31
Jan 2026
Fri
31 Jan 2026 Fri
Police started investigation over death of Sadhvi Prem Baisa

ആശ്രമത്തില്‍ കുത്തിവയ്‌പെടുത്ത യുവ സന്യാസിനി മരിച്ചു. സന്യാസിനിയുടെ മരണവുമായി ബന്ധപെട്ട ദുരൂഹതകളില്‍ അന്വേഷണവുമായി പോലീസ്. രാജസ്ഥാനിലാണ് സംഭവം. സാത്വി പ്രേം ബൈസയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി സാത്വി പ്രേം ബൈസയ്ക്ക് സുഖമില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. ബുധനാഴ്ച ആശ്രമത്തിലേക്ക് എത്തിയ ഒരാളാണ് സന്യാസിനിയെ കുത്തിവച്ചത്. ഇതിനു പിന്നാലെ ഇവരുടെ നില വഷളായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബം അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ മരിച്ച നിലയിലാണ് യുവതിയെ കൊണ്ടുവന്നതെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. പ്രവീണ്‍ ജെയിന്‍ പറഞ്ഞു. പ്രോട്ടോക്കോള്‍ അനുസരിച്ച് ശാസ്ത്രി നഗര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും മൃതദേഹം എംഡിഎം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കുടുംബത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, അങ്ങനെ ചെയ്യുന്നതിനുപകരം, കുടുംബം മൃതദേഹം ബൊറാനഡയിലെ അവരുടെ ആശ്രമത്തിലേക്ക് കൊണ്ടുപോയി. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ബൊറാനഡ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഹേംരാജ് ആശ്രമത്തിലെത്തി സാത്വി പ്രേം ബൈസയുടെ മുറി സീല്‍ ചെയ്തു. പിന്നീട്, രാത്രി വൈകി, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എംഡിഎം ആശുപത്രിയിലേക്ക് അയച്ചു.

മരണത്തിന് ഏകദേശം നാല് മണിക്കൂറിന് ശേഷം, രാത്രി 9.30 ഓടെ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ആത്മഹത്യാക്കുറിപ്പ് പോലെയുള്ള ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് ദുരൂഹത വര്‍ധിച്ചത്. പോസ്റ്റില്‍ ‘അഗ്‌നി പരീക്ഷ’, ‘വിട’, ‘നീതി’ എന്നിങ്ങനെയായിരുന്നു പരാമര്‍ശം.

സനാതന ധര്‍മത്തിന്റെ പ്രചാരണത്തിനായി ഞാന്‍ ഓരോ നിമിഷവും ജീവിച്ചു… എന്റെ ജീവിതത്തിലുടനീളം, ലോകത്തിലെ യോഗ ഗുരുക്കന്മാരായ ആദി ജഗദ്ഗുരു ശങ്കരാചാര്യരുടെയും ആദരണീയരായ സന്യാസിമാരുടെയും അനുഗ്രഹങ്ങള്‍ എനിക്ക് ലഭിച്ചു. അഗ്‌നിപരീക്ഷ ആവശ്യപ്പെട്ട് ഞാന്‍ ആദി ഗുരു ശങ്കരാചാര്യര്‍ക്കും രാജ്യത്തെ നിരവധി മഹാന്മാമാര്‍ക്കും കത്തുകള്‍ എഴുതി, പക്ഷേ പ്രകൃതി എന്താണ് കരുതിവച്ചിരിക്കുന്നത്- എന്നായിരുന്നു കുറിപ്പ്. ഞാന്‍ ഈ ലോകത്തോട് എന്നെന്നേക്കുമായി വിടപറയുകയാണ്, പക്ഷേ എനിക്ക് ദൈവത്തിലും ബഹുമാന്യരായ സന്യാസിമാരിലും ഋഷിമാരിലും പൂര്‍ണ വിശ്വാസമുണ്ട്. എന്റെ ജീവിതത്തിലല്ലെങ്കില്‍, എന്റെ മരണശേഷം, എനിക്ക് തീര്‍ച്ചയായും നീതി ലഭിക്കുമെന്നും പറയുന്നു.

ആര്‍ക്കൊക്കെയാണ് സന്യാസിനിയുടെ അക്കൗണ്ടിലേക്ക് ആക്സസ് ഉണ്ടായിരുന്നതെന്നും, ഷെഡ്യൂള്‍ ചെയ്തത പോസ്റ്റ് ആയിരുന്നോ അതോ മറ്റാരെങ്കിലും അപ്ലോഡ് ചെയ്തതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. ആശ്രമത്തിലെ മുന്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ ബ്ലാക്ക് മെയില്‍, മാനനഷ്ടം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് സാത്വി മുമ്പ് പരാതി നല്‍കിയിരുന്നു. തന്റെ ഗുരുവിനെ ആലിംഗനം ചെയ്യുന്ന വിവാദ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ സാത്വി സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് വിവരം. ആ സമയത്ത്, തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏത് അഗ്‌നി പരീക്ഷക്കും വിധേയയാകാന്‍ തയ്യാറാണെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

ALSO READ: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ഹാജരാക്കാനുള്ള അവസാന ദിവസം ഇന്ന് കഴിയും; കൈയിലെത്തിയ ഭാഗ്യം നഷ്ടപ്പെട്ടത് ആര്‍ത്തിമൂലം