12
Feb 2023
Sat
12 Feb 2023 Sat
rss jamathe islami discussion opinion mazhar ചെകുത്താനോട് വേദമോതരുത്

മസ്ഹര്‍ എഴുതുന്നു

whatsapp ചെകുത്താനോട് വേദമോതരുത്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് അഹമ്മദാബാദിലെത്തിയ തബ്ലീഗ് ജമാഅത്തിൻ്റെ സംഘം ഖുർആൻ്റെ ഒരു കോപ്പി കൊടുക്കാൻ നരേന്ദ്രമോദിയെ കാണാൻ പോകുന്നതിനിടെ സംഘത്തിലൊരാൾ അത് വിളിച്ചു പറയുന്ന സന്ദർഭമാണ് ഇപ്പോഴത്തെ ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മുസ്ലിം സംഘടനകൾ നടത്തിയ ആർഎസ്എസ് കൂടിക്കാഴ്ച ബഹളത്തിൽ ഓർമയിലെത്തുന്നത്. അയാളത് പറയുമ്പോൾ കോഴിക്കോടുള്ള ഗ്രോ വാസുവേട്ടൻ്റെ ഒറ്റമുറി ആപ്പീസ് കം വീടിന് താഴെ നാലഞ്ചാളുകളുമായി കൂടിനിൽക്കുകയായിരുന്നു. വിളിച്ചയാളോടുള്ള സകലബഹുമാനവും താഴെ വച്ച് പൊട്ടിത്തെറിച്ചാണ് കാര്യം പറഞ്ഞത്. മനുഷ്യരായ മനുഷ്യരും മതനിരപേക്ഷസമൂഹവും മുസ്ലിം ന്യൂനപക്ഷവും സംഘ്പരിവാറിനോട് തെരുവിലും രാഷ്ട്രീയ ഗോദയിലും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ നിങ്ങൾ വേദപുസ്തകം കൊടുക്കുന്ന ഏർപ്പാട് നിർത്തണം എന്നായിരുന്നു. പ്രബോധിത സമൂഹത്തെ കുറിച്ചും രണ്ടാം ഖലീഫ ഉമറിന്റെ മാനസാന്തര കഥയും ഉദ്ധരിച്ച് അദ്ദേഹം മുന്നേറവെ, അബൂജഹലും അബൂലഹബും കാതുകളിൽ സീലുവച്ചവരെ കുറിച്ചും ഇത്തരക്കാരുടെ പിന്നാലെ നടന്ന് നബിയെ താങ്കളെ തന്നെ ക്ഷീണിപ്പിക്കേണ്ട എന്നതിനെ കുറിച്ച് തിരിച്ചും പറഞ്ഞു കൊണ്ടിരുന്നു. ഇതൊരു ജനാധിപത്യ ഇസ്ലാമിന്റെ സംവാദ വിഷയമാണ്.

എന്നാൽ ഇന്ത്യയിൽ മുസ്ലിം ഉന്മൂലനം പ്രഥമ അജണ്ടയായി കൊണ്ടു നടക്കുന്ന ലക്ഷണമൊത്ത ഒരു ഫാഷിസ്റ്റ് സംഘടനയുമായി അതിന്റെ ഇരകൾക്ക് എന്തു സംവാദമാണ് സാധ്യമാകുക എന്നത് സംശയാസ്പദമാണ്. രണ്ട് വർഷമായി ആർ എസ് എസ് നടത്തുന്ന ഗൂഢതന്ത്രത്തിന്റെ ഒരു വട്ടമേശ സമ്മേളനമാണ് സത്യത്തിൽ ജനുവരി 14ന് നടന്നത്. നജീബ് ജങ്, എസ് വൈ ഖുറൈഷി, ഷാഹിദ് സിദ്ദീഖി, സഈദ് ശർവാനി അടക്കമുള്ള നാലംഗ സംഘത്തെയാണ് ആർഎസ്എസ് ഇതിന് ചട്ടം കെട്ടിയത്. ഇതിലാരാണ് സംഘ് പരിവാർ ഏജൻ്റ് എന്നത് നാളെ ചരിത്രം തെളിയിക്കേണ്ടതാണ്.

