23
Apr 2023
Thu
23 Apr 2023 Thu

അഹ്‌മദ്‌ ശരീഫ് പി

ബിജെപിക്ക് ജന്മദിന സമ്മാനമായി കോൺഗ്രസിന്റ തലപ്പത്തിരുന്ന് ഇത്ര കാലവും സംഘ് കളിച്ചു കൊണ്ടിരുന്ന എ കെ ആന്റണി സ്വന്തം മകനെ തന്നെ ദാനം ചെയ്തിരിക്കുന്നു. ബിബിസി വിഷയം മുതൽ പ്രതീക്ഷിക്കുന്നതാണെങ്കിലും ആന്റണിയുടെ മിണ്ടാപ്പൂച്ച നയം ഫലം കാണുകയാണ്. ക്രിസ്തു മത വിശ്വാസികളെ കൂട്ടമായി ഇതോടെ ബിജെപിയിൽ എത്തിക്കാനാവുമത്രെ .

കോൺഗ്രസിന്റെ തലപ്പത്തിരുന്നു ഇത്ര കാലവും ആന്റണി ഭൂരിപക്ഷത്തെ അനുസരിച്ചു ന്യുനപക്ഷങ്ങൾ കഴിഞ്ഞുകൊള്ളണമെന്ന് പറഞ്ഞു നടന്നിരുന്നു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ഇതര പാർട്ടികളുമായി ധാരണ ഉണ്ടാക്കാൻ നിയോഗിക്കപ്പെട്ട കമ്മറ്റി തലവൻ ആയിട്ടും ഒന്നും ചെയ്യാതിരുന്ന, കമ്മറ്റി വിളിച്ചു കൂട്ടുക പോലും ചെയ്യാതിരുന്ന, അങ്ങനെ ബിജെപി വിജയം സുഗമമാക്കി കൊടുത്ത ആന്റണി സ്വന്തം മകനെ തന്നെ ഇപ്പോൾ കാണിക്ക വയ്ക്കുമ്പോൾ പാവം കോൺഗ്രസുകാർ മൂക്കത്തു വിരൽ വച്ചിട്ട് എന്ത് കാര്യം.

ആന്റണിക്ക് കോൺഗ്രസിനും മതേതരത്വത്തിനും ഏല്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ ആഘാതം അങ്ങോർ തന്നിരിക്കുന്നു. കോൺഗ്രസിൽ നിന്നും എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും മുഖ്യമന്ത്രി പദവിയും കേന്ദ്ര മന്ത്രിസ്ഥാനവും പുറം സ്വാധീനത്തിലൂടെ കൈക്കലാക്കി ഒടുവിൽ ചവച്ചു തുപ്പുമ്പോൾ ജനങ്ങൾ വീണ്ടും വിഡ്ഢികളായി മാറുന്നു.

എം കെ ഷഹസാദ്

ലോകത്ത് ആരുംതന്നെ സ്വാതന്ത്ര്യമനുഭവിക്കുന്നില്ല എന്ന് പറയാതെ പറയുന്ന സിനിമയാണ് വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ. കിടപ്പാടം നഷ്ടപ്പെടുകയെന്ന അസ്വാതന്ത്ര്യമനുഭവിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ പ്രതിസന്ധിയിലൂടെ മാത്രമല്ല വിടുതലൈ കടന്നുപോവുന്നത്, ഭരണകൂട മെഷിനറികളുടെ നീതിബോധം അതില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ നീതിബോധവുമായി എങ്ങനെ വൈരുധ്യത്തില്‍ വരുന്നെന്നും സിനിമ ദൃശ്യവല്‍ക്കരിക്കുന്നു.

വനമേഖലയില്‍ അനുവദിക്കപ്പെട്ട ഖനി പ്രദേശവാസികളാല്‍ ചെറുക്കപ്പെടുന്നു. പ്രദേശവാസികളെ നേരിടാന്‍ വന്‍ പോലീസ് സന്നാഹം പ്രദേശത്ത് വിന്യസിക്കപ്പെടുന്നു. അങ്ങനെ അവിടെ എത്തപ്പെടുന്ന ഒരു പോലീസ് ഡ്രൈവറുടെ അന്തസംഘര്‍ഷങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. സാധാരണ മനുഷ്യന്റെ നൈസര്‍ഗിക നീതി ബോധമാണ് പോലീസ് ഡ്രൈവറെ നയിക്കുന്നത്. ജനങ്ങളെ സേവിക്കലാണ് പോലീസുകാരന്റെ ധര്‍മമെന്ന് അയാള്‍ എങ്ങിനെയോ ധരിച്ച് വശായിപ്പോയിരുന്നു.

പുതിയ ഉത്തരവാദിത്വ കാലത്തെ ചുരുങ്ങിയ അനുഭവങ്ങളില്‍നിന്ന് പോലീസിനെ ചിട്ടപ്പെടുത്തിയിരിക്കുന്ന നീതി സങ്കല്‍പ്പത്തെ സംബന്ധിച്ച യഥാര്‍ഥ ധാരണ അയാള്‍ ആര്‍ജിക്കുന്നുണ്ട്. എന്നാല്‍ തന്റെ വ്യക്തിത്വത്തെ അടിയറവയ്ക്കാന്‍ പോലീസ് കോണ്‍സ്റ്റബിള്‍ കുമരേശന്‍ തയ്യാറാവുന്നില്ല. അയാള്‍ ഉടനീളം തനിക്ക് മേലുള്ള അധികാരത്തിന്റെ അധീശത്വത്തിനെതിരെ പോരടിക്കുന്നു. ഖനിക്കെതിരായുള്ള ജനങ്ങളുടെ പോരാട്ടത്തേക്കാള്‍ ശക്തമായ പ്രാധാന്യത്തോടെയാണ് പോലീസ് സംവിധാനങ്ങള്‍ക്കെതിരെ കുമരേശന്‍ നടത്തുന്ന ഒറ്റയാന്‍ പോരാട്ടത്തെ സിനിമ അവതരിപ്പിക്കുന്നത്. അതൊരു പോരായ്മയായി പറയപ്പെടുന്നുണ്ടെങ്കിലും ജനങ്ങളുടെ പോരാട്ടങ്ങളിലൂടെ കഥ പറയാനാണ് രണ്ടാം ഭാഗം ഉദ്ദേശിക്കുന്നത് എന്ന് വ്യംഗ്യമായി സൂചിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്.

സാങ്കേതികമായി സിനിമ മികച്ചുനില്‍ക്കുന്നുണ്ടെങ്കിലും തുടക്കത്തിലെ ട്രെയിന്‍ അട്ടിമറിയും അവസാനത്തെ പോലീസ് ആക്ഷനും ഒരല്‍പ്പം നീണ്ടുപോയോ എന്ന ചോദ്യം സിനിമ അവശേഷിപ്പിക്കുന്നുണ്ട്. നാടകീയത ചോര്‍ന്നുപോയോ എന്ന ആശങ്കയും പങ്കുവയ്ക്കപ്പെട്ടതായി കണ്ടു. ഇതിലെല്ലാം ഉപരി പോരാട്ടങ്ങളെ കേന്ദ്രബിന്ദുവാക്കുന്ന ഒരു സിനിമ പുതുതലമുറയുടെ മനസ്സിനെ എത്രത്തോളം അലട്ടുമെന്ന വ്യഥയും സിനിമ കണ്ടിറങ്ങിയ ചിലര്‍ പങ്കുവയ്ക്കുകയുണ്ടായി. സിനിമയുടെ ഉള്ളടക്കം ഒറ്റപ്പെട്ട പോരാട്ടത്തിന്റെ കാലഹരണപ്പെട്ട പാതയിലേക്ക് പുതുതലമുറയെ ആട്ടിയോടിക്കുമെന്നും കൂട്ടായ ജനകീയ പോരാട്ടമെന്ന ആധുനിക സങ്കല്‍പ്പത്തെ നിരാകരിക്കുന്നെന്ന വാദവുമുണ്ട്. സാധുവാണ് എല്ലാ വാദങ്ങളും.

സിനിമ ഒരു ഉല്ലാസ ഉപാധിയായി മാറുന്ന കാലത്ത് സമൂഹത്തിലേക്ക് കണ്ണും കാതും തുറന്ന് വയ്ക്കാനും മനുഷ്യന്റെ യാതനകളെ തിരിച്ചറിയാനും കാഴ്ചക്കാരനോട് ആവശ്യപ്പെടുന്ന സിനിമയാണ് വിടുതലൈ. സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഏതൊരാളും കാണേണ്ട സിനിമതന്നെയാണിത്. സ്വാതന്ത്ര്യത്തിലേക്കുള്ള മാര്‍ഗത്തെ സംബന്ധിച്ച് വ്യത്യസ്തമായ ധാരണകള്‍ ഉണ്ടെന്നു മനസ്സിലാക്കൽ കാഴ്ചക്കാരനില്‍ ജനിപ്പിക്കാന്‍ ഈ സിനിമാ കാഴ്ച സഹായിക്കുമെന്ന് തോന്നുന്നു. അത് പോലും മുന്നോട്ടുള്ള ഒരു ചുവടുവയ്പു തന്നെയാണ് ഇന്ന്.

എന്‍ കെ ബിജു എഴുതുന്നു

സംഘ പുത്രന്മാരെല്ലാം പൂര്‍വാധികം ശക്തിയോടെ ‘വീര’സവര്‍ക്കറുടെ വീരസ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്. ഇതാകുമ്പോള്‍ തടിക്കു കേടില്ല. എത്ര ചര്‍ച്ച ചെയ്താലും നഷ്ടപ്പെടാന്‍ ഒന്നുമില്ല!. ചര്‍ച്ചകളില്‍ തോറ്റു പോയാലും സവര്‍ക്കര്‍ മാപ്പെഴുതി എന്ന ദുഷ്‌പ്പേര് തുടരും എന്നേയുള്ളു. നഷ്ടമൊന്നുമില്ല. എങ്ങാനും എതിരാളിയുടെ ദൗര്‍ബല്യം മൂലം ജയിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടം തന്നെയാണ്.

എന്നാല്‍, അദാനിയും മോദിയും തമ്മിലെന്താണ് ഇത്ര ബന്ധം? അദാനിയുടെ ഷെല്‍ കമ്പനിയിലെ 20,000 കോടി നിക്ഷേപം എവിടെ നിന്ന് ? അദാനിയുടെ ഷെല്‍ കമ്പനിയില്‍ ഷെയറുള്ള ചൈനീസ് പൗരന്‍ ആര്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വന്നാല്‍ ? …….ന്റമ്മോ ! തോറ്റു നാണം കെട്ടു പുറത്തിറങ്ങാന്‍ പറ്റാതാകും. രാഷ്ട്രീയമായി വലിയ തിരിച്ചടിയുമാകും.

വിഷയം സവര്‍ക്കറാകുമ്പോള്‍ കുഴപ്പമില്ല. നാട്ടുകാര്‍ക്ക് അധികം ചരിത്രമറിയില്ല എന്ന ഒരു സൗകര്യമുണ്ട്. എന്ത് വേണമെങ്കിലും തട്ടി വിടാം. നെഹ്‌റുവിനെ ചീത്തവിളിക്കാം. അതുവഴി രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കാം. സംഘപരിവാര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു എന്ന് കുറച്ചുപേരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാം. അങ്ങനെ നേട്ടങ്ങള്‍ പലതാണ്.

സവര്‍ക്കര്‍ ഒരു വിപ്ലവകാരി ആയിരുന്നു. സംശയമില്ല. മിത്രമേള, അഭിനവ് ഭാരത് സഭ എന്നീ സംഘടനകളുടെ സ്ഥാപകനായിരുന്നു. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ സംബന്ധിച്ച് അദ്ദേഹം രചിച്ച പുസ്തകം വിപ്ലവകാരികള്‍ക്ക് വളരെയേറെ സ്വീകാര്യമായിരുന്നു. അതില്‍ ഹിന്ദു മുസ് ലിം ഐക്യത്തിന്റെ പ്രാധാന്യം വളരെ വ്യക്തമായി ചൂണ്ടിക്കാണിച്ചിരുന്നു. അന്നദ്ദേഹം മുസ് ലിം വിരുദ്ധനായിരുന്നില്ല. ധാരാളം അനുയായികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

കഴ്‌സണ്‍ വില്ലി എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ മദന്‍ലാല്‍ ധിംഗ്ര അദ്ദേഹത്തിന്റെ അനുയായി ആയിരുന്നു. ബ്രിട്ടീഷ് ജഡ്ജിയും നാസിക് കലക്ടറുമായിരുന്ന ജാക്‌സണ്‍ എന്നയാളെ ആനന്ദ് ലക്ഷ്മണ്‍ കാന്‍ഹരേ എന്ന ഇന്ത്യന്‍ യുവാവ് വെടിവച്ച് കൊലപ്പെടുത്തിയത് സവര്‍ക്കര്‍ ഇംഗ്ലണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് അയച്ച 20 തോക്കുകളിലൊന്ന് ഉപയോഗിച്ചായിരുന്നു എന്ന് ബ്രിട്ടീഷ് പൊലീസ് മനസ്സിലാക്കി. സവര്‍ക്കരെ പൊലീസ് അറസ്റ്റ് ചെയ്ത്, വിചാരണ ചെയ്ത് 50 വര്‍ഷം ആന്തമാനിലേക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

1910 വരെയാണ് അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തികഞ്ഞ ബ്രാഹ്‌മണനായ അദ്ദേഹം ഒരാളെ പോലും സ്വന്തം കൈ കൊണ്ട് കൊന്നിട്ടില്ല. ജയിലിലായ ശേഷം അദ്ദേഹം പലപ്പോഴായി 6 മാപ്പ് അപേക്ഷകള്‍ ബ്രിട്ടീഷ് സര്‍ക്കാരിന് അയച്ചു. അവയില്‍ ചിലത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. 9 വര്‍ഷം 8 മാസം അന്തമാനിലും തുടര്‍ന്ന് 1924 വരെ ഇന്ത്യന്‍ ജയിലിലും പിന്നീട് വീട്ടുതടങ്കലിലും ശേഷം ജില്ല വിട്ടു പോകരുത് എന്ന വ്യവസ്ഥയിലും ജീവിച്ചു. 1936 – ല്‍ പൂര്‍ണ മോചനം. അദ്ദേഹം എഴുതിയത് മാപ്പപേക്ഷകളല്ല, ദയാഹരജികളാണ് എന്ന് സംഘ പരിവാര്‍ പറയുന്നു.

‘ബ്രിട്ടീഷ് രാജാവായ പിതാവിന്റെ വാതായനങ്ങളില്ലല്ലാതെ മറ്റെവിടെയാണ് മുടിയനായ ഈ പുത്രന് അഭയം പ്രാപിക്കാന്‍ കഴിയുക !’ എന്നു പറഞ്ഞു കൊണ്ടാണ് ഒരു ഹരജി അവസാനിക്കുന്നത്. ബൈബിള്‍ വാക്യം ഓര്‍മിപ്പിച്ച്, ക്രിസ്ത്യാനിയായ സായിപ്പിനെ സ്വാധീനിക്കാനുള്ള ‘തന്ത്രം’ എന്ന നിലയിലാണെങ്കിലും സ്വയം മുടിയനായ പുത്രനെന്നും സായിപ്പിനെ പിതാവെന്നും അദ്ദേഹം അഭിസംബോധനം ചെയ്തു. രാജ്യ സ്‌നേഹികളായ പോരാളികളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിക്കൊണ്ടിരുന്ന ബ്രിട്ടീഷ് ഭരണാധികാരിയെ അങ്ങനെ അഭിസംബോധനം ചെയ്ത മറ്റൊരു വിപ്ലവകാരിയുമുണ്ടാവില്ല.

അതൊക്കെ അദ്ദേഹത്തിന്റെ താല്പര്യം. ആരും എതിര്‍ക്കേണ്ട കാര്യമില്ല. ദേശീയ പ്രസ്ഥാനത്തില്‍ വിപ്ലവ പാത ഉപേക്ഷിച്ചവര്‍, മാപ്പപേക്ഷിച്ച് മോചിതരായവര്‍ പലരുമുണ്ട്. അവരെ ആരെയും ആളുകള്‍ ആക്ഷേപിക്കാറില്ല. അതിന്റെ ആവശ്യവുമില്ല. പക്ഷേ സവര്‍ക്കറെ വിമര്‍ശിക്കുന്നു! എന്തുകൊണ്ട്? അദ്ദേഹത്തെ സംഘപരിവാര്‍ ബദല്‍ രാഷ്ട്ര പിതാവായി അവരോധിക്കുന്നു.! അതുകൊണ്ടു മാത്രമാണ് അദ്ദേഹം വിമര്‍ശിക്കപ്പെടുന്നത്.

മാപ്പ് അപേക്ഷകളില്‍ , സ്വന്തം തെറ്റുകള്‍ ബോധ്യപ്പെട്ടതായി അദ്ദേഹം പറയുന്നു. അദ്ദേഹത്തെ മോചിപ്പിച്ചാല്‍ അദ്ദേഹത്തെ മാതൃകയാക്കി സ്വാതന്ത്ര്യ സമരത്തില്‍ ഏര്‍പ്പെടുന്നവരെ പിന്തിരിപ്പിച്ച് ബ്രിട്ടീഷ് അനുകൂലികളാക്കാം എന്നുമദ്ദേഹം പറയുന്നു.! ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ വിധേയനായി കഴിഞ്ഞു കൊള്ളാം എന്നും ഉറപ്പു നല്‍കുന്നു. അത് അദ്ദേഹം അക്ഷരം പ്രതി പാലിക്കുകയും ചെയ്തു.
(സചീന്ദ്രനാഥ് സന്യാല്‍ എന്ന വിപ്ലവകാരി ആന്തമാനിലേക്ക് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ദയാഹരജി നല്‍കി മോചനം നേടിയ ശേഷം വീണ്ടും സ്വാതന്ത്ര്യ സമരം തുടര്‍ന്നു. രണ്ടാമതും അദ്ദേഹം ആന്റമാനിലേയ്ക്ക് അയയ്ക്കപ്പെട്ടു. ഒടുവില്‍ ക്ഷയരോഗ ബാധയെ തുടര്‍ന്ന് ഇന്ത്യന്‍ ജയിലിലേക്ക് മാറ്റി. ജയിലില്‍ വച്ച് മരിച്ചു. ഇങ്ങനെയുള്ള വിപ്ലവകാരികള്‍ ഇവിടെ ഉണ്ടായിരുന്നു.)

