിൽ ചെന്ന് മധുരം മേടിക്കുന്നതാണ്. അന്നന്നത്തെ കൊറ്റിന് അനാതികൾ സമാഹരിക്കാൻ പോകുന്ന സഹോദരിയുടെ കൂടെ ശാഠ്യപ്പെട്ട് കവലമുക്കുകളിലേക്ക് പോകും. മഹാനഗരികളിലെ നെടുങ്കൻ മാളുകളിൽ എത്തുന്നതിനേക്കാൾ അനുഭൂതി സാന്ദ്രിമയുണ്ടായിരുന്നു അന്നാ അങ്ങാടി ലോകങ്ങൾക്ക്. അങ്ങിനെയുള്ള അപൂർവ്വ സഞ്ചാരത്തിൽ എപ്പോഴോ ആകാം അന്നത്തെ വിസ്താരമാർന്ന അനാതി ക്കടയും അവിടുത്തെ വിസ്മയങ്ങളും കണ്ടത്. അതിൽ ഏറ്റവും ഹൃദ്യം അവിടെ അരുമയിൽ തിരിയുന്ന ഒരു കുഞ്ഞു പങ്കയാണ്. അതിൽ നിന്നും നൃത്തം ചെയ്തിറങ്ങുന്ന രജനീഗന്ധിയുടെ നേർത്ത പരിമളം. വടിവാർന്ന ശിഖരസമുച്ചയത്തിൽ നിന്നൊഴുകുന്ന മാരുത നടനം. ഉയരെ നിഗൂഢതയിലെവിടെയോ നിന്ന് സ്വനഗ്രാഹിയിൽ നിന്നും ഉറന്നെത്തുന്ന സംഗീത വീചികളുടെ സ്വരരാഗമാലിക. അത്യന്തം അഭിജാതമായെരു വൈബിൽ കടമുറിക്കകത്ത് ഝടുതിയിൽ മണ്ടി നടക്കുന്ന ഒരു ആരബ്ധയൗവനവും. ചടച്ചൊരു കൊലുന്നുരൂപം. ഇസ്തിരിവെച്ച് ഒതുക്കിയ ചന്ദന നിറത്തിലെ അംബിക കുപ്പായം .ശുഭ്രത വിളങ്ങുന്ന ഇരട്ട മുണ്ട്. അതിനകത്ത് നിന്നും അടിയുടുപ്പുകളുടെ നേർത്ത നിഴൽരാജി. ഇങ്ങനെയൊരു വസ്ത്ര സമ്പൂർത്തി അക്കാലത്ത് ഒരു അപൂർവതയാണ്. എല്ലിച്ച് മുന്നോട്ട് കൂർത്ത ആ മുഖസൗഷ്ടവത്തിൽ ഒരേ വളർച്ചയിൽ സ്തംഭിച്ചു നിൽക്കുന്ന മുഖശ്മശ്രുക്കൾ. ചുണ്ടുകളിൽ വെളുത്ത സിഗാർ ബീഡിയുടെ പുകച്ചുരുളുകൾ. അതയാളിലെ എഞ്ചുവടി വൈഭവങ്ങൾക്ക് എപ്പോഴുമൊരു ത്രിപുടതാളമിട്ടു.
തേക്കിലകളിലും ദിനപത്ര ചീളുകളിലുമായി ഇയാൾ ആവശ്യക്കാരുടെ വട്ടികളിലേക്കും കുട്ടകളിലേക്കും പൊതികൾ വായുവിൽ നിന്ന് വിഭൂതി പോലെ എറിഞ്ഞു കൊണ്ടിരുന്നു. ഒരു ഇന്ദ്രജാലക്കാരൻ്റെ കയ്യടക്കത്തോടെ പൊതി വൈവിധ്യങ്ങളുടെ ചാരു സമ്പൂർത്തി. ഇയാൾക്ക് വിശ്രമമില്ല .കടമുറിയുടെ നീളമാത്രകളിൽ ഇയാൾ നിരന്തരം ഓടിക്കൊണ്ടിരുന്നു. ഈ ഓട്ടത്തിന്റെ ആവേഗമാകാം ദേഹ രൂപത്തിൽ നേർത്തൊരു ധനുസു കെട്ടിയത്. അഭിജാതമായിരുന്നു ആ കരവേഗവും, ചടുലതാളവും, സങ്കലന വ്യവകലനങ്ങളുടെ മയൂഖ നൃത്തങ്ങളും. ഇയാൾ ആര്. നാലോ അഞ്ചോ വയസ്സിന്റെ ഓർമ്മ രാശികൾ ഇങ്ങനെയൊക്കെ ആകാം.
ഒന്നാന്തരത്തിൽ പഠിപ്പിന് ചേർന്നപ്പോൾ ക്ലാസധ്യാപകൻ മാമ്പേക്കാട് കോയസ്സൻ മാഷ്. ഇടയ്ക്കിടയ്ക്ക് കച്ചവട പീടികയിൽ നിന്ന് ഇയാൾ സ്കൂളിൽ വന്ന് കോയസ്സൻ മാഷോട് കുശലം പറയും. ക്ലാസിലെ ഒരു കുട്ടിയെ അരുമയോടെ താലോലിക്കും. ഇത് അയാളുടെ മകൻ. എന്നോടൊപ്പം ഒന്നാം ക്ലാസിൽ അവനുണ്ട്. അപ്പോഴും മനസ്സിൽ തോന്നി ആരാണിയാൾ. പതിയെ ഞാൻ പേരും കുലവും കൃത്യപ്പെടുത്തി. പൂളക്കണ്ടി ഉണ്ണി മോയി. ഇതെന്തൊരു പേര് .എൻ്റെ പേര് പോലെ ചേല് കുറഞ്ഞൊരു പേരും ഉൽപ്പവും. ഇതൊരു അറബി പേരല്ല. ശുദ്ധ മലയാളവുമല്ല. ഉണ്ണിയും പിന്നെ മോയിയും. ഉണ്ണിയും, കുട്ടിയും, കുഞ്ഞിയുമൊക്കെ തനി കേരളിയമാണ്. അത് മത, ജാതി, ലിംഗ വേർതിരിവില്ലാതെ സർവ്വനാമം പോലെ ഒപ്പം ചേർത്തും ചേർക്കാതെയും ആളുകൾ ഉപയോഗിക്കുന്നു. മോയി സ്വാഭാവികമായും മുഴീൻ്റെ മലയാളമാകാം . പേരിലെ ഈ കൗതുകം ഒരു അന്വേഷണാനന്തര ബോധ്യമായി കാലങ്ങളോളം ഒപ്പം നിന്നു. ഈ ഗ്രാമത്തിൽ നാലഞ്ചു ഉണ്ണി മോയിയും മൂന്നു വെറും മോയിയും ഒരു മോയിണ്ണിയുമുണ്ട്. ഇന്നിത്തരം പേരുകൾ സർവത്ര അന്യം നിന്നുപോയി. എനിക്ക് ശേഷം ഈ പേരും അദൃശ്യമാകും.
വെടിപ്പിൽ വസ്ത്രാലങ്കാരം ചെയ്തു വിടർന്ന ചിരിയും വിനമ്ര ഗൗരവവും മാറിമാറി പൂക്കുന്ന ഇയാൾ സ്ഫുടമധുരമായി വർത്തമാനം പറയുന്നു. അതും കടുകു വറുക്കുന്ന വേഗതയിൽ. എത്ര വർഷങ്ങൾ എത്രയെത്ര ഋതു സംക്രമണങ്ങൾ. ഉണ്ണിമോയി എന്നും കച്ചവടക്കാരൻ.അനാതിയും ജൗളിയും മാറിമാറി തട്ടകമാക്കിയ ഒരാൾ.
ബാല്യവും കൗമാരവും പിന്നിട്ട് പഠിപ്പും പാസും തിരഞ്ഞ് നാടാകെ സഞ്ചരിക്കുമ്പോഴും ഉണ്ണിമോയി അങ്ങാടിയിലെ മികച്ച വർത്തകൻ. അപ്പോഴും അയാൾ എൻ്റെ നോട്ടത്തിലുണ്ട്. അപ്പോഴേക്ക് സഹപാഠിയായ മകനിലൂടെ ഞാനാ വീട്ടിലേക്ക് തന്നെ പ്രവേശിച്ചു കഴിഞ്ഞിരുന്നു. അര നൂറ്റാണ്ടിലേക്ക് വളർന്നു നിന്ന ആത്മസൗഹൃദം. മുഖത്തെ പുത്തൻ ചുളിവുകളിലൂടെ ഇയാളിലെ യൗവനത്തിന്റെ വെയിൽ പുള്ളികൾ മാഞ്ഞു തീരുന്നത് ഞാൻ പതിയെ കണ്ടുനിന്നു. ത്തുറിഞ്ഞു തുടങ്ങിയ കാലം തൊട്ടേ ചേന്നമംഗല്ലൂർ ദേശക്കവലയിലെ ഈ വാർത്തകൻ എൻ്റെ നോട്ടപ്പാടിലുണ്ട്. പതിയേ തിരിച്ചറിഞ്ഞുതുടങ്ങി ഇയാൾ വെറുമൊരു അനാതിക്കച്ചവടക്കാരൻ മാത്രമല്ലെന്ന് .അത് അയാളുടെ അന്നപൂർത്തി ക്കുള്ള ഒരു പിടയൽ മാത്രം. അതിനപ്പുറത്തേക്ക് നീൾച്ചയാകുന്ന നിരവധി നിയോഗങ്ങളിലേക്ക് ആ കുശല ജീവിതം നിർഭരമാണെന്ന്.
