04
Dec 2025
Mon
04 Dec 2025 Mon
Pope Leo Israel palestine conflict

ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സാധിക്കൂ എന്ന് ആവര്‍ത്തിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. തുര്‍ക്കിയ സന്ദര്‍ശനം പൂര്‍ത്തിയാക്കി ലബനാനിലേക്കുള്ള യാത്രക്കിടെയാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്.

whatsapp ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് മാര്‍ഗം; ഫലസ്തീനൊപ്പം നിലയുറപ്പിച്ച് മാര്‍പാപ്പ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായുള്ള കൂടിക്കാഴ്ചയില്‍ ഗസ, യുക്രെയ്ന്‍ യുദ്ധങ്ങള്‍ പരാമര്‍ശിച്ചോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇരു സംഘര്‍ഷങ്ങളും അവസാനിപ്പിക്കാന്‍ തുര്‍ക്കിയക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതികരണം.

ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരം വേണമെന്നതാണ് വത്തിക്കാന്റെ ദീര്‍ഘകാല നിലപാടെന്ന് മാര്‍പാപ്പ പറഞ്ഞു. ഇസ്രായേല്‍ ആ പരിഹാരം അംഗീകരിക്കുന്നില്ലെങ്കിലും ഇതിന് മാത്രമാണ് ശാശ്വത പരിഹാരമുണ്ടാക്കാന്‍ കഴിയുക. ഇസ്രായേലിന്റെയും സുഹൃത്തുക്കളാണ് വത്തിക്കാന്‍. അതിനാല്‍, എല്ലാവര്‍ക്കും നീതി എന്ന തത്ത്വത്തിലൂന്നി ഇരു കൂട്ടരെയും സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: നാശം വിതച്ച് ഡിറ്റ് വാ; 334 മരണം; തമിഴ് നാട്ടിലും പുതുച്ചേരിയിലും മഴ കനക്കും

അതേസമയം, ഗസയില്‍ കടുത്ത ക്രൂരത തുടരുകയാണ് ഇസ്രായേല്‍.
ഗസക്കുള്ളില്‍ ഇസ്രായേല്‍ സേന തങ്ങളുടേതായി നിശ്ചയിച്ച അതിര്‍ത്തി കടന്നെന്നാരോപിച്ച് എട്ടും 11ഉം വയസ്സുള്ള സഹോദരങ്ങളെ സൈന്യം ബോംബിട്ട് കൊന്നു. ഖാന്‍ യൂനുസിലെ ബനൂ സുഹൈലയിലാണ് ഫാദി അബൂ അസി, ജുമാ എന്നീ കുരുന്നുകള്‍ ക്രൂരമായി കൊല്ലപ്പെട്ടത്. അടുപ്പ് കത്തിക്കാന്‍ വിറക് തേടി പോയതായിരുന്നു മക്കളെന്ന് പിതാവ് മുഹമ്മദ് അബൂ അസി പറഞ്ഞു.

സമാനമായി റഫയിലും ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ ഒരു ഫലസ്തീനി കൊല്ലപ്പെട്ടു. ഗസക്കുള്ളില്‍ നിലയുറപ്പിച്ച ഇസ്രായേല്‍ സൈനികരുടെ പരിസരത്തെത്തിയെന്നാണ് ഇയാള്‍ക്കെതിരായ കുറ്റം. വെടിനിര്‍ത്തലിനുശേഷം ഗസയുടെ പകുതി ഭാഗം പൂര്‍ണമായി ഇസ്രായേല്‍ സൈനിക നിയന്ത്രണത്തിലാണ്. ഈ പ്രദേശങ്ങളില്‍ ഫലസ്തീനികള്‍ക്ക് പ്രവേശനം വിലക്കിയത് ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ഹമാസ് നിരായുധീകരിക്കപ്പെടുകയും അന്താരാഷ്ട്ര സേന ഇവിടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നതോടെ ഇവിടെനിന്ന് പിന്മാറുമെന്നാണ് ഇസ്രായേല്‍ വാഗ്ദാനം.