മസ്ഹർ എഴുതുന്നു
ഇസ് ലാം/മത പരിസരത്തെ യുക്തിവാദ/നിരീശ്വരവാദ ജീവികൾ എത്രമേൽ അശ്ലീലമാണോ, അതിനേക്കാൾ ജുഗുപ്സാവഹമായ കാഴ്ചയാണ് പാതി മത വിശ്വാസികൾ നിർമത/യുക്തിവാദ പരിസരത്ത് മേയുന്നത് കാണുമ്പോൾ. അതിനാലാണ് ഈ ഷുക്കൂർ വക്കീൽ പുനർവിവാഹം ചെയ്തു ഇസ് ലാമിലെ കേവലം അനന്തരാവകാശ നിയമത്തെ മാത്രം മറികടന്ന് ഞാൻ ഇസ് ലാമാണേ എന്ന് നിലവിളിക്കുന്നത് വളരെ അശ്ലീലമാകുന്നത്.
അല്ല കൂട്ടരെ നിങ്ങൾ ഒന്ന് തിരഞ്ഞെടുക്കൂ. അതിൽ അഭിമാനിക്കുകയും നിങ്ങൾ അതീവ മൗലികവാദികളാകുകയും ചെയ്യൂ. മൗലികതയെ ഭീകരതയുമായി കൂട്ടിക്കെട്ടുന്ന ഒരു പതിവ് ഉണ്ടായിരുന്നു ശരീഅത്ത് വിവാദകാലത്ത്. അന്നാണ് മതമൗലികവാദികൾ എന്ന അശ്ലീല പദം ഉണ്ടായത്. സത്യത്തിൽ മൗലികവാദത്തോളം സത്യസന്ധമായ ഒരു നിലപാടില്ല.
ഇസ് ലാമിൽ നിൽക്കുന്നുണ്ടെങ്കിൽ അവിടെ നിൽക്കൂ. അതിൽ നിരുപാധിക വിശ്വസത്തിൻ്റെ അമൂർത്ത തലമുണ്ട്. സമരസപ്പെടാത്ത കൺവിക്ഷൻ്റെ ഒരു ധാരയുണ്ട്. ദൃശ്യതയുടേയും കേവലനീതിയുടേയും യുക്തിയുടേയും അപ്പുറത്തുള്ള അഭൗമമായ ഒരു പ്രതലമുണ്ട്. വൈയക്തിക യുക്തികൾക്കപ്പുറം ഒരു യൂനിവേഴ്സൽ യുക്തിയുണ്ടതിന്.
നിങ്ങളുടെ അന്വേഷണവും സന്ദേഹവും മനനവും ഒക്കെ നടത്താൻ നീണ്ട സമയമെടുക്കൂ. ആർക്കാ ധൃതി. എന്നിട്ട് ഇവിടെ നിക്കണോ അപ്പുറത്ത് പോണോ എന്ന് തീരുമാനിക്കൂ. ഇല്ലത്ത് നിന്ന് പുറപ്പെട്ട് അമ്മാത്ത് എത്തിയില്ല എന്ന ത്രിശങ്കു ജീവിതം പരമ അശ്ലീലമാണ്. സ്വത്തവകാശം പറയുമ്പോൾ പുറത്ത്, ഖബറടക്കുമ്പോൾ അകത്ത്, അതൊരു ബോറൻ നിലപാടാണ്.
മതത്തിന് അതിൻ്റെ പരിമിതികളുണ്ട്, പ്രത്യേകിച്ച് ഇസ് ലാമിന്. ഓരോരുത്തരുടേയും യുക്തിയുടെ/നീതിയുടെ അളവുകോൽ വച്ച് അതിനെ അളക്കാനാവില്ല. നിങ്ങൾക്കാകട്ടെ അറ്റമില്ലാത്ത ഒടുക്കത്തെ യുക്തിയുമാണ്. രണ്ടും കൂടി ഇവിടെയും അവിടെയും നടക്കില്ല. അതാ പറഞ്ഞത് നിങ്ങളുടെ പാതി വെന്ത മതവും തിളച്ചുമറിയുന്ന യുക്തി സാമ്പാറും ഇസ് ലാം പരിസരത്ത് വളരെ ഓക്കാനിക്കുന്നുണ്ട്. ഇത് തന്നെയാണ് യുക്തിവാദ ചുറ്റുവട്ടത്തേയും അവസ്ഥ. പാതിവെന്ത മത ധാർമികതയുമായി അവിടടെ റാത്തീബ് നടത്താറുണ്ട് ചിലർ. അതും പരമ ബോറാണ്.
ഒന്നുകിൽ എമു അല്ലെങ്കിൽ മു.
എം കെ ഷഹസാദ് എഴുതുന്നു
മാധ്യമങ്ങൾ, പ്രസാധനത്തിന് പണം മുടക്കുന്നവന്റെ ജിഹ്വകളാണ്. തങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ അഭിപ്രായങ്ങൾ യഥേഷ്ടം അച്ചടിക്കാനും പ്രക്ഷേപണം ചെയ്യുവാനും പ്രസാധകർക്ക് യഥേഷ്ടം സാധിക്കുന്നു. സമ്പത്തിന് അധികാര സ്ഥാപനങ്ങളുമായി ചങ്ങാത്തത്തിലേ നിലനിൽക്കാൻ സാധിക്കൂ എന്നതിനാൽ നിക്ഷ്പക്ഷത എന്നൊന്നില്ല. അതൊരു കാപട്യം മാത്രമാണ്. നിലനിൽക്കുന്ന അധികാര സ്ഥാപനങ്ങളെ, അവയുടെ താൽപര്യങ്ങളെ പ്രതിചോദ്യം ചെയ്യുമെങ്കിലും അവയെ സ്ഥിരമായി പ്രതിക്കൂട്ടിൽ നിർത്താനും സ്ഥിരമായി പ്രതിസന്ധിയിലാഴ്ത്താനും മാധ്യമങ്ങൾക്കോ പണം മുടക്കുന്നവർക്കും ഉദ്ദേശ്യമേയില്ല. അതുകൊണ്ടാണ് ജനാധിപത്യ ഭരണക്രമത്തിന്റെ നാലാമത്തെ തൂണായി മാധ്യമങ്ങൾ വിശേഷിപ്പിക്കപ്പെടുന്നതും.
മേൽപ്പറഞ്ഞത് സ്വതന്ത്ര മത്സരത്തിന്റെ കാലത്തെ മാധ്യമങ്ങളെപ്പറ്റിയാണ്. ഇന്ന് സ്വതന്ത്ര മത്സരമില്ല. ഇത് കുത്തക മൂലധനത്തിന്റെ കാലമാണ്. തുല്യൻ, തുല്യനോട് മത്സരിക്കുന്ന കാലമായിരുന്നു സ്വതന്ത്ര മത്സരത്തിന്റെ കാലമെങ്കിൽ കുത്തക മൂലധനത്തിന്റെ കാലം വൻ മീനുകൾ ചെറു മീനുകളോടും ഉള്ളവൻ ഇല്ലാത്തവനോടും മത്സരിക്കുന്ന കാലമാണ്. എന്നാൽ ഇതൊരു മത്സരമേയല്ലെന്നതാണ് യാഥാർഥ്യം. വിജയം ആരുടെ പക്ഷത്താണ് എന്നുറപ്പാക്കിയാണ് മത്സരം ആരംഭിക്കുന്നതുതന്നെ.
സമ്പത്ത് വല്ലാതെ കുമിഞ്ഞ് കൂടുന്ന അവസ്ഥയാണ് സ്വതന്ത്ര വ്യാപാരത്തിന്റെ ‘ റൊമാന്റിക്ക് ‘ ഘട്ടത്തെ കുത്തക മൂലധന കാലത്തേക്ക് തള്ളിവിടുന്നത്. സമ്പത്തിനൊപ്പം അധികാരവും കേന്ദ്രീകരിക്കപ്പെടുന്നു. അധികാരത്തിനാധാരമായി ഭരണകൂടങ്ങൾ മുന്നോട്ടു വയ്ക്കുന്ന പ്രത്യയശാസ്ത്രവും സാമ്പത്തിക മണ്ഡലത്തിലും രാഷ്ട്രീയ മണ്ഡലത്തിലും വരുന്ന മാറ്റങ്ങൾക്കനുസരിച്ച് പുനസൃഷ്ടിക്കപ്പെടുന്നു. വിഴിഞ്ഞത്ത് അദാനി പോർട്ടിനെതിരായി നടന്ന ജനകീയ സമരത്തിനെതിരായി, അദാനിക്ക് വേണ്ടി അഥവാ കുത്തക മൂലധനത്തിനുവേണ്ടി രൂപപ്പെട്ട രാഷ്ട്രീയ കൂട്ടുകെട്ടുകൾ കുത്തക മൂലധനം അധികാരം എങ്ങനെയാണ് കേന്ദ്രീകരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ്.
കുത്തക മൂലധനം മാധ്യമങ്ങളിലും ഇടപെടുന്നുണ്ട്. മാധ്യമങ്ങൾ വൻകിടക്കാരാൽ വിഴുങ്ങപ്പെടുകയോ അടച്ചുപൂട്ടപ്പെടുകയോ ചെയ്യും. എൻഡിടിവിയുടെ ഏറ്റെടുപ്പ് നല്ലൊരു ഉദാഹരണമാണ്. കുത്തക മൂലധനത്തിനൊപ്പം നിൽക്കുന്ന സർക്കാരിനെ ചോദ്യം ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങൾ പകപോക്കൽ നടപടിക്ക് വിധേയമാകുകയും സർക്കാർ പരസ്യം പോലും നിഷേധിക്കപ്പെട്ട് ശ്വാസം മുട്ടി മരിച്ചു പോവുകയും ചെയ്യുന്നു. കശ്മീരിൽ ധാരാളം പത്രങ്ങൾ ഇങ്ങനെ പൂട്ടിക്കപ്പെട്ടതായി പണ്ടെപ്പോഴോ വായിച്ചത് ഓർക്കുന്നു. അങ്ങനെ കൈകാര്യം ചെയ്യാൻ സാധിക്കാത്ത മാധ്യമങ്ങളെ ഭരണകൂട ഉപകരണങ്ങൾ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും അങ്ങനെ മെരുക്കിയെടുക്കുകയും ചെയ്തുപോരുന്നു. ബിബിസി ഓഫിസിൽ നടന്ന ‘ സർവേ ‘ ഇത്തരത്തിലുള്ള മെരുക്കിയെടുക്കൽ പ്രക്രിയയ്ക്ക് പറ്റിയൊരുദാഹരണം തന്നേയാണ്. മേൽപ്പറഞ്ഞ നടപടികളെല്ലാം ഭരണകൂടം നേരിട്ട് അതിന്റെ ഉപകരണങ്ങൾ ഉപയോഗിച്ച് നടപ്പിലാക്കുന്ന അടിച്ചമർത്തൽ നടപടികളാണ്.
എന്നാൽ കുത്തക മൂലധനത്തിന്റെ വികാസഗതിയിൽ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രം തന്റെ സ്വന്തം പ്രത്യയശാസ്ത്രമാക്കി മാറ്റിയ ആൾകൂട്ടങ്ങളായി പൗരൻമാർ മാറിത്തീരുകയും ഒരാഹ്വാനവും കൂടാതെ തന്നെ ഭരണകർത്താക്കളുടെ താൽപര്യത്തിനെതിരായി നിൽക്കുന്നവരെ നിയമവാഴ്ചയെ പരിഗണിക്കാതെ കൈകാര്യം ചെയ്യുകയും ചെയ്യും. സമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണോ കേരളം എന്ന് ഞാൻ സംശയിക്കുന്നു. ഏഷ്യനെറ്റ് ഓഫിസിന് നേരെ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ ആൾകൂട്ട അക്രമം അത്തരമൊരു നടപടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉത്തരേന്ത്യയിൽ നടക്കുന്നതായി നമ്മൾ വായിച്ചും കേട്ടുമറിഞ്ഞിട്ടുള്ള ആൾകൂട്ട അക്രമങ്ങൾക്ക് സമാനം തന്നെയാണിത്. വ്യക്തികൾക്ക് പകരം മാധ്യമ സ്ഥാപനം എന്ന വ്യത്യാസം മാത്രമേ കാണാനുള്ളൂ.
