മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ചതായി പരാതി. ഫേക്ക് ഐ.ഡിയിലൂടെയാണ് അജ്ഞാതന്‍ ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ മുസ്ലിം ലീഗ് പൊലീസില്‍ പരാതി നല്‍കിയതായി പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
|
സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ‘സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാര്‍ട്ടി നിയമപരമായി നേരിടുക തന്നെ ചെയ്യും. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുത്’ -അദ്ദേഹം അറിയിച്ചു. നിലവില്‍ പോസ്റ്റ് ഇന്ത്യയില്‍ ലഭ്യമല്ല.
ഫേസ്ബുക് അക്കൗണ്ട് വി.പി.എന്‍ ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്തത് എന്നതിനാല്‍ എവിടെ നിന്നാണ് അക്കൗണ്ട് ഉപയോഗിച്ചതെന്ന് കൃത്യമായി പറയാന്‍ സാധ്യമല്ല. തായ്വാന്റെ ഐ.പി അഡ്രസ് ആണ് ലോഗിനില്‍ കാണിക്കുന്നത്. ഈ പോസ്റ്റിടാന്‍ വേണ്ടി മാത്രമായാണ് ഐ.ഡി ഉണ്ടാക്കിയതെന്നും പറയപ്പെടുന്നു.
കുഞ്ഞാലിക്കുട്ടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
ബഹുമാന്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് ഒരു വ്യാജ ഐഡിയില്‍നിന്ന് ഫേസ്ബുക്കില്‍ വന്ന പോസ്റ്റിനെതിരെ പാര്‍ട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധമായി വിശദമായി അന്വേഷണം നടന്നുവരികയാണ്.
സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാര്‍ട്ടി നിയമപരമായി നേരിടുക തന്നെ ചെയ്യും. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുത്.


