
ജിദ്ദ: സൗദി അറേബ്യയിലും ഖത്തറിലും സജീവമായി പ്രവർത്തിച്ചുവരുന്ന തൃശൂർ സ്വദേശികളുടെ സംഘടനയായ തൃശൂർ ജില്ലാ സൗഹൃദവേദി ജിദ്ദ ഘടകം തൃശ്ശൂരിന്റെ തനതായ തനിമ നിലനിർത്തിക്കൊണ്ടുള്ള വിപുലമായ ഓണാഘോഷം ഹറാസാത് യാസ്മിൻ വില്ലയിൽ സംഘടിപ്പിച്ചു. തൃശൂർ പൂരത്തെ അനുസ്മരിപ്പിച്ചുകൊണ്ട് നെറ്റിപ്പട്ടവും, ആലവട്ടവും, മുത്തുക്കുടയുമേന്തിയ ഗജവീരൻ ചെണ്ട, കുഴൽ, ഇലത്താളം തുടങ്ങിയവയാൽ അലംകൃതമായിരുന്നു വേദി.
![]() |
|
വർണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച ആഘോഷം ചെണ്ടമേളം, പുലിക്കളി, മുത്തുക്കുടകൾ, പൂത്താലമേന്തിയ ബാലികമാരും സ്ത്രീകളും എന്നിവയാൽ മഹാബലിയെ വരവേറ്റു. ഷാജു കാച്ചപ്പിള്ളി മഹാബലിയായി വേഷമിട്ടു, തുടർന്ന് വേദിയിൽ വനിതാവേദിയുടെ തിരുവാതിര, സത്യൻ നായർ നേതൃത്വം നൽകിയ സംഘഗാനം, ബാലികമാരുടെ നൃത്ത നൃത്യങ്ങൾ, ഷാലുവിന്റെ നേതൃത്വത്തിൽ പുരുഷന്മാരുടെ കൈകൊട്ടിക്കളി, സൗഹൃദവേദി കുടുംബിനികളുടെ കോമഡി സ്കിറ്റ്, ഗായിക ഗായകന്മാരുടെ ഗാനാലാപനം തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി, കൾച്ചറൽ സെക്രട്ടറി കിരൺ കലാനിയും സുവിജ സത്യനും കലാപരിപാടികൾക്ക് നേതൃത്വം നൽകി, ഷിംല ഷാലു അവതാരികയായിരുന്നു. ജിജോ കണ്ണൂക്കാടന്റെയും ഷിനോജ് അലിയാറിന്റെയും നേതൃത്വത്തിൽ വടംവലി ഉൾപ്പെടെയുള്ള വിവിധ കായിക മത്സരങ്ങളും ഉണ്ടായിരുന്നു.
ജിദ്ദയിലെ വിവിധ സംഘടന പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്ന സാംസ്കാരിക സദസ്സിന് ചെയർമാൻ ഉണ്ണി തെക്കേടത്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ബീന പരീത് ഓണ സന്ദേശം നൽകി. രക്ഷാധികാരി ശരീഫ് അറക്കൽ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റും ജിദ്ദ കേരളം പൗരാവലി ചെയർമാനുമായ കബീർ കൊണ്ടോട്ടി, കെ എം സി സി സൗദി നാഷണൽ സെക്രട്ടറി നാസ്സർ വെളിയങ്കോട്, ഓ ഐ സി സി റീജിയണൽ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ കാവുമ്പായി, അയൂബ് മുസ്ലിയാരകത്ത് എന്നിവർ ആശംസകൾ നേർന്നു. പ്രസ്തുത ചടങ്ങിൽ 2026 വർഷത്തേക്കുള്ള അംഗത്വ പ്രചാരണ ഉദ്ഘാടനം ആരിഫിൽ നിന്നും അംഗത്വ അപേക്ഷ സ്വീകരിച്ചുകൊണ്ട് നടത്തപ്പെട്ടു. ജനറൽ കൺവീനർ ഷാൻൻ്റോ ജോർജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പാപ്പൂ ജോസ് നന്ദി പ്രകാശിപ്പിച്ചു.