ആലപ്പുഴ പുന്നപ്രയില്‍ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ ആരോപണം നിഷേധിച്ച് ഡോക്ടര്‍. ലളിതാംബിക എന്ന ഡോക്ടറാണ് ഓപ്പറേഷന്‍ നടത്തിയത് എന്നാണ് കുടുബം ആരോപിച്ചിരുന്നത്. എന്നാല്‍, താനല്ല ശസ്ത്രക്രിയ നടത്തിയെന്ന് റിട്ടയര്‍ ചെയ്ത ഡോ. ലളിതാംബിക തറപ്പിച്ച് പറയുന്നു. അഞ്ചു വര്‍ഷം മുമ്പുള്ളതായതിനാല്‍ ആരാണ് ചെയ്തതെന്ന് ഓര്‍മയില്ല. ഇന്ന് 10 മണിയോട് കൂടി രേഖകള്‍ പരിശോധിച്ചാല്‍ കാര്യം വ്യക്തമാവുമെന്നും ഡോക്ടര്‍ പറഞ്ഞു.
|
പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റിലാണ് ശസ്ത്രിക്രിയക്ക് ഉപയോഗിക്കുന്ന കത്രികയ്ക്ക് സമാനമായ ചെറിയ ഉപകരണം കണ്ടെത്തിയത്. അഞ്ച് വര്‍ഷമായി ഈ ഉപകരണം വയറ്റിലുണ്ടെന്നാണ് നിഗമനം. തുടര്‍ച്ചയായി വേദനയും മറ്റു പ്രശ്‌നങ്ങളും മൂലം നടത്തിയ എംആര്‍ഐ സ്‌കാനിങ്ങിലാണ് ഉഷയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയത്. 2021ല്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഉഷയ്ക്ക് ശസ്ത്രക്രിയ നടന്നിരുന്നു. ഇതിനിടെ കുടുങ്ങിയ കത്രികയാണ് ഇത് എന്നാണ് പരാതി.
അഞ്ചുവർഷം വേദനസഹിച്ച് കഴിഞ്ഞ ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ വീട്ടമ്മ ഉഷ ജോസഫിനെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി.
2021ല്‍ വയറ്റിലെ മുഴ നീക്കാനാണ് ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. ഓപ്പറേഷന് ശേഷം ഉഷയ്ക്ക് തുടര്‍ച്ചയായി വേദന അനുഭവപ്പെട്ടിരുന്നുവെന്നും ആശുപത്രിയില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ കാര്യമാക്കിയില്ല എന്നും ഉഷയുടെ ഭര്‍തൃ സഹോദരന്‍ ജോമോന്‍ പറഞ്ഞു. സ്‌കാന്‍ ചെയ്ത് നോക്കാന്‍ പോലും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. പിന്നാലെ ബ്ലീഡിങിനെതുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ പോയപ്പോഴാണ് ഉഷയ്ക്ക് എക്‌സ്‌റേയും സ്‌കാനും നിര്‍ദേശിച്ചത്. ഈ പരിശോധനയിലാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്.
2021 മെയ് അഞ്ചിനാണ് ശസ്ത്രക്രിയ നടന്നതെന്നും പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടുവെന്നും ഉഷ ജോസഫ് പറഞ്ഞു. ആശുപത്രികളില്‍ മാറിമാറി പോയി ചികിത്സ തേടി. മൂത്രത്തിലൂടെ രക്തം പോകാന്‍ തുടങ്ങിയപ്പോഴാണ് താന്‍ ടെസ്റ്റുകള്‍ നടത്തിയത്. ജോലിക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു താന്‍. മൂത്രസഞ്ചിയില്‍ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്‌സ്‌റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടത്.
പിന്നാലെ ന്യൂറോളജിയിലെ ഡോക്ടര്‍ ഇത് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു. ആരോടും പറയേണ്ട, ഓപ്പറേഷന്‍ നടത്താമെന്ന് പറഞ്ഞു. ഒരുപാട് പണം ചികിത്സക്കായി ചെലവായി. മരുന്ന് വാങ്ങിയതിന് കണക്കില്ല. ഇഷ്ടം പോലെ മരുന്ന് മേടിച്ചുകഴിച്ചിട്ടുണ്ട്. എങ്ങോട്ടെങ്കിലും പോകുന്നെങ്കില്‍ പോലും ഗുളികകള്‍ കൊണ്ടുപോകണം. തനിക്ക് ഇനി മെഡിക്കല്‍ കോളേജിലേക്ക് പോകേണ്ട എന്നും പേടിയാണെന്നും ഉഷ പറഞ്ഞു. താന്‍ ഒരുപാട് വേദന തിന്നുവെന്നും മൂത്രം പോകുമ്പോഴും, ജോലി ചെയ്യുമ്പോഴും കഠിനമായ അസ്വസ്ഥതയാണ് അനുഭവിച്ചത് എന്നും ഉഷ പറഞ്ഞു.
