വാഷിങ്ടണ്‍: പ്രണയിക്കാനും വിവാഹം കഴിക്കാനും പ്രായപരിധിയുണ്ടോ? ഇല്ലെന്നാണ് ലോകത്തിലെ ഏറ്റവും പ്രായമുള്ള നവദമ്പതികളായി ഗിന്നസ് ബുക്കില്‍ ഇടംനേടിയ യുഎസില്‍ നിന്നുള്ള ബെര്‍ണി ലിറ്റ്മാനും മര്‍ജോറി ഫിറ്റര്‍മാനും പറയുന്നത്. (World oldest newly weds guinnes record)
|
ബെര്‍ണി ലിറ്റ്മാന് പ്രായം 100ഉം മര്‍ജോറി ഫിറ്റര്‍മാന് പ്രായം 102ഉം ആണ്. ‘ശതാബ്ദി ദമ്പതികള്‍’ എന്ന് അറിയപ്പെടുന്ന ഇരുവര്‍ക്കും കൂടി 202 വയസും 271 ദിവസവും പ്രായമായെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥിരീകരിച്ചു.
ഇരുവരും വിവാഹിതരായിട്ട് ഏഴ് മാസമായി. എന്നാല്‍. കഴിഞ്ഞ ദിവസമാണ് രേഖകള്‍ മുഴുവന്‍ പരിശോധിച്ച് ഇവരെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നവദമ്പതികളായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അംഗീകരിച്ചത്. 2024 മെയ് മാസത്തിലാണ് ഇരുവരും ഔദ്യോഗികമായി വിവാഹം കഴിച്ചത്.
ഇരുവരുടെയും പങ്കാളികള്‍ മരിച്ചതിന് ശേഷം ഇവര്‍ വൃദ്ധസദനത്തില്‍ ഒരുമിച്ചായിരുന്നു. കൗമാര കാലത്ത് ഇരുവരും ഒരുമിച്ച് പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ പഠിച്ചിട്ടുണ്ട്. അന്ന് തൊട്ടേ പരിചയമുണ്ട്.
പിന്നീട് മര്‍ജോരി അദ്ധ്യാപികയും ബെര്‍ണി എഞ്ചിനീയറുമായി. തുടര്‍ന്ന് വിവാഹിതരായ ഇരുവരും സ്വന്തം കുടുംബ ജീവിതവുമായി മുന്നോട്ട് പോയി. ബെര്‍ണി ലിറ്റ്മാനും മര്‍ജോറി ഫിറ്റര്‍മാനും തങ്ങളുടെ ആദ്യ പങ്കാളികളുമായി 60 വര്‍ഷത്തോളം ദാമ്പത്യ ജീവിതം നയിച്ചു.
പങ്കാളികള്‍ മരിച്ചതോടെ ഇരുവരും വൃദ്ധസദനത്തിലെത്തി. വൃദ്ധസദനത്തില്‍ വച്ചുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ പ്രണയത്തിലായി. ഒമ്പത് വര്‍ഷത്തെ നീണ്ട പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.


