വാഷിംഗ്ടണ്‍: ഇറാനെ ആക്രമിക്കുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധം ‘എളുപ്പത്തില്‍ ജയിക്കാവുന്ന ഒന്നാണെന്നാണ്’ ജനറല്‍ കെയ്ന്‍ വിശ്വസിക്കുന്നതെന്ന് തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് അവകാശപ്പെട്ടു.
|
ആയുധക്ഷാമം നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്
ഇറാന്‍ തിരിച്ചടിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ ആവശ്യമായ നിര്‍ണ്ണായകമായ ആയുധങ്ങളുടെയും (Munitions) പ്രാദേശിക സഖ്യകക്ഷികളുടെ പിന്തുണയുടെയും കുറവ് അമേരിക്കന്‍ നീക്കങ്ങളെ തടസ്സപ്പെടുത്തിയേക്കാമെന്ന് കഴിഞ്ഞ ആഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ജനറല്‍ കെയ്ന്‍ ട്രംപിനെ അറിയിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രായേല്‍, ഉക്രെയ്ന്‍ തുടങ്ങിയ സഖ്യകക്ഷികളെ പിന്തുണയ്ക്കുന്നതിനായി മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള അമേരിക്കയുടെ ആയുധശേഖരം നിലവില്‍ വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്.
യുദ്ധം ദീര്‍ഘകാലം നീണ്ടുനില്‍ക്കാനുള്ള സാധ്യതയും അമേരിക്കന്‍ സൈനികര്‍ക്ക് സംഭവിക്കാവുന്ന ജീവഹാനിയും ജനറല്‍ കെയ്ന്‍ ചൂണ്ടിക്കാട്ടിയതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, സിവിലിയന്‍ നേതാക്കള്‍ക്ക് തീരുമാനമെടുക്കാന്‍ ആവശ്യമായ സൈനിക ഓപ്ഷനുകളും അതിന്റെ അപകടസാധ്യതകളും അവതരിപ്പിക്കുക എന്നത് തന്റെ ചുമതലയാണെന്നായിരുന്നു കെയ്നിന്റെ ഓഫീസിന്റെ ഔദ്യോഗിക പ്രതികരണം.
‘ഇറാന്‍ വിഷയത്തില്‍ വൈമുഖ്യം’
വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോകാനുള്ള ജനുവരിയിലെ ഓപ്പറേഷനില്‍ സജീവമായിരുന്ന കെയ്ന്‍, ഇറാന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയാണ് പുലര്‍ത്തുന്നതെന്ന് ‘ആക്‌സിയോസ്’ (Axios) റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനാല്‍ ഭരണകൂടത്തിനുള്ളില്‍ ഒരു ‘വിമുഖനായ യോദ്ധാവ്’ (Reluctant warrior) എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
മിഡില്‍ ഈസ്റ്റിലെ സൈനിക നീക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പറെ ജനുവരിക്ക് ശേഷം ട്രംപ് ചര്‍ച്ചകള്‍ക്കായി വിളിച്ചിട്ടില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ട്രംപിന്റെ പ്രതികരണം
മാധ്യമങ്ങളുടേത് ‘വ്യാജവാര്‍ത്ത’ ആണെന്നാണ് ട്രംപിന്റെ നിലപാട്. ‘ജനറല്‍ ഡാന്‍ കെയ്ന്‍ എങ്ങനെ ജയിക്കണമെന്ന് അറിയാവുന്ന ഒരാളാണ്. ഉത്തരവ് ലഭിച്ചാല്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടാകും. ഇറാന്‍ യുദ്ധത്തെക്കുറിച്ച് എഴുതപ്പെട്ടതെല്ലാം തെറ്റാണ്,’ ട്രംപ് വ്യക്തമാക്കി.
ആഴ്ചകളായി ഇറാന് നേരെ ആക്രമണം നടത്താന്‍ ട്രംപ് ആലോചിക്കുന്നുണ്ട്. ഇതിനായി വന്‍തോതിലുള്ള സൈനിക സന്നാഹത്തെയാണ് മിഡില്‍ ഈസ്റ്റില്‍ അമേരിക്ക വിന്യസിച്ചിരിക്കുന്നത്. ആണവ സമ്പുഷ്ടീകരണം, ബാലിസ്റ്റിക് മിസൈലുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്ക മുന്നോട്ടുവെച്ച കടുത്ത നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇറാന്‍ വിസമ്മതിച്ചതാണ് നിലവിലെ സംഘര്‍ഷത്തിന് കാരണം.





