04
Jan 2024
Sun
04 Jan 2024 Sun

എം ടി വാസുദേവന്‍ നായര്‍ക്ക് പിന്നാലെ കെഎല്‍എഫ് വേദിയില്‍ രാഷ്ട്രീയ വിമര്‍ശനവുമായി എഴുത്തുകാരന്‍ എം മുകുന്ദനും. കിരീടങ്ങള്‍ വാഴുന്ന കാലമാണ് ഇപ്പോഴുള്ളത്. സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവരാണെന്ന് അദ്ദേഹം പറഞ്ഞു. അവരോട് സിംഹാസനം ഒഴിയൂ എന്നാണ് പറയാനുള്ളത്. കിരീടത്തെക്കാള്‍ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും എം മുകുന്ദന്‍ പറഞ്ഞു. ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു പരാമര്‍ശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുസ്തകത്തിലെ ഒരു വരിയെ ഉദ്ധരിച്ച് സിപിഎം നേതാവ് എം സ്വരാജ് ചോദിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു എം മുകുന്ദന്‍. അധികാരകേന്ദ്രങ്ങള്‍ പ്രാധാന്യം നല്‍കുന്നത് കിരീടത്തിനാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് വോട്ട് ചെയ്യേണ്ടത് ചോരയുടെ പ്രാധാന്യം നോക്കിയാണ്, കിരീടത്തിന്റേതല്ല. ജനാധിപത്യ രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നവതെന്നും സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അതില്‍ നിന്നിറങ്ങണമെന്നും എം മുകുന്ദന്‍ പറഞ്ഞു.

ഇഎംഎസ് നേതൃപൂജകളിൽ ഉണ്ടായിരുന്നി​ല്ലെന്ന എം ടിയുടെ വിമർശനം ഉൾക്കൊള്ളണം. സംസ്ഥാന സർക്കാർ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും ചില ഇടർച്ചകളുണ്ട്. അതിനെ എഴുത്തുകാർ വിമർശിക്കും. അതിനോട് സഹിഷ്ണുത കാട്ടണം. എല്ലാ അധികാരികൾക്കും ഇത് ബാധകമാണ്. അധികാരത്തിൽ എത്തിയവർ വന്ന വഴി മറക്കുകയാണിപ്പോൾ -മുകുന്ദൻ വിശദമാക്കി.

നേരത്തെ, കേരള ലിറ്ററേച്ചല്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം ടി വാസുദേവന്‍ നായരും രാഷ്ട്രീയ വിമര്‍ശനമുയര്‍ത്തിയിരുന്നു. ‘രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാര്‍​ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാം. അസാബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്.

അധികാരമെന്നാല്‍, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ കുഴിവെട്ടി മൂടി. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കൽപത്തെ മാറ്റിയെടുക്കാനാണ് ഇഎംഎസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അത് കൊണ്ടുതന്നെ’- എന്നിങ്ങനെയായിരുന്നു എം ടിയുടെ വാക്കുകള്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക