SSLC syllabus കൊല്ലം: അടുത്ത വര്‍ഷം പത്താംക്ലാസിലെ സിലബസ് 25 ശതമാനം കുറക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പത്താം ക്ലാസില്‍ പഠനഭാരം കൂടുതലാണെന്ന കുട്ടികളുടെ പരാതി കണക്കിലെടുത്താണ് സിലബസ് കുറക്കുന്നതെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
|
തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മൂന്ന് കുട്ടികള്‍ പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് സിലബസ് കുറക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. മന്ത്രിയുടെ അടുത്തെത്തുകയും പഠനഭാരമുണ്ടെന്ന് പരാതിപ്പെടുകയുമായിരുന്നു.
പഠന ഭാരം കൂടുതല്‍ എന്നത് പൊതുവേയുള്ള പരാതിയാണ്. ഇത് പരിഹരിക്കാനാണ് സിലബസില്‍ 25 ശതമാനം കുറക്കുന്നത്. ഇക്കാര്യം കരിക്കുലം കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തില്‍ മാറ്റം വരുത്താതെയാണ് സിലബസിന്റെ വലിപ്പം കുറയ്ക്കുകയെന്നും മന്ത്രി പറഞ്ഞു.
വീട് വെച്ച് കൊടുക്കാമെന്ന് പറഞ്ഞ് കാശ് പിരിച്ച് വീട് നിര്‍മിക്കാത്തവര്‍ ഉള്ള കാലമാണ് ഇതെന്നും ആ സമയത്താണ് മിഥുന്റെ കുടുംബത്തിന് വീട് വെച്ചു നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ പടിഞ്ഞാറെ കല്ലട വിളന്തറയിലുള്ള മിഥുന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി വീടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മിഥുന്റെ മാതാപിതാക്കള്‍ക്ക് താക്കോല്‍ കൈമാറി.





