UDF and LDF election manifesto തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫും എല്‍ഡിഎഫും. ക്ഷേമ പെന്ഷന് 3,000 രൂപയായി വര്‍ധിപ്പിക്കുമെന്ന ഇരു മുന്നണികളും വാഗ്ദാനം ചെയ്യുന്നു. ഇടതു മുന്നണിയുടെ പ്രകടന പത്രിക മുഖ്യമന്ത്രി പിണറായി വിജയനും യുഡിഎഫ് പ്രകടന പത്രിക ആന്ധ്ര മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമാണ് പ്രകാശനം ചെയ്തത്.
|
എല്‍ഡിഎഫ് പ്രകടന പത്രി
എല്ലാ ക്ഷേമ പെന്‍ഷനുകളും 3,000 രൂപയായി ഉയര്‍ത്തും, 2026-27ല്‍ സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ വിദ്യാഭ്യാസം സൗജന്യമായി നല്‍കും, പവര്‍ കട്ട് ഇല്ലാത്ത കാലം തുടരും തുടങ്ങി സുപ്രധാന വാഗ്ദാനങ്ങളാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പത്രികയിലുള്ളത്.
സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്ക് ജോലി ഉറപ്പുവരുത്തും. ഇതിന് കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും നേതൃത്വം നല്‍കും. സമ്പൂര്‍ണ്ണ മാലിന്യ സംസ്കരണം ഉറപ്പാക്കും. ടൂറിസം വളര്‍ച്ചയ്ക്ക് വിശദമായ പദ്ധതികളും തെരഞ്ഞെടുപ്പ് പത്രികയിലുണ്ട്. 15 ലക്ഷം വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കും. ജെ ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കും.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍െക്കതിരെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും സ്ത്രീകളുടെ വിപുലമായ പങ്കാളിത്തത്തോടു കൂടി ക്രൈം മാപ്പിങ് നടത്തും. പട്ടിക വര്‍ഗ ക്ഷേമം ഉറപ്പുവരുത്തും. പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള ഉപ പദ്ധതി പൂര്‍ണ്ണമായും ഊരുകൂട്ടങ്ങളുടെ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും നടപ്പാക്കുക. ആരോഗ്യ മേഖലയില്‍ മികച്ച ചികിത്സ ഉറപ്പാക്കും. കെ-ഫോണ്‍ വിപുലമാക്കും. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും എല്‍ഡിഎഫ് പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു.
ന്യൂനപക്ഷ മതരാഷ്ട്ര ശക്തികളുമായി പരസ്യമായി കൂട്ടുകൂടുമ്പാള്‍ തന്നെ ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതിന് ബിജെപിയുമായി രഹസ്യധാരണയില്‍ എത്താന്‍ മടിക്കാത്ത യുഡിഎഫിന് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും
സാമൂഹ്യമൈത്രിയും സംരക്ഷിക്കാന്‍ കഴിയില്ല. വര്‍ഗീയ ശക്തികള്‍ക്ക് ഒരു സ്വാധീനവുമില്ലാത്ത ഭരണം കാഴ്ചവയ്ക്കാന്‍ എല്‍ഡിഎഫിനു മാതമേ കഴിയൂവെന്നും പ്രകടന പത്രികയില്‍ പറയുന്നു.
സംസ്ഥാനത്തെ അടിസ്ഥാന വികസനത്തിന് പ്രാധാന്യം നല്‍കിയെന്നും തനത് നികുതി വരുമാനം വര്‍ദ്ധിച്ചുവെന്നും പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളുടെ സാമ്പത്തിക ശേഷി വര്‍ദ്ധിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. ജനകീയ സംവാദങ്ങള്‍ക്ക് ശേഷമാണ് പ്രകടന പത്രികക്ക് രൂപം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പിനെ തകര്‍ക്കാനുള്ള നീക്കങ്ങളെ
പ്രതിരോധിക്കും. സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്ക് ജോലി ഉറപ്പാക്കും. കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള നിലപാട് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥനത്ത് വികസനവും സാമൂഹിക ക്ഷേമവും ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞു. നിര്‍ണായ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ജനങ്ങളുടെ വഴിക്കാണ് സര്‍ക്കാര്‍ പോയത്. തുടര്‍ ഭരണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് വാഗ്ദാനങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയില്‍ ഉള്ളത്. യുഡിഎഫിന്റെ സ്വപ്ന പദ്ധതികളും വാഗ്ദാനങ്ങളും അടങ്ങുന്നതാണ് പ്രകടനപത്രിക.
സാമൂഹിക സുരക്ഷാ പെന്ഷന് 3000 രൂപയാക്കും, സ്ത്രീകള്‍ക്ക് KSRTCയില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ‘ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്’, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ 5,00,000 രൂപ എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍.