അമ്പതുകളോടെ ചേന്നമംഗല്ലൂർ അംശം ഏറ്റെടുത്ത നവോത്ഥാന ത്യാഗങ്ങളിൽ ഉണ്ണിമോയിയുടെ ഭ്രാതാക്കളായ അഹമ്മദ് കുട്ടിയും കുഞ്ഞാലൻകുട്ടിയും സജീവമായി. ആ നവോത്ഥാന പുളകങ്ങളോട് സല്ലപിക്കാൻ ഉത്സാഹിച്ച കൗമാര കൂട്ടങ്ങളിൽ ഉണ്ണിമോയിയും ഉണ്ടായിരുന്നു. വളരെ ശീഘ്രത്തിൽ തന്നെ തന്റെ സഹോദരങ്ങളേ ഒന്നും കാത്തിരിക്കാതെ നവോത്ഥാന പ്രസ്ഥാനത്തിൻ്റെ ആന്തര ഘടനയിൽ സ്വയം പ്രവേശിച്ചു. പിന്നീട് ദീർഘതയാർന്ന നിരവധി വൽസരങ്ങൾ നിസ്തന്ദ്രമായ പ്രസ്ഥാന ജീവിതം. ഏതു സ്ഥിതിയിലും ഗതിയിലും ഉള്ളും ഉടലും പകർന്ന് പ്രസ്ഥാനത്തോടൊപ്പം ഒപ്പം നിന്നു. കാലം കാത്തു വെച്ച സർവ്വ ക്ഷോഭ സ്തോഭങ്ങളും ധീരമായി ഏറ്റെടുത്തു.
ജീവിത മാസകലം അനിഭൃതമായി അനുസഞ്ചാരം ചെയ്തു. പ്രസ്ഥാനത്തോട് അയാൾക്കുള്ളത് ജന്മ ദീർഘമായ ആത്മബന്ധമായിരുന്നു. തന്നെ ചൂഴ്ന്നു നിന്ന കാലുഷ്യങ്ങളുടെ സമുദ്ര സീൽക്കാരങ്ങൾക്ക് നടുവിലും അയാൾ തന്റെ പ്രസ്ഥാനത്തെ പ്രസന്നതയോടെ പുണർന്നുനിന്നു . പൊന്നു തൂക്കുന്ന കൃത്യതയോടെ. അസാമാന്യമായ ക്ഷമയോടെയും സ്ഥിതപ്രജ്ഞയോടെയും. ഇസ്ലാമിക പ്രസ്ഥാനത്തിൻ്റെ നാനാതരം ചുമതലകൾ, ഇസ്ലാഹിയ സ്ഥാപനങ്ങളുടെ നടത്തിപ്പ് സംരംഭങ്ങൾ ,മഹല്ലും പള്ളി സന്നാഹങ്ങളും. പ്രഭാതത്തിലേ ആരംഭിക്കുന്ന ചുമതലാഭാരങ്ങൾ പാതിരാത്രിയിലും അതേ സ്ഥായിത്വത്തോടെ അവിരാമമായി. എപ്പോഴും അയാൾ തൃപ്തനായിരുന്നു. ജീവിതം ഇത്രയേറെ തുഷ്ടിയോടെ തോളിൽ കയ്യിട്ട് മറ്റൊരാളോടൊപ്പവും നടന്നിട്ടുണ്ടാവില്ല. പ്രതിസന്ധികളുടെ കൂവാരം നീന്തിക്കയറുമ്പോഴും നിതാന്തമായൊരു ശമം അവസാനം വരെ അയാളിൽ വിശ്രാന്തിയായി. വാർഷിക തീർത്ഥാടനം കഴിഞ്ഞെത്തുന്നവരൊക്കെയും ഹാജിയാവുന്ന കാലം പോയി. തീർത്ഥയാത്രകൾ അത്രക്ക് സാധാരണമായത് കൊണ്ടാവാമത്. ഉണ്ണിമോയിയാവും ഗ്രാമത്തിലെ അവസാനത്തെ ഹാജി. ശേഷം ഇവിടെ ഒരു ഹാജിയും ഹാജിയായിട്ടില്ല. ആദരവോടെയാണ് ആ ജീവിതം നോക്കിനിന്നത്. രോഗാതുരത മാത്രമാണ് സാമൂഹ്യ ജീവിതത്തിൽ നിന്നും അദ്ദേഹത്തെ തുരത്തി മണ്ടിച്ചത്. ജീവിച്ചിരിക്കുമ്പോൾ തന്നെ കാലഹരണപ്പെടുന്നത് ഏത് സാമാന്യ ജീവിതത്തിനും വന്ന ചേരാവുന്ന തോൽവിയാണ്. ഒടുവിൽ വിസ്മൃതിയുടെ കൊടും വിപിനത്തിലേക്ക് നിർഭയമായ ഒരു മടക്കവും. ജീവിതമേ സ്വസ്തി.
1985 മുതൽ ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ബോർഡിൽ അംഗമായ അദ്ദേഹം ഷാബാനു കേസിലെ വ്യക്തിനിയമ ബോർഡ് ആക്ഷൻ കമ്മിറ്റി കൺവീനർ ആയി. രണ്ട് പതിറ്റാണ്ടുകാലം ബാബരി മസ്ജിദിനുവേണ്ടി നിയമപോരാട്ടം നടത്തിയ,അദ്ദേഹത്തിന്റെ മുൻ കൈയോടെ യു പി യിൽ നിലവിൽ വന്ന ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റിയാണ് പിന്നീട് ദേശീയ തലത്തിലുള്ള വേദിയായി മാറുകയും ഓൾ ഇന്ത്യ ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തത്.
സുന്നി സെൻട്രൽ വഖഫ് ബോർഡിന്റെ ദേശീയ കൺവീനറും മുതിർന്ന അഭിഭാഷകനും ആയിരുന്നു. പൗരത്വ പ്രക്ഷോഭങ്ങളിലടക്കം നീതിയോടൊപ്പം നിന്ന സഫർയാബ് ജീലാനി ബാബരി മസ്ജിദ് കേസിൽ നീതിക്ക് വേണ്ടി സംസാരിക്കാനും ഒത്തുതീർപ്പടക്കമുള്ള സാധ്യതകൾ വന്നപ്പോഴും അന്തിമം വരെ പോരാടുമെന്നും ബാബരി മസ്ജിദ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും പ്രഖ്യാപിച്ചതാണ്. ഒടുവിൽ സുപ്രീംകോടതി വിധി വന്നപ്പോഴും അഞ്ചേക്കറ് ഭൂമി സ്വീകരിക്കില്ലെന്ന് പറഞ്ഞു സമുദായത്തിന്റെ ആത്മാഭിമാനം ഉയർത്തിപിടിച്ച മനുഷ്യൻ.
ഡോ. പുത്തുർ റഹ്മാൻ
ദക്ഷിണേന്ത്യയിൽ നിന്ന് പെയ്യുന്നത് കോൺഗ്രസ്സിന്റെ കർണാടിക് ‘RaGa’! ദേശീയ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ മണിമുഴക്കം കർണാടകയിൽ നിന്ന് തുടങ്ങി എന്നതാണ് കർണാടക തിരഞ്ഞെടുപ്പ് ഫലം തരുന്ന പ്രതീക്ഷ.
ജനാധിപത്യം ജയിക്കുന്നു എന്നത് ഇന്നത്തെ ഇന്ത്യക്കാകെ പ്രതീക്ഷ നൽകുന്നു. നാലു ശതമാനം മുസ്ലിം സംവരണം എടുത്തു മറ്റു രണ്ടു സമുദായങ്ങൾക്ക് ഈരണ്ട് വീതം ശതമാനം നൽകി കടുത്ത വർഗീയത പയറ്റിയ ബി.ജെ.പിയെ കോൺഗ്രസ് തോല്പിച്ചിരിക്കുന്നു. മതേതരത്വ ഇന്ത്യ വീണ്ടും ഉയർന്നെഴുന്നേൽക്കുന്നു.
മോദിയെ വെല്ലാൻ ഇന്ത്യാ രാജ്യത്തു തന്റേടമുള്ളവരുണ്ടെന്ന് രാഹുൽഗാന്ധി തെളിയിക്കുന്നു. കോൺഗ്രസ് വിജയത്തിന്റെ മുഖ്യ സൂത്രധാരൻ ഡി.കെ ശിവകുമാറിനും ടീമിനും അഭിനന്ദനങ്ങൾ.
എമില്‍ ബിഎസ് എഴുതുന്നു
തൊഴില്‍ സമയം 8 മണിക്കൂറാക്കി നിയമ നിര്‍മ്മാണം നടത്തണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് 1886ല്‍ മെയ് ഒന്നിന് അമേരിക്കയിലെയും ചിക്കാഗോയിലെയും മറ്റു നഗരങ്ങളിലുമായി 13000 സ്ഥാപനങ്ങളില്‍ നിന്നുള്ള 3 ലക്ഷം തൊഴിലാളികള്‍ ലോകം കണ്ട എക്കാലത്തെയും മഹത്തരമായ പണിമുടക്ക് നടത്തി. സൂര്യന്‍ അസ്തമിക്കുമ്പോള്‍ മെയ് ഒന്ന് സമാധാനപരമായി കടന്നുപോയി. മെയ് മൂന്നിന് മെക് കോര്‍മിക്ക് റീപ്പര്‍ വര്‍ക്ക്സില്‍ പണിമുടക്കിയ തൊഴിലാളികള്‍ക്കുനേരേ പോലീസ് വെടിയുണ്ടകളുതിര്‍ത്തു. തൊഴിലാളികള്‍ മരണമടയുകയും നിരവധി പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. പോലീസിന്റെ തേര്‍വാഴ്ചയില്‍ പ്രതിഷേധിച്ചുകൊണ്ട് മെയ് നാലിന് ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ തൊഴിലാളികളുടെ ഒരു മീറ്റീങ്് സംഘടിപ്പിച്ചു. രാത്രി പത്ത് മണിയോടെ മഴക്കാറുകള്‍ പ്രത്യക്ഷ്യപ്പെട്ടുതുടങ്ങിയപ്പോള്‍ ഒത്തുകൂടിയിരുന്ന കേള്‍വിക്കാര്‍ പിരിഞ്ഞുപോകാന്‍ തുടങ്ങിയിരുന്നു. ഒരു വാഗണ്‍ പിടിച്ചുകെട്ടിയുണ്ടാക്കിയ വേദിയില്‍ സാമുവല്‍ ഫീല്‍ഡന്‍ പ്രസംഗിക്കുകയായിരുന്നു. പോലീസ് മേധാവി ബോണ്‍ ഫീല്‍ഡും ക്യാപ്റ്റന്‍ വാര്‍ഡും വമ്പന്‍ പോലീസ് സന്നാഹവുമായി അവിടെയെത്തി. ”ഈ സമയത്ത് ശ്രോതാക്കളുടെ തലയ്ക്കു മുകളിലൂടെ എന്തോ ഒന്ന് പാഞ്ഞുചെന്ന് പോലീസുകാര്‍ക്കിടയില്‍ പതിക്കുകയും പരിസരത്തെ വിറപ്പിച്ചുകൊണ്ട് ഭയാനകമായ ശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. പോലീസിന്റെ രണ്ടാം നിരയ്ക്കും മൂന്നാം നിരയ്ക്കും ഇടയിലാണ് ബോംബ് വീണത്. പോലീസ് ഓഫീസര്‍മാരില്‍ പലര്‍ക്കും പരിക്കു പറ്റി. നിമിഷനേരത്തേക്ക് അവിടം വിറങ്ങലിച്ചതുപോലെ നിശ്ചലമായി. അതിനുശേഷം പോലീസുകാര്‍ ജനക്കൂട്ടത്തിനുനേരെ തുരുതുരാ വെടി വയ്പാരംഭിച്ചു. അനേകം മിനിട്ടുകള്‍ വെടിവെപ്പ് തുടര്‍ന്നു. ജനക്കൂട്ടം പല ദിശകളിലേക്കും ചിതറിയോടി. റോഡിലൂടെയും ഇടവഴികളിലൂടെയും ഓടിയ അവരെ പിന്‍തുടര്‍ന്നുകൊണ്ട് കുപിതരായ പോലീസുകാരും …വെടിവെയ്പ് അവസാനിച്ചപ്പോള്‍ തൊഴിലാളികളുടെയും സിവിലിയന്‍മാരുടെയും പോലീസുകാരുടെയും ജഡങ്ങള്‍കൊണ്ട് നിരത്ത് നിറഞ്ഞു. അഞ്ച് നിമിഷത്തിനുള്ളില്‍ അവസാനിച്ച ഹേ മാര്‍ക്കറ്റ് കലാപത്തില്‍ ഏഴ് പോലീസുകാര്‍ക്കും എണ്ണി തിട്ടപ്പെടുത്തിയിട്ടില്ലാത്ത സാധാരണ പൗരന്‍മാര്‍ക്കും മാരകമായി പരിക്കേറ്റു.” ( ഹേ മാര്‍ക്കറ്റ് ട്രാജഡി – പോള്‍ ആവ്റിച്ച്).