തന്റെ അനുയായികളെ ബ്രിട്ടീഷ് അനുകൂലികളാക്കാന്‍ സവര്‍ക്കര്‍ക്ക് കഴിഞ്ഞത് ‘ഹിന്ദുത്വ ‘ എന്ന ആശയത്തിലൂടെയാണ്. ദേശീയത മതാടിസ്ഥാനത്തിലാണെന്നും രാഷ്ട്ര സ്വാതന്ത്ര്യം ബ്രിട്ടീഷ് വിരുദ്ധ സമരത്തിലൂടെയല്ല നേടേണ്ടതെന്നും ഇതര മതങ്ങളെ തുരത്തുന്നതിലൂടെയേ യഥാര്‍ത്ഥ സ്വാതന്ത്ര്യം നേടാന്‍ കഴിയൂ എന്നുമദ്ദേഹം അവരെ പഠിപ്പിച്ചു. പിന്നീട് ഒരിക്കല്‍ പോലും സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ നിരന്തരം ഹിന്ദുത്വ എന്ന വര്‍ഗീയ ആശയം പ്രചരിപ്പിച്ച് ഹിന്ദു മുസ് ലിം വൈരം വളര്‍ത്തി ബ്രിട്ടീഷുകാരെ സഹായിച്ചു കൊണ്ടിരുന്നു.

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഹിന്ദു യുവാക്കളോട് ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാന്‍ ആഹ്വാനം ചെയ്തു. ബ്രിട്ടീഷ് സര്‍ക്കാരിനോട് പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രവിശ്യാ ഭരണത്തില്‍ നിന്ന് രാജിവച്ച് സമരം ചെയ്തപ്പോള്‍ സവര്‍ക്കറുടെ നേതൃത്വത്തില്‍ ഹിന്ദു മഹാസഭ മുസ് ലിം ലീഗുമായി ചേര്‍ന്ന് പ്രവിശ്യാ ഭരണം പങ്കുവച്ച് ആസ്വദിച്ചു. (1939 ല്‍ ലീഗ് പാകിസ്താന്‍ വാദം ഉന്നയിച്ചതിനു ശേഷമാണ് ഇത് എന്നോര്‍ക്കണം. സിന്ധ് പ്രവിശ്യയില്‍ ലീഗ് പാകിസ്താന്‍ വാദം ഉന്നയിച്ച് പ്രമേയം പാസാക്കിയിട്ടും ആ ബന്ധം ഉലഞ്ഞില്ല.)

ബംഗാള്‍ പ്രവിശ്യയില്‍ ലീഗ് നേതാവ് ഫസല്‍ ഉള്‍ ഹഖ് മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ ശ്യാമപ്രസാദ് മുഖര്‍ജി ഉപമുഖ്യമന്ത്രിയായി ഭരണം നടത്തി. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് കൂട്ടുനിന്നു. സിപി രാമസ്വാമി അയ്യര്‍ ഇന്ത്യന്‍ യൂനിയനില്‍ ചേരാതെ സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപിച്ചപ്പോള്‍ സവര്‍ക്കര്‍ അതിനെ പിന്തുണച്ച് ടെലഗ്രാം ചെയ്തു. കശ്മീര്‍ രാജാവ് ഹരിസിംഗിനെ സവര്‍ക്കറും ഗോള്‍വാള്‍ക്കറും ഒരുമിച്ച് നേരില്‍ ചെന്ന് കണ്ട് ഇന്ത്യന്‍ യൂനിയനില്‍ ചേരരുത് എന്ന് ഉപദേശിച്ചു. ഒരു ജനാധിപത്യ റിപബ്ലിക്കായി ഇന്ത്യ രൂപപ്പെടുന്നതിനെ തടയാന്‍ കഴിയുന്നതൊക്കെ ചെയ്തു. രാഷ്ട്ര പിതാവാകാന്‍ ‘യോഗ്യത’ ഇതൊക്കെ പോരെ?.

എം കെ ഷഹസാദ് എഴുതുന്നു

” ചിന്തയുടെ ഘടനയെ (Cognitive Architecture) മനസിലാക്കാതെയുള്ള പഠനം അന്ധമാണ്. ” -ജോൺ സ്വെല്ലർ (കൊഗ്‌നിറ്റീവ് ലോഡ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്)

വിജ്ഞാനത്തെ സംബന്ധിച്ച ധാരണകൾ, മറ്റേതൊരു വിഷയത്തിലുമെന്നപോലെ നിരന്തരമായ മാറ്റത്തിന് വിധേയമാണ്. ജ്ഞാനത്തെ സംബന്ധിച്ച ധാരണകൾ മാറുന്നതിനൊപ്പം പഠന-ബോധന പ്രക്രിയകളിലും ഉള്ളടക്കത്തിലുമൊക്കെ മാറ്റം വരുത്തേണ്ടത് അനിവാര്യമായി വരും. ഇത്തരം മാറ്റങ്ങളെ വിദ്യാലയങ്ങളിലേക്കും കലാലയങ്ങളിലേക്കും എത്തിക്കലാണ് വിദ്യാഭ്യാസ നയനിർമിതാക്കളുടെ ദൗത്യം. എന്നാൽ ദേശീയ വിദ്യാഭ്യാസ നയം-2020 വിജ്ഞാനത്തെ സംബന്ധിച്ച ആധുനിക ധാരണകളെ അംഗീകരിക്കുന്നില്ല, അതിനാൽതന്നെ ഒട്ടുമേ ആധുനികവുമല്ല എൻ.ഇ.പി-2020 മുന്നോട്ടുവയ്ക്കുന്ന പഠന-ബോധന രീതികളും.

സ്വാഭാവികമോ കൃത്രിമമോ ആയ പരീക്ഷണങ്ങളിലൂടെയും നിരന്തര നിരീക്ഷണങ്ങളിലൂടേയും വിവിധ തലങ്ങളിലെ പരിശോധനകളിലൂടെയുമാണ് മനുഷ്യൻ ജ്ഞാനം ആർജിക്കുന്നതെന്ന കാഴ്ചപ്പാടാണ് ആധുനിക ശാസ്ത്രം മുന്നോട്ടുവയ്ക്കുന്നത്. നിലനിൽപ്പിനായി പരിണാമപരമായി കൈമാറ്റം ചെയ്യപ്പെട്ട സഹജ വാസനയ്ക്ക് തത്തുല്യമായ ചില വിവരങ്ങളുമായാണ് (അങ്ങനെ വിളിക്കാമെങ്കിൽ) ഒരു മനുഷ്യശിശു ജനിക്കുന്നത്. സമൂഹം അന്നുവരെ ആർജിച്ച മറ്റെല്ലാ ധാരണകളും കുട്ടി ചുറ്റുപാടുമായി പ്രതിപ്രവർത്തിച്ചും വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമായും ആർജിക്കുന്നതാണ്. എന്നാൽ ജ്ഞാനം ഓരോ വ്യക്തിയിലും കൂടികൊള്ളുന്നുണ്ടെന്നും ആ ജ്ഞാനത്തെ പൂർണതയിലെത്തിക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം എന്ന അടിസ്ഥാന കാഴ്ചപ്പാടിൽ നിന്നാണ് ദേശീയ വിദ്യാഭ്യാസ നയം (NEP)-2020 പഠന-ബോധന സമീപനങ്ങൾ വികസിപ്പിച്ചിട്ടുള്ളത്(NEP മലയാളം, പേജ്15).

‘ ജ്ഞാനം ഓരോ വ്യക്തിയിലും അന്തർലീനമാണ് എന്നതിനാലാവാം ‘ പഠനം, അന്വേഷണാത്മകവും കണ്ടെത്തലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതും പരീക്ഷണാത്മകവും പഠിക്കാൻ പഠിപ്പിക്കുന്നതും, ഉള്ളടക്കത്തേക്കാൾ വിമർശന ചിന്തയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശേഷി നൽകുന്നതായിരിക്കണമെന്ന ആശയം NEP 2020 മുന്നോട്ടുവയ്ക്കുന്നു. (NEP മലയാളം, പേജ് 15) പാഠ്യപദ്ധതിയുടെ ഉള്ളടക്കം ഓരോ വിഷയത്തിലും അതിന്റെ പ്രധാന സാരാംശങ്ങളിലേക്ക് ചുരുക്കുമെന്നും പഠിതാവിൽ കേന്ദ്രീകരിക്കുകയും ചർച്ചകളിൽ ഊന്നുകയും ചെയ്യുമെന്നും ആസ്വാദ്യകരമാക്കുമെന്നും NEP 2020 പറയുന്നു. അതിനായി പ്രായോഗികതയിൽ ഊന്നിയ പ്രവൃത്തി പരിചയത്തിലൂടെയുള്ള പഠനം, കഥ പറച്ചിലൂടെയുള്ള പോലുള്ള ബോധന മാർഗങ്ങൾ അവലംബിക്കുകയും ചെയ്യും. (NEP മലയാളം, പേജ് 15). കുട്ടിയെ പരമാവധി പഠിപ്പിക്കാതിരിക്കുകയാണ് എൻ.ഇ.പി 2020 മുന്നോട്ടുവെക്കുന്ന സമീപനമെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ?

മേൽപ്പറഞ്ഞ കാഴ്ചപ്പാടുകളൊന്നും നമ്മുക്ക് പുതിയതല്ല. 1996ൽ തന്നെ യുനെസ്കോ Learning the treasure within എന്ന സങ്കൽപ്പം അവതരിപ്പിച്ചിരുന്നു. 1997 മുതൽ വിമർശനാത്മക ബോധനമെന്ന പേരിൽ കേരളത്തിലെ പാഠ്യപദ്ധതിയിൽ കൊണ്ടുവന്ന മാറ്റങ്ങളൊക്കെയും ഈ ആശയം അനുസരിച്ചുള്ളതായിരുന്നു. ‘ അറിവ് നിർമിച്ചെടുക്കുന്നതിനും സമൂഹത്തിൽ വിനിമയം ചെയ്യുന്നതിനും വിദ്യാഭ്യാസത്തിലൂടെ കഴിവ് ആർജിക്കേണ്ടതുണ്ട്… ‘ (കേരള കരിക്കുലം ചട്ടക്കൂട് KCF 2007, പേജ് 11), വിദ്യാഭ്യാസം, വിമർശനാത്മക പഠനത്തെ പരിപോഷിപ്പിക്കുന്നതായിരിക്കണമെന്നും KCF 2007 വിശദീകരിക്കുന്നു. 1993ൽ അവതരിപ്പിക്കപ്പെട്ട യശ്പാൽ കമ്മിറ്റി റിപ്പോർട്ടിന്റെ തലക്കെട്ട് തന്നെ : ഭാരമില്ലാത്ത പഠനം ‘ എന്നായിരുന്നു. ടെക്സ്റ്റ് പുസ്തകങ്ങളുടെ വികേന്ദ്രീകൃതമായ രൂപവൽക്കരണം വഴി ഉള്ളടക്കത്തിന്റെ ഭാരം കുറയ്ക്കാമെന്ന നിർദേശം മുന്നോട്ടുവെക്കപ്പെട്ടു. സമാനമായ കാഴ്ചപ്പാടുകൾ തന്നേയാണ് NEP 2020യും അവതരിപ്പിച്ചിട്ടുള്ളത്.

ജ്ഞാനം വ്യക്തിയിൽ അന്തർലീനമാണ് എന്ന് പറഞ്ഞ് തുടങ്ങുന്നത് മുതൽ ആരംഭിക്കുന്നു എൻ.ഇ.പി 2020ലെ അശാസ്ത്രീയത. കേൾക്കാൻ സുഖമുള്ള വാദമാണിത്. പക്ഷേ, ജ്ഞാനം അഥവാ ആശയം സ്വതന്ത്രമായി നിലനിൽക്കുന്നെന്ന കാഴ്ചപ്പാട് അറുപഴഞ്ചനും അശാസ്ത്രീയവുമാണ്. ആധുനിക വിദ്യാഭ്യാസം പ്രകൃതിയുടേയും സമൂഹത്തിന്റേയും തുറസ്സിലേക്ക് പഠിതാവിനെ ആനയിക്കുമ്പോൾ വ്യക്തിയിൽ അന്തർലീനമായ ജ്ഞാനത്തെ തിരയുന്നവർ തന്നിൽതന്നെ ഒടുങ്ങുന്നു. പഠിതാവിന്റെ ചിന്ത പരിപൂർണമായും വ്യക്തിയിലും അയാളുടെ മാത്രം ആനന്ദങ്ങളിലും കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു.

NEP 2020 മുന്നോട്ടുവയ്ക്കുന്ന അന്വേഷണാത്മകവും കണ്ടെത്തലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതും പരീക്ഷണാത്മകവും പഠിക്കാൻ പഠിപ്പിക്കുന്നതും, ഉള്ളടക്കത്തേക്കാൾ വിമർശന ചിന്തയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശേഷി നൽകുന്നതായിരിക്കണം വിദ്യാഭ്യാസം എന്നുതുടങ്ങിയ ആശയങ്ങൾ കുറഞ്ഞ ഉള്ളടക്കത്തിലേക്കുള്ള പരിവർത്തനം (minimal guidance approach) പലപേരിലുള്ള അവതരണങ്ങൾ മാത്രമാണ്. കണ്ടെത്തിയുള്ള പഠനം എന്ന പേരിൽ 1961ൽ ജെറോം ബെർണറും 1973ൽ ഡൗ.എസ് ആന്റണിയും പ്രശ്നോന്നിത പഠനമെന്ന പേരിൽ എച്ച്. സ്കിമിഡിറ്റും, 1980ൽ ഡാംബ്ലിൻ.ആർ.എമ്മും, അന്വേഷണത്മക പഠനമെന്ന പേരിൽ 1964ൽ എഫ്.ജെ റുഥർഫോർഡും 1980ൽ സെയ്മോർ പപേർട്ടും പരീക്ഷണാത്മക പഠനമെന്ന പേരിൽ 1975ൽ ഡി.എ കോൽബും ആർ ഫ്രേയും മുന്നോട്ടുവെച്ച ആശയങ്ങൾ, നിർമിതി പഠനം (constructivist learning) എന്ന പേരിൽ ഡി.എച്ച്. ജൊനാസനും 1995ൽ എൽ.പി.സ്റ്റെഫെയും ജെ.ഇ.ഖാലേയും മുന്നോട്ടുവെച്ച ആശയങ്ങൾ എല്ലാം ഈ ഗണത്തിൽപ്പെടുന്നു. ഇവയെല്ലാം ഒരേ ആശയമാണ് മുന്നോട്ടുവെക്കുന്നത്. അറിവ് കൈമാണ്ടേതില്ല എന്ന ആശയം. എന്തെങ്കിലും തെളിവുകളുടെ പിൻബലത്തിലേയല്ല ഈ സിദ്ധാന്തം നിലനിൽക്കുന്നത് എന്നിരുന്നിട്ടും 90കൾക്ക് ശേഷം ലോകം മുഴുവൻ വിദ്യാഭ്യാസ മണ്ഡലത്തിൽ നടപ്പിലാക്കപ്പെട്ട പഠന-ബോധന സിദ്ധാന്തമാണ് സാമൂഹ്യ ജ്ഞാന നിർമിതിവാദം. NEP 2020യും സാമൂഹ്യ നിർമിതിവാദം തന്നെയാണ് നടപ്പിലാക്കുന്നതും.

