30
Aug 2023
Wed
30 Aug 2023 Wed

കാസർകോട്: കുമ്പളയിൽ പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം. മരണത്തിന് ഉത്തരവാദി പൊലീസുകാരാണെന്നും മരിച്ച ഫർഹാസിന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുമ്പള പൊലീസ് സ്റ്റേഷനില്‍ ധർണ നടത്തുകയാണ് മുസ്‍ലിം ലീഗ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ ആദ്യ ഘട്ട വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. എസ്ഐ ഉൾപ്പടെ മൂന്ന് പൊലീസുകാരെ ഇന്ന് രാവിലെയോടെ സ്ഥലം മാറ്റി. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നതിനിടയാണ് മുഖം രക്ഷിക്കാനുള്ള നീക്കം.

വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്‍ലിം ലീഗ് അനിശ്ചിത കാല സമരത്തിലേക്ക് കടന്നിട്ടുണ്ട്. അംഗടിമുഗർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ പേരാൽ കണ്ണൂർ കുന്നിലിലെ ഫർഹാസിനാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പൊലീസ് പിന്തുടരുന്നതിനിടെ വിദ്യാർഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് ഫർഹാസിന്‍റെ നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റത്. മംഗളൂരുവിലെ ആശുപതിയിൽ ചികിത്സയിലായിരുന്ന ഫർഹാസ് ചൊവ്വാഴ്ച പുലർച്ചെയോടെ മരിക്കുകയായിരുന്നു