27
Mar 2026
Fri
27 Mar 2026 Fri
k annamalai

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കകത്തെ പടല പിണക്കങ്ങള്‍ പരസ്യമായി പുറത്ത്. അടുത്ത കാലം വരെ പാര്‍ട്ടിയുടെ ഫയര്‍ ബ്രാന്‍ഡ് നേതാവായിരുന്ന മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈയാണ് പരസ്യമായി ഉടക്കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാനില്ലെന്ന് അണ്ണാമലൈ തുറന്നടിച്ചു. കടുത്ത അതൃപ്തിയില്‍ കഴിയുന്ന അണ്ണാമലൈ, പാര്‍ട്ടിയുടെ തമിഴ്‌നാട് ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ നേരില്‍ സന്ദര്‍ശിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ അനുയായികള്‍ക്ക് അഞ്ച് സീറ്റുകള്‍ അനുവദിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍, അണ്ണാ ഡിഎംകെയുടെ കണ്ണിലെ കരടായ അണ്ണാമലൈയെ പരിഗണിക്കാന്‍ പാര്‍ട്ടി തയ്യാറായില്ല. ഇതോടെയാണ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉടക്കിയത്.

ALSO READ: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനിയോട് പ്രണയാഭ്യര്‍ഥന നടത്തിയ കോളജ് പ്രഫസറെ അടിച്ചോടിച്ചു

തനിക്ക് സീറ്റ് വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സംസ്ഥാനത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രചാരണം നടത്തുമെന്നും, കൂടിക്കാഴ്ചക്കുശേഷം അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു. അണ്ണാ ഡി.എം.കെ മുന്നണിയില്‍ 27 സീറ്റിലാണ് ബി.ജെ.പി മത്സരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലും അണ്ണാമലൈ പങ്കെടുത്തില്ല.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ മത്സരിച്ച അണ്ണാമലൈ, നാലര ലക്ഷം വോട്ടുനേടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ ജില്ലയിലെ സിംഗാനല്ലൂര്‍, കൗണ്ടംപാളയം, കോയമ്പത്തൂര്‍ വടക്ക് മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ മത്സരിക്കാനാണ് അണ്ണാമൈല പദ്ധതിയിട്ടിരുന്നത്. എന്നാല്‍, കോയമ്പത്തൂര്‍ വടക്ക് മാത്രമാണ് പാര്‍ട്ടിക്ക് കിട്ടിയത്.

അവിടെയാകട്ടെ, 2021ല്‍ കമല്‍ഹാസനെ പരാജയപ്പെടുത്തി കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് വിജയിച്ച മഹിള മോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതും അണ്ണാമലൈയുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷനായിരിക്കെ അണ്ണാമലൈ ജയലളിതക്കും എടപ്പാടി പളനിസാമിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് അഴിച്ചുവിട്ടിരുന്നത്. ഇതേത്തുടര്‍ന്ന് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാതെ അണ്ണാ ഡി.എം.കെ തനിച്ചാണ് മത്സരിച്ചത്. അണ്ണാമലൈ ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് തുടരുന്നിടത്തോളം മുന്നണി ബന്ധമില്ലെന്ന് അണ്ണാ ഡി.എം.കെ നിലപാടെടുത്തതോടെ അദ്ദേഹത്തിന്റെ അധ്യക്ഷപദവി തെറിക്കുകയും ചെയ്തു. നൈനാര്‍ നാഗേന്ദ്രന്‍ അധ്യക്ഷനായതോടെ, സഖ്യം പുനരാരംഭിക്കുകയും ചെയ്തു. അണ്ണാ ഡിഎംകെയെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടി അണ്ണാമലൈയെ ഒതുക്കിയത്.

ബി.ജെ.പി സംസ്ഥാന ഘടകത്തിലും ഒറ്റപ്പെട്ട അണ്ണാമലൈക്കെതിരെയാണ് ഒട്ടുമിക്ക സംസ്ഥാന നേതാക്കളും. ഇതിനിടെ, അധ്യക്ഷ പദവിയിലിരിക്കെ അവിഹിത സ്വത്ത് സമ്പാദ്യമുണ്ടാക്കിയതായും അണ്ണാമലൈക്കെതിരെ പരാതികളുയര്‍ന്നിരുന്നു.

അതേസമയം സാധാരണ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ അണ്ണാമലൈ ജനപ്രിയനാണ്. അതുകൊണ്ടുതന്നെ, അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വത്തിന് താല്‍പര്യവുമുണ്ട്.