ഗുരുതര വീഴ്ച്ചയെന്ന് ആരോഗ്യ മന്ത്രി
ഗുരുതരമായ വീഴ്ച്ചയാണുണ്ടായതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. ഉഷയ്ക്ക് കൊച്ചി അമൃത ആശുപത്രിയില്‍ അടിയന്തര ചികില്‍സ ലഭ്യമാക്കും.
വിഷയത്തില്‍ ഇന്നു മുതല്‍ സമരം ആരംഭിക്കുമെന്ന് പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോബിയാസ് പറഞ്ഞു. അഞ്ച് വര്‍ഷമായി ജോലി ചെയ്യാന്‍ പോലും കഴിയാതെ ഉഷ വേദന അനുഭവിക്കുകയാണ്. അവര്‍ തൊഴിലുറപ്പ് തൊഴിലാളിയാണ്. ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും തോബിയാസ് പറഞ്ഞു. ലളിതാംബിക എന്ന ഡോക്ടറാണ് ഓപ്പറേഷന്‍ നടത്തിയത്. വിഷയം ആശുപത്രിയെ അറിയിച്ചപ്പോള്‍ നാസര്‍ എന്ന ഡോക്ടര്‍ എല്ലാം ഒതുക്കിത്തീര്‍ക്കാം എന്ന് പറഞ്ഞുവെന്ന ഗുരുതര ആരോപണവും തോബിയാസ് ഉന്നയിച്ചു.
എല്ലാ സഹായവും നല്‍കുമെന്ന് കെസി വേണുഗോപാല്‍
ആലപ്പുഴ എംപി കെ സി വേണുഗോപാല്‍ ഉഷയുമായി സംസാരിച്ചു. താന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയാണെന്നും വലിയ കഷ്ടമാണ് അനുഭവിച്ചതെന്നും കെ സി വേണുഗോപാല്‍ ഉഷയോട് പറഞ്ഞു. അഞ്ച് വര്‍ഷമായി അനുഭവിക്കുന്ന വേദനയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ വിമര്‍ശനവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. കേരളത്തില്‍ ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളജില്‍ പോകാന്‍ ആളുകള്‍ക്ക് ഭയമാണ്. ഹര്‍ഷിനയ്ക്ക് ഇത്രയും നാളായിട്ടും സഹായം കൊടുത്തിട്ടില്ല. മന്ത്രിയുടെ ഉറപ്പുകള്‍ ജലരേഖയായി. ഉഷയ്ക്ക് ഹര്‍ഷിനയുടെ അനുഭവം ഉണ്ടാകരുത് എന്നും പരിഹാരം ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴ പോലെ ഇത്രയും അനാസ്ഥയുള്ള മറ്റൊരു മെഡിക്കല്‍ കോളേജില്ല എന്നും ആരോഗ്യമന്ത്രിക്ക് പരാതി കൊടുത്തിട്ട് യാതൊരു കാര്യവുമില്ല എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഉഷയുടെ മകന്‍ ഷിബിന്‍ പറഞ്ഞു. അമ്മയ്ക്ക് മൂത്രത്തില്‍ കല്ലിന്റെ പ്രശ്‌നം ഉണ്ടായിരുന്നു. ഇടയ്ക്കിടെ വേദന വരുമ്പോള്‍ മരുന്ന് കഴിക്കും. ഇന്നലെ എക്‌സ്‌റേ എടുത്തപ്പോഴാണ് കത്രിക കണ്ടത്. 2021ലെ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയത്. അതിന് ശേഷം ഓപ്പറേഷന്‍ നടന്നിട്ടില്ല. എത്രയും വേഗം പ്രശ്‌നപരിഹാരം ഉണ്ടാകണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഷിബിന്‍ പറഞ്ഞു. സംഭവം അറിഞ്ഞതിന് പിന്നാലെ എത്രയും വേഗം ശസ്ത്രക്രിയ ചെയ്ത് കത്രിക നീക്കാമെന്ന് മെഡിക്കല്‍ കോളേജ് പറഞ്ഞുവെന്നും ചെലവ് ഞങ്ങള്‍തന്നെ വഹിക്കണമെനും അവര്‍ ആവശ്യപ്പെട്ടുവെന്നും ഷിബിന്‍ പറഞ്ഞു.




