ഷാര്‍ജ: ഏത് എഴുത്തുകാരനാണ് അവാര്‍ഡ് കൊടുക്കുന്നത് എന്നത് സംബന്ധിച്ചും ഏത് പുസ്തകമാണ് അവാര്‍ഡിന് അര്‍ഹമായത് എന്നത് സംബന്ധിച്ചും സാഹിത്യ അക്കാദമിക്കും ജൂറിക്കും കൃത്യമായ ധാരണ വേണമെന്ന് മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും വയലാര്‍ അവാര്‍ഡ് ജേതാവുമായ ഇ സന്തോഷ് കുമാര്‍. ജനപ്രിയ സാഹിത്യകാരന്മാര്‍ക്ക് കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്നും സന്തോഷ്‌കുമാര്‍ പറഞ്ഞു. ഷാര്‍ജ അന്തര്‍ദേശിയ പുസ്തക മേളയില്‍ ‘ഇ സന്തോഷ് കുമാര്‍: ടെല്ലിങ്ങ് സ്റ്റോറീസ് ദാറ്റ് മാറ്റര്‍’ എന്ന പേരില്‍ ശ്രോതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
|
അധികാരം കൈയില്‍ വരുന്നവര്‍ അത് നിലനിര്‍ത്താന്‍ പല മാര്‍ഗങ്ങളും അവലംബിക്കും.വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ശ്രമം മുന്‍പും ഉണ്ടായിട്ടുണ്ട്. എസ് ഐ ആര്‍ വളരെ സങ്കീര്‍ണമായ വിഷയമാണ്. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ കൃത്രിമം നടത്താനുള്ള സാധ്യത ഇല്ലെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ കൃത്രിമം നടക്കുന്നുണ്ട് എന്ന ആരോപണം വന്നാല്‍ അത് ദുരീകരിക്കേണ്ട ചുമതല ഭരണകൂടത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും ഉണ്ട്. അതിന് പകരം സംശയം ഉന്നയിക്കുന്നവരെ പരിഹസിക്കുന്നത് ശരിയല്ല എന്ന് സന്തോഷ് കുമാര്‍ ചൂണ്ടികാണിച്ചു.
എഴുത്തുകാരന്‍ എന്നതാണ് കേരളത്തിലെ ഏറ്റവും വലിയ പദവിയെന്ന് ‘തപോമയിയുടെ അച്ഛന്‍’ എന്ന പുസ്തകത്തിന്റ കഥാകാരന്‍ പറഞ്ഞു. കഥയുടെ പേരില്‍ അറിയപ്പെടുക എന്നതാണ് പ്രധാനം. എഴുത്തുകാരന്‍ നിര്‍ണയിക്കപ്പെടുന്നത് എഴുത്തുകൊണ്ട് മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പ്രവര്‍ത്തകരോട് ബഹുമാനമുണ്ട്. എന്നാല്‍ എഴുത്തുകാരന്‍ സൂക്ഷ്മ രാഷ്ട്രീയം എഴുതുകയാണ് വേണ്ടത് എന്നും സന്തോഷ് കുമാര്‍ നിലപാട് വ്യക്തമാക്കി. സംവാദത്തിന് ശേഷം സന്തോഷ് കുമാര്‍ വായനക്കാര്‍ക്ക് പുസ്തകം ഒപ്പിട്ടു നല്‍കി. മാധ്യമ പ്രവര്‍ത്തകന്‍ അനൂപ് കീച്ചേരി മോഡറേറ്ററായിരുന്നു.