സാമൂഹ്യ ജ്ഞാനനിർമിതിവാദം

സോഷ്യോളജിയെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാനസംബന്ധിയായ സിദ്ധാന്തമാണ് സാമൂഹ്യ ജ്ഞാനനിർമിതിവാദം. വിദ്യാർത്ഥികളുടെ ഗ്രൂപ്പിലെ അംഗങ്ങളുമായി ഭാഷയിലൂടെ കൊടുക്കൽ വാങ്ങലിലൂടെയും മുൻ ധാരണകളുടേയും അടിസ്ഥാനത്തിൽ പഠിക്കുന്നതിനേയാണ് സാമൂഹ്യ ജ്ഞാനനിർമിതിവാദം കൊണ്ടുദ്ദേശിക്കുന്നത്. ഗ്രൂപ്പിലെ അംഗമായ വിദ്യാർത്ഥി ഭാഷയിലൂടെ തന്റെ അനുഭവങ്ങൾ പങ്ക് വയ്ക്കുന്നതിലൂടെ മറ്റ് ഗ്രൂപ്പംഗങ്ങൾ അറിവ് സൃഷ്ടിക്കുന്നു എന്ന സങ്കൽപ്പമാണ് ജ്ഞാന നിർമിതിവാദം മുന്നോട്ടുവയ്ക്കുന്നത്. ജ്ഞാനം നിർമിക്കാൻ അദ്ധ്യാപകന്റെ ആവശ്യമില്ല, വിവരമുള്ള സമപ്രായക്കാരൻ പോലും മതിയാവും ഗ്രൂപ്പിലെ മറ്റംഗങ്ങളെ ജ്ഞാനികളാക്കി മാറ്റാൻ. ഇനി അദ്ധ്യാപകൻ ഉണ്ടെങ്കിൽപ്പോലും അയാൾ സഹായിയോ മാർഗദർശിയോ മാത്രമാണ്, പഠിപ്പിക്കില്ല. ഇതാണ് ജ്ഞാനനിർമിതി വാദത്തിന്റെ അദ്ധ്യാപകനെ സംബന്ധിച്ച സങ്കൽപ്പം.സാമൂഹ്യ ജ്ഞാനനിർമിതിവാദത്തെ അടിസ്ഥാനപ്പെടുത്തി ബോധന രീതി പഠിതാവിനെ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നേയില്ല. ചുരുങ്ങിയ മാർഗനിർദേശങ്ങളെയും പഠിപ്പിക്കലിനേയും മാത്രം അടിസ്ഥാനപ്പെടുത്തി പഠിതാവ് ഉത്തരത്തിലേക്ക് സ്വയം എത്തിച്ചേരുന്നത് കൂടുതൽ മനസിലാക്കുന്നതിന് സഹായിക്കും എന്നാണ് ജ്ഞാനനിർമിതിവാദക്കാരുടെ പക്ഷം. എങ്ങനെ ജ്ഞാനം സൃഷ്ടിക്കാമെന്നാണ് പഠിതാവ് പഠിക്കേണ്ടതെന്നും അതിനായി വ്യക്തമായ ബോധനരീതികൾ ഒഴിവാക്കണമെന്നും അവർ വാദിക്കുന്നു.

പുതിയ പഠന രീതി രണ്ട് പ്രധാന അനുമാനങ്ങളിലാണ് നിലകൊള്ളുന്നത്. ആധികാരികമായ ചോദ്യങ്ങൾക്ക് ഉത്തരം തേടാനോ സങ്കീർണ ജ്ഞാനം ആർജിക്കാനോ വിദ്യാർത്ഥികളെ വെല്ലുവിളിക്കുകയാണ് പുതിയ പഠനരീതി ചെയ്യുന്നത്. വിവരങ്ങൾക്കൊണ്ട് സമ്പന്നമായ ചുറ്റുപാടിൽ നിന്ന് പഠിതാക്കൾ സ്വന്തം പരിഹാരങ്ങളിലേക്ക് എത്തിച്ചേരുമെന്നും അത് ഏറ്റവും ഫലപ്രദമായ പഠനാനുഭവമാണെന്നും പറയുന്നു. രണ്ടാമതയി അനുഭവത്തിലൂടെ ജ്ഞാനം ആർജിക്കുന്നതാണ് നല്ലത് എന്നും പുതിയ പഠന രീതി കരുതുന്നു. (എ.ക്രിഷ്ചിനർ,1992).

ദൗത്യങ്ങൾ നൽകി അതിൻമേൽ സ്വയം അന്വേഷിച്ചും പ്രയോഗിച്ചുമാണ് പഠിതാവ് പഠിക്കേണ്ടതെന്നും അതാണ് സ്വാഭാവികമെന്നും പുതിയ പഠനരീതിയുടെ വക്താക്കൾ പറയുന്നു. പഠിപ്പിക്കുന്നത് സ്വാഭാവിക പഠന പ്രക്രിയയ്ക്ക് തടസം നിൽക്കുന്നെന്നും അവർ വാദിക്കുന്നു. (1992, ബേർൺസ്റ്റൈയിൻ, പെന്നർ, ക്ലർക്ക് – സ്റ്റിവാർട്ട്, വിക്കൻസ്, 2003 എന്നിവരുടെ പഠനങ്ങളിൽ നിന്ന്) വൻതോതിലുള്ള മാർഗനിർദേശം ചിലപ്പോൾ അനുശീലന സമയങ്ങളിൽ മികച്ച പ്രകടനത്തിന് കാരണമായേക്കാമെങ്കിലും അമിതമായ മാർഗദർശിത്വം ഭാവിയിലുള്ള പ്രകടനത്തെ ബാധിക്കും. ഉദാഹരണത്തിന്, ഗണിതത്തിലെ ശരിയായ ഉത്തരം വിദ്യാർത്ഥിയെ പഠിപ്പിച്ചെടുത്താൽ പിന്നീട് കൃത്യമായ ഓർമയെ തിരിച്ച് വിളിക്കാൻ അത് തടസമാവും എന്നാണ് പുതിയ പഠനരീതിയുടെ വക്താക്കളുടെ വാദം. (വിക്കെൻസ്, പേജ് 212)

പഠനം വ്യക്തിപരമാണെന്നും പൊതുവായ ബോധന മാർഗങ്ങൾ പ്രായോഗികമല്ല എന്ന വാദം ശരിയാണെങ്കിലും പുതിയ പഠനരീതിയ്ക്ക് ഏറെ പിഴവുകളുണ്ട്. പഠിതാവ് തേടിക്കണ്ടെത്തുന്ന അറിവിന് പഠിപ്പിക്കലിലൂടെ നേടുന്ന അറിവിനേക്കാൾ ഗുണം കൂടുതലാണെന്ന വാദത്തിന് തെളിവുകളൊന്നുമില്ല. മാത്രമല്ല 2004ൽ ഡേവിഡ് ക്ലഹറും മെലീന നിഗവും ചേർന്ന് എത്തിച്ചേർന്ന നിഗമനങ്ങൾ തീർത്തും വിപരീതമായ ദിശയിലുള്ളതാണ്. പഠിതാവ് സ്വയമേവ തേടി കണ്ടെത്തുന്ന ശാസ്ത്ര തത്ത്വങ്ങൾക്ക് വ്യക്തമായ ബോധനത്തിലൂടെ പഠിപ്പിക്കപ്പെട്ട അറിവിനേക്കാൾ മേന്മയൊന്നുമില്ലെന്ന് ശാസ്ത്ര വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ പഠനങ്ങളിലൂടെ അവർ തെളിയിച്ചു. ഒറ്റ വ്യത്യാസം മാത്രമേയുള്ളു. ജ്ഞാനനിർമിതിവാദ പ്രകാരമുള്ള പഠന പ്രക്രിയയിൽ ഒരേ സമയം ഏർപ്പെടാനാവുക ചെറിയ ഒരു ഗ്രൂപ്പിന് മാത്രമാണ്. അവരാണെങ്കിലോ പഠിക്കാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യുന്നെന്നും ക്ലഹറും നിഗവും ചേർന്ന് കണ്ടെത്തുകയുണ്ടായി.

1986ൽ ഹാർഡിമാനും പൊളാറ്റ്സേക്കും ചേർന്ന് നടത്തിയ പഠനങ്ങളും 1994ൽ ബ്രൗണും കമ്പൊയിനും നടത്തിയ പഠനങ്ങളും പൂർണമായും കണ്ടെത്തൽ രീതിയെ അടിസ്ഥാനമാക്കിയും മിനിമൽ ഫീഡ്ബാക്കിൽ ഊന്നിയും നടക്കുന്ന ശാസ്ത്ര പഠനത്തിന്റെ പരിമിതി വിശദീകരിക്കുന്നുണ്ട്. പഠിതാക്കൾ ഉത്തരം കണ്ടെത്താൻ സാധിക്കാതെ നിരാശരാവുന്നെന്നും ആശയക്കുഴപ്പങ്ങൾ തെറ്റായ ധാരണകളിലേക്ക് നയിക്കുന്നെന്നും കണ്ടെത്തി. സങ്കീർണമായ ചോദ്യങ്ങൾ, മാർഗദർശനങ്ങൾ കൂടാതെ സ്വയം അന്വേഷിക്കാൻ പഠിതാവിൽ ചുമതലപ്പെടുത്തുന്നതും സ്വതന്ത്ര അന്വേഷണത്തിന് വിട്ടുകൊടുക്കുന്നതും താൽക്കാലിക ഓർമ്മയ്ക്ക് അമിതഭാരം നൽകുന്നെന്നും പഠനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും കൊഗ്നിറ്റീവ് ലോഡ് സിദ്ധാന്തം കണ്ടെത്തുന്നുണ്ട്. (മായർ 2001; പാസ്, റെൻകൽ, സ്വെല്ലർ, 2003, 2004; 1999 ; 2004; വിൻ, 2003). 1999ൽ ഡ്യുവിനും സ്വെല്ലറും നടത്തിയ പഠനങ്ങളും സമാനമായ നിഗമനങ്ങളിലേക്കാണെത്തിച്ചേർന്നത്. വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം നേരത്തെ ഉത്തരം കണ്ടെത്തിയ ചോദ്യങ്ങൾ ആവർത്തിച്ച് പഠിക്കുന്നതാണ് ഉത്തമമെന്നും അവർ കണ്ടെത്തി. എന്നാൽ പ്രാഗത്ഭ്യം നേടിയവരെ സംബന്ധിച്ചിടത്തോളം കൃത്യമായ മാർഗനിർദേശത്തോട് കൂടിയതും അല്ലാത്തതുമായ പഠനം ഒരുപോലെ ഗുണപ്രദമാണ് താനും. എന്നാൽ ഒരാളെ പ്രാഗത്ഭ്യത്തിലേക്ക് നയിക്കാൻ കൃത്യമായ മാർഗ നിർദേശവും അനിവാര്യമാണ്. പഠിതാവ് നിലവിലെ അറിവിലും വിജ്ഞാനത്തിലും മികച്ച ധാരണ രൂപീകരിച്ചേ മതിയാവൂ. ആ പഠനം ജ്ഞാനത്തെ ദീർഘകാല ഓർമയിൽ സമാഹരിക്കാനും ആവശ്യമുള്ളപ്പോഴൊക്കെ തിരിച്ച് വിളിക്കാനും പഠിതാവിനെ സഹായിക്കുന്നു. ഇത് തീരുമാനങ്ങളെടുക്കാനുള്ള ശേഷി വർധിപ്പിക്കുന്നു. ജോൺ സ്വെല്ലറും ഗ്രഹാം കൂപ്പറും 1985ൽ തന്നെ സമാനമായ നിഗമനങ്ങളിലെത്തിച്ചേരുന്നുണ്ട്. മുന്നേയാർജിച്ച അറിവുകൾ ഉദാഹരണങ്ങളായി പഠിപ്പിക്കുന്നത് പഠനത്തെ സഹായിക്കുമെന്നും അവർ കണ്ടെത്തിയിരുന്നു.

1998-99 കാലത്ത് ക്ലാർക്കും എസ്റ്റസിനും ചേർന്ന് നടത്തിയ പഠനങ്ങൾ ഏത് പ്രായത്തിലുള്ള പഠിതാവും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കിയാൽ ജ്ഞാനോൽപ്പാദനം നടത്തുമെങ്കിലും ഭാഗികമായ വിവരങ്ങൾ ജ്ഞാനനിർമിതിയെ സഹായിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ പഠനങ്ങളൊക്കെ ചില ഉദാഹരണങ്ങൾ മാത്രമാണ്. സാമൂഹ്യജ്ജാന നിർമിതിവാദമെന്നും മറ്റും അറിയപ്പെടുന്ന DPEP മുതൽ NEP 2020 വരെ പ്രയോഗിക്കുന്ന ബോധനരീതി പഠന പ്രക്രിയയിൽ വിപരീത ഫലങ്ങളുണ്ടാക്കുമെന്നാണ് ഇതിന്റെയൊക്കെ അർത്ഥം.. അതിന് ധാരാളം തെളിവുകൾ ഇന്ന് ലഭ്യമാണ്താനും. ഒരു വിഷയം പഠിക്കുന്നതും അത് ജീവിതത്തിൽ പ്രയോഗിക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. എന്നാൽ പുതിയ പഠനരീതി ഇവ രണ്ടും കൂട്ടിക്കുഴച്ച് പഠിക്കാതെ പ്രയോഗിക്കാൻ വിദ്യാർത്ഥിയെ നിർബന്ധിക്കുകയാണ് ചെയ്യുന്നത്.

2015ൽ സ്റ്റാൻഡ്ഫോർഡ് സർവകലാശാല മസ്തിഷ്ക തരംഗങ്ങളിൽ നടത്തിയ പഠനങ്ങൾ വ്യത്യസ്ത ബോധന രീതികൾ വായനയുടെ വികാസത്തെ എങ്ങനെ ബാധിക്കുന്നെന്നും സ്വാധീനിക്കുന്നെന്നും വിശദീകരിക്കുന്നു. ഒരു വാക്കിലെ ഓരോ അക്ഷരവും നന്നായി ഉച്ചരിച്ച് പഠിക്കുന്നത് വാക്കിനെയപ്പാടെ ഓർമിച്ചുവെക്കുന്നതിനേക്കാൾ മസ്തിഷ്ക വളർച്ചയെ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട് (ബ്രൂയ്സ് മക്കാന്റിൽസ്, 2015). കണിശമായ പഠിപ്പിക്കലിന്റെ പ്രസക്തിയാണ് ഇവിടേയും തെളിയുന്നത്. ഈ തെളിവുകളൊന്നും പരിഗണിക്കാതെയാണ് ജ്ഞാനനിർമിതി വാദം നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി തുടങ്ങിയതും ഇപ്പോൾ നടപ്പിലാക്കികൊണ്ടിരിക്കുന്നതും.

1996ൽ പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് ധിഷണാപരമായ വ്യവഹാരത്തെ സംബന്ധിച്ച ബ്ലൂമിന്റെ വർഗീകരണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ബോധനരീതിയായിരുന്നു നിലനിന്നിരുന്നത്. പഠനത്തിന് വിവിധ ഘട്ടങ്ങളുണ്ടെന്നും ഓരോ ഘട്ടത്തിലും അനേകം മാനസിക പ്രവർത്തനങ്ങൾ നടക്കുന്നതായും ബ്ലൂമും സംഘവും കണ്ടെത്തിയിരുന്നു. പുതിയ വിവരങ്ങൾ ശേഖരിക്കുക, ആ വിവരങ്ങളെ ചിന്തനത്തിൽ അന്തർഭവിച്ച വിവിധ മാനസിക പ്രക്രിയകളുടെ ഫലമായി ശരിക്കും ഗ്രഹിക്കുക, അങ്ങനെ ഗ്രഹണത്തിലൂടെ സ്വായത്തമാക്കിയ അറിവുകളെ പുതിയ പുതിയ അറിവുകൾ നേടുന്നതിനും പുതിയ പ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നതിനും വേണ്ടി പ്രയോഗിക്കുക എന്നിവയാണ് ബ്ലൂമിന്റെ വർഗീകരണ പ്രകാരം വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങൾ. ഈ ഘട്ടങ്ങൾ ഒന്നിന് പിറകെ വികസിച്ച് വരുന്നുവെന്നും മാനസിക വ്യവഹാരങ്ങൾ കൂടുതൽ കൂടുതൽ സങ്കീർണമാവുന്നെന്നും ബ്ലൂമും സംഘവും കണ്ടെത്തി. ഈ വ്യവഹാര പരിവർത്തനത്തിന്റെ ഫലമായി വിദ്യാർത്ഥിയിൽ വിജ്ഞാനത്തിന്റെ ചക്രവാളം വികസിക്കുകയും പേശീ വ്യാപാരത്തിൽ അന്തർഭവിച്ചിട്ടുള്ള നൈപുണികൾ വികസിക്കുകയും ചെയ്യുന്നു. എഴുതുക, ചിത്രം വരക്കുക, ടൈപ്പ് ചെയ്യുക എന്നിവ ഉദാഹരണം. ഇതിനും പുറമേ അനുസ്യൂതം തുടരുന്ന പഠനത്തിലൂടെ വിദ്യാർത്ഥിയുടെ വൈകാരിക മണ്ഡലവും വികസിക്കുന്നു.

ഇങ്ങനെ പഠനം കൊണ്ട്, വിദ്യാർത്ഥിയുടെ വിജ്ഞാനത്തിന്റേയും നൈപുണിയുടേയും വൈകാരിക ഘടകങ്ങളുടേയും മേഖലകളിൽ അനുക്രമമുണ്ടാകുന്ന പ്രധാന മാറ്റങ്ങളെ ബോധന ഉദ്ദേശ്യങ്ങളായി നിർവചിക്കുകയാണ് ബ്ലൂം ചെയ്തത്. നാല് പ്രധാന ഘടകങ്ങളടങ്ങിയതാണ് ഉദ്ദേശ്യാധിഷ്ഠിത ബോധനം. ബോധന ഉദ്ദേശ്യം, പാഠ്യവസ്തു, പാഠ്യാനുഭവങ്ങൾ, മൂല്യനിർണയം എന്നിവയാണ് ആ ഘടകങ്ങൾ.

മാനസിക വ്യാപാരങ്ങളെ മനസ്സിലാക്കുകയും അതിന് അനുയോജ്യമായ ബോധന രീതി വികസിപ്പിക്കുകയുമായിരുന്നു ബ്ലൂം ചെയ്തത്. വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളെ നിർവചിക്കുകയും മാനസിക വളർച്ചയെ ഊന്നിയുള്ള വിദ്യാഭ്യാസം നൽകണമെന്നും ബ്ലൂം സിദ്ധാന്തിച്ചു. മാനസിക വളർച്ചയോടൊപ്പം പേശീ നൈപുണികളും വൈകാരിക ക്ഷമതയും വികസിപ്പിക്കുമെന്നും അദ്ദേഹം കണ്ടെത്തി. ഇതാണ് ഉദ്ദേശാധിഷ്ഠിത ബോധനത്തിന്റെ കാതൽ. 1996ന് മുമ്പ് നമ്മുടെ രാജ്യത്ത് നിലനിന്നിരുന്നത് ഉദ്ദേശാധിഷ്ഠിത ബോധനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനവും ബോധനമായിരുന്നു. ആ വിദ്യാഭ്യാസം കാണാതെ പഠിക്കലും പകർത്തിയെഴുത്തും മാത്രമാണെന്ന് വാദിച്ചുകൊണ്ടാണ് 1996 മുതൽ പുത്തൻ പാഠ്യപദ്ധതി നടപ്പിലാക്കി തുടങ്ങുന്നത്.

