21
Feb 2026
Sat
21 Feb 2026 Sat
sir kerala hearing

SIR Kerala : Final voter list publish today സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറങ്ങും. പട്ടികയില്‍ 2,69,53,644 പേരാണുള്ളത്. 2025ലെ വോട്ടര്‍പട്ടിക പ്രകാരം 8,97,212 വോട്ടര്‍മാരുടെ കുറവുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്.ഐ.ആര്‍. ആരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ 2,78,50,856 വോട്ടര്‍മാരാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 24.08 ലക്ഷം പേര്‍ പുറത്താവുകയും 2.54 കോടിയായി വോട്ടര്‍പട്ടിക ചുരുങ്ങുകയും ചെയ്തിരുന്നു. ഹിയറിങ് ഘട്ടത്തില്‍ 53,229 പേരെ കൂടി ഒഴിവാക്കിയിരുന്നു. മരണപ്പെട്ടവര്‍, വിദേശപൗരത്വം സ്വീകരിച്ചവര്‍, താമസസ്ഥലം മാറിയവര്‍ എന്നിങ്ങനെയാണ് കരടുപട്ടികയില്‍നിന്ന് ഒഴിവാക്കിയത്. ഇതോടെ 2.53 കോടിയായി വോട്ടര്‍പട്ടിക വീണ്ടും ചുരുങ്ങിയെങ്കിലും ഈ കാലയളവില്‍ 16,79,885 പേര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി അപേക്ഷ നല്‍കിയിരുന്നു.

നേരത്തെ കരടുപട്ടികയില്‍നിന്ന് പുറത്തായവരും പുതിയ വോട്ടര്‍മാരുമാണ് അപേക്ഷ നല്‍കിയത്. ഇതില്‍ നാട്ടിലുള്ള 1,04,605 അപേക്ഷകളും പ്രവാസികളായ 62,733 അപേക്ഷകളും വിവിധ കാരണങ്ങളാല്‍ നിരസിച്ച ശേഷം ബാക്കിയുള്ള 15,10,262 പേരെ കൂടി ഉള്‍പ്പെടുത്തിയതോടെയാണ് വോട്ടര്‍മാരുടെ എണ്ണം 2.69 കോടിയായി ഉയര്‍ന്നത്.

ഇപ്പോള്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വരെ പേര് ചേര്‍ക്കാനുള്ള അപേക്ഷ നല്‍കാനാവും. നാളെ മുതലാണ് ഇതിനുള്ള അപേക്ഷകള്‍ നല്‍കാനുള്ള സമയപരിധി ആരംഭിക്കുക.

ഈ അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് പ്രോസസ് ചെയ്യുകയും തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. പരിഷ്‌കരണ വേളയില്‍ ലഭിച്ച അപേക്ഷകളില്‍ 18 വയസ് പൂര്‍ത്തിയാക്കാത്തവരുടെ അപേക്ഷകള്‍ അവര്‍ക്ക് 18 വയസ് പൂര്‍ത്തിയാകുന്ന സമയത്ത് പരിഗണിച്ചു തുടങ്ങുകയും ചെയ്യും.

അന്തിമ വോട്ടര്‍ പട്ടിക

ആകെ വോട്ടര്‍മാര്‍- 2,69,53,644
പുരുഷന്‍ 1,31,26,048
സ്ത്രീ 1,38,27,319
ട്രാന്‍സ്ജെന്‍ഡര്‍ 277
പ്രവാസി വോട്ടര്‍മാര്‍ 2,23,558
സര്‍വിസ് വോട്ടര്‍മാര്‍ 54,110
18-19 പ്രായപരിധിയിലുള്ള വോട്ടര്‍മാര്‍ 4,24,518
85 വയസിനു മുകളിലുള്ള വോട്ടര്‍മാര്‍- 2,04,608
ഭിന്നശേഷിക്കാര്‍- 2,43,698

ഇന്ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചാല്‍ നിങ്ങളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഓണ്‍ലൈനായും ഓഫ്‌ലൈനായും പരിശോധിക്കാം.

ഓണ്‍ലൈനായി പരിശോധിക്കാന്‍

CEO Kerala വെബ്‌സൈറ്റ്: www.ceo.kerala.gov.in സന്ദര്‍ശിക്കുക. അവിടെയുള്ള ‘Electoral Roll’ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ജില്ലയും നിയസഭാ മണ്ഡലവും തിരഞ്ഞെടുത്ത് പട്ടികയുടെ PDF ഡൗണ്‍ലോഡ് ചെയ്യാം.
?Voters Service Portal: voters.eci.gov.in എന്ന പോര്‍ട്ടലില്‍ ‘Search in Electoral Roll’ എന്ന ഓപ്ഷന്‍ വഴി നിങ്ങളുടെ പേരോ അല്ലെങ്കില്‍ Voter ID (EPIC) നമ്പറോ നല്‍കി വിവരങ്ങള്‍ തിരയാം.

മൊബൈല്‍ ആപ്പ് വഴി പരിശോധിക്കാന്‍

‘Voter Helpline’ എന്ന മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം. ഇതില്‍ EPIC നമ്പര്‍ നല്‍കിയാല്‍ നിങ്ങളുടെ പോളിംഗ് സ്റ്റേഷന്‍, സീരിയല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകും.

ഓഫ്ലൈനായി പരിശോധിക്കാന്‍

ഓരോ പ്രദേശത്തെയും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (BLO) കൈവശം അന്തിമ പട്ടികയുടെ പകര്‍പ്പ് ഉണ്ടാകും. അവരെ നേരിട്ട് കണ്ട് വിവരം തിരക്കാം.