അപലപനീയവും ഞെട്ടിക്കുന്നതുമായ വസ്തുത എന്താണെന്ന് വച്ചാൽ ഫാഷിസത്തിനെതിരേ പ്രവർത്തിക്കുന്നു എന്ന് പറയുകയും അതിന്റെ പേരിൽ മേനി നടിക്കുകയും ചെയ്യുന്നവർ അപകടകാരിയായ ആൾക്കൂട്ടങ്ങളെ പെറ്റിടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ്. ഇത്രയും വായിച്ചപ്പോൾ ഇനി ഞങ്ങൾക്ക് ആര് എന്ന തോന്നലുണ്ടായിക്കാണും എന്നെനിക്കറിയാം. നിരാശരാവരുത്. നമുക്ക് നമ്മളുണ്ട്. ജനാധിപത്യത്തിലെ നിർണായക ശക്തിയായ പൗരൻമാർ; നഷ്ടപ്പെടുവാൻ ഒന്നുമില്ലാത്തവർ.
ജേക്കബ് കെ ഫിലിപ്പ് എഴുതുന്നു
സൗദിയിലെ ദമാമിലേക്കു പറക്കാൻ 24.02.2023ന് കാലത്ത് ഒൻപതരയോടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ടേക്കോഫ് ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിമാനം, വിടി-എവൈഎ, ഫ്ളൈറ്റ് നമ്പർ ഐഎക്സ് 385, തിരുവനന്തപുരത്തേക്കു തിരിച്ചുവിടുകയും, പന്ത്രണ്ടരയോടെ അവിടെ ഇറങ്ങുകയും ചെയ്തതിനു കാരണം ടേക്കോഫിൽ വാല് റൺവേയിൽ ഉരസിയതാണ് എന്ന് എല്ലാവരും ഇതിനോടകം വായിച്ചിട്ടുണ്ടാവും.
പറന്നുയരുമ്പോള് വിമാനത്തിന്റെ അടിവയറിന്റെ പിന്നറ്റം റൺവേയിൽ തട്ടുന്നതിനെയാണ് ടെയില് സ്‌ട്രൈക്ക്, ടെയിൽ ഹിറ്റ് എന്നൊക്കെ പറയുക. റൺവേയിലൂടെ മണിക്കൂറിൽ 200-250 കിലോമീറ്റർ വേഗത്തിൽ ഓടി, ഒടുവിൽ, മുകളിലേക്കുയരാനാവശ്യമായ വായുവിന്റെ തള്ളൽ ചിറകിനടിയിലുണ്ടാകുന്ന ഘട്ടത്തിൽ പൈലറ്റ് വിമാനം ലേശം മുകളിലേക്കുയർത്തിക്കൊടുക്കുമ്പോഴാണ് ടേക്കോഫ് നടക്കുക. വേഗം, മണിക്കൂറിൽ ഏകദേശം 277-287 കിലോമീറ്ററാകുമ്പോൾ, വാലറ്റത്തുള്ള എലിവേറ്റർ അൽപ്പം ഉയർത്തി വിമാനത്തിന്റെ മൂക്ക് മേലോട്ടുയർത്തുന്നു.വിമാനം റൊട്ടേറ്റ് ചെയ്യുക എന്നാണിതിന് പറയുക.
അന്നേരത്തെ സ്പീഡിന്റെ പേര് റൊട്ടേഷൻ സ്പീഡ് എന്നും. തിരശ്ചീന തലത്തിൽ നിന്ന് സെക്കൻഡിൽ 2-3 ഡിഗ്രി എന്ന തോതിലാണ് മൂക്കുയർത്തുക. ബോയിങ് 8737-800 വിമാനങ്ങൾ സാധാരണ ഗതിയിൽ 8-10 ഡിഗ്രിയാകുമ്പോഴേക്കും പൂർണമായി നിലം വിട്ടുയർന്നു കഴിയും. നിലത്തു നിന്നുയരുമ്പോൾ വിമാനത്തിന്റെ പിന്നറ്റം റൺവേയിൽ നിന്ന് ഏകദേശം 50 സെന്റിമീറ്റർ ഉയരെയായിരിക്കും. എന്നാൽ ഈ ചെരിവ് 11 ഡിഗ്രിയിലും കടന്നാൽ, അതായത് മൂക്ക് കൂടുതൽ കുത്തനെ മേലേക്കുയർന്നാൽ, സ്വാഭാവികമായും പിൻഭാഗം നിലത്ത് സ്പർശിക്കും, ഉരയും.
ഇങ്ങനെ കൂടുതൽ ചെരിവിൽ മൂക്ക് മേലേക്ക് ഉയരുന്നതിന്റെ, ഉയർത്തുന്നതിന്റെ ഒരു കാരണം, നേരത്തേ പറഞ്ഞ റൊട്ടേഷൻ സ്പീഡെത്തും മുമ്പേ വിമാനം ഉയർത്താൻ നോക്കുന്നതാണ്. ആവശ്യത്തിന് തള്ളൽ ചിറകിനടിയിൽ രൂപം കൊണ്ടുകഴിഞ്ഞിട്ടില്ലാത്തതിനാൽ, വിമാനം ഉയരാൻ മടിക്കും. അപ്പോൾ കൂടുതൽ തള്ളൽ, അഥവാ ലിഫ്റ്റ് ഉണ്ടാകാൻ പൈലറ്റ് മൂക്ക് കൂടുതൽ ചെരിവിൽ മുകളിലേക്കുയർത്തേണ്ടി വരും. പിന്നറ്റം തറയിലടിക്കുകയും ചെയ്യും.
വിമാനത്തിലെ ആൾക്കാരുടെയും ചരക്കിന്റെയും ഭാരവിന്യാസം ക്രമത്തില്ലെങ്കിലും ഇതു തന്നെ സംഭവിക്കാം. ഗുരുത്വാകർഷണ കേന്ദ്രം പിന്നിലേക്കു മാറിയാൽ, അഥവാ പിന്നറ്റത്ത് ഭാരം കൂടിയാൽ, മൂക്ക് ഏറെ ഉയർത്തിയില്ലെങ്കിലും പിന്നറ്റം താഴ്ന്ന് നിലം മുട്ടിയെന്നു വരാം. വിമാനം ഓടി റൊട്ടേഷൻ സ്പീഡാകും മുമ്പേ റൺവേയുടെ അറ്റമെത്തിയാൽ പിന്നെ നിൽക്കള്ളിയില്ലാതെ വിമാനം കൂടുതൽ ചെരിച്ചുയർത്തി ഏതുവിധേനെയും പറന്നുയരാൻ ശ്രമിക്കുന്ന ചുറ്റുപാടിലും ഇങ്ങനെ വാല് നിലത്തടിക്കാം. പക്ഷേ ഇന്നു രാവിലെ കോഴിക്കോട്ടെ 9000 അടി റൺവേയിൽ 6000 അടിയെത്തും മുമ്പേ വിമാനം പറന്നുയർന്നു കഴിഞ്ഞിരുന്നു.
ഇങ്ങനെയുള്ള നിലത്തടിക്കൽ അപൂർവമല്ലാത്തതിനാൽ മിക്കവാറും വിമാനങ്ങളിൽ ഇതിനുള്ള സുരക്ഷാ സംവിധാനവുമുണ്ട്. ടെയിൽ സ്‌കിഡ് എന്ന പേരുള്ള ഈ സംഭവം ഇന്ന് കോഴിക്കോട്ട് റൺവേയിൽ ഉരസിയ ബോയിങ് 737-800 വിമാനത്തിലുമുണ്ട്. (പടം നോക്കുക). ഈ മുഴച്ചു നിൽക്കുന്ന കട്ടയാണ് നിലത്ത് ആദ്യം ഉരസുക. ചെറിയ ഉരസലാണെങ്കിൽ അതിനൊരു പോറൽ വരുമെന്നേയുള്ളു. നല്ല തോതിലാണെങ്കിൽ ഏറ്റവും മുഴച്ചു നിൽക്കുന്ന ഭാഗം ഉരഞ്ഞ് ഇളകിപ്പോകാം. ബാക്കിഭാഗങ്ങൾ വിമാനത്തിന്റെ വയറിനുള്ളിലേക്ക് തള്ളിക്കയറി മറയും, നല്ല അടിയാണെങ്കിൽ. എന്തായാലും, ആദ്യത്തെ നിലത്തുരയലിൽ തന്നെ, ഈ ടെയിൽ സ്‌ക്ഡിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറിൽ നിന്ന് പൈലറ്റിന് കോക്പിറ്റിൽ വിവരം കിട്ടും.
സാധാരണഗതിയിൽ, വാല് നിലത്തടിച്ചു എന്നതു കൊണ്ട് ആരും ടേക്കോഫ് റദ്ദാക്കുകയില്ല. പറന്നുയരുന്ന വിമാനത്തിന് മറ്റെന്തെങ്കിലും കുഴപ്പമുണ്ടായിരിക്കാനുള്ള സാധ്യത വളരെ, വളരെ കുറവാണ്. പറക്കുന്നതിനോ അടുത്ത വിമാനത്താവളത്തിൽ ചെന്നിറങ്ങുന്നതിനോ ഒരു കുഴപ്പവുണ്ടാകില്ല. തകരാറിലായ ഈ സുരക്ഷാസംവിധാനവുമായി വീണ്ടുമൊരു ടേക്കോഫ് ചെയ്യാനാവില്ലെന്നതു മാത്രമാണ് പ്രശ്നമാവുക. ഇന്നത്തെ വിമാനം ദമാമിലെത്തിയാൽ ഈ ചെറു റിപ്പയർ ചെയ്യാൻ അവിടെ സംവിധാനമുണ്ടാകുമോ എന്ന ആശങ്ക മാത്രമായിരുന്നിരിക്കും പൈലറ്റുമാർക്കുണ്ടായിരുന്നത്. ടെയിൽ സ്‌കിഡ് മാറ്റി വയക്കുന്നത് ഒരു മണിക്കൂർ പോലും ആവശ്യമില്ലാത്ത ചെറിയൊരു പണിയാണെങ്കിലും ഇതേ ഇനം വിമാനത്തിന്റേതു വേണമെന്നത് അനിശ്ചിതാവസ്ഥയുണ്ടാക്കിയേക്കാം.
എയർ ഇന്ത്യയുടെ ഹാങ്ങർ ഉള്ള തിരുവനന്തപുരത്തേക്ക് വിമാനം തിരിച്ചുവിടാൻ തീരുമാനിച്ചതും അതുകൊണ്ടു തന്നെയാണ്. ഇനി, വിമാനം രണ്ടരമണിക്കൂറോളം ചുറ്റിപ്പറന്ന കാര്യം-ഇതിനോടകം പല മാധ്യമങ്ങളും പറഞ്ഞ പോലെ തന്നെ, ലാൻഡു ചെയ്യുമ്പോഴുള്ള ഭാരം കുറയ്ക്കാനായി ഇന്ധനം കത്തിച്ചു തീർക്കാൻ തന്നെ. ബോയിങ് 737-800 വിമാനങ്ങൾക്ക് ആകെ 79 ടൺ ഭാരത്തോടെ പറന്നുയരാൻ കഴിയുമെങ്കിലും, നിലത്തിറങ്ങുമ്പോൾ പരമാവധി 66.35 ടൺ ഭാരമേ പാടുള്ളു.
