Spain train accident ഞായറാഴ്ച വൈകുന്നേരം ദക്ഷിണ സ്പെയിനിലെ കോര്‍ഡോബ പ്രവിശ്യയില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുറഞ്ഞത് 21 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
|
സ്വകാര്യ റെയില്‍ കമ്പനിയായ ‘ഇറിയോ’യുടെ (Iryo) പാസഞ്ചര്‍ ട്രെയിനും സ്പെയിനിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ‘റെന്‍ഫെ’ (Renfe) കമ്പനിയുടെ ‘എ.വി.ഇ’ (AVE) സര്‍വീസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന് മാഡ്രിഡിനും അന്‍ഡലൂഷ്യയ്ക്കും ഇടയിലുള്ള എല്ലാ ട്രെയിന്‍ ഗതാഗതവും അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. രക്ഷാപ്രവര്‍ത്തനവും നാശനഷ്ടങ്ങളുടെ വിലയിരുത്തലും പുരോഗമിക്കുകയാണ്.
യുറോ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം, അദാമസിന് സമീപമാണ് അപകടമുണ്ടായത്. ഇറിയോ ട്രെയിന്‍ പാളം തെറ്റുകയും തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയും ചെയ്തതോടെ എതിര്‍ദിശയില്‍ വന്ന എ.വി.ഇ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് മലാഗയില്‍ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ഇറിയോ ട്രെയിനില്‍ ഏകദേശം 300 യാത്രക്കാരുണ്ടായിരുന്നു.
കൂട്ടിയിടിയെത്തുടര്‍ന്ന് ട്രെയിനുകള്‍ക്കുള്ളില്‍ വലിയ പരിഭ്രാന്തിയും ബഹളവുമാണ് ഉണ്ടായതെന്ന് യാത്രക്കാര്‍ വിവരിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ ട്രെയിന്‍ കോച്ചുകള്‍ തകര്‍ന്നതായും പലരു ചതഞ്ഞരഞ്ഞതായും കാണാം. ഭൂകമ്പത്തിന് സമാനമായ ആഘാതമാണ് അനുഭവപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പുക ഉയര്‍ന്നതോടെ രക്ഷപ്പെടാനായി യാത്രക്കാര്‍ ജനലുകള്‍ തല്ലിത്തകര്‍ത്തു. പുറത്തുകടക്കുന്നതിനിടയില്‍ പലര്‍ക്കും ചില്ല് തട്ടി മുറിവേറ്റു. ട്രെയിനിന്റെ അവസാന രണ്ട് കോച്ചുകള്‍ പാളം തെറ്റുകയും ഒന്ന് പൂര്‍ണ്ണമായും മറിയുകയും ചെയ്തതായി ഇറിയോ ട്രെയിനിലുണ്ടായിരുന്ന സ്പാനിഷ് പബ്ലിക് ബ്രോഡ്കാസ്റ്ററായ RTVE-യിലെ പത്രപ്രവര്ത്തകന് സാല്‍വഡോര്‍ ജിമെനെസ് പറ
ഞ്ഞു. വൈകുന്നേരം 6:40-ന് മലാഗയില്‍ നിന്ന് കൃത്യസമയത്താണ് വണ്ടി പുറപ്പെട്ടതെന്നും പെട്ടെന്ന് ഭൂകമ്പം അനുഭവപ്പെടുന്നത് പോലെ ട്രെയിന്‍ പാളം തെറ്റുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം ആരംഭിച്ചു
മാഡ്രിഡിനും അന്‍ഡലൂഷ്യയ്ക്കും ഇടയിലുള്ള റെയില്‍ സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായി സ്പാനിഷ് റെയില്‍വേ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേറ്ററായ ADIF അറിയിച്ചു. റെഡ് ക്രോസ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മാഡ്രിഡ് റീജിയണല്‍ പ്രസിഡന്റ് ഇസബെല്‍ ഡിയാസ് അയൂസോ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി.
അപകടകാരണം കണ്ടെത്താനായി അധികൃതര്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





