
അക്ബര്‍ പൊന്നാനി
![]() |
|
ജിദ്ദ: സൗദി അറേബ്യയിലെ ഗ്രാന്‍ഡ് മുഫ്തിയും പണ്ഡിത സഭയുടെ അധ്യക്ഷനും മതവിധിയും മതഗവേഷണവും നടത്താന്‍ ചുമതലയുള്ള ജനറല്‍ പ്രസിഡന്‍സിയുടെ തലവനും മുസ് ലിം വേള്‍ഡ് ലീഗിന്റെ സുപ്രിം കൗണ്‍സില്‍ പ്രസിഡന്റുമായ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അലുശൈഖ് അന്തരിച്ചു. 82 വയസ്സായിരുന്നു.
ഇന്ന് അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദ് നഗരത്തിലുള്ള ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ അദ്ദേഹത്തിന്റെ പേരിലുള്ള ജനാസ ഉണ്ടാകുമെന്ന് സൗദി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. രാജ്യം 95-ാമത് ദേശീയ ദിനം ആഘോഷപൂര്‍വം ആചരിക്കുന്നതിനിടയിലാണ് മതരംഗത്തെ ഏറ്റവും വിശിഷ്ട വ്യക്തിയുടെ വിയോഗ വാര്‍ത്ത വന്നത്.
മക്ക, മദീന എന്നിവിടങ്ങളിലെ ഹറം ശരീഫ് ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ പള്ളികളിലും വച്ച് പരേതന്റെ പേരില്‍ ജനാസ നിസ്‌കാരം നിര്‍വഹിക്കണമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തോടെ, വിജ്ഞാനത്തിനും ഇസ് ലമിനും മുസ് ലിംകള്‍ക്കും ഗണ്യമായ സംഭാവനകള്‍ നല്‍കിയ ഒരു വിശിഷ്ട പണ്ഡിതനെയാണ് രാജ്യത്തിനും ഇസ് ലാമിക ലോകത്തിനും നഷ്ടമായതെന്നും പ്രസ്താവന അനുസ്മരിച്ചു.
ജന്മനാ അന്ധനായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് മത വിജ്ഞാന രംഗത്തെ അത്ഭുതമായിരുന്നു. ഭരണാധികാരിയും കിരീടാവകാശിയും പരേതന്റെ കുടുംബത്തിനും സൗദി ജനതയ്ക്കും ഇസ് ലാമിക ലോകത്തിനും അനുശോചനം രേഖപ്പെടുത്തുന്നതായും വ്യക്തമാക്കിയ പ്രസ്താവന ശൈഖ് അബ്ദുല്‍ അസീസിന്റെ പാരത്രിക വിജയത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു.
ALSO READ: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയായ റിട്ടയേഡ് ബാങ്കറുടെ 23 കോടി രൂപ നഷ്ടമായി