ഈ ഭാരത്തിലും ഏറെയായാൽ വിമാനം തകരാം. അഞ്ചര മണിക്കൂർ 30,000 അടിപ്പൊക്കത്തിൽ പറന്ന് വിമാനം ദമാമിലെത്തുമ്പോഴേക്കും പന്ത്രണ്ടു ടണ്ണോളം ഇന്ധനം എരിഞ്ഞു തീർന്നിട്ടുണ്ടായേനേ. ആ പന്ത്രണ്ടു ടൺ കുറയ്ക്കാനായില്ലെങ്കിലും കഴിയുന്നത്ര ഇന്ധനം ചെലവാക്കാനാണ് രണ്ടു മണിക്കൂറോളം ആറായിരം അടിപ്പൊക്കത്തിൽ ചുറ്റിക്കറങ്ങിയതും പറന്നതും. ( താഴേക്കിറങ്ങുന്തോറും അന്തരീക്ഷ വായുവിന്റെ കട്ടി കൂടുമെന്ന്തിനാൽ, കൂടുതൽ ഇന്ധനം ചെലവാകും, ആ പ്രതിരോധം മറികടന്നു പറക്കാൻ. 30,000 അടിപ്പൊക്കത്തിൽ പറക്കുന്നതിനേക്കാൾ ഒന്നര മടങ്ങ് കൂടുതൽ ഇന്ധനം വേണം ഇങ്ങിനെ താഴ്ന്നു പറ്ക്കുമ്പോൾ) പന്ത്രണ്ടരയക്ക് തിരുവനന്തപുരത്തിറങ്ങുമ്പോൾ എട്ടുടണ്ണിലേറെ ഇന്ധനം എരിച്ചു തീർത്തിട്ടുണ്ടാവും, ദമാം വിമാനം. (ബോയിങ് 737-800 വിമാനങ്ങൾക്ക് ഇന്ധനം ഒഴുക്കിക്കളയാനുള്ള സംവിധാനമില്ലാത്തതിനാലാണ് ഈ ചുറ്റിപ്പറന്നുള്ള ഇന്ധനം കത്തിച്ചു തീർക്കൽ).
നാസർ ഊരകം എഴുതുന്നു
അബ്ദുന്നാസർ മഅ്ദനിയെ ആദ്യം തമിഴ്നാട് പൊലീസിന് പിടിച്ചു കൊടുത്തു. കോയമ്പത്തൂർ ജയിലിൽ നീണ്ട ഒമ്പത് വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം നിരപരാധിത്വം തെളിയിച്ച് പുറത്ത് വന്നപ്പോൾ അദ്ദേഹത്തെ സ്വീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തി അത് ഫലിക്കാതെ വന്നപ്പോൾ വീണ്ടും കർണാടക പൊലീസിന് പിടിച്ചു കൊടുത്ത് ബാംഗ്ലൂർ ജയിലിലാക്കുകയും ഇത് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നേട്ടമായി അവതരിപ്പിക്കുകയും ചെയ്തവരാണ് കേരളത്തിലെ സിപിഐഎം. മഅ്ദനിയോടൊപ്പം അദ്ദേഹത്തിന്റെ പിഡിപിയേയും കൂടെക്കൂട്ടി ബെടക്കാക്കി.
മുസ്ലിം ലീഗിനെ പിളർത്തി ഐഎൻഎല്ലിനെ പത്ത് വർഷം മുന്നണിക്ക് പുറത്ത് നിറുത്തി മെരുക്കി അവരുടെ ശക്തി ക്ഷയിപ്പിച്ചതിന് ശേഷമാണ് അകത്ത് കയറ്റിയതും അര മന്ത്രി സ്ഥാനം നൽകിയതും. പിളരുമ്പോൾ പത്തോളം മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് ജയിക്കാൻ ശക്തിയുണ്ടായിരുന്ന ഐ എൻ എല്ലിന് ഇന്ന് സിപിഐഎമ്മിന്റെ സഹായമില്ലാതെ ഒരു മണ്ഡലത്തിലും ജയിക്കാൻ സാധ്യമല്ല. സുലൈമാൻ സേട്ട് സാഹിബും യുഎ ബീരാനും പി എം അബൂബക്കറും ബാവ ഹാജിയും നേതൃത്വം നൽകിയിരുന്ന ഐഎൻഎൽ ഇന്ന് ഖാസിം ഇരിക്കൂറിന്റെയും അഹമദ് ദേവർ കോവിലിന്റെയും കൈയിലൊതുക്കി അര മന്ത്രി സ്ഥാനവും പോക്കറ്റിലിട്ട് സായൂജ്യമടഞ്ഞിരിക്കുകയാണ്.
വഖ്ഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടപ്പോൾ അത് ഞങ്ങളുടെ ശ്രമമാണെന്ന് അവകാശപ്പെടുകയും മുസ്ലിം സംഘടനകളുടെ സമ്മർദത്തിനൊതുങ്ങി ബിൽ പിൻവലിക്കുകയും ചെയ്തപ്പോൾ അതിന്റെയും പിതൃത്വം ഏറ്റെടുത്ത് നപുംസക സ്വഭാവം കാണിച്ചവരാണ് ഐഎൻ എൽ. മുസ്ലിം ലീഗിന്റെ സാമുദായിക താൽപര്യത്തിന്റെ ജിബി കുറവാണെന്ന് പറഞ്ഞു മുസ്ലിം പേര് മുറിച്ചു പിരിഞ്ഞു പോയവർ ഇന്നു വരെ സമുദായത്തിന് വേണ്ടി വല്ലതും ചെയ്തതായി അവർ പോലും അവകാശപ്പെടുന്നില്ല.
മുസ്ലിം സംഘടിത ശക്തികളെ നക്കിക്കൊല്ലുന്ന കമ്മ്യൂണിസ്റ്റ് തന്ത്രത്തിൽ കുരുക്കുവാൻ സാധിക്കാത്ത പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. കെടി ജലീലിനെ ഉപയോഗിച്ചു മുസ്ലിം സംഘടനകളെ വരുതിയിലാക്കാൻ ശ്രമിച്ചപ്പോഴും ജലീലിന് ഏറ്റവും അടുപ്പമുണ്ടായിരുന്ന ജമാ അത്തെ ഇസ്ലാമിയെ മാത്രം കൈയിൽ കിട്ടിയില്ല. നിരവധി തിരഞ്ഞെടുപ്പുകളിൽ കൂടെ നിന്നവർ പ്രത്യേക സാഹചര്യത്തിൽ രണ്ടായിരത്തി പത്തൊമ്പതിൽ കേന്ദ്രത്തിൽ കോൺഗ്രസിന് ശക്തി പകരാൻ തീരുമാനം മാറ്റി എൽഡിഎഫിനെ ഒറ്റ സീറ്റിൽ ഒതുക്കിയതിന്റെ പകയാണ് സിപിഐഎം ജമാഅത്തെ ഇസ്ലാമിയെ ഒറ്റതിരിഞ്ഞു അക്രമിക്കുന്നത്. ടിപി ചന്ദ്രശേഖറടക്കം നിരവധി കുലംകുത്തികളെ അരും കൊലകൾ നടത്തി ചരിത്രമുള്ള സിപിഐഎം വ്യക്തികളുടെ മേൽ മാത്രമല്ല സംഘടനകളുടെ മേലിലും മാഷാ അല്ലാഹ് സ്‌റ്റിക്കർ ഒട്ടിക്കാൻ മടിക്കില്ല. പൊതിച്ചോർ കൊടുക്കാൻ ടീമുള്ളത് പോലെ തന്നെ വെട്ടിക്കൊല്ലുവാനും വിംഗുണ്ടെന്നാണ് തില്ലങ്കേരിയിലൂടെ വ്യക്തമായത്.
കേരളത്തിൽ ആർ എസ് എസ് എസ് നടത്തിയ കൊലപാതകങ്ങളിലെ പ്രതികളെ ശിക്ഷിക്കാത്തവരാണ് മുസ്ലിംകളുടെ സംരക്ഷകരായി വരുന്നത്. പാലാ ബിഷപ്പ് വർഗീയ പരാമർശം നടത്തിയപ്പോൾ കേസെടുക്കാൻ മടിച്ചവർ, കുഞ്ഞുമാണി ലവ് ജിഹാദ് ആരോപണം തിരുത്തിക്കാനും മടിച്ചവർ, ഹാദിയ ഇസ്ലാം സ്വീകരിച്ചപ്പോൾ ഹിന്ദു പുരോഹിതരെ കൊണ്ട് വന്ന് കൗൺസിലിങ്ങ് നടത്തി ഘർ വാപസിക്ക് കൂട്ടു നിന്നവർ ആട്ടിൻ തോൽ ധരിച്ചു വരുന്നത് മുസ്ലിം നേതൃത്വം തിരിച്ചറിയണം.
സിപിഐഎമ്മിന്റെ അത്രയൊന്നും ക്രിമിനൽ കേസുകളില്ലാത്ത പിഎഫ്ഐ നേതാക്കളെ പിടികൂടി തടവിലാക്കി അവരുടെ വസ്തുക്കൾ കണ്ട് കെട്ടാൻ കോടതി ആവശ്യപ്പെട്ടതിനപ്പുറം സ്വത്തുക്കൾ കണ്ടെത്തി കാണിക്ക വച്ചവർ വിഴിഞ്ഞത്ത് കൃസ്ത്യൻ തീവ്രവാദികൾ പോലീസ് സ്റ്റേഷൻ തകർത്ത് പോലീസ്കാരെ ആക്രമിച്ചപ്പോൾ ഒരാളെ പോലും അറസ്റ്റ് ചെയ്യാതെ മന്ത്രിമാരെ വിട്ട് അവരുമായി ചർച്ച ചെയ്ത് സമരക്കാരുടെ ആവശ്യങ്ങൾ അനുവദിച്ചു കൊടുക്കുയാണുണ്ടായത്.
മുസ്ലിം ശാക്തീകരണം ഊന്നി രൂപീകരിച്ച ന്യൂനപക്ഷ ബോർഡ് ക്രിസ്ത്യാനികൾക്ക് കൈമാറി സ്കോളർഷിപ്പുകളും മറ്റു ക്ഷേമ പ്രവർത്തനങ്ങളും തുല്യമായി ഓഹരി വച്ചവരാണ് മുസ്ലിം സംരക്ഷകരായി വരുന്നത്. സ്വന്തം പാർട്ടിക്കാരെ യൂണിവേഴ്സിറ്റികളിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനത്തിലൂടെ തിരുകി കയറ്റി ശീലമുള്ള സി പി ഐഎം വഖ്ഫ് ബോർഡിലും ഇഷ്ടക്കാരെ നിയമിക്കാനുളള തന്ത്രം, കോടികളുടെ കൊടകര കുഴൽ പണ കേസിലും തിരഞ്ഞെടുപ്പ് കേസിലും ബി ജെ പി പ്രസിഡന്റ് സുരേന്ദ്രൻ പ്രതിയായിട്ടും ഒരു ദിവസം പോലും അകത്തിടാതെ സെയിഫാക്കിയപ്പോൾ നാൽപത്തഞ്ച് ലക്ഷത്തിന്റെ കള്ളപ്പണ കേസിൽ കെ എം ഷാജിയെ കുടുക്കി. പട്ടിക ഇങ്ങനെ നീളുകയാണ്.
യുഎം മുഖ്താർ എഴുതുന്നു
40 വർഷം മുമ്പാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കൊല നടന്നത്. അതും ഇന്ത്യയിൽ, കൃത്യമായി പറഞ്ഞാൽ നെല്ലിയിൽ. 21 ഗ്രാമങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് നെല്ലി. അതിൽ 17ഉം പൂർണമായും മുസ് ലിം ഗ്രാമങ്ങളാണ്.