137 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ എവിടെയാണ് തൊഴിലാളികള്‍ക്ക് സംരക്ഷണമുള്ളത്. സ്ഥിരം തൊഴിലില്ല, 8 മണിക്കൂര്‍ തൊഴില്‍ എന്ന സങ്കല്‍പ്പംപോലുമില്ല. ചിക്കാഗോ തെരുവീഥികളില്‍ തൊഴിലാളികള്‍ ജീവന്‍ നല്‍കി സ്ഥാപിച്ചെടുത്ത തൊഴിലവകാശങ്ങള്‍ ഇന്ന് നിരവധി നിയമഭേദഗതികളിലൂടെ കവര്‍ന്നെടുക്കപ്പെടുകയാണ്. തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ 44 തൊഴില്‍ നിയമങ്ങളെ കോഡ് ഓഫ് വേജസ് ആക്ട്, സോഷ്യല്‍ സെക്യൂരിറ്റി കോഡ്, ഒക്ക്യുപ്പേഷന്‍ സെഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിങ്് കണ്ടീഷന്‍സ് കോഡ്, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് തുടങ്ങി 4 ലേബര്‍ കോഡുകളാക്കി തൊഴിലവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്നു. മറ്റേത് സംസ്ഥാനങ്ങളെക്കാളും അതിവേഗത്തില്‍ കേരളത്തില്‍ ഇവയെല്ലാം നടപ്പിലാക്കുകയാണ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും സംഘടിക്കാനും സമരം ചെയ്യാനുമുള്ള ഒരു തൊഴിലാളിയുടെ അടിസ്ഥാന അവകാശങ്ങളാണ് ഇവ്വിധത്തില്‍ ചങ്ങലയ്ക്കിടുന്നത്.
8 മണിക്കൂര്‍ തൊഴില്‍, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമം എന്ന കാഴ്ചപ്പാട് ബാധകമല്ലാത്ത തൊഴിലാളികള്‍ ഇന്ന് നമ്മള്‍ക്കിടയിലുണ്ട്. എടുക്കുന്ന പണിക്ക് മാന്യമായ ശമ്പളം കിട്ടാത്ത ആശാ വര്‍ക്കര്‍മാരെപ്പോലെ നിരവധി തൊഴിലാളികളുണ്ട് കേരളത്തില്‍. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ആക്കി കെഎസ്ആര്‍ടിസി തൊഴിലാളിയുടെ അദ്ധ്വാനത്തെ പിഴിഞ്ഞൂറ്റുന്ന തൊഴിലാളി വിരുദ്ധ സര്‍ക്കാരായി കേരളത്തിലെ ഇടത് സര്‍ക്കാര്‍ മാറിയെന്നതാണ് ഇക്കാലത്തിന്റെ ഏറ്റവും വലിയ ദുര്യോഗം. ഇന്ത്യയിലെ തൊഴിലാളികളുടെ പണിയെടുക്കുന്നവന്റെ സംഘടനയെന്ന് അവകാശപ്പെടുന്ന സിഐടിയു ഒരക്ഷരം പോലം ഇതിനപ്പറ്റി മിണ്ടിയിട്ടില്ല. മാത്രമല്ല ‘KSRTC യെ നഷ്ടത്തിലാക്കിയത് കണ്ണ്‌പൊട്ടനും മുടന്തനും നല്‍കിയ യാത്രാ സൗജന്യം ‘ എന്ന് പുലമ്പിയ CITU വിന്റെ വന്‍ മരങ്ങളെയും നാം ഇക്കാലത്ത് കണ്ടു.
1961ലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ടില്‍ പറയുന്ന ചട്ടങ്ങളെ ലംഘിച്ചാണ് സമയമാറ്റം നടപ്പിലാക്കുന്നത്. ‘ ശമ്പള രഹിത സേവനം 44-ാം ദിവസം’ എന്നൊരു ബാഡ്ജ് ധരിച്ച വനിതാകണ്ടക്ടറെ സ്ഥലം മാറ്റിയാണ് തൊഴിലാളികളുടെ സര്‍ക്കാര്‍ മാതൃക കാണിച്ചത്. കുട്ടികള്‍ക്ക് നല്ല ഉടുപ്പ് വാങ്ങാനാകാതെ, പുസ്തകങ്ങള്‍ വാങ്ങാനാകാതെ, മാതാപിതാക്കള്‍ക്ക് മരുന്ന് മേടിക്കാന്‍ കഴിയാതെ ശമ്പളമില്ലാതെ പണിയെടുക്കാനായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പരക്കം പായുകയാണ്.
കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരല്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഡ്യൂട്ടി സമ്പ്രദായമാണ് കെഎസ്ആര്‍ടിസി ഇപ്പോഴും പിന്തുടരുന്നത്, കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പുകള്‍ കാലഹരണപ്പെട്ടു, പുതിയ പരിഷ്‌കാരങ്ങള്‍ സ്വീകരിക്കുന്നതിനെതിരെ തൊഴിലാളികള്‍ നിലപാടെടുക്കുന്നു തുടങ്ങി നിരവധി കാര്യങ്ങളാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. വിദ്യാര്‍ഥികളുടെ പൊരുതിനേടിയ കണ്‍സഷന്‍ എന്ന അവകാശത്തെപ്പോലും കെഎസ്ആര്‍ടിസിയുടെ നഷ്ടക്കണക്കിന്റെ പേരില്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. പ്രായത്തിന്റെയും സാമ്പത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ തരംതിരിച്ച് കണ്‍സഷന്‍ ഇല്ലാതാക്കാന്‍ നീക്കം ആരംഭിച്ചും കഴിഞ്ഞു.
കുറ്റമെല്ലാം കെഎസ്ആര്‍ടിസിയുടേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ എസ്എഫ്ഐയും ഡിവൈഎഫ്ഐയുമൊക്കെ ഡിപ്പോ മാര്‍ച്ചുകള്‍ സംഘടിപ്പിച്ച് സര്‍ക്കാരിനെ കുറ്റവിമുക്തമാക്കാനുള്ള ശ്രമത്തിലാണ്.
ആര്‍ടിസി ആക്ട് 1950 അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിയുടെ എല്ലാ നിയന്ത്രണവും സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഡയറക്ടര്‍ ബോര്‍ഡിനെയും സിഎംഡിയെയും നിയമിക്കുന്നതും ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതും സര്‍ക്കാരാണ്. ട്രാന്‍സ്പോര്‍ട്ട് വകുപ്പും അതിന്റെ മന്ത്രിയും സ്ഥാപനത്തിന്റെ ദൈനംദിന കാര്യങ്ങളില്‍വരെ ഇടപെടുന്നുമുണ്ട്. തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാനുള്ള ബാദ്ധ്യതയില്‍ നിന്നുമാത്രം എങ്ങനെ കൈമലര്‍ത്താനാകും.
