ഭര്‍ത്താവിനെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ ഭാര്യ അയല്‍വാസികളോടും മറ്റും പറഞ്ഞത് കേരളത്തിലേക്ക് ജോലിക്ക് പോയെന്ന്. എന്നാല്‍ യുവതിയുടെ ഭാഷ്യം വിശ്വസിക്കാതിരുന്ന ഭര്‍ത്താവിന്റെ സഹോദരന് പോലീസിനെ സമീപിച്ചതോടെ കൊലപാതകക്കുറ്റം ഏറ്റെടുത്ത് ഭാര്യ പോലീസില്‍ കീഴടങ്ങി. അസമിലെ ഗുവാഹത്തിയിലാണ് സംഭവം.
|
റഹീമ ഖാത്തൂന് എന്ന യുവതിയാണ് നാല്പതുകാരനായ ഭര്‍ത്താവ് സബിയല് റഹ്മാനെ കൊന്ന് കുഴിച്ചുമൂടിയത്. ആക്രി വ്യാപാരിയായ സബിയല് റഹ്മാനും റഹീമ ഖാത്തൂനും 15 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇരുവര്‍ക്കും രണ്ടു മക്കളുമുണ്ട്.
ജൂണ്‍ 26നായിരുന്നു സബിയല് റഹ്മാനെ കൊന്നതെന്നു യുവതി പോലീസിനോടു വെളിപ്പെടുത്തി. സബിയല് റഹ്മാന് കേരളത്തിലേക്ക് പോയെന്ന റഹീമയുടെ വാക്കുകള്‍ വിശ്വസിക്കാതിരുന്ന യുവാവിന്റെ സഹോദരന് ജൂലൈ 12നാണ് പോലീസിനെ സമീപിച്ചത്.
പോലീസ് അന്വേഷണം തുടങ്ങിയതോടെ പിടിക്കപ്പെടുമെന്ന ഭയത്താല്‍ ജൂലൈ 13ന് റഹീമ ജലുക്ബാരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മദ്യലഹരിയില്‍ ഭര്‍ത്താവ് വീട്ടിലെത്തി വഴക്കിട്ടുവെന്നും അടിപിടിക്കിടെ സബിയല് റഹ്മാന് മരിക്കുകയായിരുന്നുവെന്നും ഭയം മൂലം ആരോടും പറയാതെ കുഴിച്ചുമൂടുകയുമായിരുന്നുവെന്നും റഹീമ പോലീസിനോടു പറഞ്ഞു.
യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ പോലീസ് അഞ്ചടി താഴ്ചയില്‍ കുഴിച്ചിട്ടിരുന്ന സബിയല് റഹ്മാന്റെ മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. അതേസമയം റഹീമയ്ക്ക് തനിയെ ഇത്ര ആഴത്തില്‍ കുഴിയെടുക്കാന്‍ മൃതദേഹം മറവുചെയ്യാന്‍ സാധിക്കുകയില്ലെന്ന നിഗമനത്തിലാണ് പോലീസ് ഉള്ളത്. കൊലപാതകത്തിലും മൃതദേഹം കുഴിച്ചുമൂടിയതിലും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Also Read: ഭാര്യാമാതാവിനെ കൊന്ന് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍





