23
Mar 2026
Mon
23 Mar 2026 Mon
principal arrested

തൃശൂര്‍: സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണില്‍ സൂക്ഷിച്ച അധ്യാപകന്‍ പിടിയില്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലാണ് കുട്ടികളുടെ സമയോചിതമായ ഇടപെടലില്‍ കുടുങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഡോ. സജു വര്‍ഗീസാണ് കുന്നംകുളം പോലീസിന്റെ വലയിലായത്. വിദ്യാര്‍ഥികളുടെ സമയോചിതമായ ഇടപെടലാണ് ഇയാളുടെ ക്രൂരകൃത്യം പുറംലോകത്തെത്തിച്ചത്.

രണ്ട് ദിവസം മുമ്പ് സ്‌കൂളില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് സംഭവങ്ങളുടെ തുടക്കം. പഠനാവശ്യങ്ങള്‍ക്കായി അധ്യാപകന്‍ തന്റെ മൊബൈല്‍ ഫോണ്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ഗാലറി പരിശോധിച്ച വിദ്യാര്‍ഥിനികള്‍ സഹപാഠികളുടെയും മറ്റ് അധ്യാപകരുടെയും മോര്‍ഫ് ചെയ്ത നിലയിലുള്ള അശ്ലീല ചിത്രങ്ങള്‍ കണ്ട് ഞെട്ടി. വിദ്യാര്‍ഥിനികള്‍ ഉടന്‍ തന്നെ വിവരം മറ്റ് അധ്യാപകരെയും സ്‌കൂള്‍ അധികൃതരെയും അറിയിക്കുകയായിരുന്നു.

ALSO READ: ബിജെപി എംഎല്‍എയെ തേടി കാശിയിലെ സന്യാസിമാര്‍ കേരളത്തില്‍; ഇവിടെ അങ്ങിനെയൊരു സാധനം ഇല്ലെന്ന് പറഞ്ഞിട്ടും വിശ്വാസമില്ല!

വിദ്യാര്‍ഥിനികളുടെയും അധ്യാപകരുടെയും പരാതിയില്‍ കഴിഞ്ഞ ദിവസം പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സ്‌കൂളിലെത്തിയ കുന്നംകുളം പോലീസ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

പ്രിന്‍സിപ്പലിന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിരവധി അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യാന്‍ ഉപയോഗിച്ച ആപ്പുകളെക്കുറിച്ചും സോഫ്‌റ്റ്വെയറുകളെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറും. ഈ ചിത്രങ്ങള്‍ ഇയാള്‍ മറ്റാര്‍ക്കെങ്കിലും അയച്ചു നല്‍കിയിട്ടുണ്ടോ എന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. പ്രതിക്ക് അന്താരാഷ്ട്ര അശ്ലീല സൈറ്റുകളുമായോ ഗ്രൂപ്പുകളുമായോ ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.

വിദ്യാഭ്യാസ മേഖലയെയാകെ നാണക്കേടിലാക്കുന്ന സംഭവമാണിതെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു. മാതൃകയാകേണ്ട അധ്യാപകനില്‍ നിന്നുണ്ടായ ഈ നീചകൃത്യം കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിനോടും വിദ്യാഭ്യാസ വകുപ്പിനോടും പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.