കെഎസ്ആര്‍ടിസിയില്‍ 2016ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ കയറുമ്പോള്‍ 36000ത്തിലധികം സ്ഥിര ജീവനക്കാരാണുണ്ടായിരുന്നത്. നിലവില്‍ 26000ത്തിനടുത്ത് സ്ഥിരം ജീവനക്കാരായി കുറഞ്ഞു. എന്നാല്‍ 2016ന് ശേഷം പിഎസ്സി വഴി ഡ്രൈവര്‍ കണ്ടക്ടര്‍ തസ്തികകളില്‍ ഒരു നിയമനം പോലും ഇതുവരെ നടത്തിയിട്ടില്ല. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ മറവില്‍ സ്ഥിരനിയമനവും ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ ഇല്ലാതാക്കി. കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ ശക്തമായി എതിര്‍ക്കേണ്ട ഇടതുപക്ഷ സര്‍ക്കാര്‍ മറ്റേത് സംസ്ഥാനക്കാളും വേഗതയില്‍ കേരളത്തില്‍ നടപ്പിലാക്കുകയാണ്. കെഎസ്ആര്‍ടിസി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പുതിയൊരു സംരംഭവും തുടങ്ങിയിട്ടുണ്ട് – കെ-സ്വിഫ്റ്റ്. ഫിക്സഡ്് ടേം എംപ്ലോയിമെന്റും ദിവസക്കൂലി 715 രൂപയും അതാണ് കെ-സ്വിഫ്റ്റിന്റെ പ്രത്യേകത. ഒരു കമ്പനിയോ എന്റര്‍പ്രൈസോ ഒരു നിശ്ചിത സമയത്തേക്ക് ഒരു ജീവനക്കാരനെ നിയമിക്കുന്ന ഒരു കരാറാണ് ഫിക്സഡ് ടേം തൊഴില്‍. കെ-സ്വിഫ്റ്റില്‍ ഇപ്പോള്‍ 1000ത്തിലധികം കരാര്‍ തൊഴിലാളികളാണുള്ളത്. പൊതുജനങ്ങളുടെ പണത്തിന്റെമേല്‍ കെട്ടിപ്പൊക്കിയ കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്നതുകാണുമ്പോള്‍ ബിപിസിഎലും ഇന്ത്യന്‍ റെയില്‍വെയും തുടങ്ങി നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്ന മോദി ഗവണ്‍മെന്റിനെത്തന്നെയാണ് ഇവിടെയും കാണാന്‍ സാധിക്കുന്നത്. കമ്മ്യൂണിസം എന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ ആശയത്തെ മറയാക്കി ചെന്നായ്ക്കളപ്പോലെ തൊഴിലാളികളെ വേട്ടയാടുന്നതാണ് കാണുന്നത്.
മെയ് ദിന റാലികളും കവല പ്രസംഗങ്ങും യോഗങ്ങളും ബാന്റ് മേളങ്ങളുംകൊണ്ട് മറ്റൊരു മെയ്ദിനം കൂടി കടന്നുപോകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തൊഴിലാളിക്ക് അവന്റെ ജീവിതത്തില്‍ ദുരിതമല്ലാതെ മറ്റൊരു ആഘോഷവുമില്ലാതായി. മഹത്തായ മെയ് ദിനത്തിന്റെ സന്ദേശം നാടിനെത്തട്ടിയുണര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. തൊഴിലാളി വിരുദ്ധതയും ചൂഷണങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. തൊഴിലവകാശങ്ങള്‍ നേടിയെടുത്ത് മേയ് ദിനം ചരിത്രം സൃഷ്ടിച്ചു.
നേടിയെടുത്ത അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന അധികാരികള്‍ക്കെതിരെ പുതിയ ചരിത്രം നാം സൃഷ്ടിക്കുമെന്ന പ്രതിജ്ഞയുടെ ദിനം കൂടിയാണ് മെയ് ഒന്ന്. ആഘോഷം എന്നതിലുപരി അധ്വാനം മാത്രം കൈമുതലായുള്ള തൊഴിലാളിക്ക് ഒരു ഓര്‍മപ്പെടുത്തലാണ് മെയ് ഒന്ന്. ലംഘിക്കപ്പെടുന്ന നിരവധി അവകാശങ്ങളെ പറ്റിയുളള, അവകാശ സമരങ്ങളുടെ ചരിത്രത്തെ കുറിച്ചുള്ള ഓര്‍മപെടുത്തല്‍.
അഹ്‌മദ് ശരീഫ് പി
ഇന്ത്യന്‍ ജനതയുടെ അവസാന പ്രതീക്ഷയായ ജുഡീഷ്യറി പലപ്പോഴായി പ്രത്യക്ഷത്തില്‍ തന്നെ സംഘപരിവാര്‍ താല്പര്യങ്ങള്‍ക്ക് കുട ചൂടി കൊടുക്കാറുണ്ട് . കേരള സ്റ്റോറിക്കെതിരെ ഹര്‍ജികള്‍ വന്നപ്പോള്‍ മുതല്‍ മുട്ടുന്യായങ്ങള്‍ പറഞ്ഞു തള്ളിക്കളഞ്ഞ, ഹരജികള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച കോടതികള്‍ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിച്ചു ഒടുവില്‍ കണ്ടെത്തിയിരിക്കുന്നു . ഇതൊരു ചരിത്ര സിനിമ അല്ലല്ലോ എന്ന് .
എങ്കില്‍ പിന്നെ based on a true story എന്ന് തുടക്കത്തിലേ എഴുതി കാണിക്കുന്നതോ . ഇത് സാങ്കല്‍പ്പിക കഥയല്ല . കേരളത്തിനെ അപമാനിക്കുന്നതാണ് . കേരളത്തിലെ പെണ്‍കുട്ടികളെ കരിവാരി തേക്കുന്നതാണ് . കേരളത്തിലെ പെണ്‍കുട്ടികള്‍ ഭീകര പ്രവര്‍ത്തനത്തിന് പോകുന്നു എന്ന് വ്യാജ പ്രചരണം നടത്തുന്നതാണ് .
കാശ് മുടക്കി അധ്വാനിച്ചു ഉണ്ടാക്കിയതല്ലേ എന്ന് . അപ്പോള്‍ കാശ് മുടക്കി എന്തും ഉണ്ടാക്കാം , ആരുടെ വീട്ടുമുറ്റത്തും മലവിസര്‍ജനം നടത്താം അല്ലേ. കേരളത്തിലെ മതേതര സമൂഹം ഇത് തള്ളിക്കളയും എന്നല്ല കോടതി പറഞ്ഞത് . ഇത് ഇരു കൈയും നീട്ടി സ്വീകരിക്കും എന്നാണ് . അതെ സംഘി ഭാഷ തന്നെ . വിധി വൈപരീത്യം എന്നല്ലാതെ എന്ത് പറയാന്‍ .
അഹ്‌മദ് ശരീഫ് പി
ഇനി എല്ലാവര്‍ക്കും ഒന്ന് മിണ്ടാതിരിക്കാലോ. ചാനലുകള്‍ക്ക് ലൈവ് ചെയ്യാന്‍ വേറെ വിഷയം നോക്കി പോകാം . സര്‍വോപരി ഗതാഗത മന്ത്രി ശശീന്ദ്രന് ഒന്ന് പോയി സമാധാനത്തോടെ കിടന്നുറങ്ങാം . ഹോ എന്തൊക്കെയായിരുന്നു . മനുഷ്യര്‍ പലരും ഒന്ന് വാര്‍ത്താ പ്രാധാന്യം കിട്ടാന്‍ പല ഉഡായിപ്പും കാട്ടാറുണ്ട് . ആ സ്ഥാനത്താണ് ഒരു ആന വെറുമൊരു കാട്ടാന സര്‍വ്വ ചാനലുകളിലും ദിവസങ്ങളോളം ലൈവ് ആയി നിറഞ്ഞു നിന്നത് . ഒരു ആനയെ കേരളം ഇത്രയും പേടിച്ചു എന്ന് പറഞ്ഞാല്‍ പോര . അവന്റെ ഓരോ നീക്കങ്ങളും ഒപ്പിയെടുക്കാന്‍ ക്യാമറകള്‍ മത്സരിച്ചു .
അരിക്കൊമ്പനെ പിടിക്കുന്നതിന്റ ലൈവ് ഷോ രാവിലെ തൊട്ട് ഞഞ്ഞപിഞ്ഞ പറഞ്ഞു പറഞ്ഞു ആംഗര്‍മാരുടെ തൊണ്ടയിലെ വെള്ളം വറ്റി . കണ്ണും കാതും കൂര്‍പ്പിച്ചു ടിവിക്ക് മുമ്പില്‍ ഇരിക്കുന്ന നാം വിഡ്ഢികള്‍ക്ക് പക്ഷെ ഈ ആവര്‍ത്തനം വിരസമായില്ല . വാക്കുകള്‍ തീരുന്നത് റിപോര്‍ട്ടര്‍മാര്‍ക്കും മടുത്തില്ല . പഴയ വാക്കും വാചകങ്ങളും പൂരം വെടിക്കെട്ട് പോലെ ലൈവ് കമന്ററികള്‍ ചിലച്ചുകൊണ്ടിരുന്നു . അതിനിടയ്ക്കാണ് സ്റ്റുഡിയോയില്‍ ഇരിക്കുന്ന ന്യുസ് വായനക്കാരുടെ ചോദ്യങ്ങള്‍ . പൊട്ട ചോദ്യങ്ങള്‍ അവര്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു .
എന്തെങ്കിലും മറുപടി പറയാതിരുന്നാല്‍ പറ്റില്ല . പണി പാളും . ആനയെ കണ്ടു , വെടി വെച്ചു , കയറിട്ടു , വടം കെട്ടി . പിന്നിലെ കാലില്‍ കെട്ടി . മുന്നില്‍ കെട്ടി . കറുത്ത തുണി കെട്ടി . അങ്ങനെ ആണെന്ന് തോന്നുന്നു . കാരണം ഞങ്ങള്‍ ഇവിടെ വളരെ ദൂരെയാണ് . പേടിച്ചിട്ട് അടുത്തേക്ക് പോയിട്ടില്ല . ലൈവ് അങ്ങനെ നീളുന്നു . അങ്ങനെ മലയാളിയുടെ ആനപ്പേടി ഇനി എന്താകുമോ ആവോ . ഇത് ഒരു ആനക്കാലമാണ് നമുക്ക് . ഈ വേനല്‍ കാലയളവില്‍ കാട്ടാനകളുടെ നിരവധി ആക്രമണങ്ങളാണ് നാം കണ്ടത് . പോരാത്തതിന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആനോ എന്നൊരു നോവലും വന്നുകൊണ്ടിരിക്കുന്നു .
വലിയ ശല്യക്കാരന്‍ ആയതിനാലാണ് അരിക്കൊമ്പനെ പിടി കൂടിയത് . എന്നാല്‍ പിന്നെ ഇത്രയും പരാക്രമിയെ കാട്ടിലേക്ക് വീണ്ടും വിടണോ . ഏതെങ്കിലും ആന ക്യാമ്പില്‍ ആക്കി ഇണക്കിയാല്‍ പോരെ . ചോദ്യം ചോദിക്കരുത് . ഇന്ന് വെടിക്കാരന്‍ ആണ് ഹീറോ .
