പഹല്‍ഗാം ഭീകാരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനില്‍ നടത്തിയ ഓപറേഷന്‍ സിന്ദൂരില്‍ നൂറോളം ഭീകരവാദികളെ കൊലപ്പെടുത്തിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചിരുന്നു.(The image circulating under the name of the murdered Abdul Rauf Azhar is of the IS leader killed in 2015.) ജയ്‌ശെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിന്റെ സഹോദരനും കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനുമായ അബ്ദുല്‍ റഊഫ് അസഹര്‍ ആണ് ഇതില്‍ പ്രധാനി. എന്നാല്‍, ഈ വാര്‍ത്തയുടെ നിജസ്ഥിതി സംബന്ധിച്ച് സംശയങ്ങള്‍ ഉയരുകയാണ്.
|
വാര്‍ത്ത റിപോര്‍ട്ട് ചെയ്ത ഇന്ത്യയിലെ മിക്ക മാധ്യമങ്ങളും നല്‍കിയ ചിത്രമാണ് സംശയമുയര്‍ത്തുന്നത്. കറുത്ത തലപ്പാവും നീല കോട്ടുമണിഞ്ഞ വലിയ താടിയുള്ള ഒരാളുടെ ചിത്രമാണ് മലയാളത്തിലേത് ഉള്‍പ്പെടെ പ്രമുഖ മാധ്യമങ്ങള്‍ മുഴുവന്‍ നല്‍കിയിരിക്കുന്നത്.
എന്നാല്‍, ഈ ചിത്രം റിവേഴ്‌സ് ഇമേജ് സര്‍ച്ച് നടത്തിയപ്പോള്‍ ലഭിച്ചത് 2015ല്‍ ബിബിസി ന്യൂസ് പ്രസിദ്ധീകരിച്ച റിപോര്‍ട്ടാണ്. അഫ്ഗാനിസ്താനില്‍ നാറ്റോ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഐഎസ് കമാന്‍ഡര്‍ അബ്ദുല്‍ റഊഫ് കൊല്ലപ്പെട്ടു എന്നാണ് 2015 ഫെബ്രുവരി 15ന്റെ വാര്‍ത്തയുടെ തലക്കെട്ട്.
വാര്‍ത്തയോടൊപ്പം ഇപ്പോള്‍ പ്രചരിക്കുന്ന അതേ ചിത്രം ബിബിസി നല്‍കിയിട്ടുണ്ട്. മുന്‍ താലിബാന്‍ കമാന്‍ഡറായിരുന്നു മുല്ലാ അബ്ദുല്‍ റഊഫ് അടുത്ത കാലത്താണ് ഐഎസില്‍ ചേര്‍ന്നതെന്നും ഒരു കാറിന് നേര്‍ക്ക് നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് അബ്ദുല്‍ റഊഫ് കൊല്ലപ്പെട്ടതെന്നും വാര്‍ത്തയില്‍ പറയുന്നു.

ഈ ചിത്രവും എന്‍ഡിടിവി നല്‍കിയിട്ടുള്ള ചിത്രവും പരിശോധിച്ചാല്‍ വ്യത്യസ്ഥ ആംഗിളിലുള്ള ഒരേ ദൃശ്യമാണെന്ന് മനസ്സിലാവും. അബ്ദുല്‍ റഊഫിന്റെതിന് പുറമേ സമീപത്ത് നില്‍ക്കുന്ന ആളുകളും ഇരു ചിത്രത്തിലും സമാനമാണെന്ന് കാണാം.
2015ല്‍ കൊല്ലപ്പെട്ട ഐഎസ് നേതാവിന്റെ ചിത്രം മെയ് 7ന് കൊല്ലപ്പെട്ട അബ്ദുല്‍ റഊഫ് അസഹറിന്റേത് എന്ന് പറഞ്ഞ് വന്നത് എങ്ങിനെയെന്ന ചോദ്യമാണ് ഉയരുന്നത്. അബദ്ധമാണെങ്കില്‍ എല്ലാവര്‍ക്കും ഒരു പോലെ എങ്ങിനെ അബദ്ധം പറ്റി എന്നത് ദുരൂഹമാണ്.





