|
ന്യൂഡൽഹി: തുടർച്ചയായ അഞ്ചു ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി എന്ന ബഹുമതിയിലേക്ക് നിർമല സീതാരാമനും. അരുൺ ജയ്റ്റ്‌ലി, പി. ചിദംബരം, യശ്വന്ത് സിൻഹ, മൻമോഹൻ സിങ്, മൊറാർജി ദേശായി എന്നിവരാണ് അഞ്ചു ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച മറ്റു ധനമന്ത്രിമാർ.
ആദ്യ മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് അരുൺ ജയറ്റ്‌ലിയാണ്. 2014- 15 മുതൽ 201819 വരെ അഞ്ചു ബജറ്റുകൾ ജയ്റ്റ്‌ലി അവതരിപ്പിച്ചു. ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം ബജറ്റ് അവതരിപ്പിക്കുകയെന്ന, കൊളോണിയൽ കാലം മുതലുള്ള പതിവിനു മാറ്റം വരുത്തിയത് ജയ്റ്റ്‌ലിയാണ്. ജയ്റ്റ്‌ലി അസുഖബാധിതൻ ആയപ്പോൾ 2019- 20ൽ ബജറ്റ് അവതരിപ്പിച്ചത് പിയൂഷ് ഗോയൽ ആയിരുന്നു.
2019ൽ രണ്ടാം മോദി സർക്കാരിൽ ധനമന്ത്രിയായ നിർമല സീതാരാമൻ ഇന്ദിരാ ഗാന്ധിക്കു ശേഷം ബജറ്റ് അവതരിപ്പിക്കുന്ന വനിത എന്ന ബഹുമതി സ്വന്തം പേരിലാക്കി. 19707- 1ലാണ് ഇന്ദിര ബജറ്റ് അവതരിപ്പിച്ചത്. ആദ്യ ബജറ്റിൽ തന്നെ ബ്രീസ് കേസ് ഒഴിവാക്കിയ നിർമല, പിന്നീട് ബജറ്റിനെ ടാബിലേക്കു മാറ്റി ഡിജിറ്റലാക്കി.
ഇതുവരെയുള്ള ധനമന്ത്രിമാരിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത്, മുൻ പ്രധാനമന്ത്രി കൂടിയായ മൊറാർജി ദേശായിയാണ്. പത്തു ബജറ്റുകളാണ് മൊറാർജി അവതരിപ്പിച്ചത്. അതിൽ അഞ്ചും തുടർച്ചയായാണ്. നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങ് 1991- 92 മുതൽ 1995- 96 വരെ അഞ്ചു ബജറ്റുകൾ അവതരിപ്പിച്ചു. ഇതിൽ ആദ്യ ബജറ്റാണ് ഇന്ത്യയിൽ സാമ്പത്തിക പരിഷ്‌കരണ നടപടികൾക്കു തുടക്കമിട്ടത്.
അടൽ ബിഹാരി വാജ്‌പേയിയുടെ കീഴിൽ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹയാണ്, വൈകിട്ട് അഞ്ചിനു ബജറ്റ് അവതരിപ്പിക്കുകയെന്ന പതിവ് രാവിലെ 11 മണിയിലേക്കു മാറ്റിയത്.
ബജറ്റ് അവതരിപ്പിക്കാൻ പട്ട് പോലെ തോന്നിപ്പിക്കുന്ന ചുവന്ന കവറിൽ പൊതിഞ്ഞാണ് ടാബ് ലെറ്റുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലേക്ക് പോയത്. പരമ്പരാഗത ശൈലിയിൽ ചുവന്ന സാരി ധരിച്ച് ചുവന്ന കവറിൽ പൊതിഞ്ഞ ടാബ് ലെറ്റുമായി നിർമല സീതാരാമൻ ക്യാമറയ്ക്ക് മുന്നിൽ നിന്നു.
മുൻ കാലങ്ങളിൽ ബ്രീഫ് കേസുമായാണ് ധനമന്ത്രിമാർ ബജറ്റ് അവതരണത്തിന് എത്തിയിരുന്നത്. ഇതിൽ മാറ്റം കൊണ്ടുവന്നത് നിർമല സീതാരാമൻ ആണ്. കാലത്തിന്റെ മാറ്റത്തെ ഉൾക്കൊണ്ട് പേപ്പർലെസ് ബജറ്റാണ് നിർമല ഇത്തവണയും അവതരിപ്പിക്കുന്നത്. ഇതിനായാണ് ടാബ് ലെറ്റുമായി നിർമല പാർലമെന്റിലേക്ക് പോയത്. ബജറ്റ് അവതരണത്തിന് മുമ്പ് പതിവായുള്ള രാഷ്ട്രപതി സന്ദർശനത്തിന് മുന്നോടിയായാണ് നിർമല ക്യാമറയ്ക്ക് മുന്നിൽ ടാബ് ലെറ്റുമായി നിന്നത്. ബജറ്റ് അവതരണത്തിനായി ഉപയോഗിക്കുന്ന ടാബ് ലെറ്റ് പൊതിഞ്ഞിരിക്കുന്ന ചുവന്ന കവറിൽ സ്വർണനിറത്തിലുള്ള ദേശീയ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്. രാഷ്ട്രപതിയെ കണ്ട ശേഷം നിർമല സീതാരാമൻ ബജറ്റ് അവതരണത്തിന് നേരിട്ട് പാർലമെന്റിൽ എത്തും.



