സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജയിലില്‍ അടച്ച വടകര സ്വദേശി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ തള്ളി. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
|
ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി നടപടി. മഞ്ചേരി സബ് ജയിലിലാണ് ഷിംജിത റിമാന്‍ഡില്‍ തുടരുന്നത്. കഴിഞ്ഞ ശനിയാഴ്ച ജാമ്യപേക്ഷയില്‍ വാദം കേട്ട കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
ആത്മഹത്യ ചെയ്ത ദീപക്കിനെ ഷിംജിതക്ക് മുന്‍പരിചയമില്ലെന്നും വീഡിയോ ചിത്രീകരണത്തിന് പിന്നില്‍ ദുരുദ്ദേശമില്ലെന്നുമായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു.
സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ഈ മാസം 16 നായിരുന്നു കേസിനാസ്പദമായ വീഡിയോ ഷിംജിത ഇന്‍സ്റ്റഗ്രാമില്‍പോസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ദീപക് ജീവനൊടുക്കുകയായിരുന്നു. സ്വകാര്യ ബസ് യാത്രയ്ക്കിടെ ദീപക് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചായിരുന്നു ഷിംജിതയുടെ വീഡിയോ.
ALSO READ: ഒരുമിച്ച് ആത്മഹത്യചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം കാമുകിയെ കൊലപ്പെടുത്തി മുങ്ങിയ യുവാവ് പിടിയില്‍