കൊഗ്നിറ്റീവ് ലോഡ് സിദ്ധാന്തം

പരിണാമത്തിന്റെ ഉൽപന്നമാണ് മനുഷ്യചിന്ത എന്ന മനസ്സിലാക്കലിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തപ്പെട്ട ബോധന സിദ്ധാന്തമാണ് കൊഗ്നിറ്റീവ് ലോഡ് സിദ്ധാന്തം. ഹ്യൂമൻ കൊഗ്നിറ്റീവ് ആർക്കിടെക്ചറിനെ അടിസ്ഥാനപ്പെടുത്തിയുള്ള ബോധന പദ്ധതിയാണ് കൊഗ്നിറ്റിവ് ലോഡ് സിദ്ധാന്തം മുന്നോട്ടുവെക്കുന്നത്. താൽക്കാലിക ഓർമയിൽ നിന്ന് സ്ഥിരം ഓർമയിലേക്കുള്ള ഓർമ്മയുടെ പ്രയാണമാണ് പഠനം എന്ന ആശയം കൊഗ്നിറ്റിവ് ലോഡ് തിയറി മുന്നോട്ടുവെക്കുന്നു.
മനശാസ്ത്രജ്ഞനായ ജോൺ സ്വെല്ലർ ആണ് 1988ൽ ഈ സിദ്ധാന്തം മുന്നോട്ടുവെച്ചത്.

സങ്കീർണമായ മിക്ക സബോധ പ്രവർത്തനങ്ങളും താൽക്കാലികവും സ്ഥിരവുമായ ഓർമകൾ ചേർന്നുള്ള പഠനത്തിന്റെ ഫലമാണ്. ഉടൻ ചെയ്ത് തീർക്കേണ്ട സബോധ പ്രവർത്തനങ്ങൾ നടത്താൻ അവശ്യം ആവശ്യമായ വിവരങ്ങൾ ഉൾകൊള്ളുന്ന ഇടമാണ് താൽക്കാലിക ഓർമ (Short-term memory). പുതിയ വാക്കുകളും വസ്തുതകളും സങ്കൽപ്പങ്ങളും വർഷങ്ങൾക്ക് ശേഷം പോലും തിരിച്ച് വിളിക്കാൻ സാധിക്കും വിധം സ്ഥിര ഓർമയിൽ സൂക്ഷിക്കുന്ന പ്രക്രിയയാണ് സ്ഥിരകാല പഠനം (Long term learning) എന്നറിയപ്പെടുന്നത്. താൽക്കാലിക ഓർമ്മയിൽ നിന്ന് വിരുദ്ധമായി അനന്തമായ വിവരങ്ങൾ സൂക്ഷിക്കാം എന്നതാണ് സ്ഥിര ഓർമ്മയുടെ പ്രത്യേകത.

രണ്ട് ഓർമകളും കുട്ടിക്കാലത്തെ സബോധ വികാസത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. പതുക്കെ പതുക്കെ ആർജിക്കുന്ന ദീർഘകാല വിജ്ഞാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ലോകത്ത് സഞ്ചരിക്കാൻ വിദ്യാർത്ഥിയെ പ്രപ്തനാക്കുന്നത്. പുതിയ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോഴും പുതിയ സങ്കൽപ്പങ്ങളെ അഭിമുഖീകരിക്കുമ്പോഴും വിമർശനാത്മകമായാണ് താൽക്കാലിക ഓർമ്മ പ്രവർത്തിക്കുക. പദ്ധതികൾ തയ്യാറാക്കാനും ധാരണകൾ രൂപീകരിക്കാനും പ്രശ്ന പരിഹാരത്തിനുമൊക്കെ താൽക്കാലിക ഓർമ്മ സഹായകമാവും.

2007-08 സമയത്ത് ഡേവിഡ്.സി.ഗിയറി ജൈവികമായി പ്രാഥമികവും ദ്വിതീയവുമായ വിജ്ഞാനം എന്ന നിലയിൽ വിജ്ഞാനത്തെ തരം തിരിക്കുന്നുണ്ട്. ജീവശാസ്ത്ര പരമായി പ്രാഥമികമായ ജ്ഞാന(Biologically Primary Knowledge)വും ജീവശാസ്ത്രപരമായി ദ്വിതീയമായ ജ്ഞാനവും (Biologically secondary knowledge). മുഖവും സംഭാഷണവും തിരിച്ചറിയുക, സാമാന്യമായ പ്രശ്ന പരിഹാര മാർഗങ്ങൾ അവലംബിക്കുക, അടിസ്ഥാന സാമൂഹ്യ ബന്ധങ്ങളിൽ ഇടപെടുക എന്നിവയൊക്കെ പ്രാഥമിക ജീവശാസ്ത്ര ജ്ഞാനത്തിന്റെ ഉദാഹരണങ്ങളാണ്. പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളിലാണ് വിവിധങ്ങളായ ജ്ഞാനസമ്പാദന മാർഗവും ജ്ഞാനവും മനുഷ്യൻ ആർജിച്ചത്.

മനുഷ്യരുടെ മുഖം തിരിച്ചറിഞ്ഞ് തുടങ്ങിയ കാലത്ത് തന്നെയല്ല കുട്ടി തന്റെ മാതൃഭാഷയിലെ സംഭാഷണം തിരിച്ചറിഞ്ഞ് തുടങ്ങിയത്. മുഖം തിരിച്ചറിയാനുള്ള ശേഷി രൂപീകരിക്കപ്പെട്ടതിന് ശേഷം വിദൂരമായ മറ്റൊരു കാലത്തായിരിക്കും സംഭാഷണം തിരിച്ചറിയാനുള്ള ശേഷിയാർജിച്ചത് എന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ മേൽപ്പറഞ്ഞ രണ്ട് ശേഷികളും ജൈവപരിണാമത്തിന്റെ ഉൽപ്പന്നങ്ങൾ തന്നേയാണ്. ഈ ജ്ഞാനത്തേയാണ് പ്രാഥമിക ജ്ഞാനം എന്ന് ഗിയറി വിശേഷിപ്പിക്കുന്നത്. നിലനിൽപ്പിനെ മുൻനിർത്തി പരിണാമപരമായി ആർജിക്കുന്ന നൈപുണികളും ജ്ഞാനവുമാണ് പ്രാഥമിക ജ്ഞാനം. അവ കണ്ടെത്തുന്ന അറിവാണ്. പക്ഷേ, അവ എങ്ങനെ കണ്ടെത്താം എന്ന് പഠിപ്പിച്ചെടുക്കുക സാധ്യമല്ല.ജൈവ പരിണാമ ഘട്ടത്തിലൂടെ ആർജിക്കുന്ന ഒരറിവും പഠിപ്പിക്കാൻ പറ്റില്ല. അവ കുട്ടി സ്വയം പഠിച്ചെടുക്കുകയാണ് ചെയ്യുന്നത്.

എന്നാൽ ലൈബ്രറിയോ ഇന്റർനെറ്റോ ഉപയോഗിക്കാൻ നമ്മൾ വ്യക്തമായി പഠിപ്പിക്കേണ്ടതുണ്ട്. കാരണം ആ അറിവ് പരിണാമപരമായി ആർജിച്ചതല്ല. സാമൂഹ്യ പരിണാമത്തിന്റെ ഉൽപ്പന്നങ്ങളാണ്. സാമൂഹ്യ പരിണാമത്തിന്റെ ഫലമായി ആർജിക്കുന്ന ജ്ഞാനത്തേയാണ് ഗിയറി ജീവശാസ്ത്രപരമായി ദ്വിതീയ ജ്ഞാനത്തിന്റെ ഗണത്തിൽപ്പെടുത്തുന്നത്. ഈ ജ്ഞാനം പഠിപ്പിച്ചേ മതിയാവൂ. പോയി സ്വയം പഠിച്ചോളൂ എന്ന് പറയുന്നത് പഠിതാവിന് അമിതഭാരം നൽകുകയും അവനെ/അവളെ വഴിതെറ്റിക്കുകയും ചെയ്യും. മാത്രമല്ല പഠിക്കാനുള്ള ശേഷി പ്രാഥമിക ജ്ഞാനത്തിൽ തന്നെ അടങ്ങിയിരിക്കുന്നതിനാൽ പഠിക്കാൻ പഠിപ്പിക്കേണ്ടതുമില്ല എന്നും ഗിയറി കണ്ടെത്തുന്നു. അഥവാ ജ്ഞാനനിർമിതിവാദം മുന്നോട്ടുവെക്കുന്ന അടിസ്ഥാന സമീപനങ്ങളായ കുറഞ്ഞ ഉള്ളടക്കം, പഠിപ്പിക്കേണ്ടതില്ലെന്ന വാദം, പഠിക്കാൻ പഠിക്കുകയെന്ന സിദ്ധാന്തവുമെല്ലാം കൊഗനിറ്റീവ് ലോഡ് സിദ്ധാന്തത്തിന്റെ വികാസത്തോടെ അസാധുവായി തീർന്നിരിക്കുന്നു.

മനുഷ്യ സബോധതയും സ്ഥിര ഓർമയും

പരിണാമ ശാസ്ത്രത്തിന് ജനിതക ഘടനപോലെയാണ് സബോധതയെ (Cognition) സംബന്ധിച്ചിടത്തോളം സ്ഥിര ഓർമ്മ. ഓർമകളുടെ അതിബൃഹത്തായ ശേഖരമാണ് സ്ഥിര ഓർമ (Long term memory). നമ്മുക്ക് സ്ഥിരപരിചിതമായ ദൈനംദിന പ്രവർത്തനങ്ങളെല്ലാം സ്ഥിര ഓർമ്മയുടെ ഭാഗമാണ്. സ്ഥിര ഓർമയിൽ ശേഖരിക്കപ്പെട്ടിട്ടുള്ള ഓർമകളിൽ ഭൂരിഭാഗവും പ്രാഥമിക ജ്ഞാനമാണ്. എങ്ങനെ പഠിക്കണം എന്നതുൾപ്പടെയുള്ള സങ്കീർണജ്ഞാനം കാലങ്ങൾകൊണ്ട് സ്ഥിര ഓർമയിൽ പ്രാധമിക ജ്ഞാനത്തിന്റെ രൂപത്തിൽ ശേഖരിക്കപ്പെട്ടിരിക്കുന്നു. കമ്പ്യൂട്ടറുകൾക്ക് ഈ പ്രാഥമിക ജ്ഞാനം ഇല്ല. അതുകൊണ്ടാണ് സങ്കീർണമായ ഗണിതക്രിയകൾ നിമിഷങ്ങൾക്കകം ചെയ്ത് തീർക്കുമ്പോഴും ഒരു പൂ പറിച്ച് കൊണ്ടു വരികയെന്ന ലളിത ക്രിയ പ്രവർത്തിക്കാൻ കമ്പ്യൂട്ടറുകൾക്ക് കഴിയാതെ പോവുന്നത്. സ്ഥിര ഓർമ്മയിലെ ദ്വിതീയ ജ്ഞാനശേഖരവും അതി ബൃഹത്താണ്. ഡിഗ്രൂട്ട് 1965ലും ചേസ് W.G, സൈമൺ H.A എന്നിവർ 1973ലും ചെസ്സ് സംബന്ധമായി നടത്തിയ പഠനങ്ങൾ അത് തെളിയിക്കുന്നു.

ചെസ്സിൽ സാധാരണ ഗതിയിൽ ശക്തരായ കളിക്കാർ ദുർബലരെ തോൽപ്പിക്കുകയാണ് പതിവ്. ഇത് എന്തുകൊണ്ട് എന്ന അന്വേഷണത്തിലാണ് ഡിഗ്രൂട്ട് ആരംഭിക്കുന്നത്. ഗ്രാന്റഡ്മാസ്റ്ററുടെ ജ്ഞാനത്തിന്റെ സ്വഭാവമെന്താണ്? എന്ത് പ്രവർത്തനത്തിലൂടെയാണ് ഗ്രാന്റ്മാസ്റ്റർ മേൽകൈ നേടാനുള്ള തന്റെ ശേഷി കൈവരിക്കുന്നത്? എന്നീ മേഖലയിലേക്കായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണങ്ങൾ.

ഗ്രാൻഡ്മാസ്റ്റർമാർക്ക് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശേഷി കൂടുതലാണെന്നും അവർക്ക് ധാരാളം കരുനീക്കങ്ങൾ മനസ്സിൽ കാണാൻ ശേഷിയുണ്ടെന്നുമൊക്കെയായിരുന്നു അതുവരെയുള്ള ധാരണ. എന്നാൽ അത്തരം ധാരണകളിൽ കഴമ്പില്ലെന്നായിരുന്നു ഡീ ഗ്രൂട്ടിന്റെ കണ്ടെത്തൽ അദ്ദേഹം ചെസ്സ്ഗ്രാൻഡ് മാസ്റ്ററിൽ ഒരു വ്യത്യാസം കണ്ടെത്തുക തന്നെ ചെയ്തു. അത് പക്ഷേ പ്രശ്ന പരിഹാര ശേഷിയെ സംബന്ധിച്ചായിരുന്നില്ല, മറിച്ച് ഓർമ്മയെ സംബന്ധിച്ചായിരുന്നു. ഇതിനായി ഡി ഗ്രൂട്ട് ഒരു പരീക്ഷണം നടത്തി. യഥാർത്ത കളികളിൽ നിന്ന് തെരഞ്ഞെടുത്ത കരു നീക്കങ്ങൾ നടത്തിയ 25 കരുക്കൾ നിരത്തിയ ബോർഡുകൾ 5 മുതൽ 10 സെക്കന്റ് വരെ കാണിക്കുകയും പിന്നീട് കശക്കി കളയുകയും ചെയ്യും. എന്നിട്ട് ഓർമ്മയിൽ നിന്ന് നേരത്തെ കാണിച്ച ബോർഡ് പുനസൃഷ്ടിക്കാൻ ആവശ്യപ്പെടും. ഗ്രാൻഡ്മാസ്റ്റർമാർ 100 ശതമാനവും മാസ്റ്റർമാർ 90 ശതമാനം കൃത്യതയോടെയും ബോർഡുകൾ പുനസൃഷ്ടിച്ചു. ശേഷി കുറഞ്ഞ കളിക്കാർ അഞ്ചോ ആറോ കരുക്കളെ കൃത്യതയോടെ വെച്ചുള്ളൂ. (ഡി ഗ്രൂട്ട് & ഗോബെറ്റ്, 1996)

1973ൽ ചെയ്സും സൈമണും ഡീ ഗ്രൂട്ടിന്റെ പരീക്ഷണം ആവർത്തിച്ചു. അവർ അവിടെ അവസാനിപ്പിച്ചില്ല. ഡീ ഗ്രൂട്ട് അവസാനിപ്പിച്ചിടത്ത് അവർ ആരംഭിച്ചു. യഥാർത്ത കളികളിൽ നിന്നുള്ള ബോർഡും കരുനീക്കങ്ങളുമാണ് ഡീ ഗ്രൂട്ട് പുനരാവിഷ്കരിക്കാൻ നൽകിയിരുന്നതെങ്കിൽ ചെയ്സും സൈമണും ക്രമരഹിതമായ കരുനീക്കങ്ങൾ കാണിച്ച് കശക്കി ആ ബോർഡ് പുനരാവിഷ്കരിക്കാനാണ് ആവശ്യപ്പെട്ടത്. ഞെട്ടിക്കുന്നതായിരുന്നു ഫലം. അവിടെ ഗ്രാൻഡ്മാസ്റ്ററും മാസ്റ്ററും തുടക്കകാരനും തമ്മിൽ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. എല്ലാവരും അഞ്ചോ ആറോ കരുക്കളെ കൃത്യമായി വെച്ചുള്ളൂ. അൾജിബ്ര, ഭൗതികശാസ്ത്രം, മെഡിസിൻ എന്നീ മേഖലയിലും സമാന പരീക്ഷണം ആവർത്തിച്ചു. ചെസ്സിലെ പരീക്ഷണങ്ങളിൽ നിന്ന് കിട്ടിയ അതേ ഉത്തരം തന്നേയാണ് മറ്റ് മേഖലകളിലെ പരീക്ഷണങ്ങളിലും ആവർത്തിക്കപ്പെട്ടത്.

ഈ ഫലങ്ങൾ ചെസ്സിലെ പ്രാഗത്ഭ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി. അതുല്യമായ ചിന്താശേഷിയല്ല പ്രാഗൽഭ്യത്തിന്റെ ഹേതു. ആയിരക്കണക്കിന് കോൺഫിഗറേഷനുകൾ തിരിച്ചറിയാനുള്ള നിരന്തര പഠനം, അതിൽ വിജയസാധ്യതയുള്ള കരുനീക്കങ്ങളുടെ പഠനവുമാണ് പ്രാഗത്ഭ്യം നിർണയിക്കുന്ന ഘടകം. ഓർമ്മയാണ് ഇവിടെ നിർണായക ഘടകം. വർഷങ്ങളുടെ സ്ഥിരതയോടുള്ള നിരന്തരമായ പരിശീലനത്തിലൂടെയാണ് ഈ നൈപുണി ആർജിക്കുന്നത്. മെച്ചപ്പെടണമെന്ന വ്യക്തമായ
തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ‘ബോധപൂർവമായ പരിശീലന ‘ ത്തിന്റെ ഫലമാണിത് (എറിക്സൺ, ക്രാംപെ, ടെഷ്-റോമർ,1993). സാധാരണ നിലയിൽ പത്ത് വർഷത്തെ പരിശീലനത്തിലൂടെയാണ് ഒരു ഗ്രാന്റ്മാസ്റ്റർ രൂപം കൊള്ളുന്നത്.

