തൃശൂർ: പെരുമ്പിലാവിൽ വിദ്യാർഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപി. ബസിന് പുറകെ ഓടിയിട്ടും വിദ്യാർഥികളെ കയറ്റാതെ മുന്നോട്ടുപോകുന്നത് കണ്ട് ഔദ്യോഗിക വാഹനത്തിൽ നിന്നുമിറങ്ങി കാര്യം തിരക്കുകയായിരുന്നു എംപി.
|
എംപിയെ കണ്ടതോടെ, കോളജുകൾ വിട്ടാൽ ഇതുവഴി പോകുന്ന ഒറ്റ സ്വകാര്യ ബസുകളും സ്റ്റോപ്പിൽ നിർത്തി തങ്ങളെ കയറ്റാറില്ലെന്ന് വിദ്യാർഥികൾ പരാതി പറഞ്ഞു. പിന്നാലെ വിദ്യാർഥികൾക്കൊപ്പം നിന്ന രമ്യാ ഹരിദാസ് ബസ് തടഞ്ഞ് നിർത്തി അവരെ കയറ്റിവിടുകയും ചെയ്തു.
ഇതിനിടെ, ഇതുവഴി വന്ന മറ്റൊരു ബസിലെ ജീവനക്കാരൻ ഇത് ദീർഘദൂര ബസാണെന്നും കുട്ടികളെ കയറ്റാൻ പറ്റില്ലെന്നും പറഞ്ഞതോടെ രംഗം കൂടുതൽ വഷളായി. തുടർന്ന് നാട്ടുകാരും പൊതുപ്രവർത്തകരും ഓട്ടോ തൊഴിലാളികളും പ്രശ്നത്തിൽ ഇടപെട്ടതോടെ ബസ് ജീവനക്കാർ വിദ്യാർഥികളെ ബസിൽ കയറ്റി.
എംപിയോട് ബസിലെ ജീവനക്കാരൻ കയർത്തു സംസാരിച്ചത് ചെറിയ സംഘർഷത്തിനിടയാക്കുകയും ചെയ്തു. പിന്നീട് പൊലീസിനെ വിളിച്ചുവരുത്തി വിദ്യാർഥികളെ ബസിൽ കയറ്റിവിട്ടു. ഒടുവിൽ ബസ് ജീവനക്കാരൻ എംപിയോട് മാപ്പ് പറഞ്ഞ് പ്രശ്നം പരിഹരിച്ചു.





