കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം. നടന് ജയറാമിനെ ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെക്കുറിച്ചാണ് എസ്ഐടി വിശദമായി ചോദിച്ചത്. ശബരിമലയില്‍ നിന്നാണ് ബന്ധം തുടങ്ങിയതെന്ന് ജയറാം എസ്ഐടിക്ക് മുന്നില്‍ മൊഴി നല്‍കിയെന്നാണ് വിവരം.
|
പോറ്റിയെ വിശ്വാസമായിരുന്നു. സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല. കട്ടിളപാളി സ്മാര്‍ട്ട് ക്രിയേഷനില്‍ പൂജിച്ചപ്പോഴും പോറ്റിവിളിച്ചപ്പോള്‍ പങ്കെടുത്തിരുന്നു. വാതില്പാളികള് കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തു. സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലെന്നും ജയറാം വ്യക്തമാക്കി. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജയറാം കേസില്‍ സാക്ഷിയാകും.
ഉണ്ണികൃഷ്ണന് പോറ്റി പലതവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും പലതവണ വീട്ടില്‍ പൂജകള്‍ ചെയ്തിട്ടുണ്ടെന്നും ജയറാം മൊഴി നല്കി. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ല, പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം എസ്ഐടിയോട് പറഞ്ഞു. പാളികള്‍ വീട്ടിലെത്തി പൂജിക്കാന്‍ പോറ്റി തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും ജയറാം പറഞ്ഞു. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്തേക്കും.
ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാന്‍ നല്കിയ പതിനാല് സ്വര്‍ണപ്പാളികളായിരുന്നു ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയത്. 2019ലായിരുന്നു ഈ സംഭവം. ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷം പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ച് പൂജ ചെയ്യുകയായിരുന്നു. ശബരിമലയിലെ ദ്വാരപാലക ശില്പത്തിന്റെ രൂപത്തില്‍ ആക്കിയ ശേഷം പൂജ ചെയ്യുകയായിരുന്നു. ചടങ്ങില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ ഭാര്യയും മകനും പങ്കെടുത്തു. സ്വര്‍ണപ്പാളി പൂജ ചെയ്ത ശേഷമുള്ള ചിത്രങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ജാമ്യത്തിനായി ഇന്ന് അപേക്ഷ സമര്‍പ്പിക്കും
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ സ്വാഭാവിക ജാമ്യത്തിനായി കൊല്ലം വിജിലന്‍സ് കോടതിയില്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കും. ഇന്നലെ സുധീഷ് കുമാറിന്റെ റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായിരുന്നു. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും സുധീഷ് കുമാര്‍ പ്രതിയാണ്. രണ്ട് കേസുകളിലും ഒരേ ദിവസമായിരുന്നു അറസ്റ്റ്.
ഉദ്യോഗസ്ഥനെന്ന നിലയില്‍ ബോര്‍ഡിന്റെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് പ്രതിയുടെ വാദം. എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. കേസിലെ ഒന്നാം പ്രതിയായ ഉണ്ണി കൃഷ്ണന് പോറ്റി കട്ടിളപ്പാളി കേസില്‍ ഉടന്‍ സ്വാഭാവിക ജാമ്യത്തിന് നീക്കം നടത്തും.
കട്ടിളപ്പാളി, ദ്വാരപാലക ശില്പ്പങ്ങളില് വീണ്ടും പരിശോധന
ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്പ്പങ്ങള് എന്നിവയില്‍ വീണ്ടും പരിശോധന നടത്തും. സ്വര്‍ണത്തിന്റെ അളവു തിട്ടപ്പെടുത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന നിലപാടിലാണ് സ്ഐടി . സന്നിധാനത്തെ പാളികളില്‍ നിന്നും വീണ്ടും സാംപിളുകള്‍ ശേഖരിച്ച് വി എസ് എസ് സിയില്‍ പരിശോധനയ്ക്ക് അയക്കാനാണ് നീക്കം. ഇതിനായി ഹൈക്കോടതിയില്‍ നിന്നും വീണ്ടും അനുമതി തേടും.
ശബരിമല സന്നിധാനത്തെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വര്‍ണ്ണത്തിന്റെ അളവില്‍ കുറവുണ്ടായതായി വിഎസ്എസ് സി നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താനാണ് പരിശോധന. ദ്വാരപാലക പാളിയില്‍ 394.6 ഗ്രാം സ്വര്‍ണ്ണവും, കട്ടിള പാളികളില്‍ 409 ഗ്രാം സ്വര്‍ണ്ണവും പൂശി എന്നാണ് പോറ്റിയുടെ മൊഴി.
്അതേസമയം എത്ര സ്വര്‍ണ്ണം പാളികളില്‍ ഉണ്ട് എന്നതില്‍ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ഇല്ല. ഇതിനാലാണ് സ്വര്‍ണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താന്‍ ശാസ്ത്രീയ പരിശോധനക്ക് എസ്ഐടി ശ്രമിക്കുന്നത്.ശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വര്‍ണം കവര്‍ന്നെങ്കിലും പാളികള്‍ അപ്പാടെ മാറ്റിയിട്ടില്ലെന്നാണ് വിഎസ്എസ് സി ശാസ്ത്രജ്ഞരുടെ മൊഴി.





