എസ്ഐആര്‍ നടപടികളില്‍ ഇനി സുപ്രിം കോടതി ഇടപെട്ടാലും കാര്യമായ ഫലമുണ്ടാവില്ല. എസ്ഐആര്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രിം കോടതി ഡിസംബര്‍ രണ്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരു മാസം നീളുന്ന എന്യൂമറേഷന് ഡിസംബര്‍ നാലിനാണ് അവസാനിക്കുക. ഈ സാഹചര്യത്തില്‍ ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കാന്‍ മാറ്റിയത് ഫലത്തില്‍ കേരളത്തിന്റെ ഹരജി തള്ളിയതിന് തുല്യമാണ്.
|
എന്യൂമറേഷന് നടപടികളും ഡിജിറ്റെസേഷനും പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും എസ്.ഐ.ആര് ഇനി മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്നുമാകും ഡിസംബര്‍ രണ്ടിന് കണക്ക് നിരത്തി കമീഷന് വാദിക്കുക. ഡിസംബര്‍ നാല് വരെ എന്യൂമറേഷന് സമയമുണ്ടായിരിക്കെ നവംബര്‍ അവസാനത്തോടെ ഡിജിറ്റൈസേഷന് പൂര്‍ത്തിയാക്കുന്നതിന് കടുത്ത സമ്മര്‍ദ്ദമാണ് ഇ.ആര്.ഒമാര്‍ വഴി ബി.എല്‍.ഒമാരുടെ ചുമലിലുള്ളത്. നിലവില്‍ ഭൂരിഭാഗം ഫോമുകളും പൂരിപ്പിച്ച് തിരിച്ച് കിട്ടിയതായാണ് കലക്ടര്‍മാര്‍ പറയുന്നത്.
ഹരജി മാറ്റിയതിലൂടെ നടപടികള്‍ക്ക് ധൃതി കൂട്ടുന്ന കമീഷന് കുറച്ച് കൂടി സാവകാശം കിട്ടും. എസ്ഐആര്‍ ഡിജിറ്റൈസേഷന് ഏറെക്കുറെ പൂര്‍ത്തിയാവുമ്പോഴാണ് ഇനി കോടതി കേസ് പരിഗണിക്കുക. ആ സാഹചര്യത്തില്‍ ഇനി മറിച്ചൊരു വിധിയുണ്ടാവാന്‍ സാധ്യതയില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായുള്ള എസ്.ഐ.ആര് കോടതി സ്റ്റേ ചെയ്യുമെന്ന പ്രതീക്ഷയായിരുന്നു സംസ്ഥാന സര്‍ക്കാറിന്.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന് എസ്.ഐ.ആര് എന്തെങ്കിലും പ്രതിബന്ധമുണ്ടാക്കുന്നുവെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടേണ്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനാണെന്നാണ് കേന്ദ്ര കമീഷന്റെ മറുവാദം. ഫലത്തില്‍ എസ്.ഐ.ആര് നടപടികള്‍ സുഗമമായി തുടരാനുള്ള സാഹചര്യമാണ് കമീഷന് കൈവന്നിരിക്കുന്നത്. നിലവില്‍ ഫോം തിരികെ വാങ്ങലിനപ്പുറം ഡിജിറ്റൈസേഷനാണ് കമീഷന് മുഖ്യപരിഗണന നല്‍കുന്നത്.
ഫോം വിതരണം സംബന്ധിച്ച് പ്രതിദിനം കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്ന കമീഷന് ഫോം തിരികെയെത്തിയ കണക്കുകളെക്കുറിച്ച് മിണ്ടുന്നില്ല. നിലവില്‍ ഡിജിറ്റൈസേഷന്റെ കണക്കുകളാണ് പ്രസിദ്ധപ്പെടുത്തുന്നത്. കോടതിയില്‍ അനുകൂല വിധി സമ്പാദിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്.