ഡി ഗ്രൂട്ടിന്റേയും ചേസിന്റേയും സൈമണിന്റേയും പഠനങ്ങൾക്ക് മുമ്പ്, പരിശീലനത്തിലൂടെ കൊഗ്നിറ്റീവ് തലത്തിലുണ്ടാവുന്ന മാറ്റങ്ങൾ അജ്ഞാതമായിരുന്നു. ശേഖരിക്കപ്പെട്ട ജ്ഞാനമാണ് പ്രഗത്ഭരെ നയിക്കുന്നതെങ്കിൽ അത്തരമൊരു ജ്ഞാനത്തിന്റെ അഭാവത്തിലുള്ള പ്രശ്ന പരിഹാര പരിശ്രമമാണ് ശരാശരിക്കാരും തുടക്കക്കാരും നടത്തുന്നത്. തീരുമാനങ്ങൾ എടുക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഉത്തരത്തിലെത്താനും തുടക്കക്കാർ ചിന്താശേഷിയെ ഉപയോഗിക്കുമ്പോൾ പ്രഗത്ഭർ ജ്ഞാനത്തെയാണ് ഉപയോഗിക്കുന്നത്. പല കളിക്കാരുമായി ഒരേ സമയം കളിക്കുമ്പോഴും ഒരു ഗ്രാൻഡ്മാസ്റ്റർ തന്റെ ദീർഘകാല ഓർമ്മയിൽ ശേഖരിച്ചിട്ടുള്ള കോൺഫിഗറേഷനുകളാണ് എടുത്ത് പ്രയോഗിക്കുന്നത്. ഈ കണ്ടെത്തലിന്റെ വ്യാപ്തി ചെസ്സിൽ ഒതുങ്ങുന്നില്ല. ദ്വിതീയ ജ്ഞാനം പ്രയോഗിക്കപ്പെടുന്ന എവിടേയും ഈ കണ്ടെത്തൽ പ്രായോഗികമാണ്. വിദ്യാഭ്യാസത്തിലും ഇതേ പ്രക്രിയതന്നേയാണ് അനുവർത്തിക്കപ്പെടുന്നത്. ഇതാണ് കൊഗ്നിറ്റീവ് ലോഡ് സിദ്ധാന്തത്തിന്റെ സാരാംശം.

വാക്കുകൾ മനസിലാക്കുന്നതും ഓർത്തുവെക്കുന്നതും സംബന്ധിച്ച് 1979ൽ എൽ.എൽ.ചെയ്സി, സ്പിലിച്ച്.ജി.ജെ, വോസ്.ജെ.എഫ് എന്നിവർ ചേർന്ന് നടത്തിയ പഠനങ്ങൾ, ഇലക്ട്രോണിക്ക് എബിനിയറിംഗിൽ ഈഗൻ.ഡി.ഇ, സ്ക്വാർഡ്സ്.ബി.ജെ എന്നിവർ ചേർന്ന് 1979ൽ നടത്തിയ പഠനങ്ങൾ, പ്രോഗ്രാമിങ്ങിൽ ജെഫ്റീസ്.ആർ, ടെർനർ.എ.എ, പോൾസൺ.പി.ജി, ആറ്റ്വുഡ് എം.ഇ എന്നിവർ 1981 പ്രസിദ്ധീകരിച്ച പഠനങ്ങൾ, അൾജിബ്രയിൽ ജെ.സ്വെല്ലറും കൂപ്പറും ചേർന്ന് 1985ൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ എല്ലാം വിവരങ്ങൾ കുമിച്ചുകൂട്ടുന്നതിന്റെ പ്രാധാന്യം ചൂണ്ടികാണിച്ചു. ഡി ഗ്രൂട്ടിന്റെ പഠനങ്ങൾ ബോധനത്തെ മാത്രമല്ല പരിഷ്കരിച്ചത് മനുഷ്യ സബോധതയിലേക്ക് വെളിച്ചം വീശുകയും നമ്മളെ സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റിമറിക്കുകയും ചെയ്തു.

ഡി ഗ്രൂട്ടിന്റെ കണ്ടെത്തൽ സ്ഥിര ഓർമ സബോധതയുടെ കേന്ദ്രമാണ് എന്ന് മാത്രമല്ല സ്ഥാപിക്കുന്നത്, സ്ഥിര ഓർമ്മ മനുഷ്യ മനസിന്റെ ഉയർന്ന തലങ്ങളുടെ കേന്ദ്രം കൂടിയാണെന്നാണ്. എല്ലാ ഉയർന്ന കൊഗ്നിറ്റീവ് പ്രവർത്തനങ്ങൾക്കും സ്ഥിര ഓർമ്മ മുന്നുപാധിയാണെന്ന തിരിച്ചറിവുണ്ടാക്കാൻ ഡി ഗ്രൂട്ടിന്റെ കണ്ടെത്തലുകൾ സഹായകമായി. ചിന്തിക്കാനും കൃത്യമായ പ്രശ്ന പരിഹാരത്തിനും ഉത്തരത്തിനും അതാവശ്യമാണ് വിപുലീകരിക്കപ്പെട്ട സ്ഥിര ഓർമ്മയെന്ന ധാരണ ഡി ഗ്രൂട്ടിലൂടെ വികസിതമായി.

സ്കീമ സിദ്ധാന്തം

എങ്ങനെ സ്ഥിര ഓർമയിൽ വിവരങ്ങൾ സൂക്ഷിക്കപ്പെടുന്നു എന്ന അന്വേഷണമായിരുന്നു അടുത്തത്. 1928 ജീൻ പിയാഷേയും 1932 ൽ ഡി.ഡൗ.ബാർട്ട്ലറ്റും പ്രസിദ്ധീകരിച്ച പഠനങ്ങൾ മസ്തിഷ്കത്തിൽ വിവരങ്ങൾ എങ്ങനെ നിലനിർത്തുന്നു എന്ന സൂചന നൽകി. സ്കീമ സിദ്ധാന്തം അവതരിപ്പിച്ചത് ഇവരാണ്. 1980കളോടെ സ്കീമ സിദ്ധാന്തത്തിന് പ്രാധാന്യവും സ്വീകാര്യതയും വർധിക്കുകയും സ്കീമകൾ പ്രശ്ന പരിഹാര ശേഷിയിൽ വഹിക്കുന്ന പങ്കും വിശദീകരിക്കപ്പെട്ടു. വിവരങ്ങളുടെ വ്യത്യസ്ത വശങ്ങളെ അവയുടെ ഉപയോഗത്തിനനുസരിച്ച് കോർത്തിണക്കാൻ സഹായിക്കുന്ന കൊഗ്നിറ്റീവ് നിർമിതിയാണ് സ്കീമ. (ചീ.എം.ടി.എച്ച്, ഗ്ലേസർ.ആർ, റീസ്. ഇ, 1982)

പുതുതായി ആർജിച്ച സ്കീമകൾ സബോധതയോടെയും ചിലപ്പോൾ അൽപ്പം പരിശ്രമത്തിലൂടേയും തന്നെ ഉറപ്പിച്ചെടുക്കണം. ഉയർന്ന പരിശീലനത്തിലൂടെ സ്കീമകൾ സബോധതയില്ലാതെ തന്നെ പ്രവർത്തിച്ച് തുടങ്ങും. പതിയെ അതൊരു സ്വാഭാവിക പ്രക്രിയായി മാറിത്തീരുകയും ചെയ്യും. (കോട്ടോവിസ്കി, ഹായസ്, സൈമൺ 1985, സ്കിനെദർ, ഷിഫ്റിൻ, 1977). വായിക്കാനുള്ള ശേഷി ഇതിന് നല്ലൊരു ഉദാഹരണമാണ്. വായിച്ച് പഠിക്കുന്ന ആദ്യ ഘട്ടങ്ങളിൽ നമ്മൾ ഓരോ അക്ഷരവും ബോധത്തോടെ വായിച്ച് പഠിക്കുന്നു. പതിയെ പരിശീലനത്തിലൂടെ ഓരോ അക്ഷരത്തിന്റേയും ഓട്ടോമേറ്റഡ് സ്കീമ ആർജിക്കുന്നു. ഉയർന്ന പരിശീലനത്തിലൂടെ വാക്കുകകളും പരിചയമുള്ള വാക്കുകളുടെ ഗ്രൂപ്പുകളും സ്വാഭാവികമായി വായിക്കാനുള്ള ഓട്ടമേറ്റഡ് സ്കീമ ആർജിക്കുന്നു. നിരന്തരമായ പഠന പരിശീലനത്തിലൂടെയാണ് സങ്കീർണമായ സ്കീമകൾ ആർജിക്കുന്നത്.

ഉപസംഹാരം

സ്കീമകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ആധുനിക ധാരണകൾ, പ്രാഥമികവും ദ്വിതീയവുമായ ജീവശാസ്ത്രപരമായ ജ്ഞാനത്തെ സംബന്ധിച്ച ധാരണകൾ, താൽക്കാലിക ഓർമ്മ (Short term memory) യേയും സ്ഥിര ഓർമ്മ (Long term memmory) സംബന്ധിച്ച പുത്തൻ കണ്ടെത്തലുകളെല്ലാം 1996 മുതൽ UNESCOയാൽ മുന്നോട്ടുവെക്കപ്പെടുകയും 2007ഓടെ കേരളത്തിലെ പാഠ്യപദ്ധതിയിൽ ഔദ്യോഗികമായി പ്രവേശനം നേടുകയും ഇന്ന് NEP 2020ലൂടെ വീണ്ടും അവതരിപ്പിക്കപ്പെടുകയും ചെയ്ത ജ്ഞാനനിർമിതിവാദത്തിലൂന്നിയ പഠന-ബോധനശാസ്ത്രത്തെ നിരാകരിക്കാൻ പോന്നതാണ്.

പഠനം പ്രാഥമികമായും മാനസികമാണെന്ന ബ്ലൂം മുന്നോട്ടുവെക്കുന്ന ഉദ്ദേശാധിഷ്ഠിതബോധന സമീപനവും സ്ഥിര ഓർമ്മയുടെ ആഴവും പരപ്പും വർധിപ്പിക്കലാണ് വിദ്യാഭ്യാസം എന്ന കൊഗ്നിറ്റിവ് ലോഡ് സിദ്ധാന്തത്തിന്റെ പഠന – ബോധന സമീപനവും ജ്ഞാനനിർമിതിവാദം നിരാകരിക്കുന്നു. ഭാഷയോ ഭാഷയിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള സംസ്കാരമോ ജ്ഞാനമോ ആർജിക്കാൻ ഒരിക്കലും സാധിക്കാത്ത തലമുറയാണ് NEP- 2020 ഇപ്പോൾ മുന്നോട്ടുവെക്കുന്ന പഠന-ബോധന രീതിശാസ്ത്രത്തിലൂടെ സൃഷ്ടിക്കപ്പെടുക. ധൈഷണിക വളർച്ചയില്ലാത്ത ഒരാൾക്ക് നൽകുന്ന തൊഴിൽ പരിശീലനം നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന യന്ത്രത്തെ സൃഷ്ടിക്കുന്നതിന് തുല്യമാണ്.

അശാസ്ത്രീയമായ പഠന-ബോധന സമീപനങ്ങൾ മുന്നോട്ടുവെക്കുന്ന NEP-2020നെതിരെ പൊതുജനം ഉറക്കെ പ്രതികരിച്ചേ തീരു. ചിന്തയും മാനുഷിക വികാരങ്ങളും ഇല്ലാത്ത കെട്ടകാലത്തിന്റെ വരവിനെ തടയാൻ ഇതാണ് ഏക പോംവഴി.

ബിനോയി അഗസ്റ്റിന്‍ എഴുതുന്നു

മറുപടി എന്നുവച്ചാല്‍ കരണത്തിനിട്ട് കൊടുത്ത പോലായിരിക്കണം. പറ്റുമോ ഇടതിനും വലതിനും? വഴി ഞാന്‍ പറഞ്ഞു തരാം.രാഹുല്‍ ഗാന്ധിക്ക് തിരികെ വരാന്‍ ഒക്കാത്ത സാഹചര്യം ഉണ്ടായാല്‍ ചതിയിലൂടെ ഉളള ഈ ജനാധിപത്യ ധ്വംസനത്തിന് മറുപടി കൊടുക്കാന്‍ വയനാട്ടില്‍ നിങ്ങള്‍ ഇടതും വലതും ഒരുമിച്ച് നിന്നു വേണം ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍.

അതിന് പറ്റിയ ഏറ്റവും മികച്ച സ്ഥാനാര്‍ഥി ശ്വേതാ ഭട്ട് ആയിരിക്കും. അറിയില്ലേ സഞ്ജീവ് ഭട്ടിനെ? ഗുജറാത്ത് കലാപത്തില്‍ മോദിക്കെതിരേ കുറ്റപത്രം നല്‍കിയതിന് പകപോക്കാന്‍ 20 കൊല്ലം മുന്‍പ് നടന്ന ഒരു ലോക്കപ്പ് മരണത്തിന്റെ ഫയല്‍ കുത്തി പൊക്കി എടുത്ത് ഉത്തരവാദിത്വം തലയില്‍വച്ച് കൊടുത്ത് ജയിലില്‍ അടച്ച സഞ്ജീവ് ഭട്ട് ഐപിഎസ് എന്ന സത്യസന്ധനായ നിലപാടുളള ഓഫിസറെ?
ഭര്‍ത്താവ് ജയിലിലായപ്പോള്‍ ആദ്യം തകര്‍ന്നു പോയ ഭാര്യ ശ്വേത ഭട്ട് ഇപ്പോഴും കരുത്തോടെ നിയമ പോരാട്ടം നടത്തുകയാണ്. അവരാണ് ഏറ്റവും മികച്ച സ്ഥാനാര്‍ഥി. അവര്‍ക്ക് രാഷ്ടിയ താല്‍പ്പര്യങ്ങള്‍ ഉണ്ടാവണം എന്നില്ല. അഭിമുഖങ്ങളില്‍ കഴിവും കരുത്തുമുള്ള സ്ത്രീയാണ് എന്നു മനസിലാവുന്നു.

അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി കേരളത്തിലേക്ക് കൊണ്ടുവന്ന് ഇടതും വലതും ഒരുമിച്ച് ഇലക്ഷനു നിര്‍ത്തി ജയിപ്പിച്ച് പാര്‍ലമെന്റിലേക്ക് അയയ്ക്കണം.പാര്‍ലമെന്റില്‍ ഇവര്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ ചതിയൊരുക്കിയവര്‍ കളസം കീറി തല താഴ്ത്തി നില്‍ക്കുന്നത് കാണണോ? പറ…നിങ്ങള്‍ക്ക് കാണണോ? ഭരണകൂട ഇരയായി ഭര്‍ത്താവ് ജയിലില്‍ കിടക്കുമ്പോള്‍ ഭാര്യ പാര്‍ലമെന്റില്‍ വിരല്‍ ചൂണ്ടി സംസാരിക്കുന്ന ചിത്രം നിങ്ങള്‍ സങ്കല്‍പ്പിച്ച് നോക്കൂ … ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച രാഷ്ട്രിയ മറുപടിയാകും അത്. ഏറ്റവും വലിയ കാലത്തിന്റെ കാവ്യനീതിയാകും അത്.

ഒന്ന് ഇമാജിന്‍ ചെയ്ത് നോക്കിക്കേ? ഇതിലും വലിയ ആറ്റന്‍ പണി കൊടുക്കാനില്ലേ? അല്ലാതെ നിങ്ങളില്‍ ഒരാള്‍ എം പി കുപ്പായം തയ്പിച്ചിട്ട് ഒരു കാര്യവുമില്ല. ജനാധിപത്യവും ഫ്രീഡം ഓഫ് എക്‌സ്പ്രഷനും മുച്ചൂടും മുടിഞ്ഞ് തീരാറായ സമയത്തെങ്കിലും. ഒരു അവസരത്തിലെങ്കിലും അധികാര മോഹം ഉപേക്ഷിക്കൂ. മധുരമായി പകരം വീട്ടു. ഇതാണ് നല്‍കേണ്ട മറുപടി. ഇതാവണം മറുപടി. പറ്റുമോ ഇടതിനും വലതിനും.

എം കെ ഷഹസാദ് എഴുതുന്നു

പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി പാർലമെന്റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടു കഴിഞ്ഞു. രാജ്യം മരിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാഷിസവും ഹിന്ദുത്വവാദവും ഭരണകൂടത്തെ കീഴ്പ്പെടുത്തിയിരിക്കുകയാണെന്നുമുള്ള വാദങ്ങളാൽ മുഖരിതമാണ് വെർച്വൽ ലോകം. മരിച്ചു വീണാലും ആർ.എസ്.എസിന് കീഴടങ്ങരുതെന്ന് ആരൊക്കെയോ ആഹ്വാനം ചെയ്യുന്നുമുണ്ട്.

രാഷ്ട്രീയ നേതൃത്വവും ഒട്ടും വിട്ടു കൊടുക്കുന്നില്ല. എഴുത്ത് പടവാളാക്കിയ ബുദ്ധിജീവികളെ വെല്ലും വിധം അവരും എന്തൊക്കെ പറയുകയും എഴുതുകയും ചെയ്യുന്നു. കേരള മുഖ്യനും ഒരു ലേഖനം എഴുതി വിട്ടതായി കണ്ടു.