കുരുടന്‍ ആനയെ കണ്ട പോലെ എന്നൊക്കെ ചൊല്ലുണ്ടല്ലോ . ഞമ്മള്‍ ശരിക്കും കുരുടന്മാര്‍ ആയോ . ചെവി പോലെ , കാല് പോലെ വാല് പോലെ എങ്ങനെയാണു ആന . ചെറിയ ചെറിയ പ്രാദേശിക വിഷയങ്ങളെ ചാനലുകാര്‍ വിചാരിച്ചാല്‍ എങ്ങനെ ആഗോള ചര്‍ച്ചയാക്കാന്‍ പറ്റും എന്നതിന് ഈ ആന മാമാങ്കം ദര്‍ശിച്ചാല്‍ മതി . ഇത്രയും വലിയ ഭീകരന്‍ ആയ സ്ഥിതിക്ക് എന്‍ ഐ എ യെ വിളിച്ചു യുഎ പി എ ചുമത്തി അകത്തിടുക ആയിരുന്നു ബെസ്റ്റ് .
മുമ്പും ആന കഥകള്‍ നാം അയവിറക്കിയിട്ടുണ്ട് . മണ്ണാര്‍ക്കാട് ഒരു ആനയുടെ വായില്‍ ആരോ പടക്കം പൊട്ടിച്ചത് . പിന്നെയുമുണ്ടല്ലോ ആനക്കാരുടെ അസോസിയേഷന്‍ കലഹം കൂട്ടിയ ആനക്കേസുകള്‍ . ഏതായാലും അടുത്ത ആനക്കഥ വരും വരെ കാക്കാം.
എം കെ ഷഹസാദ്
കേരളത്തില്‍ മില്‍മപോലെയാണ് കര്‍ണാടകത്തില്‍ നന്ദിനി. നന്ദിനിയും അമൂലും ‘ സഹകരിച്ചാല്‍ ‘ മൂന്ന് വര്‍ഷത്തിനുള്ളില്‍ കര്‍ണാടകയിലെ എല്ലാ ഗ്രാമങ്ങളിലും പ്രാഥമിക ഡയറികള്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന അമിത്ഷായുടെ പ്രഖ്യാപനവും ബാംഗ്ലൂരില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി പാലും തൈരും വില്‍ക്കാനുള്ള അമൂലിന്റെ തീരുമാനവും കര്‍ണാടകയില്‍ വലിയ രാഷ്ട്രീയ കോലാഹലം സൃഷ്ടിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ദേശീയ സഹകരണ നയം വേണവുമെന്ന കേന്ദ്ര സഹകരണ വകുപ്പ് മന്ത്രികൂടിയായ അമിത്ഷായുടെ മുന്‍കാല പ്രസ്താവനയോട് ചേര്‍ത്തുവച്ചാണ് അമൂല്‍-നന്ദിനി ‘ സഹകരണ ‘ വിവാദം വായിക്കപ്പെടുന്നത്.
തൊഴിലാളികളുടേയോ ചെറുകിട കാര്‍ഷിക ഉല്‍പ്പാദകരുടേയോ കൂട്ടായ്മകളായ സഹകരണ സംഘങ്ങളുടെ ഘടനയ്‌ക്കോ സ്വഭാവത്തിനോ ലക്ഷ്യത്തിനോ നിരക്കുന്നതല്ല അമിത്ഷായുടെ പ്രസ്താവനകളും മറ്റു വിപണികളിലേക്കുള്ള സഹകരണ സ്ഥാപനങ്ങളുടെ കടന്നുകയറ്റവും. ചെറുകിട ഉല്‍പ്പാദനത്തിന്റെ അഥവാ ചെറുടെ കാര്‍ഷിക മൂലധനത്തിന്റെ നിലനില്‍പ്പിനായുള്ള കൂട്ടായ്മകളാണ് സഹകരണ സംഘങ്ങള്‍. സമ്പത്ത് വ്യവസ്ഥയിലെ വിവിധ താല്‍പര്യങ്ങളെ തന്‍മയത്തത്തോടെ സമന്വയിപ്പിക്കുകയെന്ന ആദ്യകാല ജനാധിപത്യത്തിന്റെ താല്‍പര്യവും സഹകരണ സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാനുള്ള കാരണമായിട്ടുണ്ട്.
ഒരു സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘം മറ്റൊരു സംസ്ഥാനത്ത് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ തീരുമാനിക്കുന്നതിലൂടെ ആ കമ്പോളത്തെ നിര്‍ബന്ധപൂര്‍വം ഭാഗിക്കുന്ന, ആതിഥേയ സംസ്ഥാനത്തെ ഉല്‍പ്പാദകരുടെ താല്‍പര്യങ്ങളെ ഹനിക്കുന്ന നടപടിയാണ്. ബാംഗ്ലൂരില്‍ പാലും തൈരും വില്‍ക്കാനുള്ള അമൂലിന്റെ തീരുമാനവും കേരളത്തില്‍ പാല്‍ വില്‍ക്കാനുള്ള നന്ദിനിയുടെ തീരുമാനവും ലക്ഷദ്വീപില്‍ പാല്‍ വില്‍ക്കാനുള്ള അമൂലിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും തീരുമാനവും അതത് ഇടങ്ങളിലെ ഉല്‍പ്പാദനത്തേയും തൊഴിലിനേയും സാരമായി ബാധിക്കുന്ന നടപടിയാണ്. ലക്ഷദ്വീപില്‍ അമൂല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കാനെടുത്ത തീരുമാനത്തെ തദ്ദേശീയര്‍ കോളനിവാഴ്ചയോട് താരതമ്യപ്പെടുത്തിയതും അമൂലിന്റെ രാഷ്ട്രീയമായ കടന്നുവരവ് തദ്ദേശീയരുടെ സാമ്പത്തിക സ്വാതന്ത്രത്തെ ബാധിക്കുന്നതിനാലാണ്.
കേന്ദ്ര സഹകരണ മന്ത്രാലയം രൂപീകരിച്ച് സഹകരണ മന്ത്രി സ്ഥാനം ഏറ്റെടുത്ത അമിത്ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ സഹകരണ സംഘങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെ തകിടം മറിക്കുന്നതാണ്. കാര്‍ഷികേതര മേഖലകളിലും നിക്ഷേപമുള്ള കോര്‍പ്പറേറ്റ് സ്വഭാവമുള്ള സ്ഥാപനമായാണ് സഹകരണ മേഖലയെ അമിത്ഷാ വിഭാവനം ചെയ്യുന്നത്. വിവിധ കമ്പോളങ്ങളില്‍ മൂലധന നിക്ഷേപം നടത്താന്‍ ശേഷിയുള്ള കോര്‍പ്പറേറ്റ് സ്ഥാപനമായി സഹകരണ സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് അമൂല്‍ വളര്‍ന്നതിന്റെ ഫലമാണ് ഈ നയം മാറ്റം. മറ്റ് സഹകരണ സംഘങ്ങളെ വിഴുങ്ങി അമൂല്‍, പാലുല്‍പ്പാദന മേഖലയിലെ മൊണോപ്പൊളിയാവുന്ന കാലം അത്ര വിദൂരമല്ല. ചെറുത്ത് നില്‍പ്പില്ലെങ്കില്‍ ചെറുകിട, ഇടത്തരം ക്ഷീര ഉല്‍പ്പാദനത്തിന്റെ തകര്‍ച്ചയും അത്ര വിദൂരത്തല്ല.
അഹ് മദ് ശരീഫ് പി എഴുതുന്നു
മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വരുന്നു. മോദിയെ കൊല്ലുമെന്ന് കെ സുരേന്ദ്രന് കത്ത് കിട്ടുന്നു . ഇന്റലിജന്‍സ് റിപോര്‍ട്ട് ചോര്‍ന്നതിന് സുരേന്ദ്രന്‍ പൊലീസിനെ കുറ്റപ്പെടുത്തുന്നു. കത്ത് അയച്ച ആളെ കണ്ടത്തി. അത് എറണാകുളത്തെ ജോസഫ് ജോണ്‍ ആണെന്ന് വന്നതോടെ കേസിന്റെ ഘനം കുറഞ്ഞു. അപ്പൊ ഇയാളുടെ പേരില്‍ മറ്റാരോ എഴുതി എന്ന്.
പേരും ഫോണ്‍ നമ്പറും വച്ച കത്ത് എങ്ങനെ ഊമക്കത്താകും. ആ വീട്ടുകാരുടെ വിഷമം പറയാന്‍ മാധ്യമങ്ങളുണ്ട്. മോദിക്ക് ഭീഷണി എന്ന രഹസ്യ പൊലീസ് റിപോര്‍ട്ടില്‍ പറയുന്നത് മുഴുവന്‍ പണ്ടേ പറയുന്ന സിറിയയില്‍ പോയ കാര്യങ്ങള്‍. അതില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും പിഡിപിയുമുണ്ട്. ഭരണകക്ഷിയിലെ രണ്ട് പാര്‍ട്ടികളുമുണ്ട്. എല്ലാം കേട്ടാല്‍ മോദിയുടെ വരവ് കുറേക്കൂടി ജോറാക്കാന്‍, കേരളം കൂടി ഒന്ന് കുട്ടിച്ചോറാക്കാന്‍ ഇജ്ജാതി നാടകങ്ങള്‍ ഉപകരിക്കും . ട്രെയിന്‍ തീവയ്പ് കേസ് എവിടെയും എത്തിയില്ല. പ്രതി കൈയിലുണ്ട് , പക്ഷെ ഒന്നും തെളിയിക്കാന്‍ ഇത് വരെ കഴിഞ്ഞില്ല.
എന്നാല്‍ സെന്‍കുമാറിന്റെ അതേ ഭാഷയില്‍ ഭീകരരുടെ കോട്ടയായ ഷഹീന്‍ ബാഗില്‍ നിന്നല്ലേ പിന്നെ ഒന്നും പറയേണ്ടതില്ലല്ലോ എന്ന് മുക്രയിട്ട ഒരു ഇന്റലിജിന്‍സ് എഡിജിപി വീണ്ടും സംഘി റോളില്‍ ഈ സംഭവങ്ങളിലും സജീവം. മൊത്തത്തില്‍ സിപിഎമ്മിന്റെ പൊലീസിനെക്കൊണ്ട് സംഘികള്‍ പണിയെടുപ്പിക്കുന്നു എന്ന് വ്യക്തം. പൊലിസില്‍ ഒരു മുസ്ലിം ഉണ്ടെങ്കില്‍ തീവ്രവാദി പട്ടം ചാര്‍ത്താന്‍ വെമ്പല്‍ കാട്ടുന്ന പൊതുബോധവും പൊലീസിലെ പ്രത്യക്ഷ സംഘികളെ താലോലിക്കുന്നു.
