09
Mar 2026
Mon
09 Mar 2026 Mon
Rahul mamkootathil

ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ എംഎല്‍എ ഓഫീസിലെത്തി. രാഹുലിനൊപ്പം പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ സി വി സതീഷ്, ബ്ലോക്ക് ട്രഷറര്‍ മച്ചിങ്ങല്‍ ഹരിദാസ് എന്നിവരും ഉണ്ടായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കാനായിരുന്നു സന്ദര്‍ശനം. ഇക്കഴിഞ്ഞ ജനുവരി 11നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്തത്.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയുണ്ടായ രാഹുലിന്റെ സന്ദര്‍ശനം ശ്രദ്ധേയമാണ്. നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാലക്കാട് നടന്‍ രമേഷ് പിഷാരടിയുടെ പേരാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ഇതിനിടയില്‍ ആദ്യ ബലാത്സംഗ കേസില്‍ രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു.

പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ ഉള്‍പ്പെടെ രാഹുല്‍ പീഡനത്തിന് ഇരയാക്കിയെന്ന പരാതി നിലവിലുണ്ട്, മുന്‍കൂര്‍ ജാമ്യം നല്‍കിയത് നിയമ വിരുദ്ധമാണ്, രാഹുല്‍ ജാമ്യത്തില്‍ കഴിയുന്നത് തന്റെ ജീവന് ഭീഷണിയാണ് തുടങ്ങിയ കാര്യങ്ങളാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

അറസ്റ്റും തുടര്‍ന്നുണ്ടായ നിയമപോരാട്ടവും കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി രാഹുല്‍ പാലക്കാട് സജീവമായിരുന്നില്ല. വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാനാണ് രാഹുലിന്റെ നീക്കം.

ഹരജിക്കാരി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും അതുകാര്യമാക്കാതെ പൊതു രംഗത്ത് സജീവമാകാനാണ് രാഹുലിന്റെ നീക്കം. വി ഡി സതീശന്‍ നയിച്ച യാത്രയുടെ സമാപന സമ്മേളനത്തില്‍ പുത്തരിക്കണ്ടം മൈതാനത്തും രാഹുലിന് വേണ്ടി ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പാലക്കാട് രാഹുലിന്റെ സാന്നിധ്യം തിരിച്ചടിയാകുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.