ഇറാന് ആക്രമണം മൂലം തങ്ങളുടെ എല്‍എന്‍ജി കയറ്റുമതി ശേഷിയില്‍ 17 ശതമാനത്തിന്റെ കുറവുണ്ടായതായി ഖത്തര്‍ ഊര്‍ജമന്ത്രിയും ഖത്തര്‍ എനര്‍ജി സിഇഒയുമായ സാദ് അല്‍ കാബി. ഇതുമൂലം ഖത്തറിന്റെ പ്രതിവര്‍ഷം വരുമാനത്തില്‍ 2000 കോടി ഡോളറിന്റെ നഷ്ടം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെ ഈ സ്ഥിതി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയും ഇന്ത്യയും അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കുമുള്ള കയറ്റുമതിയെ ആണ് ഇതു കൂടുതലായി ബാധിക്കുക. ആക്രമണം മൂലമുണ്ടായ കേടുപാടുകള്‍ പ്രതിവര്‍ഷം 128 ലക്ഷം ടണ്‍ ഉല്‍പ്പാദനമാണ് ഇല്ലാതാക്കിയത്.
|
ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിക്കുകയും ഇവിടുത്തെ സാമ്പത്തിക സ്രോതസ്സുകളായിരുന്ന എണ്ണപ്പാടങ്ങളും ശുദ്ധീകരണ ശാലകളും ആക്രമിക്കുകയും ചെയ്തതിന്റെ തിരിച്ചടിയായാണ് ഇറാന് ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണകേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം തിരിച്ചത്. നേരത്തേ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനികതാവളങ്ങളും ഇറാന് ആക്രമണലക്ഷ്യമാക്കിയിരുന്നു.