കത്ത് എഴുതിയ ആള്‍ നിരപരാധി എന്ന് മീഡിയ റിപോര്‍ട്ടര്‍മാര്‍ ചോദ്യം ചെയ്യും മുമ്പേ പറയുന്നത് നല്ല കാര്യം. ഒരു വെടിക്ക് രണ്ടു നേട്ടം. ഒന്ന് മോദിക്ക് വധഭീഷണി എന്ന പ്രചരണം ഉണ്ടാക്കുന്ന മൈലേജ് . മറ്റൊന്ന് മഅ്ദനി കേരളത്തില്‍ വരുന്നത് എങ്ങനെയെങ്കിലും തടയുക. ഇങ്ങനെയൊക്കെ ഏജന്‍സികളെ വച്ചു കളിച്ചാണ് മറ്റ് സ്റ്റേറ്റുകളില്‍ ബിജെപി വളര്‍ന്ന് അധികാരം പിടിച്ചത്. ഇവിടെയും അതിന് വേണ്ടിയുള്ള കളികള്‍ക്ക് പിണറായിയുടെ പൊലീസിനെ സമര്‍ഥമായി ഉപയോഗിക്കുന്നു എന്നര്‍ഥം .
കണ്ടിട്ടും മിണ്ടാതിരിക്കുന്നു കേരള സര്‍ക്കാര്‍. പൊലിസിനെ ക്ലീന്‍ ചെയ്യേണ്ട സമയം അതിക്രമിച്ചിട്ടും മൗനം തന്നെ . കേരളം പിടിക്കുമെന്ന് മോദി പറയുന്നു. ഒരു പള്ളി തര്‍ക്കത്തില്‍ മറ്റൊരാളുടെ പേരില്‍ കത്തെഴുതി കുടുക്കാന്‍ ശ്രമിച്ചതാണെന്ന് പൊലീസിന് ബോധ്യമായെങ്കില്‍ അതങ്ങ് നേര്‍ക്ക് പറഞ്ഞാല്‍ പോരെ. ഈ നാടകങ്ങള്‍ എന്തിന് ?
സി ദാവൂദ് എഴുതുന്നു
ആണുങ്ങളെ മാത്രം സംഘടിപ്പിച്ച് പന്തു കളി സംഘടിപ്പിക്കുക. അതിന് ഫിഫ വേള്‍ഡ് കപ്പ് എന്ന് പേരിടുക. അതിന്റെ ആരവങ്ങളെല്ലാമടങ്ങിക്കഴിയുമ്പോള്‍ ഫിഫ വിമന്‍സ് കപ്പ് എന്ന പേരില്‍ ആരുമറിയാതെ മറ്റൊരു മേള സംഘടിപ്പിക്കുക. നമ്മളാരും ഇതെക്കുറിച്ച് ഒന്നും പറയില്ല. അര്‍ജന്റൈന്‍ കളിക്കാരിലാരെങ്കിലും ചെ ഗുവേരയെ പച്ചകുത്തിയിട്ടുണ്ടെങ്കില്‍ അതെക്കുറിച്ചെഴുതുന്നത് മാത്രമാണ് ഫിഫ കപ്പുമായി ബന്ധപ്പെട്ട ഞങ്ങളുടെ സാംസ്‌കാരിക പഠനം. ആണുങ്ങളുടെ കപ്പ് വേള്‍ഡിന്റെ കപ്പാവുന്നതില്‍ ഞങ്ങള്‍ സ്ത്രീ വിവേചനം കാണുന്നേയില്ല. അതുമായി ബന്ധപ്പെട്ട പൊളിറ്റിക്കല്‍, ജന്‍ഡര്‍ ക്വസ്റ്റ്യന്‍സ് ഞങ്ങള്‍ ചോദിക്കില്ല.
കാരണം, അത് മുസ് ലിംകള്‍ സംഘടിപ്പിക്കുന്നതല്ല.
– സര്‍ക്കാര്‍ നടത്തുന്ന കോളജുകളിലും സര്‍ക്കാര്‍ സഹായത്താല്‍ നടത്തുന്ന കോളജുകളിലും ബോയ്‌സ് ഹോസ്റ്റലുകളും ഗേള്‍സ് ഹോസ്റ്റലുകളുമുണ്ട്. അതിലെന്ത് സ്ത്രീ വിവേചനം? നമുക്ക് ഹോസ്റ്റല്‍ മുറ്റത്തെ ഗുല്‍മോഹറുകളെ കുറിച്ച് കവിതയെഴുതിയാല്‍ പോരേ?
കാരണം, ആ ഹോസ്റ്റലുകളൊന്നും മുസ് ലിംകള്‍ നടത്തുന്നതല്ല.
-സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നഗരങ്ങളില്ലാകെ വര്‍ക്കിങ്് വിമന്‍സ് ഹോസ്റ്റലുകളുണ്ട്. ഇതെന്ത് കൂത്ത്; ആ പെണ്ണുങ്ങള്‍ക്കൊക്കെ വര്‍ക്കിങ്് മെന്റെ കൂടെ താമസിച്ചാല്‍ പോരേ എന്ന് ഞങ്ങള്‍ ചോദിക്കില്ല.
കാരണം, ആ ഹോസ്റ്റലുകള്‍ നടത്തുന്നത് മുസ് ലിംകളല്ല.
പക്ഷേ, മുസ് ലിംകളുടെ കല്യാണപ്പന്തലില്‍ ആണുങ്ങളും പെണ്ണുങ്ങളും വേറെ വേറെയിരുന്ന് ഭക്ഷണം കഴിച്ചാല്‍ ഞങ്ങള്‍ക്ക് വിപ്ലവം നടത്താതിരിക്കാന്‍ പറ്റില്ല.
———————— ——-
CE 595ലാണ് മുഹമ്മദ് എന്ന 25കാരനായ യുവാവ് ഖദീജ എന്ന 40കാരി വിധവയെ വിവാഹം കഴിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട പ്രണയ ജീവിതങ്ങളിലൊന്നായിരുന്നു അത്. ആ യുവാവ് 40ാം വയസിലെത്തുമ്പോള്‍ പ്രവാചകനാവുന്നു. ഇസ്ലാമിലെ അന്ത്യ പ്രവാചകന്‍.
CE 1934ലാണ് ചരിത്രത്തിലാദ്യമായി നമ്പൂതിരി സമുദായത്തില്‍ ഒരു വിധവാ വിവാഹം നടക്കുന്നത്; യോഗക്ഷേമസഭയുടെ നേതൃത്വത്തില്‍. അത് അവര്‍ക്ക് എന്തോ വലിയ വിപ്ലവമായിരുന്നു. (വിധവയെ വിവാഹം കഴിച്ച മുഹമ്മദിനെ 14 നൂറ്റാണ്ട് മുമ്പ് മുമ്പ് മുസ് ലിംകള്‍ പ്രവാചകനായി സ്വീകരിക്കുകയായിരുന്നുവെങ്കില്‍ 1934 ല്‍ വിധവയെ വിവാഹം കഴിച്ച എം.ആര്‍.ബിക്ക് അദ്ദേഹത്തിന്റെ സമുദായം ഭ്രഷ്ട് കല്‍പിക്കുകയായിരുന്നു!).
ആ പ്രവര്‍ത്തനത്തിലൂടെയൊക്കെ കടന്നുവന്ന ഇഎംഎസ് നമ്പൂതിരിപ്പാട് എന്ന ചെറുപ്പക്കാരനാണ് കേരളത്തില്‍ മാര്‍ക്‌സിസം പ്രചരിപ്പിക്കുന്നത്. യോഗക്ഷേമസഭയുടെ കുഞ്ഞു ലോകത്തെ കുഞ്ഞു വിപ്ലവങ്ങളാണ് ലോകത്തെ മഹാ കാര്യങ്ങളെന്ന് കരുതുന്നയാളായിരുന്നു അദ്ദേഹം. തന്റെ സമുദായം പോലെയാണ് ബാക്കി എല്ലാ സമുദായങ്ങളും എന്നായിരുന്നു അദ്ദേഹം വിചാരിച്ചിരുന്നത്. അതിനാല്‍ തന്റെ സമുദായത്തില്‍ നടന്ന, താന്‍ വലിയ വിപ്ലവമെന്ന് വിചാരിക്കുന്ന കാര്യങ്ങള്‍ മറ്റ് സമുദായങ്ങളിലും നടക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. നമ്പൂതിരി സമുദായത്തിന്റെ ശക്തികളും ദൗര്‍ബല്യങ്ങളും മാത്രമായിരുന്നു അദ്ദേഹത്തിന്റെ കയ്യിലുള്ള ഏക സ്‌കെയില്‍. ആ സ്‌കെയില്‍ വെച്ചാണ് അദ്ദേഹം ലോകത്തെ അളന്നത്.
