09
Mar 2026
Sun
09 Mar 2026 Sun
SANJU SAMSON

സഞ്ജു കാ ജഴ്‌സി മിലേഗാ ക്യാ? ട്വന്റി20 ലോകകപ്പ് ഫൈനല്‍ വേദിയായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിനു സമീപത്തെ ജഴ്‌സിക്കച്ചവടക്കാരെയെല്ലാം ഇന്നലെ ഏറ്റവും കൂടുതല്‍ കേട്ടത് ഈ ചോദ്യമാണ്. പലയിടത്തും ജഴ്‌സി കിട്ടാത്തതിനാല്‍ ആരാധകര്‍ അടുത്ത കച്ചവടക്കാരെ തേടി ഓടി. സാംസണ്‍ എന്ന പേരു പതിച്ച ജഴ്‌സിക്ക് മാത്രം വിലകൂട്ടി വിറ്റ് ചിലര്‍ ഇതിനിടെ ലാഭവും കൊയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഡിമാന്‍ഡുള്ള താരങ്ങളില്‍ ഒരാളായി മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു മാറിയിരിക്കുകയാണ്. ഗ്രൂപ്പ് റൗണ്ടിലും സൂപ്പര്‍ 8ലുമായി മുന്‍പ് 2 മത്സരം കളിച്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് ഫൈനലിനായി വീണ്ടും തിരിച്ചെത്തുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സംഭവിച്ച വലിയൊരു മാറ്റത്തിന്റെ പേരാണ് സഞ്ജു സാംസണ്‍. അഹമ്മദാബാദിലെ കഴിഞ്ഞ 2 മത്സരങ്ങളിലും റിസര്‍വ് ബെഞ്ചില്‍ ഒതുങ്ങിക്കൂടേണ്ടിവന്ന സഞ്ജു, വന്‍ തിരിച്ചുവരവിലൂടെ ആരാധകരുടെ ഹൃദയങ്ങള്‍ കീഴടക്കിയത് അതിനുശേഷമാണ്.

‘പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാത്ത മത്സരങ്ങളില്‍പോലും പരിശീലന സെഷനില്‍ സഞ്ജു കഠിനമായി പരിശ്രമിക്കുന്നുണ്ടായിരുന്നു. അതിന്റെയെല്ലാം ഫലമാണ് അദ്ദേഹത്തിനും ടീമിനും ഇപ്പോള്‍ ലഭിക്കുന്നത്’ ഫൈനലിന് മുന്‍പുള്ള മാധ്യമ സമ്മേളനത്തിലും സഞ്ജുവിനെ പ്രശംസകൊണ്ട് മൂടുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഫൈനല്‍ മത്സരത്തിന്റെ തലേന്ന് ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ പിരിമുറുക്കങ്ങളൊന്നുമില്ലാതെ സൂപ്പര്‍ കൂളായ സഞ്ജുവിനെയാണ് കണ്ടത്.

മറ്റു താരങ്ങളെല്ലാം പ്രധാന ഗ്രൗണ്ടില്‍ പരിശീലനം നടത്തിയപ്പോള്‍ തിരക്കുകളില്‍നിന്ന് മാറി മറ്റൊരു പരിശീലന മൈതാനത്തായിരുന്നു സഞ്ജുവിന്റെ നെറ്റ്‌സ് സെഷന്‍. അതിനുശേഷം സ്റ്റേഡിയത്തിലേക്ക് മടങ്ങിയെത്തി സഹതാരങ്ങള്‍ക്കൊപ്പം സമയം ചെലവിട്ടു. നെറ്റ്‌സില്‍ ബാറ്റു ചെയ്ത മുഹമ്മദ് സിറാജ് അടക്കമുള്ളവരെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ഒടുവില്‍ മടങ്ങുമ്പോള്‍ ഗാലറിയില്‍നിന്ന് ചേട്ടാ വിളികള്‍… ഓട്ടോഗ്രാഫിനും സെല്‍ഫിക്കുമായി ഓടിക്കൂടിയവരെയൊന്നും സഞ്ജു നിരാശപ്പെടുത്തിയതുമില്ല.