NRC കത്തിനിൽക്കുന്ന സമയത്ത് അസം സന്ദർശിച്ചപ്പോൾ നെല്ലിയിലും ഞാൻ പോയിരുന്നു. ഗുജറാത്തും കോയമ്പത്തൂരും ഭീവണ്ടിയും സൂറത്തും അടക്കമുള്ള കലാപങ്ങളിൽനിന്ന് ഭിന്നമായി നെല്ലിയിലെ പ്രത്യേകത നാലഞ്ചു മണിക്കൂർ കൊണ്ട് കൂടുതൽ പേരെ കൊന്നുവെന്നതാണ്. ദിവസങ്ങളോളം ഗുജറാത്ത് കലാപം നീണ്ടെങ്കിൽ രാവിലെ തുടങ്ങി ഉച്ചയായപ്പോഴേക്കും നെല്ലിയിലെ അക്രമികൾ ‘ടാർഗറ്റ്’ പൂർത്തിയാക്കി.
1983 ഫെബ്രുവരി 18 വെള്ളിയാഴ്ച എട്ടുമണിയോടെ വാൾ, കത്തി, തോക്ക്, ദണ്ഡ് എന്നിവ സഹിതം നൂറുകണക്കിനു പേരടങ്ങുന്ന സംഘം മാതൃ അസം നീണാൽ വാഴട്ടെ, വിദേശികളെ കശാപ്പ് ചെയ്യുക എന്നീ മുദാവാക്യങ്ങളുമായി ഗ്രാമം വളയുകയായിരുന്നു. ബഹളം കേട്ട് വീടിനു പുറത്തിറങ്ങിയ ബംഗാളി മുസ് ലിംകൾക്ക്, ഇതുവരാനിരിക്കുന്ന വലിയൊരു കൂട്ടക്കുരുതിക്കുള്ള സൂചനകൾ ലഭിച്ചതുമില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയാനും ആൾക്കൂട്ടത്തെ കാണാനുമായി പലരും വീടിനുപുറത്തിറങ്ങി. ആൾക്കൂട്ടം വീടുകൾക്ക് അടുത്തെത്തിയതു മുതൽ, അതിവേഗം കുരുതി തുടങ്ങി. തല വേർപ്പെട്ട് വയലിൽ വീണപ്പോഴും ഇളംകഴുത്തിൽ കത്തിവീണ കുഞ്ഞുങ്ങളെ കൈവിടാതിരുന്ന ഉമ്മമാരുടെ ഫോട്ടോകൾ നെല്ലി കൂട്ടക്കൊലകളുടെ പ്രതീകമായി. നെല്ലി മസാകർ എന്ന് സെർച്ച് ചെയ്താൽ ആ ഫോട്ടോകളാണ് ആദ്യം കാണുക.
ആറുമണിക്കൂർ സമയത്തെ നഹത്യക്കിടെ കൊല്ലപ്പെട്ടത് ഔദ്യോഗിക രേഖകളിൽ 2,191 പേർ. അനൗദ്യോഗിക കണക്കുകളനുസരിച്ച് 10,000ലേറെ പേരാണ്. കൊല്ലപ്പെട്ടവരിൽ 80 ശതമനവും സ്ത്രീകളും കുട്ടികളുമാണ്. മൃതശരീരങ്ങൾ പ്രദേശത്തെ വയലുകളിലും തോടുകളിലും ദിവസങ്ങളോളം ഒഴുകിനടന്നു. ജീർണിച്ച മൃതദേഹങ്ങളുടെ സാന്നിധ്യം മൂലം പ്രദേശത്തുകാർ മൽസ്യം കഴിച്ചിരുന്നില്ലെന്ന് റിപോർട്ടുണ്ടായിരുന്നു. ഗുവാഹതി നൗഗാവ് ദേശീയപാതയിലെ മേൽപ്പാലത്തിനു തഴെയുള്ള നെല്ലി പള്ളിയുടെ വരാന്തയിൽ ഇരുന്നു സംസാരിക്കുന്നതിനിടെ യൂസുഫുൽ ഹസൈനോട് ഇക്കാര്യത്തെ കുറിച്ച് ഞാൻ ചോദിച്ചു. കൂട്ടക്കൊല കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം കൊപിലി നദിയിൽ നിന്ന് പിടിച്ച മൽസ്യത്തിൽ നിന്ന് മനുഷ്യന്റെ വിരൽ കിട്ടിയിരുന്നു. അതോടെ ആ കുടുംബവും പിന്നീട് ഇത് കേട്ട ചിലരും മീൻ തിന്നുന്നത് നിർത്തി. ഇപ്പോഴും മീൻ തിന്നാത്ത കുറച്ചുപേരുണ്ടെന്നും യൂസുഫുൽ പറഞ്ഞു.
688 ക്രിമിനൽ കേസുകൾ കൂട്ടക്കൊലയുടെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്‌തെങ്കിലും 378 എണ്ണവും തെളിവുകളുടെ അഭാവത്തിൽ എഴുതിത്തള്ളി. 1985ലെ അസം കരാറിന്റെ ഭാഗമായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കുകയും ചെയ്തു. കേസിൽ ഒരാൾപോലും ശിക്ഷിക്കപ്പെടാത്തത് ഇന്ത്യൻ നിയമ സംവിധാനത്തിന്റെ ഇരട്ടത്തപ്പായി ഇന്നും അവശേഷിക്കുന്നു.
എം കെ ഷഹസാദ് എഴുതുന്നു
ഒന്ന് രണ്ട് പതിറ്റാണ്ടായി വലിയൊരു ചർച്ചയാണല്ലോ ലൈംഗിക വിദ്യാഭ്യാസം? അനൗപചാരികമായി പലയളവിൽ ലൈംഗിക വിദ്യാഭ്യാസം രാജ്യത്ത് നടപ്പിലാക്കപ്പെട്ടിട്ടുമുണ്ട്. ഞങ്ങൾ ചെറുപ്പത്തിൽ കണ്ട് ആനന്ദിച്ച ‘മറക്കല്ലേ?’ എന്ന സർക്കാർവക പരസ്യവാചകമൊക്കെ അനൗപചാരിക ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗം തന്നേയായിരുന്നു.
ലിബറൽ പക്ഷങ്ങൾ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് വാദിക്കുന്നവരാണ്. UNESCOയും ലിബറലുകളുടെ പക്ഷത്ത് തന്നെയാണെന്നാണ് അവരുടെ വെബ്സൈറ്റ് പരിശോധിച്ചപ്പോൾ മനസിലായത്(https://www.unesco.org/en/articles/why-comprehensive-sexuality-education-important sited on 18.02.23). മൗലികവാദികൾ ലൈംഗിക വിദ്യാഭ്യാസത്തെ നഖശിഖാന്തം എതിർത്തും പോരുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ വർധിച്ച് വരുന്ന അതിക്രമങ്ങൾ തടയാൻ നല്ല മാർഗമായാണ് ലിബറലുകൾ ലൈംഗിക വിദ്യാഭ്യാസത്തെ കാണുന്നത്. ലൈംഗിക വിദ്യാഭ്യാസം കിട്ടുന്നതോടെ നമ്മുടെ നാട്ടിലെ ആണുങ്ങൾ സ്ത്രീകളെ തങ്ങൾക്ക് തുല്യരായും സമൻമാരായും കാണുമെന്നും നോട്ടംകൊണ്ട് പോലും സ്ത്രീകളെ പീഡിപ്പിക്കില്ലെന്നും അവർ അനുമാനിക്കുന്നുണ്ട്.
UNESCOയാവട്ടെ ലൈംഗിക വിദ്യാഭ്യാസത്തെ സംബന്ധിച്ച് അന്താരാഷ്ട്ര മാർഗരേഖ തന്നെ ഇറക്കിയിട്ടുണ്ട്. സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം കരിക്കുലത്തിന്റെ ഭാഗമാക്കണം എന്നാണ് UNESCO പക്ഷം. ഋതുമതിയാവുക, കൗമാരം, സുരക്ഷിതമായ ഗർഭനിരോധന മാർഗങ്ങൾ, ഗർഭഛിദ്രമാർഗങ്ങൾ തുടങ്ങിയവയൊക്കെ കരിക്കുലത്തിന്റെ ഭാഗമാക്കണം എന്നാണ് UNESCO മാർഗനിർദേശം പറയുന്നത്.
മറുവശത്ത്, തങ്ങളുടെ മത വികാരങ്ങളും വിശ്വാസവും മുറിപ്പെടും എന്ന തോന്നലാണ് മൗലികവാദികളെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ശത്രുക്കളാക്കി മാറ്റുന്നത്. ലൈംഗികതയെക്കുറിച്ച് ക്ലാസ് റൂമിൽ സംസാരിക്കേണ്ടിവരുന്നതിലും വലിയൊരു അശ്ലീലവും കുറച്ചിലുമില്ല എന്നാണ് അഭിമാനികളായ മൗലികവാദികളുടെ പക്ഷം! അത്രേയുള്ളൂ അവരുടെ പ്രശ്നം എന്ന് തോന്നുന്നു.
ലൈംഗിക വിദ്യാഭ്യാസം സാധ്യമോ?
2007-08 കാലയളവിൽ ഡേവിഡ്.സി.ഗിയറി വിജ്ഞാനത്തെ സംബന്ധിച്ച് നടത്തിയ കണ്ടെത്തലുകൾ നൈപുണികളുടെ ആർജിക്കലും, പഠനവും പഠിപ്പിക്കലും സംബന്ധിച്ച കാഴ്ചപ്പാടുകളെ മാറ്റിമറിച്ചിട്ടുണ്ട്. ജീവശാസ്ത്രപരമായി പ്രാഥമികവും ദ്വിതീയവുമായി വിജ്ഞാനത്തെ തരം തിരിച്ചിട്ടുണ്ട്.
പരിണാമപരമായി ആർജിക്കുന്ന ജ്ഞാനത്തെയാണ് ജീവശാസ്ത്രപരമായി പ്രാഥമികമായ വിജ്ഞാനമായി കണക്കാക്കുന്നത്. ചോദനകളെ മുഖ്യമായും ഇത്തരം ജ്ഞാനത്തിൽ ഉൾപ്പെടുത്താം. പ്രാഥമിക ജ്ഞാനം പഠിച്ചെടുക്കാൻ സാധിക്കുമെങ്കിലും പഠിപ്പിച്ചെടുക്കുക സാധ്യമല്ല. മുഖം തിരിച്ചറിയാനുള്ള ശേഷി, മാതൃഭാഷ സംസാരിക്കാൻ ആവശ്യമായ മോട്ടോർ ആക്ഷനുകളുടേയും സബോധതയുടേയും നിയന്ത്രണം ഇവയെല്ലാം പ്രാഥമിക ജ്ഞാനത്തിന്റെ ഗണത്തിലാണ് പെടുന്നത്. ലൈംഗികതയും ഇതേ ഗണത്തിൽപ്പെടുത്താവുന്ന നൈപുണിയും ജ്ഞാനവുമാണ്.