നമ്മൾ പുലി വരുന്നേ പുലി നിലവിളി കേട്ടു തുടങ്ങിയിട്ട് കാലം കുറേയായി. പലപ്പോഴും പുലി വരിക തന്നെ ചെയ്തിട്ടുണ്ട്. ആടുകളെ പിടിച്ചിട്ടുമുണ്ട്. അപ്പോഴൊക്കെ ആളുകൾ ഓടികൂടിയിട്ടുണ്ട്. ലേഖനമെഴുത്തിനും ആഹ്വാനങ്ങൾക്കുമപ്പുറം ജനങ്ങളെ ഫാഷിസ്റ്റ് വിരുദ്ധ ചേരിയിൽ അണിചേർക്കാനും പോരാട്ടവീര്യം നിറയ്ക്കാനുമൊന്നും ആരും ശ്രമിക്കുന്നത് കണ്ടിട്ടില്ല.

ബി.ജെ.പിയെന്നാൽ ഫാഷിസമാണെന്നും ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റിയാൽ ഇന്ത്യയിൽ ഫാഷിസം അവസാനിക്കുമെന്നുമാണ് മികച്ച രാഷ്ട്രീയ ബോധ്യമുണ്ടെന്ന് നമ്മൾ തെറ്റിദ്ധരിക്കുന്ന ഇടതൻമാർ പോലും വിശ്വസിച്ച് വശായിരിക്കുന്നത്. അത്രയൊന്നും രാഷ്ട്രീയ കൂർമത അവകാശപ്പെടാനില്ലാത്ത വലതരുടെ കാര്യം പറയാനുമില്ലല്ലോ!

ഫാഷിസം വന്നാൽ ന്യൂനപക്ഷങ്ങളുടെ സ്ഥിതി പരുങ്ങലിലാകുമെന്ന് പറയാൻ എല്ലാവർക്കും നൂറ് നാവാണ്. ഞങ്ങൾക്ക് വോട്ട് ചെയ്യുന്നതിലൂടെ ന്യൂനപക്ഷങ്ങൾക്ക് ഫാഷിസത്തെ ഭയക്കാതെ ജീവിക്കാനാവുമെന്നും എല്ലാ പാർട്ടികളും ഒരുപോലെ ഉദ്ഘോഷിക്കുന്നു.

ഇന്ന് രാഹുൽ ഗാന്ധി അറസ്റ്റ് ചെയ്യപ്പെടുമ്പോഴും പഴയ പ്രസ്താവനകളും ആഹ്വാനങ്ങളും ആവർത്തിക്കപ്പെടുക മാത്രം ചെയ്യുന്നു. ജനങ്ങൾക്ക് രാഷ്ട്രീയ ബോധവും പോരാട്ടവീര്യവും പകർന്ന് നൽകുകയെന്ന ഉത്തരവാദിത്ത്വത്തിൽ നിന്ന് ഏവരും അകന്ന് നിൽക്കുക മാത്രം ചെയ്യുന്നു. പുലികൾ നിരന്തരം വന്നിട്ടും ആടുകൾ നിരന്തരം വേട്ടയാടപ്പെട്ടിട്ടും നമ്മുടെ നിലവിളികളിൽ കാപട്യം നിഴലിക്കുന്നുണ്ടോ എന്ന ശങ്ക തോന്നാൻ കാരണമതാണ്.

ഫാഷിസമെന്നാൽ ബി.ജെ.പിയാണ് എന്ന വാദം ഭാഗികമായി മാത്രമാണ് ശരി. ജനങ്ങളെ അന്ധതയുടേയും വെറുപ്പിന്റേയും ചരടിൽ കോർത്തിണക്കാൻ ശേഷിയുള്ള ഏതൊരാശയത്തിനും ഫാഷിസ്റ്റ് പൊട്ടൻഷ്യലുണ്ടെന്നതാണ് യാഥാർഥ്യം. ആ ശേഷി സി.പി.എമ്മിന് പോലുമുണ്ട്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളേയും തങ്ങളുടെ രാഷ്ട്രീയ നയങ്ങൾക്ക് അനുകൂലമാക്കാൻ സാധിക്കുന്ന രാഷ്ട്രീയ സിദ്ധാന്തം ബി.ജെ.പിക്കുണ്ടെന്നതാണ് ബി.ജെ.പിയെ മറ്റ് പാർട്ടികളിൽ നിന്ന് വ്യതിരിക്തമാക്കുന്ന ഘടകം.

എന്തിനാണ് ഭരണകൂടം അന്ധമായ തത്വശാസ്ത്രത്തിന്റെ സഹായത്തോടെ ജനങ്ങളെ തങ്ങളുടെ പക്ഷത്ത് നിർത്തുന്നത്, തിരിച്ച് പറഞ്ഞാൽ ജനങ്ങളെ ഭരണകൂട നയത്തിന്റേയും ആശയങ്ങളുടേയും വക്താക്കളായി മാറ്റുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരത്തിനകത്ത് എന്താണ് ഫാഷിസം എന്ന ചോദ്യത്തിനുള്ള ശരിയായ ഉത്തരമുണ്ട്. ഫാസിസത്തെ എങ്ങനെ നേരിടണമെന്ന ചോദ്യത്തിനുള്ള ഉത്തരവുമുണ്ട്.

ജനാധിപത്യ ഭരണകൂടങ്ങളുടെ ആദർശം ജനാധിപത്യമായിരിക്കണമല്ലോ. ജനങ്ങൾ, അവർ ഏത് മതക്കാരോ ജാതിയിൽപ്പെട്ടവരോ ഭാഷ സംസാരിക്കുന്നവരോ നിറക്കാരോ വംശമോ ആവട്ടെ, നമ്മൾ സമന്മാരാണെന്നും സഹോദരങ്ങളാണെന്നും സ്വതന്ത്രരാണെന്നുമുള്ള ബോധ്യം ഭരിക്കുന്നവർക്കും ഭരിക്കപ്പെടുന്നവർക്കും ഉള്ളപ്പോഴാണ് ഒരു രാജ്യത്ത് ജനാധിപത്യം പൂത്തുലഞ്ഞ് നിൽക്കുന്നതായി അവകാശപ്പെടാനാവുക. അങ്ങനെ നോക്കുമ്പോൾ നമ്മുടെ രാജ്യത്തിന് അങ്ങനെ അവകാശപ്പെടാനുള്ള ഒരു വകുപ്പുമില്ല.

സാമ്പത്തികമായും സാമൂഹ്യമായും ഭൂമിശാസ്ത്ര പരമായും സാംസ്കാരികമായുമെല്ലാം അസമത്വം നിലനിൽക്കുന്ന രാജ്യമാണിത്. തെരുവിലേക്കിറങ്ങി വെറുതെ കണ്ണു തുറന്നൊന്ന് നോക്കിയാൽ മാത്രം മതി ഈ അസമത്വം അനുഭവിച്ചറിയാൻ. എന്നേക്കാൾ പ്രിവിലേജ്ഡ് ആയ മനുഷ്യരേയും എന്നെക്കാൾ താഴെയുള്ള സാമൂഹ്യവും സാമ്പത്തികവുമായ ഇടങ്ങളിൽ ജീവിക്കുന്നവരേയും എളുപ്പം കണ്ടെത്താൻ സാധിക്കുന്ന ചുറ്റുപാടുകളിലാണ് നമ്മളെല്ലാം ജീവിക്കുന്നത്. അവർക്കിടയിലെ വെറുപ്പിലൂന്നിയ മേധാവിത്വവും വിധേയത്വവും ഒറ്റപ്പെട്ട പൊട്ടിത്തെറികളും തെരുവിൽ അധികം അകലം സഞ്ചരിക്കാതെ തന്നെ നമ്മുക്ക് കാണാനും കേൾക്കാനും പറ്റും. അത്ര സ്പഷ്ടമാണ് നമുക്കിടയിലെ അസമത്വം.

അസമത്വമുള്ളിടത്ത് സാഹോദര്യമോ സ്വാതന്ത്ര്യമോ ഉണ്ടാവില്ല. അവിടെയുണ്ടാകുക പരസ്പരം കീഴടക്കാനുള്ള നീചമായ പരിശ്രമങ്ങൾ മാത്രമാണ്. ഒരു വശത്ത് ഭരണകൂടത്തിന്റെ പരിപൂർണ പിന്തുണയോടെ അദാനി ഉൾപ്പടെയുള്ള വലിയ കോർപറേറ്റുകൾ സമ്പത്ത് കുമിഞ്ഞ് കൂട്ടുന്നതും മറുവശത്ത് മീൻപിടുത്ത തൊഴിലാളിക്ക് നൽകിയിരുന്ന മണ്ണെണ്ണ സബ്സിഡി പോലും ഇല്ലാതാക്കുന്നതും ഒരുവൻ മറ്റൊരുവനെ കീഴടക്കാൻ ശ്രമിക്കുന്നതിനുള്ള ഉദാഹരണമായിവേണം കാണാൻ.

സ്വാധീനമുള്ളവർ ഭരണകർത്താക്കളെ നിയന്ത്രിക്കാൻ പോന്നത്ര സമത്വ- സാഹോദര്യ- സ്വാതന്ത്ര ചിന്തകൾ നമ്മളിൽ നിന്ന് അകന്ന് പോയിരിക്കുന്നു. ജനാധിപത്യ ഭരണകൂടം അസമത്വത്തിന്റെ വിശ്വസ്ത കാവലാളായി മാറിയിരിക്കുന്നു. ബി.ജെ.പി ഭരിക്കുമ്പോൾ മാത്രമല്ല ഇങ്ങനെ സംഭവിച്ചത്. കോൺഗ്രസ് ഭരിക്കുമ്പോഴും അസമത്വമുണ്ടായിരുന്നു, കൊള്ളയുമുണ്ടായിരുന്നു. ഇങ്ങ് കേരളത്തിലുമുണ്ട് അസമത്വവും ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള ചൂഷണവും. അദാനിക്ക് വേണ്ടി വിഴിഞ്ഞം പദ്ധതി നടപ്പാക്കികൊണ്ടിരിക്കുന്ന കേരളത്തിലെ ഇടത് സർക്കാർ ജനങ്ങളേയും പ്രകൃതിയേയും കൊള്ളയടിക്കാൻ അദാനിയെ കൂട്ട് നിൽക്കുക തന്നെയാണല്ലോ?

ഭരണകൂടം എല്ലാതരം അസമത്വത്തിനും ഒപ്പം നിൽക്കുന്നിടത്താണ് ഫാഷിസം ആരംഭിക്കുന്നത്. അതിനായി അവർ ഭൂരിപക്ഷം ജനങ്ങളെ കൂടെ നിർത്താൻ ശ്രമിക്കുന്നു. ഭൂരിപക്ഷ മതത്തേയോ വംശീയതയെയോ ഭാഷയേയോ ഭരണകൂടത്തിന്റെ കൂടെ നിർത്തിയാണ് ഭരണകൂടം ഇത് സാധിച്ചെടുക്കുന്നത്. പതിയെ, താഴെ നിന്ന് മേലോട്ട് സഞ്ചരിക്കുന്ന ജനാധിപത്യത്തിന്റെ അധികാര സങ്കൽപ്പങ്ങൾ റദ്ദ് ചെയ്യപ്പെടുകയും അധികാരം ഒരാളിലോ അല്ലെങ്കിൽ ഒരു ചെറു സംഘത്തിലോ കേന്ദ്രീകരിക്കപ്പെടുകയോ ചെയ്യും.

ജി.എസ്.ടി സാമ്പത്തിക അധികാര കേന്ദ്രീകരണത്തിന്റെ നല്ലൊരു ഉദാഹരണമായിരുന്നു. എന്നിട്ടും ജി.എസ്.ടിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് അന്ന് ഇടതൻമാർ പോലും സ്വീകരിച്ചത്. ഇന്ന് അവർ ജി.എസ്.ടിയെ പുലഭ്യം പറയുന്നുണ്ടെങ്കിലും ആ നികുതി ഘടനയുടെ ഫാഷിസ്റ്റ് സ്വഭാവം വിശദീകരിക്കാനും ജനങ്ങളെ രാഷ്ട്രീയമായി പ്രബുദ്ധരാക്കാനും ആരും ശ്രമിക്കുന്നതായി കണ്ടിട്ടില്ല. തങ്ങൾക്ക് വോട്ടുറപ്പാക്കുന്നതിനപ്പുറം ഒരു രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ ആരും തയ്യാറല്ല എന്നതാണ് വസ്തുത. അവരാരും അസമത്വമില്ലാരാക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണിതിനർഥം. മറിച്ച് അസമത്വത്തിലൂന്നിയ ഒരു ഭരണ സംവിധാനത്തെ നയിക്കാൻ തങ്ങൾക്ക് അവസരം കിട്ടാൻ മാത്രമാണ് ഓരോ കക്ഷിയും ആഗ്രഹിക്കുന്നുള്ളൂ. അതുകൊണ്ടാണ് ബി.ജെ.പി ഭരിക്കുമ്പോൾ ഫാഷിസമായെന്നും ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കിയാൽ ഫാഷിസം ഇല്ലാതാവുമെന്നും അവർ ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. ഈ കാപട്യമാണ് അവരുടെ നിലവിളികളിൽ നമ്മൾ കാണുന്നത്.

ശരിയാണ്, രാഹുൽ ഗാന്ധിയുടെ അറസ്റ്റ് നമ്മുടെ പേരിനെങ്കിലും അവശേഷിക്കുന്ന ജനാധിപത്യത്തിന് ഭീഷണി തന്നേയാണ്. പക്ഷേ, പാർട്ടികൾക്ക് വേണ്ടത് വോട്ട് മാത്രമാണ്. അധികാരം മാത്രമാണ്. ജനങ്ങളെ അധികാരത്തിന്റെ അധിപരായി കാണാൻ അവരാരും ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുപ്പ് ഇല്ലാതാവുന്ന കാലം അതിവിദൂരമൊന്നുമല്ലെന്ന് ഈ പാർട്ടികൾ എന്തുകൊണ്ടോ മനസ്സിലാക്കുന്നില്ല. അത്തരം സന്ദർഭങ്ങളിൽ രാഷ്ട്രീയ ബോധവും പോരാട്ടവീര്യവും ഐക്യവുമുള്ള ജനങ്ങൾക്കേ ഭരണകൂടത്തെ ചെറുക്കാനും സംരക്ഷിക്കാനും പറ്റൂ എന്നും അവർ മനസ്സിലാക്കുന്നില്ല. തങ്ങളിലേക്ക് ആവാഹിക്കപ്പെട്ട അനിയന്ത്രിതമായ അധികാരം ഭരണകൂടം നിങ്ങൾ ഓരോരുത്തർക്കും നേരെ പ്രയോഗിക്കുമെന്ന് രാഷ്ട്രീയക്കാരെ ബോധ്യപ്പെടുത്താനുള്ള വലിയ ഉത്തരവാദിത്ത്വം ഇന്ന് നമ്മളിൽ അർപ്പിതമാണ്. അങ്ങനെ ചെയ്താലേ നിരന്തരം നിലവിളിക്കുന്ന രാഷ്ട്രീയക്കാരുടേയും ബുദ്ധിജീവികളുടേയും നിലവിളികളിൽ നിന്ന് കാപട്യം ഒഴിഞ്ഞ് പോവൂ.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍കള്‍ക്ക്

സര്‍

പ്രവാസി ക്ഷേമനിധി 60 കഴിഞ്ഞവര്‍ക്ക് ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ ലഭിക്കാന്‍ ഓരോ വര്‍ഷവും ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം പുനപരിശോധിക്കണമെന്നഭ്യര്‍ഥിക്കുന്നു. കേരളത്തിന്റെ പുറത്ത് ജീവിക്കുന്നവര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയില്ല. കേരളത്തിലുള്ളവര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ എളുമല്ല എന്നതാണ് സത്യം.

പെന്‍ഷന്‍ ഇപ്പോള്‍ ലഭിക്കുന്നത് ബാങ്ക് വഴിയാണ് അത് കൊണ്ട് തന്നെ വര്‍ഷം വര്‍ഷം ലൈഫ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി പ്രവാസികളെ സഹായിക്കണമെന്നഭ്യര്‍ഥിക്കുന്നു. ഞാന്‍ മരിച്ചിട്ടില്ലെന്ന് മറ്റൊരാളെ കൊണ്ട് സാക്ഷ്യപ്പെടുത്തുന്ന നിയമം ഈ കാലഘട്ടത്തില്‍ ഉചിതമാണോയെന്ന് പരിശോധിക്കേണ്ടതും നിയമം ഭേദഗതി ചെയ്യേണ്ടതുമാണെന്ന് അപേക്ഷിക്കുന്നു.

സ്‌നേഹപൂര്‍വം
പുന്നക്കന്‍ മുഹമ്മദലി ദുബയ്

അതേ, കന്നടനടൻ ചേതൻകുമാർ ട്വീറ്റ് ചെയ്താണ് സത്യം. ഒരു നുണയൻസമൂഹമാണ് ഹിന്ദുത്വവാദികളെന്നത്. സത്യത്തെ ഭയപ്പെടുന്നവരാണ് ആ കലാകാരനെതിരെ കേസ്സെടുത്ത്
അറസ്റ്റ് ചെയ്തത്.