ജസ്റ്റിസ് നസീറുമാരൊക്കയുള്ള വർത്തമാനകാലത്ത് ഒന്നിനും ഒരു ഉറപ്പുമില്ല. എന്നാൽ ഇവരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ആർ എസ് എസ് തലവൻ മോഹൻ ഭാഗവത് മുസ്ലിംകൾ പൂർവകാല സുപ്രീമസി/ലെഗസി ഉപേക്ഷിക്കണമെന്നും വിചാരധാരയിൽ പറയും പോലെ അടങ്ങിയൊതുങ്ങി കഴിയണമെന്നും തിട്ടൂരം പുറപ്പെടുവിച്ചത്. തല്ലിയും തലോടിയും ഇന്ത്യയിലെ ജീവസ്സുറ്റ ന്യൂനപക്ഷത്തെ സ്ഥലകാല ഭ്രമാവസ്ഥയിലെത്തിക്കുക എന്ന കാപട്യത്തിൻ്റെ തന്ത്രമാണ് ആർഎസ്എസ് ഇപ്പോൾ പയറ്റുന്നത്. അതവരുടെ സൃഗാല ബുദ്ധി.അതിലങ്ങോട്ട് ഓടിച്ചെന്ന് വീഴുക എന്നതാണോ മുസ്ലിം സംഘടനകളുടെ നേതൃതം ചെയ്യേണ്ടത്.

ഇനി നോക്കുക, മുസ്ലിം സംഘടനകളോടൊപ്പം സംഘ് പരിവാർ വിളിച്ചിരുത്തുന്ന ഷിയാ സംഘടനകളുടെ കാര്യമാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ. അജ്മീർ ദർഗ പോലുള്ള കടലാസ് സംഘടനകളോടൊപ്പം ചർച്ചയ്ക്ക് ഒപ്പം പോകുന്നൻ അവരെ കുറിച്ച് പഠിച്ചിട്ടുണ്ടോ.ബാബറി മസ്ജിദ് വിഷയത്തിൽ, നിയമപോരാട്ടത്തെ ദുർബലപ്പെടുത്തിയത് യുപി ഷിയാ വഖഫ് ബോർഡും അതിൻ്റെ സംഘ് പരിവാർ നോമിനിയുമായിരുന്ന ചെയർമാൻ വസീം റിസ്വി എന്ന കങ്കാണിയായിരുന്നില്ലേ. അയാളിന്നെവിടെയാണെന്ന് അറിയാത്തവരാണോ ഷിയാ സംഘടനകളുമായി സംഘ്പരിവാർ കൂടിക്കാഴ്ചക്ക് പോയത്. കഴിഞ്ഞയാഴ്ച മറ്റൊരു പ്രബല ഷിയാ വിഭാഗമായ ബോറ മുസ്ലിംകളുടെ സമ്മേളനത്തിൽ പോയി നരേന്ദ്ര മോഡി അവരിലൊരാളായി ആടി തിമർത്തത് കാണാത്തവരാണോ മുസ്ലിം പക്ഷത്തെ നയിക്കുന്നത്. ബോറകളോട് ഞാനിവിടെ വരുന്നത് അന്യനായല്ല, നിങ്ങളിലൊരാളായാണെന്ന് മോഡി പറഞ്ഞപ്പോൾ അവിടെ കൂടിയ തലപ്പാവണിഞ്ഞവർ തലയാട്ടി ശരിവെച്ചത് ശ്രദ്ധിച്ചോ.

