10
Sep 2025
Thu
10 Sep 2025 Thu
Viswanathan Anand’s #MyModiStory birthday wish backfires social media

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം ആയിരുന്നു ഇന്നലെ. സിനിമ, കായിക, രാഷ്ട്രീയ മേഖലയിലുള്ള നിരവധി പ്രമുഖരാണ് ആശംസയര്‍പ്പിച്ച് രംഗത്തുവന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ചെസ് ഇതിഹാസം വിശ്വനാഥന്‍ അനന്ദ് എന്നിവര്‍ മുതല്‍ മലയാള സിനിമാ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവരും ആശംസ അര്‍പ്പിച്ചിരുന്നു. എന്നാലിപ്പോള്‍, വിശ്വനാഥന്‍ ആനന്ദ് പങ്കുവച്ച ജന്മദിനാശംസ വിവാദമായിരിക്കുകയാണ്. ഏറെക്കുറേ ആശംസ പങ്കുവച്ച പ്രശസ്തരെല്ലാം #MYMODISTORY എന്ന ഹാഷ് ടാഗ് ഉപയോഗിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിശ്വനാഥന്‍ ആനന്ദ് ആദ്യം പങ്കിട്ട സന്ദേശത്തില്‍, മുന്‍കൂട്ടി തയ്യാറാക്കിയ രാഷ്ട്രീയ സന്ദേശത്തിന്റെ അടയാളമായി, അദ്ദേഹത്തെ ‘വിശ്വനാഥന്‍ ആനന്ദ് ജി’ എന്ന് അഭിസംബോധന ചെയ്യുന്ന വരി ഉണ്ടായിരുന്നു. എക്‌സില്‍ പ്രത്യക്ഷപ്പെട്ട വിശ്വനാഥന്‍ ആനന്ദിന്റെ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചതോടെ കുറിപ്പ് നീക്കുകയായിരുന്നു.

ഉദ്ദേശിക്കാത്ത സ്വയം പരാമര്‍ശം ഉള്‍പ്പെടെ അറിയാതെയാണ് സന്ദേശം ആനന്ദ് പോസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. തെറ്റ് മനസ്സിലാക്കിയ ഉടന്‍ തന്നെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ‘വിശ്വനാഥന്‍ ആനന്ദ് ജി’ എന്ന വരി ഇല്ലാതെ അത് വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു.


ചെസ്സിലെ എന്റെ യാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ചില ഓര്‍മ്മകള്‍ വേറിട്ടുനില്‍ക്കുന്നു. ബോര്‍ഡില്‍ നിന്ന് മാത്രമല്ല, ജീവിതത്തില്‍ നിന്ന് തന്നെ. ആ നിമിഷങ്ങളിലൊന്ന് ഗുജറാത്തില്‍ നിന്നാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ദേശീയ ചാമ്പ്യന്‍ഷിപ്പിനിടെ ഞാന്‍ അഹമ്മദാബാദില്‍ കളിച്ചപ്പോള്‍, എനിക്ക് ഒരു ലളിതമായ ആചാരമുണ്ടായിരുന്നു… എന്നു പറഞ്ഞ് മോദിക്കൊപ്പമുള്ള അനുഭവം അദ്ദേഹം കുറിപ്പില്‍ പങ്കുവയ്ക്കുകയാണ് ചെയ്തത്.

സംഭവം പെട്ടെന്ന് വൈറലായി. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പലപ്പോഴും മുന്‍കൂട്ടി തയ്യാറാക്കിയ രാഷ്ട്രീയ സന്ദേശങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് ബിജെപിയുടെ പ്രചാരണത്തെ പരിഹസിച്ച് രംഗത്തുവന്നത്. വ്യക്തിപരമായ അഭിപ്രായങ്ങളില്ലാതെ പ്രമുഖ വ്യക്തികളെ രാഷ്ട്രീയ സന്ദേശങ്ങള്‍ക്കായി ബിജെപി ഉപയോഗിക്കുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. നേരത്തെ പാകിസ്ഥാനുമായുള്ള കളിയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഹിന്ദുത്വവാദികളുടെ സൈബറാക്രമണം നേരിട്ട ക്രിക്കറ്റം താരം മുഹമ്മദ് സിറാജും #MYMODISTORY എന്ന ഹാഷ്ടാഗില്‍ മോദിയെ ആശംസിച്ചിരുന്നു. പ്രയാസം നേരിട്ടപ്പോള്‍ മോദി കൂടെ നിന്നുവെന്നായിരുന്നു സിറാജ് പറഞ്ഞത്. ഇതുള്‍പ്പെടെ സിനിമാ, ക്രിക്കറ്റ് താരങ്ങള്‍ പങ്കുവച്ച ആശംസാ കുറിപ്പുകള്‍ ഇത്തരത്തില്‍ ബിജെപി അയച്ചുകൊടുത്തത് ആയിരുന്നുവെന്ന സൂചനയിലേക്കാണ് ആനന്ദിന്റെ ഭാഗത്തുനിന്നുണ്ടായ ‘അബദ്ധം’ വിരല്‍ ചൂണ്ടുന്നത്.

Viswanathan Anand’s #MyModiStory birthday wish backfires social media