കള്ളക്കേസുകൾക്കും തടവറകൾക്കും മറച്ചുവെക്കാവുന്നതല്ലല്ലോ സത്യകരമായ വസ്തുതകൾ. ഹിന്ദുത്വമെന്ന പ്രത്യയശാസ്ത്രം നുണകളിൽ കെട്ടിപ്പൊക്കിയതാണ്. അത് ചരിത്രത്തെയും സംസ്കാരത്തെയും മതാത്മക ദേശീയതക്കാവശ്യമായ രീതിയിൽ വളച്ചൊടിച്ച് അവതരിപ്പിക്കുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണ്. വിഭജനത്തിൻ്റെയും വിദ്വേഷത്തിൻ്റെയും പ്രത്യയശാസ്ത്രം …

ആര്യവംശാഭിമാനത്തെയും മേധാവിത്വത്തെയും ചോദ്യം ചെയ്യുന്ന സ്വതന്ത്ര ബുദ്ധിജീവികളെയും കലാകാരന്മാരെയും ശാരീരികമായി തന്നെ ഇല്ലാതാക്കുകയും അവരുടെ രചനകളെ നിരോധിക്കുകയും ചെയ്തു കൊണ്ടാണ് ഹിറ്റ് ലേറിയൻ ഫാഷിസം ജർമ്മനി കീഴടക്കിയത്.
ചരിത്രത്തിലെ ഈ മഹാ ദുരന്തത്തിൽ
നിന്നും പാഠമുൾക്കൊള്ളുന്ന ഒരാൾക്കും വർത്തമാന ഇന്ത്യയിലെ സംഭവഗതികളിൽ ഉൽകണ്ഠാകുലരാവാതിരിക്കാനാവില്ല. എതിർക്കുന്നവരെ നിശ്ശബ്ദരാക്കി തങ്ങൾക്കനഭിമതരായ ജനവിഭാഗങ്ങളെ കൊന്നൊടുക്കാനാണ് ഹിറ്റ്ലറുടെ സെമിറ്റിക് മതവിരോധത്തിൽ നിന്നും ആവേശംകൊണ്ട് രൂപം കൊണ്ട ആർ എസ് എസുകാർ എന്നും ശ്രമിച്ചു പോന്നിട്ടുള്ളത്. ഗാന്ധി മുതൽ കൽബുർഗി വരെയുള്ളവർ ഹിന്ദുത്വത്തിൻ്റെ ഇരകളാണ്.

ഹിന്ദുമതവിശ്വാസവും പൗരാണിക ഇന്ത്യൻ സംസ്കൃതിയുമായി യാതൊരു വിധ ബന്ധവുമില്ല. ഓറിയൻ്റലിസ്റ്റ് ചിന്താകേന്ദ്രങ്ങളും സാമ്രാജ്യത്വശക്തികളും ആസൂത്രണം ചെയ്ത് നിർമ്മിച്ചെടുത്തതാണ്
ഇന്ത്യൻ ഫാസിസത്തിൻ്റെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വം. ഹിന്ദുത്വമെന്ന സാമ്രാജ്യത്വ പ്രോക്തപ്രത്യയശാസ്ത്രത്തെയും രാഷ്ട്രീയത്തെയുമാണ് “ഹിന്ദുത്വം മതാത്മകദേശീയതയുടെ
പ്രത്യയശാസ്ത്ര “മെന്ന ഈ പുസ്തകം അപഗ്രഥന വിധേയമാക്കുന്നത്.

(ലേഖകൻ കെ ടി കുഞ്ഞിക്കണ്ണൻ എകെജി പഠനകേന്ദ്രം കോഴിക്കോട്)

എംകെ ഷഹസാദ് എഴുതുന്നു

കലാലയങ്ങളെ ഇനിയെന്തിന് കൊള്ളും? കുറേക്കാലമായി എന്റെ മനസ്സിനെ അലട്ടിയിരുന്നൊരു ചോദ്യമാണിത്. ഈ ചോദ്യത്തിന് ഇന്നൊരുത്തരം കിട്ടി. ഉത്തരം പറഞ്ഞത് മറ്റാരുമല്ല, നമ്മുടെ വ്യവസായ മന്ത്രി പുങ്കവൻ പി രാജീവ് സാറാണ്. കലാലയങ്ങളിൽ വ്യവസായ പാർക്കുകൾ തുടങ്ങുമെന്ന് നിയമസഭയിൽ പ്രസ്താവിച്ചാണ് അദ്ദേഹം എന്റെ ആകാംക്ഷയെ ശമിപ്പിച്ചുകളഞ്ഞത്. എന്റെ ആകാംക്ഷയ്ക്ക് പിന്നിൽ തക്കതായ കാരണങ്ങളുണ്ടായിരുന്നു. കഴിഞ്ഞിടെ അഖിലേന്ത്യാ സേവ് എജുക്കേഷൻ കമ്മിറ്റിയെന്ന പേരിൽ ഒരു സംഘടന (ലേഖകൻ അതിലൊരംഗമാണ്) തൃശ്ശൂരിൽ ഒരു വിദ്യാഭ്യാസ രക്ഷാ ജനകീയ പാർലമെന്റ് സംഘടിപ്പിക്കുകയുണ്ടായി. പാർലമെന്റിൽ ചർച്ച ചെയ്യാതെ നടപ്പിലാക്കി തുടങ്ങിയ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രതീകാത്മക പാർലമെന്റിൽ ചർച്ച ചെയ്യാനും ഭാവി സമര പരിപാടികൾ ആലോചിക്കാനുമായിരുന്നു ജനകീയ പാർലമെന്റ്. അതൊരു വിജയവുമായിരുന്നു. എന്നാൽ അതല്ല ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം.

പാർലമെന്റിന്റെ പ്രചാരണത്തിനായി സേവ് എജുക്കേഷൻ കമ്മിറ്റിയുടെ പ്രവർത്തകർ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ധാരാളം കലാലയങ്ങളിലും വിദ്യാലയങ്ങളിലും കയറി ഇറങ്ങി. അധ്യാപകരുമായി സംവദിച്ചു.അപ്പോൾ ഞങ്ങൾക്കൊരു കാര്യം മനസ്സിലായി. ഞാനിപ്പോൾ പ്രവർത്തിക്കുന്ന സംഘടന 1994ൽ DPEP കാലം മുതൽ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യം ഇന്ന് കലായങ്ങളിലെ അധ്യാപകർക്ക് അനുഭവവേദ്യമായി തുടങ്ങിയിരിക്കുന്നു. കുട്ടികൾക്ക് വായിക്കാനും എഴുതാനും അറിയില്ല! സാഹിത്യമോ ചരിത്രമോ ശാസ്ത്രമോ അറിയില്ല. അറിയാനുള്ള ആകാംക്ഷയുമില്ല. അതുകൊണ്ട് തന്നെ അവരെ ഒന്നും പഠിപ്പിക്കാൻ പറ്റുന്നില്ല. ഒഴിഞ്ഞതും ഓട്ടയുള്ളതുമായ കുടങ്ങളിൽ വെള്ളം നിറക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ കഥകളായിരുന്നു പഠിപ്പിക്കുന്ന വിഷയത്തോട് ആത്മാർഥതയുള്ള ഓരോ അധ്യാപകനും പറയാനുണ്ടായിരുന്നത്. ഇതിനെന്താണ് പരിഹാരം?

അങ്ങനെയിരിക്കെയാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി, ക്ഷമിക്കണം വ്യവസായ മന്ത്രി ഇങ്ങനെയൊരു പ്രസ്താവനയിറക്കിയിരിക്കുന്നത്. പുതിയ വിദ്യാഭ്യാസ പശ്ചാത്തലം, കലാലയങ്ങളിൽ ഇത്ര വലിയ അങ്കണങ്ങളൊന്നും ആവശ്യപ്പെടുന്നില്ലെന്നും അങ്ങനെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് വ്യവസായ പാർക്കുകൾ ആരംഭിക്കാമെന്നാണ് അദ്ദേഹം പറഞ്ഞുവരുന്നത്. മാത്രമല്ല അതുകൊണ്ട് വേറേയും ഉണ്ട് ഗുണങ്ങൾ. ഒന്ന്, വിദ്യാർഥികളെ വ്യവസായശാലകൾക്ക് ഇന്റേൺഷിപ്പ് വഴി പ്രയോജനപ്പെടുത്താം. രണ്ട്, ഗവേഷണങ്ങളെ വ്യവസായവുമായി ബന്ധിപ്പിക്കാം. മാത്രമല്ല, സമാന്തരമായി അങ്ങ് വടക്ക് കോഴിക്കോട് സർവകലാശാലയിൽ വ്യവസായ സൗഹൃദ പാഠ്യപദ്ധതി രൂപീകരിക്കുന്നതിന്റെ വാർത്തയും വന്നു. ഇവയെല്ലാം എഴുതാനും വായിക്കാനുമറിയാത്ത വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷ നൽകുന്ന നയം മാറ്റമാണ്. കാരണം ഒന്നും പഠിക്കാതെ ബിരുദ തലത്തിലെത്തിയ ഒരു വിദ്യാർഥിക്ക് ഇനി പുതുതായൊന്നും പഠിക്കാൻ പറ്റില്ല. ഇനി അവന്റെയും അവളുടേയും മുന്നിൽ അവശേഷിക്കുന്ന ഏക സാധ്യതയെ തന്റെ ശരീരത്തെയും മനസ്സിനേയും തൊഴിലിടത്തിന് ഉതകും വിധം വഴക്കിയെടുക്കലാണ്. അതിന് സഹായിക്കുന്ന കാഴ്ചപ്പാടാണ് മന്ത്രി മുന്നോട്ടുവച്ചിരിക്കുന്നത്.
എഴുതാനും വായിക്കാനും അറിയാത്തവരെവച്ച് ഗവേഷണവും മുന്നോട്ടുപോകില്ലെന്നും രാജീവിനറിയാം എന്ന് തോന്നുന്നു. കാരണം വിജ്ഞാനാർജന സമയത്ത് സ്വാഭാവികമായി ഉയർന്ന് വരുന്ന പുതിയ ചോദ്യങ്ങൾക്ക് സ്വതന്ത്രമായി ഉത്തരം തിരയുന്നതാണല്ലോ ഗവേഷണം. പ്രത്യേകിച്ച് അറിവൊന്നും കിട്ടാത്തത് കൊണ്ട് കുട്ടികൾക്കിന്ന് ചോദ്യങ്ങളൊന്നുമില്ല. ഇനി അവരുടെ മസ്തിഷ്കത്തെ വ്യവസായശാലകളുടെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ഉപകരണങ്ങളുടെ യന്ത്രഭാഗമാക്കനേകൊള്ളൂ എന്ന തിരിച്ചറിവാണല്ലോ ഗവേഷണത്തെ വ്യവസായവുമായി ബന്ധിപ്പിക്കാം എന്ന ആശയത്തിലേക്ക് മന്ത്രിയെ നയിച്ചത്?

വീടുകളിലെ ദാരിദ്രവും ചുറ്റുപാടുള്ള ഭ്രമിപ്പിക്കുന്ന പരസ്യങ്ങളും നമ്മുടെ രക്ഷിതാക്കളേയും വിദ്യാർഥികളേയും ഒരുപോലെ സാമ്പത്തിക വാദികളാക്കി മാറ്റിയിട്ടുണ്ട്. അവർ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന നയമാണ് പി.രാജീവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി നമ്മുക്ക് നമ്മുടെ നിരാശരായ അധ്യാപകരിലേക്കും ദേശീയ വിദ്യാഭ്യാസ നയം 2020ലേക്കും ഒരിക്കൽകൂടി മടങ്ങിവരാം. നിരാശരായ അധ്യാപകരുടെ നൈരാശ്യം എന്നേക്കും നിലനിർത്തുകയും അവരേയും അവർ പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വിഷയത്തേയും പരിപൂർണമായും അപ്രസക്തമാക്കുകയും ചെയ്യുന്ന നയം മാറ്റമാണ് പി രാജീവ് അവതരിപ്പിച്ചിരിക്കുന്നത്. സേവ് എജുക്കേഷൻ കമ്മിറ്റി ചർച്ച ചെയ്ത ദേശീയ വിദ്യാഭ്യാസ നയം തന്നേയാണ് പി രാജീവിന്റെ നയവും എന്നതാണ് മറ്റൊരു വസ്തുത.
വിദ്യാഭ്യാസം മസ്തിഷ്കത്തിന് പ്രവർത്തിക്കാൻ ആവശ്യമായ വിവരങ്ങൾ പഠിതാവിൽ സന്നിവേശിപ്പിക്കുന്ന പ്രക്രിയയാണെന്ന ആശയം 1994 മുതൽ നടപ്പിലാക്കിയ DPEP നിഷേധിക്കുന്നുണ്ട്. 2007ൽ DPEPയ്ക്ക് അനുയോജ്യമാംവിധം പാഠ്യപദ്ധതി പരിഷ്കരിക്കുക കൂടി ചെയ്തതോടെ സംഗതി പൂർണമായി. അതിന് ശേഷം വിദ്യാഭ്യാസ പ്രക്രിയയിലൂടെ കടന്നുപോയവരാണ് ഇന്ന് എഴുത്തും വായനയും അറിയാതെ ഒരു ആകാംക്ഷയുമില്ലാതെ നിസ്സംഗരായി കലായങ്ങളിലെത്തിയിരിക്കുന്നത്. NEP 2020 സമാനമായ കാഴ്ചപ്പാടാണ് മുന്നോട്ടുവയ്ക്കുന്നത്. നമ്മുടെ വ്യവസായ മന്ത്രി പറഞ്ഞതും അതേ കാര്യം തന്നെ. അധ്യാപകരുടെ നിരാശയ്ക്ക് ഇനിയും പരിഹാരമായിട്ടില്ലെങ്കിലും ദേശീയ വിദ്യാഭ്യാസ നയം 2020 എന്ന ആശങ്കയൊഴിഞ്ഞിട്ടില്ലെങ്കിലും കലായങ്ങളെ ഇനിയെന്തിന്കൊള്ളാം എന്ന എന്റെ ചോദ്യത്തിന് ഒരുത്തരമായതിൽ ഒരു സന്തോഷമുണ്ട്.

സഫാരി സൈനുല്‍ ആബിദ്

തുടര്‍ച്ചയായി വിമാനങ്ങള്‍ റദ്ദാക്കുന്നത് മൂലം ദുരിതത്തിലാവുന്ന പ്രവാസികളുടെ ആശങ്കള്‍ പരിഹരിക്കണം. മുന്നറിയിപ്പില്ലാതെയാണ് പലപ്പോഴും വിമാനങ്ങള്‍ റദ്ദാക്കുന്നത്. യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി ബോഡിങ് കഴിഞ്ഞതിന് ശേഷവും വിമാനം റദ്ദാക്കപ്പെടുന്നു.

ഇത്തരം സാഹചര്യത്തില്‍ പ്രവാസി യാത്രക്കാര്‍ ദുരിതത്തിലാവുന്നു. ജോലി സ്ഥലങ്ങളില്‍ അടിയന്തരമായി തിരിച്ചെത്തേണ്ടവര്‍ക്ക് ബദല്‍ മാര്‍ഗം ഒരുക്കാനും സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. ഇത് വിമാനത്താവളങ്ങളില്‍ പരസ്യമായ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുന്നു.

ഇത്തരം സാഹചര്യങ്ങളെ അതീവ ഗൗരവത്തോടെ കണ്ട് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കണം. കഴിഞ്ഞ ദിവസം കരിപ്പൂര്‍-ഷാര്‍ജ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് പ്രതിഷേധത്തിന് വഴിവച്ചിരുന്നു.

എം കെ ഷഹസാദ് എഴുതുന്നു

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടുത്തം ശാരീരികം മാത്രമല്ല രാഷ്ട്രീയവുമായ അസ്വസ്ഥതകൾക്ക് കാരണമായിരിക്കുന്നു. സംഗതി പരാജയപ്പെട്ട ഒരു രാഷ്ട്രീയ വ്യവസ്ഥയുടേയും അതിന് നേതൃത്വം നൽകുന്നവരുടേയും സൃഷ്ടിയാണെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഭരണപക്ഷത്തുള്ളവർ ഭരണനിർവഹണ കാര്യങ്ങളിലെ അവരുടെ കെടുകാര്യസ്ഥത കാരണവും പ്രതിപക്ഷം ജനങ്ങളുടെ പ്രതിഷേധത്തെ പ്രക്ഷോഭമാക്കുന്നതിൽ പാലിച്ച് പോരുന്ന അലംഭാവവും ജനങ്ങളുടെ എതിർപ്പിന് പാത്രമായിരിക്കുന്നു. ഭരണകർത്താക്കളെ ന്യായീകരിക്കുന്ന അഭിപ്രായങ്ങളും ഒട്ടും കുറവല്ല. അമ്മയെ തല്ലിയാലും രണ്ടഭിപ്രായമുള്ള നാടാണല്ലോ!


ആരാണ് മാലിന്യത്തിന്റെ യഥാർഥ ഉൽപ്പാദകർ?

ജനം ഓരോരുത്തർ തന്നെയാണെന്നും അതുകൊണ്ട് ഉൽപ്പാദിപ്പിക്കുന്നവന്റെ തന്നെ ഉത്തരവാദിത്വമാണ് മാലിന്യനിർമാർജനമെന്നുമാണ് സർക്കാർ ഭാഷ്യം. ഭൂരിപക്ഷ ജനവും അത് വിശ്വസിച്ച് തുടങ്ങുകയും മാലിന്യനിർമാർജനത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് തുടങ്ങിയതുമാണ്. സാമ്പത്തികം അനുവദിക്കുന്നവർ സ്വന്തമായി ബയോഗ്യാസ് പ്ലാന്റുകളോ കമ്പോസ്റ്ററുകളോ സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. അപ്പോഴും രണ്ട് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഒന്ന്, പ്ലാസ്റ്റിക്ക് നിർമാർജനം. രണ്ട്, മാലിന്യം കുഴിച്ച് മൂടാൻ ഭൂമിയോ പ്ലാന്റുകൾ സ്ഥാപിക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവരാൽ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങൾ.

