ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ഹരത് ഹ്രെയ്ക്ക് മേഖലയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ ഏറ്റവും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
|
ലെബനനിലുടനീളം ഇസ്രായേല്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനിടെ ഞായറാഴ്ച നടന്ന ഈ ആക്രമണം, മാസങ്ങള്‍ക്കിടെ ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശത്ത് നടക്കുന്ന ആദ്യത്തേതാണ്. ഇസ്രായേലും ഹിസ്ബുല്ലയും തമ്മില്‍ കഴിഞ്ഞ വര്‍ഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം മുന്നറിയിപ്പില്ലാതെ നടന്ന ആദ്യ ആക്രമണം കൂടിയാണിത്.
ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ഹൈതം അലി തബതബായി (സയ്യിദ് അബു അലി എന്നും അറിയപ്പെടുന്നു) കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹത്തെ ലക്ഷ്യമിട്ടുള്ള മൂന്നാമത്തെ ശ്രമമാണിതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍പുള്ള രണ്ട് ശ്രമങ്ങളും കഴിഞ്ഞ വര്‍ഷം നടന്ന യുദ്ധത്തിനിടയിലായിരുന്നു.
ആരായിരുന്നു ഹൈതം അലി തബതബായി?
ആക്രമണത്തിന് മുമ്പ്, തബതബായിയുടെ പേര് ലെബനനില്‍ പരക്കെ അറിയപ്പെട്ടിരുന്നില്ല. ഇസ്രായേലി വധശ്രമങ്ങള്‍ ഒഴിവാക്കാന്‍ ഹിസ്ബുല്ലയുടെ സൈനിക നേതൃ നിരയിലുള്ളവര്‍ തങ്ങളുടെ ഐഡന്റിറ്റി രഹസ്യമാക്കി വയ്ക്കാറുണ്ട്. എന്നാല്‍, ഞായറാഴ്ചത്തെ അദ്ദേഹത്തിന്റെ മരണശേഷം, ഹിസ്ബുല്ലയില്‍ തബതബായിക്ക് നിരവധി ഉന്നത പദവികള്‍ ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി.
ജനനം, പ്രവേശനം: 1968-ല്‍ ബെയ്‌റൂട്ടിലെ ബാഷൂറ എന്ന പ്രദേശത്താണ് അദ്ദേഹം ജനിച്ചത്. മാതാപിതാക്കള്‍ ലെബനന്‍കാരായിരുന്നു, എന്നാല്‍ പിതാവിന് ഇറാനിയന്‍ വേരുകളുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. തെക്കന്‍ ലെബനനിലാണ് അദ്ദേഹം വളര്‍ന്നത്. 1980-കളില്‍ ഹിസ്ബുല്ലയില്‍ ചേര്‍ന്നതായി പറയപ്പെടുന്നു.
തുടക്കം: തെക്കന്‍ ലെബനനിലെ ഇസ്രായേലി അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായി 1982-ല്‍ ഹിസ്ബുല്ല സ്ഥാപിക്കപ്പെട്ടപ്പോള്‍ മുതല്‍ തബതബായി ഗ്രൂപ്പിന്റെ ഭാഗമായിരുന്നു എന്ന് ഔദ്യോഗിക പ്രഖ്യാപനത്തില്‍ ഹിസ്ബുല്ല അറിയിച്ചു. യുദ്ധാനന്തര കാലഘട്ടത്തില്‍, ലെബനനിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയും സൈനിക ശക്തിയുമായി ഹിസ്ബുല്ല വളര്‍ന്നു.
സൈനിക പരിചയം: വിപുലമായ സൈനിക പരിചയമുള്ള, ഹിസ്ബുല്ലയിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനായിരുന്നു തബതബായി. ഇസ്രായേല്‍ അധിനിവേശ തെക്കന്‍ ലെബനനിലെ നിരവധി ഓപ്പറേഷനുകളില്‍ അദ്ദേഹം പങ്കെടുത്തു. ഇസ്രായേല്‍ 2000-ല്‍ തെക്കന്‍ ലെബനനില്‍ നിന്ന് പിന്‍വാങ്ങുന്നത് വരെ 1996 മുതല്‍ ഹിസ്ബുല്ലയുടെ നബതിയ ആക്‌സിസിന്റെ (കമാന്‍ഡ് ഏരിയ) നേതൃത്വം വഹിച്ചു.
പ്രധാന യുദ്ധങ്ങളിലെ പങ്ക്: 2000 മുതല്‍ 2008 വരെ അദ്ദേഹം ഖിയാം ആക്‌സിസിന്റെ നേതൃത്വം വഹിച്ചു എന്നും 34 ദിവസത്തെ യുദ്ധത്തിനൊടുവില്‍ ഇസ്രായേലും ഹിസ്ബുല്ലയും ഒരു സമനിലയില്‍ എത്തിയ 2006 ജൂലൈയിലെ യുദ്ധസമയത്ത് തബതബായി കമാന്‍ഡിങ് സ്ഥാനത്ത് ഉണ്ടായിരുന്നു എന്നും ഹിസ്ബുല്ലപറഞ്ഞു. ഹിസ്ബുല്ലയുടെ എലൈറ്റ് റാഡ്വാന്‍ ഫോഴ്സ് സ്ഥാപിക്കുന്നതില്‍ അദ്ദേഹം പങ്കെടുത്തു.