ലൈംഗിക വിദ്യാഭ്യാസംകൊണ്ട് UNESCOയും ജീവശാസ്ത്ര പരമായി പ്രാഥമികമായ ലൈംഗിക നൈപുണികളും ജ്ഞാനവുമല്ല കൈമാറാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. ജീവശാസ്ത്രപരമായി ദ്വിതീയമായ വിജ്ഞാനമാണ് പഠിപ്പിച്ച് കൊടുക്കാൻ പറ്റുന്ന വിജ്ഞാനം. സാമൂഹ്യ പരിണാമത്തിന്റെ ഭാഗമായി മനുഷ്യർ ആർജിച്ചെടുത്ത വിജ്ഞാനമാണ് പഠിപ്പിച്ച് കൊടുക്കാൻ പറ്റുന്ന വിജ്ഞാനം അഥവാ ജീവശാസ്ത്രപരമായി ദ്വിതീയമായ ജ്ഞാനം. എഴുത്തും വായനയും ജീവശാസ്ത്രപരമായി ദ്വിതീയമായ ജ്ഞാനത്തിന് ഉദാഹരണങ്ങളാണ്. സംസ്കാര രൂപീകരണം സാമൂഹ്യ പരിണാമത്തിന്റെ ഉൽപന്നമായതിനാൽ സംസ്കാരവും പഠിപ്പിച്ചുകൊടുക്കാൻ പറ്റുന്ന വിജ്ഞാനത്തിന്റെ പരിധിയിൽ തന്നേയാണ് പെടുന്നത്.
സാമൂഹ്യ പരിണാമങ്ങൾക്കനുസരിച്ച് ലൈംഗിതയെ സംബന്ധിച്ച കാഴ്ചപ്പാടുകൾക്ക് മാറ്റമുണ്ടായിട്ടുണ്ട്. പക്ഷിമൃഗാദികളിൽ, തങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് തന്റെ ജനയിതാവുമായിട്ടാണോ അല്ലെങ്കിൽ തന്റെ രക്തബന്ധത്തിൽപ്പെട്ടവരുമായിട്ടാണോ എന്നൊന്നും നോട്ടമില്ല, അല്ലെങ്കിൽ അവർക്ക് അതറിഞ്ഞുകൂടാ. ആദ്യകാലത്തെ മനുഷ്യനും ഇങ്ങനെ തന്നെയായിരിക്കാം ജീവിച്ചിരുന്നത്. പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് സ്വന്തം ജനയിതാവിനേയും രക്തബന്ധത്തിൽപ്പെട്ടവരേയും ഒഴിവാക്കുന്ന സാമൂഹ്യമായ നിബന്ധനകൾ നിലവിൽ വന്നിരിക്കാം. ഒരു സംഘത്തിന് ഒരു സംഘം ഇണകൾ എന്ന സങ്കൽപ്പം മുതൽ ഇന്ന് കാണുന്ന ഏകദാമ്പത്യം വരെ എത്തിനിൽക്കുന്ന ലൈംഗികതയെ സംബന്ധിച്ച വ്യവസ്ഥകൾ സാമൂഹ്യവും സാംസ്കാരികവുമായ പരിണാമത്തിന്റേയും രാഷ്ട്രീയ വ്യവസ്ഥിതിയുടേയും ഉൽപന്നങ്ങളാണ്.
മഹാഭാരതത്തിൽ അംബയുടെയും അംബാലികയുടേയും കഥ നമ്മൾക്കറിയാം. ഭീഷ്മർ തട്ടിക്കൊണ്ടു വരികയും വിചിത്രവീര്യന്റെ ഭാര്യമാരാക്കപ്പെടുകയും ചെയ്തവർ. അവരിൽ കുട്ടികൾ അഥവാ പുത്രൻമാരില്ലാതെ വിചിത്രവീര്യൻ മരിച്ച് പോയി. രാജ്യഭാരമേൽക്കാൻ പുതുതലമുറയില്ലാത്ത അവസ്ഥയായി. വിചിത്രവീര്യന്റെ അമ്മ സത്യവതി വ്യാസനെ വിളിച്ച് വരുത്തി വിചിത്രവീര്യന്റെ ഭാര്യമാർക്കൊപ്പം രാപ്പാർപ്പിക്കുകയും പുത്രൻമാരെ ജനിപ്പിക്കുകയും ചെയ്തു എന്നതാണ് കഥ. അവിടെ സ്ത്രീ ,സന്താനങ്ങളെ ഉൽപാദിപ്പിക്കാനുള്ള ഒരു ഉപകരണം മാത്രമാണ്. ഇതേ മഹാഭാരതത്തിൽ പഞ്ചാലിയ്ക്ക് അഞ്ച് ഭർത്താക്കൻമാരുണ്ട്. ഈ ഭർത്താക്കൻമാർക്കെല്ലാം വേറെയും ഭാര്യമാരുണ്ടായിരുന്നു. കൃഷ്ണന് 8 ഭാര്യമാരും ധാരാളം കാമുകിമാരുമുണ്ടായിരുന്നു. ഈ കഥകളെല്ലാം ഒരു കാലഘട്ടത്തിൽ നില നിന്നിരുന്നെ ലൈംഗിക ബന്ധരൂപങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കാലികളെ മേച്ച് നടന്നിരുന്ന നാടോടികൾക്ക് ഒപ്പമാണ് വൈദിക മതം ഇന്ത്യയിലെത്തിച്ചേരുന്നത്. വന്നവർ പുരുഷൻമാരായിരുന്നു. അവർ തദ്ദേശീയരായ സ്ത്രീകളു (മ്ലേച്ഛ സ്ത്രീകൾ) മായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അവരിൽ ഉണ്ടാകുന്ന ആൺകുട്ടികളെ തങ്ങളുടെ കൂട്ടത്തിൽ കൂട്ടുകയും പെൺകുട്ടികളെ മ്ലേച്ഛരായി നിലനിർത്തുകയുമാണ് ചെയ്ത് പോന്നിരുന്നത്. സ്ത്രീകൾ സന്താനോൽപാദനത്തിനുള്ള ഉപാധിയായി മാത്രം കരുതപ്പെട്ടിരുന്നു എന്ന സൂചനയാണിതും.
ജന്മിത്വ കാലത്തെ ഇംഗ്ലണ്ടിൽ തന്റെ അടിയാന്റെ ഭാര്യയുമായി ആദ്യരാത്രി പങ്കിടാനുള്ള അവകാശം ജന്മിക്കായിരുന്നു. കേരളത്തിൽ അപ്ഫൻ നമ്പൂതിരിമാർക്ക് വിവാഹമുണ്ടായിരുന്നില്ല. നായർ വീടുകളിൽ സംബന്ധമാണുണ്ടായിരുന്നത്.
ജനാധിപത്യത്തോടെയാണ് ഏകഭർത്താവ് – ഏകഭാര്യ സങ്കൽപ്പം ഉടലെടുക്കുന്നത്. ആദ്യകാല സമൂഹങ്ങളിൽ നിന്ന് വ്യത്യസ്തമായി പരമാവധി അകലെ നിന്ന് ഇണയെ തെരഞ്ഞെടുക്കാൻ ജനാധിപത്യത്തിലെ മനുഷ്യന് സാധിച്ചു. വ്യത്യസ്ത ജീൻപൂളുകളുടെ കൂടിച്ചേരലിന് സാധ്യതയൊരുങ്ങുകയും ചെയ്തു. വ്യത്യസ്ത ആശയങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും ജീൻ പൂളുകളിലേക്കും ഭയലേശമന്യേ സഞ്ചരിക്കാനായത് എല്ലാ അർത്ഥത്തിലും ഔന്നത്യമുള്ള മനുഷ്യരാശിക്ക് ജന്മമേകി.
എന്നിരുന്നാലും ചരിത്രത്തിന്റെ ഏതോ ദശയിൽ ഉദയം ചെയ്ത പുരുഷാധിപത്യമെന്ന സാംസ്കാരിക രൂപത്തെ ഇല്ലാതാക്കാൻ ജനാധിപത്യത്തിനും സാധിച്ചിട്ടില്ല. ഇന്നും നിലനിൽക്കുന്ന വേശ്യാവൃത്തിയും ജാരബന്ധങ്ങളും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ്് ബലാത്സംഗങ്ങളും നീലചിത്രങ്ങളുമെല്ലാം സമൂഹത്തിലും അതിലെ അംഗങ്ങളായ നമ്മൾ ഓരോരുത്തരിലും പുരുഷാധിപത്യ പ്രവണതകൾ അവശേഷിക്കുന്നതിന്റെ തെളിവാണ്.
ഇന്നും യുദ്ധവേളകളിൽ ഒരു സമൂഹത്തിന്റെ തന്നെ ആത്മബലം നഷ്ടപ്പെടുത്തുന്നതിന് സ്ത്രീകളെ ലൈംഗികമായി അതിക്രമിക്കാറുണ്ട്. ജനാധിപത്യ ഭരണകൂടങ്ങൾ പോലും പുരുഷാധിപത്യ സംസ്കാരം പേറുന്നു എന്നാണല്ലോ ഇതിനർത്ഥം.
സാമൂഹ്യവും സാമ്പത്തികവുമായ അസ്ഥിരതകളും ലൈംഗികമായ അസ്ഥിരതകൾക്ക് രൂപം നൽകാറുണ്ട്. രണ്ടാം ലോകമഹായുദ്ധം യൂറോപ്പിനെ ലൈംഗിക അസ്ഥിരതയിലേക്ക് തള്ളിവിട്ടത് അങ്ങനെയാണ്. നിരന്തരമായി ആവർത്തിക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയും അനുബന്ധ പ്രതിഭാസങ്ങളായ
വിലക്കയറ്റവും തൊഴിലില്ലായ്മയും ലൈംഗികതയിലും പ്രതിഫലിക്കുന്നുണ്ട്. കുട്ടികളെ വേശ്യാവൃത്തിയിലേക്ക് നിർബന്ധപൂർവം തള്ളിവിടാൻ ഈ സാമ്പത്തിക പ്രതിസന്ധികൾ കാരണമാവുന്നുണ്ട്(https://www.reuters.com/article/us-trafficking-economy-idUSBRE8B410620121205).
ജനാധിപത്യം എന്ന ആശയം നിലവിലുണ്ടെങ്കിലും ലൈംഗികതയിൽ അതിനിയും പ്രാബല്യത്തിലായിട്ടില്ല എന്നതിന്റെ സൂചനയാണ് ഭരണകൂടങ്ങൾ പോലും പുരുഷാധിപത്യ പ്രവണണതകൾ പുലർത്തുന്നതിൽ നിന്ന് മനസ്സിലാക്കാവുന്നത്. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ അടിച്ചമർത്തൽ നാൾക്കുനാൾ വർധിക്കുകയാണ് താനും.
മറുവശത്താകട്ടെ സാമൂഹ്യവികാസ ചരിത്രത്തിലും ജീവശസ്ത്രപരവും ചിന്താപരവുമായ പരിണാമത്തിന്റെ ചരിത്രത്തെത്തിലും സമ്പൂർണ്ണമായും അജ്ഞരായ പുതുതലമുറയാണ് നമ്മുടെ വിദ്യാഭ്യാസത്തിലൂടെ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ചുറ്റും കമ്പോളത്താൽ സൃഷ്ടിക്കപ്പെടുന്ന മായാലോകത്താണ് നമ്മൾ ജീവിക്കുന്നത്. കൺസ്യൂമറിസത്തിന്റേതായ ഒരു ലോകത്ത്. സന്തോഷം പോലും വിലകൊടുത്താൽ കിട്ടും എന്ന് പറഞ്ഞ് പറ്റിക്കപ്പെട്ടവരാണ് നമ്മൾ ഓരോരുത്തരും.
മാത്രമല്ല, സ്വകാര്യ താൽപര്യങ്ങളാണ് നമ്മളെ വലിയൊരളവിൽ നയിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ജീവിതത്തിൽ എനിക്കുണ്ടാക്കാൻ കഴിയുന്ന സുഖവും സന്തോഷവുമാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഭൂരിപക്ഷം പേരും ഇതേ ചിന്തയോടേയാണ് ജീവിച്ച് പോരുന്നത്. ലൈംഗികതയും തന്നെ ആനന്ദിപ്പിക്കാനുള്ള ഉപാധിയായി ഏകദേശം എല്ലാവരും കരുതിപ്പോരുന്നു.
