SDPI-CPM clash in Nedumangad തിരുവനന്തപുരം നെടുമങ്ങാട് എസ്ഡിപിഐ-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ രാത്രിയാണ് സംഭവം. കരകുളം കായ്പ്പാടിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടും ആംബുലന്‍സും മറ്റ് വാഹനങ്ങളും തകര്‍ത്തു. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്ഡിപിഐ ആരോപിച്ചു.
|
അര്‍ധരാത്രിയോടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ നാദിര്‍ഷായുടെ
വീടിന് നേരെ കല്ലെറിയുന്നതിന്റെയും വാഹനങ്ങള്‍ തകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘം സഞ്ചികളില്‍ കല്ലുമായെത്തി എറിയുന്നതും ഇരുമ്പ് വടി ഉപയോഗിച്ച് എസ്ഡിപിഐ നിയന്ത്രണത്തിലുള്ള ആംബുലന്‍സ് ഉള്‍പ്പെടെ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പത്തോളം വരുന്ന സംഘമാണ് അക്രമം നടത്തിയത്.
ഇതിന് പിന്നാലെ ഡിവൈഎഫ്‌ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലന്‍സ് അഗ്നിക്കിരയായി. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സാണ് കത്തിയത്. ഫയര്‍ഫോഴ്‌സും പോലീസുമെത്തി തീയണച്ചു.
നേരത്തേ സിപിഎം കരകുളം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാറിലെത്തിയ എസ്ഡിപിഐ സംഘം അഴീക്കോട് ജംഗ്ഷനില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. കൈക്കും കാലിനും പരിക്കേറ്റ ദീപു പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയിലാണ്.
കുറച്ചുനാളായി പ്രദേശത്ത് എസ്ഡിപിഐ-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഏതാനും ദിവസം മുമ്പ് ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഷര്‍ഷത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റിരുന്നു.