അവസാന പദവികള്‍: പിന്നീട്, സിറിയന്‍ അതിര്‍ത്തിയിലെ ഹിസ്ബുല്ലയുടെ ഓപ്പറേഷനുകളുടെ ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു. കഴിഞ്ഞ വര്‍ഷം ഇസ്രായേലുമായുള്ള യുദ്ധസമയത്ത് ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ ചുമതല അദ്ദേഹം ഏറ്റെടുത്തു.
ഇസ്രായേലി മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷത്തെ യുദ്ധത്തില്‍ വധിക്കപ്പെട്ട അലി കറക്കിക്ക് പകരമായി ഹിസ്ബുല്ലയുടെ തെക്കന്‍ മുന്നണിയുടെ കമാന്‍ഡറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് സിറിയയിലും യെമനിലും അദ്ദേഹം ഹിസ്ബുല്ലയുടെ എലൈറ്റ് റാഡ്വാന്‍ ഫോഴ്സിനെ നയിച്ചിരുന്നു.
യുദ്ധാനന്തരം ഹെസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയി അദ്ദേഹം നിയമിതനായി. ആ യുദ്ധത്തില്‍ ഹിസ്ബുല്ലയുടെ മിക്ക മുതിര്‍ന്ന സൈനിക നേതാക്കളെയും ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഹിസ്ബുല്ലയുടെ സൈനിക നേതൃത്വത്തെ പുനഃസംഘടിപ്പിച്ചത് തബതബായി ആയിരുന്നു.
ഹിസ്ബുല്ലയുടെ പ്രതികരണം എന്തായിരുന്നു?
പ്രസ്താവനയില്‍, ‘മഹാനായ രക്തസാക്ഷി ജിഹാദി കമാന്‍ഡര്‍’ ആയ സയ്യിദ് അബു അലിയുടെ വിയോഗം ഹിസ്ബുല്ല സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ വധശ്രമത്തെ ‘ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശമായ ഹരത് ഹ്രെയ്ക്ക് പ്രദേശത്തെ വിശ്വസ്തവഞ്ചനപരമായ ആക്രമണം’ എന്ന് വിശേഷിപ്പിച്ചു.
ഗ്രൂപ്പിന്റെ പൊളിറ്റിക്കല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മഹ്‌മൂദ് ഖ്മത്തി ഇത് ‘മറ്റൊരു വെടിനിര്‍ത്തല്‍ ലംഘനം’ ആണെന്ന് പ്രസ്താവിച്ചു. കൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് അനുമതിയോടെ ഇസ്രായേല്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ALSO READ: എത്യോപ്യന്‍ അഗ്നിപര്‍വ്വത സ്‌ഫോടനം; കിലോമീറ്ററുകള്‍ സഞ്ചരിച്ച് പുകപടലം ഇന്ത്യയില്‍; ഗള്‍ഫ് വിമാന സര്‍വീസുകള്‍ റദ്ദാക്കി
യുദ്ധമുഖത്തെ തബതബായിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വീഡിയോ ഹിസ്ബുല്ല പുറത്തിറക്കി. കൊല്ലപ്പെട്ട മറ്റു നാല് ഹിസ്ബുല്ല അംഗങ്ങളുടെ മരണം അവര്‍ സ്ഥിരീകരിച്ചു: ഖാസിം ഹുസൈന്‍ ബര്‍ജാവി, റിഫാത്ത് അഹ്‌മദ് ഹുസൈന്‍, മൊസ്തഫ അസ്ആദ് ബെറോ, ഇബ്രാഹിം അലി ഹുസൈന്‍.
ഇസ്രായേല്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഹിസ്ബുല്ല എംപി അലി അമ്മര്‍ ആരോപിച്ചു. ‘ലെബനനു നേരെയുള്ള ഓരോ ആക്രമണവും ഒരു റെഡ് ലൈന്‍ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.
ലബനന്‍ ഭരണകൂടത്തിന്റെ പ്രതികരണം
ആക്രമണത്തിന് രണ്ട് ദിവസം മുമ്പ്, ലെബനീസ് പ്രസിഡന്റ് ജോസഫ് ഔന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ ഇസ്രായേലുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാരിന് ഉദ്ദേശമുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു.
എങ്കിലും, ഞായറാഴ്ചത്തെ ആക്രമണത്തിന് ശേഷം, രാജ്യത്തിന് നേരെയുള്ള ഇസ്രായേലി ആക്രമണങ്ങള്‍ തടയാന്‍ ഇടപെടണമെന്ന് ഔ്ന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ വേണ്ടത്ര സജ്ജമല്ലെന്നോ താല്‍പ്പര്യം കാണിക്കുന്നില്ലെന്നോ തോന്നുന്നതിനാല്‍ ലെബനന്റെ ചില ഭാഗങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അതൃപ്തി വര്‍ധിക്കുന്നുണ്ട്. ഇസ്രായേലിന്റെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ തടയാനോ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കാനോ കഴിയാത്തതിനാല്‍ ലെബനന്‍ സര്‍ക്കാര്‍ തങ്ങളെ ഉപേക്ഷിച്ചതായി തെക്കന്‍ ലെബനനിലെ പല താമസക്കാരും അഭിപ്രായപ്പെടുന്നു.