ആ മനസുമായി അദ്ദേഹം എന്തെല്ലാമോ എഴുതി കൂട്ടി. ആ എഴുത്തുകള്‍ നമ്പൂതിരിപ്പാടിന്റെ ഭാവനകള്‍ (മാത്രം) പേറി നടക്കുന്നവര്‍ക്ക് വലിയ കള്‍ചറല്‍ ക്യാപിറ്റലായി തോന്നി. റഷ്യയില്‍ സ്ലാവ് മാര്‍ക്‌സിസം വളര്‍ന്നു വന്നത് പോലെ, ചൈനയില്‍ ഹാന്‍ മാര്‍ക്‌സിസം പോലെ, കേരളത്തില്‍ ഒരു നമ്പൂതിരി മാര്‍ക്‌സിസം ഉയര്‍ന്ന് വരികയായിരുന്നു. പുരോഗമന കലാ സാഹിത്യ സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത്, ജനാധിപത്യ മഹിളാ അസോസിയേഷന്‍, ബാലസംഘം തുടങ്ങിയ സംവിധാനങ്ങള്‍ ഈ നമ്പൂതിരി മാര്‍ക്‌സിസത്തിന്റെ സാംസ്‌കാരിക വിനിമയ വേദികളായി. അവര്‍ വിളമ്പിയ സാംസ്‌കാരിക സദ്യ ആഹരിച്ചു വളര്‍ന്നവരാണ് ഇന്ന് യുക്തിവാദികള്‍, നവനാസ്തികര്‍, പുരോഗമനവാദികള്‍, ഇടതു ലിബറലുകള്‍ തുടങ്ങിയ പല തൂലികാ നാമങ്ങളില്‍ അറിയപ്പെടുന്നത്. ഇന്നലെയുയര്‍ന്ന് വന്ന പല ഓണ്‍ലൈന്‍ മാധ്യമങ്ങളും നമ്പൂതിരിപ്പാടിന്റെ അതേ ലോക ബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു ഡിഗ്‌നിഫൈഡ് ചിന്താ ജെറോം എന്നതാണ് അവരുടെ വൈജ്ഞാനികതയുടെ പരമാവധി.
ഞങ്ങളുടെ അടുക്കള പോലെയാണ് നിങ്ങളുടെയും അടുക്കള, ഞങ്ങളുടെ കൂട്ടത്തിലെ വിധവകള്‍ പോലെയാണ് നിങ്ങളുടെയും വിധവകള്‍, ഞങ്ങളുടെ എച്ചില്‍ പോലെയാണ് നിങ്ങളുടെ ഭക്ഷണം എന്നൊക്കെയാണ് അവര്‍ വിചാരിക്കുന്നത്. വിവാഹ മോചിതയായ മുസ് ലിം സ്ത്രീ, ജീവിതകാലം മുഴുവന്‍ മുന്‍ ഭര്‍ത്താവിന്റെ ചെലവില്‍ വൈധവ്യം പേറി ജീവിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ബോള്‍ഷെവിക് വിപ്ലവം കണക്കെ കൊണ്ടാടാനുള്ള നമ്പൂതിരിപ്പാടിന്റെ നീക്കമാണ് എണ്‍പതുകളിലെ ശരീഅത്ത് വിവാദത്തിന്റെ ഹേതു. മുസ് ലിംകളെ പൈശാചികവത്കരിക്കുന്ന ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ സാംസ്‌കാരിക പദ്ധതിയായിരുന്നു അത്. മുസ് ലിമിനെ നമ്പൂതിരിയാക്കാന്‍ നടത്തിയ ശ്രമം. അതെന്തോ മഹത്തായ പുരോഗമന വിപ്ലവമായിരുന്നുവെന്ന് വിചാരിക്കുന്ന സാധുക്കളാണ് ഇന്ന് മുസ് ലിം സ്ത്രീകളുടെ ഇരിപ്പിടം നിശ്ചയിക്കുന്നത്.
യോഗക്ഷേമ സഭക്കാര്‍ നമ്പൂതിരി സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കൊണ്ടുവരുന്നതിന് കാലങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലെ അറക്കല്‍ ബീവിമാര്‍ ഭരണാധികാരികളായി ഉണ്ടായിരുന്നുവെന്ന്, നമ്പൂതിരി മാര്‍ക്‌സിസ്റ്റുകള്‍ കൂലിയെക്കുറിച്ച് സംസാരിക്കുന്നതിന് എത്രയോ മുമ്പ് കാളയുടെ മുതുകില്‍ നിന്ന് നുകം എടുക്കുമ്പോള്‍ തന്നെ കൂലി ചോദിച്ചിരിക്കണം എന്ന് പഠിപ്പിച്ച മമ്പുറം തങ്ങള്‍ ഉണ്ടായിരുന്നുവെന്ന്, സാര്‍വദേശീയ ഗാനം നിങ്ങള്‍ പാഠിത്തുടങ്ങുന്നതിന് മുമ്പ് ഫ്രഞ്ചുകാരുമായി നയതന്ത്ര / സാംസ്‌കാരിക വിനിമയങ്ങള്‍ നടത്തിയിരുന്ന ടിപ്പു സുല്‍ത്താന്‍ ഇവിടെ സമുദായ രൂപീകരണം നടത്തിയിരുന്നുവെന്ന് ഒക്കെ അറിയുന്നത് നല്ലതാണ്. ഇരിപ്പിട വിപ്ലവത്തിനിറങ്ങുമ്പോള്‍ അതെല്ലാം ഉപകാരപ്പെടും.
—————
പഴയ നമ്പൂതിരി ട്രൗസര്‍ പിന്നെയും വലിച്ചു കേറ്റി വള്ളി മുറുക്കുന്നതാണ് മാധ്യമ / സാംസ്‌കാരിക പ്രവര്‍ത്തനം എന്ന് ഞാന്‍ ഏതായാലും കരുതുന്നില്ല.
എം കെ ഷഹസാദ്
സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പാതകളില്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ മിഴി തുറന്നതാണ് റോഡ് യാത്രികര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. കാമറകളുടെ നീണ്ട ലിസ്റ്റ് വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലെ പ്രധാന ഫോര്‍വേര്‍ഡായും മാറിയിട്ടുണ്ട്. പരോപകാരത്വര പ്രദര്‍ശിപ്പിക്കാനുള്ള അവസരം പാഴാക്കാന്‍ ആരും തയ്യാറല്ലെന്ന് ചുരുക്കം. എന്നാല്‍ പരോപകാര പ്രകടനത്തിനിടയില്‍ നമ്മള്‍ എ.ഐ കാമറയുടെ പിറകിലെ സാമ്പത്തിക താല്‍പര്യങ്ങള്‍ വിസ്മരിക്കുന്നു.
ലോകബാങ്ക് പദ്ധതിയായ കെ.എസ്.റ്റി.പി (കേരള സംസ്ഥാന ഗതാഗത പദ്ധതി)യുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. 216 മില്യണ്‍ ഡോളറാണ് കെ.എസ്.റ്റി.പി രണ്ട് നടപ്പാക്കാനായി ലോകബാങ്ക് അനുവദിച്ചിട്ടുള്ള വായ്പ. അതില്‍ 232 കോടി രൂപ മുടക്കിയാണ് ഇപ്പോള്‍ കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ബൈക്കില്‍ രണ്ട് മുതിര്‍ന്നവര്‍ക്കൊപ്പം ഒരു കുട്ടികൂടി സഞ്ചരിച്ചാല്‍ പോലും കാമറ പിടിക്കുമെന്നത് കേരളത്തിലെ സാധാരണക്കാരന്റെ പോക്കറ്റ് ചോര്‍ത്തുന്ന നടപടിയാണ്. മാനുഷികതയുടെ പേരില്‍ പൊലീസുകാരന്‍ കാണിക്കുന്ന കണ്‍വാട്ടമൊന്നും ഒരു കാമറയില്‍നിന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ.കാമറയില്‍ കുരുങ്ങിയാല്‍ പിന്നെ പിഴയടച്ചേതീരൂ.
രാജ്യത്ത് നിലനില്‍ക്കുന്ന കുറഞ്ഞ പിഴയാണ് റോഡ് നിയമങ്ങള്‍ ലംഘിക്കപ്പെടാനുള്ള ഒരു കാരണമായി ലോക ബാങ്കിന്റെ സീനിയര്‍ ഗതാഗത എഞ്ചിനിയറായ അര്‍ണബ് ബന്ദോപാധ്യായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ അഭിമുഖം ലോക ബാങ്ക് വെബ്‌സൈറ്റില്‍ ലഭ്യവുമാണ്. എന്തുകൊണ്ട് ഒരു കുടുംബം ഒന്നടങ്കം ഒരു ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കേണ്ടിവരുന്നു എന്ന് ചിന്തിക്കാന്‍ ലോക ബാങ്ക് ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ വര്‍ഗബോധം അനുവദിക്കുന്നില്ല. മറിച്ച് എങ്ങനെ കൂടുതല്‍ പിഴ ചാര്‍ത്താം എന്നത് സംബന്ധിച്ചാണ് അദ്ദേഹത്തിന്റെ ചിന്തകള്‍!
ലോകബാങ്ക് പോലുള്ള വികസിത മുതലാളിത്ത ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സ്ഥാപനം ഇന്ത്യപോലൊരു മൂന്നാം ലോകരാജ്യത്തെ ഒരു സംസ്ഥാനത്തിന് വായ്പകള്‍ നല്‍കുന്നതിന് പിന്നില്‍ ഗൂഢ ഉദ്ദേശങ്ങളുണ്ട്. റോഡ് വികസനത്തിന് പണം നല്‍കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ലോകബാങ്ക് റോഡുകളുടെ സ്വകാര്യവല്‍ക്കരണം ലക്ഷ്യമാക്കുന്നെന്നാണ്. വായ്പ വാങ്ങുന്ന പണം ഉപയോഗിച്ച് ക്ഷേമ പ്രവര്‍ത്തനങ്ങളോ സേവനങ്ങളോ നല്‍കുക സാധ്യമേയല്ല. ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടേയും സേവനങ്ങളിലൂടേയും വരുമാനമുണ്ടാവില്ലല്ലോ? അതുകൊണ്ടുതന്നെ വായ്പയുടെ മുതലോ പലിശയോ തിരിച്ചടക്കുക അസാധ്യമാവും.
വായ്പാ തുകയുപയോഗിച്ച് നിര്‍മിക്കുന്ന റോഡുകളില്‍ നിന്ന് വരുമാനമുണ്ടായാലേ വായ്പാ തുക തിരിച്ചടയ്ക്കാനും പലിശയടയ്ക്കാനും പറ്റൂ. റോഡുകളില്‍ ടോള്‍ പിരിക്കാനും യാത്രികരില്‍ നിന്ന് പരമാവധി പിഴയിടാക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമാവുന്നത് വായ്പകള്‍ സ്വീകരിക്കുമ്പോഴാണ്. കേരളത്തിന്റെ പൊതു കടം നാല് ലക്ഷം കോടി രൂപ കടന്നതിന്റെ ആഘാതം ചാര്‍ജ്-നികുതി വര്‍ധനവുകളായി സഹിക്കുന്ന ജനങ്ങളുടെ മേലേക്കാണ് വായ്പയുടെ കാമറ കണ്ണുകള്‍ മിഴിതുറക്കുന്നത്. ആ നോട്ടം കേരള ജനത എങ്ങനെ ഉള്‍കൊള്ളുമെന്ന് കണ്ടറിയണം.
