തിരുവനന്തപുരം: സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നടന് സിദ്ദീഖ് രാജിവെച്ചു.(Sex Allegation: Siddique Resigns from ‘AMMA’ General Secretary post) കഴിഞ്ഞ ദിവസം യുവനടിയും മോഡലുമായ രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ഇന്ന് അമ്മയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്.
|
ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സ്വമേധയാ രാജിവെക്കുകയാണെന്നാണ് സിദ്ദിഖ് അറിയിച്ചു. രാജിക്കത്ത് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് കൈമാറി കൈമാറി. ‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ ”അമ്മ” യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാന്‍ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’, എന്നാണ് രാജിക്കത്തിലെ പരാമര്‍ശം.
2016ല്‍ പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദീഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടി രേവതി സമ്പത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ട കാര്യം വെളിപ്പെടുത്തിയതിനു പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിദ്ദീഖ് ഇപ്പോള്‍ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവര്‍ പറഞ്ഞു. സ്വയം കണ്ണാടി നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു.
മലയാള സിനിമാ രംഗത്ത് കാസ്റ്റിങ് കൗച്ച് ഇല്ലെന്നും പവര്‍ ഗ്രൂപ്പ് എന്നത് സങ്കല്‍പ്പം മാത്രമാണെന്നും നടന് സിദ്ദീഖ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതേ സിദ്ദീഖ് 2016ല്‍ തന്നോട് ‘അഡ്ജസ്റ്റ്മെന്റിന്’ തയ്യാറാണെങ്കില്‍ അവസരം തരാമെന്ന് പറഞ്ഞതായാണ് രേവതി വെളിപ്പെടുത്തിയത്.
തിരുവന്തപുരത്ത് സിദ്ദീഖിന്റെ ‘സുഖമറിയാതെ’ എന്ന സിനിമയുടെ പ്രിവ്യൂവിന് ശേഷമാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്ന് രേവതി സമ്പത്ത് പറയുന്നു. ആ സമയത്ത് വിദ്യാര്‍ത്ഥിനി ആയിരുന്ന താന്‍ അഭിനയം ഒരു പ്രൊഫഷനായി എടുത്തിരുന്നില്ല. മകന് അഭിനയിക്കുന്ന ഒരു തമിഴ് സിനിമയെക്കുറിച്ച് സംസാരിക്കുന്നതിന് സിദ്ദീഖ് തന്നെ ബന്ധപ്പെട്ടതായി രേവതി പറയുന്നു.
നിള തിയേറ്ററില്‍ ‘സുഖമറിയാതെ’യുടെ പ്രിവ്യൂ കഴിഞ്ഞ ശേഷം ഈ ഓഫിറിനെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹമെന്നോട് മാസ്കോട്ട് ഹോട്ടലിലേക്ക് വരാന്‍ പറഞ്ഞു. ഞാന്‍ ‘അഡ്ജസ്റ്റ്മെന്റിന്’ തയ്യാറാണോ എന്ന് നേര്‍ക്കു നേരെ ചോദിക്കുകയായിരുന്നു. ഈ വാക്കിന് സിനിമാ മേഖലയില്‍ പ്രത്യേക അര്‍ത്ഥമുണ്ടായിരുന്നു. എന്താണ് ഉദ്ദേശിച്ചതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം കാര്യം തുറന്നു പറഞ്ഞു, നീളമുള്ള നഖങ്ങളോട് കൂടിയ സ്ത്രീകളെ തനിക്ക് ഇഷ്ടമാണെന്നതുള്പ്പെടെയുള്ള സെക്ഷ്വല്‍ ഫാന്റസികളെക്കുറിച്ച് സിദ്ദീഖ് വിവരിച്ചു. ഉദ്ദേശം നടക്കില്ലെന്ന് ബോധ്യമായതോടെ, ഇതുമായി ബന്ധപ്പെട്ട് നീ എന്ത് ചെയ്താവും തനിക്ക് ഒരു പ്രശ്നവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും താന്‍ അത്ര മാത്രം സ്വാധീനമുള്ളയാളാണെന്നും സിദ്ദീഖ് വ്യക്തമാക്കി”
”ഹോട്ടലിലേക്കു പോകുന്നത് വരെ മോളേയെന്നായിരുന്നു വിളിച്ചത്. എന്നാല്‍ ഈ മോളെ വിളി ഇങ്ങനൊരു അപ്രോച്ചായിരിക്കുമെന്ന് വിചാരിക്കുന്നില്ല. അങ്ങനൊരു സിനിമ നിലനില്‍ക്കുന്നില്ലെന്ന് പിന്നീടാണ് മനസിലാക്കുന്നത്. അവിടെ വെച്ചാണ് അദ്ദേഹം എന്നെ സെക്ഷ്വലി അബ്യൂസ് ചെയ്യുന്നത്,’ രേവതി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും തുടര്‍ന്നുള്ള പ്രതികരണത്തിനും പിന്നാലെ അമ്മയ്ക്കും സിദ്ദിഖിനുമെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സംവിധായകന് രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയിരുന്നു. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു.
രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് സിനിമയ്ക്കകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേര് രംഗത്തെത്തി. വിഷയത്തില്‍ നീതി പൂര്‍വം അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി ഉചിതമായ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും ഉര്‍വശി പ്രതികരിച്ചു. നടിയുടെ ആരോപണം സാക്ഷികളില്ലെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ലെന്നും അവര്‍ പറഞ്ഞു.