രണ്ടും രാഷ്ട്രീയ പ്രശ്നങ്ങളാണ്. രണ്ടാമത്തെ പ്രശ്നം ഭരണ സ്ഥാപനങ്ങളുടെ പരിപൂർണമായ സാമ്പത്തികവും സാങ്കേതികവുമായ പിന്തുണയോടെയും വിട്ടുവീഴ്ചയില്ലാത്തതും നിശ്ചയദാർഢ്യത്തോടുകൂടിയുള്ള ഇടപെടലിലൂടെയേ സാധ്യമാവൂ. എന്നാൽ അത്തരം സഹായങ്ങൾ പലപ്പോഴും ഒരു കമ്പോസ്റ്ററോ മറ്റോ കുറച്ച് പേർക്ക് സംഭാവന ചെയ്ത് ഒടുങ്ങിപ്പോവുന്നു. അവയൊക്കെ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ ഇല്ലെങ്കിൽ എന്താണ് കാരണം എന്നൊന്നും ആരും അന്വേഷിക്കുന്നില്ല.

ആദ്യം പറഞ്ഞ പ്ലാസ്റ്റിക്ക് മാലിന്യ പ്രശ്നവും കേന്ദ്രീകൃതമായി മാത്രം കൈകാര്യം ചെയ്യാൻ സാധിക്കുന്ന പ്രശ്നമാണ്. രാഷ്ട്രീയ സ്ഥാപനങ്ങൾക്കേ അതിന് സാധിക്കൂ. ആ തിരിച്ചറിവുള്ളതുകൊണ്ടാണ് പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്ന സ്ഥാപനത്തിന് എല്ലാ മാസവും അമ്പത് രൂപ ഫീസ് നൽകാൻ ജനങ്ങൾ തയ്യാറാവുന്നത്. എന്നാൽ അവിടേയും ഭരണകർത്താക്കൾ പരാജയപ്പെട്ടു പോവുകയാണ്. ബ്രഹ്മപുരം ആ പരാജയത്തിന്റെ നേർചിത്രമാണ്.

ജൈവമാലിന്യങ്ങൾ അവനവന്റെ സൃഷ്ടിയാണെന്ന് വേണമെങ്കിൽ വാദത്തിന് വേണ്ടി സമ്മതിക്കാം. എന്നാൽ പ്ലാസ്റ്റിക്കോ? അത് ലാഭം കിട്ടുമെങ്കിൽ എന്തും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ചരക്കാക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിയുടെ സൃഷ്ടിയാണ്. ചരക്കാക്കി മാറ്റൽ പ്രക്രിയ അമേരിക്കയിൽ മാത്രം രണ്ടായിരത്തോളം അതി ബൃഹത്തായ ലാന്റ് ഫില്ലുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇരുനൂറ്റി അറുപത്തിഅഞ്ച് മെട്രിക് ടൺ മാലിന്യമാണത്രെ ഇങ്ങനെ കുഴിച്ചുമൂടിയിരിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമ്പൂർണമായും ഇങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നല്ല ഇതിനർത്ഥം. കൈകാര്യം ചെയ്യപ്പെടാത്ത പ്ലാസ്റ്റിക് അതിലുമൊക്കെയധികമാണ്. ഇതിന് നല്ലൊരു ഉദാഹരണമാണ് ശാന്തസമുദ്രത്തിലെ ഭീമമായ മാലിന്യ കൂമ്പാരം. ടെക്സാസിന്റെ വലിപ്പത്തിൽ അതങ്ങനെ ഒഴുകി നടക്കുകയാണ്.

നമ്മുടെ ശ്രദ്ധയിൽപ്പെടാത്ത, ഒരു കണക്കുമില്ലാത്ത അധികമധികം അപകടകാരിയായ മറ്റൊരു മാലിന്യമുണ്ട്; വ്യവസായ മാലിന്യങ്ങൾ. അമേരിക്കയിൽ പോലും 1980ന്‌ ശേഷമുള്ള വ്യവസായ മാലിന്യങ്ങളുടെ കണക്ക് ലഭ്യമല്ല. അമേരിക്കൽ പരിസ്ഥിതി സംരക്ഷണ ഏജൻസി തയ്യാറാക്കി പുറത്തുവിട്ട കണക്ക് പ്രകാരം 1980ൽ തന്നെ ഉൽപാദനത്തിലൂടെ സൃഷ്ടിക്കപ്പെട്ടിരുന്നത് 7.6 ബില്യൺ ടൺ മാലിന്യമായിരുന്നു! ഇതൊരു ഏകദേശ കണക്കാണ്. അത് തന്നെ ഇരുപതിനായിരം എമ്പയർ സ്റ്റേറ്റ് കെട്ടിട്ടങ്ങളുടെ തൂക്കത്തിന് സമമാണ്. എന്നാൽ അതിനേക്കാൾ വിഷമയവും.

2015ലെ കണക്ക് പ്രകാരം ആഗോള വ്യാപകമായി പ്രതിവർഷം 381 മില്യൺ ടൺ പ്ലാസ്റ്റിക്ക് ഉൽപ്പാദിപ്പിക്കുന്നുണ്ട്. 1950ലെ ആഗോള പ്ലാസ്റ്റിക്ക് ഉൽപ്പാദനത്തിന്റെ ഇരുനൂറ് ഇരട്ടിവരുമിത്. 2014ലെ ഒരു പഠന പ്രകാരം അഞ്ച് ട്രില്യണിലധികം പ്ലാസ്റ്റിക്ക് പദാർഥങ്ങളാണ് കടലിൽ ഒഴുകി നടക്കുന്നത്. ഇന്നതിന്റെ അളവ് സ്വാഭാവികമായും വർധിച്ചുകാണുമല്ലോ?

ആധുനിക കമ്പോളത്തിലെ ഉൽപന്നങ്ങളുടെ അളവ് വിസ്ഫോടകമാം വിധം വർധിച്ചിട്ടുണ്ട്. ചരക്കിന്റെ എണ്ണം വർധിച്ചത് മാത്രമല്ല അതിന് കാരണം, എല്ലാം വിൽക്കാം എന്ന കാഴ്ചപ്പാടാണ് പ്രശ്നം. 1980കളിൽ സ്വന്തം കളി ഉപകരണങ്ങൾ കെട്ടിയുണ്ടാക്കിയിരുന്ന കുട്ടികൾ ഇന്ന് കളിപ്പാട്ട കമ്പോളത്തിന്റേയും ഡിജിറ്റൽ ഗെയിമുകളുടേയും അടിമകളായി മാറിയിരിക്കുന്നു. സേവനങ്ങളുൾപ്പടെ എല്ലാം സ്വകാര്യവൽക്കരിക്കപ്പെട്ടതാണിതിന് കാരണം. അങ്ങനെ നോക്കുമ്പോൾ ബ്രഹ്മപുരത്തെ മാലിന്യം പോലും ജനങ്ങൾ പണം കൊടുത്ത് ഉറപ്പാക്കിയ സ്വകാര്യ സേവനമാണ്. ഭരണ സ്ഥാപനം നൽകുന്ന സ്വകാര്യ സേവനം. എന്നാൽ ജനങ്ങളോട് തെല്ലും പ്രതിബദ്ധത ഇല്ലാ തങ്ങൾക്കെന്ന് സേവനം സ്വകാര്യവൽക്കരിച്ചതിലൂടേയും എന്നാൽ സേവനം കൃത്യമായി നൽകാതേയും കൊച്ചി കോർപറേഷനും സർക്കാരും തെളിയിച്ചിരിക്കുന്നു.

പ്രധാനമായും അമേരിക്കയിൽനിന്നുള്ള കണക്കുകൾ ഉദ്ധരിക്കാൻ കാരണം അവിടെ മാലിന്യത്തിന് കൃത്യമായ കണക്കുണ്ടെന്നതിനാലാണ്. നമ്മുടെ നാട്ടിൽ അത്തരം കണക്കുകളൊന്നുമില്ല. കൃത്യമായ കണക്കില്ല എന്നാൽ അർഥം മാലിന്യ നിർമാർജനം സർക്കാരിന്റെ ഒരു അജണ്ടയായി മാറിയിട്ടില്ലെന്നതിന്റെ തെളിവാണ്. ഇതൊരു പ്രധാന പ്രശനമാണ്. സേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതും ഉത്തരവാദിത്വം നിസ്വരായ ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നതുമാണ് രണ്ടാമത്തെ പ്രശ്നം. അഴിമതിയും മറ്റുമൊക്കെ ഈ രണ്ട് പ്രധാന പ്രശ്നങ്ങളുടെ ഉപപ്രശ്നം മാത്രമാണ്.

മാലിന്യ നിർമാർജനത്തിന് ശാസ്ത്രീയമായതും സർക്കാരിന്റെ നേരിട്ടുള്ളതുമായ പരിശ്രമങ്ങളിൽ ഊന്നിയ നയം ഉണ്ടായാൽ മാലിന്യവും ഉപ പ്രശ്നങ്ങളും അവസാനിപ്പിക്കാവുന്നതേയുള്ളൂ. അതിന് ബ്രഹ്മപുരം സംഭവത്തിന്റെ പശ്ചാതലത്തിൽ ജനകീയ സമ്മർദ്ദം ഉയർന്ന് വന്നേ മതിയാവൂ.

നാസര്‍ ഊരകം

സൗദിയും ഇറാനും തമ്മിലുളള നയതന്ത്ര ബന്ധവും വ്യാപാര ബന്ധവും പുനസ്ഥാപിക്കാന്‍ എടുത്ത തീരുമാനം മിഡില്‍ ഈസ്റ്റില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്നതാണ്. 2016 മുതല്‍ മുടങ്ങിക്കിടക്കുന്ന നയതന്ത്ര ബന്ധം പുനസ്ഥാപിച്ചത് ചൈനയുടെ മേല്‍നോട്ടത്തിലായത് ലോകത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതിന്റെ പ്രഖ്യാപനമാണ്. ഒമാനടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ശ്രമിച്ചിരുന്നുവെങ്കിലും ചൈനയുടെ മേഖലയിലെ സ്വാധീനം വിളിച്ചോതുന്നതായി സൗദി-ഇറാന്‍ മഞ്ഞുരുക്കം.

യമനിലെ ഹൂതികളുടെ ഇടയ്ക്കിടയ്ക്കുള്ള ഡ്രോണ്‍ ആക്രമണത്തിനും ഇതോടെ അറുതി വരും എന്നത് ഈ കരാറിന്റെ പരോക്ഷ ഫലമാണ്. അതോടൊപ്പം ജിസിസി സഖ്യ രാഷ്ട്രങ്ങളായ യുഎഇ, ബഹ്‌റൈനും ഇറാനുമായുള്ള ബന്ധം ഊഷ്മളമാക്കുവാനുള്ള സാധ്യതയും വര്‍ധിച്ചു വരികയാണ്. മേഖലയില്‍ കരിനിഴലായി നില്‍ക്കുന്ന ഷിയ-സുന്നി സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുവാന്‍ ഈ കരാര്‍ പ്രേരണനല്‍കുമെന്ന പ്രതീക്ഷയാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കുള്ളത് .

പശ്ചിമേഷ്യയില്‍ സുസ്ഥിരതയും സമാധാനവും കൊണ്ടുവന്ന് നയതന്ത്ര വ്യാപാര ബന്ധങ്ങള്‍ ഊഷ്മളമാകുമ്പോള്‍ പെട്രോളിയം വ്യാപാരത്തിലും ഇസ്രായേല്‍ -ഫലസ്തീന്‍ വിഷയത്തിലുമെല്ലാം സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷ ഉള്ളവരുമുണ്ട്. എല്ലാ ജിസിസി രാഷ്ട്രങ്ങള്‍ക്കും ഒഴിച്ചു കൂടുവാന്‍ പറ്റാത്ത അയല്‍ രാജ്യമാണ് ഇറാനെങ്കിലും വേറിട്ട നിലപാട് കാരണം എന്നും പരസ്പര ബന്ധങ്ങള്‍ക്ക് വിള്ളലുകള്‍ ഉണ്ടാവാറുണ്ട്. സൗദിയുമായും ബഹ്‌റയ്‌നുമായും ഷിയാ – സുന്നി പ്രശ്‌നത്തിന്റെ പേരിലാണെങ്കില്‍ യുഎഇയുമായി അബു മൂസ ദ്വീപിന്റെ പേരിലാണ് സംഘര്‍ഷത്തിന്റെ കാരണം. സാംസ്‌കാരികമായും സാമ്പത്തികമായും ആര്‍ക്കും പരസ്പരം ഒഴിച്ചു കൂടാന്‍ കഴിയാത്തതുമാണ് ഉഭയ കക്ഷി ബന്ധങ്ങള്‍. യു എഇ സ്വദേശികള്‍ക്ക് ശക്തമായ കുടുംബബന്ധങ്ങള്‍ നിലനില്‍ക്കുന്ന രാജ്യം കൂടിയാണ് ഇറാന്‍ . ഇറാനില്‍ മഴ പെയ്താലും ഭൂമി കുലുങ്ങിയാലും അതിന്റെ പ്രകമ്പനം അനുഭവിക്കുന്ന രാജ്യമാണ് യുഎഇ .

ഇറാനിലേക്ക് കയറ്റുമതി ചെയ്യുവാന്‍ കൂട്ടി ഇട്ടിരിക്കുന്ന ചരക്കുകള്‍ ദുബയിലെ തെരുവ് കാഴ്ചയാണ്. ഇറാന്‍ കറന്‍സി യുഎഇ മണി എക്‌സ്‌ചേഞ്ചുകളില്‍ മാറാന്‍ കഴിയാത്തതും ഇറാന്‍ ബാങ്കുകളെ കരിമ്പട്ടികയില്‍ പെടുത്തിയതുമെല്ലാം യുഎഇയിലെ സാമ്പത്തിക രംഗത്തുണ്ടാക്കിയ തളര്‍ച്ച ചില്ലറ അല്ല. ഇതിലൊരു ഉണര്‍ച്ച അടുത്ത കാലത്തുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഎഇയിലെ വ്യാപാര സമൂഹം .

അമേരിക്കയുടെ അച്ചുതണ്ടില്‍ കറങ്ങുന്ന വര്‍ത്തമാന കാലത്ത് മുസ്ലിം ലോകം പലവിധ പ്രതിസന്ധികളിലും അകപ്പെട്ട് ഉഴലുമ്പോള്‍ ചൈനയുടെ ലോക നേതൃത്വവും ഇറാന്റെ മുസ് ലിം നേതൃത്വവും അങ്കിള്‍ സാമിനെ വല്ലാതെ അസ്വസ്ഥമാക്കും തീര്‍ച്ച. അതേസമയം കിഴക്കോട്ടോ പടിഞ്ഞാറോട്ടോ നോക്കാതെ മുന്നോട്ട് പോവാന്‍ മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് നല്ല സാധ്യതകളുണ്ട്. ലോകത്തെ നയിക്കുവാന്‍ കെല്‍പുള്ള ഇസ് ലാമിക പ്രത്യയ ശാസ്ത്രത്തിന്റെ പിന്‍ബലം, ഭാഷയുടെയും സംസ്‌കരത്തിന്റെയും ഏകത്വം, മെസൊപ്പോട്ടോമിയ – നൈല്‍ നദീ തട സംസ്‌കാരങ്ങളുടെ പാരമ്പര്യം, മക്ക, മദീന, ബഗ്ദാദ്, കെയ്‌റൊ, കൊറൊദോവ എന്നീ പുരാതനനഗരങ്ങളുടെ സാംസ്‌കാരിക പൈതൃകം തുടങ്ങിയ ഘടകങ്ങളെല്ലാം ഒരുമയുടെ കാഹളം മുഴക്കുവാന്‍ മുസ്ലിം രാജ്യങ്ങളില്‍ ആവേശം പകരേണ്ടതാണ്. കൂടാതെ പാശ്ചാത്യ ശക്തികള്‍ ചതിയിലൂടെ ഇറാഖിനെ തകര്‍ത്തതും സദ്ദാം ഹുസൈനെ തൂക്കിലേറ്റി കൊന്നതും അഫ്ഗാനിസ്ഥാന്റെ മുമ്പില്‍ അമേരിക്ക മുട്ടു കുത്തിയതും മുസ് ലിം രാഷ്ട്രനേതാക്കള്‍ക്ക് പാഠമാകേണ്ടതുണ്ട്.

ശക്തമായ ഒരു നേതൃത്വത്തിന്റെ അഭാവമാണ് മുസ് ലിം ലോകത്തെ ഒരേ ഒരു പ്രശ്‌നം. ഇസ് ലാമിക രാഷ്ട്രങ്ങളുടെ നേതൃത്വം ഇറാന്‍ കൈയടക്കുന്നത് ഈ ശൂന്യതക്ക് പരിഹാരമാകുമോ എന്നത് കണ്ടറിയേണ്ടതുണ്ട്. മുസ് ലിം ലോകത്തെ സൂര്യോദയം അമേരിക്കയെ അസ്വസ്ഥമാക്കും, ഇനിയുള്ള കാലം മിഡില്‍ ഈസ്റ്റും അമേരിക്കയും തമ്മിലുളള ബന്ധങ്ങളില്‍ ശ്രദ്ധേയമായ ചലനങ്ങളുണ്ടാക്കുന്നതാണ്. ചൈന – റഷ്യ ചേരിയുടെ മേധാവിത്വത്തിന്റേത് കൂടിയാണ് വരാന്‍ പോകുന്നതെന്ന സൂചനയാണ് ഇറാന്‍ സൗദി മഞ്ഞുരുക്കം നമുക്ക് നല്‍കുന്ന സന്ദേശം.