ഭരണകൂടം വെച്ച് പുലർത്തുന്ന പുരുഷാധിപത്യം, സാമൂഹ്യവും സാമ്പത്തികവുമായ അസമത്വങ്ങൾ, സ്വകാര്യതാൽപര്യങ്ങളാൽ നയിക്കപ്പെടുന്ന മനുഷ്യർ എന്നീ സവിശേഷതകൾ നിലനിൽക്കുന്ന സമൂഹത്തിലേക്കാണ് UNESCO ലൈംഗിക വിദ്യാഭ്യാസമെന്ന പേരിൽ ഗർഭനിരോധന മാർഗങ്ങൾ, ലൈംഗിക രോഗങ്ങൾ, ഗർഭഛിദ്രം എന്നിവ പഠിപ്പിക്കാൻ ഒരുങ്ങുന്നത്. കമ്പോളത്തിന് ആവശ്യമായ ലൈംഗിക നൈപുണികൾ പുതുതലമുറയ്ക്ക് പഠിപ്പിച്ച് നൽകൽ മാത്രമാണ് ലൈംഗിക വിദ്യാഭ്യാസം. ‘മറക്കല്ലേ’ പരസ്യം നൽകുന്ന സൂചനയും അതുതന്നെയാണ്.
ഇനി നിങ്ങൾ തന്നെ പറയൂ, ലൈംഗിക വിദ്യാഭ്യാസം പ്രായോഗികമാണോ അല്ലയോ എന്ന്.
അനുബന്ധം: കിടപ്പറകൾ ക്ലാസ് മുറികളിൽ പുന സൃഷ്ടിക്കാൻ പറ്റില്ല. കിടപ്പറയിലെ വ്യക്തികളുടെ സാമൂഹ്യ ബോധവും ജനാധിപത്യ ബോധവുമാണ് അവരുടെ ലൈംഗികതയെ സുന്ദരമാക്കുന്നത്.
മസ്ഹര്‍ എഴുതുന്നു
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് അഹമ്മദാബാദിലെത്തിയ തബ്ലീഗ് ജമാഅത്തിൻ്റെ സംഘം ഖുർആൻ്റെ ഒരു കോപ്പി കൊടുക്കാൻ നരേന്ദ്രമോദിയെ കാണാൻ പോകുന്നതിനിടെ സംഘത്തിലൊരാൾ അത് വിളിച്ചു പറയുന്ന സന്ദർഭമാണ് ഇപ്പോഴത്തെ ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മുസ്ലിം സംഘടനകൾ നടത്തിയ ആർഎസ്എസ് കൂടിക്കാഴ്ച ബഹളത്തിൽ ഓർമയിലെത്തുന്നത്. അയാളത് പറയുമ്പോൾ കോഴിക്കോടുള്ള ഗ്രോ വാസുവേട്ടൻ്റെ ഒറ്റമുറി ആപ്പീസ് കം വീടിന് താഴെ നാലഞ്ചാളുകളുമായി കൂടിനിൽക്കുകയായിരുന്നു. വിളിച്ചയാളോടുള്ള സകലബഹുമാനവും താഴെ വച്ച് പൊട്ടിത്തെറിച്ചാണ് കാര്യം പറഞ്ഞത്. മനുഷ്യരായ മനുഷ്യരും മതനിരപേക്ഷസമൂഹവും മുസ്ലിം ന്യൂനപക്ഷവും സംഘ്പരിവാറിനോട് തെരുവിലും രാഷ്ട്രീയ ഗോദയിലും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ നിങ്ങൾ വേദപുസ്തകം കൊടുക്കുന്ന ഏർപ്പാട് നിർത്തണം എന്നായിരുന്നു. പ്രബോധിത സമൂഹത്തെ കുറിച്ചും രണ്ടാം ഖലീഫ ഉമറിന്റെ മാനസാന്തര കഥയും ഉദ്ധരിച്ച് അദ്ദേഹം മുന്നേറവെ, അബൂജഹലും അബൂലഹബും കാതുകളിൽ സീലുവച്ചവരെ കുറിച്ചും ഇത്തരക്കാരുടെ പിന്നാലെ നടന്ന് നബിയെ താങ്കളെ തന്നെ ക്ഷീണിപ്പിക്കേണ്ട എന്നതിനെ കുറിച്ച് തിരിച്ചും പറഞ്ഞു കൊണ്ടിരുന്നു. ഇതൊരു ജനാധിപത്യ ഇസ്ലാമിന്റെ സംവാദ വിഷയമാണ്.
എന്നാൽ ഇന്ത്യയിൽ മുസ്ലിം ഉന്മൂലനം പ്രഥമ അജണ്ടയായി കൊണ്ടു നടക്കുന്ന ലക്ഷണമൊത്ത ഒരു ഫാഷിസ്റ്റ് സംഘടനയുമായി അതിന്റെ ഇരകൾക്ക് എന്തു സംവാദമാണ് സാധ്യമാകുക എന്നത് സംശയാസ്പദമാണ്. രണ്ട് വർഷമായി ആർ എസ് എസ് നടത്തുന്ന ഗൂഢതന്ത്രത്തിന്റെ ഒരു വട്ടമേശ സമ്മേളനമാണ് സത്യത്തിൽ ജനുവരി 14ന് നടന്നത്. നജീബ് ജങ്, എസ് വൈ ഖുറൈഷി, ഷാഹിദ് സിദ്ദീഖി, സഈദ് ശർവാനി അടക്കമുള്ള നാലംഗ സംഘത്തെയാണ് ആർഎസ്എസ് ഇതിന് ചട്ടം കെട്ടിയത്. ഇതിലാരാണ് സംഘ് പരിവാർ ഏജൻ്റ് എന്നത് നാളെ ചരിത്രം തെളിയിക്കേണ്ടതാണ്.
ജസ്റ്റിസ് നസീറുമാരൊക്കയുള്ള വർത്തമാനകാലത്ത് ഒന്നിനും ഒരു ഉറപ്പുമില്ല. എന്നാൽ ഇവരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ആർ എസ് എസ് തലവൻ മോഹൻ ഭാഗവത് മുസ്ലിംകൾ പൂർവകാല സുപ്രീമസി/ലെഗസി ഉപേക്ഷിക്കണമെന്നും വിചാരധാരയിൽ പറയും പോലെ അടങ്ങിയൊതുങ്ങി കഴിയണമെന്നും തിട്ടൂരം പുറപ്പെടുവിച്ചത്. തല്ലിയും തലോടിയും ഇന്ത്യയിലെ ജീവസ്സുറ്റ ന്യൂനപക്ഷത്തെ സ്ഥലകാല ഭ്രമാവസ്ഥയിലെത്തിക്കുക എന്ന കാപട്യത്തിൻ്റെ തന്ത്രമാണ് ആർഎസ്എസ് ഇപ്പോൾ പയറ്റുന്നത്. അതവരുടെ സൃഗാല ബുദ്ധി.അതിലങ്ങോട്ട് ഓടിച്ചെന്ന് വീഴുക എന്നതാണോ മുസ്ലിം സംഘടനകളുടെ നേതൃതം ചെയ്യേണ്ടത്.
ഇനി നോക്കുക, മുസ്ലിം സംഘടനകളോടൊപ്പം സംഘ് പരിവാർ വിളിച്ചിരുത്തുന്ന ഷിയാ സംഘടനകളുടെ കാര്യമാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ. അജ്മീർ ദർഗ പോലുള്ള കടലാസ് സംഘടനകളോടൊപ്പം ചർച്ചയ്ക്ക് ഒപ്പം പോകുന്നൻ അവരെ കുറിച്ച് പഠിച്ചിട്ടുണ്ടോ.ബാബറി മസ്ജിദ് വിഷയത്തിൽ, നിയമപോരാട്ടത്തെ ദുർബലപ്പെടുത്തിയത് യുപി ഷിയാ വഖഫ് ബോർഡും അതിൻ്റെ സംഘ് പരിവാർ നോമിനിയുമായിരുന്ന ചെയർമാൻ വസീം റിസ്വി എന്ന കങ്കാണിയായിരുന്നില്ലേ. അയാളിന്നെവിടെയാണെന്ന് അറിയാത്തവരാണോ ഷിയാ സംഘടനകളുമായി സംഘ്പരിവാർ കൂടിക്കാഴ്ചക്ക് പോയത്. കഴിഞ്ഞയാഴ്ച മറ്റൊരു പ്രബല ഷിയാ വിഭാഗമായ ബോറ മുസ്ലിംകളുടെ സമ്മേളനത്തിൽ പോയി നരേന്ദ്ര മോഡി അവരിലൊരാളായി ആടി തിമർത്തത് കാണാത്തവരാണോ മുസ്ലിം പക്ഷത്തെ നയിക്കുന്നത്. ബോറകളോട് ഞാനിവിടെ വരുന്നത് അന്യനായല്ല, നിങ്ങളിലൊരാളായാണെന്ന് മോഡി പറഞ്ഞപ്പോൾ അവിടെ കൂടിയ തലപ്പാവണിഞ്ഞവർ തലയാട്ടി ശരിവെച്ചത് ശ്രദ്ധിച്ചോ.
സംഘ്പരിവാർ ഇതിനോടകം തന്നെ മുസ്ലിം സമുദായത്തിനകത്ത് ഒറ്റുകാരേയും കൂലംകുത്തികളേയും ഉണ്ടാക്കി കഴിഞ്ഞു എന്നതാണ് തിക്ത യാഥാർത്ഥ്യം .ഇനി ബാക്കിയുള്ള ഭൂരിപക്ഷ സുന്നി മുസ്ലീം ബ്ലോക്കിനെ, വിഘടിപ്പിക്കുക എന്നതാണ് തന്ത്രം. ഒരു മീറ്റിംഗിന് വിളിച്ചതോടെ തന്നെ ഈ പരസ്പരം വാളോങ്ങലും ശത്രുപക്ഷത്ത് നിർത്തലുമാണെങ്കിൽ അടുത്ത മീറ്റിംഗോടെ സമുദായം ഛിന്നഭിന്നമാകില്ലേ. ഷിയ വിഭാഗത്തെ സ്വന്തക്കാരായി നിർത്തി ബാക്കിയുള്ളവരെ സംഘടനകളുടേയും ആശയ വ്യത്യാസങ്ങളുടേയും പേരിൽ വിഘടിപ്പിക്കുക എന്നതാണ് ആർ എസ് എസ് ലക്ഷ്യമാക്കുന്നത്. ചർച്ചക്ക് പോയവരും സമ്മേളനത്തിലേക്ക് അവരെ ആനയിച്ചവരും ഇതൊക്കെ മനസ്സിലാക്കുന്നത് നന്ന്. സംഘ് പരിവാറിനെ നഖശിഖാന്തം എതിർത്ത ഒരുകൂട്ടരെ ഒന്നാകെ ജയിലിലടച്ചത് കാണിച്ചും പണ്ടത്തെ നിരോധം ഓർമിപ്പിച്ചും പേടിപ്പിച്ച് നിർത്താനൊരുങ്ങുമ്പോൾ സമുദായം ഐക്യത്തിന്റെ പാശത്തെ മുറുകെ പിടിച്ച് നിവർന്നു നിൽക്കുകയാണ് ചെയ്യേണ്ടത്.
അടിയന്തരാവസ്ഥ കാലത്തെ ആർഎസ്എസ് അല്ല; എട്ടു വർഷത്തോളമായി കേന്ദ്ര ഭരണത്തിലിരിക്കുന്ന ഇപ്പോഴത്തെ ആർ എസ് എസ് എന്നത് ഇന്ത്യൻ ഫാഷിസത്തിൻ്റെ ബാലപാഠമാണ്. ജയിലിൽ വെച്ച് കെ എസ് സുദർശനന് ഖുർആൻ ക്ലാസെടുത്തതിന്റെ വീരസ്യം പറയേണ്ട സമയവുമല്ല ഇത് ,75ലെ കൂടെ കിടന്ന അടിയന്തിരാവസ്ഥയുടെ ഹാങ്ങോവറിൽ നിന്ന് ഇറങ്ങി വന്നാൽ മാത്രമേ വർത്തമാനകാലത്തെ ഫാസിസത്തെ നേരിടാനാവൂ. വിചാരധാര പാരായണം നിർത്തി അവരത് നടപ്പാക്കുന്ന സമയത്താണ് ഇന്ത്യ ഇപ്പോഴുള്ളത്.