പെന്ഷന് അവകാശമാക്കും, ശമ്പള കമ്മീഷന് മാതൃകയില്‍ ക്ഷേമ പെന്ഷന് രൂപീകരിക്കും എന്നതെല്ലാമാണ് വാഗ്ദാനങ്ങള്‍. ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി യുഡിഎഫിന്റെ മുന്‍കാല പദ്ധതിയായ ‘ആശ്രയ’ പദ്ധതി പരിഷ്കരിച്ച് നവ ആശ്രയ പദ്ധതി ആരംഭിക്കും, അന്ത്യോദയ – പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളെ കണ്ടെത്തി ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ പ്രത്യേക കര്‍മ്മ പദ്ധതി, സംസ്ഥാനമെമ്പാടും ഇന്ദിര കാന്റീനുകള്‍, അര്‍ഹരായവര്‍ക്ക് പ്രയോറിറ്റി റേഷന്‍ കാര്‍ഡ്, സൗജന്യ റേഷന്‍ എന്നിങ്ങനെയും വാഗ്ദാനങ്ങളുണ്ട്.
തൊഴിലുറപ്പ് പദ്ധതിയുടെ വേതനവും തൊഴില്‍ ദിനങ്ങളും വര്‍ധിപ്പിക്കാന്‍ നടപടി, ഒറ്റപ്പെടല്‍ അനുഭവിക്കുന്ന മുതിര്‍ന്നവര്‍ക്കായി പ്രത്യേക പദ്ധതികള്‍ എന്നിങ്ങനെയും വാഗ്ദാനങ്ങളുണ്ട്. മുതിര്‍ന്നവര്‍ക്കായി അടഞ്ഞുകിടക്കുന്ന വീടുകള്‍, കാടുപിടിച്ച വസ്തു വകകളും ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള പ്രത്യേക നടപടികള്‍ക്ക് രൂപം നല്‍കും. യുവാക്കള്‍ക്ക് വേണ്ടിയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ‘യുവ ശക്തി നാടിന് സമ്പത്ത്’ എന്ന പദ്ധതി വിഹിതത്തിന്റെ 5 ശതമാനം നീക്കിവെയ്ക്കും. യുവാക്കള്‍ക്ക് കുടുംബശ്രീ മോഡല്‍ ‘യുവശ്രീ’ സംഘങ്ങള്‍ ആരംഭിക്കാന്‍ നടപടിയെടുക്കും.
വയോജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അംഗീകൃത പഞ്ചായത്ത് വോളണ്ടിയര്‍മാരെ നിയമിക്കാന്‍ നടപടികള്‍ സ്വീകരിക്കും. വയോജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കാന്‍ ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കും. ഭിന്നശേഷിക്കാര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ 25% കൂടുതല്‍ നല്‍കണം എന്ന 2016 ലെ അവകാശ നിയമത്തിലെ വ്യവസ്ഥ നടപ്പിലാക്കും.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തോടുള്ള അവഗണന അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കും. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, പി.എസ്.സി സംവരണം, പാര്‍പ്പിട പദ്ധതി അടക്കമുള്ള പ്രത്യേക വികസന പാക്കേജ് നടപ്പിലാക്കും എന്നും വാഗ്ദാനമുണ്ട്.
അര്‍ഹമായ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്കാന് നടപടി സ്വീകരിക്കുമെന്നും തമിഴ്, കന്നഡ അടക്കമുള്ള ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് ഉറപ്പുനല്‍കുന്നുണ്ട്.
നിര്‍ധനരായ രോഗികള്‍ക്ക് സഹായം എത്തിക്കാന്‍ യുഡിഎഫ് കാലഘട്ടത്തില്‍ കാര്യക്ഷമമായി നടപ്പിലാക്കിയ കാരുണ്യ ബെനവലെന്റ് ഫണ്ട് പദ്ധതി, ശ്രുതി തരംഗം, സ്നേഹപൂര്‍വ്വം, സ്നേഹസ്പര്‍ശം, താലോലം, കാന്‍സര്‍ സുരക്ഷാ സ്നേഹ സാന്ത്വനം, പകല്‍വീട്, വയോമിത്രം, ആശ്വാസകിരണം, സുകൃതം അടക്കമുള്ള പദ്ധതികള്‍ പുനരാരംഭിക്കും. ഇവ സംയോജിപ്പിച്ച് ഉമ്മന്‍ ചാണ്ടി കാരുണ്യ പദ്ധതി എന്ന പേരില്‍ നടപ്പിലാക്കുമെന്നും യുഡിഎഫ് പറയുന്നു.
ആശ വര്‍ക്കര്‍മാരുടെ ദിവസ വേതനം കുറഞ്ഞത് 700 രൂപയാക്കുമെന്നും വാഗ്ദാനമുണ്ട്. കലാകാരന്മാര്ക്ക് രാത്രി 10 മണിക്ക് ശേഷവും പരിപാടി അവതരിപ്പിക്കാനുള്ള അനുമതിക്കായി ഇടപെടല്‍, ഗിഗ് ഓണ്‍ലൈന്‍ തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ എന്നിവയും യുഡിഎഫ് പ്രകടനപത്രികയിലുണ്ട്. കേരളത്തെ ലോക മാരിടൈം ഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന മിഷന് സമുദ്ര, വ്യോമയാന വികസനം, എംഎസ്എംഇ സംരംഭങ്ങള്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ‘ജോബ് വാച്ച് ടവര്‍’, വയനാട് ട്രൈബല്‍ യൂണിവേഴ്സിറ്റി എന്നിങ്ങനെയാണ് യുഡിഎഫിന്റെ സ്വപ്ന പദ്ധതികള്‍.