ഡോ. ഇസ്മായില്‍ വെങ്ങശ്ശേരി
സത്യപാല്‍ മല്ലിക്കും കിരണ്‍ പട്ടേലും പുല്‍വാമയില്‍ പൊലിഞ്ഞ ധീരജവാന്‍മാരും നമ്മോട് പറയുന്നത് കേള്‍ക്കാന്‍ ഇവിടെ ആരുമില്ലേ…! സത്യപാല്‍ മല്ലിക്ക് കരണ്‍ഥാപ്പറോട് പറഞ്ഞത് മുഴുവന്‍ കേള്‍ക്കാന്‍ ഞാന്‍ സമയം ചെലവഴിച്ചിട്ടില്ല. കാരണം അയാള്‍ പറഞ്ഞത് ഏറെ ദുരൂഹതകള്‍ ബാക്കി വയ്ക്കാതെ തന്നെ പകല്‍ വെളിച്ചത്തായിരുന്നു നേരത്തെ തന്നെ. അയാള്‍ ഇപ്പോള്‍ പറഞ്ഞ സത്യത്തിന്റെ സാധ്യതകള്‍ ഈയുള്ളവനടക്കം ചിലരെങ്കിലും അന്നേ പറഞ്ഞതുമാണ്. കാര്യങ്ങളുടെ ആഴം കണ്ടിട്ട് മല്ലിക്ക് കണ്ടത് ഐസ്മലയുടെ ഒരറ്റം മാത്രമാണെന്ന് തോന്നുന്നു. കാരണം ഇന്നും ഉത്തരം ഇല്ലാതെ അവശേഷിക്കുന്ന ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാണല്ലോ:
1. എങ്ങനെയാണ് ജെയ്‌ഷേ മുഹമ്മദ് ഭീകരര്‍ ഇത്രയും മിലിട്ടറി ബന്ധവസ്സും ആയുധ ശക്തിയുമുള്ള സൈന്യത്തിന്റെ ഒത്ത നടുവില്‍ സ്‌ഫോടനം നടത്താന്‍ എത്തിയത് ?
2. ഒരു മാരുതി ഈക്കോ കാര്‍ സൈനികരെ പിന്‍തുടര്‍ന്ന് അവസാനം മിലിട്ടറി കോണ്‍വോ്ക്ക് ഉള്ളിലേക്ക് കയറാന്‍ സാധിച്ചത് എങ്ങനെ?
3. വലിയ സിആര്‍പിഎഫ് സൈനിക വ്യൂഹത്തെ അപകട മേഖലയിലൂടെ ദീര്‍ഘ ദൂരം റോഡ് മാര്‍ഗം അപകട സാധ്യത അവഗണിച്ച്, നീങ്ങാന്‍ നിര്‍ദേശം നല്‍കിയത് ആര്, എന്തുകൊണ്ട്?
4. അപകട മേഖല ഒഴിവാക്കി മിലിട്ടറി മൂവ്‌മെന്റിന് വിമാന സൗകര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വിട്ടുനല്‍കാത്തതിന് കാരണം?
5. മുന്നൂറ് കിലോയിലധികം ആര്‍ഡിഎക്‌സ് ഇത്രയും ശക്തമായ മിലിട്ടറി, പൊലീസ്, ഇന്റലിജന്‍സ് സംവിധാനം ഉണ്ടായിട്ടും എന്ത് കൊണ്ട് കശ്മീരില്‍ പിടിക്കപ്പെട്ടില്ല?
6. ഇതേസമയം പ്രധാനമന്ത്രിയുടെ ഓഫിസിലെ സീനിയര്‍ ഓഫിസര്‍ വ്യാജേന കിരണ്‍ പട്ടേല്‍ എന്ന ഒരു ഗുജറാത്തി, കശ്മീരിലെയും മറ്റു പ്രധാന സെന്‍സിറ്റീവ് മേഖലകളില്‍ കയറി നിരങ്ങിയത് എന്തിനായിരുന്നു ? ആരാണ് അയാള്‍ , ആര്‍ക്കുവേണ്ടിയാണയാള്‍ പണിയെടുത്തത് ?
7. ഒരു ‘രാജ്യസ്‌നേഹി’ സംഘടനയുടെ ഉയര്‍ന്ന മേധാവി പുല്‍വാമ ഡപ്യൂട്ടി കമ്മീഷണര്‍ക്ക് കിരണ്‍ പട്ടേലിനെ പരിചയപ്പെടുത്തി കൊടുത്തതും ഇയാളെ അവിടെ മേയാന്‍ അനുവദിച്ചതും എന്തിന് ?
8. എന്നാല്‍ കര്‍ത്തവ്യ നിരതരായ പൊലീസ് അയാളെ അറസ്റ്റ് ചെയ്തു. പിന്നീട് അഹമ്മദാബാദ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം അയാള്‍ക്ക് എന്ത് പറ്റി?
9. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയാല്‍ മാത്രം തീരുന്നതും, ഉത്തരം ആവശ്യമില്ലാത്തത്ര ലഘുവായതുമാണോ ഇത്തരം സെന്‍സിറ്റീവ് ചോദ്യങ്ങള്‍ ?
10. അന്നത്തെ ഇലക്ഷനുമായി ഇതെല്ലാം എത്രമാത്രം അടുത്ത് നില്‍ക്കുന്നില്ല എന്ന് സ്വയം ബോധ്യമാകാന്‍ ഒരാള്‍ക്ക് പ്രയാസം ഉണ്ടാകുന്നത് രാജ്യസ്‌നേഹം കൊണ്ട് തന്നെ എന്ന് പറയേണ്ടിവരില്ലേ ?
11. സത്യപാല്‍ മല്ലിക്ക് തുറന്നു പറഞ്ഞതും അല്ലാത്തതുമായ പല ഒളിച്ചു കളി എപ്പിസോഡുകളും ഇവിടെ അന്വേഷണ വിധേയമാക്കേണ്ടത് ആരുടെ കടമയാണ്?
ഇങ്ങനെ ഒരുപാട് ഒരുപാട് ചോദ്യങ്ങള്‍ മീഡിയ റിപോര്‍ട്ടുകളുടെ വരികള്‍ക്ക് ഇടയില്‍ വായിക്കുന്നവര്‍ക്ക് ബാക്കി വയ്ക്കുന്നുണ്ട്. എങ്കിലും സംശയം പുറത്ത് പറയാന്‍ ഇവിടെ ജനാധിപത്യം പേരിലല്ലേ ബാക്കിയുള്ളൂ. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പോലും ഏറെ സൂക്ഷ്മതോടെ പല പേരുകളും ഒഴിവാക്കിയാണ് സംസാരിക്കുന്നത്.
ഇന്ത്യയിലെ മെയിന്‍സ്ട്രീം മീഡിയയില്‍ ഈ റിപോര്‍ട്ട് മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ പ്രയാസമാണ്. കാരണം രാജ്യദ്രോഹം എന്ന മുദ്ര എവിടെയും എടുത്തു ചാര്‍ത്താന്‍ എളുപ്പമാണിന്ന്. ജനാധിപത്യത്തിന്റെ കാവലാളായ ജുഡീഷ്യറി പോലും ഇന്ന് എന്‍കൗണ്ടര്‍ നീതിനടപ്പാക്കല്‍ കണ്ട് അഭിരമിക്കയല്ലോ !
ഏതായാലും ആ ദുഃഖകരമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 40 ലേറെ ധീരജവാന്‍മാര്‍ക്ക് ഒരിക്കല്‍ കൂടി ആദരാഞ്ജലികള്‍ അര്‍പ്പിക്കുക മാത്രം..??
അഹ്‌മദ് ശരീഫ് പി
കാട്ടാള നീതി എന്ന് പറയാന്‍ കഴിയില്ല. കാട്ടാളന്മാര്‍ യുപി പോലീസിനേക്കാള്‍ ഭേദമാണ്. പിതാവിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ മകനെ വെടിവച്ചു കൊല്ലുക. അതിന്റെ ശവ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോലും പിതാവിനെ സമ്മതിക്കാതിരിക്കുക. പിറ്റേന്ന് പിതാവിനെയും പിതൃസഹോദരനെയും വെടിവച്ചു കൊല്ലുക. പോലീസ് അല്ലെങ്കില്‍ പോലീസിന്റെ ഒത്താശയോടെ.
ഒരാള്‍ക്ക് ഗുണ്ട എന്ന ലേബല്‍ ഒട്ടിച്ചാല്‍ പിന്നെ അയാള്‍ പേപ്പട്ടിയായി. ആര്‍ക്കും കല്ലെറിഞ്ഞും വെടിവച്ചും കൊല്ലാം. ഗുണ്ട ആണെങ്കില്‍ തന്നെ ഇവര്‍ക്ക് മാത്രം നിയമങ്ങള്‍ ഇല്ലേ. ജനം തിരഞ്ഞെടുത്ത ഒരു മുന്‍ എംപി ആണ് ഇയാള്‍.
യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടുന്നവരെയെല്ലാം വെടിവയ്ക്കും യുപി പോലീസ്. എന്തിന് കോടതികള്‍. പോലീസും കോടതിയും എല്ലാം യോഗി തന്നെ. ഏത് നിരപരാധിയെയും പിടിച്ചു ജയിലില്‍ ഇടാം. എന്തിനേറെ ഡല്‍ഹിയിലെ മുഖ്യമന്ത്രിയെയും ഉപമുഖ്യ മന്ത്രിയെയും വരെ വേട്ടയാടുന്ന, ജയിലില്‍ ഇടുന്ന കലിയുഗം. വന്നു കഴിഞ്ഞു മനുരാജ്യം അഥവാ ഹിന്ദു രാഷ്ട്രം. ജയ് ശ്രീറാം വിളിച്ചാല്‍ ഇവിടെ നിങ്ങള്‍ക്ക് ആരെയും കൊല്ലാം.