സംഘടനകൾക്കതീതമായ ഇസ്ലാമിൻ്റെ ജൈവികമായ സത്തയുൾകൊണ്ട് കാലിക വിഷയത്തിൽ നിലപാടെടുക്കുന്ന മഹാ ഭൂരിപക്ഷത്തിൻ്റെ ജനാധിപത്യ ലോകം ഇന്ത്യൻ മുസ്ലിംകൾക്കിടയിൽ രൂപപ്പെടുന്നുണ്ട് എന്നതാണ് ഫാസിസത്തെ പ്രതിരോധിക്കുന്നതിൽ മതനിരപേക്ഷ സമൂഹത്തിന് പ്രതീക്ഷ നൽകുന്ന പ്രധാന ഘടകം.
അഹ്‌മദ് ശരീഫ് എഴുതുന്നു
കര്‍ണാടക ബിജെപി മൈനോറിറ്റി മോര്‍ച്ചാ വൈസ് പ്രസിഡന്റ് ആണ് ജസ്റ്റിസ് അബ്ദുല്‍ നാസറിന്റെ സഹോദരന്‍ മുഹമ്മദ് ഫാറൂഖ്. ആകെ മൊത്തം സംഘ് മയം. പേര് അസ്സല്‍ മുസ്‌ലിം. കഴിഞ്ഞ ആഴ്ച അയോധ്യയിലെ ശ്രീരാമ ക്ഷേത്രം ബോംബ് വച്ചുതകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ രാംദാസ് ഖോത്രി പേര് പറഞ്ഞിരുന്നത് ബിലാല്‍ എന്നാണ്. അതായത് മുസ്‌ലിം പേരുകള്‍ ഉപയോഗിച്ചുള്ള ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനം തകൃതിയായി നടക്കുന്നു എന്നര്‍ഥം.
അബ്ദുന്നാസര്‍ മഅ്ദനിക്ക് രോഗചികിത്സയ്ക്ക് ജാമ്യം നിഷേധിച്ചത് ഉള്‍പ്പെടെ മുസ്ലിംകളെ ട്രാപ്പിലാക്കുന്ന അനവധി വിധികളാണ് ജസ്റ്റിസ് അബ്ദുല്‍ നാസര്‍ പുറപ്പെടുവിച്ചത്. ബാബരി വിട്ടുകൊടുത്തത്, മുത്തലാഖ് അങ്ങനെയുള്ളതെല്ലാം. ന്യൂനപക്ഷ പ്രാതിനിധ്യ സൗജന്യം ഉപയോഗിച്ച് നേടിയ പദവികള്‍ വച്ച് അതേ വിഭാഗത്തിനെതിരേ അന്യായ വിധികള്‍ നല്‍കികൊണ്ടിരിക്കുകയായിരുന്നു ഇദ്ദേഹം.
എല്ലാ മുസ്‌ലിംകളും അമുസ്‌ലിംകളായി ഗണിക്കുന്ന ഖാദിയാനി അഹ്‌മദിയാക്കളില്‍ പെട്ട കുടുംബമാണത്രെ ഇവരുടേത്. ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളില്‍ പിളര്‍പ്പുണ്ടാക്കാന്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ അഹ്‌മദിയാ പ്രസ്ഥാനം അന്ന് മുതലേ ബ്രിട്ടീഷ് അനുകൂലമായിരുന്നു. ഇപ്പോഴും അവരുടെ ആസ്ഥാനം ലണ്ടനില്‍ ആണ്. എക്കാലത്തും അവര്‍ ആര്‍എസ്എസ് വേദികളില്‍ പിന്തുണ പ്രഖ്യാപിച്ചു ഉണ്ടായിട്ടുമുണ്ട്.
മസ്ഹര്‍ എഴുതുന്നു
മുസ്ലിം ഐഡൻറിറ്റിയെ പൊതു വ്യവഹാര മണ്ഡലത്തിൽ ചോദ്യം ചെയ്യുന്ന എക്സ് മുസ് ലിം/എസ്സൻസ് സംഘ് പരിവാറിന് വേണ്ടി വിടുപണി ചെയ്യുന്നവരാണെന്നതിൽ ആർക്കും സംശയമില്ല . മുസ്ലിം സ്വത്വത്തെ പാടെ നിഷ്കാസനം ചെയ്ത് ഹിന്ദുത്വ രാഷ്ട്രത്തിലേക്ക് സംഘ്പരിവാറിന് എത്തണമെങ്കിൽ സ്വത്വാഭിമാനമുള്ള മുസ്ലിം ന്യൂനപക്ഷമാണ് പ്രധാന തടസ്സം. മെരുക്കിയെടുക്കാൻ കാരാഗ്രഹവും കരിനിയമവും ബുൾഡോസറും യഥേഷ്ടം ഉപയോഗിച്ചിട്ടും അത്ര പെട്ടെന്ന് കീഴൊതുങ്ങുന്ന പ്രകൃതമല്ല മുസ്ലിം ന്യൂനപക്ഷത്തിൻ്റേത്. അവരുടെ പൂർവ ചരിത്രമാകട്ടെ അതീവ പോരാട്ടത്തിൻ്റേതുമാണ്. അക്കാര്യം മോഹൻഭാഗവത് ഈയിടെ അടിവരയിട്ടതുമാണ്. തന്നെയുമല്ല മഹാഭൂരിപക്ഷം വരുന്ന ഹിന്ദു സമാജം ഉൾകൊള്ളുന്ന മതനിരപേക്ഷ സമൂഹം മുസ്ലിംകളെ അകാരുണയായി വേട്ടയാടുന്നതിൽ ഖിന്നരുമാണ്.
ഈ പാശ്ചാത്തലത്തിലാണ് കുലംകുത്തികളേയും ഏഴാംപത്തികളേയും ഉപയോഗിച്ച് മുസ്ലിം ന്യൂനപക്ഷത്തിൻ്റെ ഓരോ വ്യക്തിനിയമങ്ങളേയും പ്രശ്നവത്കരിക്കുക എന്ന അജണ്ടയിലേക്ക് പോകുന്നതിന് തുടക്കം കുറിച്ചത്. മുത്വലാഖ് വിഷയം അങ്ങനെ മുസ്ലിം സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്നമായി എഴുന്നള്ളിച്ച് നിയമം മൂലം റദ്ദ് ചെയ്തത് അതിൻ്റെ മകുടോദാഹരണമാണ്. ഹിജാബ് വിഷയത്തിലും ഇതേ തന്ത്രമാണ് സംഘ് പരിവാർ പയറ്റിയത്.കർണാടകയിൽ സർക്കാർ സ്കൂളുകളിൽ ഹിജാബ് വിലക്കേർപ്പെടുത്തി ഹിജാബ് അജണ്ട വിജയത്തിൻ്റെ വക്കിലെത്തിയിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ സംഘപരിവാറിന്റെ ഈ വക വിഷലിപ്ത നീക്കങ്ങൾക്ക് ഇടത്/ലിബറൽ/പുരോഗമന ഗ്രൂപ്പുകളും കോടാലി കൈയാകാറാണ് പതിവു കാഴ്ച. ഇതെല്ലാം ഹിന്ദുത്വ മേൽകൈയുള്ള ഏകസിവിൽ കോഡിന് കളമൊരുക്കുക എന്ന സൃഗാല ബുദ്ധിയുടെ ഭാഗമാണ് താനും.
ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ,(അവാസനത്തേതല്ല) ചേലാകർമ്മത്തെ പ്രശ്നവത്കരിച്ച് പിശാചുവത്കരിക്കുക എന്നത്. ആദ്യം കോടതികളുടെ മുന്നിൽ എത്തിക്കുക എന്നതാണ് പുതു ഇന്ത്യയിലെ എളുപ്പ മർഗ്ഗം. കോടതികളുടെ ഏതു പരാമർശവും സംഘ് പരിവാറിൻ്റെ ഹിഡൻ അജണ്ടക്ക് ഉത്തേജകമാകും എന്നത് നമ്മുടെ മുന്നിലെ പച്ചയായ യാഥാർത്ഥ്യങ്ങളാണ്. കോടതികളിലൂടെ കടന്ന് മണ്ണൊരുക്കി, നിയമനിർമാണത്തിലെത്തിക്കുക എന്നത് പുതിയ കാലത്ത് ഇന്ത്യൻ ഫാഷിസം വിജയിപ്പിച്ചെടുത്ത മോഡലാണ്. പുരുഷ ചേലാകർമത്തെ കോടതിയിലെത്തിച്ചവരും അവർക്ക് പിന്നിൽ പ്രവർത്തിക്കുന്നവരും ലക്ഷ്യമിടുന്നത് മുസ്ലിം ഐഡൻ്റിറ്റിയെ ക്രൈസിസിലെത്തിക്കുക എന്നത് തന്നെയാണ്. ചേലാകർമ്മത്തിൻ്റെ ശാസ്ത്രീയതയോ, ശുദ്ധിപരമോ ലൈംഗികപരതയോ ആയ ഉപവിഷയങ്ങൾക്കപ്പുറം , അതൊരു സെമിറ്റിക് ഐഡന്റിറ്റിയുടെ തുടർച്ചയാണ് എന്നതാണ്. അല്ലെങ്കിലും ആരാണ് ഇന്ത്യയിൽ ചേലാകർമത്തിന് നിർബന്ധിക്കുന്നത്?
ഡോ. പുത്തൂർ റഹ്മാൻ എഴുതുന്നു
പ്രവാസി ഇന്ത്യക്കാരുടെ കാര്യം പരാമർശിക്കുക പോലും ചെയ്യാത്ത കേന്ദ്ര ബജറ്റിനു തൊട്ടുപിന്നാലെ വന്ന കേരള സംസ്ഥാനത്തിന്റെ ബജറ്റിൽ പ്രവാസി മലയാളികളെ പരിഗണിച്ചിരിക്കുന്നു എന്നത് സ്വാഗതാർഹമാണ്. പ്രധാനമായും ധനമന്ത്രി വാഗ്ദാനം ചെയ്തിരിക്കുന്നത് മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി രൂപ വകയിരുത്തിയ കാര്യമാണ്.
അതുപോലെ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് തൊഴിൽ ലഭ്യമാക്കുന്ന നോർക്ക അസിസ്റ്റന്റ് ആൻഡ് മൊബിലൈസ് എംപ്ലോയ്‌മെന്റ് എന്ന പദ്ധതിയും ബജറ്റിൽ വായിച്ചുകേട്ടു. ഒരു പ്രവാസി തൊഴിലാളിക്ക് പരമാവധി 100 തൊഴിൽ ദിനങ്ങൾ എന്ന നിരക്കിൽ ഒരു വർഷം ഒരു ലക്ഷം തൊഴിലവവസരങ്ങൾ സൃഷ്ട്ടിക്കുമെന്നാണ് പറയുന്നത്. ഇതിനായി നീക്കിവെച്ചത് അഞ്ചു കോടി രൂപയാണ്.