സംഘ്പരിവാർ ഇതിനോടകം തന്നെ മുസ്ലിം സമുദായത്തിനകത്ത് ഒറ്റുകാരേയും കൂലംകുത്തികളേയും ഉണ്ടാക്കി കഴിഞ്ഞു എന്നതാണ് തിക്ത യാഥാർത്ഥ്യം .ഇനി ബാക്കിയുള്ള ഭൂരിപക്ഷ സുന്നി മുസ്ലീം ബ്ലോക്കിനെ, വിഘടിപ്പിക്കുക എന്നതാണ് തന്ത്രം. ഒരു മീറ്റിംഗിന് വിളിച്ചതോടെ തന്നെ ഈ പരസ്പരം വാളോങ്ങലും ശത്രുപക്ഷത്ത് നിർത്തലുമാണെങ്കിൽ അടുത്ത മീറ്റിംഗോടെ സമുദായം ഛിന്നഭിന്നമാകില്ലേ. ഷിയ വിഭാഗത്തെ സ്വന്തക്കാരായി നിർത്തി ബാക്കിയുള്ളവരെ സംഘടനകളുടേയും ആശയ വ്യത്യാസങ്ങളുടേയും പേരിൽ വിഘടിപ്പിക്കുക എന്നതാണ് ആർ എസ് എസ് ലക്ഷ്യമാക്കുന്നത്. ചർച്ചക്ക് പോയവരും സമ്മേളനത്തിലേക്ക് അവരെ ആനയിച്ചവരും ഇതൊക്കെ മനസ്സിലാക്കുന്നത് നന്ന്. സംഘ് പരിവാറിനെ നഖശിഖാന്തം എതിർത്ത ഒരുകൂട്ടരെ ഒന്നാകെ ജയിലിലടച്ചത് കാണിച്ചും പണ്ടത്തെ നിരോധം ഓർമിപ്പിച്ചും പേടിപ്പിച്ച് നിർത്താനൊരുങ്ങുമ്പോൾ സമുദായം ഐക്യത്തിന്റെ പാശത്തെ മുറുകെ പിടിച്ച് നിവർന്നു നിൽക്കുകയാണ് ചെയ്യേണ്ടത്.

അടിയന്തരാവസ്ഥ കാലത്തെ ആർഎസ്എസ് അല്ല; എട്ടു വർഷത്തോളമായി കേന്ദ്ര ഭരണത്തിലിരിക്കുന്ന ഇപ്പോഴത്തെ ആർ എസ് എസ് എന്നത് ഇന്ത്യൻ ഫാഷിസത്തിൻ്റെ ബാലപാഠമാണ്. ജയിലിൽ വെച്ച് കെ എസ് സുദർശനന് ഖുർആൻ ക്ലാസെടുത്തതിന്റെ വീരസ്യം പറയേണ്ട സമയവുമല്ല ഇത് ,75ലെ കൂടെ കിടന്ന അടിയന്തിരാവസ്ഥയുടെ ഹാങ്ങോവറിൽ നിന്ന് ഇറങ്ങി വന്നാൽ മാത്രമേ വർത്തമാനകാലത്തെ ഫാസിസത്തെ നേരിടാനാവൂ. വിചാരധാര പാരായണം നിർത്തി അവരത് നടപ്പാക്കുന്ന സമയത്താണ് ഇന്ത്യ ഇപ്പോഴുള്ളത്.

സംഘടനകൾക്കതീതമായ ഇസ്ലാമിൻ്റെ ജൈവികമായ സത്തയുൾകൊണ്ട് കാലിക വിഷയത്തിൽ നിലപാടെടുക്കുന്ന മഹാ ഭൂരിപക്ഷത്തിൻ്റെ ജനാധിപത്യ ലോകം ഇന്ത്യൻ മുസ്ലിംകൾക്കിടയിൽ രൂപപ്പെടുന്നുണ്ട് എന്നതാണ് ഫാസിസത്തെ പ്രതിരോധിക്കുന്നതിൽ മതനിരപേക്ഷ സമൂഹത്തിന് പ്രതീക്ഷ നൽകുന്ന പ്രധാന ഘടകം.