തമിഴ്‌നാട് വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോലി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. രണ്ട് അമുസ്ലിംകള്‍, ഒരു പ്രൊഫഷണല്‍ എന്നിവരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഈ നടപടിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
|
മുതിര്‍ന്ന അഭിഭാഷകനായ പി വില്‍സണ്‍ ആണ് വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായത്. എട്ട് അംഗങ്ങളെ മുന്‍പുതന്നെ നിയമിച്ചിട്ടുണ്ടെന്നും, പ്രായോഗിക ബുദ്ധിമുട്ടുകളാലാണ് മറ്റുള്ളവരെ നിയമിക്കാന്‍ വൈകിയത് എന്നും അദ്ദേഹം വാദിച്ചു. ബാര്‍ കൗണ്‍സില്‍ മെമ്പറായ ഒരാളെ നിയമിക്കണമെന്നാണ് ചട്ടം. എന്നാല്‍ ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ അതിന് സാധിച്ചില്ല എന്നും അഭിഭാഷകന്‍ അറിയിച്ചു. റമദാന്‍ മാസമായതിനാല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത് ബോര്‍ഡിന്റെ കാര്യങ്ങളെ ബാധിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.
ജനുവരി എട്ടിനാണ് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമപരമായ അധികാരം അനുസരിച്ചല്ല ബോര്‍ഡ് രുപീകരിച്ചിരിക്കുന്നത് എന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. രണ്ടുപേരെ നിയമിക്കണം എന്നാണ് ചട്ടമെങ്കിലും ഒരാളെ മാത്രമാണ് നിയമിച്ചത്. രണ്ട് പേര് മുസ്ലിങ്ങള്‍ അല്ലാത്തവരായിരിക്കണം എന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല. ഇത് നികത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് സംസ്ഥാനം വാദിച്ചത്.





