SDPI preparing to contest in Kerala Assembly Election വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ മല്‍സരിക്കാനാണ് എസ്ഡിപിഐയുടെ തീരുമാനമെന്ന് സംസ്ഥാന അധ്യക്ഷന്‍ സിപിഎ ലത്തീഫ്. ഏതെങ്കിലും ഒരു മുന്നണിക്ക് ഏകപക്ഷീയമായി പിന്തുണ പതിച്ചു നല്‍കില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണച്ചത് അന്നത്തെ സാഹചര്യം കണക്കിലെടുത്തായിരുന്നു. ആ സാഹചര്യം നിയസമഭാ തിരഞ്ഞെടുപ്പില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
|
എല്‍ഡിഎഫും യുഡിഎഫും കപട നിലപാടുമായി മുന്നോട്ട് പോവുകയാണെങ്കില്‍ മഞ്ചേശ്വരത്ത് അടക്കം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യം ആലോചിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മഞ്ചേശ്വരത്ത് മുസ്ലിം ലീഗിനെ പിന്തുണച്ചിട്ടുണ്ട്. നേമത്ത് സിപിഎമ്മിനെയും സഹായിച്ചിട്ടുണ്ട്. എന്നാല്‍, ഇനി അത്തരമൊരു നിലപാടിലേക്ക് പോകണോ എന്ന് പാര്‍ട്ടി ആലോചിക്കുന്നുണ്ട്.
ALSO READ: ട്രെയിന്‍ വൈകിയത് കാരണം പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല; വിദ്യാര്‍ഥിനിക്ക് റെയില്‍വേ 9 ലക്ഷം നല്‍കണം
11 സീറ്റുകളില്‍ ബിജെപി ഒന്നാം സ്ഥാനത്താണ്. 9 സീറ്റുകളില്‍ അവര്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും പറയുന്ന ഫാഷിസ്റ്റ് വിരുദ്ധത സത്യസന്ധമാണെങ്കില്‍ ചുരുങ്ങിയത് കേരളത്തില്‍ ബിജെപി ജയിച്ച് വരാന്‍ സാധ്യതയുള്ള 10 മണ്ഡലങ്ങളിലെങ്കിലും പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തയ്യാറാവണം. അങ്ങിനെയാണെങ്കില്‍ എസ്ഡിപിഐയും ആ പൊതു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കും. അവര്‍ ബിജെപി വരുന്നെങ്കില്‍ വരട്ടെ എന്ന നിലപാടിലാണെങ്കില്‍ ബിജെപിക്കേതിരെ വലതുപക്ഷത്തെയോ ഇടതുപക്ഷത്തെയോ വിജയിപ്പിക്കാന്‍ എസ്ഡിപിഐ തയ്യാറല്ല.
മഞ്ചേശ്വരത്ത് എസ്ഡിപിഐ മല്‍സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍എഡിഎഫും യുഡിഎഫും പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഞങ്ങള്‍ പിന്തുണയ്ക്കും. അതിന് അവര്‍ തയ്യാറല്ലെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ നിലപാടുമായി മുന്നോട്ട് പോവുമെന്നും സിപിഎ ലത്തീഫ് കൂട്ടിച്ചേര്‍ത്തു.
കളത്തിലിറങ്ങി എസ്ഡിപിഐ
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ പാര്‍ട്ടി മണ്ഡലം കണന്‍വെന്‍ഷനുകള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ പരപാടികളില്‍ പങ്കെടുക്കുന്നുണ്ട്. ഇതോടൊപ്പം അണികളെ സജീവമാക്കുന്നതിന് മണ്ഡലം തല വാഹന ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയവും പുരോഗമിക്കുന്നതായാണ് അറിയുന്നത്.




