Suspicion over cj roy’s death കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സി.ജെ. റോയി തോക്ക് അടങ്ങിയ ബ്രീഫ് കേസ് എപ്പോഴും കൂടെ കരുതാറുണ്ടായിരുന്നുവെന്ന് സഹായി. രേഖകളും തോക്കും അടങ്ങിയ ബ്രീഫ് കേസ് അദ്ദേഹം എപ്പോഴും കൈയെത്തും അകലത്ത് സൂക്ഷിക്കും. അബദ്ധവശാല്‍ ഇത് എവിടെയെങ്കിലും മറന്നുവെച്ചാല്‍ ഉടന്‍ തന്നെ ബോഡിഗാര്‍ഡുകളെ അയച്ച് ഇത് വരുത്തുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|
വെള്ളിയാഴ്ചയാണ് സി.ജെ. റോയിയെ ലാംഗ്‌ഫോര്‍ഡ് ടൗണിലുള്ള അദ്ദേഹത്തിന്റെ ഓഫീസില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 57 വയസ്സുകാരനായ ഈ റിയല്‍ എസ്റ്റേറ്റ് വ്യവസായി, ഉച്ചയ്ക്ക് 3 മണിക്കും 3.10 നും ഇടയില്‍ സ്വന്തം കൈത്തോക്ക് ഉപയോഗിച്ച് നെഞ്ചിന്റെ ഇടതുഭാഗത്ത് വെടിവെച്ച് ആത്മഹത്യ ചെയ്തതാണെന്ന് കരുതപ്പെടുന്നു. ഇതിനായി ഉപയോഗിച്ച ആയുധത്തിന് ലൈസന്‍സ് ഉണ്ടെന്നാണ് പ്രാഥമിക നിഗമനം, എങ്കിലും പോലീസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാനിരിക്കുന്നതേയുള്ളൂ.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഐടി സംഘം ഓഫീസിലെത്തിയത്. ഉച്ചയ്ക്ക് 2 മണിയോടെ റോയി ഓഫീസിലെത്തി. ആദ്യം അദ്ദേഹത്തോട് തിരിച്ചുപോകാന്‍ അനുവാദം നല്‍കിയിരുന്നെങ്കിലും, പിന്നീട് ചില രേഖകളില്‍ ഒപ്പിടാനും അവ പരിശോധിക്കാനും അവിടെ തുടരണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.
3 മണിയോടെ, തന്റെ ക്യാബിനില്‍ ചില രേഖകള്‍ ഇരിപ്പുണ്ടെന്ന് പറഞ്ഞ് അദ്ദേഹം അകത്തേക്ക് പോയി. മിനിറ്റുകള്‍ക്കുള്ളില്‍ അവിടെനിന്ന് വെടിയൊച്ച കേട്ടു. അദ്ദേഹം ഉണ്ടായിരുന്ന ക്യാബിനില്‍ സിസിടിവി നിരീക്ഷണം ഉണ്ടായിരുന്നോ എന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
റോയിയുടെ ശരീരത്തില്‍ ഒരു വെടിയേറ്റ മുറിവാണുള്ളത്, എങ്കിലും കൂടുതല്‍ തവണ വെടിയുതിര്‍ത്തിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. വെടിയൊച്ച കേട്ട ഉടന്‍ തന്നെ ജീവനക്കാര്‍ അദ്ദേഹത്തെ എച്ച്എസ്ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ്
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തില്‍ സംശയം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍. വ്യക്തിപരമായ സംശയമാണ് എന്ന് വ്യക്തമാക്കി ഫേസ്ബുക്കിലൂടെയാണ് രാജു പി നായര്‍ പ്രതികരിച്ചിരിക്കുന്നത്.
‘ദുരൂഹമാണ്! എന്റെ സംശയമാണ്..
ഒരു റെയ്ഡ് നടക്കുമ്പോള്‍ ആദ്യം തന്നെ ഫോണ്‍ മുതല്‍ എല്ലാം പിടിച്ചെടുക്കും. റെയ്ഡിന് ഇടയില്‍ അദ്ദേഹത്തിന്റെ കയ്യില്‍ പിസ്റ്റള്‍ എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മാത്രമല്ല ഒരു റെയ്ഡ് അതിജീവിക്കാന്‍ കഴിയാത്ത ദുര്‍ബലന്‍ ആയിരുന്നു അദ്ദേഹം എന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്.’ എന്നാണ് രാജു പി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ആദായനികുതി വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സഹോദരന്‍ സി ജെ ബാബു ഇന്ന് രാവിലെ രംഗത്തെത്തി. അന്വേഷണ ഏജന്‍സിയില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നുവെന്നും അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദില്‍ നിന്നും സമ്മര്‍ദമുണ്ടായിരുന്നെന്നും സി ജെ ബാബു പറഞ്ഞു. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കുടുംബത്തിന് അറിയാമായിരുന്നെന്നും മറ്റെവിടെ നിന്നും റോയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ലെന്നും സി ജെ ബാബു പറഞ്ഞു. ഇന്ന് രാവിലെ കാണണമെന്ന് തന്നോട് റോയ് പറഞ്ഞിരുന്നെന്നും മൂന്നുദിവസമായി ആദായനികുതി ഉദ്യോഗസ്ഥര്‍ ഓഫീസിലുണ്ടായിരുന്നെന്നും അദ്ദേഹം അറിയിച്ചു. കടമോ ബാധ്യതയോ ഭീഷണിയോ ഒന്നും റോയിക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് നടക്കും. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തില്‍ ആണ് സംസ്‌കാരം.