മടങ്ങിയെത്തിയവരും എത്തുന്നവരുമായ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അമ്പത് കൊടിയും ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നതിനു അഞ്ച് കോടിയും എന്നു കേൾക്കുമ്പോൾ തന്നെ അറിയാം ഇതു കടലിൽ കായം കലക്കുന്നതുപോലെ ഒരു പ്രഖ്യാപനം മാത്രമാണെന്ന്. പ്രായോഗിക പരിഹാരങ്ങൾ ഒന്നും നിർദ്ദേശിക്കപ്പെട്ടിട്ടില്ല ബജറ്റിൽ എന്നതാണ് വാസ്തവം. പ്രവാസികൾക്ക് അനുവദിക്കുന്ന വായ്പകളും ലോണുകളുമാണ് മറ്റൊരു പരാമർശം. ഇതെല്ലാം മുൻ ബജറ്റുകളിലും വാഗ്ദാനം ചെയ്യപ്പെട്ടവയും പ്രവാസികൾക്ക് അനുഭവിക്കാൻ ഇനിയും യോഗമുണ്ടായിട്ടില്ലാത്ത വിളംബരങ്ങളും മാത്രമാണ്.
പ്രവാസികൾ അനുഭവിക്കുന്ന വലിയ ദുരിതമാണ് നാട്ടിലേക്കുള്ള കൂടിയ യാത്രാനിരക്ക്. സീസണുകളിൽ താങ്ങാനാവാത്ത് യാത്രച്ചിലവ് എന്നത് ഇപ്പോൾ ഏറെക്കുറെ എല്ലാസമയവും അങ്ങനെ ആയിട്ടുണ്ട്. ബജറ്റ് മുന്നോട്ടു വെക്കുന്ന പരിഹാരം ചാർട്ടേർഡ് വിമാനങ്ങളുടെ സർവീസ് ലഭ്യമാക്കാൻ ശ്രമിക്കുമെന്നതാണ്. കോവിഡ് സമയം കെ.എം.സി.സി മാത്രം ആയിരത്തി അഞ്ഞൂറിലേറെ ചാർട്ടേഡ് വിമാന സർവീസുകൾ ജി.സി.സി രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഏർപ്പാടാക്കിയിരുന്നു. ഈ മാതൃക സർക്കാർ മേൽനോട്ടത്തിൽ നടപ്പാക്കുന്നു എന്നതിൽ സന്തോഷമുണ്ട്.
എയർപോർട്ടുകളിൽ നോർക്കയുടെ എമർജൻസി ആംബുലൻസുകൾക്ക് തുക വകയിരുത്തി എന്നതുപോലുള്ള തമാശകൾക്കും വാഗ്ദാനങ്ങൾക്കും പകരം പ്രവാസി മലയാളികളുടെ നോട്ടം പദ്ധതികൾ എങ്ങനെ പ്രാവർത്തികമാക്കാൻ പോകുന്നു എന്നതിലാണ്. ഓരോ ബജറ്റിലും സർക്കാർ പ്രവാസികളെ ചേർത്തുപിടിക്കുന്നു എന്നാണ് മേനിനടിക്കുക. ഈ ചേർത്തുപിടിക്കൽ നിരർഥകമായ വാക്കാണെന്ന് ഇപ്പോൾ പ്രവാസികൾക്കെല്ലാം നന്നായി അറിയാം.
മസ്ഹർ എഴുതുന്നു
ഗൗതം അദാനിയുടെ കൽപ്പിത ഓഹരി സാമ്രാജ്യത്തിൻ്റെ ആണിക്കല്ല് ഇളകിയാടുമ്പോൾ അദാനി കുറുക്കുവഴിയിലുടെ സ്വന്തമാക്കിയ എൻഡിടിവിയിൽ നിന്ന് ഗോഡി മീഡിയക്ക് അപ്രിയനായ ശ്രീനിവാസൻ ജയിൻ പടിയിടങ്ങുന്നതു ഒരു കാവ്യനീതിയാകുകയാണ്. എന്നാൽ ഹിൻഡൻബർഗ് റിസർച്ചിൻ്റെ വെളിപ്പെടുത്തലുകളെ ദേശസ്നേഹത്തിന്റെ പുകമറ സൃഷ്ടിച്ചു കൊണ്ട് മറികടക്കാനാവുന്നതല്ല, ഷോർട്ടികളായ ഈ അമേരിക്കൻ കമ്പനിക്ക് സ്വാർത്ഥമായ ലാഭക്കൊതി ഉണ്ടെങ്കിൽ കൂടി. ഓഹരി കമ്പോളത്തിന്റെ നൈതികത അന്വേഷിക്കുന്നവരെ നല്ല പത്തലു വെട്ടി തല്ലുകയാണ് വേണ്ടത്.
അങ്ങനെ വരുമ്പോൾ നട്ടെല്ലള്ള മാധ്യമ പ്രവർത്തനത്തോട് നേരും നെറിയും പുലർത്തുന്ന ഇന്ത്യയിൽ അന്യം നടന്നുപോകുന്ന ജനുസ്സില്‍പ്പെട്ട ഒരു ജേണലിസ്റ്റിന് ഗോഡി മീഡിയയുടെ ഭാഗമായി മാറിയ എൻഡിടിവിയിൽ തുടരാനാവില്ല, അത്തരമൊരാളെ വെച്ചുപൊറുപ്പിക്കാൻ അദാനി തയാറാവുകയുമില്ല എന്നത് ഒരു വസ്തുതയാണ്. പ്രണയ്റോയിയും ഭാര്യയും ഗത്യന്തരമില്ലതെ ഓഹരികൾ കൈമാറി പിൻവലിഞ്ഞപ്പോൾ തന്നെ ജയിനടക്കക്കള്ള എൻഡിടിവി പ്രൊഡക്ടുകൾ അധികകാലം അവിടെ വാഴില്ല എന്ന് മാധ്യമ ലോകം തീർച്ചപ്പെടുത്തിയതാണ്. അന്നു തന്നെ രവീഷ്കുമാറെന്ന ഇന്ത്യയുടെ ജോണലിസ്റ്റ് ഐക്കൺ എൻഡിടിവിയിൽ നിന്ന് രാജിവച്ചിരുന്നു. റൂബിയ ലിയാഖത്ത് / അർണബ് ഗോസാമി നാവിക കുമാർ ടൈപ്പ് സംഘ് പരിവാർ മൗത്ത് പീസുകളുടെ വരവറിയിച്ചാണ് എൻഡിടിവി കൈമാറ്റം നടന്നതു തന്നെ.
എൻഡിടിവിയെ ജനകീയമാക്കുന്നതിൽ ബർക ദത്ത് , സർദീപ്ദേശായി അടക്കമുള്ള മുൻകാലരോടൊപ്പം സ്റ്റുഡിയോയിലും ഗ്രൗണ്ടിലും നേരിനു വേണ്ടി മൈക്ക് പിടിച്ച് നട്ടെല്ല് പണയം വെക്കാതെ നടന്ന മാധ്യമ പ്രവർത്തകനായിരുന്നു ജയിൻ. തൻ്റെ സ്വതസിദ്ധമായ, അമിതാവേശമില്ലാത്ത, പക്ഷം ചേരാത്ത റിപ്പോർട്ടുകൾ ഹൈപ്പർ ജേണലിസം വിനിമയം ചെയ്യപ്പെടുന്ന മോഡിയനന്തര ഇന്ത്യയിൽ അപൂർവമായിട്ടുണ്ട്.
ഇശ്രത്ത് ജഹാനെയും കൂട്ടാളികളേയും ഗുജറാത്ത് പൊലിസ്, അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയും അദ്വാനിയേയും വധിക്കാൻ ലക്ഷ്യമിട്ട് വന്ന ചാവേറുകളെന്ന് മുദ്രകുത്തി വ്യാജ ഏറ്റുമുട്ടലിൽ കൊന്നപ്പോൾ സി ബി ഐ സോഴ്സുകളെ ഉദ്ധരിച്ച് അതിന്റെ ആധികാരികതയെ ചോദ്യം ചെയ്തതിന് മുന്നിൽ ജയിനുമുണ്ടായിരുന്നു .അന്നുതൽ സംഘ് പരിവാറിൻ്റെ കണ്ണിലെ കരടാണ് ശ്രീനിവാസൻ ജയിൻ.
ഫാക്ട് ചെക്കിംഗ് മാധ്യമ സ്ഥാപനമായആൾട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ വ്യാജ കേസിൽ കുടുക്കി ബിജെപി സർക്കാർ ജയിലിലടച്ചപ്പോൾ ജാമ്യത്തുകയായി 50,000 രൂപ കൊടുത്തതോടെ ജയിൻ സംഘ് പരിവാറിന്റേയും അവരുടെ ചങ്ങാത്ത മുതലാളിയായ ഗൗതം അദാനിയുടേയും ഫയറിംഗ് ലിസ്റ്റിൽ വന്നില്ലെങ്കിലേ അൽഭുതമുള്ളൂ.
ഏതു കുറ്റവാളിക്കും ഇന്ത്യൻ നീതിന്യായസ്യവസ്ഥ നൽകുന്ന മനുഷ്യാവകാശം വകവെച്ചുകൊടുക്കണമെന്ന പക്ഷക്കാരനാണ് ജയിൻ. ഭരണകൂടങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തിക്കുക എന്നതാണ് നാലാം തൂണിന്റെ പ്രാഥമിക കടമയെന്നും ഭരിക്കുന്നവരുടെ ഏറാൻ മുളികളാവലല്ല മാധ്യമ ധർമമെന്നും ഉറച്ചു വിശ്വസിക്കുന്നതിനാൽ ജയിനിന് എൻഡിടിവിയിൽ തുടരാനാവില്ല എന്ന് നൂറുശതമാനം ഉറപ്പായിരുന്നു.
മുപ്പതു വർഷത്തെ ആത്മബന്ധം അഴിച്ചുവച്ച് അനിവാര്യമായ ഒരു പടിയിറക്കമാണ് അദ്ദേഹം ഇപ്പോൾ നടത്തിയിരിക്കുന്നത്. ബദൽ മാധ്യമ പ്രവർത്തനത്തിൻ്റെ അതീവ ചാലഞ്ചിംഗ് സ്പേസിൽ ശ്രീനിവാസൻ ജയിൻ തുടരുമെന്നാണ് പ്രതീക്ഷ.
അഹ്‌മദ് ശരീഫ് എഴുതുന്നു
കെപിസിസി ഡിജിറ്റൽ വിങ്ങിന്റെ ഉത്തരവാദിത്വം സ്വയം സദയം ഏറ്റെടുത്ത എ കെ ആന്റണിയുടെ പുത്രൻ അനിൽ ആന്റണി വായ തുറന്നിരിക്കുന്നു. അത് പക്ഷെ ബിജെപിയെ തുറന്നെതിർക്കാൻ എപ്പോഴും വിമുഖത കാണിച്ചിട്ടുള്ള ആന്റണി മോഡൽ തന്നെ ആയി.
കോൺഗ്രസിനെ പ്രതിസന്ധിയിൽ ആക്കി കൊണ്ട് ബിബിസി ഡോകുമെന്ററി വിഷയത്തിൽ ബിജെപി അനുകൂല വാദം ഉന്നയിച്ചിരിക്കുകയാണ് ഈ മഹാൻ. ഡോക്യുമെന്ററി രാജ്യത്തിൻറെ പരമാധികാരം ചോദ്യം ചെയ്യുമത്രേ.
ഇത് നിരോധിച്ചു അഭിപ്രായസ്വാതന്ത്ര്യം തടഞ്ഞതിനെപ്പറ്റി ഈ മകൻ നേതാവിന് ഒന്നും പറയാനുമില്ല. മുട്ടു മടക്കുന്നതിനും ഒരു പാർട്ടിയുടെ തലയിൽ കയറിയിരുന്ന് അതിന് തന്നെ പാര വയ്ക്കുന്നതിനും ബിജെപിക്ക് താങ് കൊടുക്കുന്നതിനും ഒരു മടിയുമില്ലാത്തവർ.